അവളുടെ കിടപ്പ് കണ്ടിട്ട് ഫായിസിന്റെ കണ്ണുകൾ നിറഞ്ഞു, അവളുടെ അടുത്ത് ഉമ്മയും..

ആഫിയ
(രചന: Navas Amandoor)

ഓപറേഷന് കാത്ത് കിടക്കുന്ന രോഗിയാണ് ആഫിയ. തൊണ്ട വരളുന്നുണ്ട്.

ഉമിനീർ പോലും വറ്റിയിരിക്കുന്നു. കണ്ണുകൾ തേടുന്നതും അവൾ ആഗ്രഹിക്കുന്നതും ചുണ്ട് നനക്കാനെങ്കിലും ഒരു തുള്ളി വെള്ളം.

അലക്കി ഉണങ്ങിയ തുണികൾ ടറസിന്റെ മുകളിൽ നിന്നും എടുക്കാൻ പോയതാണ് അവൾ. ചാറ്റൽ മഴയുടെ നനവിൽ നിന്നും ഉണ്ടായ പായലിൽ ചവിട്ടി വഴുക്കി അവൾ താഴോട്ട് വീണു.

“ഇക്കാ…. വേഗം ഹോസ്പിറ്റലിലേക്ക്‌ വാ ഇത്ത ഒന്ന് വീണു.”

അനിയൻ ഷാനു വിളിച്ചപ്പോൾ പണി സ്ഥലത്ത് നിന്നും ഡ്രസ്സ്‌ പോലും മാറാതെ ഫായിസ് ഹോസ്പിറ്റലിലേക്ക്‌ ചെന്നു.

ഗവണ്മെന്റിന്റെ ഹോസ്പിറ്റലാണ്. വാർഡിൽ അവൾ കിടക്കുന്നുണ്ട്.

അവളുടെ കിടപ്പ് കണ്ടിട്ട് ഫായിസിന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ അടുത്ത് ഉമ്മയും മോനും ഉണ്ട്. മോന് രണ്ട് വയസ് ആയിട്ടുള്ളു.

“ഷാനു.. ഡോക്ടർ വല്ലതും പറഞ്ഞോ..?”

“ഇക്കാ.. ഇത്താടെ നട്ടെല്ല് പൊട്ടിയിട്ടുണ്ട്.. പിന്നെ സുഷുമ്ന നാഡിയും.”

“എനിക്കൊന്ന് കാണാൻ പറ്റോ ഡോക്ടറെ. ന്റെ റബ്ബേ അവളെ കിടപ്പ് കണ്ടു സഹിക്കാൻ കഴിയുന്നില്ലല്ലോ മോനെ .”

ഉമ്മയുടെ തോളിൽ ഇരുന്ന് മോൻ കരയാൻ തുടങ്ങി. ഫായിസ് ഉമ്മയുടെ അടുത്തേക്ക് ചെന്ന് ആഫിയുടെ അരികിൽ ഇരുന്നു.

കൈ അനക്കാൻ കഴിയില്ല. ശരീരത്തെ ആകെയുള്ള ചലനം നഷ്ടപ്പെട്ട ആഫിയുടെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണീർ അവൻ തുടച്ചു കൊടുത്തു.

ആഫിയാക്ക്‌ അവനെ കണ്ടപ്പോൾ കുറേ സംസാരിക്കാൻ തോന്നി. പക്ഷെ വാക്കുകൾ തൊണ്ടയിലിരുന്ന് വീർപ്പു മുട്ടുന്നു. ഒന്ന് അനങ്ങാൻ കഴിയാതെ ഇങ്ങനെ കിടക്കുമ്പോൾ ശരീരത്തെക്കാൾ വേദന മനസ്സിനാണ്.

“ആരാ ആഫിയയുടെ ഭർത്താവ്.. ഡോക്ടർ വിളിക്കുന്നുണ്ട്.”

മോനെ ഷാനുവിന്റെ കൈയിൽ കൊടുത്തു ഹാഫിസ് ഡോക്ടറെ മുറിയിലേക്ക് നടന്നു.

എല്ലാവർക്കും ഇഷ്ടമാണ് ആഫിയെ. അവൾ എല്ലാവരോടും അങ്ങനെയാണ്.

ഒരുപാട് സംസാരിക്കും. കുട്ടികൾക്ക്‌ അവൾ കൂട്ടുക്കാരിയാണ്. ഓടി ചാടി നടന്നു എല്ലാവരുടെ സ്‌നേഹം നേടി ഇപ്പൊ എല്ലാവരുടെയും കണ്ണിലെ കണ്ണീരായി.

“നാളെയാണ് ഓപ്പറേഷൻ. ഇനി നടക്കാൻ കഴിയില്ല.. പക്ഷെ ജീവൻ നിലനിർത്താൻ നോക്കാo: ”

പിന്നെ ഓപ്പറേഷൻ വരെ വെള്ളം കൊടുക്കരുത്.. വെള്ളം കൊടുത്താൽ വെള്ളം ഇറക്കാൻ ബുദ്ധി മുട്ടാവും.. അത് മതി ആളുടെ ജീവൻ..”

“ഇന്ന് ചെയ്യാൻ പറ്റില്ലേ ?”

“ആ കുട്ടീടെ ശരീരത്തിൽ ഇപ്പൊ ഒന്നും ചെയ്യാൻ കഴിയില്ല..”

ഡോക്ടറെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഫായിസിന്റെ മനസ്സിൽ ആഫിയയുടെ ദാഹമാണ്.

എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹമാണെന്ന് നിനക്കെന്നു പറഞ്ഞു പലപ്പോഴും അവൻ കളിയാക്കിയിട്ടുണ്ട്.

ഉറക്കത്തിൽ നിന്നും രണ്ടോ മൂന്നോ വട്ടം എണീറ്റ് സാധാരണ വെള്ളം കുടിക്കുക പതിവാണ്. ആ അവൾക്ക് ഇനിയുള്ള സമയം വെള്ളം കുടിക്കാൻ പാടില്ല.

ഭൂമിയുടെ മുക്കാൽ ഭാഗവും വെള്ളമാണ്. ഭൂമിയെ പോലെയാണ് മനുഷ്യന്റെ സൃഷ്ടിച്ചതും. വെള്ളം പ്രധാനമാണ് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക്.

ചിലർക്ക് ഇടയ്ക്കിടെ വെള്ളം കുടിക്കണം അങ്ങനെയുള്ളവർക്ക് വെള്ളം കുടിക്കാൻ കഴിയാത്തൊരു അവസ്ഥ ഭയാനകമാണ്.

ഫായിസ് ആഫിയയുടെ അരികിൽ വന്നിരുന്നു.

അവൾ നോക്കുന്നുണ്ട്. പ്രതികരിക്കാൻ കഴിയുന്നില്ല. കെട്ടിപിടിച്ചു കരയാൻ വെമ്പുന്ന അവൾക്ക് വെള്ളം കുടിക്കാൻ തോന്നുണ്ടാവും. നല്ലത് പോലെ ദാഹിക്കുന്നുണ്ടാവും.

അവൻ അവളുടെ കൈ പിടിച്ചു.

“ഇക്കാ… ഡോക്ടർ എന്ത് പറഞ്ഞു..?.എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തരോ ”

“മോളെ രണ്ട് ദിവസം.. നീ ക്ഷമിക്ക്. നമ്മുടെ മോന് വേണ്ടി. എന്നിട്ട് വേണ്ടുവോളം കുടിക്കാ വെള്ളം.”

“നീ എന്താ ഈ പറയുന്നത് മോനെ..?”

“ഡോക്ടർ പറഞ്ഞു.. വെള്ളം കൊടുക്കരുതെന്ന്..”

ആഫിയയുടെ നോട്ടം ടേബിളിന്റെ മേലെ ഇരിക്കുന്ന വെള്ളകുപ്പിയിലാണ്. അവൾക്ക് ദാഹം തുടങ്ങി.

ഉമ്മയും അവനും മാറി മാറി അവളുടെ അരികിൽ ഇരുന്നു.

രാത്രിയായി ആരും ഭക്ഷണം കഴിച്ചിട്ടില്ല. എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ആഫിയ ഇങ്ങനെ കിടക്കുമ്പോൾ ദാഹം മറന്ന് അവർ ഉറങ്ങാതെ കൂട്ടിരുന്നു.

ഫായിസിന്റെ മടിയിലിരുന്ന് ഉറങ്ങിയ മോനെ ആഫിയയുടെ അരികിൽ കിടത്തി. ഈ രാത്രി കഴിയണം. ഈ രാത്രി കൊടും ദാഹത്തിന്റെ രാത്രിയാണ്. ഫായിസ് അവളുടെ അരികിൽ ഇരുന്ന് അവളുടെ മുടിയിൽ വിരലുകൾ ഓടിച്ചു.

“ഇക്ക… ദാഹിക്കുന്നു.”

ഇടക്കിടെ അവൾ പറയുന്നുണ്ട്. അവളുടെ കണ്ണുകൾ എത്തുന്നിടത്തുനിന്നും വെള്ളകുപ്പികളെ മാറ്റി വെച്ചു.

വാർഡിൽ ആരങ്കിലും വെള്ളം കുടിക്കുന്നത് കാണുമ്പോൾ അവളുടെ കാഴ്ചയെ മറച്ചു പിടിക്കും. പൈപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം പോലും ആർത്തിയോടെ ശ്രദ്ധിക്കുന്ന ആഫിയ അങ്ങനെ കിടന്ന് ഉറങ്ങിപോയി.

ഫായിസ് പുറത്തറങ്ങി നാളെക്കുള്ള കാര്യങ്ങൾ തയ്യാറാക്കി. കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി.

ഹോസ്പിറ്റലിന്റെ അടുത്തുള്ള പള്ളിയിൽ പോയി നിസ്കരിച്ചു കുറച്ചു നേരം അവിടെ ഇരുന്ന് പടച്ചവനോട് കരഞ്ഞു പ്രാർത്ഥിച്ചു.

“പടച്ചോനെ.. എന്റെ ജീവനാണ് അവൾ. എനിക്ക് തിരിച്ചു തരണേ. എങ്ങനെയായാലും ജീവൻ ഉണ്ടായാൽ മതി.. ഞാൻ നോക്കി കോളാം. ന്റെ മോന് ഉമ്മാന്ന് വിളിക്കാൻ അവൾ അരികിൽ ഉണ്ടാവാണേ റബ്ബേ.”

സമയം നാല് മണിയായി. നേരം പുലരനായി. പുറത്ത് പോയി വന്ന ഫായിസ് ആഫിയ കിടക്കുന്നതിന്റെ അരികിലെ കസേരയിൽ ഇരുന്നു.

ഉമ്മ കട്ടലിൽ അരികിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്. അനിയൻ കുറച്ചു മാറി ആളില്ലാത്ത ഒരു കട്ടിലിൽ.

അവൾ ഉറക്കമുണർന്നിട്ടുണ്ട്..വേദന കൊണ്ട് ഞരങ്ങുന്ന ശബ്ദം.

“ഇക്കാ എനിക്ക് കുറച്ചു വെള്ളം തരോ.. വല്ലാതെ ദാഹിക്കുന്നു ഇക്ക.”

അവൾ വെള്ളം ചോദിച്ചപ്പോൾ ഫായിസ് ചുറ്റും നോക്കി. ആരും ഇല്ല. കുറച്ചു വെള്ളം കൊടുത്താലോന്ന് ഓർത്തെങ്കിലും അത് കാരണം അവൾ ഇല്ലാതെയായാലോ എന്ന് പേടിച്ചു.

അവൾ കാണാതിരിക്കാൻ കട്ടിലിന്റെ അടിയിൽ വെച്ച വെള്ളകുപ്പി എടുത്തു. കുപ്പിയുടെ മൂടിയിൽ കുറച്ചു വെള്ളമെടുത്ത് ആഫിയയുടെ ചുണ്ടിനെ നനച്ചു കൊടുത്തു.

ആർത്തിയോടെ ചുണ്ടിൽ നിന്ന് അവൾ നാവ് കൊണ്ട് വെള്ളം നക്കി എടുത്തു. ലോകത്തിലെ ഏറ്റവും രുചിയുള്ള പാനീയം വെള്ളം.

“മോളെ… വെള്ളം തരാൻ പറ്റാത്തത് കൊണ്ടല്ലെ.. നീ ക്ഷമിക്ക്.. നമ്മുടെ മോനെ ഓർത്ത് ക്ഷമിക്ക്‌.”

“ആ ഇക്ക… സാരില്ല.”

പറയുന്നതിനടയിൽ ഫായിസ് അവളുടെ കൈയിൽ പിടിച്ചു. കൈക്ക്‌ നല്ല ചൂട്. നെറ്റിയിൽ കൈ വെച്ച് നോക്കി ചൂടുണ്ട്. കുറച്ചു മുൻപ് വരെ ഒരു കുഴപ്പവും ഇല്ലാതെ കിടന്നതാണ്.

ഫായിസ് പെട്ടന്ന് നേഴ്‌സിന്റെ അടുത്തേക്ക് ഓടി. നേഴ്‌സ് വന്നു. പനി നോക്കി പോയി. കുറച്ചു കഴിഞ്ഞു വീണ്ടും വന്ന് ഒക്സിജന്റെ അളവ് നോക്കി മൊബൈലിൽ ഡോക്ടറെ വിളിച്ചു.

“അതെ ഒക്സിജൻ ലെവൽ താഴേക്ക് പോകുന്നു.. കുറച്ചു പ്രശ്നമാണ്. ഇവിടെന്ന് icu വിലേക്ക് മാറ്റാൻ പറഞ്ഞു ഡോക്ടർ.”

ഉമ്മ ഉണർന്നു. അനിയനും ഉണർന്നു. അതൊന്നും അറിയാതെ ഉമ്മിച്ചിയുടെ അരികിൽ മോൻ ഉറങ്ങി.

പെട്ടന്ന് തന്നെ അറ്റാൻഡർ വന്ന് സ്റ്റക്ച്ചറിൽ ആഫിയയെ കിടത്തി. Icu വിന്റെ വാതിൽ വരെ ഷാനുവും ഉമ്മയും മോനെ എടുത്തു ഫായിസും കൂടെ ചെന്നു.

അക്ഷമയോടെ പുറത്തരിക്കുമ്പോൾ മനസ്സിൽ പ്രാർത്ഥനയുണ്ട്. കാരുണ്യവാനായ ദൈവത്തിന്റെ കരുണ കൊണ്ട് അവളെ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥന.

കുറച്ചു നേരം കഴിഞ്ഞപ്പോൾ icu വിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു.

“സീരിയസാണ്.. അറിയിക്കാനാരങ്കിലും ഉണ്ടങ്കിൽ അറിയിച്ചോ.. ഒക്സിജന്റെ അളവ് കുറവാണ്.”

“അവൾക്ക് കുറച്ചു വെള്ളം കൊടുക്കോ ഡോക്ടറെ..”

കരച്ചിലോടെ യാചനയുടെ ശബ്ദത്തിൽ ഫായിസ് അത് പറയുമ്പോൾ ഡോക്ടറുടെ മുഖത്തും സങ്കടം.

“കൊടുക്കാ… ഇയാള് ആ കുട്ടിയെ ഉമ്മയുടെ കൈയിൽ കൊടുത്തു എന്റെ കൂടെ വാ.’

ഫായിസ് ഡോക്ടറെ ഒപ്പം icu വിലെക്ക്‌ കയറി.

ആഫിയ കുറച്ചു നേരം കൊണ്ട് ആകെ മാറിപോയി. ശരീരം ചുട്ട് പൊള്ളുന്നു. നെറ്റിയൊക്കെ നീല നിറമായി. ചുണ്ടുകൾ കരിഞ്ഞു ഉണങ്ങി.

ഒക്സിജൻ മാസക്ക് വെച്ചിട്ടും ശ്വാസം കിട്ടാത്തത് പോലെ നഞ്ച് പൊങ്ങി താഴുന്നു. കണ്ണുകളിൽ കൃഷ്ണ മണി മേലോട്ട് നിക്കുന്നു.

“ആഫി… മോളെ.. ആഫി.”

കരയുന്നുണ്ട്.. ഫായിസ്. അവളുടെ കൈയിൽ തലോടി അവൻ അരികിൽ നിന്നു.

“ഇക്കാടെ മോള് പേടിക്കണ്ട.. ഞാൻ ഉണ്ട് കൂടെ… ഇക്ക കുറേ വെള്ളം തരാം.. ഇക്കാടെ പൊന്നല്ലേ.. പോവല്ലേ ട്ടോ……എനിക്ക് വേണം ന്റെ പെണ്ണിനെ..”

ആ സമയം ഡോക്ടർ കൈ കാണിച്ചപ്പോൾ അടുത്ത് ഉണ്ടായിരുന്ന നേഴ്‌സ് ഒക്സിജൻ മാസ്ക്ക് മാറ്റി.

“വെള്ളം… കൊടുത്തോളു.”

നേഴ്‌സ് ഒരു ഗ്ലാസിൽ കുറച്ചു വെള്ളം കൊണ്ടുവന്നു. ഗ്ലാസിൽ നിന്നും ടീ സ്പൂണിൽ വെള്ളമെടുത്ത് ഫായിസ് അവളുടെ ചുണ്ടിൽ മുട്ടിച്ചു.

കുറച്ചു വായിലേക്കും ബാക്കി ചുണ്ടിന്റെ അരികിലൂടെ പുറത്തേക്കും പോയി വെള്ളം. വീണ്ടും കൊടുത്തു.

ഒന്ന് രണ്ട് ടീ സ്പൂൺ വെള്ളം അവൾ കുടിച്ചു.. അതിന്റെ ഇടയിൽ ആഫി ഫായിസിനെ ഒന്ന് നോക്കി.

ഫായിസ് നോക്കി നിൽക്കെ ആഫിയ ഒന്ന് പിടഞ്ഞു. ചെറുവിരലിൽ നിന്നും തൊണ്ടകുഴി വരെ എത്തിയ ജീവൻ ശരീരത്തിൽ നിന്നും വേർപ്പെട്ട് പോകുന്ന പിടച്ചിൽ.

ഡോക്ടർ അവളുടെ കൈ പിടിച്ചു മരണം ഉറപ്പാക്കി.. അതിന് ശേഷം അവളുടെ കണ്ണുകൾ അടച്ചു. അവളെ പുതപ്പിച്ച തുണി കൊണ്ട് അവളെ മൂടി.

സമയമായാൽ മരണത്തിന് എന്തങ്കിലുമൊക്കെ ഒരു കാരണം ഉണ്ടാവും. ജീവിച്ചു കൊതി തീരും മുൻപേ മടക്കി വിളിക്കുന്ന ദൈവത്തിന്റെ വിധിയിൽ സങ്കടങ്ങളെ അതിജീവിക്കാൻ കഴിയട്ടെ.

Leave a Reply

Your email address will not be published.