വീട്ടിലെ പെണ്ണിന്റെ കഴിവുകേടാണ് അതിനെല്ലാം കാരണമെന്ന് പറഞ്ഞു..

(രചന: നൈനിക മാഹി)

“എല്ലാം എടുത്തില്ലേ അമ്മേ… എന്നാൽ വാ ഇറങ്ങാം. ” കട്ടിലിൽ എന്തോ ചിന്തയിലിരിക്കുമ്പോഴാണ് അവൾ വന്നു വിളിക്കുന്നത്.

തോളിൽ തൂക്കിയിരുന്ന ട്രാവൽ ബാഗ് അവളെയാണ് ചുമക്കുന്നതെന്ന് തോന്നി. അത്രയും ക്ഷീണിച്ചു പോയിരിക്കുന്നു തന്റെ മകൾ.

“പാക്കിങ് കഴിഞ്ഞില്ലേ?”

മുറിയിലാകെ കണ്ണോടിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു.

“എനിക്ക് അത്യാവശ്യം വേണ്ടതെല്ലാം ആ സഞ്ചിയിലുണ്ട്. അത്‌ മതി… വേറെയൊന്നും എടുക്കാനില്ല.”

“പിന്നെന്താ വരാത്തെ. പെട്ടന്ന് ഇറങ്ങണം, ഞാൻ വണ്ടി വിളിച്ചിട്ടുണ്ട്.”

ഒരു മാത്ര അവളെ നോക്കി ഇരുന്നുപോയി. നാളെ താൻ ഇവൾക്കൊരു ഭാരമായലോ? ഇവിടെ തന്നെ തുടരാനും മനസ്സ് അനുവദിക്കുന്നില്ല.

“അമ്മ എന്താ ഇത്രക്ക് ചിന്തിച്ചു കൂട്ടുന്നത്?”

അരികിൽ വന്നിരുന്ന് മുഖം കൈകൾ കോരിയെടുത്തിരുന്നു.

“എന്തോ മനസ്സിന് വല്ലാത്തൊരു പ്രയാസം. പത്തിരുപത്തഞ്ചു കൊല്ലമായി നിന്റെ അച്ഛനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ വീടല്ലേ?”

അവളൊന്നും മിണ്ടയില്ല. ഇനി പറയാനൊന്നും ബാക്കിയില്ലല്ലോ…

എവിടെയാണ് തങ്ങൾക്ക് പിഴച്ചുപോയത്? വർഷങ്ങളായി പരസ്പരം മത്സരിച്ചു സ്നേഹിച്ചവർ. പെട്ടന്നെങ്ങനെ എല്ലാവരേയും ആ മനസ്സിൽ നിന്നും പടിയിറക്കാൻ സാധിച്ചു?

“മതി. ഇനിയും നിന്നാൽ ഈ മനസ്സിൽ അമ്മയെനിക്കൊരു ഭാരമായലോ എന്ന് പോലും തോന്നിപ്പോവും. അത്‌ വേണ്ടാ…”

“എങ്ങനെയാ മോളേ അച്ഛനൊത്തിരി മാറിപോയത്?”

സഞ്ചിയുമായി പുറത്തേക്ക് പോകാനൊരുങ്ങിയവൾ തറഞ്ഞു നിന്നു. അതിനുത്തരം ഒന്നേയുള്ളു… എന്നുമുതലാണോ അനാവശ്യമായ കൂട്ടുകെട്ടുകൾ തുടങ്ങിയത്, അന്നുമുതൽ.

ആദ്യമാദ്യം തടയാൻ ശ്രമിക്കുമ്പോൾ ഒരു നേരം പോക്ക്‌ മാത്രമാണെന്ന് പറയുമായിരുന്നു. പതിയെ എല്ലാം മാറിമറിഞ്ഞു. ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കിത്തുടങ്ങി.

ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട പല കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവെക്കാൻ തുടങ്ങി. പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാൽ ആട്ടിയകറ്റാൻ തുടങ്ങി.

അവർ പറയുന്നത് മാത്രം ചെവിക്കൊണ്ട് കുടുംബത്തെ അകറ്റി നിർത്തിയും, വീട്ടിലെ പെണ്ണിന്റെ കഴിവുകേടാണ് അതിനെല്ലാം കാരണമെന്ന് പറഞ്ഞു കുത്തിനോവിച്ചും,

അസഭ്യം പറഞ്ഞും പതിയെ അച്ഛനെന്ന വ്യക്തി മക്കൾക്കും അന്യനായി.

അന്നും എല്ലാം ഒരു ദിവസം പഴയപടിയാകുമെന്ന് വിശ്വസിച്ചു തന്റെ താലിയും മുറുകെ പിടിച്ചു നടന്നിരുന്നത് അമ്മ മാത്രമായിരുന്നു.

അവഗണകൾ പതിയെ ഉപദ്രവങ്ങളിലേക്ക് വഴി മാറിയതും ആ കണ്ണുകളിലെ പ്രതീക്ഷയും കെട്ടു തുടങ്ങി.

ഇനിയൊരു സാധാരണ ജീവിതം സാധ്യമാവുകയില്ലെന്ന സത്യം മനസ്സിലാക്കിയതുകൊണ്ടാവാം. എങ്കിലും എല്ലാം സഹിച്ചു.

മകൾക്കൊരു ജോലി എന്ന സ്വപ്നം മാത്രമായി ഒതുങ്ങി കഴിയവേ ഒരിക്കൽ അടുക്കളയിൽ നിന്നുപോലും ഭ്രഷ്ട് കല്പിച്ചു നൽകി. ചിലവിനു തരുന്ന പണത്തിനു പോലും കണക്കുകൾ നിരത്തി.

ഇതിൽ കൂടുതൽ സഹിക്കാനാവിലെന്ന തിരിച്ചറിവിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. അന്തിയുറങ്ങാൻ ഒരിടമായി മാത്രമായി മാറി അയാൾക്കാവീട്.

രണ്ട് മനുഷ്യർ എങ്ങനെ ആ വീട്ടിൽ കഴിയുന്നു എന്ന് പോലും ചിന്തിക്കാതായി. ഇന്ന് അവശേഷിക്കുന്ന ഏക സ്വപ്നം സാക്ഷത്കരിച്ചിരിക്കുന്നു.

“എല്ലാം തീർന്നില്ലേ അമ്മേ. ഇനി ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട. സ്നേഹിച്ചിരുന്നു ഒരുപാട്, എല്ലാവർക്കും ഇങ്ങനൊരു അച്ഛനെ കിട്ടണേ എന്ന് പ്രാർത്ഥിച്ചിരുന്നു.

പക്ഷേ എപ്പോഴോ നമ്മളെക്കാൾ വലുത് ഇന്നലെ വന്ന പലരുമായി.

തേനും പാലും ചേർത്ത അവരുടെ വാക്കുകളിൽ അയാൾ വീണുപോയിരിക്കണം. അവർക്ക് നഷ്ടമാകാൻ ഒന്നുമുണ്ടായിരുന്നില്ല.

ഇന്നും അവർ സന്തോഷമായി കഴിയുന്നു തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം. എന്നാൽ അച്ഛനോ? എല്ലാവരെയും നഷ്ടപ്പെടുത്തുകയല്ലേ ചെയ്തത്. മതി, ഇനി ഒന്നും സഹിക്കേണ്ട.

അയാളുടെ സമ്പാദ്യത്തിൽ നിന്നൊരു ചില്ലി കാശ് പോലും എടുത്തിട്ടില്ല. ഇനിയെങ്കിലും ഒന്ന് സ്വസ്ഥമായി ശ്വസിക്കാൻ എങ്കിലും പറ്റുമല്ലോ. വാ ഇറങ്ങാം.”

പിന്നീടൊന്നും ആലോചിച്ചില്ല. അവളുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ രാത്രിയിൽ ഉറങ്ങാൻ വേണ്ടി മാത്രം വരുന്ന അയാളുടെ മുഖം മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു.

എന്നെങ്കിലും തെറ്റുകൾ മനസ്സിലാക്കി അന്വേക്ഷിച്ചു വന്നേക്കാം… പക്ഷേ പൊറുക്കനാകുമോ ഈ അമ്മക്കും മകൾക്കും?

ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഇത്രയും ശിക്ഷകൾ അനുഭവിക്കേണ്ടി വന്നവർ… ഇവരെപ്പോലെ ഇനിയും എത്രയോ പേരുണ്ടായിരിക്കാം… കൂട്ടുകെട്ടുകളിൽ തകരുന്ന ജീവിതങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *