ആദ്യമായി ലഭിച്ച പ്രണയ മുദ്രണങ്ങൾ, അവൾക്കു കിട്ടിയ പ്രണയ സമ്മാനങ്ങൾ പിന്നെ ബാലു നാട്ടിലേക്കു വന്നില്ല അവളെ..

പൊതിച്ചോറിലെ പ്രണയം
(രചന: Nisha Pillai)

പതിവ് പോലെ ഏപ്രിൽ മുപ്പത്തിലെ സായാഹ്നത്തിൽ നന്ദിനി പാർക്കിലെത്തി. അവളുടെ ജീവിതത്തിലെ ഒരു പതിവായി മാറിയതാണ്, ബാലുവിന്റെ പിറന്നാൾ ദിവസം അവനെ കാത്ത് ആ പാർക്കിലിരിക്കുന്നത്.

വർഷങ്ങളായി, അവൾ ആ പതിവ് മുടക്കാറുമില്ല.പിരിയുന്നതിന് മുൻപുള്ള പിറന്നാളാഘോഷങ്ങൾ അവിടെയായിരുന്നു.

എന്നെങ്കിലുമൊരിക്കൽ അവനൊരു പക്ഷെ അവിടെ സന്ദർശിക്കണമെന്നു തോന്നിയാൽ ,അവളവിടെ ഉണ്ടാകണം. ഒരിക്കലും തെറ്റിക്കാൻ പാടില്ലാത്ത മുഹൂർത്തം പോലെ ,അവനെ സ്വീകരിക്കാൻ അവളവിടെ വേണം.

ബാലുവിന്റെ അഭാവത്തിൽ അതൊരു കേവലം ചടങ്ങു മാത്രമായി തീരുന്നു.അവനെ ലോകമായി കണ്ട ഒരുവളുടെ മോഹമറ്റുപോയ നിഴൽ ഒപ്പമുണ്ട്.

ഈ കാത്തിരുപ്പു എത്രനാൾ തുടരാനാകും ….

ബാലു,അവനോടുള്ള പ്രണയം അവളുടെ ദൗർബല്യമാണ്. ജീവിതത്തിൽ വിദ്യാഭ്യാസപരമായും തൊഴില്പരമായും വളരെയേറെ മുന്നേറിയിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ കണ്ണിൽ അവൾ വെറുമൊരു അവിവാഹിതയായ മധ്യവയസ്കയാണ്.

പ്രേമനൈര്യാശത്തിൽ ജീവിതം തുലച്ച,വെറുമൊരു മണ്ടി.അവനറിയുമോ ഇതുവരെ വെളിപ്പെടുത്താത്ത പ്രണയം.

അവളുടെ പ്രണയം തുടങ്ങിയത് അവൻ വച്ച് നീട്ടിയ ഒരു പൊതിച്ചോറിലൂടെയായിരുന്നു. അതിലവന്റെ കരുതലുണ്ടായിരുന്നു. ബാലുവിന്റെ സ്നേഹം അവൾക്കു ലഭിച്ചതും പിന്നെയത് നഷ്ടപെട്ടതുമെല്ലാം അവളുടെ ദാരിദ്ര്യം മൂലമായിരുന്നു .

മരംവെട്ടുകാരനായ വേണുവിന്റെ മൂത്തമകൾ , അമ്മയും ഇളയ രണ്ടു അനിയത്തിമാരും.

സ്വർഗ്ഗമായിരുന്നു അവരുടെ വീട്.പണി കഴിഞ്ഞു വരുമ്പോൾ സ്വല്പം മദ്യപിക്കുമായിരുന്നുവെങ്കിലും ഭാര്യയും മക്കൾക്കുമുള്ള പലഹാര പൊതികൾ ഷാപ്പിലൊന്നും മറന്നു വയ്ക്കാതെ വീട്ടിലെത്തിക്കുന്ന അച്ഛൻ.ആ കുടുംബത്തിന്റെ ജീവിതത്തെ തച്ചുടച്ചു കളഞ്ഞ ദിവസം.

ഒരു ഗൾഫ് കാരന്റെ വീടുപണിക്കുള്ള മരം മുറിക്കിടയിൽ,പകലൊട്ടും മദ്യപിക്കാത്ത , മദ്യപിച്ചു മരം കയറാൻ പാടില്ലെന്ന നിഷ്കർഷയുള്ള അച്ഛനെ മുതലാളി നിർബന്ധിച്ചു കുടിപ്പിക്കുക,അതിന്റെ രസത്തിൽ വീണ്ടും പണിതുടർന്ന അച്ഛൻ മരംമുറിക്കിടയിൽ നിലതെറ്റി താഴെ വീണു.

നട്ടെല്ലിനു കാര്യമായ ക്ഷതമുണ്ടായി. ആഴ്ചകളോളം മെഡിക്കൽ കോളേജിൽ കിടന്നു നരകിച്ചു. അവസാനം മരുന്നുകളോട് ശരീരം പ്രതികരിക്കാതെയായി.അവസാനം അച്ഛൻ മരണത്തിനു കീഴടങ്ങി.

അതിനു ശേഷമാണു അമ്മക്ക് പുറത്തേക്കു പണിക്കു പോകേണ്ടി വന്നത്.വീട്ടിൽ ദാരിദ്യമായി.വൈകിട്ട് പണി കഴിഞ്ഞു അമ്മ വരുമ്പോൾ മാത്രം പുകയുന്ന ഒന്നായി മാറി വീട്ടിലെ അടുപ്പ്.

രാത്രിയിൽ കുശാലായി അകത്താക്കുന്ന ചോറും മീൻ കറിയും ബാക്കി ഉള്ളത് രാവിലെ നാലു പേരും പങ്കിട്ടു കഴിക്കും. അവൾക്കും അനിയത്തിമാർക്കും സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം ലഭിക്കും. അമ്മക്ക് ജോലി ചെയ്യുന്ന വീട്ടിൽ നിന്നും കഴിക്കാൻ ലഭിക്കും .നാലറ്റം കൂട്ടി മുട്ടിക്കാൻ അമ്മ പാടുപെട്ടു.

കണക്കു ടീച്ചർ ശോശാമ്മ മാത്യൂസാണ് നന്ദിനിയിലെ മിടുക്കിയെ കണ്ടെത്തിയത്.

കണക്കിനെപ്പോഴും മുൻപിലെത്തുന്ന നന്ദിനി ബാക്കി വിഷയങ്ങൾക്ക് പുറകോട്ടാണ് ,കഷ്ടിച്ച് ജയിക്കും.ശോശാമ്മ ടീച്ചറാണ് അവളെ പഠിപ്പിച്ചു മിടുക്കിയാക്കിയത്.സ്കൂൾ ടോപ്പർ ആക്കിയത്.നഗരത്തിലെ പ്രശസ്തമായ കോളേജിൽ അഡ്മിഷൻ വാങ്ങി നൽകിയത്.

പുതിയ വസ്ത്രങ്ങളും പുസ്തകങ്ങളും വാങ്ങി നൽകിയത്. പതിനാറു വയസ്സുവരെ അവളുടെ എല്ലാം ടീച്ചറായിരുന്നു. ടീച്ചറിന്റെ ദാനമായിരുന്നു അവളുടെ ജീവിതം. കോളേജിലെത്തിയതോടെ ഉച്ചഭക്ഷണം കഷ്ടത്തിലായി.

അവളാണെങ്കിലോ നല്ല തീറ്റ പ്രിയയും.ശോശാമ്മ ടീച്ചർ അവൾക്കു വേണ്ടി ഉച്ച ഭക്ഷണം പൊതിയിലാക്കി മകന്റെ കയ്യിൽ ബസ് സ്റ്റോപ്പിൽ കൊടുത്തു വിടും. ടീച്ചർ ട്രാൻസ്ഫറായി അവളുടെ ഗ്രാമം വിടും വരെ ,അവൾക്കു താങ്ങും തണലുമായി ടീച്ചർ കൂടെ നിന്നു.

കോളേജിലെ ജീവിതം വിരസമായിരുന്നു. ക്ലാസ്സിലെ മിടുക്കിയാകാനുള്ള ശ്രമം ചിലർക്ക് കണ്ണുകടിയായി.കൂട്ടത്തിൽ ബാലുവെന്നൊരു പയ്യൻ,അവനൊരിക്കലും ക്ലാസ്സിൽ ഒന്നാമതാകാൻ അവളെ സമ്മതിച്ചില്ല.

എൺപതു കുട്ടികളുള്ള ഫസ്റ്റ് പ്രീഡിഗ്രി ക്ലാസ്സിലെ ടീച്ചർമാരുടെ ഒക്കെ കണ്ണിലുണ്ണിയായവൻ. അവനൊരിക്കലും അവളെ പരിഗണിച്ചതേയില്ല. വിശന്നിരിക്കുന്ന , വിരസമായ ഭക്ഷണ ഇടവേളകളിൽ അവൾ ക്യാമ്പസിലെ മരച്ചുവട്ടിൽ സ്ഥാനം പിടിച്ചു.

ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളിൽ ,അവൾ ക്ലാസ്സിൽ തളർന്നിരുന്നു.ക്ഷീണം കൊണ്ട് ഉറക്കം തൂങ്ങി വീഴുന്ന അവളെ അവൻ ദേഷ്യത്തോടെ ടീച്ചറിന് കാണിച്ചു കൊടുത്തു.അവനെന്നും അവളുടെ ശത്രു പക്ഷത്തായിരുന്നു

കോളേജ് ഗ്രൗണ്ടിലെ സിമൻ്റ് ബഞ്ചിൽ വിശന്നു തളർന്നിരുന്ന അവളുടെ നേരെ അവൻ അവൻ്റെ ഭക്ഷണപ്പൊതി നീട്ടി. അടുത്ത ദിവസം മുതൽ അവർ ഭക്ഷണം പങ്കിടാൻ തുടങ്ങി. കാലക്രമേണ പൊതിയുടെ വലിപ്പവും വർദ്ധിച്ചു.

ബാലുവിൻ്റെയമ്മ സ്നേഹത്തോടെ പൊതിഞ്ഞു തരുന്ന വെള്ളയരി ചോറും കടുമാങ്ങാ അച്ചാറും കാന്താരി ചേർത്ത ചമ്മന്തിയും കക്കാതോരനും പാവയ്ക്ക മെഴുക്ക് പുരട്ടിയും പിന്നെ പൊതി തുറക്കുമ്പോഴുള്ള വാട്ടിയ വാഴയില മണവും അവളുടെ രസനയെ മാത്രമല്ല ഹൃദയത്തേയും തൊട്ടുണർത്തി.

അവളുടെ പഠനത്തിലും ഭക്ഷണത്തിലും വീട്ടിൽ കിട്ടാതിരുന്ന ശ്രദ്ധ ,ബാലുവിലൂടെയും അമ്മയിലൂടെയും അവൾക്ക് ലഭിച്ചു തുടങ്ങി.

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിയിട്ടും ഒരേ പോലെ ചിന്തിക്കുന്ന രണ്ടു പേർ,മനസിന്റെ രസതന്ത്രവും ഒരേ പോലെ.അവൾക്കു അവനോടു പ്രണയം തോന്നിയെങ്കിലും അപകർഷതാബോധം മൂലം അവളൊരിക്കലും അത് തുറന്നു പറഞ്ഞില്ല.

ഫിസിക്സ് ലാബിലെ സിമ്പിൾ പെൻഡുലം എക്സ്പിരിമെന്റു സമയത്തു ബാലു മനഃപൂർവം പെൻഡുലം അവളുടെ നേരെ ആട്ടി വിട്ടു.ആ സമയത്തു നന്ദിനി അവനെ കൗതുകപൂർവ്വം നോക്കി നിൽക്കുകയായിരുന്നു.

കണ്ണുകൾ പരസ്പരം ഇടഞ്ഞു.ആദ്യമായി അവന്റെ കണ്ണിലെ പ്രണയം അവൾ തിരിച്ചറിയുകയായിരുന്നു.അവന്റെ ആ നിമിഷത്തെ പ്രണയം നിറഞ്ഞ നോട്ടം അവൻ വച്ച് നീട്ടിയ പൊതിച്ചോറ് പോലെ അവളുടെ മുന്നോട്ടുള്ള ജീവിതത്തിനുള്ള ജീവോർജ്ജമായിരുന്നു.

ഒരേ ക്ലാസിലിരുന്ന് അവർ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചിറങ്ങി.

ഡിഗ്രി കഴിഞ്ഞു ഒരേ കോളേജിൽ തന്നെ പോസ്റ്റ് ഗ്രാഡുവേഷനും ചെയ്യാനുള്ള തീരുമാനം അവർ ഒന്നിച്ചാണെടുത്തത്.അതിനുള്ള പണം സ്വരൂപിക്കാനാണ് നന്ദിനി അമ്മയുമൊത്തു വീട്ടുജോലിക്ക് പോയി തുടങ്ങിയത്.

വൈകുന്നേരങ്ങളിൽ അടുത്തുള്ള ചെമ്മീൻ ഷെഡിൽ ചെമ്മീൻ പീലിങ്ങും ചെയ്തു തുടങ്ങി.ഉച്ചക്കുള്ള ഇടനേരങ്ങളിൽ മാത്രമായി വിശ്രമം .അങ്ങനെയുള്ള ഒരു ഉച്ചനേരത്തു അവിചാരിതമായി ബാലു അവളുടെ വീട്ടിൽ കയറി വന്നു.

ചില കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആയതിനാൽ തൽകാലം അമ്മാവനോടൊന്നിച്ചു മുംബെയിലെ ഫ്ലാറ്റിലേക്ക് പോവുകയാണെന്നും,അവിടെ ഒരു ജോലി തരമായെന്നും, പാർട്ട് ടൈം ആയി പഠിച്ചു പി ജി പൂർത്തിയാക്കാമെന്നും,

അവൾ നല്ലതുപോലെ പഠിച്ചു ഒരു ജോലി വാങ്ങണമെന്നും ,കാത്തിരിക്കണമെന്നും ഇനി അവളെ സ്വന്തമാക്കാനായി മാത്രമേ മടങ്ങി വരവുണ്ടാകുവെന്നും പറഞ്ഞപ്പോൾ അവൾ വിങ്ങി പൊട്ടി പോയി.അവന്റെ കണ്ണുകളിലെ ആത്മാർത്ഥതയിലൂടെ അവൻ പറയാതെ പറഞ്ഞ പ്രണയം.

അവളെ ഭിത്തിയോട് ചേർത്ത് നിർത്തി അവളുടെ മൂർദ്ധാവിലും ചുണ്ടിലും കഴുത്തിലും കവിളുകളിലും മാറി മാറിയവൻ ഉമ്മ വച്ചു. അവളെ ഒരു നിമിഷം നോക്കി നിന്ന ശേഷം,പെട്ടെന്നവൻ വെട്ടി തിരിഞ്ഞ് നടന്നു പോയി.

ആദ്യമായി ലഭിച്ച പ്രണയ മുദ്രണങ്ങൾ. അവൾക്കു കിട്ടിയ പ്രണയ സമ്മാനങ്ങൾ.പിന്നെ ബാലു നാട്ടിലേക്കു വന്നില്ല,അവളെ കണ്ടിട്ടില്ല. അവൾ ബാലുവിന്റെ അമ്മയെ ഇടയ്ക്കിടെ സന്ദർശിച്ചു കൊണ്ടിരുന്നു .അവളായിരുന്നു ആ അമ്മയുടെ ഏക ആശ്വാസം.

“ഞാനൊരു മഹാപാപിയാണ് മോളെ.വീടും പറമ്പും പണയപ്പെടുത്തി എന്റെ ഭർത്താവു ആഡംബര ജീവിതം നയിച്ചപ്പോഴും മദ്യത്തിന് അടിമപെട്ടപ്പോഴും ഞാനദ്ദേഹത്തെ കുറ്റപെടുത്തിയില്ല.

നേർവഴിക്കു നയിക്കാൻ ശ്രമിച്ചില്ല.അവസാനം കടം കാരണം അദ്ദേഹം ആത്മഹത്യാ ചെയ്തു. അദ്ദേഹത്തിന്റെ സംസ്കാരത്തിനും അന്ത്യകർമങ്ങൾക്കും എന്റെ മൂത്തസഹോദരൻ കുറച്ചു ഭൂമി വിട്ടു നൽകി.എനിക്കും മകനും തറവാട്ടിൽ താമസിക്കാൻ അനുവാദവും ലഭിച്ചു.

ഇപ്പോൾ ചേട്ടൻ എന്റെ മകനെ വച്ച് വില പേശുകയാണ്. തറവാടിനും അച്ഛനുറങ്ങുന്ന മണ്ണിനും പകരം എന്റെ മകനെ അവർക്കു വിട്ടു നൽകണമെന്ന്.മാനസിക വളർച്ചയില്ലാത്ത ചേട്ടന്റെ മകൾ കനകത്തെ ബാലു കല്യാണം കഴിക്കണമെന്ന്.അവനവിടെ പെട്ടു പോയി മോളെ .”

ആ അമ്മ നന്ദിനിയെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.

“നിന്നെ ഈ വീട്ടിലേക്കു കൈ പിടിച്ചു കയറ്റണമെന്നായിരുന്നു അവന്റെ വലിയ ആഗ്രഹം .എന്റെ പിടിപ്പുകേട് കൊണ്ട് എന്റെ കുഞ്ഞിന്റെ ജീവിതം നശിച്ചു.അവനിപ്പോൾ അവർക്കൊരു പരീക്ഷണ വസ്തുവാണ്.”

“ഞാൻ അവനു വേണ്ടി കാത്തിരിക്കും ,മരിക്കുവോളം ,ഇത് ഞാനവന് കൊടുത്ത വാക്കാണ്.”

അച്ഛന്റെ അപകട ഇൻഷുറൻസ് വഴി കിട്ടിയ തുകയും ക്ഷേമ നിധി തുകയും അമ്മയുടെ സമ്പാദ്യവും കൊണ്ട് അനിയത്തിമാരുടെ വിവാഹം നടത്തി.

അമ്മ മരണപെട്ടതോടെ നാടുമായുള്ള ബന്ധം ഉപേക്ഷിച്ചു നഗരത്തിലെ ഹോസ്റ്റലിലേക്ക് ചേക്കേറി. നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾ. ഒഴിവു ദിനങ്ങളിൽ ബാലുവിന്റെ അമ്മയെ സന്ദർശിക്കുന്ന പരിപാടി ഇപ്പോൾ തീരെയില്ലാതായി.

ബാലുവിന്റെ അമ്മ വാർധക്യത്തിലും നല്ല ഉത്സാഹിയാണ് .ദൂരെ നഗരത്തിൽ ട്രാൻസ്ഫർ ആയതിന് ശേഷം അമ്മയെ കണ്ടിട്ടില്ല.പിറന്നാൾ ദിനങ്ങളിൽ ഈ പാർക്കിലെ കാത്തിരുപ്പ്.അത് മാത്രമേ പഴയതായി ബാക്കിയുള്ളു.കാലം മാറി,എല്ലാം മാറി.

അവൾ പാർക്കിനു ചുറ്റും കണ്ണോടിച്ചു . പ്രണയാർദ്രരായ ആൺ-പെൺ ജോഡികൾ കറങ്ങി നടക്കുന്നുണ്ട്.

അവളിരിക്കുന്നതു ഒരു പടർന്നു പന്തലിച്ച വൃക്ഷ ചുവട്ടിലാണ്, അതിനു കീഴിലെ മരബെഞ്ചുകളിലൊന്നിൽ. അതൊരു ഉയർന്ന പ്രദേശമാണ് .പാർക്കിലെ ഏതു കോണിൽ നിന്നാലും ആർക്കും അവളെ കാണാൻ പറ്റാവുന്ന വിധം ഉയർന്നത്.

അവളുടെ അടുത്തുള്ള ബെഞ്ചുകളൊക്കെ ഒഴിഞ്ഞു കിടക്കുകയാണ് . സ്വകാര്യതയില്ലാത്തതിനാൽ കമിതാക്കളാരും അവിടെയിരിക്കുന്നില്ല .വെയിൽ ഇരുട്ടിനായി വഴിമാറി കൊടുക്കുന്ന സമയമായി.

ഒരു പക്ഷെ ഈ വർഷവും ബാലു വരില്ലായിരിക്കും . അവൾ ബാഗെടുത്തു തോളിലിട്ട് മടങ്ങാനുള്ള തയാറെടുപ്പ് നടത്തി. അതാ ,ബാലുവിനെ പോലൊരാൾ അവളുടെ അടുത്തേക്ക് വരുന്നു,ഇതവനല്ല,ഒരു ഇരുപത്തഞ്ചു കാരനാണ്.കാണാൻ ബാലുവിനെ പോലെത്തന്നെ.അവൾ എഴുന്നേറ്റു നടക്കാൻ തുടങ്ങി.

“നന്ദിനി ആന്റി,മുഖവുര വേണ്ടല്ലോ,ഞാൻ കാർത്തിക് ,ബാലുവിന്റെയും കനകത്തിന്റെയും മകനാണ്.എന്നെ മനസ്സിലായില്ലെന്ന് പറയരുത്.ആന്റി ഇവിടെ കാണുമെന്നു അച്ഛമ്മയാണ് പറഞ്ഞത്.”

ബാലുവിന്റെ മകനെന്ന അവകാശപെട്ടവനെ അവളൊന്നു നോക്കി.ബാലുവിന് എത്രയും വലിയൊരു മകനോ,ഒരു ഇരുപത്തഞ്ചുകാരൻ. കട്ടി മീശ വച്ച സുമുഖനായ ചെറുപ്പക്കാരൻ.

“അച്ഛൻ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അച്ഛമ്മ പറഞ്ഞെനിക്കു ആന്റിയെ അറിയാം.മുത്തശ്ശന്റെ സ്വാർത്ഥത മൂലം എന്റെ അച്ഛന്റെ ജീവിതമിങ്ങനെയായി. അച്ഛന് പഴയ തിളക്കമൊന്നുമില്ല. മക്കൾക്കു വേണ്ടി ജീവിക്കുന്നൊരച്ഛൻ മാത്രമായി.”

“‘അമ്മ എവിടെ.”

“മുത്തശ്ശനും മുത്തശ്ശിയും മരിച്ചപ്പോൾ അമ്മയുടെ വാശി കൂടി.മുറിയിൽ നിന്നുമിറങ്ങാതെയായി. ഭക്ഷണവും ടി വി കാണലും മാത്രമായി . പൊണ്ണത്തടിയായിരുന്നു പ്രശ്നം.

ഉറക്കത്തിലൊരു കാർഡിയാക് അറസ്റ്റ്. കുട്ടികളുണ്ടായാൽ അമ്മ നോർമൽ ആകുമെന്ന് മുത്തശ്ശനോടൊരു ജ്യോത്സൻ പറഞ്ഞിരുനെന്ന്. അമ്മക്ക് ഡൌൺ സിൻഡ്രോം ആയിരുന്നു. ഭാഗ്യത്തിന് ഞങ്ങൾ രണ്ടാൾക്കും പ്രശനമൊന്നുമുണ്ടായില്ലെന്നു മാത്രം.”

“കാർത്തിക് എന്തു ചെയ്യുന്നു.?”

“എനിക്ക് യു കെയിൽ ഒരു ബാങ്കിൽ ജോലി ശരിയായിട്ടുണ്ട്. അച്ഛനെ നിർബദ്ധിച്ച് വി ആർ എസ് എടുപ്പിച്ചു. അച്ഛമ്മയ്ക്കു നല്ല പ്രായമായി. ഇതു വരെ അച്ഛമ്മ തനിച്ചായിരുന്നല്ലോ.

അച്ഛന് നാട്ടിൽ വരാൻ ഇഷ്ടമല്ല. പണ്ട് ആൻ്റിക്ക് തന്ന വാക്കു പാലിയ്ക്കാൻ കഴിയാത്ത വിഷമം. അച്ഛനെയും കാവ്യയേയും നാട്ടിലെ തറവാട്ടിൽ കൊണ്ടു വരണം.അവൾക്ക് ഇവിടെ തുടർന്ന് പഠിക്കാലോ.”

“നന്നായി ആ തീരുമാനം.”

“ഞായറാഴ്ച അച്ഛൻ നാട്ടിൽ വരുമ്പോൾ അച്ഛമ്മയൊടൊപ്പം ആൻ്റിയും ഉണ്ടാകണം.എൻ്റെയും അച്ഛമ്മയുടേയും ആഗ്രഹമാണ്.”

ഞായറാഴ്ച തറവാട്ടുമുറ്റത്ത് വന്നു നിന്ന വെളുത്ത കാറിൽ നിന്നിറങ്ങുന്ന മദ്ധ്യവയസ്കനേയും മകളെയും സ്വീകരിക്കാൻ മുറ്റത്തേക്കിറങ്ങിയ നന്ദിനിയെ കാർത്തിക് പിടിച്ചു നിർത്തി.

“അച്ഛൻ സർപ്രൈസ് ആകണം.ആൻ്റിയെ ഇപ്പോൾ കാണണ്ട.”

അല്ലെങ്കിലും താനാരാണ് ,അവൻ്റെ മനസ്സിൽ താനുണ്ടാകുമോ.ജീവിതത്തിൽ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ രണ്ടാൾക്കും.

നരച്ച താടിയും മുടിയുമുള്ള ആ മനുഷ്യൻ തറവാടിൻ്റെ തെക്കേമുറ്റത്ത് പടർന്നു പന്തലിച്ച മൂവാണ്ടൻ മാവിലേയ്ക്കും തെങ്ങിൻകുലകളുടെ ഭാരം താങ്ങാനാവാതെ തല കുനിച്ചു നിൽക്കുന്ന നാടൻ തെങ്ങിനെയും ആകാംക്ഷയോടെ നോക്കി. അച്ഛൻ്റെ ഓർമകളായി അവശേഷിക്കുന്നത് ആ തെങ്ങാണ്.

“യാത്ര ചെയ്തു വന്നതല്ലേ,കുളിച്ചു വന്നോളൂ, ഊണ് കഴിക്കാം.”

തിരിഞ്ഞു നോക്കി അമ്മയാണ്. എത്ര നാളായി അമ്മയെ കണ്ണു നിറച്ച് കണ്ടിട്ട്. കുട്ടികൾ തൊടിയിൽ കാഴ്ചകൾ കണ്ടു നടക്കുന്നു. അയാൾ മുറിയിലേക്ക് കയറി.അമ്മ പിന്നാലെയും.

“നിൻ്റെ പഴയ മുറി തന്നെയാണ്. നീയൊറ്റക്കാവില്ല, നന്ദിനി!!!എത്ര കാലമാ ഒരു പെണ്ണ് നിനക്ക് വേണ്ടി കാത്തിരിയ്ക്കുന്നത്. നല്ലൊരു മുഹൂർത്തത്തിൽ നീ അവളുടെ കഴുത്തിൽ താലി ചാർത്തണം.”

“നന്ദിനിയോ?”

“അതെ നന്ദിനി,മറന്നുവോ,മക്കൾക്ക് ഒരമ്മയെ തരാനല്ല.നിൻ്റെ പിടിച്ചു വാങ്ങിയ ജീവിതം തിരികെ തരാനുമെനിക്കാകില്ല.ഇത് അവൾക്ക് ഞാൻ കൊടുത്ത വാക്കാണ്.”

പ്രായം എഴുപത് കഴിഞ്ഞെങ്കിലും അമ്മയ്ക്ക് ഇപ്പോഴും നല്ല ചുറുചുറുക്കാണ്. നന്ദിനിയെക്കുറിച്ചോർത്തപ്പോൾ അയാളാകെ ആശയകുഴപ്പത്തിലായി.

അവളെ ഓർക്കാത്ത ഒരു ദിവസം പോലും അയാൾക്ക് ഉണ്ടായിട്ടില്ല.ആ ഓർമ്മകൾക്ക് ഇപ്പോഴും പുതുമഴയുടെ കുളിരാണ് .അയാൾ കുളിയ്ക്കാനായി കുളിമുറിയിൽ കയറാൻ തുടങ്ങിയതും

“ബാലൂ തൊടിയിലെ കുളത്തിൽ കുളിച്ചു വരൂ”

അയാൾക്ക് നേരെ നീണ്ട കൈകളിൽ സോപ്പും തോർത്തുമുണ്ടായിരുന്നു. തലയുയർത്തി നോക്കിയ അയാളുടെ പ്രതീക്ഷകളിലെ ഇരുപതുകാരിയ്ക്ക് പകരം കണ്ണട വച്ച ഒരു മദ്ധ്യവയസ്ക. കാലം തനിയ്ക്കായി കാത്തു വച്ചിരുന്നതാണോ അവളുടെ കണ്ണുകളിലെ കുസൃതി എന്നയാൾക്ക് തോന്നി.

കാലത്തിൻ്റെ കാവ്യനീതി. ഊണു കഴിയ്ക്കാൻ അടുത്തിരുന്നപ്പോൾ അയാൾക്ക്,താൻ കൗമാരക്കാരനായ പോലെ അയാൾക്ക് തോന്നി.കുട്ടികളെ അഭിമുഖീകരിക്കാൻ പാടുപെട്ടു.

“അച്ഛാ ഞാനിനി അച്ഛമ്മയുടെയും നന്ദുവമ്മയുടേയും കൂടെയാണ്. ഇവിടെ വിട്ട് എങ്ങോട്ടുമില്ല.”

അയാൾ മകളുടെ തലയിൽ തലോടി.മകനെ ചേർത്ത് നിർത്തി. അമ്മയുടെ നിറഞ്ഞ കണ്ണുകളിലെ കണ്ണുനീർ തുടച്ചു കളഞ്ഞു. നന്ദിനിയുടെ സാമീപ്യം അയാളിൽ പുതിയ ഊർജ്ജം നിറച്ചു.