ഫിദക്ക് ഇപ്പോൾ പ്രായം പതിനേഴ് ഈ സമയം വരെ അവൾക്ക് ആർത്തവം ഉണ്ടായിട്ടില്ല, അഞ്ചാമത്തെ വയസ്സിലാണ്..

ഫിദ
(രചന: Navas Amandoor)

ഏഴാം നാൾ ഫിദയുടെ ഖബറിന്റെ മേലെ സ്വയം തലതല്ലി ജീവൻ നഷ്ടപ്പെടുത്തിയ സ്വർണ്ണനാഗത്തെ കണ്ടവർ പരസപരം പറഞ്ഞു. “ഫിദ പറഞ്ഞത് സത്യമാണ്.. അവൾക്ക് സ്വർണ്ണനാഗത്തിനോട്‌ പ്രണയമുണ്ടായിരുന്നു.”

മരണത്തിനു ശേഷം പ്രണയത്തിന്റെ തിരിതെളിയുന്ന സമയം. പ്രണയിച്ചവരുടെ ജീവൻ അകന്നപ്പോൾ ജീവിച്ചിരിക്കുന്നവർ അവരുടെ പ്രണയത്തെ ഓർക്കുന്നു.

നാഗത്തിനോടുള്ള ഫിദയുടെ പ്രണയം സത്യമായിരുന്നു. പ്രണയം സത്യമാകുമ്പോൾ ആ പ്രണയം അത്ഭുതമാകും.

ആദ്യമായി അവളുടെ പ്രണയത്തിന്റെ കഥ നാട്ടിൽ കേട്ടു തുടങ്ങിയത് ഒരു കള്ളനിൽ നിന്നാണ്.

ഒരു രാത്രി നിൽക്കാതെ പെയ്യുന്ന കർക്കിടകപ്പെയ്ത്തിൽ കള്ളൻ ഫിദയുടെ വീടാണ് ലക്ഷ്യം വെച്ചത്. ഒളിഞ്ഞും മാറിയും രാത്രിയാവാൻ കള്ളൻ കാത്തിരുന്നു.

പാതിരാത്രിയായപ്പോൾ എല്ലാവരും ഉറക്കമായിയെന്ന് ഉറപ്പിച്ച് വീടിന്റെ പിൻവാതിൽ ശബ്ദമുണ്ടാക്കാതെ അയാൾ തിക്കിയകത്തി വാതിൽ തുറന്ന് അകത്ത് കയറി.

ആദ്യം അടുക്കളയിൽ…പിന്നെ ഹാളിലേക്ക്. ഹാളിൽ നിന്ന് ചുറ്റും വീക്ഷിച്ചു. അയാളുടെ നോട്ടം ഹാളിന്റെ ഇടത്തെ വശത്തുള്ള മുറിയിലേക്കാണ്. ആ മുറിയുടെ വാതിൽ തുറന്ന് കിടന്നിരുന്നു.

കള്ളൻ പമ്മിപ്പമ്മി ആ മുറിയുടെ അരികിലേക്ക് ചെന്നു. ചാരിക്കിടന്ന വാതിൽ അയാൾക്ക് അകത്ത് കടക്കാൻ വിധം തുറന്ന സമയം മുറിയിൽ പെട്ടെന്ന് തൂവള്ളപ്രകാശം പരന്നു.

പേടിയോടെ കള്ളൻ ആ വെളിച്ചം എവിടെ നിന്നാണെന്നു നോക്കി. അത് ആ മുറിയിലെ ബെഡിൽ നിന്നാണ്.

ഒരു കല്ല് പോലെ എന്തോ ബെഡിൽ വെട്ടിത്തിളങ്ങുന്നു.അതൊന്നും അറിയാതെ ഒരു പെൺകുട്ടി കട്ടിലിൽ ഉറങ്ങുന്നുണ്ട്. പെട്ടന്ന് അയാൾ നോക്കിനിൽക്കെ ഒരു യുവാവ് കട്ടിലിന്റെ അരികിലേക്ക് നടന്നുവന്നു കട്ടിലിൽ ഇരുന്നു.

വർണ്ണിക്കാൻ വാക്കുകളില്ലാത്ത അതിശയിപ്പിക്കുന്ന സൗന്ദര്യമുണ്ട് ആ യുവാവിന്. വല്ലാത്തൊരു പ്രകാശം അയാളുടെ ചുറ്റിലുമുണ്ട്.. തുറന്ന് പിടിച്ച വാതിലിന്റെ അരികിൽ ഒരടി വെക്കാൻ പോലും കഴിയാതെ ഞെട്ടിത്തെറിച്ചു നിന്നു കള്ളൻ.

ഒന്ന് ഒച്ചവെക്കാനോ അനങ്ങാനോ കഴിയാതെ നിൽക്കുന്ന കള്ളന്റെ കണ്ണുകൾക്ക് മുൻപിൽ ആ യുവാവ് പെട്ടെന്ന് സ്വർണ്ണനിറമുള്ള ഒരു നാഗമായി മാറി ഫണം വിടർത്തി.

ആ സമയം കള്ളൻ ബോധം കെട്ട് താഴെ വീണു.

കള്ളൻ പറഞ്ഞറിഞ്ഞതും പിന്നെ പലരും അവരുടെ ഇഷ്ടത്തിന് പലതും കൂട്ടിയും ഒരു അറബിക്കഥ പോലെ ആ രാത്രിയുടെ കഥയെ പലരിലേക്ക് കൈമാറി.

ഫിദ പലരോടും പറഞ്ഞിട്ടുണ്ട് നാഗത്തിനോടുള്ള പ്രണയത്തെ പറ്റി. അത് പറയുന്ന നേരം അവളുടെ കണ്ണുകൾ തിളങ്ങും കവിൾ ചുമപ്പാകും.

കേട്ടവരൊക്കെ കിടക്കയിൽ നിന്ന് എണീക്കാൻ പോലും കഴിയാതെ കിടക്കുന്ന ഫിദയുടെ തമാശയാണെന്നാണ് കരുതിയത്. പക്ഷേ ആ രാത്രിക്ക് ശേഷം അവളുടെ പ്രണയത്തെ പലരും മനസിലാക്കിത്തുടങ്ങി.

“ഫിദക്ക് ഇപ്പോൾ പ്രായം പതിനേഴ്.. ഈ സമയം വരെ അവൾക്ക് ആർത്തവം ഉണ്ടായിട്ടില്ല. അഞ്ചാമത്തെ വയസ്സിലാണ് അവൾ കിടപ്പിലായത്.”

ഫിദയെ കുറിച്ചു ചോദിച്ചാൽ ഉമ്മ പറഞ്ഞു തുടങ്ങും അവളുടെ കഥ. കുറഞ്ഞവിലക്ക് സ്ഥലം കിട്ടിയപ്പോൾ ഫിദയുടെ ഉപ്പ ഈ വീടും സ്ഥലവും വാങ്ങി. അന്ന് ഫിദ ജനിച്ചിട്ടില്ല.

വീട് വാങ്ങിയപ്പോൾ ഒരു സർപ്പക്കാവ് ഉണ്ടായിരുന്നു ആ പറമ്പിൽ. അതെല്ലാം അവിടെന്ന് മാറ്റി. ആ കാവിൽ ഉണ്ടായിരുന്ന പാലമരവും വെട്ടിക്കളഞ്ഞു.

കാടുപിടിച്ചു കിടന്ന പറമ്പ് തെളിഞ്ഞു. അവർ സ്വസ്ഥമായി ജീവിതം തുടങ്ങി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഫിദ ജനിച്ചു.

ഫിദ ജനിച്ച അന്ന് സർപ്പക്കാവിൽ ഒരു ചിതൽപുറ്റ് ഉണ്ടായി. ആ ചിതൽ പുറ്റിനുള്ളിൽ ഒരു സർപ്പവും. അതൊന്നും ആരുടെയും ശ്രദ്ധയിൽ പതിഞ്ഞില്ല.

ഫിദ വളർന്നു. നടക്കാൻ തുടങ്ങി.അവളുടെ കളിയും ചിരിയും കണ്ടു സ്വർണ്ണനാഗം സർപ്പക്കാവുണ്ടായിരുന്ന ഭാഗത്തെ ചിതൽപുറ്റിനുള്ളിൽ അവൾക്കായി കാത്തിരുന്നു.

ഒരിക്കൽ അവളുടെ ഉമ്മ കണ്ടതാണ് മുറ്റത്ത് നടന്നു കളിക്കുന്ന അവളുടെ അരികിൽ പത്തി വിടർത്തിനിൽക്കുന്ന നാഗത്തെ. ഉമ്മ നോക്കി നിൽക്കെ പേടിയില്ലാതെ കുഞ്ഞി ഫിദ ആ നാഗത്തെ നോക്കി പുഞ്ചിരിച്ചു.

“സർപ്പമേ… നിന്നെ ഇവിടെ ആരും ഉപദ്രവിക്കില്ല.. നീ നിന്റെ താവളത്തിലേക്ക് മടങ്ങിപ്പോകൂ…”

ഓടിച്ചെന്നു ഫിദയെ എടുത്തു പേടിയോടെ ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ സർപ്പം ഇഴഞ്ഞുപോയി.

അന്നുമുതൽ കുഞ്ഞിഫിദക്ക് ആ നാഗത്തെ ഇഷ്ടമാണ്. ഇടക്ക് നശിപ്പിക്കപ്പെട്ട നാഗക്കാവിന്റെ അരികിൽ പോയി നിന്ന് അവൾ സംസാരിക്കും.പലവട്ടം ഉമ്മ അവളെ എടുത്തു കൊണ്ട് വന്നിട്ട്.. അവിടേക്ക് പോകരുതെന്ന് പറഞ്ഞു.

അഞ്ച് വയസ്സുള്ളപ്പോൾ താഴെ വീണ കണ്ണിമാങ്ങ പെറുക്കിയെടുക്കുന്ന ഫിദമോളുടെ കുഞ്ഞിക്കാലിൽ സർപ്പദംശനമേറ്റു.

കുഞ്ഞുമനസ്സിൽ തോന്നിയ ഇഷ്ടം മനസ്സിലാക്കാത്ത സ്വർണ്ണനാഗം സർപ്പാക്കാവു നശിപ്പിച്ച പ്രതികാരത്തിനൊരുങ്ങുകയായിരുന്നു

വിഷം കയറി ബോധം പോയ അവളെയുമെടുത്ത് ആദ്യം പോയത് വിഷമിറക്കുന്ന വൈദ്യന്റെ അടുത്തേക്ക്.പിന്നെ കുറേ ദിവസം ഹോസ്പിറ്റലിൽ.

“ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുടെ ഉത്തരം പോലെ അരക്കു താഴെ തളർന്ന നിലയിലെങ്കിലും എന്റെ മോളെ ജീവൻ ഞങ്ങൾക്ക് തിരിച്ചുകിട്ടി.

പക്ഷേ ഏതു സമയവും അവളുടെ ജീവൻ ഇല്ലാതാവും.എത്രകാലം അവൾ ഞങ്ങളുടെയൊപ്പം ഉണ്ടാകുമെന്ന് അറിയില്ല.”

അവൾ ഒരു മുറിയിൽ അടക്കപ്പെട്ടു.
അവൾ വളർന്നു നിരാശയില്ലാതെ… ഒരിക്കൽ പോലും തന്നെ ഇങ്ങനെയാക്കിയ നാഗത്തിനോട് ദേഷ്യമില്ലാതെ പരാതിയില്ലാതെ അവൾ അവൾക്കു കിട്ടിയ വിധിയിൽ ഒതുങ്ങിക്കൂടി.

ചെറുപ്പത്തിൽ തോന്നിയ നാഗത്തിനോടുള്ള ഇഷ്ടം അവൾ വലുതായപ്പോൾ പ്രണയമായി. ആ പ്രണയമാണ് അന്നേ മരിച്ചു പോകേണ്ടിയിരുന്ന അവളെ ജീവിപ്പിക്കുന്നത്.

അവൾക്ക് മാത്രം അറിയാത്ത രഹസ്യമായിരുന്നു അവളുടെയരികിൽ പതുങ്ങിനിൽക്കുന്ന മരണം.
ആ മരണത്തെ ആട്ടിയോടിക്കാൻ ഫിദയുടെ ജീവൻ നിലനിർത്താൻ കാവലായി അവൾക്കൊപ്പം അവളുടെ കാമുകൻ സ്വർണ്ണനിറമുള്ള സർപ്പം കാവലുണ്ട്.

ആ നാഗം കാണാൻ വരുന്നതും ഉറങ്ങുമ്പോൾ കാവൽ നിൽക്കുന്നതും അവൾക്കറിയാം..

അവളുടെ മുറിയുടെ ജനൽ തുറന്നിട്ടാൽ വളർന്നുവലുതായ ചിതൽപുറ്റ് കാണാം. ഒരിക്കലും ആ ജനലുകൾ അടച്ചിടാൻ അവൾ സമ്മതിക്കില്ല. സ്വർണ്ണനാഗം കൂട്ടായി കൂടെയുണ്ടെന്ന് അവൾ അവളുടെ ഡയറിയിൽ എഴുതിവെച്ചു.

കിടക്കയിൽ കിടന്ന് അവൾ എഴുതിവച്ച കവിതകളിലും അവളുടെ മനസ്സിലും പ്രണയത്തോടെ അവൾ ഓമനിച്ച സ്വർണ്ണനിറമുള്ള നാഗമാണ് ഇന്നവളുടെ ഖബറിനു മീതെ ജീവനില്ലാതെ കിടക്കുന്നത്.

കഴിഞ്ഞുപോയ കഥകളിലൂടെ ഞാനും ഒരുനാൾ ഫിദ ഉറങ്ങുന്ന പള്ളിക്കാട്ടിൽ അവളുടെ ഖബറിന്റെ അരികിലെത്തി. വെറുതെ ഒന്ന് വന്നു കാണാൻ തോന്നി.. കുറച്ചു നേരം അവളുടെ അരികിൽ നിന്നപ്പോൾ അവളെപ്പറ്റി കേട്ടതൊക്കെ ഓരോന്നായി മനസ്സിൽ തെളിഞ്ഞു..

ഞാനും കാണുന്നുണ്ട് അവളുടെ ഖബറിനു മീതെ അറിയാതെ പറ്റിയ തെറ്റിനു പ്രായാശ്ചിത്തമെന്ന പോലെ മരണം വരെ കാവൽ നിന്ന് അവസാനം അവളോടൊപ്പം ഇല്ലാതായ സർപ്പത്തെ.

“ഫിദ… നിന്റെ പ്രണയകഥ വെറുമൊരു കെട്ടുകഥയല്ല..ഒരിക്കൽ നിന്റെ കഥയും ഞാൻ എഴുതും. അത്രമേൽ സത്യമുണ്ടായിരുന്ന നിന്റെ പ്രണയത്തിന്റെ കഥ ”

അവളുടെ അരികിൽ നിന്നും ഞാൻ തിരിച്ചുനടന്നു.എന്റെ മനസ്സ് ആ സമയം മുതൽ ഫിദയെ എഴുതിത്തുടങ്ങി.

“നീ മൃതിയെ തടഞ്ഞു കാവലിരിക്കുമ്പോഴും,
സ്വപ്നങ്ങളിലെന്നെ പുണരുന്ന
നിന്നോട് പ്രണയമല്ലാതെന്ത്‌….?”

Leave a Reply

Your email address will not be published.