ഷോപ്പിൽ നിന്നിറങ്ങി ഞാനെന്റെ ചെരിപ്പു നോക്കുമ്പോൾ കാണുന്നില്ല, ചെരിപ്പുകൾ..

ഒരു ചിരിപ്പൂരം അഥവാ ചെരിപ്പുപുരാണം
(രചന: Neji Najla)

കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ബാബുവിനോടൊപ്പം ബൈക്കിൽ പോയതായിരുന്നു ഞാൻ.

ഡോക്ടറുടെ ക്ലിനിക്കിൽ ചെറുതല്ലാത്ത രീതിയിൽ തിരക്കുണ്ടായിരുന്നു.

ബാബു (താത്താടെ മോൻ ) ടോക്കൺ എടുത്തുവന്നു.

“മേമാ അത്യാവശ്യം തിരക്കുണ്ട്… ടൗണിൽ പോകേണ്ട ആവശ്യം ഉണ്ടെങ്കിൽ അത് കഴിഞ്ഞുവരാം. അപ്പോഴേക്കും തിരക്ക് തീർന്നോളും.”

“ഹാ പോകാം ഡാ, എനിക്ക് മണവാട്ടിയിൽ ഒന്ന് കേറണം. ഒരു ഷോൾ മാറ്റിയെടുക്കാൻ ഉണ്ട് ”

ഞങ്ങൾ മണവാട്ടി ടെക്സ്റ്റെയ്ൽസിൽ എത്തിയപ്പോൾ പെരുന്നാൾ സീസൺ ആയതുകൊണ്ട് അവിടെയും തിരക്ക്. എങ്കിലും ഞാൻ എന്റെ ആവശ്യം പെട്ടെന്ന് കഴിഞ്ഞ് പുറത്തിറങ്ങി.

കുഞ്ഞിനേയും കളിപ്പിച്ച് ബാബു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
ഷോപ്പിൽ നിന്നിറങ്ങി ഞാനെന്റെ ചെരിപ്പു നോക്കുമ്പോൾ കാണുന്നില്ല..

ചെരിപ്പുകൾ ഷോപ്പിന് പുറത്തു വച്ചായിരുന്നു ഉള്ളിലേക്ക് കയറിയിരുന്നത്. കുറേ നോക്കിയിട്ടും കാണാഞ്ഞ് എനിക്കാകെ ദേഷ്യം വന്നു.

“ബാബ്വോ..… മേമാടെ ചെരിപ്പ് കാണുന്നില്ല ഡാ..”

“അതേപോലെയുള്ള വേറെ ചെരിപ്പ് ഉണ്ടോ നോക്ക് മേമാ… ആരെങ്കിലും മാറി ഇട്ടോണ്ട് പോയിക്കാണും.. ”

ഞാൻ നോക്കിയപ്പോൾ അതുപോലുള്ള ഒരു ചെരിപ്പും അവിടെ കാണുന്നില്ല.. അപ്പോളാണ് എന്റെ ഒരു ചെരിപ്പ് ഒരു സൈഡിൽ കിടക്കുന്നത് കണ്ടത്.
മറ്റേ ചെരിപ്പെവിടെ..?

തലങ്ങും വിലങ്ങും പരന്നുകിടക്കുന്ന ചെരിപ്പുകൾക്കിടയിൽ മുഴുവൻ തിരഞ്ഞിട്ടും എന്റെ ചെരിപ്പിന്റെ ഇണയെ കിട്ടിയില്ല.

വേറൊരു പൊട്ടച്ചെരിപ്പ് ജോഡിയില്ലാതെ അവിടെ കമ്ഴ്ന്നു കിടക്കുന്നത് കണ്ട് ദേഷ്യത്തോടൊപ്പം എനിക്ക് സങ്കടവും വരാൻ തുടങ്ങി.

“ഇങ്ങനെ ബോധം ഇല്ലാത്തവരും ഉണ്ടാവോ..? ”

“എന്താണ് ചെരിപ്പ് മാറിപ്പോയോ..?”
ഞാൻ ചെരിപ്പുകൾക്കിടയിൽ പരതുന്നത് കണ്ട് ക്യാഷ്കൗണ്ടറിലെ ആൾ വിളിച്ചുചോദിച്ചു.

“അതേ മാറി അതും ഒരെണ്ണം മാത്രം മാറ്റി ഇട്ടോണ്ട് പോയിരിക്കുന്നു..ഓരോരോ മാരണങ്ങൾ മനുഷ്യനെ എടങ്ങേറാക്കാൻ..എവിട്ന്ന് വരുന്നോ എന്തോ..”

ഞാൻ പിറുപിറുത്ത് എന്റെ ദേഷ്യം അയാളെയും അറിയിച്ചു.

“സാരല്ല മേമാ നമുക്ക് വേറെ വാങ്ങാം.. ഇങ്ങോട്ട് പോര് ”

“ഇവറ്റകൾടെ മുഖത്ത് കണ്ണില്ലേ..? ബാബ്വോ കാണിച്ചു വച്ചിരിക്കുന്നത് കണ്ടോ..

ഒരെണ്ണം മാത്രം മാറ്റിക്കൊണ്ടോയിരിക്കുന്നു. ശല്യങ്ങൾ എവിടെ നോക്കിയാണ് ഇവറ്റകൾ നടക്കുന്നത്..?”

മേമാന്റെ കിട്ടിയ ചെരിപ്പ് ഇപ്പൊ ബാഗിൽ വെക്ക് ന്നിട്ട് നമുക്ക് വേറെ ഒരു ജോഡി ചെരിപ്പ് വാങ്ങാമെന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു.

“എന്തിനീ ഒരു ചെരിപ്പ്..ഒറ്റക്കാലിൽ ഇട്ട് നടക്കാനോ..? ”

(എനിക്കിപ്പോൾ സി ഐഡി മൂസയിലെ ദിലീപിനെ ഓർമ്മ വന്നു )

“ബാക്കി കിടക്കുന്ന ചെരിപ്പ് ഇത്തിരിയേലും മാച്ച് വേണ്ടേ അറിയാതെ മാറ്റി ഇട്ടോണ്ട് പോവാൻ.. ഏത് കൂതറയാണാവോ ആരുടേലും വായിൽ നോക്കി ചെരിപ്പ് മാറ്റിക്കൊണ്ട് പോയത്…യീശ്..”

ഞാൻ കട്ടക്കലിപ്പിൽ ജോഡിയില്ലാതെ കമ്ഴ്ന്ന് കിടക്കുന്ന മറ്റേ ഒറ്റച്ചെരിപ്പിനെ തട്ടി മലർത്തിയിട്ട് നീട്ടിവലിച്ചു നടക്കാനാഞ്ഞു.

പെട്ടെന്ന് ഞാനൊന്ന് തിരിഞ്ഞതും.. ആ ചെരിപ്പ് എന്നെ നോക്കി പരിചയഭാവത്തിൽ ചിരിക്കുന്ന പോലെ എനിക്ക് തോന്നി.

ഒരു നിമിഷത്തേക്ക് എന്റെ കണ്ണ് മഞ്ഞളിച്ചു. ഞാൻ ഒന്നുരണ്ട് വട്ടം കണ്ണടച്ച് തുറന്ന് വീണ്ടും ചെരിപ്പിനെ നോക്കി.
ഇത്തവണ ചെരിപ്പല്ല ചിരിച്ചത് ഞാനായിരുന്നു.

“മേമാ.. ”

അതുവരെ കട്ടക്കലിപ്പിൽ നിന്നിരുന്ന എന്റെ പരിസരം മറന്ന പൊട്ടിച്ചിരി കണ്ട് ബാബു എന്നെ വിളിച്ചു.

പക്ഷേ എനിക്കുണ്ടോ ചിരിനിർത്താൻ പറ്റുന്നു.
ഞാൻ അസാധ്യമായ പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

“എന്താണ് മേമാ.. ആളുകൾ നോക്കുന്നു..”

സാധാരണ അച്ചടക്കപ്രിയനായ അവൻ എന്റെ ചിരി കണ്ട് ആകെ പരിഭ്രാന്തനായി.

“എടാ.. ചെരിപ്പ് നോക്ക്…..”

മുഴുവനും പറയാൻ വയ്യാതെ ഞാൻ വീണ്ടും എന്റെ വയറിൽ കൈ വച്ച് ചിരിതുടർന്നു.

“പറയ് മേമാ.. എന്താണ്..ചിരിക്കാതെ കാര്യം പറയ് ?”

“ഇപ്പപ്പാടെ ചെരിപ്പ്.. തൊടിയിലേക്കിറങ്ങുമ്പോ ഇടുന്നത്..”

അപ്പോഴാണ് അവനത് കാണുന്നത്.

“ഇതെങ്ങനെ ഇവിടെ വന്ന്..? ”

“ആ..…ഞാൻ വരുമ്പോ ഇട്ടോണ്ട് വന്നതാവും.. ”

ശ്വാസം കിട്ടാത്ത, കൺട്രോളില്ലാത്ത ചിരിക്കിടയിൽ ഞാൻ അവനോട് പറഞ്ഞൊപ്പിച്ചു.

അപ്പോഴേക്കും എന്നേക്കാൾ ഡബിൾ സ്ട്രോങ്ങിൽ എന്റെ ചിരി അവനിലേക്ക് പടർന്നുകഴിഞ്ഞിരുന്നു.. ചിരിച്ചുചിരിച്ച് രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞുവന്നു..

വയറുവേദന തുടങ്ങി. ഒരുവിധം രണ്ട് ചെരിപ്പും കവറിലിട്ട് ചിരിച്ചുകൊണ്ടു തന്നെ ബൈക്കിൽ കയറി. ഡോക്ടറുടെ അടുത്ത് പോയി.

അവിടെ ഇരുന്ന് ചിരിക്കാതിരിക്കാൻ പ്രിയപ്പെട്ടവര് മരിച്ചുപോയാലുള്ള അവസ്ഥയെ പറ്റി പോലും ഞാൻ ആലോചിച്ചു നോക്കി.

നോ രക്ഷ.. ഡോക്ടർ മരുന്ന് കുറിക്കുമ്പോൾ എനിക്ക് ചിരിപൊട്ടി. ഡോക്ടർ തലയുയർത്തി നോക്കി ചീട്ട് കയ്യിൽ തന്നു. ഞാനവിടെ നിന്ന് പുറത്തേക്കൊരു പാച്ചിലായിരുന്നു.

“ഇതെന്തു ജീവി”യെന്ന് ഡോക്ടർ ആത്മഗതം ചെയ്തിട്ടുണ്ടാവും.

ചെരിപ്പ് മറ്റാരോ മാറ്റി ഇട്ട് കൊണ്ടു പോയതാണെന്നോർത്ത് എനിക്കറിയാവുന്ന തരത്തിലൊക്കെ പ്രാകിപ്പറഞ്ഞുകൂട്ടിയതൊക്കെ എന്നെത്തന്നെയായിരുന്നെന്ന്

വീണ്ടും വീണ്ടും ഓർമ്മയിൽ വന്ന് വീട്ടിലെത്തുവോളവും വീട്ടിലെത്തിയിട്ടും ഞങ്ങള് രണ്ടാളും ചിരിയോടു ചിരിതന്നെയായിരുന്നു.

Leave a Reply

Your email address will not be published.