ഒടുവിൽ അവൾ അനിയൻ വിശാലിന്റെ ഭാര്യയായി ഈ വീട്ടിൽ തന്നെ വന്നു കയറി, അവന്റെ കുട്ടികളുടെ അമ്മയായി..

ഡോണർ
(രചന: നിഷ പിള്ള)

വീട്ടിലുള്ള ദിവസങ്ങളിൽ വിവേക് ഉണരുന്നത് വളരെ വൈകിയിട്ടാണ്. മാസത്തിലൊരിക്കലുള്ള ഗൃഹസന്ദർശനം. ചെലവ് കുറക്കാനുള്ള ശ്രമം മാത്രമല്ല.

യാത്ര ചെയ്താലുള്ള ആരോഗ്യ പ്രശ്നങ്ങളും ഒരു കാരണമാണ്. നിർത്താതെയുള്ള ഫോൺ വിളിയാണവനെ ഉണർത്തിയത്.മറുതലക്കൽ നിന്നുമൊരു പുരുഷ ശബ്ദം

“വിവേക് സാറല്ലേ ,ഞാൻ കൊച്ചനിയൻ.നന്ദിത കുഞ്ഞിന്റെ ഡ്രൈവർ ആണ് .കുഞ്ഞിന് സാറിനെ ഒന്ന് കാണണമെന്ന് .”

“ഞാനിപ്പോൾ എറണാകുളത്തില്ലല്ലോ ചേട്ടാ ,നാട്ടിലാണ്. തിങ്കളാഴ്ചയെ മടക്കമുള്ളൂ. അന്ന് വൈകുന്നേരം കണ്ടാൽ മതിയോ മാഡത്തിന്.”

“ഞങ്ങളിപ്പോൾ ഇടുക്കിയിലുണ്ട്.കഴിയുമെങ്കിൽ ഇന്ന് തന്നെ കണ്ടാൽ കൊള്ളാമെന്നു കുഞ്ഞു പറഞ്ഞിട്ടു വിളിച്ചതാണ്.”

“എന്നാൽ ഉച്ച കഴിഞ്ഞു കാണാം.”

ഇവർക്കിതു എന്തിന്റെ കേടാണ്.കുറെ നാളായി നന്ദിത മാഡം അവന്റെ പുറകെ നടക്കുന്നു. എറണാകുളത്തു ഒരു മൊബൈൽ കമ്പനിയിൽ അത്യാവശ്യം നല്ലൊരു ജോലിയുണ്ട്.

ആദ്യമായിട്ടാണ് ജോബ് ഓഫറുമായി ഒരാൾ പുറകെ നടക്കുന്നത്.മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വച്ചു.ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ അവൻ തിരിഞ്ഞു കിടന്നു.

ഉച്ച കഴിഞ്ഞു വീടിന്റെ പിന്നാമ്പുറത്തിരുന്നു അമ്മയോടും അച്ഛനോടും നഗര വിശേഷങ്ങൾ പങ്കു വയ്ക്കുകയായിരുന്നു.

അപ്പോഴാണ് അനിയന്റെ മകളെത്തി വലിയച്ഛനെ കാണാൻ ആരോ എത്തിയെന്നറിയിച്ചതു . പുറത്തിറങ്ങി നോക്കിയപ്പോൾ അതവരായിരുന്നു.നന്ദിതയും ഡ്രൈവർ കൊച്ചനിയനും.

“വീട് കണ്ടെത്താൻ ബുദ്ധിമുട്ടിയോ? മാഡം .”

“ഞങ്ങളെ ബുദ്ധിമുട്ടിക്കാനല്ലേ ഫോൺ ഓഫാക്കി വച്ചതു.”

അവൾ ചിരിച്ചു.അവളുടെ നുണക്കുഴികൾ തെളിഞ്ഞു.തോളറ്റം വെട്ടിയ മുടിയിഴകൾ മുഖത്തേയ്ക്ക് തെന്നി വീണു.വെള്ളക്കല്ലു വച്ച മൂക്കുത്തി തിളങ്ങി.

“മാഡം .എന്തിനാണ് ഇത്ര ബുദ്ധിമുട്ടിയത്.ഞാൻ നാളെ വൈകിട്ട് എറണാകുളത്തു എത്തുമായിരുന്നു.

തിങ്കളാഴ്ച ജോലിക്കു കയറേണ്ടതാണ്. മാസത്തിലൊന്നേ ഇങ്ങോട്ടു വരുകയുള്ളു. ചില ആരോഗ്യ പ്രശ്നങ്ങൾ ,അതിലുപരി സാമ്പത്തിക പ്രശ്നങ്ങൾ.”

“അറിയാം,അതാണ് ഞാനൊരു ജോബ് ഓഫർ വച്ചതു. വിവേകിന് ഇതൊരു ബെസ്ററ് ഓഫർ ആയിരിക്കും. മാസത്തിലൊരിക്കൽ വീട്ടിലെത്താം മൂന്ന് ദിവസത്തെ അവധി.ഇപ്പോൾ വാങ്ങുന്നതിനേക്കാൾ പതിനായിരം രൂപ അധികം.”

“അത് പോരല്ലോ മാഡം.എറണാകുളം പോലല്ലോ ,വയനാട്ടിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്നത്.? വയസ്സ് ചെന്ന അച്ഛനെയും അമ്മയെയും നോക്കണം.

അവരുടെ ചികിത്സ.കൂടാതെ അനിയനും കുടുംബവും ഇവിടെ താമസം. അവനൊരു പ്രൈവറ്റ് ബസ് കണ്ടക്ടറാണ്. അവന്റെ കുട്ടികളുടെ പഠനം. രണ്ടു സഹോദരിമാർ , അവരുടെ കുട്ടികൾ. ചെലവ് കൂടുതലാണ്.”

“സഹോദരിമാരൊക്കെ വിവാഹിതരല്ലേ, ഭർത്താക്കന്മാരില്ലേ. വിവേകിന്റെ ഒരു കിഡ്നി വിറ്റിട്ട് അല്ലെ ഇളയ സഹോദരിയെ കെട്ടിച്ചത്. ഈ ആരോഗ്യാവസ്ഥയിലും അവർ വിവേകിനെ ഉപയോഗിക്കുകയാണോ.”

അവനു ദേഷ്യം വന്നു.

“ക്ഷമിക്കണം മാഡം ,ഇതൊക്കെ എന്റെ സ്വകാര്യതയാണ് ,അതൊന്നും സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.പണത്തിനു ആവശ്യമുണ്ട്.അതാണ് മാഡത്തിനെ കാണാമെന്നു സമ്മതിച്ചത് തന്നെ.”

“പറയൂ വിവേക് എന്താ പ്രതീക്ഷിക്കുന്നത്. ഫുഡ് ,താമസം ഒക്കെ സ്റ്റാർ ഫെസിലിറ്റിയിൽ ലഭിക്കും .എനിക്ക് വിവേകിനെ പോലെ വിശ്വസ്തനായ,ആത്മാർത്ഥതയുള്ള ഒരാളെയാണ് വേണ്ടത്.

ഞാൻ വിവേകിന്റെ ഇപ്പോഴത്തെ മാനേജരുമായി സംസാരിച്ചിരുന്നു.ജോയ് അലക്സ് എന്റെ കുടുംബ സുഹൃത്താണ് .”

“എനിക്ക് സാലറിയിൽ ഒരു പതിനഞ്ചെങ്കിലും കൂടണം.കൂടാതെ ഒരു തുക മുൻകൂറായി തരികയും വേണം.മുതലാക്കുകയാണെന്നു കരുതരുത്.

ചേച്ചിയുടെ മകൻ എം ബി ബി എസ്,അവസാന വർഷമാണ്.അവന്റെ ഫീസ് കെട്ടാനാണ്.അതൊക്കെ എന്റെ ജോലി കാണുമ്പോൾ മാഡത്തിന് മനസിലാകും ഒന്നും അധികമായില്ലയെന്നു.”

അവൾ തല കുലുക്കി സമ്മതം പ്രകടമാക്കി.അവൻ്റെ ഡിമാൻഡ് ഇഷ്ടമായില്ലെങ്കിൽ ഒഴിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ് അവൻ അങ്ങനെ ഒരു നിലപാട് എടുത്തത് .

“മാഡം ആലോചിച്ചിട്ട് പറഞ്ഞാൽ മതി.ഞാൻ എറണാകുളം വരും.പണം തന്നെയാണ് എന്റെ പ്രശ്നം.”

ഇത് പറഞ്ഞവൻ എഴുന്നേറ്റു. എഴുനേൽക്കാൻ അവരും നിർബന്ധിതരായി.

അവരിറങ്ങിയപ്പോളാണ് ഇത്ര ദൂരം തന്നെ തേടി വന്നിട്ടും ഒരു ചായ പോലും കൊടുത്തില്ലല്ലോയെന്നു അമ്മ ഓർമിപ്പിച്ചത്..

“അതൊന്നും സാരമില്ല,അവർ നമ്മളെ പോലെയുള്ള പാവപ്പെട്ടവരുടെ കയ്യിൽ നിന്ന് കുടിക്കുമോ?”

“അങ്ങനെയൊന്നുമില്ല.നമ്മളെ സഹായിക്കാനായി വന്നതല്ലേ.എല്ലാവരും തിന്മയുള്ളവരായി കരുതരുത്.

ആ കുട്ടിയെ കണ്ടിട്ട് ശരിക്കും നല്ല കുട്ടിയായി തോന്നി.എന്തായാലും നീ അവരെ തിങ്കളാഴ്ച ഒന്ന് പോയി കാണു.ആ ഡ്രൈവറുടെ സാന്നിധ്യത്തിൽ വേണ്ട .നല്ലതാണെങ്കിൽ പുതിയ ജോലി സ്വീകരിക്കൂ .

എല്ലാക്കാലവും സഹോദരങ്ങളെ സഹായിച്ചാൽ നിനക്ക് അവസാന കാലത്തു ആരും കാണില്ല,ഒന്നും കാണില്ല.ഞങ്ങൾ രണ്ടുപേരും ഇന്നോ നാളെയോ എന്ന് കരുതി മരണത്തെ കാത്തിരിക്കുന്നവരാ .നിനക്ക് നീ തന്നെ തുണ.”

“എന്റെ സ്വഭാവ ദോഷമാണ് എല്ലാ അനർത്ഥത്തിനും കാരണം.

അല്ലെങ്കിൽ കുഞ്ഞു മോൾടെ കല്യാണത്തിനെടുത്ത സ്വർണവും കൊണ്ട് ഷാപ്പിൽ പോകാനും അവിടെ വച്ച് ബോധം നഷ്ടപെടുന്നതുവരെ കുടിച്ചതും പണ്ടങ്ങൾ അവിടെ വച്ച് നഷ്ടപ്പെട്ടതും ,നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങിയതും.

കുടുംബം മുഴുവൻ ആത്മഹത്യയുടെ വക്കിലെത്തിയതും,ആ സമയത്തു തന്നെ അടിയന്തരമായ ഒരു ശസ്ത്രക്രിയക്ക് വൃക്ക ആവശ്യമായി വന്നതും, പണത്തിനു വേണ്ടി നീ ഒരെണ്ണം നൽകിയതും എല്ലാം ഒരു ഇന്നലെ നടന്നത് പോലെ തോന്നുന്നു.

എല്ലാത്തിനും കാരണം എന്റെ മദ്യപാനമാണ്.എന്റെ കുഞ്ഞിന്റെ ജീവിതം ഞാൻ തുലച്ചു.”

“അതെ അച്ഛന്റെ കുഴപ്പമാണ്.ഇപ്പോൾ മകൻ ചെയ്യുന്നതും കുഴപ്പമാണ്.സഹോദരങ്ങൾ വേണ്ടിയാണേലും ഇത്രയും ത്യാഗം ആരും ചെയ്യരുത് .തിരിച്ചു ഒന്നും കിട്ടില്ല,സ്നേഹവും പരിഗണനയും പോലും.”

മീനാക്ഷിയായിരുന്നു അത്,,അനിയന്റെ ഭാര്യ .അവൾ വെള്ളമെടുക്കാൻ മുറ്റത്തേക്കിറങ്ങി . ഈ വീട്ടിലെ മരുമകളാക്കാൻ നോമ്പ് നോറ്റിരുന്നവൾ.വിവേകിന്റെ ഭാര്യ ആകാൻ കൊതിച്ചു കഴിഞ്ഞവൾ.

ഒരു വൃക്ക ഇല്ലാത്തവൻ ,മകളുടെ കഴുത്തിൽ താലി ചാർത്തേണ്ടെന്നു അവളുടെ അച്ഛൻ തറപ്പിച്ചു പറഞ്ഞു.ഒടുവിൽ അവൾ അനിയൻ വിശാലിന്റെ ഭാര്യയായി ഈ വീട്ടിൽ തന്നെ വന്നു കയറി.അവന്റെ കുട്ടികളുടെ അമ്മയായി.

“ഞങ്ങൾക്ക് ശേഷം വീട് നിനക്കാണെങ്കിലും നീയിടെ തങ്ങരുത് മോനെ,ഇപ്പോൾ തന്നെ മീനു കുറെ കുത്തുവാക്കുകൾ കേൾക്കുന്നുണ്ട്.കുടിച്ചു വരുമ്പോൾ വിശാലിനവളെ സംശയമാണ്.

നീ വീട് അവർക്കു കൊടുത്തു വേറെ എവിടെയെങ്കിലും പോകണം.അവൾ സ്വസ്ഥമായി ജീവിക്കട്ടെ.പത്തു മുപ്പതു വർഷം മുൻപ് ഞാൻ അനുഭവിച്ചതിന്റെ തനിയാവർത്തനങ്ങൾ ആണ് ആ കുട്ടി ഇന്നനുഭവിക്കുന്നത്.

എനിക്കവളെ മനസിലാകും മോനെ.അവൾക്കു നിന്നോട് ഇപ്പോഴും ഇഷ്ടമുണ്ട്. പക്ഷെ അവരുടെ ജീവിതത്തിൽ നീ അറിയാതെ പോലും ഇടപെടാതിരിക്കാനാ. നിനക്കായി ബാങ്കിൽ എന്തേലും കരുതി വയ്ക്കണം”

അമ്മ സാരി തുമ്പു കൊണ്ട് കണ്ണ് തുടച്ചു.അച്ഛൻ നിസഹായനായി അവനെ നോക്കി.

“ഇത്രേം പ്രശ്നമുണ്ടായിരുന്നോ ഇവിടെ ?.ഞാൻ കാരണം ആർക്കുമൊരു ബുദ്ധിമുട്ടു വേണ്ട. ഞാൻ പുതിയ ജോലി സ്വീകരിക്കാം.കിട്ടുന്ന പണം മൂന്നു സഹോദരങ്ങൾക്കുമായി വീതിച്ചു നൽകാം. ”

അവൻ ദൃഢനിശ്ചയത്തോടെ എഴുന്നേറ്റു. സ്വന്തമായി കരുതിയിരുന്ന അനിയൻ പോലും തന്നെ മനസിലാക്കുന്നില്ലല്ലോ .

അവൻ അമ്മയെ ചേർത്ത് പിടിച്ചു. വയസ്സ് മുപ്പത്തഞ്ചു കഴിഞ്ഞു .ഇനി ഒരു വിവാഹജീവിതം ഉണ്ടാകില്ല.ഒരു വൃക്കയില്ലാത്തവനെ ആരു സ്വീകരിക്കാനാണ്.

ഒന്നും സംഭവിക്കാത്തത് പോലെ അച്ഛനമ്മമാരുടെ മുന്നിൽ അഭിനയിച്ചു എങ്കിലും ജീവിതത്തെ സംബന്ധിച്ച വലിയൊരു തിരിച്ചറിവ് അവനു ലഭിച്ചു. അതവനെ വല്ലാതെ വിഷമിപ്പിച്ചു. എറണാകുളത്തേക്കുള്ള യാത്രയിൽ തന്നെ അവൻ നന്ദിതക്കു ടെക്സ്റ്റ് ചെയ്തു.

“മാഡം എനിക്കൊന്നു നേരിട്ട് കാണണം. ”

മറൈൻ ഡ്രൈവിലെ സായാഹ്നത്തിൽ നന്ദിത ഒറ്റയ്ക്ക് അവനെ കാണാൻ വന്നു.അവൻ ചുറ്റും നോക്കി .

“ഇല്ല കൂടെ ആരുമില്ല.ഞാൻ യൂബർ ടാക്സിയിലാണ് വന്നത്.എനിക്ക് പേഴ്സണൽ ആയി വിവേകിനോട് സംസാരിക്കാനുണ്ട്.”

അവൻ ചോദ്യഭാവത്തോടെ അവളുടെ മുഖത്തു നോക്കി.

“വിവേകിന് അതിശയം തോന്നുണ്ടാകും , കോഴിക്കോടുക്കാരിയായ ഞാൻ എന്തിനാണ് ഒരു റിസോർട്ട് മാനേജരെ അന്വേഷിച്ചു എറണാകുളത്തു വന്നതെന്നും,നിങ്ങളുടെ ഇപ്പോഴത്തെ കമ്പനിയിൽ പോയതും മാനേജരെ കണ്ടു അഭിപ്രായം ചോദിച്ചതും.

ഞാൻ ഒരു അഡ്വെർടൈസ്മെന്റ് കൊടുത്തിരുന്നെങ്കിൽ ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ കിട്ടിയേനെ .പക്ഷെ എന്തിനു വിവേകിനെ തെരെഞ്ഞെടുത്തു .”

അവൾ ഒരു നിമിഷം മൗനത്തിലായി.അവളുടെ മുഖം ചക്രവാളത്തിനു നേരെയായിരുന്നു. മുഖമാകെ ഒരു ഓറഞ്ച് നിറം പടർന്നു . ആകാംഷയോടെ അവളുടെ വാക്കുകൾ കേൾക്കാൻ അവൻ കാതോർത്തു.

“പതിനൊന്നു വർഷം മുൻപ് ഒരു ഇരുപതുകാരിയായ പെൺകുട്ടിയെ വളരെ സീരിയസ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവളുടെ സ്വന്തം പേരിൽ അച്ഛൻ സ്ഥാപിച്ച ആശുപത്രിയായിരുന്നു .വൃക്ക പ്രവർത്തന രഹിതമായതാണ് കാരണം.അവളുടെ പ്രായത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്നത്.

രണ്ടു ആണ്മക്കൾക്കു ശേഷം ജനിച്ച അവൾ അച്ഛനമ്മമാരുടെ പ്രിയങ്കരിയായിരുന്നു.അവളുടെ ജീവൻ രക്ഷിക്കാൻ അവളുടെ അച്ഛൻ നെട്ടോട്ടമോടി.ഒരു പാവം ചെറുപ്പക്കാരന്റെ വൃക്ക വലിയ തുക കൊടുത്തു വാങ്ങി കൊടുത്തു.

അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു. മാതാപിതാക്കളുടെ കാലശേഷം ആശുപത്രിയും ഹോട്ടലും ഒക്കെ സഹോദരന്മാർ കൊണ്ട് പോയപ്പോൾ അവശേഷിച്ചത് വയനാട്ടിലെ റിസോർട്ടും അച്ഛന്റെ ഡ്രൈവറും മാത്രമാണ്.”

“തന്നാൽ ആകുന്ന വിധം ബിസിനസ് വിജയിപ്പിച്ചു.പഴയ ഫയലുകൾ നോക്കുമ്പോളാണ് പഴയ ഒരു ഡ്രാഫ്റ്റിന്റെ കോപ്പിയും വിവേകിന്റെ അഡ്രസ്സും കിട്ടുന്നത്.

അന്ന് മുതൽ അവൾ വിവേകിന്റെ പുറകിലാണ്. വിവേകിന്റെ വീട്ടിലെ അവസ്ഥ അത്ര മികച്ചതല്ല എന്നെനിക്കറിയാം. വിവേകിന്റെ ഏത് ഡിമാൻഡും ഞാൻ അംഗീകരിക്കാൻ തയാറാണ്.”

“നല്ല പോലെ ആരോഗ്യം സൂക്ഷിച്ചാൽ ഒരു 20 -25 വർഷമാണ് ഡോക്ടർമാർ അന്ന് വാഗ്ദാനം ചെയ്തത്. എൻ്റെ ജീവനെപറ്റി ആശങ്കയുണ്ട്. സഹോദരൻമാരുടെ പ്രവൃത്തികളെന്നെ ഭയപ്പെടുന്നു.ഞാൻ മരണത്തെ ഭയപ്പെടുന്നു.”

” എന്റെ എല്ലാ സ്വത്തും എന്റെ മരണശേഷം നാലായി ഭാഗിക്കപ്പെടും. വിവേകിനും കൊച്ചനിയൻ ചേട്ടനും ഓരോ ഷെയർ .അച്ഛന്റെ പേരിലുള്ള ട്രസ്റ്റിന് രണ്ടു ഷെയർ .പക്ഷെ അതുവരെ വിവേക് എന്റെ കൂടെ നിൽക്കണം.”

അവന്റെ ഡിമാന്റുകൾ അംഗീകരിക്കപ്പെട്ടു. അവൻ പുതിയ ജോലിയിൽ പ്രവേശിച്ചു. ആദ്യത്തെ അപരിചിതത്വം ഒക്കെ പെട്ടെന്ന് മാറി. പുതിയ ആൾക്കാർ, പുതിയ അതിഥികൾ ,പുതിയ സൗഹൃദങ്ങൾ. ഇടയ്ക്കിടയ്ക്ക് റിസോർട്ട് സന്ദർശിച്ചു മടങ്ങുന്ന നന്ദിത മാഡം.

ഒരു മാസത്തെ കാലാവധി കഴിഞ്ഞപ്പോൾ വീട്ടിൽ പോകണമെന്ന് തോന്നി.മാഡത്തെ വിളിച്ചു പറഞ്ഞിട്ട് പോകാമെന്നു കരുതി.പക്ഷെ അവർ ഫോൺ എടുത്തില്ല.

നേരത്തെ പറഞ്ഞിരുന്നതായിരുന്നു മാസത്തിലെ മൂന്ന് ദിവസത്തെ അവധി.എന്നാലും പറഞ്ഞിട്ട് പോകുന്നതാണെന്നു മര്യാദയെന്നു കരുതി വിളിച്ചതാണ്.

കൊച്ചനിയന് ചേട്ടനെ വിളിച്ചപ്പോഴാണ് മാഡം ഹോസ്പിറ്റലിൽ ആണെന്നറിഞ്ഞത്. പെട്ടെന്നൊരു വിഷമം തോന്നി. നേരെ മാഡത്തെ കാണാൻ പോയി. തന്റെ ആരുമല്ലെങ്കിലും അവർ ജീവിച്ചിരിക്കുന്നത് തന്റെ ഒരു അവയവം കൊണ്ടാണ്.

താനവരുടെ ദാതാവ് ആണ്.കേവലം ആ ബന്ധമല്ല .തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ബന്ധം.അതിലുപരി ആണിന് പെണ്ണിനോടുള്ള ബന്ധം.ഉള്ളിൻ്റെയുള്ളിൽ ആരുമറിയാത്തൊരിഷ്ടം.

“വിവേക് വന്നത് നന്നായി.”

കൊച്ചനിയന് ചേട്ടൻ അവനെ മാറ്റി നിർത്തി.

” ഞാനില്ലായിരുന്നു സ്ഥലത്ത് .നന്ദിത സഞ്ചരിച്ച കാർ മുന്നിലെ ലോറിയുമായി കൂട്ടിയിടിച്ചതാ.

അവളിരുന്ന വശം തകർന്നു പോയി,കാറു തല്ലി പൊളിക്കേണ്ടി വന്നു അവളെ പുറത്തെടുക്കാൻ. അവരുടെ ഹോസ്പിറ്റൽ അല്ലെ .പക്ഷെ ആ നേഴ്സ് കൊച്ചൊരു സംശയം പറഞ്ഞു.മനഃപൂർവം ഉണ്ടാക്കിയ അപകടമാണോയെന്ന് .

കുഞ്ഞിനെ ഒന്ന് കയറി കണ്ടിരുന്നെങ്കിൽ.എന്താ സംഭവിച്ചത് എന്നെങ്കിലും അറിയാമായിരുന്നു. വിവേക് എന്തെങ്കിലും കാരണം പറഞ്ഞു ഒന്ന് കയറു.അവൾക്കു വേറെ ആരുമില്ല.നമ്മൾ രണ്ടു പേരെയുള്ളൂ സഹായിക്കാനായിട്ടു .”

വിവേക് ഒരു ചെക്ക് ബുക്കുമായി ഉള്ളിൽ കയറാൻ ശ്രമിച്ചു .പക്ഷെ കടത്തി വിട്ടില്ല.

“സന്ധ്യയാകട്ടെ ,നമുക്ക് ആ നഴ്സിന്റെ സഹായം ചോദിക്കാം. എനിക്കുറപ്പാ അവൾ സഹായിക്കും. നന്ദിത കുഞ്ഞിന്റെ അവസ്ഥയെന്താകും എന്നറിയാത്തതു കൊണ്ട് ആകെ വിഷമം.”

സന്ധ്യ മയങ്ങിയപ്പോൾ എല്ലാവരും പിരിഞ്ഞു. ഡ്യൂട്ടി നേഴ്സ്മാരുടെ സഹായത്തോടെ വിവേക് ഐ സി യു വിൽ കയറി. നന്ദിതയോടു സംസാരിച്ചു.

അവളെ അവിടെ നിന്ന് രക്ഷപെടുത്താൻ ഒരു പ്ലാനുണ്ടാക്കി. അപകടത്തിൽ സംശയം അവൾക്കും തോന്നിയത് കൊണ്ട് അവളവൻ പറഞ്ഞത് അനുസരിക്കാമെന്നേറ്റു.

അവിടെ നിന്നിറങ്ങിയ വിവേക് കൊച്ചനിയന് ചേട്ടനോടൊപ്പം റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വർണക്കടയിൽ ചെന്നു.അയാൾ കട പൂട്ടാനുള്ള തയാറെടുപ്പായിരുന്നു.പണികൂടുതൽ കാരണം അന്നയാൾ പതിവിലും വൈകിയതാണ്.

അയാളുടെ കയ്യിൽ നിന്നും ഒരു സ്വർണ താലി വാങ്ങി ,വിവേകിന്റെ കഴുത്തിൽ കിടന്ന മലയിൽ കോർത്ത് നഴ്സിനെ ഏല്പിച്ചു.അവരതു നന്ദനയുടെ കഴുത്തിൽ അണിയിച്ചു.

പിന്നെ അവർ നേരെ ഓൺലൈൻ ചാനലിന്റെ ഓഫീസിൽ പോയി.രാവിലെ തന്നെ അവിടെയുള്ള സുഹൃത്തിന്റെ സഹായത്തോടെ കുറെ ചാനലുകാരെ കൂട്ടി ആശുപത്രിയിൽ എത്തി .

സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പോയി “ഭാര്യയെ കാണ്മാനില്ല “എന്നൊരു പരാതിയും കൊടുത്തു.ചാനലിൽ ന്യൂസ് വന്നതോടെ എല്ലാരുടെയും ശ്രദ്ധ നന്ദനയുടെ മൊഴിയിലായി.

വിവേകിന്റെ ഭാര്യയാണെന്നും,ചേട്ടന്മാരെ പേടിച്ചു ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായെന്നും,തന്റെയും ഭർത്താവിന്റെയും ജീവന് സംരക്ഷണം തരണമെന്നും അവൾ പോലീസിൽ മൊഴി കൊടുത്തു.

നന്ദിതയെ വേറൊരു ആശുപത്രിയിൽ മാറ്റുകയും ചികിത്സ കഴിഞ്ഞു ആരോഗ്യവതിയായി പുറത്തിറങ്ങുകയും ചെയ്തു.

നല്ലൊരു മാനേജരായി വിവേക് റിസോർട്ട് നോക്കി നടത്തി. നന്ദിത മുറിയിൽ വച്ച് മാല ഊരി അവനു തിരികെ നൽകി.പെട്ടെന്ന് അവനൊരു നിരാശ ഉണ്ടായെങ്കിലും അവളുടെ മുന്നിൽ തന്റെ അഭിമാനം വൃണപ്പെടാതിരിക്കാൻ പുഞ്ചിരിച്ചു നിന്നു.

“കൊച്ചനിയൻ ചേട്ടാ നാളെ തന്നെ ഒരു നല്ല മുഹൂർത്തം നോക്ക്.എനിക്ക് ഈ താലി വിവേകിന്റെ കൈ കൊണ്ട് എന്റെ കഴുത്തിലണിയണം.

വൃക്കകൾ പങ്കിടുന്ന പോലെ ഇനിമുതൽ ഹൃദയവും പങ്കിടണം.എത്ര നാൾ ഉണ്ടാകുമെന്നറിയില്ല.വിവേകിന്റെ ഭാര്യയായി ജീവിച്ചു മരിക്കണമെന്നൊരു ആഗ്രഹം.”

വിവേകിനോട് തിരിഞ്ഞു പറഞ്ഞു .

“ഇപ്പോൾ തോന്നിയതല്ല കേട്ടോ ,ആദ്യം കണ്ട നിമിഷം തോന്നിയതാ.വിവേകിനും എന്നെ ഇഷ്ടമല്ലേ ” അവനവളുടെ കൈവിരലുകൾ കൈപ്പത്തിക്കുള്ളിലാക്കി കണ്ണടച്ച് ഇരുന്നു.മൗനം സമ്മതമാണെന്ന മട്ടിൽ.

Leave a Reply

Your email address will not be published.