വിവാഹം, ഇപ്പോഴും അതിന് എനിക്ക് അർഹതയില്ലാത്തതു കൊണ്ടാ ഞാൻ മറുപടി..

(രചന: നിഹാരിക നീനു)

എന്നോ ഉള്ളിൽ പ്രണയം വിതച്ചിട്ട ഒരാളായിരുന്നു അത്…. പക്ഷേ പറയാൻ പേടിയായിരുന്നു..

അന്തരങ്ങൾ ഏറെയായിരുന്നു..
ജാ തി യിൽ താഴെ… പ്രായത്തിനും വളരെ താഴെ.. ഭംഗിയും കുറവ്.. പോരാത്തതിന് എന്റെ അമ്മ അവിടുത്തെ ജോലിക്കാരിയും…

അങ്ങനെ… അങ്ങനെ… ഒത്തിരി ഏറെ കടമ്പകൾ .. പക്ഷേ ഒന്നു സത്യമായിരുന്നു അയാളെ ഞാൻ പ്രാണനു തുല്യം സ്നേഹിച്ചിരുന്നു…

മഹീന്ദ്രൻ അതായിരുന്നു അയാളുടെ പേര്… പേര് കേട്ട തറവാട്ടിലെ സന്തതി..

മായ, മഞ്ജു എന്നീ രണ്ട് ചേച്ചിമാരുടെ ഒറ്റ അനിയൻ..

മായ ചേച്ചി കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു… അമ്മ പറഞ്ഞ്,
അവിടെ ട്യൂഷൻ പഠിക്കാൻ ചെന്നതായിരുന്നു..

നിദ്രയും”””””

അങ്ങനെയാണ് ഈ ഒരാളെ കാണുന്നത്.. രണ്ടു പെൺകുട്ടികൾക്ക് ശേഷം ഉള്ള അനിയൻ ആയതുകൊണ്ട് ആവും അവിടെ എല്ലാവർക്കും മഹിയെ.. അല്ല മഹിയേട്ടനെ ഭയങ്കര കാര്യമായിരുന്നു…

എപ്പോഴാണ് ശ്രദ്ധിച്ചുതുടങ്ങിയത് എന്നറിയില്ല പക്ഷേ മഹിയേട്ടൻ മനസ്സിൽ കേറിയിരുന്നു..

ട്യൂഷന് വരുന്ന പ്ലസ് വൺ പ്ലസ് ടു കുട്ടികൾ മുഴുവൻ മഹിയേട്ടന്റെ ആരാധികമാർ ആയിരുന്നു ….

പലരും നല്ല ഭംഗിയാണ് കുട്ടികളും ആയിരുന്നു… അതുകൊണ്ടുതന്നെയാണ് ഉള്ളിലെ സ്നേഹം അതുപോലെ മറച്ചുവച്ചത്…

മായ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് പോയപ്പോൾ, മഞ്ജു ചേച്ചി പഠിക്കാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് മാറിയപ്പോൾ,

മഹി ഏട്ടന് ട്യൂഷൻ ക്ലാസിന്റെ ചുമതല ഏൽക്കേണ്ടിവന്നു അത്രയ്ക്കധികം കുട്ടികൾ അവിടെ പഠിച്ചിരുന്നു..

പിന്നെ ഒന്നും പറയണ്ട എല്ലാം ശൃംഗാരി മൂരികളുടെയും കണ്ണ് മഹിയേട്ടന്റെ മുഖത്ത് ആയിരുന്നു… മഹിയേട്ടന്റെ ശ്രദ്ധയാകർഷിക്കാൻ പലതും ചെയ്തു നോക്കി…

പക്ഷേ മഹിയേട്ടൻ ഒന്ന് നോക്കുന്നത് പോലും ഉണ്ടായിരുന്നില്ല… അല്ലെങ്കിൽ തന്നെ ഈ കാണാൻ ഒരു ഭംഗിയുമില്ലത്ത എന്നെ എന്തിനാണ് മഹിയേട്ടൻ നോക്കുന്നത്???

എന്തോ വല്ലാത്ത സങ്കടം ആയിരുന്നു അവിടെ ചെല്ലുമ്പോൾ ഒക്കെയും… പലപ്പോഴും ആ ഒരാൾ എന്നെ മാത്രം അവഗണിക്കുന്നുണ്ടോ എന്ന് പോലും തോന്നിപ്പോയി…

പ്ലസ് ടു പകുതി എത്തിയപ്പോഴാണ് മഹി ഏട്ടന് ജോലികിട്ടി പോകുന്നത്… പട്ടാളത്തിൽ…

ചെറുപ്പം മുതലേ മഹിയേട്ടന്റെ ആഗ്രഹമായിരുന്നത്രെ അച്ഛനെ പോലെ ഒരു വലിയ പട്ടാളക്കാരൻ ആവുക എന്നത്…

ഏറെനാളായി അതിനുള്ള ശ്രമത്തിലായിരുന്നു പോലും…

അവസാന ക്ലാസ്സിൽ ജോലി കിട്ടി പോവുകയാണ് ട്യൂഷൻ ഇനി മുതൽ പ്രിയ എടുക്കും എന്ന് പറഞ്ഞ് പ്രിയ ചേച്ചിയെ ഞങ്ങളുടെ കൺമുന്നിൽ കൊണ്ടുവന്നു നിർത്തി മഹിയുടെ അച്ഛൻ പെങ്ങളുടെ മകൾ…

മറ്റൊരു രീതിയിൽ പറഞ്ഞാൽ മുറപ്പെണ്ണ്…. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി അറിഞ്ഞിരുന്നു പ്രിയയുമായി മഹിയേട്ടന്റെ കല്യാണം എന്നോ തീരുമാനിച്ചിരുന്നു എന്ന്…

“”””കിട്ടാത്ത കൊമ്പത്തു എത്തിപ്പിടിക്കാൻ നോക്കിയാൽ ഇതാവും നിദ്രാ”” ഗതി എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു…

എന്റെ പ്രണയവും ഇഷ്ടവും ആരുമറിയാതെ ഉള്ളിലൊതുക്കി…
ഉറക്കം വരാത്ത രാത്രികളിൽ മിഴിനീരാൽ കുതിർന്ന തലയിണ മാത്രം എന്റെ പരിഭവങ്ങൾ കേട്ടു

ദിവസങ്ങൾ കടന്നു പോയി… ഞാൻ പ്ലസ്ടുവിന് എത്തിയതും അമ്മയ്ക്ക് പതിവായി അസുഖങ്ങൾ കണ്ടുതുടങ്ങി…

ആദ്യമൊക്കെ വിട്ടുമാറാത്ത പനി ആയിരുന്നു…. അതിനുള്ള മരുന്ന് വാങ്ങി കഴിക്കും അമ്മ..

പിന്നീട് അതൊരു മഹാ രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു…

ഏറെ താമസിയാതെ അമ്മയും എന്നെ വിട്ടുപോയി. അമ്മയുടെ വീട്ടു ജോലി ഏറ്റെടുത്തു മഹി ഏട്ടന്റെ വീട്ടിൽ…

മായ ചേച്ചിയുടേയും മഞ്ജു ചേച്ചിയുടെയും വിവാഹം അപ്പോഴേക്കും കഴിഞ്ഞു പോയിരുന്നു….

അവിടത്തെ അമ്മയ്ക്ക് കൂട്ടിന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് ആ അമ്മയും… ആ അമ്മ പറഞ്ഞിട്ടാണ് താമസം കൂടി അങ്ങോട്ടേക്ക് മാറ്റിയത്…

ഇതിനിടയിൽ രണ്ട് തവണ മഹിയെട്ടൻ ലീവിന് വന്നു… പക്ഷേ പ്രിയ ചേച്ചിയുടെ പഠനം കഴിയാത്തതിനാൽ വിവാഹം നീണ്ടുപോയി…

ഇത്തവണ ലീവിന് വന്നു പോകുമ്പോൾ മഹി ഏട്ടൻ പറഞ്ഞിരുന്നു സിയാച്ചിനിലേക്ക് ആണ് പോസ്റ്റിംഗ് എന്ന്…

അവിടെ മഞ്ഞിടിച്ചിലുണ്ടായി എന്നും കുറേ സൈനികർ മഞ്ഞിനടിയിൽ ആണ് എന്നും വാർത്തയിൽ അറിയാൻ കഴിഞ്ഞു…

എല്ലാവരും പരിഭ്രാന്തരായി… എന്തു വേണം എന്നറിയാത്ത അവസ്ഥ..
മനസ്സുരുകി എല്ലാവരും പ്രാർത്ഥിച്ചു….
സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ഇപ്പോഴും ഉള്ളിൽ അതുപോലെ കൊണ്ട് നടക്കുന്ന എന്റെ പ്രണയത്തിനു വേണ്ടി ഞാനും…

ഒടുവിൽ അദ്ദേഹത്തെ തിരിച്ചു കിട്ടി..
പക്ഷേ അദ്ദേഹത്തിന്റെ ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട് അത് മുറിച്ചു കളയേണ്ടി വന്നിരുന്നു….

ആകെ തകർന്നിട്ടാണ് ഇത്തവണ മഹിയേട്ടൻ നാട്ടിലെത്തിയത്….

പ്രിയ ചേച്ചിയുടെ വീട്ടുകാർ മെല്ലെ വിവാഹത്തിൽ നിന്നും പിന്മാറി…

അത്രയും നാൾ ഏട്ടന്റെ പുറകെ നടന്ന പ്രിയചേച്ചിയുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി…

അങ്ങോട്ട് വരാതായി ചേച്ചി….

ഒരാളുടെ വീഴ്ചയിൽ നഷ്ടത്തിൽ പോയി പോകുന്നതാണോ പ്രണയം????

പക്ഷേ പ്രിയ ചേച്ചിയുടെ ഈ അവഗണന, മഹി ഏട്ടനും അതുതന്നെയാണ് ആശ്വാസം…എന്ന് തോന്നി.. ഉള്ളിൽ നീറുന്നെങ്കിൽ പോലും…. ആ മനസ്സ് അത്രമേൽ തകർന്നു പോയിരുന്നു..

ഇനിയൊരു ജീവിതം ഇല്ലെന്ന് തന്നെ സ്വയം പഴിച്ചുകൊണ്ടിരിക്കുന്ന മഹിയെട്ടനെ കാണെ ഏറെ വിഷമം തോന്നി….

അവിടുത്തെ അമ്മയും ആകെ തളർന്നിരുന്നു..

രണ്ടുപേരെയും ഞാൻ നന്നായി നോക്കി… മഹിയുടെ കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു എന്റെ ഉള്ളിൽ..

ആ മനസ്സിലെ തളർച്ച പതിയെ മാറ്റിയെടുക്കാൻ എനിക്ക് കഴിഞ്ഞു…

കൃത്രിമ കാലു വെച്ച് ഒരു വിധം നടക്കാം എന്നായിരുന്നു….. അതും മഹിയേട്ടന്റെ ആത്മവിശ്വാസം കൂട്ടി… എല്ലാം അമ്മ നോക്കി കാണുന്നുണ്ടായിരുന്നു…

ഒരിക്കൽ അവിടുത്തെ അമ്മ തന്നെയാണ് എന്നോട് ചോദിച്ചത്….
എന്റെ മഹിയുടെ പെണ്ണായി നിനക്ക് വരാമോ എന്ന്????

അപ്പോഴും എന്റെ കണ്ണിൽ ഞാൻ മഹിയേട്ടനേക്കാൾ ഒത്തിരി താഴെയായിരുന്നു…

മറുപടിയൊന്നും പറയാതെ നിന്നു…
എല്ലാം കേട്ട് വന്ന മഹി ഏട്ടൻ അമ്മയെ വഴക്കുപറഞ്ഞു…

ഈ വികലാംഗനെ വിവാഹം കഴിച്ച് ആ കുട്ടിയുടെ ജീവിതം എന്തിനാ അമ്മ തുലക്കുന്നത് എന്ന്…

സഹിച്ചില്ല അത് കേട്ടപ്പോൾ….

“”””അങ്ങനെ പറയരുത് എന്ത് എന്ത് കുറവുണ്ടെങ്കിലും ഈ ഒരാൾ എന്റെ മനസ്സിൽ ഒത്തിരി ഉയരത്താ…

പ്രണയമായി പ്രാണനായി എന്നോ കൊണ്ടുനടക്കാൻ തുടങ്ങിയതാ… വിവാഹം…..ഇപ്പോഴും അതിന് എനിക്ക് അർഹതയില്ലാത്തതു കൊണ്ടാ ഞാൻ മറുപടി പറയാഞ്ഞെ”””

എന്ന് പറഞ്ഞു… അറിയാതെ വായിൽ നിന്നും വന്നതായിരുന്നു എല്ലാം….

അത്ഭുതത്തോടെ മഹിയെട്ടൻ എല്ലാം കേട്ടു നിന്നു….

“””എന്നാലും വേണ്ട ടോ… ഒരു നല്ല ജീവിതം തനിക്ക് ഇനിയും ഉണ്ട്…
അത് എന്റെ കൂടെ കൂടി നശിപ്പിക്കരുത്….””””

“”‘ ഈ ഒരാളു കൂടെ ഉണ്ടെങ്കിൽ മാത്രമേ എനിക്കൊരു ജീവിതം ഉള്ളൂ “””” എന്ന് പറഞ്ഞപ്പോഴേക്കും മിഴി പെയ്തിരുന്നു…

എന്റെ കൈ മെല്ലെ വന്നു പിടിച്ചു…

“””” ഇപ്പോഴും ഇഷ്ടമാണോ എന്നെ”””

എന്ന് ചോദിച്ചപ്പോൾ മിഴി നിറഞ്ഞ് എനിക്ക് മറുപടി ഒന്നും പറയാൻ ഇല്ലാണ്ടായി…

ദേവിയുടെ അമ്പലത്തിൽ വച്ച് ആ താലി കഴുത്തിൽ അണിയുമ്പോൾ ഞാൻ സന്തോഷ ത്തിന്റെ പാരമ്യത്തിൽ എത്തിയിരുന്നു…..

പ്രണയം സത്യമാണെങ്കിൽ അതൊരിക്കൽ തിരികെ കിട്ടുക തന്നെ ചെയ്യും…. ഒരിക്കൽ””

Leave a Reply

Your email address will not be published. Required fields are marked *