അനിയന്റെ ഭാര്യയുമായുള്ള വാപ്പിയുടെ ബന്ധം ഉമ്മി കണ്ടു പിടിച്ചു, അതിനുശേഷം എന്നും വാപ്പിയും ഉമ്മിയും തമ്മിൽ വഴക്കാണ്..

ചെറിയ ലോകത്തെ വലിയ മനുഷ്യർ
(രചന: Nisha Pillai)

മണ്ണാറത്തൊടി ജയകൃഷ്ണനെ ഇഷ്ടമാ.ഇപ്പോഴും ചിരിയുള്ള ,മുഖക്കുരു നിറഞ്ഞ മുഖം കുസൃതി നിറഞ്ഞ കണ്ണുകൾ.

അയാളിലെ കാമുകനെ ഇഷ്ടപെടാത്ത പെണ്ണുങ്ങൾ കേരളത്തിൽ കുറവായിരിക്കും .
തുറന്നു പറഞ്ഞില്ലേലും ഉള്ളിന്റെ ഉള്ളിൽ ജയകൃഷ്ണനുണ്ടാകും. ആണുങ്ങളുടെ ഉള്ളിൽ ക്ലാര രഹസ്യമായി ഇരിക്കുന്ന പോലെ.

കോളേജിൽ വച്ച് മറ്റൊരു ജയകൃഷ്ണനെ കണ്ടു.മുഖകുരുക്കളാൽ അലങ്കോലമാക്കപ്പെട്ട കവിളുകൾ ,പൊടിമീശക്കാരൻ ,നിറം മങ്ങിയ ഷർട്ടുമിട്ടു കോളേജിന്റെ നീണ്ട വരാന്തകളിൽ കാണുമെപ്പോഴും .അകമ്പടിയായി കുറെ സുഹൃത്തുക്കളും .

അവന്റെ കണ്ണുകളിലെ കൂസലില്ലായ്മ . അതായിരുന്നു ആദ്യം കൗതുകം തോന്നിയ സംഗതി. ബസ് സ്റ്റാൻഡിൽ വച്ച് അപകടം പറ്റിയ പെൺകുട്ടിയെ ആശുപത്രിയിലാക്കാൻ ആരും മുന്നോട്ടു വന്നില്ല.

ബസ് കാത്തിരുന്ന ഒരു വൃദ്ധന്റെ ഫോൺ വാങ്ങി പോലീസിൽ വിളിച്ചു പറയാൻ തുടങ്ങിയപ്പോഴാണ് അവനും കൂട്ടുകാരും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നത്.

അപ്പോഴെങ്കിലും എത്തിക്കാൻ ആയതുകൊണ്ട് ആ പെൺകുട്ടി രക്ഷപെട്ടു.അന്ന് തോന്നിയൊരിഷ്ടം. അതുകൊണ്ട് തന്നെ അവൾക്കൊരാവശ്യം വന്നപ്പോൾ അവനെയാണവൾക്കു ആദ്യം ഓർമ വന്നത്.

ജെന്റ്സ് ഹോസ്റ്റലിന്റെ മുന്നിൽ അവളെ കണ്ടു അന്തം വിട്ടു നിന്ന ആൺകുട്ടികളുടെ അടുത്തേയ്ക്കു അവൾ നീങ്ങി നിന്നു.

“മലയാറ്റിൽ ജയകൃഷ്ണനെ ഒന്ന് കാണണം..”

അവളുടെ ആവശ്യം കേട്ട് ഒരു ലുങ്കി മാത്രമുടുത്തു പല്ലു തേച്ചു കൊണ്ടിരുന്ന ഒരുവൻ അകത്തേയ്ക്കോടി.

ചുറ്റും നിന്ന പലരും ശരീരത്തിന്റെ അർദ്ധനഗ്നതയെ കുറിച്ച് ബോധവാന്മാരായി ,പിറകിലോട്ടു പതുക്കെ വലിയാൻ തുടങ്ങി.അതിൽ കുറച്ചുപേർ മുടികൊതിയൊതുക്കി ,കുപ്പായവുമിട്ടു പുറത്തു വന്നു ,എന്നിട്ടും മാത്രം ജയകൃഷ്ണൻ വന്നില്ല .

അകത്തേയ്ക്കുള്ള വാതിലിൽ കണ്ണുംനട്ട് അക്ഷമയോടെ അവൾ കാത്തു നിന്നു.ഉറക്കച്ചടവോടെ ,അലംകോലമായ മുടിയുമായി ,ഒരു നരച്ച ലുങ്കിയുമുടുത്തു അവൻ വന്നു.അവളുടെ മുന്നിലെ സിമന്റ് തിണ്ണയിൽ അവനിരുന്നു.

“എന്നെ കാണാനാണോ ,എന്താ കാര്യം.”

“ഞാൻ ജാസ്‍മിൻ ,സെക്കന്റ് സൈക്കോളജിയിലാണ്.എനിയ്ക്കൊരു സഹായം വേണം.”

വാതിലിനു പിന്നിൽ മറഞ്ഞുനിന്ന എലുമ്പനെ അവൾ പാളി നോക്കി.

“ഇവിടെ വച്ച് പറയാൻ ബുദ്ധിമുട്ടാണ്.”

ജയകൃഷ്ണൻ പിന്തിരിഞ്ഞു നോക്കി.

“നൗഫലേ,നീ അടുത്ത വീട്ടിലെ ബാത്‌റൂമിൽ ഒളിഞ്ഞു നോക്കിയത് ഞാൻ കോളേജിൽ പാട്ടാക്കും.നിന്റെ ആമിന പൊടിയും തട്ടി പായും.”

മെലിഞ്ഞ ചെക്കൻ അവിടെ നിന്നു പിന്മാറി.

“ഇവിടെ സേഫ് അല്ല.”

“”ഞാൻ ഒൻപതു മണിക്ക് കോളേജ് ക്യാന്റീന്റെ മുന്നിൽ കാണും.പക്ഷെ എനിക്ക് അവിടെ നിന്നു നാലു പൊറോട്ടയും ഒരു ബീഫും ഒരു സ്ട്രോങ്ങ് ചായയും വാങ്ങി തരണം കേട്ടോ.ഇവിടത്തെ ഉപ്പുമാവ് കഴിച്ചു മടുത്തു .”

“അവൾ തലയാട്ടി സമ്മതിച്ചു.അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

ഒമ്പതുമണി മുതൽ ക്യാന്റീന്റെ മുന്നിൽ കാത്തു നിന്ന് അവൾ മടുത്തു.ദൂരെ നിന്ന് അവനോടി വരുന്നത് കണ്ടു,നരച്ച നീല ഷർട്ടും ഷേവ് ചെയ്യാത്ത കവിളുകളും

.നേരെ ഓടി കാന്റീൻ ഉള്ളിൽ കയറിയ അവൻ ,കോളേജ് നടുമുറ്റം മുഴുവൻ കാണാൻ പറ്റുന്ന ഒരു മേശയുടെ അടുത്തേയ്ക്കു നടന്നു.പിന്നാലെ അവളും.

“ചേട്ടോയ് നാലു പൊറോട്ടയും ഒരു ബീഫും കടുപ്പത്തിലൊരു ചായയും.”

മേശമേൽ എത്തിയ ചൂട് പൊറോട്ടയിൽ അവൻ ആക്രമണം നടത്തി.അവസാനത്തെ പൊറോട്ടയിൽ കൈ വച്ചപ്പോഴാണ് അവൻ മുഖം ഉയർത്തിയത്.

“താൻ കഴിച്ചോ ? തനിക്കു വേണ്ടേ .കാശില്ലാഞ്ഞിട്ടാണോ.അത് നമ്മുക്ക് കടം പറയാമെടോ.പറയട്ടെ .”

വേണ്ടായെന്നു അവൾ തലയാട്ടി.അവളുടെ എതിർപ്പ് വകവയ്ക്കാതെ അവൻ വിളിച്ചു പറഞ്ഞു.

“ചേട്ടാ ഒരു ചൂട് ചായ കൂടി.”

ചായ അവളുടെ അടുത്തേയ്ക്കു നീക്കി വച്ച് അവൻ അവളെ നോക്കി .

“ഇനി പറ ,എന്ത് സഹായമാ വേണ്ടത്.താനല്ലേ അന്ന് ബസ് സ്റ്റോപ്പിൽ വച്ച് പോലീസിനെ വിളിച്ചത്.താൻ മിടുക്കിയാ.ഞാൻ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു.”

അവൾക്കു അതിശയം തോന്നി.അവൾ പുഞ്ചിരിച്ചു.

“എന്റെ പുറകിലിരിക്കുന്ന ഒരു പച്ച ടീ ഷർട്ട്കാരനെ കണ്ടോ ,അതാണ് അഷറഫ് . സെക്കൻഡ് ബികോമിലാണ്.
മാമിയുടെ മകനാണ്.

എന്റെ പിറകെയാണ് എപ്പോഴും.ഭയങ്കര ശല്യമാണ് കോളേജിലും വഴിയിലും.എനിക്കൊരു പ്രൊട്ടക്ഷൻ വേണം .വേറെ ഒന്നുമല്ല . ഇടയ്ക്കിടയ്ക്ക് എന്റെ കൂടെ കൂട്ട് കൂടി . അപ്പോൾ അവൻ കുറച്ചു ഒതുങ്ങും.തനിക്കു കോളേജിൽ നല്ല ഇമേജാണ്.”

അവൻ പൊട്ടിച്ചിരിച്ചു,അവളാകെ വല്ലാതായി.

“അതെ ഗുണ്ടാ ഇമേജ് , സുഖിപ്പിക്കലായിരുന്നു ,അല്ലെ.”

“അയ്യോ അങ്ങനെയല്ല,ഇങ്ങോട്ടു ഒന്ന് പറഞ്ഞാൽ തിരിച്ചു രണ്ടു പറയാനുള്ള കഴിവ്. അതെല്ലാർക്കും ഉണ്ടാകില്ല. അങ്ങനെയുള്ളവരെ മുട്ടാൻ എതിരാളികൾ രണ്ടാമതൊന്നു ചിന്തിക്കും. ശരിക്കും നിങ്ങൾ എതിരാളികളല്ല.

ഞാൻ …. എന്റെ പഠനം മുഴുവനാക്കാൻ വേറെ മാർഗമില്ല.എന്റെ വലിയുപ്പ ജീവിച്ചിരിക്കുന്നത് വരെ ഞാൻ സുരക്ഷിതയാണ്.അത് കഴിഞ്ഞാൽ.എന്റെ കഥ കേട്ടാൽ ജയന് കാര്യം മനസിലാകും.”

“ഇത് എനിയ്ക്ക് പണി തരുന്നതൊന്നുമല്ലല്ലോ. എനിക്കാരെയും വിശ്വാസമില്ല. ജീവിതം അങ്ങനെയാണെന്നെ പഠിപ്പിച്ചത്. ആരെയും ഞാൻ കണ്ണുമടച്ചു വിശ്വസിക്കില്ല.”

അവൾ കഥ തുടർന്നു.വാപ്പിയുടെയും ഉമ്മിയുടെയും ഒറ്റ മോളാണ് ഞാൻ.

ഗൾഫിലായിരുന്ന ഞങ്ങൾ നാട്ടിലേക്കു മടങ്ങി വന്നത് വാപ്പിയുടെ നാട്ടിലുള്ള കൂട്ട് കുടുംബത്തിലേക്കായിരുന്നു.വാപ്പിയുടെ രണ്ടു അനിയന്മാരും കുടുംബവും കൂടെ തന്നെയായിരുന്നു .

അനിയന്റെ ഭാര്യയുമായുള്ള വാപ്പിയുടെ ബന്ധം ഉമ്മി കണ്ടു പിടിച്ചു.അതിനുശേഷം എന്നും വാപ്പിയും ഉമ്മിയും തമ്മിൽ വഴക്കാണ്.ഉമ്മിയ്ക്ക് ബെൽറ്റ് വച്ച് ബോധം കെട്ട് വീഴുന്നതു വരെ തല്ല് കിട്ടും.വലിയുപ്പയുടെ ഒരേയൊരു മകളാണ് എന്റെ ഉമ്മി.

ആരെയും ഒന്നും ഉമ്മി അറിയിച്ചില്ല.ഒരിക്കൽ അടുക്കളയിൽ വച്ച് ഉമ്മി കത്തി കൊണ്ട് കുഞ്ഞുമ്മയെ ഉപദ്രവിച്ചെന്നും പറഞ്ഞു ,ഉമ്മിയെ മുറിയിൽ പൂട്ടിയിട്ടു .ഭ്രാന്തിയാക്കി.ഇളയാപ്പ എല്ലാത്തിനും കൂട്ടു നിന്നു.

പന്ത്രണ്ടു വയസ്സുള്ള എന്നെ പോലും ഉമ്മിയിൽ നിന്നും അകറ്റി.ആരുമില്ലാത്തപ്പോൾ ഞാൻ ഉമ്മിയുടെ ജനലിനടുത്തു പോയി നില്കും.ഉമ്മി എന്നെ തലോടി ആശ്വസിപ്പിക്കും.

നടന്നതൊക്കെ പറയും.സൂക്ഷിക്കണമെന്ന് പറയും.ആരും കാണാതെ ഉമ്മിയെ തുറന്നു വിടണമെന്ന് പറയും.ഒരിക്കൽ ആരും കാണാതെ ഉമ്മിയെ തുറന്നു വിടാൻ ശ്രമിച്ചതിന് എന്നെ കുഞ്ഞുമ്മ ഉമ്മയുടെ മുന്നിൽ വച്ച് തള്ളി അവശയാക്കി.

അലറി കരയുന്നതിനിടയിൽ നിനക്ക് എന്ത് വേണേലും തരാം,എവിടെ വേണേലും ഒപ്പിടാം എന്റെ കൊച്ചിനെ വെറുതെ വിടൂ ,എന്ന് പറഞ്ഞു.

രാത്രിയിൽ തളർന്നുറങ്ങിയ എന്നെ ആശ്വസിപ്പിക്കാൻ വാപ്പി പോലും വന്നില്ല. ഉണർന്നപ്പോൾ എല്ലാരും അങ്ങോട്ടും മിങ്ങോട്ടും പായുന്നതും കുശുകുശുക്കുന്നതും കണ്ടു.ഉമ്മയെ ആംബുലൻസിൽ കയറ്റി കൊണ്ട് പോയി.എന്നെ ആരും ഗൗനിച്ചില്ല.

തറവാടിന്റെ പുറകു വശത്തുള്ള തിണ്ണയിലിരുന്നു. എന്റെ ദേഹം മുഴുവൻ കുഞ്ഞുമ്മ പുളി വടികൊണ്ട് അടിച്ചപ്പോളുണ്ടായ ചുവന്ന തിണർത്തു കിടന്ന പാടുകളായിരുന്നു.

ആരും കാണാതെ എന്നെ സ്റ്റോർ റൂമിൽ കൊണ്ട് പോയ വാല്യക്കാരി സഫിയ താത്ത മുറിവിൽ തൈലം പൂശി വീശി തന്നു.ആരും കാണാതെ കുടിക്കാൻ പാലും കഴിക്കാൻ തലേദിവസം ബാക്കി വന്ന ഇലയടയും തന്നു.

വിശപ്പും സങ്കടവും മാറി അവരെ നോക്കി പുഞ്ചിരിച്ചപ്പോൾ എന്നെ ചേർത്ത് നിർത്തി കെട്ടിപിടിച്ചു കരഞ്ഞു,

“ഉമ്മ പോയി ജാസ്മിൻമോളെ .”

സങ്കടം സഹിക്കാൻ വയ്യാതെ ഞരമ്പ് മുറിച്ചതാണെന്നു.ആത്മഹത്യ നിഷിദ്ധമാണ്. കുറ്റകരവുമാണ്. വിശ്വാസിയായ ഉമ്മ അങ്ങനെ ചെയ്തത് തീരെ നിവൃത്തിയില്ലാതെയാകും.

അന്ന് രാത്രിയിൽ പിന്നെ അവിടെയെന്തു നടന്നുവെന്ന് പടച്ചോന് മാത്രമേ അറിയൂ. പിന്നെ വാപ്പി അധികനാൾ എഴുന്നേറ്റു നടന്നിട്ടില്ല.

ഇളയാപ്പയുടെ അറക്കമില്ലിൽ നിന്ന് പുറത്തിറങ്ങിയ വാപ്പിയുടെ നടുവിലേക്ക് വീണ ഒരു വലിയ തടി കഷണമുണ്ടാക്കിയ ക്ഷതം, നട്ടെല്ലിന്റെ കശേരുക്കളുടെ സ്ഥാനഭ്രംശം. നീണ്ട വർഷങ്ങൾ കിടക്കയിൽ കിടന്നു നരകിച്ചു.ഉമ്മിയുടെ മരണത്തോടെ എന്റെ ജീവിതം പിന്നെയും നരകമായി.

എന്നെ പരിഗണിക്കുന്നത് സഫിയാത്ത മാത്രമായി.ആരും കാണാതെ സഫിയാത്ത എനിക്ക് സ്കൂളിലേക്ക് തരുന്ന പൊതിച്ചോറ് .അതിൽ സ്നേഹത്തോടെ വച്ചിരിക്കുന്ന മീൻ വറുത്ത കഷണങ്ങൾ .

എട്ടിൽ പഠിക്കുമ്പോൾ കുഞ്ഞുമ്മ രാവിലെ കഴിക്കാൻ തന്ന പഴംചോറു വയറിനു പിടിച്ചില്ല.

സ്കൂളിൽ വച്ചും വീട്ടിൽ വന്നിട്ടും ഛർദിയായിരുന്നു. ഛർദിച്ചു കുഴഞ്ഞു കിടന്ന എന്നെ മുടിയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ഭിത്തിയിൽ ചാരി നിർത്തിയ അവർ എന്നോട് ചോദിച്ചത്.

“ആരാ ടി,സത്യം പറഞ്ഞോണം.അമ്മയെ പോലെ തന്നെ മകളും.”

കുടുംബത്തിലെ ഓരോ ആണുങ്ങളുടെയും പേര് പറഞ്ഞെന്നെ അവർ തല്ലി.അന്ന് ഞാൻ കരഞ്ഞില്ല.വർഷങ്ങൾക്കു ശേഷം വാപ്പിയുടെ മുറിയിൽ കയറി.

ഇനിയൊരിക്കലും നമ്മൾ കാണാതെയിരിക്കട്ടെ . എന്നും പറഞ്ഞു തിരിഞ്ഞു നടന്നു. അവർക്കെതിരെ എതിർത്ത് പറയാൻ ആ വീട്ടിൽ ആരുമുണ്ടായില്ല. അത് കൊണ്ട് എല്ലാം സഹിച്ചു . പക്ഷെ മനസ്സിൽ ഒരു തീരുമാനമെടുത്തു .

വലിയുപ്പയെ എല്ലാം അറിയിക്കണം.പിറ്റേന്ന് സ്കൂളിൽ ചെന്ന് കൗൺസിലിങ് ടീച്ചറെ കണ്ടു കാര്യം പറഞ്ഞു.ടീച്ചർ എന്റെ വിഡിയോയും ഫോട്ടോയും ഒക്കെയെടുത്തു. ടീച്ചേഴ്‌സ് വഴി പോലീസിനെയും അറിയിച്ചു.വലിയുപ്പ എത്തി .

ഉമ്മിയുടെ മരണം അന്വേഷിക്കാൻ കേസടുത്തു.ഉമ്മയുടെ പേരിലുള്ള സ്വത്തൊക്കെ എനിക്ക് അവകാശമായി.വാപ്പി നരകിച്ചു നരകിച്ചു കിടന്നു മരിച്ചു.

ഞാൻ ഒന്ന് പോയി ഒരു നോക്ക് കണ്ടു തിരികെ വന്നു.എനിക്കൊരു കുഞ്ഞുങ്ങളുടെ കൗൺസലർ ആകണം ,അതിനായി ആണ് ഇത്ര ദൂരം വന്നു.ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്.സൈക്കോളജി തെരെഞ്ഞെടുത്തത്.

കുഞ്ഞുമ്മയെ ആരുമൊന്നും സംശയിച്ചില്ല. സ്വത്തൊന്നും പോകാതിരിക്കാനാകും , കുടുംബത്തിലുള്ള രണ്ടു കുട്ടികൾ ഞങ്ങളുടെ കോളേജിൽ ചേർന്ന്.

അവരിലൊരാളെ കൊണ്ട് എന്നെ നിക്കാഹ് കഴിപ്പിക്കണം.പക്ഷെ വലിയുപ്പയെ എല്ലാവർക്കും പേടിയാണ്.മൂപ്പര് ഉള്ളിടത്തോളം ഞാൻ സേഫ് ആണ്. പിന്നെ… എൻ്റെ കാര്യം.”

“അങ്ങനത്തെ സുരക്ഷയോ.ഞാൻ ഫൈനൽ ഇയർ അല്ലെ ,ഈ വർഷം കൂടി കഴിഞ്ഞാൽ ഞാൻ ഈ കോളേജ് വിടും.

എത്രയും പെട്ടെന്നൊരു ജോലി ,അതാണ് ലക്‌ഷ്യം.പക്ഷെ എന്തെങ്കിലും വഴിയുണ്ടാകും.ഞാൻ അല്ലെങ്കിൽ വേറൊരാൾ .ആരെങ്കിലുമൊക്കെ കാണും നമ്മളെ സഹായിക്കാൻ.ആ വിശ്വാസം മാത്രം മതി.”

അവൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ചോദിച്ചു.

“താൻ ഹോസ്റ്റൽ ഗേറ്റ് കടന്നപ്പോൾ പുറകെ വന്നവർ പറഞ്ഞതെന്താ.എനിക്ക് വട്ടാണെന്നല്ലേ ,അതുകേട്ടു താൻ പേടിച്ചില്ലേ.?”

“ഇല്ല,ഞാനുമൊരു വട്ടു പിടിച്ച ഉമ്മയുടെ മകളായിരുന്നല്ലോ.”

“ശരിക്കും എനിക്ക് വട്ടുണ്ട്.അച്ഛൻ ഒരു ഡ്രൈവർ ആയിരുന്നു,ഞങ്ങൾ ,അച്ഛനും അമ്മയും ചേച്ചിയും ഞാനും, എന്തൊരു സന്തോഷമായിരുന്നു.

ചേച്ചി ചെറുപ്പത്തിൽത്തന്നെ ഒരാളെ പ്രേമിച്ചു ഓടി പോയി.അത്ര സന്തോഷവും സ്നേഹവും ഒന്നും അവൾക്കു കിട്ടിയില്ല .നിരാശയിൽ അച്ഛൻ കുടി തുടങ്ങി.അത്രയ്ക്ക് സ്നേഹമായിരുന്നു അച്ഛന് ചേച്ചിയോട്.

പ്രസവത്തിനു വിളിച്ചു കൊണ്ട് വന്നെങ്കിലും അളിയൻ ചേച്ചിയെ തിരിഞ്ഞു നോക്കിയില്ല. ചേച്ചി പ്രസവിച്ചത് പെൺകുട്ടി കൂടി ആയപ്പോൾ അവർ ചേച്ചിയെ ഉപേക്ഷിച്ച മട്ടായി.ഒരിക്കൽ കുടിച്ചിട്ട് വന്ന അച്ഛൻ ചേച്ചിയോട് ദേഷ്യപ്പെട്ടു സംസാരിക്കാൻ തുടങ്ങി.

പഴയ കാര്യങ്ങൾ പറഞ്ഞു ചേച്ചിയെ തല്ലാൻ തുടങ്ങിയപ്പോൾ അമ്മ ഇടയ്ക്കു കയറി.കള്ളിന്റെ ലഹരിയിൽ അച്ഛന്റെ തൊഴി അമ്മയുടെ അടിവയറ്റിലാണ് കൊണ്ടത്.പിന്നെ അമ്മ എണീറ്റിട്ടില്ല.

അച്ഛൻ വീട്ടിൽ നിന്നിറങ്ങി പോയി.വെളുപ്പിന് അമ്മാവന്റെ കൂടെ കാവിലെ വേല കണ്ടു മടങ്ങി വീട്ടിൽ വന്ന ഞാൻ കണ്ടത് .മുറ്റത്തെ പേരമരത്തിൽ കിടന്നാടുന്ന അച്ഛന്റെ രൂപം.

ഉമ്മറത്ത് കിടക്കുന്ന അമ്മയുടെ രൂപം. കൈകുഞ്ഞിനെയും ഒക്കത്തു വച്ച് അമ്മയുടെ അടുത്തിരിക്കുന്ന ചേച്ചിയുടെ രൂപം.ഒരൊറ്റ രാത്രികൊണ്ട് അച്ഛനെയും അമ്മയെയും നഷ്ടപെട്ട ഒരു പതിമൂന്നുകാരൻ.തകർന്നു പോയി.

പിന്നെ കുറെ മാസങ്ങൾ മാനസിക ചികിത്സ .ചേച്ചി എല്ലാം സഹിച്ചു പിടിച്ചു നിന്നു.ഇപ്പോൾ ചേച്ചിക്കും മോൾക്കും വേണ്ടിയാ ജീവിക്കുന്നത് .

ആ നാട്ടിൽ തുടരാൻ പറ്റില്ല.പെൺകുട്ടി വളർന്നു വരികയല്ലേ.കുടുംബത്തിലെ പ്രശ്നങ്ങൾ,മാമന്റെ ഭ്രാന്ത് അതൊക്കെ കുട്ടിയെ ബാധിക്കില്ലേ.അപ്പോഴാണ് ഒരു വലിയ മനുഷ്യനെ കാണുന്നത്.

അനന്തേട്ടൻ. നാട്ടുകാരനാ. പുള്ളിക്ക് ഒന്നിനും വേണ്ടിയിട്ടല്ല. എന്നോട് കുറച്ചു പൈസ ഏല്പിച്ചു. ഞാൻ വാങ്ങില്ല എന്നറിഞ്ഞു പുള്ളി തന്നെ ഒരു പോംവഴി പറഞ്ഞു.ഞങ്ങൾ ആ നാട് വിടുമ്പോൾ വീടും തറയും പുള്ളിക്കു കൊടുക്കണം.ഇതൊരു അഡ്വാൻസ് ആണെന്ന്.

ആ തുകയുടെ പലിശ കൊണ്ടാണ് കുടുംബം കഴിയുന്നത് ,എന്റെ പഠനവും.ഒന്നോർക്കുമ്പോൾ എല്ലാം ഓരോ പാഠങ്ങൾ ആണ്, നികത്താനാകാത്ത നഷ്ടങ്ങൾ. ചേച്ചി തുടങ്ങിയത് അച്ഛൻ അവസാനിപ്പിച്ചു. പറഞ്ഞിട്ട് കാര്യമില്ല.”

അവൻ എഴുന്നേറ്റു.കൂടെ അവളും.രണ്ടു പേരും മെയിൻ ക്യാമ്പസ്സിലേക്കു കടന്നു.

“കുറച്ചു പെന്റിങ് ലാബ് വർക്കുകൾ ഉണ്ട്.വൈകിട്ട് കാണാം.”

പിന്നെ ഒരു പതിവായി.രാവിലെ ഹോസ്റ്റലിൽ നിന്നും അവളെ കോളേജിലേക്ക് കൂട്ടി കൊണ്ട് വരിക.വൈകിട്ട് ഒന്നിച്ചു മടക്കം.അവന്റെ കൂടെ നടക്കുമ്പോൾ കൂടിയ സുരക്ഷിതത്വ ബോധം .

ഫൈനൽ ഇയർ പരീക്ഷകൾ കഴിഞ്ഞു നാട്ടിൽ പോകാൻ നേരം അവനവളെ ഒരു പാക്കറ്റ് ഏൽപ്പിച്ചിരുന്നു. റിസൾട്ട് വരുന്നത് വരെ തുറക്കരുതെന്ന നിബന്ധനയിൽ.അന്നവൻ കുറച്ചു മദ്യപിച്ചിരുന്നു.ആദ്യമായാണ് അവനെ ആ നിലയിൽ കാണുന്നത്.

“ജാസ്മിൻ നീ എൻ്റെ പറയാതെ പോയ പ്രണയമാണ്.പറയാൻ മടിച്ച പ്രണയമാണ്.ജീവിക്കാൻ കൊതിപ്പിക്കുന്ന പ്രണയമാണ്.”

അവനവളെ ചേർത്തു നിർത്തി അവൻ്റെ ചുണ്ടുകൾ അവളുടെ അടഞ്ഞ കണ്ണുകളിൽ മാറി മാറി അമർത്തി.

ചാറ്റമഴയുള്ളതു കൊണ്ടും കാർമേഘം മൂടി കെട്ടിയ അന്തരീക്ഷമായതു കൊണ്ടും അവരെ ആരും ശ്രദ്ധിച്ചില്ല.മഴയത്ത് അവൻ മടങ്ങി.അവൻ്റെ വാക്കുകൾ ഒരു നേർത്ത കുളിരായി അവളിൽ അവശേഷിച്ചു.

പിന്നയവനെ കണ്ടില്ല.അവളുടെ പരീക്ഷകൾ കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനു മുൻപ് അവനെ തേടി അവളവന്റെ നാട്ടിലെത്തി.

ഉമ്മറത്തെ അരഭിത്തിയിൽ കിടന്നു വായിക്കുകയായിരുന്ന അവൻ മുഖമുയർത്തി അവളെ നോക്കി.പിന്നെ ഞെട്ടി എഴുന്നേറ്റു.

“നീ എന്താ ഇവിടെ?”

“നിന്നെ കാണണമെന്ന് തോന്നി,ഞാൻ വന്നു,നാളെ നാട്ടിലേക്കു പോകുകയാണ്.ഒരു മാസം അവധിയാണല്ലോ.മടക്കം എങ്ങനെ എന്നൊന്നും അറിയില്ല.”

ഉമ്മറത്തെ സംസാരം കേട്ട് ചേച്ചി പുറത്തു വന്നു.

“ചേച്ചി ഇത്,”

“ജാസ്മിനല്ലേ,കയറി വരൂ.ഇവൻ പറഞ്ഞു കേട്ട് കുട്ടിയെ എനിക്കറിയാം.ജയാ നീ പോയി കുറച്ചു പാല് മേടിച്ചു വരൂ,ചായയെങ്കിലും കൊടുക്കണ്ടേ.”

“ചായ മാത്രം പോരാ ,എനിക്ക് തുളസി ചേച്ചിയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഊണും കഴിക്കണം.ഇവനെന്നെ കുറെ കൊതിപ്പിച്ചിരിക്കുന്നു.”

“അതിനെന്താ ആവാല്ലോ,പക്ഷെ ഇവിടെ കൂടുതൽ സസ്യ ഭക്ഷണം ആണ്.”

അവൾ തലകുലുക്കി സമ്മതിച്ചു . ചേച്ചിയുടെ പുറകെ നടക്കുമ്പോൾ അവരുടെ മുടിയിഴകളിലെ മണം അവൾ വസാനിച്ചു.തുളസിയെന്ന പേര് എന്ത് കൊണ്ടും അർത്ഥവത്താണ് .

“എന്നെ കുറിച്ച് ചേച്ചിയുടെ അനിയൻ വേറെയൊന്നും പറഞ്ഞില്ലേ.”

“ഇല്ല എന്തെ?”

“കള്ളം,എന്നെ ഇഷ്ടമാണെന്നു പറഞ്ഞില്ലേ.”

“ചിലപ്പോൾ ആകും,പക്ഷെ പറയില്ല, സാഹചര്യങ്ങൾ അങ്ങനെയാണ്.എന്റെ ചില ഇഷ്ടങ്ങൾ ഈ കുടുംബം നശിപ്പിച്ചു. കുട്ടിയെങ്കിലും പോയി രക്ഷപെടാൻ ആകും.അതൊക്കെ ഓരോ വിധിയല്ലേ മോളെ.”

“ആകട്ടെ ,വിധിയൊക്കെ മനുഷ്യർ ഉണ്ടാക്കുന്നതാ.എന്റെ വിധി ഒരു പക്ഷെ..”

അപ്പോഴേക്കും ജയകൃഷ്ണൻ മടങ്ങിയെത്തിയിരുന്നു.

തിരികെ മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അവളെ കൊണ്ടാക്കാൻ അവനും കൂടെ ചെന്നു.

“ജയാ ,വലിയുപ്പാക്ക് തീരെ വയ്യാതെയായി. അതാണ് ഞാൻ ഓടി വന്നത്. എന്തെങ്കിലും സംഭവിച്ചാൽ ജൂണിൽ കോളേജ് തുറക്കുമ്പോൾ ഞാൻ ഉണ്ടാകില്ല.

എന്റെ പഠനം നിലയ്ക്കും. ഞാൻ എന്റെ ഉമ്മിയുടെ വിധി തെരഞ്ഞെടുക്കും. എന്നെ കൈവിടില്ലയെന്നു നീ ഒരു വാക്ക് പറഞ്ഞാൽ ഞാൻ എത്ര നാള് വേണമെങ്കിലും കാത്തിരിയ്ക്കാം.”

“ജാസ്‌മി,ഞാൻ എന്നും കൂടെയുണ്ടാകും നല്ലൊരു സുഹൃത്തായി. അല്ലാതെ , വേറൊരർത്ഥത്തിൽ നീ ഇതിനെ എടുക്കരുത്. എല്ലാ പ്രതിബന്ധങ്ങളെയും തകർത്തു നീ പഠനം തുടരണം.”

“എന്നോട് സ്നേഹമില്ലെന്നു മാത്രം നീ പറയരുത്,നീ കൊണ്ട് വന്ന പാക്കറ്റിലുള്ള സാരി ,അത് പുടവയായി ആണ് ഞാൻ നെഞ്ചിലേറ്റിയതു. ഒന്നുകിൽ നീ അല്ലെങ്കിൽ മരണം. ഞാൻ വലിയുപ്പയോടു പറയാൻ പോകുന്നു. എനിക്കിനി ഒന്നും നഷ്ടപെടാനില്ല.”

“ജാസ്‌മി അതു വലിയ പ്രശ്നങ്ങളുണ്ടാക്കും. സമുദായങ്ങൾ തമ്മിലടിക്കും. ആർക്കും സ്നേഹവും ആത്മാർത്ഥതയും ഒന്നുമൊരു പ്രശ്നമല്ല. ചേച്ചിയും മോളും,അവർക്കൊരു പ്രശ്നവും ഉണ്ടാകരുത്. നിന്നോടെനിക്ക് സ്നേഹമാണ്.പക്ഷെ…”

“അത് മതി.നിന്റെ സ്നേഹം .ഞാൻ കാത്തിരിയ്ക്കും,”

അവൾ ബസിൽ കയറി കണ്ണിൽ നിന്നും മറയുന്ന വരെ അവൻ അവിടെ തന്നെ നിന്നു.

തിരികെ ഉമ്മിയുടെ തറവാട്ടിലെത്തിയ ജാസ്‌മി എല്ലാവരുടെയും സാന്നിധ്യത്തിൽ തന്നെ തന്റെ ആഗ്രഹം പറഞ്ഞു .അമ്മാവന്മാർ ഒന്നടങ്കം അവളെ എതിർത്തു. സമുദായം വിട്ടൊരു വിവാഹം, അവർക്കു താല്പര്യമില്ല. ഇളയ അമ്മാവൻ സുഹൃത്തുക്കൾ വഴി ജയനെക്കുറിച്ചു നേരത്തെ അറിഞ്ഞിരുന്നു.

“അവന്റെ വീടിന്റെ ചരിത്രം നിനക്ക് അറിയുമോ ജാസ്‌മി.ഒന്നുമില്ലാത്ത കുടുംബം.നാണക്കേട് വേറെയും.”

നാലു വശത്തു നിന്നും കുറ്റപ്പെടുത്തലുകൾ കൂടിയപ്പോൾ അവൾ ആരോടും മിണ്ടാതെ എഴുന്നേറ്റു.അപ്പോൾ വലിയുപ്പ അവളെ വിളിച്ചു

“ജാസ്‌മി ,മോളെ ”

അവൾ തിരിഞ്ഞു നിന്നു.

“നിൻ്റെ മരണത്തേക്കാൾ എനിക്ക് അഭികാമ്യം നിൻ്റെ ജീവിതമാണ്.എന്നിട്ട് തിരിഞ്ഞു ആൺമക്കളോട് പറഞ്ഞു.

‘പ്രായപൂർത്തിയായ പെൺകുട്ടിയുടെ ഉറച്ച അനുരാഗത്തെ അംഗീകരിക്കണം.ജാതിയ്ക്കും മതത്തിനും എത്രയോ ഉയരത്തിലാണ് പ്രണയം.

എൻ്റെ മകൾക്കും ഇതേ പോലൊരു പ്രണയമുണ്ടായിരുന്നു. സ്വജാതിയിലുള്ള ആളായിട്ടുപോലും പാവപ്പെട്ടവനെ ഞാൻ അംഗീകരിച്ചില്ല. പകരം കണ്ടെത്തിയ ആൾ അവളെ ചതിയിൽ പെടുത്തി കൊന്നു.

ആ ദുരനുഭവം ഈ തറവാട്ടിൽ ഒരു പെൺകുട്ടിയ്ക്കും ഉണ്ടാകാൻ പാടില്ല. നമുക്കിവളെ പഠിപ്പിക്കാം.അതു കഴിഞ്ഞും അവളുടെ പ്രണയം ശക്തമായി അവളിൽ ഉണ്ടെങ്കിൽ നിങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു കൊടുത്തേരേ.

കുട്ടികൾ ദൂരെ എവിടേലും സുഖമായി ജീവിച്ചിരിക്കട്ടെ.അന്നു ഞാനുണ്ടാകില്ലേലും നിങ്ങൾ എൻ്റെ ആഗ്രഹം സാധിച്ചു തരണം.നാളെ ആ കുട്ടിയെ ഇങ്ങോട്ട് കൂട്ടികൊണ്ടു വരൂ.ഞാനൊന്നു കണ്ടോട്ടെ.”

പിറ്റേന്ന് തന്നെ ജയകൃഷ്ണൻ തറവാട്ടിലേയ്ക്ക് വന്നു. ആർക്കും അവനോടു ദേഷ്യം തോന്നിയില്ല .

വല്യുപ്പ അവനോട് എല്ലാം പറഞ്ഞു മനസ്സിലാക്കി. തൻ്റെ സ്നേഹം സത്യമാണെന്നും അവളെ പൊന്നുപോലെ സംരക്ഷിക്കുമെന്നും അവൻ അവർക്ക് വാക്കു കൊടുത്തു.

അവനെ യാത്രയാക്കാനായി പഠിപ്പുരയിൽ നിന്ന് കൈവീശിയ അവളുടുത്തിരുന്നത് കടുംപച്ച നിറമുള്ള അവൻ നല്കിയ പുടവയാണ്. അപ്പോൾ അവർക്കിടയിൽ വീശിയ കാറ്റിന് അവളുടെ ഉമ്മിയുടെ ഗന്ധമായിരുന്നു.