വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടാണ് മനു ഞെട്ടി ഉണർന്നത്, സ്വാതി ഒരു ഗ്ലാസ് പാലുമായി മുന്നിൽ നില്കുന്നു..

വെറുപ്പ്
(രചന: നിഷ പിള്ള)

ഇന്ന് അവരുടെ കല്യാണം ആയിരുന്നു.ആളും തിരക്കുമൊക്കെ ഒന്ന് ഒഴിഞ്ഞതേയുള്ളു.

മുറിയിൽ കയറി ഒന്ന് കുളിച്ചു ഫ്രഷ് ആയി മനു സ്വാതിയെ കാത്തിരുന്നു. അവൾ അമ്മയുടെ കൂടെ അടുക്കളയിൽ ആണ്. അങ്ങോട്ട് പോയി നോക്കാൻ ഒരു ചമ്മൽ.

എട്ടാം ക്ലാസ്സു മുതൽ ഡിഗ്രി വരെ ഒരേ ക്ലാസ്സിൽ പഠിച്ചതാണ്.സ്വന്തം നാട്ടിൽ നിന്ന് കല്യാണം മതിയെന്ന് പണ്ടേ തീരുമാനിച്ചതാണ്. സമപ്രായക്കാർ ഒക്കെ കെട്ടി പോയി . അവസാനം സ്വാതി മാത്രം ബാക്കിയായി.

അവളെക്കാൾ പത്തു ദിവസത്തെ മൂപ്പേയുള്ളൂ തനിക്കു. അവൾ ക്ലാസ്സിലെ പഠിപ്പിസ്സ്റ്റ് ആയിരുന്നു. ആരോടും മിണ്ടാത്ത ബുദ്ധി ജീവി. അതുകൊണ്ടു വല്യ താല്പര്യമൊന്നുമുണ്ടായില്ല. പക്ഷെ അമ്മക്ക് അവളെ ജീവനാണ്. അവൾക്ക് അമ്മയേയും.

“പിന്നെ നിന്നെ കെട്ടാൻ ഇപ്പോൾ ഐശ്വര്യ റായ് വരും കാത്തിരുന്നോ??”

“അതല്ല അമ്മെ ഞങ്ങൾ ഒന്നിച്ചു പഠിച്ചതല്ലേ .ഒരേ പ്രായം.”

“അതിനെന്താ ,സച്ചിൻ ടെണ്ടുൽക്കർ അയാളെക്കാൾ പ്രായമുള്ള ഒരു പെണ്ണിനെയല്ലേ കെട്ടിയത്.

എന്നിട്ട് അവരന്തസ്സായി ജീവിക്കുന്നില്ലേ. നിന്റെ എല്ലാം കുരുത്തക്കേടുകളും അവൾക്കു അറിയാമായിരിക്കും.അതിന്റെ ടെൻഷനാണല്ലേ .”

അമ്മ പൊതുവിജ്ഞാനം വിളമ്പിയപ്പോൾ അവൻ തലകുനിച്ചു ഇരുന്നു

“നീയൊക്കെ പിള്ളകളിച്ചു നടന്നപ്പോൾ അവൾ നല്ല പോലെ പഠിച്ചു.ഗവണ്മെന്റ് ജോലിയും നേടി. ഒന്നുമില്ലേലും അവസാന കാലത്തു നിനക്ക് അവളുടെ പെൻഷൻ കൊണ്ടെങ്കിലും കഞ്ഞി കുടിച്ചു പോകാമല്ലോ .

എനിക്ക് എന്താവശ്യത്തിനും അവരുടെ വീട്ടുകാരാ സഹായത്തിന് ഓടി വരുന്നത്.നന്ദി വേണമെടാ നന്ദി. ആ കൊച്ചിന് നിന്നെ ജീവനാണ് ”

“അവക്കെന്താടാ ഒരു കുഴപ്പം .കാണാനും സുന്ദരി. നിന്നെയൊക്കെ ഉണ്ടല്ലോ……എന്നെ പറഞ്ഞാൽ മതി .കൊഞ്ചിച്ചു വഷളാക്കി കളഞ്ഞു.

അച്ഛനില്ലാത്ത കുട്ടിയാണെന്ന് കരുതി എല്ലാത്തിനും സ്വാതന്ത്ര്യം തന്നു.ഞാൻ ഒന്നും മറന്നിട്ടില്ല. നാലഞ്ചു വർഷമേ ആയുള്ളൂ.കണ്ണീരു കുടിക്കാതെ കിടന്നുറങ്ങാൻ പറ്റിയിട്ടു.നീ ഗൾഫിൽ പോയതിന് ശേഷം.

പ്ലസ് ടു ,ഡിഗ്രി ക്ലാസ്സുകളിൽ ഞാൻ സ്ഥിരം പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലായിരുന്നല്ലോ. എന്റെ ഒരു ഗതികേട്. അവസാന കാലത്തെങ്കിലും ഒന്ന് സന്തോഷിക്കാൻ സമ്മതിക്കരുത്.”

അമ്മ സാരി കൊണ്ട് കണ്ണ് തുടച്ചു.പുറത്തേക്കു മൂക്ക് ചീറ്റി .

“എനിക്ക് സമ്മതമാണ്.അമ്മ തീയതി കുറിച്ചോളു . എനിക്ക് ലീവ് രണ്ടു മാസം കഷ്ടിയാണ്. ”

പെണ്ണുകാണലും കല്യാണം ഉറപ്പിക്കലും ഒക്കെ ഒരാഴ്ച കൊണ്ട് കഴിഞ്ഞു. അവളുടെ മുന്നിൽ നിൽക്കുമ്പോൾ തന്നെ ഒരു പരിഭ്രമം ആണ്. കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ .

വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടാണ് മനു ഞെട്ടി ഉണർന്നത്.സ്വാതി ഒരു ഗ്ലാസ് പാലുമായി മുന്നിൽ നില്കുന്നു.

പാല് വാങ്ങിയപ്പോൾ അവൾ തിരിഞ്ഞു നിന്ന് വാതിൽ കുറ്റിയിട്ടു. അവന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു. അവൻ പകുതി പാല് കുടിച്ചു,ബാക്കി അവൾക്കു നീട്ടി. അവളതു കുടിക്കാതെ മേശയുടെ മുകളിൽ വച്ചു.

എന്തോ ആലോചിച്ചു പെട്ടെന്നവൾ എഴുന്നേറ്റു വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞു മാറ്റാൻ തുടങ്ങി . ഇത് കണ്ടു ഞാനാകെ പരിഭ്രമിച്ചു . ഇവളിതു എന്തിനുള്ള പുറപ്പാടാണ്. എന്റെ ദൈവം തമ്പുരാനെ…

പെട്ടെന്ന് കട്ടിലിൽ കിടന്ന ഒരു ഒരു ഷീറ്റ് എടുത്തു അവളുടെ തോളിൽ ഇട്ടു.അവൾ കുതറി മാറി . ഞാനവളെ ബലമായി പുതപ്പിനുള്ളിൽ ആക്കി.

“എവിടെ നിന്റെ മൊബൈൽ ,എടുക്കു വീഡിയോ , എന്നിട്ടു എല്ലാവർക്കും അയച്ചു കൊടുക്ക്. അതല്ലേ നിന്റെ ഹോബി . എനിക്ക് നിന്നെ വെറുപ്പാണ് വെറുപ്പ്.”

അവൾ വിളിച്ചു കൂവി .അവൻ ഇടിവെട്ടേറ്റതു പോലെ നിന്നു പോയി.

“എന്റെ സ്വാതി ,നിനക്ക് ഇതെന്തിന്റെ കുഴപ്പമാണ്. നീ ഇപ്പോൾ എന്റെ ഭാര്യയല്ലേ , ഞാനെന്തിനാ നിന്റെ വീഡിയോ എടുക്കുന്നത് . അയ്യോ അമ്മ ഉണർന്നു എന്ന് തോന്നുന്നു ”

തലയിൽ കൈ വച്ച് നിലത്തിരുന്നു പോയി.

“നിനക്കെന്നെ അറിയില്ലേ സ്വാതി ”

“എനിക്ക് നിന്നെ നല്ല പോലെ അറിയും. നിനക്കല്ലേ എന്നെ അറിയാത്തതു.

പത്താം ക്ലാസ്സിൽ വച്ച് ടൂറിനു പോയപ്പോൾ നീയല്ലേ മീനുവിന്റെ ഡ്രെസ്സിൻ്റെ പുറകിൽ ചുവന്ന മഷി കോരിയൊഴിച്ചതു. അന്ന് ആ കുട്ടി അനുഭവിച്ച നാണക്കേട്. അനുവിന്റെ പുറകെ നടന്നു ലവ് ലെറ്റർ കൊടുത്തത്. അശ്‌ ളീല വീഡിയോ ക്ലാസ്സിൽ ഇരുന്നു കണ്ടത്.

എന്നെ കാണുമ്പോൾ നിനക്ക് ഭയങ്കര പുച്ഛം ആയിരുന്നല്ലോ,ലക്ഷ്മി ടീച്ചറിന്റെ ന ഗ്ന ചിത്രം ബോർഡിൽ വരച്ചപ്പോൾ ,ഞാൻ നിന്റെ പേര് പ്രിൻസിപ്പലിനോട് പറഞ്ഞപ്പോൾ നീ പകരം വീട്ടിയത് എങ്ങനെയാണു?? .എന്റെ വീടിന്റെ പുറത്തെ ബാത്‌റൂമിൽ നീ ക്യാമറ വച്ചില്ലേ.

ഞാൻ കുളിക്കുന്ന വീഡിയോ എല്ലാരേയും കാണിച്ചില്ലേ.അന്നേ ഞാൻ കരുതിയതാ , നിന്നോട് പകരം വീട്ടുമെന്ന്. അതിനാ ഞാൻ ഇത്രനാളും കാത്തിരുന്നത്.”

“എന്റെ മുടിപ്പുര മുത്തപ്പാ ,എന്റെ പൊന്നു മോളെ ,നീ ഇതൊക്കെ മനസ്സിൽ ഇട്ടോണ്ട് നടക്കുവാണോ . അതൊക്കെ പഴയ കാര്യമല്ലേ. അമ്മ ശബ്ദം കേട്ട് ഓടി വരുമല്ലോ .ഒന്ന് പതുക്കെ .”

“പഴയ കാര്യമോ.അമ്മ വരില്ല.ഞാൻ നിന്നെ കൊന്നാലും അമ്മ ഓടി വരില്ല .” അവൾ മേശപ്പുറത്തു വച്ചിരുന്ന ടോർച്ചെടുത്തു അവന്റെ തലക്കൊരു അടി കൊടുത്തു.

“എന്താ പഴയതു.ഒരു പെണ്ണിന്റെ മാനം ഷൂട്ട് ചെയ്തു ,കൂട്ടുകാരോടൊപ്പമിരുന്നു കണ്ടു രസിച്ചതോ.”

അവളുടെ കൈ രണ്ടും അവൻ കൂട്ടി പിടിച്ചു .ഇനിയൊരു ആക്രമണം ഉണ്ടാകാതെ മുൻകരുതൽ എടുത്തു.

അവൾ കൂകാൻ തുടങ്ങി .അവനവളെ വട്ടം പിടിച്ചു വാ പൊത്തി.അവളവന്റെ കൈ കടിച്ചു മുറിച്ചു.ദേഷ്യത്തോടെ അവൻ കൈ കുടഞ്ഞു .”ദുഷ്‌ട ”

“എന്റെ സ്വാതി ,ഈ പറഞ്ഞതൊക്കെ തെറ്റുധാരണയാണ്. ഞാൻ ക്ലാസ്സിൽ ആളാകാൻ വേണ്ടി കുറെ നുണകൾ ഒക്കെ പറഞ്ഞിട്ടുണ്ട്. പഠിച്ചു ആളാകാനുള്ള കഴിവൊന്നുമില്ലായിരുന്നു. ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി. അത് സത്യമാണ്.

എന്റെ അമ്മയുടെ കണ്ണുനീര് വീഴാത്ത ഒറ്റ ദിവസം പോലും അന്നുണ്ടായില്ല. പലരും ചെയ്ത കുറ്റങ്ങൾ ആളാകാൻ വേണ്ടി ഞാൻ ഏറ്റെടുത്തതാ.ഇന്ന് അതൊക്കെ ഓർക്കുമ്പോൾ കുറ്റബോധം തോന്നുന്നു.

ലക്ഷ്മി ടീച്ചറിന്റെ ചിത്രം വരച്ചത് രാജു ആയിരുന്നു. പിന്നെ അശ്‌ ളീല വീഡിയോ കാണുവാൻ എനിക്ക് സ്വന്തമായി മൊബൈൽ ഒന്നുമുണ്ടായില്ല.അമ്മ വളരെ പാടുപെട്ടല്ലേ എന്നെ വളർത്തിയത്.

നിന്നോടുള്ള ദേഷ്യത്തിന് വെറുതെ പറഞ്ഞതാണ് നിന്റെ വീഡിയോയുടെ കാര്യം. അന്നൊക്കെ ആളാകാൻ വേണ്ടി പറഞ്ഞു കൂട്ടിയ ഓരോ കോപ്രായങ്ങൾ .നീയെന്നോട് ക്ഷമിക്കു. ഒരു കൗമാരക്കാരൻ്റെ അറിവില്ലായ്മ ആയി കാണൂ.”

“ഞാൻ പണ്ട് മുതൽ നിന്റെ പുറകെയായിരുന്നു . ക്ലാസ്സിൽ എന്നെ ഒഴിച്ച് എല്ലാരോടും നീ സംസാരിക്കും.എന്നോട് മാത്രം പുറന്തിരിഞ്ഞിരിക്കും.

അന്നേ ഞാൻ വിചാരിച്ചതാണ് നിന്നെ മാത്രേ കല്യാണം കഴിക്കു എന്ന്. നിന്നോടുള്ള വാശിക്ക് ആണ് പഠിച്ചതും ജോലി മേടിച്ചതും.

ദേഷ്യമായാലും ഇഷ്ടമായാലും ഇങ്ങോട്ടു തരുന്നതിനേക്കാൾ പതിന്മടങ്ങു തിരിച്ചു തരുന്നത് എന്റെ പ്രകൃതം . പക്ഷെ നിന്റെ കാര്യത്തിൽ വെറുപ്പ് അങ്ങ് സ്നേഹമായി മാറി.”

“അത് പിന്നെ നീ ക്ലാസ്സിലെ പഠിപ്പിസ്റ് അല്ലാരുന്നോ. നീ നേർക്ക് നേർ വരുമ്പോൾ ഞാൻ മെല്ലെ മുങ്ങുമായിരുന്നു.

നിന്റെ നോട്ടം കാണുമ്പോൾ എനിക്ക് മൂത്ര ശങ്ക തോന്നുമായിരുന്നു. അത്ര പേടിയായിരുന്നു എനിക്ക് നിന്നെ.നീ പണ്ടേ എന്റെ അമ്മയുടെ ഓമനപുത്രിയല്ലേ.”

അവൾ അവന്റെ തലയിൽ നിന്നും പൊടിഞ്ഞ രക്തം തുടച്ചു മാറ്റി. ദേഷ്യത്തോടെയിരിക്കുന്ന അവന്റെ കവിളിൽ ചുണ്ടമർത്തി.

അവൻ അവളുടെ നേരെ നോക്കി. മേശപ്പുറത്തിരുന്ന അവന്റെ മൊബൈൽ കയ്യിലെടുത്തു.

“എനിക്കിതു നോക്കാമോ.നിന്നെ എനിക്കിനി വിശ്വസിക്കാമോ ?”

“നിനക്ക് എന്നെ നൂറു ശതമാനം വിശ്വസിക്കാം .”

“ഇപ്പോഴാണ് നീ എന്റെ മാത്രം മനുവായതു. ഞാൻ അമ്മയെ വിളിക്കട്ടെ. ഇവിടത്തെ വഴക്കു കേട്ട് ഉറങ്ങി കാണില്ല.”

അവൾ വാതിൽ തുറന്നു അമ്മയെ വിളിച്ചു.അമ്മ വാതിലിൽ ചാരി നിന്ന് അവരെ സ്നേഹത്തോടെ നോക്കി.

“മനു നിന്റെ പിള്ളകളിയൊക്കെ നിർത്തിക്കോ. സ്വാതി എന്നോട് പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. എന്നാലും നീ അവന്റെ തല പൊട്ടിക്കണ്ടായിരുന്നു .”

“അമ്മെ സോറി,ഇവൻ തടയുമെന്നു കരുതി .പക്ഷെ…,ടൈമിംഗ് ശരിയായില്ല.”

” സ്വന്തം മകൻ്റെ മണ്ട അടിച്ച് പിളർന്നാലും ചിരിക്കുന്ന ഒരമ്മ ”

“സമയം കുറെയായി .രണ്ടാളും വാതിലടച്ചു കിടന്നോളു.” വാതിൽ അടച്ചു തിരിഞ്ഞ സ്വാതി കാണുന്നത് ടോർച്ചും മൊബൈൽ ചാർജറും ഒക്കെ എടുത്തു മാറ്റുന്ന മനുവിനെയാണ്.

“ഇനി രാത്രിയിൽ നിനക്ക് പഴയ കാര്യങ്ങൾ എങ്ങാനും ഓർമ്മ വന്നാലോ. സൂക്ഷിച്ചാൽ ദുഖിക്കണ്ടല്ലോ ”

അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അയാൾ അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക് ദൈവത്തോട് മാപ്പിരക്കുകയായിരുന്നു. ഇതൊന്നും അറിയാതെ അവളവന്റെ കരവലയത്തിൽ സുരക്ഷിതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *