താല്പര്യമുണ്ടോ, അടുത്ത ചോദ്യം കണ്ടപ്പോ ഭാര്യ അടുത്തുള്ളത് കണ്ടു ഞാൻ ഞെട്ടി പക്ഷെ അവളതൊന്നും..

മെസ്സെഞ്ചർ
(രചന: Muhammad Ali Mankadavu)

ഇക്കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മെസ്സഞ്ചറിന് ഇടയ്ക്കിടെ ഒരു മൂളക്കം..

ഭാര്യ വിളമ്പിത്തന്ന എരിവും പുളിയുമുള്ള ചക്കപ്പുഴുക്ക് കഞ്ഞിയും കൂട്ടി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ് ഫോണിൽ ആ മണിനാദം മുഴങ്ങിയത്.

ആദ്യം തള്ളവിരൽ പൊക്കിയുള്ള കടും നീലനിറത്തിൽ ചിഹ്നമായിരുന്നു ഉതിർന്നു വീണത്. ഞാൻ തിരിഞ്ഞു സ്ക്രീനിലേക്ക് നോക്കി.

ചുണ്ടിൽ ചൂടോടെ തൂങ്ങിയാടുന്ന കഞ്ഞിവെള്ളം സ്ക്രീനിൽ ഇറ്റിവീഴാതിരിക്കാൻ ഞാൻ ഇത്തിരി മാറ്റിപ്പിടിച്ചു കണ്ണുമിഴിച്ചു സൂക്ഷിച്ചു നോക്കി. നോട്ടം മായും മുൻപേ അപ്പുറത്തു നിന്നും അയാൾ മംഗ്ളീഷിൽ..

“സുഖമാണോ” ?

കുറേക്കാലമായി കച്ചവടമില്ലാത്ത കടയിലേക്ക് ഒരു ഇടപാടുകാരനെ കിട്ടിയ കടമുതലാളിയെ പോലെ ഞാൻ തുള്ളിച്ചാടി. മേശമേലുള്ള കഞ്ഞി മറന്നു സ്ക്രീനിലുള്ള കുഞ്ഞിനോട്..

“അതേ.. പറയൂ”

“എന്ത് ചെയ്യുന്നു ?”

ഈ ചോദ്യത്തിൽ ഞാനൊന്ന് കുഴങ്ങി. കഞ്ഞിയും ചക്കപ്പുഴുക്കും കഴിക്കുന്നു എന്ന് പറഞ്ഞാൽ അത് എളിമയാകുമോ,

ഇനി എന്നെ വെറും ‘കഞ്ഞി’ യായി കാണുമോ എന്നൊക്കെ ചിന്തകൾ ചക്ക കുഴയുന്നത് കുഴയുമ്പോളും ഒരു സ്പൂൺ കഞ്ഞി കൂടി അകത്താക്കാൻ ഞാൻ മറന്നില്ല. ഉടനെ അതിന്റെ തുടർച്ച വന്നു.

“ജോബ് ?

ഞാനെന്റെ നിത്യവൃത്തി പറഞ്ഞുകൊടുത്തു. ഉള്ളത് പറയണമല്ലോ, മറുചോദ്യം ഞാനും ഉന്നയിച്ചു.

ഈ മാന്യൻ എന്റെ ഏതോ ആരാധാകനാണ്.

ഈയടുത്തായി പബ്ലിക് റിലേഷൻസ് വഴിയുള്ള ഇടപെടലുകളിൽ എന്റെ വർദ്ധിച്ചുവരുന്ന ഇമേജ് മനസ്സിൽ തട്ടി എഫ്ബി ചങ്ങാത്തം മാത്രം പോരാ അതിനുമപ്പുറത്ത് ചങ്ങാത്തം ആഗ്രഹിക്കുന്ന ആരോ ഒരാളാണ് ഇതെന്ന് ഞാൻ ചിന്തിച്ചു തുടങ്ങി.

അതുമല്ലെങ്കിൽ പുസ്തകം അയച്ചു തരാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും എഴുത്തുകാരൻ ആവും.
മെസ്സഞ്ചറാണ് കൈയിൽ. കഞ്ഞിയാണ് മുന്നിൽ ..

ചിന്തിച്ചു നിൽക്കാനൊന്നും സമയമില്ല. എന്നാലും ഇത് പുരുഷവേഷം കെട്ടിയ ഏതെങ്കിലും കിളിയാവണേ എന്നുപോലും നൊടിയിടയിൽ ഞാൻ ആക്രാന്തിച്ചു.

പിന്നെ സ്ഥലപ്പേരായി ചോദ്യം. മറുചോദ്യത്തിൽ രണ്ടാളും ഒരേ ജില്ലക്കാർ. നോക്കണേ .. അവിടെയും മാച്ച്..

പിന്നെ ജില്ലയിലെ സ്ഥലപ്പേരായി.. അതും കഴിഞ്ഞാണ് വളരെ പ്രോത്സാഹനജനകമായ ആ ചോദ്യം ഉതിർന്നു വീണത് ..

“എഴുതും അല്ലേ?’

“ശ്രമിക്കാറുണ്ട്” എന്റെ അതിവിനയ ജവാബ്..

“വേറൊന്തെക്കെയാ ഹോബികൾ ?”

ആ ചോദ്യം പ്രത്യക്ഷപ്പെടലോടെ ഭാര്യയും മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ഫോൺ കൈകാര്യം ചെയ്യുന്നേയില്ല എന്ന മട്ടിൽ കഞ്ഞി കോരിക്കുടിച്ചുകൊണ്ടിരുന്നു.

അവൾ അടുക്കളയിലോട്ട് പോയയുടൻ ഹോബി എന്ത് എന്ന ചോദ്യത്തിന് ഒരു ജാടക്ക് ഞാനങ്ങ് തട്ടി..

“സ്പോർട്സ്”..

അപ്പോ അങ്ങേരും .. “ഞാനും അതെ”.. തുടർന്ന് ആ ദിവസത്തെ ഏറ്റവും നല്ല കോമ്പ്ലിമെൻറ് വന്നു കേട്ടാ..

“നല്ല ചിരിയാണ് നിങ്ങടെ”..

ങ്‌ഹേ…ഈയടുത്ത കാലത്തൊന്നും ആരോടും നേർക്ക് നേരെ ചിരിച്ചിട്ടില്ലാത്ത എന്നോടാണോ ഈ പറയുന്നത് ? ഇനി ഫോൺ മാറിപ്പോയോ ? ഭാര്യയുടെ ഫോണാണോ എന്റെ കൈയിലിരിക്കുന്നത് എന്ന് പോലും ഞാൻ സംശയിച്ചു.

എന്റെ വളിച്ച ചിരി കണ്ടിട്ടുപോലും അത്രേം നല്ല ചിരിയാണെന്ന് പറയാൻ ധൈര്യം കാണിക്കുന്ന ഈ ഐഡി അടിപൊളി തന്നെ. അപ്പോളാണ് ഞാനോർത്തത്, രണ്ടുദിവസം മുൻപ് ഒരു ഫോട്ടോ ഞാൻ എന്റെ വാളിൽ തൂക്കിയിരുന്നു.

ചിരി വേണ്ടപോലെ വരാഞ്ഞപ്പോ ഒരു ചിരി ആപ്പ് ഉപയോഗിച്ച് വക്രിച്ചും, നീട്ടിയും, ചുരുട്ടിയും തുറന്നും അടച്ചും ഒക്കെ അഡ്ജസ്റ്റ് ചെയ്തൊരു ചിരി ഫിറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതാണിപ്പോ ആപ്പായി വന്നിരിക്കുന്നത് ..

ഞാനോർത്തു. ഈ പ്രായത്തിലും എനിക്ക് ചിരി ആരാധകരുള്ളതോർത്ത് തൊണ്ടയിൽ കുടുങ്ങിയ കഞ്ഞി അകത്തേക്ക് പോകാൻ വിഷമിക്കുന്നത് കണ്ടു ഭാര്യ തലയിൽ രണ്ടിടി ഇടിച്ചു.

“താല്പര്യമുണ്ടോ?’

അടുത്ത ചോദ്യം കണ്ടപ്പോ ഭാര്യ അടുത്തുള്ളത് കണ്ടു ഞാൻ ഞെട്ടി.. പക്ഷെ അവളതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നത് ആശ്വാസമായെങ്കിലും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

എന്തിന് താല്പര്യമുണ്ടോ എന്നാവും ചോദിച്ചതെന്ന് നിഷ്ക്കളങ്കമായി ഓർത്തു കഞ്ഞികുടി മതിയാക്കി ഞാൻ എഴുന്നേറ്റു.
രാത്രി കിടക്കയിൽ ..

ഘോരമായ മഴ ശബ്ദത്തെയും തുളച്ചു കയറിവന്ന “ഗുഡ് നൈറ്റ്” ശബ്ദം കേട്ടപ്പോ അവളും ഞെട്ടി.

“നോക്കട്ടെ, നിങ്ങക്ക് ഈ സമയത്തും ഗുഡ് നൈറ്റ് അയക്കുന്ന പെണ്ണുമ്പിള്ള ആരാന്ന്”.. അവൾ മാനത്ത് വെട്ടാനിരിക്കുന്ന ഇടിയേക്കാൾ രൗദ്രഭാവത്തിലാണ്..

ഉച്ചക്ക് വന്ന മെസ്സേജുകൾ മുഴുവൻ അവൾ ഒറ്റനോട്ടത്തിൽ വായിച്ചു. കോട്ടിട്ട് മോഡലിനെപോലെ നിൽക്കുന്ന ലവന്റെ പ്രൊഫൈൽ ഫോട്ടോ നോക്കി.. പിന്നെ എന്റെ മുഖത്ത് നോക്കി..

“അയ്യേ.. നിങ്ങക്ക് ഈ പരിപാടിയും ഉണ്ടല്ലേ” ..ന്ന്.. കമ്പിളിയുമെടുത്ത് അവൾ അപ്പുറത്തെ മുറിയിലേക്ക് ഒരോട്ടമായിരുന്നു.

അപ്പോളും എന്റെ മൊബൈലിൽ ചോദ്യം വന്നു …

“എന്താ മറുപടിയില്ലാത്തെ”…

“നിനക്കുള്ള മറുപടി ഞാൻ തരുന്നുണ്ടെടാ” എന്ന് മനസ്സിൽ ടൈപ്പ് ചെയ്തു ഞാൻ സിറ്റിംഗ് ഹാളിൽ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *