സന്താനത്തെ ഉപേക്ഷിക്കാൻ മനസില്ലാതെ, മകളുടെ അവിഹിത ഗർഭത്തിന്റെ വിവരം അറിഞ്ഞ മാഷ് തളർന്നു.

ചെമ്പിൻ്റെ ചുരുളുകൾ
(രചന: നിഷ പിള്ള)

എന്റെ അമ്മ ഫ്ലാറ്റിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്നു. മുഖത്ത് ഉറങ്ങാത്തത്തിന്റെ ആലസ്യം. നല്ല തളർച്ചയുണ്ട്.

കയ്യിലെ കപ്പിൽ ചൂട് കാപ്പിനിറച്ചിട്ടുണ്ട്. അമ്മയുടെ ഫ്ലാറ്റ്മേറ്റ് കൊൽക്കത്തക്കാരനായ ഒരു അവിനാഷുമായി ഡേറ്റിംഗിലാണ്.

ഞായറാഴ്ച അവൾ ഫ്ലാറ്റിൽ ഇല്ലാത്തതിനാൽ എന്റെ അമ്മ ഒറ്റക്കാണ്. ഭക്ഷണം തീരെ കഴിക്കാത്തതുകൊണ്ട് അമ്മ ആകെ ക്ഷീണിച്ചു. തവിട്ടുനിറമുള്ള അമ്മയുടെ ശരീരം കൂടുതൽ മെലിഞ്ഞു.

കണ്ണുകളിൽ തിളക്കം നഷ്ട്ടപെട്ടു. അമ്മയുടെ വിഷമത്തിനു കാരണം ഞാനാണ്. അമ്മയുടെ ദുഃഖം മനസിലായത് എനിക്കു മാത്രമാണ്. അമ്മ കയ്യിലുള്ള കാപ്പി മൊത്തികുടിച്ചു ദുഃഖം അകറ്റാൻ ശ്രെമിക്കുകയാണ്.

കൃഷ്ണൻ മാഷിന്റെയും ലക്ഷ്മിയമ്മയുടെയും ഒരേയൊരു മകളാണ് എന്റെ അമ്മ. ഇരുപത്തി രണ്ടാമത്തെ വയസ്സിൽ പഠനം കഴിഞ്ഞ സമയത്ത് ക്യാമ്പസ് സെക്ഷൻ വഴി എന്റെ അമ്മക്ക് ജോലികിട്ടി.

നല്ല ചുറുചുറുക്കുള്ള പ്രായം, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനസ്സ് അതായിരുന്നു , അമ്മ.കമ്പനി ഇരട്ടിശമ്പളം വാഗ്ദാനം ചെയ്തപ്പോൾ അമ്മ മുംബയിലെ ഓഫീസിലിലേക്കു ചേക്കേറി.

അങ്ങനെ ഗ്രാമീണ ഭംഗിയുള്ള അമ്മ ഒരു മോസ്റ്റ് മോഡേൺ മുംബൈ ടെക്കിയായി മാറി. വർഷം ഒന്ന് കഴിഞ്ഞു. ഓണത്തിന് മാത്രമാണ് നാട്ടിൽ പോയത്, മുംബൈ നഗരത്തെ അത്രത്തോളം എന്റെ അമ്മ ഇഷ്ടപ്പെട്ടു.

ഡോ. രാജീവ് ആയിരുന്നു, എന്റെ അച്ഛൻ. അവർ വിവാഹിതരായിരുന്നില്ല. അച്ഛന്റെ ഭാര്യ ആരതി മേനോൻ കൊച്ചിയിലെ അറിയപ്പെടുന്ന ഒരു യുവ സംരംഭകയാണ്, മിടുക്കിയാണ്.

ചെറിയ പ്രായത്തിൽ തന്നെ ആ അമ്മക്ക് കേരള സർക്കാരിന്റെ അവാർഡ് ഒക്കെ കിട്ടിയിട്ടുണ്ട്. ആ അമ്മ മാസത്തിൽ പകുതി ദിവസം കേരളത്തിലും പകുതി ദിവസം മുംബൈയിലും ആണ്. അതിനാൽ അച്ഛൻ സർവസ്വതന്ത്രനായിരുന്നു.

സുന്ദരനായിരുന്നതുകൊണ്ട് അച്ഛന് ആശുപത്രിയിൽ ധാരാളം ആരാധികമാരുണ്ടായിരുന്നു. പലരുടെയും നിഷ്കളങ്കമായ സ്നേഹത്തെ മുതലെടുക്കാൻ അച്ഛൻ മിടുക്കനായിരുന്നു.

ഓണത്തിന്റെ ലീവ് കഴിഞ്ഞ മടങ്ങാൻ നെടുമ്പാശ്ശേരിയിൽ നിന്ന് അമ്മ ഫ്ലൈറ്റ് കയറി. അമ്മയ്ക്ക് ആദ്യമായി വിമാനം കയറിയതിന്റെ ടെൻഷനുണ്ടായിരുന്നു. അമ്മയുടെ സീറ്റിനടുത്തായിരുന്നു അച്ഛന്റെ സീറ്റ്.

അന്നാദ്യമായി പരസ്പരം പരിചയപ്പെട്ട അവർക്കിടയിൽ അഗാധമായ സൗഹൃദം രൂപപ്പെട്ടു. അതിനെ പ്രണയത്തിലേക്കു രൂപാന്തരപ്പെടുത്താൻ അച്ഛൻ തന്റെ അഭിനയവും വാക്സമർത്ഥ്യവും പ്രയോജനപ്പെടുത്തി.

ഭാര്യയുടെ അഹങ്കാരവും തന്നിഷ്ട്ടവും കൊണ്ട് പൊറുതിമുട്ടിയ ആളാണ് അച്ഛൻ എന്ന് വരുത്തി തീർത്തു. പാവം ഡോക്ടറോട് എന്റെ അമ്മയ്ക്ക് സഹതാപമുണ്ടായി. പാവം അമ്മ അച്ഛനെ ആത്മാർത്ഥമായി തന്നെ പ്രണയിച്ചു.

അമ്മയുടെ ഫ്ളാറ്റ്മേറ്റ് മൈത്രേയി ഒരു ഫെമിനിസ്റ്റും ലിബറലുമായിരുന്നു. അവരുടെ കൂടെ പലപ്പോഴും അവരുടെ ആൺസുഹൃത്തുക്കൾ വീട്ടിൽ വരുന്നതിനെ ആദ്യം എന്റെ അമ്മ എതിർത്തിരുന്നു.

പക്ഷെ ഇപ്പോൾ മൈത്രേയിയുടെ അഭാവത്തിൽ അച്ഛൻ അമ്മയെ കാണാൻ ഫ്ലാറ്റിൽ വരാൻ തുടങ്ങി. അച്ഛന്റെ പിറന്നാളാഘോഷത്തിന്നു അമ്മ അച്ഛന്റെ ഫ്ലാറ്റിൽ പോയി. അവിടെ അമ്മയല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല അതിഥികളായി.

ആഘോഷങ്ങൾക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങൾ അച്ഛൻ തന്റെ ഫ്ലാറ്റിൽ നടത്തിയിരുന്നു. ആദ്യമായി അമ്മയ്ക്ക് മ ദ്യം കൊടുക്കുകയും കുടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

അച്ഛന്റെ പ്രീതിക്ക് വേണ്ടി അമ്മ മ ദ്യം കുടിക്കുകയും അന്നത്തെ രാത്രി അച്ഛനോടൊപ്പം ആ രാത്രി ഫ്ലാറ്റിൽ തങ്ങുകയും ചെയ്തു.അത് പിന്നെ ആരതി മേനോന്റെ അഭാവത്തിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു.

കൗശലക്കാരനായിരുന്ന അച്ഛൻ അമ്മയെ അച്ഛന്റെ ക്ലിനിക്കിൽ കൊണ്ട് പോയി ,അമ്മയുടെ ഗർഭപാത്രത്തിൽ കോപ്പർ -ടി നിക്ഷേപിക്കുകയും ചെയ്തു. ഒരു ടി ആകൃതിയുള്ള നേരിയ ചെമ്പുകുഴൽ.

ബീജത്തെ തടയാനും നശിപ്പിക്കാനും ആ കുഴലിന് കഴിയും. പക്ഷെ ഞാൻ ആ കുഴലിനെ ഒഴിവാക്കി നീന്തി തുടിച്ചു അമ്മയുടെ ഗർഭപാത്രത്തിലെത്തി. ഞാനാ ഭിത്തിയിൽ പറ്റിച്ചേർന്നു വളർന്നു തുടങ്ങി. കുഴലിന്റെ പരാജയം നൂറിൽ വെറും ഒരു ശതമാനത്തിൽ താഴെയാണ്.

ഞാനതിനെ അതിജീവിച്ചു. ഇരുട്ടറയായിരുന്നുവെങ്കിലും അതിലെ ഊഷ്മളതയും എന്റെ അമ്മയും എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.

അമ്മയെ മാത്രം കണ്ട്,അമ്മയെ മാത്രം സ്നേഹിച്ചു ,അമ്മയുടെ ഗർഭത്തിൽ ഞാൻ വളർന്നു കൊണ്ടേയിരുന്നു.

എനിയ്ക്കു നാലാഴ്ച പ്രായമായപ്പോഴാണ് അമ്മ ഓഫീസിൽ തളർന്നുവീണത്.കുറച്ച നേരം വിശ്രമിച്ചപ്പോൾ തളർച്ച മാറി. പക്ഷെ കൂടെ കൂടെയുള്ള ശർദ്ദിയും തലകറക്കവും മൈത്രേയി കണ്ടുപിടിച്ചു.

”നിന്റെ കുഞ്ഞു വാശികാരിയാണല്ലോ നിങ്ങൾ നിക്ഷേപിച്ച ചെമ്പു ചുരുളുകളെ ധിക്കരിച്ചവൾ ലക്‌ഷ്യം കണ്ടല്ലോ. നീ വിഷമിക്കാതെ. നിന്റെ ലക്‌ഷ്യം കല്യാണം, വിദേശത്തെ ജോലി, ഇതൊക്കെയാണല്ലോ. രാജീവിന്റെ ക്ലിനിക്കിൽപോയി ഇതിനെ ഒഴിവാക്കൂ”.

സ്ത്രീപക്ഷക്കാരിയും മനുഷ്യസ്നേഹിയും ആയ മൈത്രേയിയുടെ നാവിൽ നിന്നും ഇത് കേട്ടപ്പോൾ അമ്മ തളർന്നു പോയി. എന്റെ അച്ഛനെ അമ്മ വിളിച്ചപ്പോൾ അദ്ദേഹം നാട്ടിൽ ആണെന്നും മെഡിസിൻ കഴിച്ച് എന്നെ ഒഴിവാക്കണമെന്ന് ഉപദേശിച്ചു.

അച്ഛനമ്മമാർ ചെയ്ത കുറ്റത്തിന് നിഷ്കളങ്കയായ എന്നെ കളയാൻ അമ്മ തയ്യാറായില്ല. കാപ്പി കുടിക്കുന്നതിനോടൊപ്പം അമ്മ ദൃഢമായ ഒരു തീരുമാനത്തിൽ എത്തി.

“ജീവിക്കുന്നെങ്കിൽ അതെന്നോടൊപ്പം മരിക്കുന്നെങ്കിലും എന്നോടൊപ്പം.”

ഒടുവിൽ മരിക്കുവാൻ അമ്മ തീരുമാനിച്ചു. അപ്പോഴാണ് എന്റെ അപ്പൂപ്പന്റെ ഫോൺ വന്നത്. സംസാരിച്ചു കഴിഞ്ഞപ്പോൾ ഒരു ധൈര്യം വന്ന പോലെ. അച്ഛനമ്മമാരോടുള്ള സ്നേഹത്താൽ അമ്മയുടെ മനസ്സ് തരളിതമായി.

നാട്ടിൽപോയി ഒരാഴ്ച നിൽക്കാമെന്ന് അമ്മ തീരുമാനിച്ചു. അങ്ങനെ എന്റെയും അമ്മയുടെയും മരണം ഒരാഴ്ചത്തേക്ക് നീട്ടിവെച്ച്. പിറ്റേന്ന് തന്നെ ഞങ്ങൾ നാട്ടിലിലേക്കു തിരിച്ചു.

അമ്മയെക്കണ്ടു അപ്പൂപ്പനും അമ്മുമ്മയും വളരെ സന്തോഷിച്ചു. അമ്മയുടെ മനസ്സ് സ്നേഹം കൊണ്ട് നിറഞ്ഞതു എനിയ്ക്കു മാത്രം മനസിലായി. അമ്മുമ്മ കൊടുത്ത സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു അമ്മ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങി .

പിന്നെ അമ്മ എന്നെ പട്ടിണിയ്ക്കിട്ടില്ല .അമ്മ പഴയതു പോലെയാകാൻ ശ്രമിച്ചു കൊണ്ടിരുന്നു .അമ്മയെ കാണാൻ സദാനന്ദൻ മാഷ് വരുന്നത് വരെ അമ്മ ആരോടുമൊന്നും പറഞ്ഞില്ല.

മാഷ് നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും, അപ്പൂപ്പന്റെ സഹപ്രവർത്തകനും ,അമ്മയുടെ ക്ലാസ് ടീച്ചറും ,കുടുംബ സുഹൃത്തുമായിരുന്നു.മാഷിനെ കണ്ടപ്പോൾ അമ്മയ്ക്കൊന്നു കുമ്പസാരിക്കണം എന്ന് തോന്നി.

അപ്പുപ്പന്റെയും അമ്മുമ്മയുടെയും മുന്നിൽ വെച്ച അമ്മ മാഷിനൊടു സത്യം തുറന്നു പറഞ്ഞു. മരിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നുവെന്നും, അവസാന യാത്രായിരുന്നെന്നും പറഞ്ഞു.

”മരണം എന്തിനെങ്കിലും പരിഹാരം ആണോ കുഞ്ഞേ”.

മാഷിന്റെ മകൾ കൃഷ്ണപ്രിയയും ഇതേപോലെ തന്നെയാണ് മരണത്തെ പുല്കിയത്, കടിഞ്ഞൂൽ സന്താനത്തെ ഉപേക്ഷിക്കാൻ മനസില്ലാതെ, മകളുടെ അവിഹിത ഗർഭത്തിന്റെ വിവരം അറിഞ്ഞ മാഷ് തളർന്നു. മകളുടെ ആത്മഹത്യ മൂലം കുടുംബം തകർന്നു.

”മരിയ്ക്കാൻ നല്ല ധൈര്യം വേണം കൃഷ്ണാ, എനിയ്ക്കതില്ല. എന്റെ മകൾ നല്ല ധൈര്യശാലിയാ, എന്റെ ഭാര്യ സുഭദ്രയും മോശക്കാരിയല്ല, മോൾ മരിച്ചു ഒരാഴ്ച അവളെന്നെ ആശ്വസിപ്പിച്ചു.

പിന്നെ അവളും ധൈര്യം കാണിച്ചു.ഞാനും കൂടെ ചെല്ലുമെന്നു കരുതി കാണും പാവം. എനിക്കു പേടിയായിരുന്നു.”

”മാഷേ”

അപ്പുപ്പൻ സദാനന്ദൻ മാഷിനെ കെട്ടിപ്പിടിച്ചു. രണ്ടു പേരും കരയാൻ തുടങ്ങി. മുമ്പെങ്ങോ നടന്ന സംഭവങ്ങളുടെ തനിയാവർത്തനത്തെക്കുറിച്ചാകും അപ്പുപ്പൻ അപ്പോൾ ചിന്തിച്ചത്.

ഇനി എന്റെ അമ്മയും അമ്മുമ്മയും അതെ പോലെ ധൈര്യം കാണിച്ചാലോ എന്ന ആശങ്ക അപ്പൂപ്പന്റെ മുഖത്ത് പടർന്നു.

”അയാൾ വിവാഹിതനാണ്. എനിക്കു ഒരു ജീവിതം തരാൻ അയാൾക്ക് കഴിയില്ല. ഒരു അബോർഷൻ നടത്തി ഒന്നും സംഭവിച്ചിട്ടില്ലായെന്ന മട്ടിൽ എനിക്കു തലയുയർത്തി നടക്കാം.

വേറെ വിവാഹം കഴിക്കാം. പക്ഷെ എന്റെ മനസാക്ഷി, അതിനെ കബളിപ്പിക്കാനിനി വയ്യ. തെറ്റ് പറ്റി. പക്ഷെ ഇനിയും ആവർത്തിക്കാൻ വയ്യ.”

അമ്മ എല്ലാവരോടുമായി പറഞ്ഞു.

“മോള്, ആ ഡോക്ടറെ വിളിക്കൂ. അയാളോട് നിന്റെ അഭിപ്രായം പറയൂ. കുഞ്ഞിനെ വളർത്താനുള്ള തീരുമാനം. ദാനമായി കിട്ടിയ ജീവിതം അവസാനിപ്പിക്കാൻ നമുക്കെന്തവകാശം. ജീവിച്ചു കാണിച്ചു കൊടുക്കണം.

നാടും നാട്ടുകാരുമൊക്കെ നമ്മളെ സദാചാരം പഠിപ്പിക്കാൻ വരും,പിടിച്ചു നിൽക്കണം,ചെയ്ത തെറ്റുകൾ ജീവിതത്തിൽ പാഠമാകണം. ഇനിയതൊന്നും ആവർത്തിക്കാതിരിക്കാനുള്ള മനക്കരുത്തുണ്ടാകണം.

ഒരാൾ തെറ്റ് ചെയ്തതിന്റെ പേരിൽ ഇഞ്ചിഞ്ചായി മരിക്കുകയും ,അയാളുടെ പങ്കാളി മാന്യനായി സമൂഹത്തിൽ വിലസുകയും ചെയ്യുന്നത് എന്ത് ന്യായമാണ്?. അയാൾ ഇനി ഒരു പെണ്ണിനോടും ഇതേ രീതിയിൽ പെരുമാറരുത് .അയാളുടെ വീട്ടുകാരെയും പോലീസിനെയും അറിയിക്കുക.

സിംഗിൾ പേരന്റിങ് വിദേശത്തൊക്കെ സാധാരണമാണ്. സായിപ്പിന്റെ വേഷവും ഭക്ഷണവും അനുകരിക്കുന്ന നമ്മൾക്ക് ഇതും അനുകരണീയമാണ്. മോൾക്ക് നന്മ വരട്ടെ.മാഷിന്റെ അനുഗ്രഹമുണ്ടാകും.”

സദാന്ദൻ മാഷ് പറഞ്ഞു.

മാഷ് പോയപ്പോൾ അമ്മ എന്റെ അച്ഛനെ വിളിച്ചു. അമ്മയുടെ തീരുമാനം അച്ഛനെ വിറളി പിടിപ്പിച്ചു. കൊല്ലുമെന്ന് വരെ ഭീഷണി പെടുത്തി.

അമ്മ അതെല്ലാം ഫോണിൽ റെക്കോർഡ് ചെയ്തു വച്ചു. അമ്മ ഓഫീസിലെ എച്ച് ആർ വിഭാഗത്തിൽ മെയിൽ ചെയ്തു ട്രാൻസ്ഫറിനു അപേക്ഷിച്ചു.

മുംബൈയിലേക്ക്‌ ഒറ്റയ്ക്ക് പോകാൻ പേടി തോന്നിയതൗകൊണ്ട് ഓഫീസ് വഴി പോലീസിൽ ഒരു പരാതി നൽകി. എന്നിട്ടും റിലീവ് ചെയ്യാനായി അമ്മയെ ഒറ്റയ്ക്ക് വിടാൻ അപ്പൂപ്പന് പേടി. അമ്മ സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അമ്മയ്ക്ക് സംഭവിച്ചത് വിശദമായി ടൈപ്പ് ചെയ്തു.

ഇനിയുള്ള കാലം കുഞ്ഞിനെ വളർത്തി സിംഗിൾ പേരന്റ് ആയി കഴിയാനുള്ള തീരുമാനം അറിയിച്ചു. ആരും അമ്മയെ പിന്തുണച്ചില്ല, പെൺകുട്ടികൾ പോലും. അമ്മക്ക് സുഹൃത്തുക്കളുടെ കപട സദാചാരത്തെ ഓർത്തു വിഷമമായി.

മെസ്സേജ് അയച്ചു നാലുമണിക്കൂർ കഴിഞ്ഞു അമ്മക്കൊരു ലൈക് കിട്ടി. പിന്നെ ഗ്രൂപ്പിൽ അമ്മയുടെ തീരുമാനത്തെ എല്ലാവരും അഭിനന്ദിച്ചു. ഒന്ന് രണ്ടു പെൺകുട്ടികൾ പേഴ്സണൽ മെസ്സേജ് അയച്ചു.

അവർ പണ്ടെപ്പോഴോ ചെയ്ത തെറ്റുകളെയോർത്തു നീറി നീറി കഴിയുന്ന കാര്യം പറഞ്ഞു. കുറച്ചു സുഹൃത്തുക്കൾ അമ്മയുമൊന്നിച്ചു മുംബയിലെ ഓഫീസിൽ പോയി ട്രാൻസ്ഫർ ഓർഡർ വാങ്ങി വരാമെന്നു പറഞ്ഞു.

അങ്ങനെ അമ്മയുടെ മുംബൈ യാത്ര ഒരു അടിപൊളി ട്രിപ്പ് ആയി പരിഗണിച്ചു.അമ്മ നാട്ടിൽ ജോയിൻ ചെയ്തു.അച്ഛനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു.

ഇനി ആ മനുഷ്യനെ അച്ഛനെന്നു വിളിക്കാൻ പറ്റില്ല.ഞാൻ അമ്മയുടെ മാത്രം മകളാണെന്ന തിരിച്ചറിവിലാണ് ഈ ലോകത്തേക്ക് വരേണ്ടത്.

ഈ ലോകത്തോടെനിക്ക് ചിലപ്പോൾ വെറുപ്പ് തോന്നും. എന്നെ പോലെ ഈ ലോകം കാണാൻ ഭാഗ്യം ലഭിയ്ക്കാത്ത കുഞ്ഞുങ്ങളെയോർത്ത്, അവരെ പാതി വഴിയിൽ നശിപ്പിച്ചു വിട്ടതിന്.

ഞങ്ങൾക്കും വിചാരങ്ങളും വികാരങ്ങളുമുണ്ടെന്നു മനസിലാക്കാത്തതിന്. പൂർണ വളർച്ചയെത്താതെ നശിപ്പിച്ചാലും കൊലപാതകം കൊലപാതകമല്ലാതെ ആയി മാറുന്നില്ല.

ഞാൻ വളരും എന്റെ അമ്മക്ക് വേണ്ടി,എന്റെ അമ്മയുടെ മകളായി…

Leave a Reply

Your email address will not be published. Required fields are marked *