തേജസ്വീ നാഥ്‌ സാറിന്റെ കല്യാണം ഉറപ്പിച്ചു, ഉടനെ കല്യാണം ഉണ്ട് കുട്ടി..

ഇഷ്ടം
(രചന: നൈയാമിക മനു)

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു ദിവസം വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വരാനുള്ള ബസ്സ്കാത്ത് നിൽക്കുകയായിരുന്നു. രണ്ട്‌ ബസ്സ് കയറിയാലെ വീടെത്തു. ആദ്യത്തെ ബസ്സിനുള്ള കാത്തിരിപ്പിലായിരുന്നു.

ബസ്സ് വന്ന് നിന്നപ്പോൾ ഓടിപോയി ഇടിച്ചു തള്ളി അകത്ത് കയറി. അകത്ത് കയറിയപ്പോൾ മനസിലായി എല്ലാദിവസത്തയും പോലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്ല, നിന്ന് തിരിയാനുള്ള സ്ഥലമൊക്കെ ഉണ്ടെന്ന്.

മുൻവാതിലിലൂടെ കയറിയത് കൊണ്ട് പിന്നിലേക്ക് പോകാനായി തലയുയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് കമ്പിയിൽ ചാരി മൊബൈലിൽ നോക്കി നിൽക്കുന്ന നല്ല പൊക്കമുള്ള ഒരു ചെറുപ്പക്കാരനെയാണ്.

എന്റെ ഓർമ ശെരിയാണെങ്കിൽ അന്നാണ് ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത്.

അദ്ദേഹത്തിന്റെ തലയും ബസ്സിന്റെ മേൽക്കൂരയും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലായിരുന്നു. തലമുട്ടാതിരിക്കാനായിരിക്കണം കുറച്ച് കുനിഞ്ഞാണ് നിൽക്കുന്നത്.

അദ്ദേഹത്തിന്റെ ഉയരമാണ് എന്റെ ശ്രദ്ധ അദ്ദേഹത്തിലേക്ക് എത്താൻ കാരണമെന്ന് മനസിലാക്കി ബസ്സിന്റെ മധ്യഭാഗത്തേക്ക് ചെന്ന് നിന്നു.

വളരെ ദൂരെ അല്ലാത്ത കമ്പിയിൽ ചാരി അപ്പോഴും ആ അദ്ദേഹം അവിടെ ഉണ്ടായിരുന്നു.

പ്രൈവറ്റ് ബസ്സ് ഇല്ലാത്ത റൂട്ട് ആയത് കൊണ്ട് തന്നെ എല്ലാവരും ksrtc ബസ്സിനെ തന്നെയാണ് ആശ്രയിക്കുന്നത്.

വൈകുന്നേരത്തെ ബസ്സിലെ തിരക്കിനെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.

കോളേജ് കഴിഞ്ഞു വരുന്ന കുട്ടികളും സ്കൂൾ കുട്ടികളും സർക്കാർ ജോലി കഴിഞ്ഞു വരുന്നവരും കൂലി പണിക്ക് പോയി വരുന്നവരും എല്ലാവരും കൂടി ബസ്സിൽ സൂചിയിട്ടാൽ തറയിൽ വീഴാനാകാത്ത അത്ര ആൾക്കാർ ഉണ്ടാകും.

സിറ്റിയിൽ നിന്ന് വരുന്ന ബസ്സാണ് കുറച്ചു അധികം ദൂരം സഞ്ചരിച്ച് ഒരു സ്റ്റാന്റിലെത്തും അവിടെ നിന്ന് അടുത്ത ബസ്സിൽ കയറിയലെ വീട്ടിൽ എത്താൻ കഴിയൂ.

തിരക്കുള്ള ബസ്സിലെ തിരക്ക് മുതലാക്കുന്ന ആൾക്കാർ എല്ലാ ബസ്സിലും കാണുമല്ലോ ഇവിടെയും ഉണ്ടായിരുന്നു.

കയറിയപ്പോൾ തിരക്ക് കുറവായിരുന്നെങ്കിലും പതിയെ തിരക്ക് കൂടി കൂടി വന്നു. കണ്ടക്ടറും യാത്രക്കാരും തമ്മിലുള്ള വാക്ക് തർക്കങ്ങളൊക്കെ ബസ്സിനുള്ളിൽ മുഴങ്ങി കേൾക്കുന്നുണ്ട്.

ഒരു നാല്പത്തിഅഞ്ചു, അൻപത്തിയഞ്ചു വയസ്സിനിടയിൽ പ്രായം വരുന്ന ഒരാൾ ഈ തിരക്കിനിടയിൽ കുറച്ചു മുന്നോട്ട് പോവുകയും വീണ്ടും പിന്നോട്ട് പോവുകയും വീണ്ടും ഇതേ പരിപാടി തുടർന്ന് കൊണ്ടിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

തിരക്ക് മുതലാക്കുക തന്നെയാണ് ഉദ്ദേശം. ഞാൻ ഇതൊക്കെ വീക്ഷിച്ച് കൊണ്ട് അങ്ങെനെ നിൽക്കുബോഴാണ് അത്‌ ശ്രദ്ധിച്ചത്.

ആ ഉയരം കൂടിയ ചെറുപ്പക്കാരൻ ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കുന്നു. മുഖം നന്നായിട്ട് ഇപ്പോഴാണ് കണ്ടത്. ആരെ കണ്ടാലും വായിനോക്കുന്നത് കൊണ്ട് പുള്ളിയെയും നന്നായി വായി നോക്കി.

മെലിഞ്ഞ ശരീരം, നല്ല പൊക്കം, വെട്ടി ഒതുക്കാത്ത പറഞ്ഞാൽ കേൾക്കാത്ത എണ്ണമയം തീരെ ഇല്ലാത്ത മുടി,അതുപോലെ അനുസരണ തീരെയില്ലാത്ത മൂടിയാൽ നിറഞ്ഞ വെട്ടി ഒതുക്കാത്ത എന്നാൽ ആവശ്യത്തിന് മാത്രം നീളമുള്ള താടി.

കണ്ടാൽ ആകെ മൊത്തം നമ്മുടെ സിനിമ നടൻ റോഷൻ മാത്യുവിനെ പോലുണ്ട്. മുഖച്ഛായ മാത്രം ചെറിയ മാറ്റമുണ്ട്. ഫോണിൽ നിന്ന് മുഖം ഉയർത്താൻ കാരണം മറ്റൊന്നും അല്ല, മറ്റേ പുള്ളി തിരക്കിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് ഫോണിൽ കുത്തുന്നതിന് തടസ്സം സൃഷ്ടിച്ചു അത്‌ തന്നെ കാരണം.

ഫോണിൽ കുത്ത് നിർത്തി മറ്റേ പുള്ളിയെ മൊത്തത്തിൽ വീക്ഷിച്ചു. അപ്പോൾ തന്നെ പുള്ളിയുടെ അസുഖം അദ്ദേഹത്തിന് മനസ്സിലായി. അടുത്ത തവണ പുള്ളി പുറകിലേക്ക് വന്നതും അദ്ദേഹം പുള്ളിയോട് കേറി ഉടക്കി. എവിടെയെങ്കിലും ഒരിടത്ത്‌ നിന്നൂടെ എന്ന് ചോദിച്ചു. നിനെക്കെന്താടാ എന്ന് ചോദിച്ചു ആ പുള്ളി തിരിച്ചും ചൂടായി.

കുറച്ച് സമയത്തേക്ക് ചെറിയൊരു വാക്ക് തർക്കമായി അത്‌ നീണ്ടു. പക്ഷേ ആ പരിസരത്ത് നിന്ന എല്ലാ മാമിമാരും കുട്ടികളും അദ്ദേഹത്തിന് കട്ട സപ്പോർട്ട് പറഞ്ഞതോടെ മറ്റേ പുള്ളി അവിടെ നിക്കാതെ നേരെ ബസ്സിന്‌ പുറകിലേക്ക് വച്ച് പിടിച്ചു.

അദ്ദേഹം വീണ്ടും ഫോണിലേക്കും തിരിഞ്ഞു. അത്രയും നേരത്തെ വായിനോട്ടത്തിൽ നിന്ന് അദ്ദേഹത്തിന് നല്ല ദേഷ്യമാണെന്ന് മനസ്സിലായി. സ്റ്റാൻഡിന് തൊട്ട് മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങി അദ്ദേഹം പോയി. അങ്ങനെ തൽക്കാലത്തേക്ക് വായിനോട്ടം നിർത്തി അടുത്ത ബസ്സ് പിടിച്ച് ഞാനും വീട്ടിലേക്ക് പോയി.

ഒന്ന് രണ്ട്‌ മാസം കഴിഞ്ഞാണ് വീണ്ടും ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്ന് എനിക്ക് ഉച്ചയ്ക്ക് ശേഷം പരീക്ഷയായതിനാൽ രാവിലെ ഒരു പത്ത് പത്തരയ്ക്കാണ് വീട്ടിൽ നിന്നിറങ്ങിയത്.

ആ സമയത്ത് ഒരു ബസ്സുണ്ട് അതിൽ കയറിയാൽ വേറെ ഒരു ബസ്സും മാറി കയറണ്ട നേരെ കോളേജിന് മുന്നിൽ ഇറങ്ങാം. തിരക്ക് തീരെയില്ല.

ബസ്സിൽ കയറി മുന്നിലെ വാതിലിൽ നിന്നും പിറകിലേക്ക് രണ്ടാമതുള്ള വലത് വശത്തെ സ്ത്രീകളുടെ സീറ്റിൽ ഇരുന്നു. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റാണ് ആരും ഇല്ല, ജനലോരം നീങ്ങി ഇരുന്നു. പരീക്ഷയ്ക്ക് തലയദിവസം പഠിക്കുന്നതാണ് ശീലം. പഠിച്ച് തീരാത്തതുകൊണ്ട് ബുക്കെടുത്ത് വായിച്ചുകൊണ്ടിരുന്നു.

ഓരോ സ്റ്റോപ്പിലും ബസ്സ് നിർത്തുമ്പോൾ മുന്നിലെ വാതിലിലേക്ക് നോക്കും. മറ്റൊന്നും കൊണ്ടല്ല ആരെങ്കിലും ബസ്സിൽ കയറിയിട്ട് എന്റെ സീറ്റിലേക്ക് ഇരിക്കാൻ വരുന്നോ എന്ന് നോക്കിയതാണ്. ഒറ്റയ്ക്ക് ഇരിയ്ക്കാനാണ് കൂടുതൽ ഇഷ്ട്ടം.

ഞാൻ കയറി നാല് സ്റ്റോപ്പുകൾക്ക് അപ്പുറത്ത് ബസ്സ് നിർത്തിയപ്പോഴും പതിവ് പോലെ ഞാൻ വാതിൽക്കലേക്ക് നോക്കി. കയറിയ ആളെ കണ്ടപ്പോൾ രണ്ട്‌ മാസം മുൻപുള്ള ബസ്സ് യാത്ര ഓർമ വന്നു. റോഷൻ മാത്യുവിനോടുള്ള സാദൃശ്യം തന്നെയാണ് അദ്ദേഹത്തെ ഓർത്തിരിക്കാനും തിരിച്ചറിയാനും കാരണം. അത്രയ്‌ക്കാണ്‌ ആ സാദൃശ്യം.

അദ്ദേഹം ബസ്സിൽ കയറി ഡോർ അടച്ചതിനുശേഷം ആദ്യം അവിടത്തെ കമ്പിയിൽ ചാരി നിന്നു.

നിവർന്ന് നോക്കിയതും കണ്ടത് എന്നെ ആയിരുന്നു. എന്റെ കണ്ണുകൾ അപ്പോൾ അദ്ദേഹത്തിലായിരുന്നു. നമ്മുടെ നാട്ടുകാരൻ തന്നെയാണ് എന്ന തിരിച്ചറിവായിരുന്നു എനിക്ക് അപ്പോഴുണ്ടായത്. എന്നെ കണ്ടയുടനെ അദ്ദേഹം നോക്കിയത് എന്റെ കയ്യിലെ ബുക്കിലേക്കായിരുന്നു.

അപ്പോഴാണ് എനിക്കും അതിന്റെ കാര്യം ഓർമ വന്നത് വീണ്ടും ബുക്കിലേക്ക് ഊളിയിട്ടു. കണ്ടക്ടർ വരുന്നതും ടിക്കറ്റ് എടുക്കുന്നതും എന്റെ നേരെ എതിർ വശത്തെ സീറ്റിൽ ഇരിക്കുന്നതും ഒക്കെ പഠിക്കുന്നതിനിടയിലും അറിയുന്നുണ്ടായിരുന്നു.

ഇടയ്ക്ക് എപ്പോഴൊക്കെയോ അദ്ദേഹത്തിന്റെ നോട്ടവും എന്നിലേക്ക്‌ പാറി വീണിരുന്നു. ബസ്സിൽ ഇരുന്ന് പഠിക്കുന്നത് കൊണ്ട് നോക്കിയതാവാം. സ്റ്റാന്റിലെത്തിയിട്ടും അദ്ദേഹം ബസ്സിൽ നിന്നിറങ്ങാതിരുന്നപ്പോൾ മനസ്സിലായിരുന്നു സിറ്റിയിലേക്ക് ആണെന്ന് അപ്പോൾ എന്തോ ഒരു തരം സന്തോഷം തോന്നിയിരുന്നു.

വീണ്ടും ബസ്സ് മുന്നിലേക്ക് പോയി. കിലോമീറ്ററുകൾ താണ്ടി ബസ്സ് കോളേജിന് മുന്നിലെ സ്റ്റോപ്പിൽ നിർത്തി. ഞാൻ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ ബസ്സ് ഇറങ്ങി കോളേജിലേക്ക് നടന്നു. ബസ്സ് അദ്ദേഹവുമായി മുന്നോട്ട് സഞ്ചരിച്ചു.

അങ്ങനെ രണ്ട്‌ വട്ടം അദ്ദേഹത്തെ കണ്ടു എന്തോ ഒരു കൗതുകം രണ്ട്‌ കാഴ്ചയിലും അദ്ദേഹത്തോട് തോന്നിയിരുന്നു. എപ്പോഴും മുഖത്ത് ഒരു തരം ഗൗരവമാണ്.

മൂന്നാമത്തെ കാഴ്ച എന്റെ പരീക്ഷകൾ കഴിഞ്ഞ്, അടുത്ത സെമെസ്റ്റർ ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞപ്പോൾ ആയിരുന്നു. രാവിലെ പോകേണ്ടതിനാൽ രണ്ട്‌ ബസ്സ് കയറുകയേ നിവർത്തി ഉള്ളൂ.

അങ്ങനെ ബസ്സിൽ കയറി സ്റ്റാൻഡിൽ ഇറങ്ങി അടുത്ത ബസ്സിനെ പ്രതീക്ഷിച്ചു നിന്നു. അപ്പോൾ തന്നെ ഉറ്റ സുഹൃത്തും എത്തിയിരുന്നു. ഞങ്ങൾ ഒരുമിച്ച് അടുത്ത ബസ്സിൽ കയറി. പുറകിലെ വാതിലിനരികിലായാണ് നിന്നത്. കൂടുകാരിയെ കിട്ടിയാൽ പിന്നെ കഥ പറച്ചിലാണ്.

കഥ പറച്ചിലിനിടയിൽ കണ്ടക്ടർ പുറകിൽ ടിക്കറ്റ് ചോദിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. കൺസിഷൻ കാർഡ് കയ്യിലെടുത്ത് നീട്ടി പിടിച്ചുകൊണ്ട് കണ്ടക്ടർ നിൽക്കുന്ന വശത്തേക്ക് തിരിഞ്ഞു.

പക്ഷേ കണ്ണുടക്കിയത് ബസ്സിന്റെ പുറകിലെ കമ്പിയിലായി ചാരി നിൽക്കുന്ന ആ പൊക്കം കൂടിയ ചെറുപ്പക്കാരനിലായിരുന്നു. അദ്ദേഹം എന്നെ തന്നെ വീക്ഷിച്ചു കൊണ്ടാണ് നിന്നത് എന്ന് എനിക്ക് മനസിലായി.

പക്ഷേ കുറച്ച് സമയം ഞാൻ അദ്ദേഹത്തെ നോക്കി നിശ്ചലമായി നിന്നു. കണ്ണുകൾ അദ്ദേഹത്തിലായിരുന്നെങ്കിൽ കൂടി എന്റെ ചിന്ത അവിടെയൊന്നും ആയിരുന്നില്ല. എവിടെ ആയിരുന്നു എന്ന് എനിയ്ക്കോട്ട് അറിയുകയുമില്ല. കുറച്ച് സമയത്തേക്ക് മനസ്സിൽ ഒരു ശൂന്യത അതാണ് എനിയ്ക്കപ്പോൾ തോന്നിയത്.

കണ്ടക്ടർ ആരോടോ ടിക്കറ്റ് ചോദിച്ച ശബ്ദം ആണ് എന്നെ ആ ശൂന്യതയിൽ നിന്ന് ഒരു ഞെട്ടലോടുകൂടി പുറത്ത് കൊണ്ട് വന്നത് അപ്പോഴാണ് എനിക്ക് മനസിലായത് അത്രയും സമയം എന്റെ കണ്ണുകൾ അദ്ദേഹത്തിലായിരുന്നു എന്ന്.

അദ്ദേഹം അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഞെട്ടിയതൊക്കെ അദ്ദേഹം കണ്ടു എന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലായിരുന്നു.

പക്ഷേ പതിവ് ഗൗരവം ആ മുഖത്ത് ഉണ്ടായിരുന്നില്ല. എന്നുകരുതി പുഞ്ചിരിയൊന്നും ആ മുഖത്ത് സ്ഥാനം പിടിച്ചിരുന്നില്ല. പെട്ടെന്ന് തന്നെ കണ്ണുകൾ പിൻവലിച്ച് മറുവശത്തേക്ക് തിരിഞ്ഞു നിന്നു. പിന്നീട് ആ വശത്തേക്ക് നോക്കാനേ പോയില്ല. ആ നിമിഷങ്ങളിൽ എനിക്ക് എന്താണ് സംഭവിച്ചത് എന്ന ചിന്തയിലായിരുന്നു ഞാൻ.

പിന്നീട് അങ്ങനെയുള്ള കണ്ടുമുട്ടലുകൾ ഒന്നും നടന്നില്ല. അങ്ങനെ ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അവസാന വർഷത്തെ അവസാനത്തെ പരീക്ഷയോട് അടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്കുള്ള ഇടവേളയിൽ യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് നടന്നു.

വെള്ളിയാഴ്ച ആയതിനാൽ ഉച്ചയ്ക്കുള്ള ഇടവേളയ്ക്ക് ദൈർഘ്യം കൂടുതലാണ്. അതുകൊണ്ടാണ് ലൈബ്രറിയിലേക്ക് വന്നത് അതിനകത്ത് കയറി കഴിഞ്ഞാൽ സമയം പോകുന്നതറിയില്ല.

ഒന്ന് അൻപത് ആയപ്പോൾ സുഹൃത്ത് വന്ന് നിർബന്ധിച്ചതുകൊണ്ട് രണ്ട്‌ പുസ്തകങ്ങളും എടുത്ത് മനസില്ലാമനസോടെ പുറത്തിറങ്ങാൻ തയാറായി, രണ്ട്‌ മണിക്ക് ക്ലാസ്സിൽ കയറണം അത്‌കൊണ്ടാണ്.

പി വത്സലയുടെ നെല്ലും അരക്കില്ലവും ആയിരുന്നു കയ്യിൽ. കുറച്ച് പഴകിയ കോപ്പി ആയിരുന്നു നെല്ലിന്റെത്. സീൽ ചെയ്യാനായി പുസ്തകങ്ങളും ഐഡി കാർഡും കൊടുത്ത് അവിടെ നിന്നു. രണ്ട്‌ വരിയിലായി ആൾക്കാർ ഉണ്ടായിരുന്നു.

രണ്ട്‌ മണി ആകാറായത് കൊണ്ട് സുഹൃത്ത് വല്ലാതെ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു എന്റെ പുസ്തകങ്ങൾ സീൽ ചെയ്ത് ഐഡി കാർഡും കൂടി ലൈബ്രെറിയൻ മേശയിൽ വച്ചപ്പോൾ നെല്ലിൽ നിന്ന് ഒരു പേപ്പർ താഴെ വീണു. പഴയ കോപ്പിയാണ് അതുകൊണ്ടാണ് എന്ന് ലൈബ്രെറിയൻ പറഞ്ഞപ്പോൾ ഞാൻ കുനിഞ്ഞ് ആ പേപ്പർ എടുത്ത് ലൈബ്രേറിയന്റെ കയ്യിൽ കൊടുത്തു.

അവരത് വൃത്തിയായി പുസ്തകത്തിൽ ഒട്ടിച്ചുചേർത്ത് തന്നു. അപ്പോഴേക്കും തൊട്ടടുത്ത വരി കുറച്ചധികം നീങ്ങിയിരുന്നു. പുസ്തകവും എടുത്ത് തിരികെ പോരാൻ നോക്കിയപ്പോൾ എന്റെ ഐഡി കാർഡ് മേശയിൽ ഇല്ല. ഞാൻ അവിടെ തറയിലൊക്കെ നോക്കി കണ്ടില്ല.

ലൈബ്രേറിയനോട് പറഞ്ഞപ്പോൾ അവരും അവിടെ ഒക്കെ തിരഞ്ഞു. കിട്ടിയില്ല. അവസാനം അവർ പറഞ്ഞു ആരെങ്കിലും മാറി എടുത്ത്കൊണ്ട് പോയതാകും കാണുമ്പോൾ തിരികെ കൊണ്ട് വരും വാങ്ങി വയ്ക്കാം രണ്ട്‌ ദിവസം കഴിഞ്ഞു വരാൻ.

എന്റെ മനസമാധാനം പോയികിട്ടി. പരീക്ഷയാണ് ചോദ്യപേപ്പർ റെഫർ ചെയ്യണമെങ്കിൽ പോലും ഐഡി കാർഡ് വേണം. മാറിയെടുത്ത ആൾ തിരിച്ചു കൊണ്ട് വന്നില്ലെങ്കിൽ എന്ത് ചെയ്യും.

ഐഡികാർഡ് ഇല്ലെങ്കിൽ ടി സി വാങ്ങുന്ന സമയത്ത് ബുദ്ധിമുട്ടാകും ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കണമെങ്കിൽ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അങ്ങനെ ഒക്കെയായി എന്റെ ചിന്ത. പിന്നീട് ഉള്ള ദിവസങ്ങളിൽ എന്നും ലൈബ്രറിയിൽ പോയി അന്വേഷിക്കും ഐഡി കാർഡ് കിട്ടിയോ എന്ന്.

എന്നും ഇല്ല എന്നാകും മറുപടി. എന്റെ ഐഡി കാർഡ് കളഞ്ഞു പോയത് അറിയാത്ത ഒരു ജീവനക്കാരും അവിടെ ഇല്ല. എല്ലാവർക്കും അറിയാം. സെക്യൂരിറ്റിമാർ എന്നെ കണ്ടാൽ പറയാതെ തന്നെ ഐഡികാർഡ് ഇല്ലാതെ അകത്തു കയറ്റി വിടും.

അതിന്റെ കാര്യം തിരക്കാൻ വരുന്നതാണെന്ന് അവർക്കറിയാം. തിരിച്ചിറങ്ങുബോൾ പ്രതീക്ഷയോടെ ചോദിക്കും കിട്ടിയോ എന്ന്. ഇല്ല എന്ന് മറുപടി കൊടുത്ത് തിരികെ പോരും. ഒരു മാസമായി ഈ കലാപരിപാടി തുടങ്ങിയിട്ട്.

അടുത്ത ദിവസം സ്റ്റസി ലീവ് തുടങ്ങുന്നത് കൊണ്ട് അവസാനമായി ഒരിക്കൽ കൂടി ലൈബ്രറിയിലേക്ക് പോയി. പതിവ് പോലെ സെക്യൂരിറ്റിമാർ കടത്തി വിട്ടു.

പതിവിന് വിപരീതമായി ലൈബ്രെറിയൻ ഒരു പുഞ്ചിരിയോടെയാണ് എന്നെ വരവേറ്റത്.

“കുട്ടിയുടെ ഐഡി കാർഡ് കിട്ടി കേട്ടോ. മാറിയെടുത്തയാൾ ഇന്നാണ് കൊണ്ട് തന്നത്. ”

ലൈബ്രെറിയന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷത്തേക്കാൾ എനിക്ക് തോന്നിയത് ദേഷ്യമാണ്.

“ആ കുട്ടിക്കെന്താ കണ്ണ്‌ കണ്ടൂടായിരുന്നോ? അതോ വായിക്കാൻ അറിയില്ലായിരുന്നോ? ഒരു മാസം എടുത്തോ ഐഡി കാർഡ് മാറിയതാണെന്നു മനസിലാക്കാൻ. ”

എനിക്ക് അപ്പോൾ തോന്നിയതൊക്കെ ഞാൻ പറഞ്ഞു. അവിടെ ഉള്ള എല്ലാവരും എന്നെ ശ്രദ്ധിക്കുന്നതൊന്നും എനിക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.

“എന്തായാലും തിരികെ കൊണ്ട് തന്നില്ലേ….”

അവർ അങ്ങനെ പറഞ്ഞോപ്പോൾ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.

“ഏത് കോളേജിലെ വിദ്യാർത്ഥിയാണെന്ന് അറിയാമോ ”

“കോളേജ് വിദ്യാർത്ഥി അല്ല. ബിരുദധാരികൾക്കുള്ള മെമ്പർഷിപ്പുള്ള ആളാണ്. ഇപ്പോൾ കൊണ്ട് തന്നതാണ്. പോയിട്ടില്ല ഇവിടെ എവിടേയോ തന്നെ ഉണ്ട്. ”

അത്രയും പറഞ്ഞ് അവർ ചുറ്റിനും തിരയുന്നത് കണ്ടു. പെട്ടെന്ന് തന്നെ തങ്ങളെ നോക്കി നിന്ന ഒരാളിലേക്ക് നോക്കി അതാണ് ആൾ എന്താ എന്ന് വച്ചാൽ നേരിട്ട് പറഞ്ഞോളൂ എന്ന് പറഞ്ഞു.

അവർ നോക്കിയ ആളെക്കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. വേറെ ആരും ആയിരുന്നില്ല. അദ്ദേഹം തന്നെയായിരുന്നു. ഉയരം കൂടിയ റോഷൻ മാത്യുവിനെ അനുസ്മരിപ്പിക്കുന്ന വ്യക്തി.

അദ്ദേഹത്തിന്റെ നോട്ടം കണ്ടപ്പോൾ മനസിലായി ഞാൻ ഇവിടെ നിന്ന് കോമരം തുള്ളിയതൊക്കെ കണ്ടു എന്ന് എന്ത് ചെയ്യണം എന്നോ എന്ത് പറയണമെന്നോ അറിയാതെ ഞാൻ നിന്നപ്പോഴാണ് അദ്ദേഹം എനിക്ക് അടുത്തേക്ക് നടന്ന് വന്നത്.

അത്‌ കണ്ടതും ഐഡി കാർഡും എടുത്ത് കൂട്ടുകാരിയുടെ കയ്യും പിടിച്ച് വേഗത്തിൽ തിരിഞ്ഞു നടന്നു. നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു.

സെക്യൂരിറ്റിയുടെ കിട്ടിയോ എന്ന ചോദ്യത്തിന് കിട്ടി എന്ന് മറുപടി പറഞ്ഞ് ഓടി പുറത്തേക്കിറങ്ങി എന്തിനാണ് ഇങ്ങനെ വേഗത്തിൽ പോകുന്നത് എന്ന് ചോദിച്ച കൂട്ട്കാരിയോട് മറുപടി പറയാൻ നിന്നില്ല.

അവൾ പറഞ്ഞറിഞ്ഞു അദ്ദേഹം പുറകേ ഉണ്ടെന്ന്. അപ്പോഴേക്കും ആ ശബ്ദം ആദ്യമായി എന്റെ കാതിൽ പതിഞ്ഞു.

“തേജസ്വീ…… ”

ഞാൻ സ്വിച്ചിട്ടപോലെ നിന്നു. ശബ്ദ മാധുര്യം കൊണ്ടൊന്നും അല്ല, പേര് വിളിച്ചത് കെട്ടിട്ടാണ്. നല്ല ഘനഗാംഭീര്യം ഉള്ള ശബ്ദം ഒന്നും അല്ല.

“മാറിയെടുത്ത അന്ന് തന്നെ അറിഞ്ഞിരുന്നു. പക്ഷേ തിരിച്ചു നൽകാൻ പറ്റിയില്ല. മനഃപൂർവം അല്ല. ആശുപത്രി കാര്യങ്ങൾ ഒക്കെയായി തിരക്കായി പോയി. ബുദ്ധിമുട്ടിച്ചതിന് സോറി. ”

ഇത്രയും പറഞ്ഞപ്പോഴും ഞാൻ ഒന്നും മിണ്ടാതെ നിന്നു. മറുപടി പ്രതീക്ഷിച്ച് അദ്ദേഹം കുറച്ച് സമയം നിന്നു.

വേണ്ടതിനും വേണ്ടാത്തതിനും സംസാരിക്കുന്ന എന്റെ നാക്ക് ഒന്ന് അനങ്ങാൻ പോലും വയ്യാതെ വയ്ക്കകത്ത് തളർന്നു കിടന്നു. മറുപടി കിട്ടാതെ ആയപ്പോൾ അദ്ദേഹം തിരികെ നടന്നു.

ഇടയ്ക്ക് തിരിഞ്ഞു നോക്കി. അപ്പോഴും ഞാൻ അവിടെ തന്നെ നിൽക്കുകയായിരുന്നു.

“നിനക്ക് നേരത്തെ പരിചയമുള്ള ചേട്ടനാണോ? പേര് വിളിച്ചത് കൊണ്ട് ചോദിച്ചതാ. . ”

“അല്ല. ഐഡികാർഡിലെ പേര് കണ്ട് വിളിച്ചതായിരിക്കും. ”

“എന്തെങ്കിലും മറുപടി പറയാമായിരുന്നു.”

അവളോട്‌ മറുപടി പറഞ്ഞില്ല. പറയാൻ എന്റെ കയ്യിൽ മറുപടി ഇല്ലായിരുന്നു.

ദിവസങ്ങളും മാസങ്ങളും വീണ്ടും ഓടി മറഞ്ഞു. ഡിഗ്രിക്ക് പഠിച്ച കോളേജിൽ തന്നെ പിജിക്കും അഡ്മിഷൻ കിട്ടി. പഠനം തുടർന്നു. പിന്നീട് അദ്ദേഹത്തെ കാണുന്നത് വിരളമായിരുന്നു.

സ്റ്റാൻഡിൽ ഇടയ്ക്കൊക്കെ ബസ്സ് കത്ത് നിൽക്കുമ്പോഴും ബസ്സിൽ കയറാൻ തിരക്ക് കൂട്ടുമ്പോഴും ഒക്കെ മുന്നിൽ അദ്ദേഹവും ഉണ്ടാകാറുണ്ടായിരുന്നു.

എന്റെ സ്റ്റോപ്പിൽ ഞാൻ ഇറങ്ങിയിട്ടും അദ്ദേഹം ഇറങ്ങാതിരുന്നപ്പോൾ മനസിലായി തൊട്ടടുത്ത നാട്ടുകാരൻ തന്നെയാണെന്ന്. ഇടയ്ക്ക് കാണുമ്പോഴൊക്കെ എന്റെ കണ്ണുകൾ അദ്ദേഹത്തെ മാത്രം പ്രദക്ഷിണം ചെയ്യാറുണ്ടായിരുന്നു.

ഇടയ്ക്കൊക്കെ അദ്ദേഹം എന്നെ നോക്കുന്നതും കണ്ടിരുന്നു. അദ്ദേഹം നോക്കുന്നത് ഒളികണ്ണാലെ ആയിരുന്നില്ല. നേരിട്ട് തന്നെ നോക്കും, ഞാൻ കണ്ടാലും കണ്ണുകൾ പിൻവലിക്കില്ല.

വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ എങ്കിലും കാണുമ്പോൾ എന്റെ മനസിനെ ഒരുതരം സന്തോഷം വന്ന് പൊതിയുന്നത് ഞാൻ അറിഞ്ഞിരുന്നു. പിജി പൂർത്തിയാക്കി നെറ്റ് എഴുതിയെടുത്തു.

സർവകലാശാല ക്യാമ്പസ്സിൽ പി എച്ച് ഡി ചെയ്യാൻ അവസരവും കിട്ടി.

ആ സമയത്താണ് ഞാൻ പഠിച്ചിരുന്ന കോളേജിൽ ഒരു ഗസ്റ്റ് ലെക്ച്ചറുടെ ഒഴിവുണ്ടെന്നും ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് നോക്കാനും എന്റെ പഴയ അദ്ധ്യാപകനും ഇപ്പോഴത്തെ ഡിപ്പാർട്ടമെന്റ് തലവനുമായ രാജീവ്‌ സാർ വിളിച്ച് പറഞ്ഞത്.

ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. എന്നെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ജോയിൻ ചെയ്യാൻ പറഞ്ഞു. രാജീവ്‌ സാറിന് വലിയ സന്തോഷമായിരുന്നു.

അങ്ങനെ അടുത്ത ദിവസം ഞാൻ പഠിച്ച കോളേജിൽ കുറച്ചുനാളത്തേക്കാണെങ്കിലും ഒരു അധ്യാപികയായി ഞാൻ ചെന്നു.

ഡിപ്പാർട്മെന്റിന്റെ പടികൾ കയറുമ്പോൾ എന്റെ കാലുകൾ വിറച്ചിരുന്നു. നേരെ എച്ച്. ഒ. ഡി യുടെ റൂമിലേക്ക്‌ പോകാനായി തിരിഞ്ഞതും വിളിവന്നിരുന്നു .

“തേജസ്വീ…. ”

രാജീവ്‌ സാറാണ്. സ്റ്റാഫ്‌ റൂമിൽ നിന്ന് ഇറങ്ങി വരുന്ന വഴിയാണ്. നിറഞ്ഞ പുഞ്ചിരിയുണ്ട്.

“പറയുന്ന സമയത്തിനു മുന്നേ വരുന്ന തന്റെ സ്വഭാവത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല അല്ലേ… ഇനിയങ്ങോട്ടും മാറാതെ ഇരിക്കട്ടെ ”

ഞാൻ സാറിനെ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു. സാർ എന്നെയും കൂട്ടി ഓഫീസ് മുറിയിലേക്ക് പോയി ക്ലാസ്സിന്റെ കാര്യങ്ങളൊക്കെ പറഞ്ഞുതന്നു അപ്പോഴേക്കും കുട്ടികളും അധ്യാപകരും ഒക്കെ എത്തി തുടങ്ങിയിരുന്നു.

മറ്റ് അദ്ധ്യാപകരെ പരിചയപെടാനായി എന്നെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി.

“തന്നെ പഠിപ്പിച്ചവരൊക്കെ തന്നെയാണ്. ഒന്ന് രണ്ട്‌ പേരൊക്കെ ട്രാൻസ്ഫർ ആയി. പുതിയവർ ജോയിൻ ചെയ്‌തു. ദീപ്തി ടീച്ചർ നാല് മാസത്തേക്ക് മെഡിക്കൽ ലീവ് എടുത്തു. ആ ഒഴിവിലേക്കാണ് തന്നെ എടുത്തത്. ”

സാർ പറഞ്ഞത് കേട്ടുകൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി. പഴയ അധ്യാപകരൊക്കെ തന്നെയാണ് എല്ലാവർക്കും എന്നെ കണ്ടപ്പോൾ വലിയ സന്തോഷം.

പഠിപ്പിച്ച കുട്ടികൾ അവർക്കൊപ്പം ജോലിചെയ്യുമ്പോൾ ഏതൊരു അധ്യാപകനാണ് അഭിമാനം തോന്നാത്തത് സന്തോഷം തോന്നാത്തത്.

“ഇത് പാർവതി പിന്നെ ഇത് സാരാനാഥ്‌. ഇവർ രണ്ടുപരുമാണ് പുതിയ ആൾക്കാർ. ഇവരുടെ ആദ്യപോസ്റ്റിംഗ് തന്നെ ഇവിടെയാണ്. എട്ട് മാസമായി ജോയിൻ ചെയ്തിട്ട് ”

രാജീവ്‌ സാർ പരിചയപെടുത്തിയപ്പോൾ പാർവതി ടീച്ചറെ നോക്കി ചിരിച്ചു. തിരിച്ചു വളരെ മനോഹരമായ പുഞ്ചിരി ലഭിച്ചു. അടുത്തയാളെ കണ്ടപ്പോൾ. ഒരു ഞെട്ടലാണുണ്ടായത്.

അത്‌ അദ്ദേഹമായിരുന്നു. റോഹൻ മാത്യുവിനെ അനുസ്മരിപ്പിച്ച് വർഷങ്ങൾക്ക് മുൻപ് എന്റെ മനസ്സിൽ പതിഞ്ഞ രൂപം.

എന്റെ കയ്യും കാലും വിറച്ചു. പാട് പെട്ട് ഞാൻ ഒരു ചിരിസമ്മാനിച്ചു. തിരിച്ചും ചിരിപോലെ എന്തോ ഒന്ന് സമ്മാനിച്ചു. കണ്ട് പരിചയം ഉള്ളതായി പോലും ഭാവിച്ചില്ല.

എന്നെ മറന്നതാകില്ല എന്ന് ഉറപ്പുണ്ട്. ഇടയ്ക്കൊക്കെ കാണുമ്പോൾ കണ്ണിലുണ്ടായിരുന്ന ഭാവം എനിക്ക് മനസിലാക്കി തന്നിരുന്നതാണ് അദ്ദേഹം എന്നെ മറന്നിട്ടില്ലെന്ന്. പക്ഷേ എന്തുകൊണ്ട് പരിചിതഭാവം കാണിച്ചില്ല.

ഐഡികാർഡ് എടുത്ത കാര്യം പറഞ്ഞെങ്കിലും പരിചയം കാണിയ്ക്കാമായിരുന്നില്ലേ. അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല അന്ന് സാരമില്ല എന്ന് ഒരു വാക്ക് പോലും ഞാൻ പറഞ്ഞില്ലല്ലോ.

പേര് കൊള്ളാം സാരാനാഥ്‌. ഒരായിരം വട്ടം ഞാൻ ആ പേര് മനസ്സിൽ ഉരുവിട്ടു. എന്തിനാണെന്ന് പോലും അറിയാതെ. മനസ്സിൽ ചെറിയൊരു വിഷമം തോന്നിയെങ്കിലും അതൊക്കെ മാറ്റിവച്ച് നന്നായി തന്നെ ക്ലാസ്സ്‌ എടുക്കാൻ ശ്രമിച്ചു.

വൈകിട്ട് വീട്ടിലെത്തി ജോലികളൊക്കെ കഴിഞ്ഞ് ഫോണെടുത്തപ്പോൾ ഡിപ്പാർട്മെന്റിലെ അദ്ധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ രാജീവ്‌ സാർ എന്നെ ചേർത്തതായി കണ്ടു. വെറുതെ അതിൽ കേറി എല്ലാവരുടെയും ഡിപി ഒക്കെ നോക്കി.

അതിൽ പല അദ്ധ്യാപകരുടെയും നമ്പർ കയ്യിൽ നേരത്തേ ഉള്ളതാണ്. പാർവതി ടീച്ചറുമായി ആദ്യത്തെ ദിവസം തന്നെ കുറച്ച് അടുത്തിരുന്നു. അതുകൊണ്ട് തന്നെ പുള്ളികാരിയുടെ നമ്പർ സേവ് ചെയ്തു.

അപ്പോഴാണ് അദ്ദേഹത്തിന്റെ നമ്പർ കണ്ടത്. വെള്ള നിറത്തിലുള്ള ഷർട്ട്‌ ഇട്ടിരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു ഡിപി. കുറച്ച് സമയം അതും നോക്കി ഇരുന്നു. ഒരുവട്ടം ചിന്തിച്ചിട്ട് രണ്ടും കല്പിച്ച് നമ്പർ സേവ് ചെയ്തു.

അന്ന് തോന്നിയ കുഞ്ഞ് വിഷമം മാറ്റുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.

മുൻപരിചയം കാണിച്ചില്ലെങ്കിലും ഒരു സഹപ്രവർത്തകയോടുള്ള അടുപ്പം കാണിച്ചു. പൊതുവേ ഗൗരവക്കാരനായ വ്യക്തിയാണെങ്കിലും നല്ലൊരു അദ്ധ്യാപകനാണെന്ന് മനസിലായി.

കുട്ടികൾക്കിടയിൽ പ്രിയങ്കരൻ. വാട്സാപ്പ് ഡിപി നോക്കി നോക്കി അമ്മയെയും അച്ഛനെയും ഒക്കെ കണ്ടു. ഒരേ നാട്ടുകാരായതിനാൽ മുൻപൊക്കെ കണ്ട് മറന്ന മുഖങ്ങളായിരുന്നു അവ. പിന്നീട് അവരെ ശ്രദ്ധിക്കാൻ തുടങ്ങി.

അമ്മയെ മിക്കപ്പോഴും എവിടെയെങ്കിലും വച്ച് കാണും. കാണുമ്പോഴൊക്കെ ഒരു നിമിഷം പാഴാക്കാതെ ഞാൻ അമ്മയെ വായിനോക്കാറുണ്ട്.

അങ്ങനെ മൂന്ന് മാസം പിന്നിട്ടു. എല്ലാ അധ്യാപകരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും തമാശകൾ പറയുമ്പോഴും ഒക്കെ ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു.

അദ്ദേഹത്തിന്റെ സാന്നിധ്യമായിരുന്നു അതിന് ഒരു പരിധിവരെ കാരണം. അദ്ദേഹത്തോടൊപ്പം ലാബിൽ കുട്ടികൾക്ക് ഓരോന്ന് പറഞ്ഞുകൊടുക്കുമ്പോൾ ഹൃദയതാളം വല്ലാതെ ഉയരുമായിരുന്നു.

അദ്ദേഹം കുട്ടികൾക്ക് ഓരോ കാര്യവും പറഞ്ഞ് കൊടുക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും കൂടാറുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ ഞാനും അദ്ദേഹത്തിന് മുന്നിൽ ഒരു വിദ്യാർത്ഥി ആകാറുണ്ടായിരുന്നു. എത്ര നന്നായിട്ടാണ് അദ്ദേഹം ഓരോ കാര്യങ്ങളും പറഞ്ഞ് മനസിലാക്കുന്നത്.

ഈ മൂന്ന് മാസംകൊണ്ട് അദ്ദേഹം എന്നോട് നന്നായി തന്നെ ഇടപഴകാൻ തുടങ്ങിയിരുന്നു. അദ്ദേഹം വരാത്ത ദിവസങ്ങളിൽ എന്റെ മനസ്സിൽ അതിയായ ദുഃഖം വന്ന് നിറയുമായിരുന്നു.

എന്നെ കാണുമ്പോഴെല്ലാം ആ കണ്ണുകളിൽ തിളക്കം കൂടുന്നത് കണ്ടിട്ടുണ്ട്. അവ വികസിക്കുന്നതും കണ്ടിട്ടുണ്ട്. ഇനി ഒരു മാസം കൂടിയേ ഇങ്ങനെ ഒക്കെ കാണാൻ കഴിയൂ എന്നൊരു ദുഃഖം എനിക്ക് അപ്പോൾ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.

നേരിൽ കാണുന്നുണ്ടെങ്കിലും വാട്സാപ്പ് ഡിപി നോക്കുന്നത് ഒരു ശീലമായി മാറിയിരുന്നു. അങ്ങനെ ഒരു ദിവസം ഡിപി നോക്കിയപ്പോഴാണ് അദ്ദേഹം ഒരു പെൺകുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടത്. ആ കുട്ടി നന്നായി ഒരുങ്ങിയിരുന്നു നല്ല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്, അദ്ദേഹവും.

സഹോദരിയാവണെ എന്ന് അതിയായി ആഗ്രഹിച്ചു. വിവാഹം കഴിഞ്ഞിട്ടില്ല എന്ന് അറിയാമായിരുന്നു. സഹോദരിയല്ല എന്ന് ചിത്രത്തിൽ നിന്ന് തന്നെ മനസിലായി. എങ്കിലും അങ്ങനെ അല്ല എന്ന് പറഞ്ഞ് മനസിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പിറ്റേദിവസം കോളേജിൽ ചെന്നപ്പോൾ പാർവതി ടീച്ചർ എന്നെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.

“തേജസ്വീ….. നാഥ്‌ സാറിന്റെ കല്യാണം ഉറപ്പിച്ചു. ഉടനെ കല്യാണം ഉണ്ട്. കുട്ടി ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ്. വേറെ ഏതോ കോളേജിലാണ്. അറേഞ്ച്ഡ് മാരേജ് ആണ്. ”

ടീച്ചർ പറഞ്ഞതെല്ലാം കേട്ട് ചിരിച്ചു നിന്നു. അവരെല്ലാം ആഘോഷിക്കാൻ ഒരു കല്യാണം കിട്ടിയ സന്തോഷത്തിലാണ്. പക്ഷേ എന്റെ മനസിന്‌ മാത്രം സന്തോഷിക്കാൻ കഴിഞ്ഞില്ല.

ആ കണ്ണിൽ എന്നെ കണ്ടപ്പോഴുള്ള തിളക്കം അത്‌ എന്റെ മാത്രം തോന്നലായിരുന്നോ. എനിക്കുള്ളിലെ വികാരം എന്റെ കാഴ്ചയെ മറച്ചതാണോ? എങ്ങനെയോ ഉച്ചവരെ തള്ളി നീക്കി.

ഉച്ചയ്ക്ക് ശേഷം ലീവ് എടുത്ത് തിരിച്ചു പോന്നു. കുറേ നേരം തലയിണയിൽ മുഖമമർത്തി കമഴ്ന്ന് കിടന്നു. കരച്ചിലൊന്നും വന്നില്ല. പക്ഷേ എവിടെയോ ഒരു വേദന പോലെ എവിടെയാണെന്ന് അറിയില്ല.

ഫോണെടുത്ത് വീണ്ടും ആ ചിത്രത്തിലേക്ക് നോക്കി. കുട്ടിയും മെലിഞ്ഞിട്ടാണ്. കണ്ടാൽ പ്രായം തോന്നിക്കുന്നില്ല. കുഞ്ഞ് കുട്ടി. കണ്ണിനെന്തോ പ്രത്യേകത ഉണ്ട്. പൂച്ചകണ്ണോ മറ്റോ ആണ്. വെളുത്ത നിറം നീണ്ടമുടി.

അദ്ദേഹത്തിന്റെ ഉയരത്തിനനുസരിച്ചുള്ള ഉയരമുണ്ട്. മേക്കപ്പ് ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു മൊത്തത്തിൽ എന്തോ എനിക്ക് ഇഷ്ട്ടമായില്ല. അദ്ദേഹത്തിനിഷ്ടമായല്ലോ അതുമതി.

ഇനിമുതൽ അദ്ദേഹം മറ്റൊരാളുടെ സ്വന്തമാണ് ഇനി അദ്ദേഹത്തെ കുറിച്ച് ആവശ്യമില്ലാതെ ചിന്തിക്കാൻ പോലും പാടില്ല എന്നൊക്കെ മനസിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഫോൺ നോക്കിയിരുന്നപ്പോൾ ഒരു കാൾ വന്നു.

ഡിഗ്രിക്ക് കൂടെ പഠിച്ച ചങ്ക് കൂട്ടുകാരിയായിരുന്നു. അവളുടെ കല്യാണം ക്ഷണിക്കാൻ വിളിച്ചതാണ്. വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് കല്യാണം. ഒത്തിരിനേരം സംസാരിച്ച് ഫോൺ വച്ചു.

അടുത്ത ദിവസവും കോളേജിൽ പോയില്ല. മനസ്സിന് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണമായിരുന്നു. അതിനടുത്ത ദിവസം കോളേജിൽ പോയി. അവിടെ വച്ച് അദ്ദേഹത്തെ കണ്ടു. വരുന്ന മൂന്നാമത്തെ ഞായറാഴ്ച കല്യാണമാണ് വരണം എന്ന് പറഞ്ഞു. കുട്ടിയെകുറിച്ചോന്നും പറഞ്ഞില്ല.

എന്നെ കല്യാണം ക്ഷണിക്കാൻ അദ്ദേഹം വല്ലാണ്ട് പാടുപെടുന്നത് പോലെ തോന്നി. ഒരുപക്ഷെ എന്റെ തോന്നലായിരിക്കാം. അന്ന് ചങ്ക് കൂട്ടകാരിയുടെ കല്യാണമാണെന്നും വരാൻ ആവും വിധം ശ്രമിക്കാം എന്നും ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

പിന്നീട് പാർവതി ടീച്ചർ പറഞ്ഞ് അറിഞ്ഞു എല്ലാവരോടും കുട്ടിയെ കുറിച്ചോക്കെ പറഞ്ഞാണ് കല്യാണം ക്ഷണിച്ചതെന്ന്. എന്തേ.. എന്നോട് മാത്രം ഒന്നും പറഞ്ഞില്ല.

ആ ഞായറാഴ്ച വന്നെത്തി അദ്ദേഹത്തിന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം മറ്റൊരാളുടെ കഴുത്തിൽ താലികെട്ടുന്നത് കാണണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു.

പക്ഷേ അതിനേക്കാൾ വലുതായിരുന്നു കൂടപ്പിറപ്പിനെ പോലെ കണ്ടവളുടെ കല്യാണം. ഒന്ന് തെക്ക് വച്ചിട്ടാണെങ്കിൽ ഒന്ന് വടക്ക്‌ വച്ചിട്ടാണ്. രണ്ടിനുംകൂടി പോകാൻ പറ്റില്ല. ചങ്കിന്റെ കല്യാണത്തിന് പോയി.

ഒരാഴ്ച കൂടിയേ ഉണ്ടായിരുന്നുള്ളു കോളേജിൽ എനിക്ക്. തിങ്കളാഴ്ച കോളേജിൽ പോയി. മനസ്സ് എല്ലാത്തിനോടും പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. അവസാന ആഴ്ച ആസ്വദിച്ചു പഠിപ്പിച്ചു.

എന്റെ കോളേജിലെ അവസാന ദിവസമാണ് അദ്ദേഹം ലീവ് കഴിഞ്ഞ് വന്നത്. വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് അധ്യാപകരോടെല്ലാം യാത്രപറഞ്ഞ് ഇറങ്ങുമ്പോഴാണ് അദ്ദേഹത്തെകണ്ടത്. ഓരോരുത്തരോടും യാത്ര പറഞ്ഞപ്പോൾ അവർ എന്തൊക്കയോ പറഞ്ഞു.

പക്ഷേ അദ്ദേഹം മാത്രം ഒന്നും പറഞ്ഞില്ല വളരെ മങ്ങിയ ഒരു ചിരി മാത്രം സമ്മാനിച്ചു. ഒരു സുഹൃത്തായ് കരുതി ഒരു നല്ല പുഞ്ചിരിയെങ്കിലും താരമായിരുന്നു. അങ്ങനെ അവിടെ നിന്ന് പടിയിറങ്ങി. അദ്ദേഹത്തിന്റ ആ കുട്ടിയെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. നടന്നില്ല.

റിസർച്ചും കാര്യങ്ങളുമായി ഞാൻ മുന്നോട്ട് പോയി. കോളേജിൽ നിന്നിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ഞായറാഴ്ച ഞാൻ സൂപ്പർമാർകെറ്റിൽ സാധനം വാങ്ങിച്ചുകൊണ്ട് നിന്നപ്പോൾ അദ്ദേഹത്തിന്റെ അമ്മയെ അവിടെ കണ്ടു.

എല്ലാ തവണത്തേയും പോലെ അമ്മയെ നോക്കി അപ്പോഴാണ് അമ്മയോടൊപ്പമുള്ള ആളെ കണ്ടത്. ആ കുട്ടിയാണ്.

അദ്ദേഹത്തിന്റെ ഭാര്യ. അന്ന് ഫോട്ടോ കണ്ടിരുന്നതിനാൽ പെട്ടെന്ന് തന്നെ ഞാൻ തിരിച്ചറിഞ്ഞു. ഫോട്ടോയിലെ പോലെ അല്ല കാണാൻ നല്ല ഭംഗിയുണ്ട്. ആദ്യം എന്റെ കണ്ണുകൾ പോയത് ആ കുട്ടിയുടെ കഴുത്തിലേക്കായിരുന്നു.

തീരെ കനംകുറഞ്ഞ ഒരു മാലയിൽ. ഒരു കുഞ്ഞ് ആലിലത്താലി കഴുത്തിൽ ഒട്ടികിടക്കുന്നു. കണ്ണുകൾ പിന്നീട് പോയത് സീമന്തരേഖയിലായിരുന്നു തീരെ ചെറുതായി എന്നാൽ കാണാൻ പാകത്തിന് ചുമപ്പിച്ചിട്ടുണ്ട്.

നെറ്റിയിൽ തീരെ കനം കുറഞ്ഞ പുരികങ്ങൾക്കിടയിൽ വെള്ള കല്ലുകൊണ്ടുള്ള ഒരു കുഞ്ഞ് പൊട്ട്. തലമുടി നന്നായി ഒതുക്കി വെറുതെ ഒരു ബണിട്ടിരിക്കുന്നു.

മുടിക്ക് കനം നന്നേ കുറവാണെങ്കിലും നല്ല നീളമുണ്ട്‌. വെളുത്തിട്ടാണ്. പൂച്ചക്കണ്ണുകൾ ആ കുട്ടിയുടെ ഭംഗി വർധിപ്പിക്കുന്നു. വേറെ ചമയങ്ങളൊന്നും ഇല്ലാതെ തന്നെ അവൾ സുന്ദരിയായിരുന്നു. അദ്ദേഹത്തിന് നന്നായി ചേരും.

എന്നെക്കാളും എല്ലാത്തരത്തിലും ഒരുപടി മുന്നിലാണ് ആ കുട്ടി എന്ന് എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അമ്മയും ആ കുട്ടിയും തമ്മിൽ നല്ല സ്നേഹത്തിലാണെന്ന് അവരെ കണ്ടപ്പോൾ തന്നെ മനസിലായി.

ഞാൻ പുറത്തിറങ്ങിയപ്പോൾ അവരെ പ്രതീക്ഷിച്ച് അദ്ദേഹം പുറത്ത് കാറിൽ ഇരിക്കുന്നത് കണ്ടു. എന്നെ കണ്ടില്ല.

അവർ മൂവരും ഒരുമിച്ച് തിരികെ പോകുന്നത് ഞാൻ ഒരു പുഞ്ചിരിയാലെ കണ്ട് നിന്നു. തിരികെ പോരുമ്പോൾ എന്റെ ചുണ്ടിൽ ഒരു സിനിമ ഗാനം തത്തികളിക്കുന്നുണ്ടായിരുന്നു.

“ഒന്നിനുമല്ലാതെ എന്തിനോതോന്നിയൊരിഷ്ടം എനിക്കെപ്പഴോ തോന്നിയൊരിഷ്ടം “

Leave a Reply

Your email address will not be published. Required fields are marked *