പക്ഷെ നിനക്കൊരു ജീവിതം തരാനൊന്നും അവനാകില്ല, മോളിനി ഇങ്ങോട്ട് വരരുത് അച്ഛനെയും അമ്മയെയും..

ഊദിന്റെ മണമുള്ള സുൽത്താൻ
(രചന: നിഷ പിള്ള)

റസിയയുടെ വീട്ടിൽ ആദ്യമായി ലക്ഷ്മി സന്ദർശിച്ചത് ലക്ഷ്മിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് .

റസിയ എന്ന കൂട്ടുകാരി ,അവളുടെ സൗഹൃദം അതിനു അങ്കണവാടിയിൽ ആണ് തുടക്കം കുറിച്ചത്.ഒരേ പ്രായം ആയിരുന്നുവെങ്കിലും കാഴ്ചയിൽ രണ്ടാൾക്കും നല്ല വ്യത്യസ്തമായിരുന്നു.

വെളുത്തു തടിച്ചു ചുവന്ന റസിയയും,ഇരു നിറത്തിൽ മെലിഞ്ഞുണങ്ങിയ ലക്ഷ്മിയും.ആദ്യ ദിനം മുതൽ രണ്ടാളും സൗഹൃദത്തിലായി.

കോളേജിലെത്തിയപ്പോൾ ഇടയ്ക്കിടയ്ക്ക് വീടുകളും സന്ദർശിക്കും. ഒരു പാവം ബസ് ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയും മാത്രമുള്ള ലക്ഷ്മിയുടെ കുടുംബം.

ഹോട്ടലുടമയായ വാപ്പയും ,സ്നേഹമയിയായ ഉമ്മയും,തല തെറിച്ച സഹോദരനും ഭർതൃ മതിയായ സഹോദരിയും സ്നേഹത്തിന്റെ നിറകുടമായ റസിയയും.പിന്നെ കവിയായ ഹസ്സൻ മാമയും

ഒരു സന്ദർശനത്തിനിടയിൽ അവളവളുടെ ഹസ്സൻ മാമയെ പരിചയപ്പെടുത്തി തന്നു. ഉമ്മയുടെ ഇളയ സഹോദരനാണത്രെ.ഒരു അപകടത്തിൽ അരയ്ക്കു താഴെ തളർന്നു കിടക്കുന്ന ഹസ്സൻ.ഉമ്മയോടൊപ്പം അടുക്കളയിൽ നിന്ന ലക്ഷ്മിയെ അവൾ അയാളുടെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.

മുകളിലത്തെ നിലയിൽ വടക്കേ അറ്റത്തുള്ള മുറി. മുറ്റത്തെ മാവിന്റെ പടർന്നു പന്തലിച്ച ശീതളിമ ആവോളം ലഭിക്കുന്ന മുറി.ഗസൽ സംഗീതം നിറഞ്ഞ, ഊദിന്റെ ഗന്ധം പരന്ന , റൂമിയുടെ കവിതകൾ അലയടിക്കുന്ന ആ മുറിയിൽ അവൾ വലതുകാൽ വച്ചാണ് കയറിയത്.

അത്രക്കും പവിത്രമായി അവൾക്കു തോന്നി. മാമയെന്നവൾ പറഞ്ഞപ്പോൾ പ്രായമുള്ളൊരാളെയാണവൾ പ്രതീക്ഷിച്ചത്. എന്നാൽ സ്വർഗത്തിൽ നിന്നിറങ്ങി വന്ന ഗന്ധർവനെ പോലെയൊരാളാണ് അവളെ കാത്തിരുന്നത്.

വെളുത്ത കോട്ടൺ കുർത്തയും പൈജാമയും,ക്ലീൻ ഷേവ് ചെയ്ത സുന്ദര മുഖം.പ്രായം മുപ്പതിനോടടുത്തു തോന്നുന്ന ഒരു സുന്ദരൻ,ചുവന്ന ചുണ്ടുകൾ, ചുവപ്പിച്ചതാണോയെന്നു തോന്നി പോയി.കവിയായ ഹസ്സൻ.

റസിയ പറഞ്ഞപ്പോഴാണ് പ്രായം നാല്പതായി എന്നറിഞ്ഞത്.മറ്റൊന്ന് കൂടി റസിയ പറഞ്ഞു .

റസിയയുടെ ഉപ്പുപ്പാ ഒരു സൂഫി ചിന്തകനായിരുന്നു , ഉപ്പുപ്പയുടെ ഒരേയൊരു മകളായിരുന്നു റസിയയുടെ ഉമ്മ.ഉപ്പുപ്പാ ചെറുപ്പത്തിലേ തന്നെ നാട് വിട്ടു.ഇടക്കിടക്ക് മാത്രം ഭാര്യയെയും കുട്ടിയേയും കാണാൻ വരും..

മരുഭൂമികളിലും ഉത്തരേന്ത്യൻ ഗലികളിലും സത്യാന്വേഷകനായി നടന്നു. കുറെ നാൾ അജ്മീർ ദർഗയിൽ ഉണ്ടായിരുന്നു ,അവിടെ വച്ച് ഉപ്പൂപ്പയോടൊപ്പം കൂടിയതാണ്,ഹസ്സൻ മാമ.ഉപ്പുപ്പയുടെ മകനാണെന്നും ,അല്ല ഗുരുവിന്റെ പുത്രനാണെന്നും പറയുന്നു .

എന്തായാലും പതിനേഴു വയസ്സുള്ള ഹസ്സന്റെ കൈ പിടിച്ചു കേരളത്തിൽ വരുമ്പോൾ അദ്ദേഹത്തിന് പ്രായം എൺപതു കഴിഞ്ഞിരുന്നു. റസിയയുടെ ഉമ്മ സ്വന്തം അനിയനെ പോലെ ഹസ്സനെ പരിഗണിച്ചു. റസിയയുടെ വാപ്പാക്കും അയാളെ ഇഷ്ടമായിരുന്നു.

അയാളുടെ വരവോടു കൂടിയായിരുന്നു , റസിയയുടെ വാപ്പയുടെ കച്ചവടത്തിലെ വളർച്ച. വെറുമൊരു ആക്രി കച്ചവടക്കാരനായ റസിയയുടെ വാപ്പ ഹസ്സൻ വന്നതിനു ശേഷം ഹോട്ടൽ ബിസിനസ്സിൽ എത്തി ചേർന്നു.

പുതിയ പുതിയ ബ്രാഞ്ചുകൾ തുടങ്ങി ഒരു ഹോട്ടൽ ശൃഖല തന്നെയായി. ഇതെല്ലാം ഹസ്സന്റെ ഐശ്വര്യമാണെന്നാണ് എല്ലാവരും വിശ്വസിച്ചത്. അവർ അയാളെ സ്വന്തം മകനെ പോലെ സ്നേഹിച്ചു.

ഉപ്പുപ്പയുടെ മരണശേഷം അയാളെ പഠിപ്പിച്ചതും ജോലി മേടിച്ചു കൊടുത്തതുമെല്ലാം റസിയയുടെ വാപ്പയായിരുന്നു. ആ കുടുംബത്തിലെ മൂന്നു കുട്ടികളുടെ മൂത്ത ചേട്ടനായിരുന്നു അയാൾ. കോളേജ് അദ്ധ്യാപകൻ ആകാനായിരുന്നു അയാൾക്ക്‌ ഇഷ്ടം. നല്ലവണ്ണം പഠിച്ചു, പരിശ്രമിച്ചു, ജോലി നേടി.

പക്ഷെ ജോലിയിൽ ചേരാൻ വിധി സമ്മതിച്ചില്ല. അയാൾ ജോലി സ്ഥലത്തേക്ക് പോയ ബസ് ചുരത്തിൽ വച്ച് മറിഞ്ഞു കുറെ പേര് മരിച്ചു. ഹസ്സൻ അരക്കു താഴോട്ട് തളർന്നു കിടപ്പിലായി . ഒന്നിനും ഒരു കുറവുമില്ലാതെ ഹസ്സനെ എല്ലാരും പരിചരിച്ചു.

പത്തു വർഷത്തോളമായി ഒരേ കിടപ്പ്.ഉമ്മയും റസിയയുമാണയാളെ പരിചരിക്കുന്നത്. റസിയയുടെ ഇക്ക അൽത്താഫ് ഒരു താന്തോന്നിയാണ്. കഞ്ചാവും മയക്കുമരുന്നുമായി നടക്കുന്ന ഒരു തെമ്മാടി.

അയാളെ കാണുമ്പോഴേ ലക്ഷ്മിക്ക് പേടിയാണ്. അവളിടക്കിടക്കു ഹസ്സനെ സന്ദർശിക്കാറുണ്ട്.

കണ്ടാലും കണ്ടില്ലെങ്കിലും പരാതി പറയാത്ത ,വാശി പിടിക്കാത്ത ഒരാളെ മാത്രമേ പ്രണയിക്കൂ എന്നവൾക്കു വാശിയായിരുന്നു. അങ്ങനെയൊരാളായിരുന്നു ഹസ്സൻ,തൻ്റെ ശാരീരിക അവസ്ഥ അയാളെ അങ്ങനെയാക്കി.ഒന്നിനോടും ആരോടും പരാതിയോ പരിഭവമോ ഇല്ലാത്ത ജീവിതം.

ഹസ്സനെ കണ്ടതിനു ശേഷം അവൾക്കയാളോട് നിശബ്ദമായ പ്രണയം തോന്നി തുടങ്ങിയിരുന്നു.അയാൾ പോലുമറിയാതെ അവളതു മനസ്സിൽ കൊണ്ട് നടന്നു. ജാതി ,മതം,പ്രായം,ശാരീരിക നില എന്നിലൊക്കെയുള്ള അന്തരം.

രണ്ടാം വർഷം ബിരുദത്തിനു പഠിക്കുമ്പോഴാണ് ഹിന്ദി ട്യൂഷന്റെ ആവശ്യം വീട്ടിൽ പറയുന്നത്,പരിഹാരം നിർദേശിച്ചത് റസിയയുടെ ഉമ്മി ആയിരുന്നു.ഹസ്സനുണ്ടല്ലോ,അവൻ പഠിപ്പിക്കും അസ്സലായി.

അങ്ങനെയാണ്. വാരാന്ത്യത്തിൽ അവിടെ പോയി തുടങ്ങിയത്. റസിയയും ഉമ്മയും അടുക്കളയിൽ പണിയിലാകുമ്പോൾ,ഹസ്സൻ അവളെ ട്യൂഷനെടുക്കും.

കവിതകളും കഥകളും അയാളുടെ ഇമ്പമുള്ള ശബ്ദത്തിൽ കേട്ടാൽ പിന്നെയവൾ ഒരിക്കലും മറക്കില്ലായിരുന്നു. ഒരിക്കൽ കോണിപ്പടി കയറിവന്നപ്പോൾ പകുതി വഴിയിൽ വച്ച് അൽത്താഫിന്റെ മുന്നിൽ പെട്ടു.

അവനവളെ ഭിത്തിയോട് ചേർത്ത് നിർത്തി അവളുടെ ചെവികളിൽ അശ്ലീലം പറഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പഠിക്കാനിരുന്ന ലക്ഷ്മിക്കു അന്ന് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

“ലെച്ചു,നിനക്കെന്തു പറ്റി,വയ്യായ്ക വല്ലതുമുണ്ടോ.?”

അവളില്ലെന്നു തലയാട്ടി.പക്ഷെ കണ്ണ് നിറഞ്ഞൊഴുകി.

“അവൻ നിന്നെ എന്തെങ്കിലും ചെയ്തോ,നീ കയറി വന്നപ്പോൾ അവന്റെ പാട്ടു കേട്ടിരുന്നു. ഇത്താത്തയോട് പറയട്ടെ. അവനഹങ്കാരം കൂടുന്നു ”

“വേണ്ട,വീട്ടിലറിഞ്ഞാൽ പിന്നെ എന്നെ പഠിക്കാൻ വിടില്ല.ഇനി അയാളുള്ളപ്പോൾ ഞാൻ വരില്ല.”

ഹസ്സനവളുടെ കൈകളിൽ തലോടിയാശ്വസിപ്പിച്ചു.

ബിരുദപഠനം കഴിഞ്ഞു റസിയ പഠനം നിർത്തി. നഗരത്തിലെ കോളേജിൽ പി ജി ക്കു ചേർന്ന് ലക്ഷ്മി, ഹോസ്റ്റലിൽ നിന്നുമെത്തുന്ന ഇടവേളകളിൽ റസിയയെ കാണാനെന്ന വ്യാജേന ഹസ്സൻ്റെ അടുത്തെത്തുമായിരുന്നു.

റസിയ അയാൾക്ക് ഷേവ് ചെയ്യുന്നത് കണ്ട് അവൾ നോക്കി നിന്നു.ഉമ്മയുടെ വിളി കേട്ട് ഷേവിംഗ് പകുതിയാക്കി അവൻ പോയപ്പോൾ അത് ലക്ഷ്മി പൂർത്തിയാക്കി.

ഷേവ് ചെയ്ത മിനുസമായ അയാളുടെ കവിളുകളിൽ അവൾ ചുണ്ടുകൾ ചേർത്തു. പെട്ടെന്നയാളുടെ ബലിഷ്ഠമായ കരങ്ങൾ അവളെ തന്നിലേക്ക് അടുപ്പിച്ചു. അയാൾ അവളുടെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടി. അയാളുടെ ബന്ധനങ്ങളിൽ നിന്നും അവൻ മോചിതയായി.

“സോറി ലക്ഷ്മി,സോറി.”

അവളിനി വരില്ലയെന്നയാൾ കരുതിയെങ്കിലും അവൾ വീണ്ടും അയാളെ തേടി വന്നു കൊണ്ടിരുന്നു. റസിയ കല്യാണം കഴിഞ്ഞ് പോയപ്പോൾ വരവ് വല്ലപ്പോഴും മാത്രമായി. പഴയപോലെ ഓടി വരാൻ അവളുടെ അമ്മ സമ്മതിക്കാതെയായി.

എന്നാലും ഇടയ്ക്ക് അവൾ എത്താറുണ്ട്. അടുക്കളയിൽ റസിയയുടെ ഉമ്മയോട് സംസാരിച്ചു നിൽക്കുമ്പോൾ അവളുടെ മനസ്സ് ഹസ്സൻ്റെ അടുത്തായിരിക്കും, അയാളെ ഒരു നോക്ക് കാണാൻ അവളുടെ ഹൃദയം തുടിച്ചു കൊണ്ടിരിക്കും.

തിരികെ മടങ്ങുമ്പോൾ അയാളവൾക്ക് അയാളുടെ കവിതയെഴുതിയ ബുക്കുകൾ സമ്മാനിക്കും. അതിൽ അവളെക്കുറിച്ച് അയാളെഴുതിയ പ്രണയ കവിതകൾ ആയിരിക്കും.

“ഇതിലെ ഓരോ വാക്കുകളും നിനക്കുള്ള എന്റെ ചുംബനങ്ങളാണ്.”

അവൾക്ക് നേരെ നീട്ടിക്കൊണ്ട് അയാൾ പറയും. പിരിയാൻ നേരം അവൾക്ക് കരച്ചിൽ വന്നു..

അവളെ മാറോട് ചേർത്ത് ആശ്വസിപ്പിക്കുമ്പോൾ അയാൾക്കും സങ്കടം വരും. കോണിപ്പടിയിൽ കാലൊച്ച കേട്ട് അവളയാളിൽ നിന്നും മാറിയിരുന്നു. മടങ്ങുമ്പോൾ റസിയയുടെ ഉമ്മ ലക്ഷ്മിയെ ചേർത്ത് പിടിച്ചു പറഞ്ഞു.

“അവൻ പാവമാണ്, നിന്നോടുള്ള സ്നേഹം ആത്മാർത്ഥവുമാണ്. പക്ഷെ നിനക്കൊരു ജീവിതം തരാനൊന്നും അവനാകില്ല.മോളിനി ഇങ്ങോട്ട് വരരുത്. അച്ഛനെയും അമ്മയെയുംഓർക്കണം”

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പട്ടണത്തിൽ നിന്നും ഒരു ബാങ്കുകാരൻ വരുന്നു. പെണ്ണുകാണുന്നു,തീയതി നിശ്ചയിക്കുന്നു. എല്ലാത്തിനും മുൻപിൽ നിന്നത് റസിയയുടെ മാതാപിതാക്കൾ ആണ്.

അവസാനമായി ഹസ്സനെ കാണാൻ റസിയയുടെ കൂടെ വിവാഹത്തലേന്ന് അവൾ വീണ്ടുമെത്തി. അവളെ അതിശയിപ്പിച്ചു കൊണ്ട് സമർത്ഥമായി അഭിനയിക്കുന്ന ഹസ്സനെയാണവൾ കണ്ടത്. അവൾക്ക് അവൻ ഭാവുകങ്ങൾ നേർന്നു.

“പ്രിയപ്പെട്ടവളേ എൻ്റെ ഹൃദയം നിന്നിലാണ്….. അത് സുരക്ഷിതമായി സൂക്ഷിക്കുക.ഒരു നാൾ നീ എന്നിലേയ്ക്ക് മടങ്ങി വരും.എൻ്റെ ആത്മാവിന്റെ പൂർണതയ്ക്ക്…….”

സങ്കടം ഉള്ളിലൊതുക്കി അവൾ അനീഷിന്റെ താലിയ്ക്കായി ശിരസ്സ് കുനിച്ചു കൊടുത്തു. തികച്ചും ശാന്തമായ ജീവിതം. ഭർത്താവിൻ്റെ തലയിൽ മുഴുവൻ ബാങ്കും കണക്കുകളും മാത്രമായിരുന്നു. ലക്ഷമിയുടെ മൗനത്തിന്റെ അർത്ഥം അയാൾക്ക് മനസിലായതുമില്ല.

ഇതിനിടയിൽ അച്ഛൻ ജോലിയിൽ നിന്നും പിരിഞ്ഞു.അൽത്താഫ് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ട് വന്നു.താമസിയാതെ മയക്കുമരുന്ന് കേസിൽ അവൻ ജയിലിലായി.

റസിയായുടെ ഉമ്മ ഹൃദയാഘാതത്തിൽ മരിച്ചു. വാപ്പയും ഹസ്സനും അൽത്താഫിൻ്റെ ഭാര്യയുടെ വീട്ടുകാരുടെ ഭരണത്തിലായി. ഭാര്യയുടെ മരണത്തോടെ വാപ്പയുടെ കച്ചവടത്തിലെ ശ്രദ്ധ കുറഞ്ഞു. ഹസ്സൻ്റെ ഭാവിയെക്കുറിച്ച് വാപ്പയ്ക്ക് ആധിയായി.

ഫ്ളാറ്റിലെ പകലുകളിൽ അവൾ സുൽത്താന്റെ ചിത്രം വരച്ചു. ആദ്യമായി അവൾ കണ്ട ഹസ്സൻ്റെ രൂപം. സംശയത്തിൻ്റെ അസ്കിതയുള്ള അനീഷ് അത് കാണാതിരിക്കാൻ അവൾ വസ്ത്രങ്ങളുടെ ഇടയിൽ വച്ചു.

അനീഷിന് ചെന്നൈ ട്രെയിനിംഗ് ദിനങ്ങളിൽ അവൾക്ക് നാട്ടിൽ പോകാൻ അനുമതി ലഭിച്ചു. മാതാപിതാക്കളെയും ഹസ്സനെയും നാടിനെയും കാണാനവളുടെ ഉള്ളം കൊതിച്ചു.

റസിയയുടെ വാപ്പ പള്ളിയിലേക്ക് ഇറങ്ങുമ്പോഴാണവൾ ചെന്നത്.അവൾ നേരെ ഹസ്സൻ്റെ മുറിയിലേക്ക് കയറി ചെന്നു. അവൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

അത്രമാത്രം പ്രാകൃതമായി വളർന്ന താടിയും മുടിയും,ഊദിൻ്റെ ഗന്ധത്തിനു പകരം മൂത്രത്തിന്റെ ഗന്ധം അവിടെ തളം കെട്ടിയിരുന്നു. ഭർത്തൃമതിയാണെന്നു പോലും മറന്ന് അവളയാളെ കെട്ടി പിടിച്ചു കരഞ്ഞു. അവളെ അയാൾ നിർദ്ദയം തള്ളി മാറ്റി.

“തൊടരുതേ,മേലപ്പടി ചെളിയാണ്.”

എതിർപ്പുകളെ വക വയ്ക്കാതെ അവൾ അയാളെ തുടച്ച് വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു.താടി വടിച്ചു,മുടി ക്രോപ്പ് ചെയ്തു സുന്ദരനാക്കി.അയാളുടെ ഒട്ടിയ കവിളുകളും വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചകവും കണ്ണുകളെ ഈറനണിയിച്ചു.

മുറിയിൽ ഊദ് പുകച്ച് സുഗന്ധപൂരിതമാക്കി. റൂമിയുടെ കവിതകൾ ആലപിക്കാൻ തുടങ്ങി.വാതിൽക്കൽ വന്ന തന്റേടിയായ
പെൺകുട്ടി അവളോടിങ്ങനെ പറഞ്ഞു.

“ഇതൊക്കെ ചെയ്യാനിവിടെ ആളുണ്ട്.നിങ്ങളാരാണ്?.”

“ഇതെന്റെ സുൽത്താനാണ്.”

ആരോടും യാത്ര പറയാതെ അവൻ മടങ്ങി. ഫ്ളാറ്റിൽ വച്ച് പുതിയ സുൽത്താനെ അവൻ വരച്ചു. താടിയും മുടിയും വളർത്തിയ മെല്ലിച്ച സുൽത്താൻ.ചുറ്റും ഊദിൻ്റെ ഗന്ധം പരന്നു.ഇളം കാറ്റ് വീശി.

അനീഷ് വന്നു വിളിച്ചപ്പോളാണ് അവളുണർന്നത്. അവൾ വരച്ച പടം അയാൾ കണ്ടോയെന്നായിരുന്നു അവളുടെ പേടി.പക്ഷെ ആ ചിത്രം അപ്രത്യക്ഷമായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് റസിയയുടെ വിളി വന്നു.ഹസ്സൻ ആശുപത്രിയിൽ ആണ്,നിന്നെ അവസാനമായി ഒന്ന് കാണണമെന്ന്. വല്ലാണ്ട് വാശി പിടിച്ചപ്പോഴാണ് അവളെ അനീഷ് റയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടത്. ആദ്യമായിട്ടായിരുന്നു ഒറ്റയ്ക്ക് ഒരു ട്രെയിൻ യാത്ര.

ചുറ്റുമുള്ളവരൊക്കെ മൊബൈലിൽ തല താഴ്ത്തി താന്താങ്ങളുടെ ലോകത്തിലായിരുന്നു. എതിർവശത്തിരുന്ന മുത്തശ്ശി മാത്രം അവളെ നോക്കി പുഞ്ചിരിച്ചു. അവൾ കണ്ണുകളടച്ച് ഓർമകളിലെ അവളെ തേടി.

ഇടയ്ക്ക് കണ്ണുകൾ തുറന്ന് സ്ഥലമെത്താറായോ എന്ന് നോക്കി.തന്നെ നോക്കി വാതിലിനിടയിൽ നിൽക്കുന്ന സുൽത്താൻ,മെല്ലെ നടന്നവളുടെ അരികെയെത്തി.

തൂവെള്ള വസ്ത്രത്തിൽ അതിസുന്ദരനായി. അവളുടെ കയ്യിൽ ഒരു തടിച്ച പുസ്തകം ഏൽപ്പിച്ചു.അവൾ തുറന്ന് നോക്കി.നെരൂദയുടെ കവിതകൾ.

അവളുടെ കയ്യിൽ പിടിച്ചാശ്വസിപ്പിച്ച് മെല്ലെ അടുത്ത ബോഗിയിലേയ്ക്ക് നടന്നു മറഞ്ഞു. പുസ്തകത്തിലെ ആദ്യ താളിൽ അവൾ വരച്ച ,അവൻ്റെ ചിത്രം, കാണാതായത്.

“അയാൾ നിന്നെ പ്രണയിക്കുന്നു.അയാളിൽ ഞാനൊരു കാമുകനെ കണ്ടു.” മുത്തശ്ശിയാണ്.

അവൻ നടന്നു തന്നെയാണ് തൻ്റെ നേരെ വന്നതെന്നും അവനെ അവസാനമായി കാണാനാണ് താൻ പോകുന്നതെന്നും അവൾക്കോർമ വന്നു. അവൻ തന്നെ തോൽപ്പിച്ച് കളഞ്ഞു. അവളേക്കാൾ മുന്നെ ഇങ്ങോട്ട് വന്നു കണ്ട് മടങ്ങി.

ഇനിയാരെ കാണാനാണ് താൻ പോകുന്നത്? തടിച്ച പുസ്തകം തൻ്റെ മാറോട് ചേർത്ത് വച്ചാൽ തേങ്ങി. വിതുമ്പുന്ന ശബ്ദം കേട്ട് ചുറ്റുമുള്ളവരൊക്കെ തങ്ങളുടെ ലോകത്തിൽ നിന്നും മടങ്ങി വന്ന് തന്നെ ഉറ്റു നോക്കുന്നത് കണ്ണീരിനിടയിലും അവൾ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *