അയാൾക്ക്‌ നേരിയ ചമ്മൽ തോന്നി കുറെ നേരം അവർ പരസ്പരം ഒന്നും മിണ്ടാതെ നോക്കികൊണ്ടിരുന്നു, അയാളാദ്യമായി..

കാട്ടുചെമ്പകം
(രചന: നിഷ പിള്ള)

അയാൾ ലാപ്‌ടോപ് ഓഫാക്കി മേശപ്പുറത്തു വച്ചു. ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അമ്മയും മക്കളും നല്ല ഉറക്കം .

നാളെ ഓഫ് ഡേ ആണ് .സമാധാനമായി കിടന്നുറങ്ങാം അതാണൊരു ആശ്വാസം. ഈയിടെയായി ജോലിഭാരം കൂടുതലാണ്.

അയാൾക്ക്‌ ചേട്ടനോട് അസൂയ തോന്നി.ചേട്ടൻ മലയാളം അദ്ധ്യാപകനാണ് ഇഷ്ടം പോലെ സമയം. എല്ലാവരുടെയും കാര്യങ്ങൾ സന്തോഷത്തോടെ പരിഗണിക്കും.ഏത് സമയത്താണ് എൻജിനീയറിങ് പഠിക്കാൻ തോന്നിയത്.

കിടന്നൊന്നു മയങ്ങിയതേയുള്ളു.മുറിയിൽ പാട്ടും ആരവവും അയാൾ ദേഷ്യം കൊണ്ട് തിളച്ചു. കുട്ടികളാണ്,കൂടെ പ്രിയതമയും.കയ്യിൽ ഒരു വലിയ കേക്കും കത്തിച്ചു വച്ച മെഴുകുതിരിയും. ചുറ്റും ബലൂണുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

അയാൾ സമയം നോക്കി.ക്ലോക്കിൽ പന്ത്രണ്ട് മണി. മാർച്ച് മുപ്പത്,അയാളുടെ ജന്മദിവസം. നുരഞ്ഞു പൊങ്ങിയ ദേഷ്യം ആശ്ചര്യത്തിനും പിന്നെ സന്തോഷത്തിനും വഴി മാറി. ഇവൾക്കിതെന്തു സംഭവിച്ചു.കല്യാണം കഴിഞ്ഞു പത്തു വർഷമായി.

ആദ്യമായിട്ടാണ് ഒരു പാശ്ചാത്യ രീതിയിലുള്ള ആഘോഷം. സാധാരണ ജന്മ നാളിൽ രാവിലെ കുത്തി ഉണർത്തി കുളിപ്പിച്ച് അമ്പലങ്ങളിൽ സകുടുംബ സന്ദർശനം, തുടർന്ന് അവളുടെ കൈകൊണ്ടു പാചകം ചെയ്ത നല്ല ഉഗ്രൻ വെജിറ്റേറിയൻ സദ്യ.

അവൾ കേക്ക് മേശപ്പുറത്തു വച്ചു അയാളെ എഴുന്നേൽപ്പിച്ചു ,കയ്യിലൊരു പ്ലാസ്റ്റിക് കത്തി പിടിപ്പിച്ചു. അയാൾ കേക്ക് മുറിച്ചു ,ഓരോ പീസ് എടുത്തെല്ലാവരുടെയും വായിൽ വച്ചു കൊടുത്തു.എല്ലാവരും അയാൾക്കും കൊടുത്തു.

“ജന്മദിനാശംസകൾ അച്ഛാ ” മകനാണ് കെട്ടിപിടിച്ചൊരു മുത്തം വച്ചു .

“ജന്മദിനാശംസകൾ അച്ഛാ ” മകളുടെ വക.

അവളുടെ വകയും ഒരു ആലിംഗനവും ചുംബനവും ഉണ്ടായിരുന്നു. അയാളാകെ ഒന്ന് ഉഷാറായി.പക്ഷെ മനസിന്റെ കോണിൽ എവിടെയോ ഒരു മിസ്സിംഗ് അനുഭവപെട്ടു.

കുട്ടികൾ ഐസ്ക്രീം ബൗളുകളുമായി യുദ്ധത്തിലായി. അവൾ ചുവന്ന വൈൻ നിറച്ച രണ്ടു ഗ്ലാസ്സുകൾ കൊണ്ട് വന്നു.അയാൾ അത്ഭുതത്തോടെ അവളെ നോക്കി.

“നിനക്കിതെന്തു പറ്റി,മദ്യ വിരോധിയാണല്ലോ നീ.”

“ഇന്ന് എല്ലാം നിങ്ങളുടെ ഇഷ്ടപ്പടി നടക്കട്ടെ , ഞാൻ എന്തിനു വിമതയാകണം. നിങ്ങളുടെ ഇഷ്ടം ഇതൊക്കെയാണെന്നറിയാം. നാടൻ കാര്യങ്ങളേക്കാൾ വിദേശിയാണല്ലോ ഇഷ്ടം. വേഷവും ജീവിതരീതിയുമെല്ലാം. ഞാൻ എന്തിന് എതിരു നിൽക്കണം. പക്ഷെ ജന്മനാള് പതിവുപോലെ എന്റെ സ്റ്റൈലിൽ ആകും. സമ്മതിച്ചോ.”

“വിരോധമില്ലേൽ ഞാൻ ഒരു ഹോട്ട് അടിക്കട്ടെ.”

അയാളെ പിന്നെയും അതിശയിപ്പിച്ചു കൊണ്ട് അവൾ അയാൾക്ക്‌ ഒരു ഗ്ലാസിൽ അയാളുടെ പ്രിയങ്കരമായ സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി ഒഴിച്ച് കൊടുത്തു .കൂടെ ഒരു പ്ലേറ്റിൽ നട്സും ഒരു ഡബിൾ ഓംലെറ്റും.

“ഇവൾക്കിനി എന്തേലും കാര്യം സാധിക്കാനുണ്ടോ.? ഇത്രേം സ്നേഹം ഉണ്ടായിരുന്നോ എന്നോട്. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊന്നും ശ്രദ്ധിക്കാതെ ഇരുപത്തിനാലു മണിക്കൂറും ജോലി ജോലി എന്ന് പറഞ്ഞു നടന്നാൽ ..”

“നീ പോയി പിള്ളേരെ ഉറക്കിയിട്ടു വരൂ. നമുക്ക് കുറച്ചു നേരം ബാൽക്കണിയിൽ പോയിരിക്കാം,അവിടെയിരുന്നു സല്ലപിക്കാം, പ്രേമിക്കാം.”

അയാളവളെയും കാത്തു ബാൽക്കണിയിൽ പോയി നിന്നു. നല്ല നിലാവെളിച്ചം , ആകാശത്തുനിന്നും പാലൊഴുകുന്നപോലെയുള്ള ഒരു ദൃശ്യം. അയാൾക്ക്‌ പെട്ടെന്ന് കമലയെ ഓർമ വന്നു. പനിനീർ ചെമ്പകത്തിന്റെ മണമുള്ള കമല. അയാളുടെ ഓർമ്മകൾ ഒരു വർഷം പുറകോട്ടു പോയി.

“അവരിപ്പോഴാ ഉറങ്ങിയത്.”

പുറകിൽ നിന്നും പ്രിയതമയുടെ ആലിംഗനം അയാളെ സ്വപ്നത്തിൽ നിന്നുമുണർത്തി. അയാൾക്ക്‌ അവളെ വിഷമിപ്പിക്കാൻ താല്പര്യമുണ്ടായില്ല.

അവളുടെ പരാതികളും പരിദേവനകളും സ്വപ്നങ്ങളുമൊക്കെ കേട്ട് അയാൾ അവളുടെ മടിയിൽ കിടപ്പായി. അയാളെ നല്ലൊരു കേൾവിക്കാരനായി കിട്ടിയതിൽ അവളും സന്തോഷവതിയായി.

“എല്ലാ ദിവസവും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു അല്ലെ ഹരിയേട്ടാ .”

നേരം പോയതറിഞ്ഞില്ല.അയാൾക്ക്‌ ഉറക്കം വന്നതേയില്ല. ആകെയൊരു വീർപ്പുമുട്ടൽ. അയാൾ വീണ്ടും ബാൽക്കണിയിലെ ചെറുപടിയിൽ വന്നിരുന്നു നിലാവിനെ നോക്കിയിരുന്നു.

ഒരു ഇരുമ്പു പാലം നിർമിക്കാനായിട്ടാണ് അയാൾ തൊഴിലാളികളുമായി ആ വനമേഖലയിൽ വന്നത്. സാധാരണ ഇന്ത്യൻ ആർമി നിർമിച്ചു കൊടുക്കുന്ന ബെയ്‌ലി ബ്രിഡ്ജ് മാതൃകയിൽ ഒരെണ്ണം.

ആൾവാസം കുറവുള്ള മേഖല. മൂന്നുമാസമാണ് നിർമാണത്തിന് നിശ്ചയിച്ചിട്ടുള്ള സമയം. എങ്ങനെ ആ കാട്ടിൽ കഴിയുമെന്ന് ആശങ്ക പെട്ടാണ് അയാൾ അവിടെയെത്തിയത്.

ആദ്യ ദിവസങ്ങളിൽ ഭക്ഷണത്തിനൊരു നിവൃത്തിയുമില്ലായിരുന്നു.ജോലിക്കാർ താമസിക്കുന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്ററോളം അകലെ അയാൾക്കൊരു വീട് ഏർപ്പാട് ചെയ്തിരുന്നു . അയാളവിടെ ഒറ്റക്കാണ് താമസം.

വല്ലപ്പോഴും മൊബൈൽ റേഞ്ച് അവിടെ മാത്രമേ കിട്ടുള്ളു. പിന്നെ കുളിക്കാനും പ്രാഥമികാവശ്യത്തിനും അടുത്തൊരു ചോലയുള്ളതായിരുന്നു ആശ്വാസം.എത്രയും പെട്ടെന്ന് പണി കഴിഞ്ഞു ആ സ്ഥലം വിടണമെന്നായിരുന്നു അയാളുടെ ആഗ്രഹം.

ഗ്രാമപ്രദേശത്തു വളർന്നത് കൊണ്ടാകും ,അയാൾക്ക്‌ നാടും കാടും അതിന്റെ സൗന്ദര്യവും ഒന്നുമാസ്വദിക്കാനുള്ള ഒരു മാനസിക നില പണ്ടെ ഉണ്ടായിരുന്നില്ല. അയാൾക്ക്‌ ഭ്രമിപ്പിച്ചത് ഇപ്പോഴും നഗരങ്ങളായിരുന്നു.

കയ്യിൽ കരുതിയിരുന്ന ബ്രെഡും പഴവുമൊക്കെ കഴിഞ്ഞിരുന്നു. ആ നാട്ടിൽ ഒരു സഹായി ഉണ്ടായിരുന്നു. ചോലരാമൻ. മിടുക്കനാണ് . ആരോഗ്യവാൻ. അയാൾ ഇടയ്ക്കു വരും.മലമുകളിൽ എവിടെയോ ആണ് താമസം.

വന്നപ്പോൾ കുറച്ചു പൈസ കൊടുത്തിരുന്നു. പ്രത്യുപകാരമായി അയാൾക്ക്‌ കുറച്ചു ചമ്പാവരിയും. ഒരു ചെറിയ മൺകുടത്തിൽ റാഗി കൊഴുക്കട്ടയും കൊണ്ട് കൊടുത്തിരുന്നു.റാഗി പൊടി വെള്ളത്തിൽ കുഴച്ചു ഉണ്ടകളാക്കി ആവിയിൽ പുഴുങ്ങി .

അതൊരു മൺകുടത്തിൽ വെള്ളത്തിൽ ഇട്ടു വയ്‌ക്കും. പഴകഞ്ഞിയുടെ പ്രവർത്തനം പോലെ , ബാക്റ്റീരിയ അതിലുള്ള മൂലകങ്ങളുടെ അളവ് വർധിപ്പിച്ചു ശരീരത്തെ സംരക്ഷിക്കുന്നു. പേരിലൊരു പഴമയുണ്ടെങ്കിലും ആരോഗ്യപ്രദായകമായ ഭക്ഷണമാണ്.

വിശന്നു കണ്ണ് കാണാതായപ്പോഴാണ് ഒരു റാഗി ഉരുളയെടുത്തു കഴിച്ചത്.അയാൾക്ക്‌ രുചിയൊന്നും തോന്നിയതുമില്ല.

പക്ഷെ ക്ഷീണം കുറെ മാറിയപോലെ തോന്നി.അയാൾ വീടിന്റെ ഉമ്മറത്തിരുന്നു ഉറങ്ങി പോയി.ഉണർന്നപ്പോൾ വിശപ്പെന്ന വികാരം വീണ്ടും മൂർച്ഛിച്ചു.അയാൾ വാതിലടച്ചു കമഴ്ന്നു കിടന്നു.വാതിലിലെ മുട്ട് കേട്ടയാൾ തുറന്നു.

ഒരു ഇരുപത്തഞ്ചോളം പ്രായമുള്ള ഒരു പെൺകുട്ടിയാണ്.തദ്ദേശീയരുടെ വേഷമായിരുന്നില്ല ധരിച്ചത് .പാവാടയും ദാവണിയുമാണ്.

തീഷ്ണതയുള്ള കണ്ണുകൾ.വളഞ്ഞു വില്ലു പോലെയിരിക്കുന്ന പുരികങ്ങൾ .നിലാവൊളി പോലെയുള്ള പുഞ്ചിരി.കയ്യിൽ ഒരു കൂടയുണ്ടായിരുന്നു.അതവൾ പടിക്കെട്ടിൽ വച്ചു.

“ഞാൻ കമല.ഇവിടെയടുത്താണ് താമസം.നേരത്തെ ഇതുവഴി പോയപ്പോൾ നിങ്ങൾ ഇവിടിരുന്നു ഉറങ്ങുന്നത് കണ്ടു.മുഖത്ത് നല്ല ക്ഷീണം തോന്നി.ഇത് തന്നിട്ട് പോകാമെന്നു കരുതി.”

“എന്തിനു.ഇവിടെയൊന്നും ആവശ്യമില്ല.”

അയാൾ വെറുപ്പോടെ മുഖം തിരിച്ചു.അല്ലെങ്കിലും അയാളുടെ ഏറ്റവും വലിയ ശത്രു അയാളുടെ കോപമാണ്.അതയാൾക്കു പലപ്പോഴും നിയന്ത്രിക്കാനും പറ്റില്ല.അവളയാളെ ഗൗനിക്കാതെ ഉമ്മറ പടിയിൽ കയറിയിരുന്നു.

ദേഷ്യത്താൽ താനവളേ കൈയേറ്റം ചെയ്യുമോയെന്നയാൾക്കു തന്നെ പേടി തോന്നി.നിവൃത്തിയില്ലാതെ അയാൾ കൂട വാങ്ങി അരമതിലിൽ വച്ചു.അവൾ പോകുമെന്ന പ്രതീക്ഷയിൽ മുറ്റത്തെ ഞാവലിനു ചുറ്റും അയാൾ നടന്നു.

തണുത്ത കാറ്റും വന്യമായ അന്തരീക്ഷവും അയാളെ പെട്ടെന്ന് തണുപ്പിച്ചു.അപ്പോഴാണ് താൻ ഒരു ഷർട്ട് പോലുമിടാതെയാണ് അവളുടെ മുന്നിൽ ഉലാത്തുന്നതെന്ന ബോധം അയാൾക്കു ഉണ്ടായതു.

“എന്റെ അച്ഛനും പട്ടണത്തിൽ നിന്നും പണിക്കു ഇവിടേയ്ക്ക് വന്നതാണ്.അച്ഛൻ പക്ഷെ ആനയുടെ ചവിട്ടേറ്റ് മരിച്ചു പോയി.ഞാനും അമ്മയും അനാഥരായി.എങ്ങോട്ടും പോകാനില്ലാത്തതു കൊണ്ട് ഞങ്ങൾ ഇവിടെ കൂടി.”

അയാൾ നോക്കി കൊണ്ട് നിൽക്കേ തന്നെ അവൾ കൂടയുടെ ഇലമൂടി തുറന്നു.ഒരു ചെറിയ കുപ്പി തേനുണ്ടായിരുന്നു.പിന്നെ ഇലയിൽ പൊതിഞ്ഞ അവൽ നനച്ചതു.പിന്നെ കാട്ടിൽ കാണുന്ന ഒരുതരം മുള്ളു പഴങ്ങൾ.നല്ല ചുവപ്പു നിറത്തിൽ .

അവൾ വിരലുകൾ കൊണ്ട് പഴങ്ങളുടെ തൊലി പൊളിച്ചു കളഞ്ഞു അയാൾക്ക്‌ നേരെ നീട്ടി.ആദ്യം മടിച്ചെങ്കിലും അയാൾ അത് വാങ്ങി ഭക്ഷിച്ചു.മൂന്നോ നാലോ കഴിച്ചപ്പോൾ അയാളുടെ വിശപ്പ് മാറിയിരുന്നു.കൂട അയാളുടെ മടിയിൽ വച്ചിട്ട് അവൾ എഴുന്നേറ്റു.

“അവൽ രാത്രി ഭക്ഷണമാകാം.ഞാൻ നാളെ വരാം.അരിയിരുപ്പുണ്ടെങ്കിൽ നാളെ കഞ്ഞിയുണ്ടാക്കി തരാം.ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.”

അയാൾ അവളുടെ ഓവൽ ഷേപ്പിലുള്ള മുഖത്തെക്ക് ആദ്യമായി നോക്കി.അവൾ തന്ന പഴങ്ങൾക്കും അവളുടെ തുടുത്ത ചുണ്ടുകൾക്കും ഒരേനിറമായി അയാൾക്ക്‌ തോന്നി.

പിറ്റേന്ന് മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.വാതിൽ തുറന്നപ്പോൾ അയാൾക്കുള്ള ഭക്ഷണം പാകം ചെയ്യാനായി അവൾ ഉള്ളിലേക്ക് കടന്നു.

അവൾ കടന്നു പോയപ്പോൾ ഒരു വന്യമായ ഗന്ധം അയാൾക്ക്‌ അനുഭവപെട്ടു.ഉമ്മറത്ത് വീണു കിടന്ന സ്വർണ നിറമുള്ള പൂക്കൾ അയാൾ മണത്തു നോക്കി.അവളുടെ മുടിയിഴകളിൽ നിന്നൂർന്നു വീണതാണവ.

“കാട്ടിലെ പനിനീർ ചെമ്പകമാണ്,അതാണിത്ര വാസന.”

പിന്നെയുള്ള ദിവസങ്ങളിൽ അവൾ സ്ഥിരം സന്ദർശകയായി മാറി .അയാൾക്കെന്തോ അവളെ ഇഷ്ടമായില്ല തന്റെ സ്വകാര്യതയെ തടസപ്പെടുത്താൻ വന്ന ഒരു കടന്നു കയറ്റക്കാരിയായി അയാൾക്ക്‌ തോന്നി.

പണി നടക്കുന്ന സൈറ്റിൽ നിന്ന് വരുന്ന വഴിയും കാട്ടിൽ നിന്ന് വരുന്ന വഴിയും കൂടി ചേരുന്നത് വലിയൊരു ഞാവൽ മരത്തിന്റെ മുന്നിലാണ്.

അവിടെ നിന്നും ഇടതു തിരിഞ്ഞാണ് അയാൾക്ക്‌ താമസ സ്ഥലത്തേക്ക് പോകേണ്ടത്. വൈകുന്നേരങ്ങളിൽ അയാളെ കാത്തു ആ മരച്ചുവട്ടിൽ അവളുണ്ടാകും. അവളോടൊപ്പം ഒന്നിച്ചു നടക്കുമ്പോൾ അവളുടെ ഭ്രമിപ്പിക്കുന്ന വന്യമായ വാസന അയാളെ മത്തു പിടിപ്പിക്കും.

അന്ന് വൈകുന്നേരം സൈറ്റ് സൂപ്പർവൈസറുടെ ബർത്‌ഡേ ആഘോഷമായിരുന്നു.വൈകിട്ട് അയാൾ വീട്ടിലേക്കു മടങ്ങിയില്ല.

അവൾ അയാളെ വഴിയിൽ കാത്തു നിന്ന് കാണാതെ മടങ്ങിയിട്ടുണ്ടാകും.അയാൾക്കു അവളുടെ കാത്തു നിൽപ്പോർത്ത് ചിരി വന്നു .ക്യാമ്പ് ഫയറും മദ്യവും യഥേഷ്ടം സ്വാദിഷ്ടമായ ആഹാരവും .

ഇത്തരം സൈറ്റുകളിലെ ആഘോഷങ്ങളിൽ വലുപ്പ-ചെറുപ്പങ്ങളുണ്ടാകില്ല. അതയാൾക്കിഷ്ടവുമല്ല. യഥാർത്ഥ സോഷ്യലിസത്തെ മനസിലേറ്റിയതാണ്.അയാൾ മറ്റുള്ളവർക്കൊപ്പം ഡാൻസും പാട്ടുമായി അവിടെ കൂടി.

പന്തയം വച്ച് ആറാമത്തെ പെഗ് കഴിച്ചു. അയാളുടെ കാലുകൾ കുഴയുകയും കണ്ണുകൾ മങ്ങുകയും ചെയ്തു.ഇനി കാട്ടിലൂടെ എങ്ങനെ പോകാനാണ്.ആനയിറങ്ങുന്ന സ്ഥലം കടന്നു വേണം പോകാൻ.അവശേഷിക്കുന്ന പ്രജ്ഞയും കൂടെ നഷ്ടപ്പെടാറായി.

മദ്യവും ഭക്ഷണവും ഒക്കെ ഓവറായി.മിക്കവാറും എല്ലാവരും അവിടെയും ഇവിടെയും ഒക്കെ കിടന്നു കൂർക്കം വലിക്കാൻ തുടങ്ങി.അയാൾ എഴുനേൽക്കാൻ ശ്രമിച്ചു പറ്റുന്നില്ല.ആരോ അയാളെ ചേർത്ത് പിടിച്ചു നടക്കുന്നുണ്ട്.

ഉണർന്നപ്പോൾ ഉച്ചയായി.ഛർദിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഉണർന്നു വന്നത്.അടുക്കളയിൽ പാത്രങ്ങളുടെ അനക്കത്തിൽ നിന്നും അവളുടെ സാന്നിദ്ധ്യം മനസിലാക്കി. അയാൾ ചോലയിൽ പോയി കുളിച്ചു വന്നപ്പോഴേക്കും മുറി വൃത്തിയാക്കി തുടച്ചിരുന്നു.അയാൾക്ക്‌ വല്ലാത്ത കുറ്റബോധം തോന്നി.

“കുട്ടി ഇത്ര കഷ്ടപെടണ്ട കാര്യമില്ല.ഇതൊക്കെ എനിക്ക് ശീലമാണ്.കുട്ടി പൊയ്ക്കോളൂ.”

സൈറ്റിൽ എല്ലാവരും സമയത്തു തന്നെ എത്തിച്ചേർന്നു പണി തുടങ്ങിയിരുന്നു .ലേശം ചമ്മലോടെയാണ് അയാൾ അവരെ അഭിമുഖീകരിച്ചത്.

“സാറിനെ സമ്മതിക്കണം.ഇന്നലെ ഏഴെട്ടു പെഗ് അല്ലെ അടിച്ചത്.,എന്നിട്ടും വല്ല കുലുക്കമുണ്ടോ.എന്നിട്ടു ഒറ്റപോക്കാ വീട്ടിലേക്കു.ഞങ്ങളൊക്കെ രാവിലെയാ തല പൊക്കിയത്.”

വൈകിട്ട് പതിവ് സ്ഥലത്തു അവളുണ്ടായിരുന്നില്ല. രാവിലെ അയാൾ പറഞ്ഞത് ഇഷ്ടപെട്ടിട്ടുണ്ടാവില്ല.പക്ഷെ വീട്ടിൽ അയാളെ കാത്തു അവളുണ്ടായിരുന്നു.

കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല. അവൾ നീട്ടിയ പാല് ചേർത്ത ചായയും ഇലയടയും അയാളെടുത്തു കഴിച്ചു.അവൾക്കു നല്ല കൈപുണ്യമാണ്‌.

“സാറ് പുലിയാണത്രെ.വീട്ടിലേക്കു ഒറ്റപോക്കെന്ന്.” അവൾ പൊട്ടിച്ചിരിച്ചു. അയാളവളെ ദേഷ്യത്തോടെ നോക്കി.

“നോക്കണ്ട,ഞാനാ പൊക്കിയെടുത്തു ഇവിടെയെത്തിച്ചത്. എന്റെ ദേഹം മുഴുവൻ ഛർദിയിൽ കുളിപ്പിച്ചു. ആനയിറങ്ങുന്ന വഴിയായിരുന്നു . ഞാൻ പെട്ടെന്ന് അച്ഛനെ ഓർത്തു.അതാ അത്രടം വരെ വന്നത്.”

അയാൾക്ക്‌ നേരിയ ചമ്മൽ തോന്നി.കുറെ നേരം അവർ പരസ്പരം ഒന്നും മിണ്ടാതെ നോക്കികൊണ്ടിരുന്നു.അയാളാദ്യമായി അവളെ പേരെടുത്തു വിളിച്ചു.

“കമലേ,ക്ഷമിക്കേടോ ,പന്തയം വച്ചതാ.ഇത്തിരി കൂടി പോയി.തനിക്കു ഒരു ബുദ്ധിമുട്ടായതിൽ മാപ്പു. ഞാൻ അധികം ആരോടും അടുക്കില്ല. അടുത്താൽ പിരിയാൻ എനിക്ക് പ്രയാസമാണ്. താൻ വളരെ നല്ല കുട്ടിയാണ്. കൈപ്പുണ്യം അതി ഗംഭീരം.”

അവൾ അയാളെ നോക്കി ചിരിച്ചു. വൈകുന്നേരങ്ങളിൽ അവരൊന്നിച്ചു കാടുകയറാൻ തുടങ്ങി. പതിയെ പതിയെ പ്രകൃതി അയാളെ കീഴ്‌പ്പെടുത്തി.

കാടിന്റെ വന്യതയെ അയാൾ വല്ലാതെ സ്നേഹിക്കാൻ തുടങ്ങി. അവളുടെ ഇഷ്ടങ്ങൾ അയാളുടേതുമായി. ഇടയ്ക്കു ചോലരാമനെ വനത്തിൽ വച്ച് കാണുമ്പോൾ അവൾ ഒളിച്ചു നിൽക്കും.

“സാർ ഒറ്റക്കിവിടെ നടക്കരുത്.വനത്തിനു പലപ്പോഴും പല സ്വഭാവമാണ്.അറിയാത്തവരെ വല്ലാണ്ടങ്ങു ചുറ്റിച്ചു കളയും.” അപ്പോൾ അയാൾ തിരിച്ചു നടക്കും വീട്ടിലെത്തുന്നതിനു മുൻപേ അവൾ എവിടെ നിന്നോ കൂടെ ചേരും.

“നീയെന്താ എന്നെ വീട്ടിൽ ക്ഷണിക്കാത്തതു”

അവളൊരു നിമിഷം ആലോചിച്ചു നിന്നു.

“അത് പറ്റില്ല സാറെ ,കുടിയില് ചുറ്റും വേറെ ആളുകളുണ്ട് .അവർക്കാർക്കും നമ്മളെ മനസിലാകില്ല.ചീത്തപ്പേര് വരും .”

അയാൾ പൊട്ടിച്ചിരിച്ചു

അത് ശരി,അപ്പോൾ നിനക്കും പേടിയുള്ള സംഗതികൾ ഈ ലോകത്തിലുണ്ട് അല്ലെ.പിന്നെ എന്നെ ഹരിയെന്നു വിളിക്കുന്നത് എനിക്കിഷ്ടം.സാർ വിളി വേണ്ട.”

അന്ന് യാത്ര പറഞ്ഞപ്പോൾ അവൾ വീണ്ടും ഓർമിപ്പിച്ചു.ആവശ്യം ഉള്ളപ്പോൾ വിളിച്ചാൽ മതി.എത്തിക്കൊള്ളാം.അയാൾ ചിരിച്ചു.

“എങ്ങനെ വിളിക്കും ,ഫോണൊന്നുമില്ലാത്ത ആളെ,ഇനി ടെലിപതിയാണോ ഉദ്ദേശിച്ചത്.”

“ആവശ്യം വരുമ്പോൾ മനസില് പറഞ്ഞാൽ മതി.ഞാൻ അറിയും .ഏതു.”

“ഉം ഉം.”

അയാൾ കളിയാക്കി ചിരിച്ചു.

രാത്രിയിൽ അവളുണ്ടാക്കിയ കഞ്ഞിയും കറിയും കഴിച്ചപ്പോൾ അയാളവളെ ഓർത്തു. കിടക്കാനായി തയാറെടുത്തപ്പോൾ തറയിൽ നിരന്നു കിടന്ന കാട്ടു ചെമ്പക പൂക്കൾ അയാളെടുത്തു മണപ്പിച്ചു. ഉള്ളിൽ തോന്നിയ കുസൃതിയിൽ അയാൾ “കമലേ എനിക്കിപ്പോൾ നിന്നെ കാണണമെന്നോർത്തു.”

അയാളുടെ തലയെടുത്തു മടിയിൽ വയ്ക്കുകയും ,മുടിയിഴകളിൽ വിരലുകൾ കൊണ്ട് പതിയെ തടവുകയും ചെയ്തു.

“ഹരി അസമയത്തു എന്നെ ഓർത്തതെന്തിനാ ,ഞാൻ വരില്ല .”

കുസൃതിയോടെ അവളയാളുടെ കയ്യിൽ ചെറുതായി ഒന്ന് കടിക്കുകയും ചെയ്തു.അയാൾ വേദന തോന്നി ഉണരുകയും കയ്യിലെ പാട് കാണുകയും ചെയ്തു.

പക്ഷെ അവിടെയെങ്ങും കമലയെ കണ്ടില്ല. അന്തരീക്ഷത്തിൽ അവളുടെ ഗന്ധം താങ്ങി നിന്നു. അവൾ പോയി കഴിഞ്ഞിരുന്നു.

“ക്ഷമിക്കേടോ.”

അയാൾ ആ ഗന്ധത്തിന്റെ ആലസ്യത്തിൽ ,ആ സ്നേഹത്തിന്റെ ഉഷ്മളതയിൽ കിടന്നുറങ്ങി. അവര് തമ്മിലൊരു ബന്ധം ഉരുത്തിരിഞ്ഞിട്ടുണ്ടായിരുന്നു. ഓരോ ദിവസവും അതിന്റെ ഊഷ്മളത കൂടുകയും ,അത് ഉയർന്ന തലങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തു.

ഒരു ദിവസം അയാൾ നേരത്തെയുണർന്നു. അയാളുടെ ജന്മദിനമായിരുന്നു. സാധാരണ ദിവസങ്ങളിൽ ഭാര്യയാണ് അയാളെ വിളിച്ചുണർത്തുന്നത്. വാതിൽ തുറന്നപ്പോൾ വെള്ളയിൽ അതിമനോഹരമായ പൂക്കൾ ഉള്ള ഒരു ദാവണിയും ചുറ്റി കമല.

തലമുടി മെടഞ്ഞു അതിൽ നിറയെ കുടമുല്ല പൂക്കൾ കൂടിയിരിക്കുന്നു.കയ്യിലെ ഇലയിൽ അരിമാവും ശർക്കരയും തേങ്ങയും നെയ്യും ചേർത്ത ഒരു തരം അപ്പം .അവളൊരു കഷ്ണം കൽക്കണ്ടം അയാളുടെ വായിൽ വച്ച് കൊടുത്തു.

“ഇന്നെന്താ വിശേഷം.”

മുറ്റത്തേക്കിറങ്ങിയത് കൊണ്ടാകും അയാളുടെ ഫോൺ ശബ്ദിച്ചു.ഭാര്യയാണ്.

“ജന്മദിനാശംസകൾ ഹരിയേട്ടാ,കുറെ നേരമായി വിളിക്കുന്നു.നേരത്തെയുണർന്നോ.? അടുത്തമ്പലം വല്ലതുമുണ്ടോ.?പോയി തൊഴണം”

“ഈ കാട്ടിലെവിടേയാ എന്റെ കമലേ അമ്പലം.”

“ഏഹ്ഹ് കമലയോ,ലേഖ എന്ന എന്റെ പേര് നിങ്ങൾ മറന്നോ.അതോ അവിടെ ഏതെങ്കിലും കമലയുമായി അങ്ങ് കൂടിയോ.”

“കമല എന്ന് പറഞ്ഞാൽ താമര.ഞാൻ നിൽക്കുന്ന ചോലയുടെ മുന്നിലെ കുളത്തിൽ അതിമനോഹരമായ ഒരു താമര ചെളിയിൽ വിരിഞ്ഞു നില്ക്കുന്നു.

ഏത് വികാര രഹിതനെയും കവിയും ഗായകനുമൊക്കെ ആക്കി മാറ്റുന്ന വന്യമായ സൗന്ദര്യമാണ് ഈ കാടിനു. നീയൊന്നു വരണം ഇവിടെ . അതിമനോഹരം.”

അയാൾ ഫോൺ വച്ചപ്പോൾ കമലയെ അടുത്തൊന്നും കണ്ടില്ല.അവൾ പിണങ്ങി നിൽക്കുകയായിരുന്നു

“ഞാൻ നിങ്ങൾക്ക് വെറും ചേറ്റിലെ താമരയാണല്ലേ ഹരി.”

“അയ്യോ അങ്ങനെയല്ല.നീയെന്റെ ജീവനാണ്. നമ്മൾ കുറെ വർഷങ്ങൾ മുൻപ് കണ്ടിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിന്നെ വിട്ടു പോകില്ലായിരുന്നു . അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ.”

അയാളുടെ കണ്ണുകൾ ആത്മാർത്ഥത കൊണ്ട് നിറഞ്ഞു.

“എനിക്കറിയാം,എനിക്കിപ്പോൾ നിങ്ങളുടെ മനസ് വായിക്കാം എന്നെ മറക്കാതിരുന്നാൽ മതി ഹരി.”

അയാളവളെ ചേർത്ത് പിടിച്ചു.അവർ പരിസരം മറന്നു.പ്രണയത്തിനും രതിക്കുമിടയിലെ നേർത്ത നൂൽവലയങ്ങളിൽ പെട്ട് പോയ നിമിഷങ്ങളായിരുന്നു അയാൾക്ക്‌.

പണി തീർന്നു പോകാൻ സമയമായി. വേർപിരിയൽ അനിവാര്യമാണ്. അതിനു തയ്യാറെടുക്കാൻ ഒരാഴ്ച സമയം പോരായിരുന്നു. പോകുന്നതിനു തലേദിവസം അവളെ കണ്ടതേയില്ല. ബാക്കിയെല്ലാവരെയും പറഞ്ഞു അയച്ചിട്ട് അവസാന രാത്രി അയാൾ അവൾക്കായി കാത്തിരുന്നു.

അവൾ വന്നില്ല.അയാളവളെ തേടിയിറങ്ങി. വനത്തിലേക്ക് ,കുന്നിൻ മുകളിലേക്ക്, വിജനമായ പുൽമേടുകൾ അതൊക്കെ പിന്നിട്ടു അവളുടെ കുടിലന്വേഷിച്ചയാൾ നടന്നു.

പ്രണയ പാരവശ്യത്തിൽ അവളുടെ പേര് വിളിച്ചു അയാൾ നടന്നു.പെട്ടെന്നയാൾക്കു പരിചിതമായ ഗന്ധം കാറ്റിൽ വന്നെത്തി.

അയാളുടെ കണ്ണുകളെ ഇറുക്കി പിടിച്ചിരുന്ന കൈകൾ അയഞ്ഞു ,അയാൾ അവളെ തന്നിലേക്കാവാഹിച്ചു. കുന്നിൻ ചരുവിലെ നിലാവിൽ അയാൾ അവളെ നോക്കി കൊണ്ടിരുന്നു.

“നീ എന്നെ അന്വേഷിച്ചു വന്നല്ലോ ഹരി”

അവളുടെ നിറകണ്ണുകളിൽ അയാൾ ചുംബിച്ചു. നേരം വെളുക്കുന്നതു വരെ അവർ ഒന്നിച്ചായിരുന്നു.

“നീ പോയാലും എന്നെ അന്വേഷിച്ചു വരണം ഹരി.,എന്നെ ഓർക്കണം.”

“ഞാൻ വരും ,നീയില്ലാതെ എനിക്ക് പറ്റില്ല.നീ ഇപ്പോൾ എന്റെ കരുത്താണ്.ജീവിക്കാനുള്ള ആസക്തിയാണ്.” രാവിലെ ചോലരാമൻ വന്നുണർത്തുമ്പോൾ അയാൾ അവിടെ കിടന്നുറങ്ങുകയായിരുന്നു.

“സാർ എന്നെ തേടി എത്തിയതാണോ,ഞാൻ സാറിനെ തേടി വന്നതാണ് .”

അയാൾ ചുറ്റും നോക്കി അയാളോടൊപ്പം കുന്നിറങ്ങി.തറയിൽ ചിതറി കിടന്ന കാട്ടുചെമ്പകപ്പൂക്കൾ അയാൾ ചോലരാമൻ കാണാതെ പോക്കറ്റിലിട്ടു .

അയാൾ തന്റെ അലമാര തുറന്നു വാടിയ ചെമ്പക പൂക്കൾ കയ്യിലെടുത്തു .ആരും കാണാതെ അയാളുടെ പുസ്തക ശേഖരത്തിൽ സൂക്ഷിച്ചതാണ്.പുസ്തകങ്ങൾ ഇരിക്കുന്ന അലമാരയാണ് ,ഏറ്റവും സുരക്ഷിതം.ആരും തുറന്നു നോക്കാറില്ലാത്തയിടം.

അയാൾ ഉണങ്ങിയ പൂക്കൾ വാസനിച്ചു നിലാവത്തു പോയിരുന്നു.കാറ്റിന് വാസന വന്നതും.അടുത്ത് കമലയിരിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി.

അവൾ പിണക്കത്തിലാണ്.മടങ്ങി വന്ന ശേഷം ഒരിക്കലും അവളെ കണ്ടിട്ടില്ല. അന്വേഷിച്ചു പോയിട്ടില്ല. ഓർമ വന്നിട്ടും വീട്ടിലെ സാഹചര്യങ്ങൾ അയാളെ ഒരു സ്വാർത്ഥനാക്കി മാറ്റിയിരുന്നു. വീട് ഓഫീസ് ,ആ ചിന്തകൾ മാത്രം.

“ഇന്ന് ഈ പിറന്നാൾ ദിവസം നിന്നെ കാണാതെ വയ്യെനിക്ക് കമല,നീയെന്നോട് ക്ഷമിക്കണം.”

അവൾ മറുപടിയൊന്നും പറഞ്ഞില്ല.പകരം കയ്യും നഖവും ഉപയോഗിച്ച് അയാളെ മാന്തി പറിച്ചു. അവളെ ഒന്ന് ശാന്തനാക്കാൻ അയാൾക്ക്‌ കുറെ പാടുപെടേണ്ടി വന്നു.

കണ്ണ് തുറന്നപ്പോൾ മുന്നിൽ ലേഖ,കുട്ടികൾ.

“ഇതെന്താ ??അച്ഛനെ ഉറക്കത്തിൽ പൂച്ച മാന്തിയപോലെയുണ്ട്. ” അയാളുടെ വെളുത്ത നെഞ്ചത്തെ ചുവന്ന പോറലുകൾ ശ്രദ്ധിക്കുകയായിരുന്നു മകൾ.

“അച്ഛാ വേഗം റെഡി ആയി വരൂ ,അച്ഛന് ഒരു സർപ്രൈസ് ഉണ്ട്.”

അയാൾ ആരും കാണാതെ സോഫയിൽ ചിതറി കിടന്ന കാട്ടുചെമ്പക പൂക്കൾ പെറുക്കിയെടുത്തു, വാസനിച്ചു, അയാളുടെ ഡയറിയിൽ ഭദ്രമായി വച്ചു.

അപ്പോൾ അയാളുടെ മനസ്സിൽ കമലയെന്ന തന്റെ പ്രണയിനി യാഥാർഥ്യമാണോ മിത്താണോ എന്നറിയാതെ കുഴങ്ങുകയായിരുന്നു. അതിൻ്റെയുത്തരമെന്തായാലും അവളോടുള്ള തന്റെ പ്രണയം അവസാനിക്കില്ല എന്നയാൾക്കറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *