അയാളുടെ മുഖം മനക്കണ്ണാടിയിൽ തെളിഞ്ഞു കാണാൻ തുടങ്ങിയപ്പോൾ അവൾ..

അവളും അയാളും
(രചന: Muhammad Ali Mankadavu)

അവസാനത്തെ പറ നെല്ലും അളന്ന് പത്തായത്തിലേക്കിട്ട് ശ്രീമതി അടുക്കളയിലേക്ക് കയറി.

അത്താഴത്തിനുള്ള കുത്തരിക്കഞ്ഞിക്ക് അരിയിട്ട് ഉമ്മറത്തിരിക്കുന്ന അമ്മയോട് കുശലം പറയാൻ അടുത്ത് വന്നിരുന്നു.

രണ്ടുമാസങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചതിൽ പിന്നെ ആംഗ്യഭാഷയിലുള്ള ആശയവിനിമയവും അമ്മയിൽ നിന്നും തീരെ കുറഞ്ഞിട്ടുണ്ട്.

കീമോതെറാപ്പി ചെയ്തു മുടികൊഴിഞ്ഞ അമ്മയുടെ തലയിൽ തലോടി അവൾ അവരുടെ നെറ്റിയിൽ ഒരുമ്മ നൽകി.

ഒട്ടിയ കവിളിൽ കൊച്ചുകുട്ടിയെ പോലെ കുസൃതിച്ചിരി ചിരിച്ച് വിമല മകളെ കവിളുകൾ മുട്ടിച്ചു ചേർത്തുപിടിച്ചു ചുരണ്ടിത്തീരാറായ നാവ് കൊണ്ട് അവ്യക്തമായി എന്തോ പറഞ്ഞു.

“എനിക്ക് നീ മാത്രമാണ് ആശ്രയം” എന്നാണ് അമ്മ പിന്നെയും പറഞ്ഞതെന്ന് ശ്രീമതിക്കറിയാം. അമ്മ മാത്രമാണ് എന്റെ അഭയമെന്ന് അവളും മനസ്സിൽ പറഞ്ഞു.

“അടുത്തത് അവസാനത്തേതാണല്ലോ”..

സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർ ഓർമ്മിപ്പിച്ചപ്പോൾ ശ്രീമതിയുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ വെള്ളിനക്ഷത്രങ്ങൾ തിളങ്ങി.

സ്റ്റോക്ക് തീർന്നുപോയ മരുന്നുകളും വാങ്ങി അമ്മയുടെ കൈപിടിച്ച് ഓട്ടോയിൽ കയറുമ്പോൾ നാൽപ്പത് വയസ്സ് തോന്നിക്കുന്ന അയാൾ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ടത് പോലെ മുന്നിലെത്തി!

“അമ്മക്ക് എത്രയും വേഗം സുഖമാവട്ടെ”.. മുഖവുരയില്ലാതെ കുശലാന്വേഷണമില്ലാതെ ഒരാൾ ഇങ്ങനെ പറയാൻ!..

ഈയാളെ മുൻപ് കണ്ടിട്ടുണ്ടോ ? ശ്രീമതി ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കി ..

“ആരാണിത് മോളെ?”ക്ഷീണിച്ച കണ്ണുകൾ കൊണ്ട് വിമല മകളോട് ചോദിച്ചു..

“അറിയില്ലമ്മാ , ഇതിന് മുൻപ് അയാളെ കണ്ടിട്ടില്ല”

“സാരമില്ല, നിങ്ങളെ എനിക്കറിയാം, കഷണ്ടി കയറിത്തുടങ്ങിയ തലയിൽ ചെറുതായി തടവി അയാൾ പറഞ്ഞു.

ആശുപത്രി ഗെയിറ്റിലേക്ക് നടന്നു നീങ്ങുന്ന അപരിചിതനെ നീങ്ങിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പിറകിലൂടെ ശ്രീമതി ഒരിക്കൽക്കൂടി നോക്കി. പിന്നെ, ആരാവും അതെന്ന് ആലോചിച്ചു കൊണ്ടിരുന്നു.

കണ്ണാടിയിൽ നോക്കി മുൻപിൽ തെളിഞ്ഞു കാണുന്ന വെളുത്ത മുടിയിഴകൾ എണ്ണിനോക്കുക രാവിലെ പതിവുള്ളതാണ്.

ഒറ്റക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ യാഥാർത്ഥ്യങ്ങളിലേക്കെത്തും മുൻപേ കൊഴിഞ്ഞുവീണ സ്വപ്നങ്ങളിലേക്ക് അവൾ എത്തിനോക്കും.

മൃദുലവികാരങ്ങൾ എന്നേ നശിച്ചിരിക്കുന്നുവെന്ന് ശ്രീമതിക്ക് തോന്നി.

അയാളുടെ മുഖം മനക്കണ്ണാടിയിൽ തെളിഞ്ഞു കാണാൻ തുടങ്ങിയപ്പോൾ അവൾ ചൂലുമെടുത്ത് വീട് തൂത്തുവാരാനിറങ്ങി.

അടുത്ത കീമോക്ക് വിധേയയാവാൻ വിമല കാത്തുനിന്നില്ല.

കർക്കിടകത്തിലെ നിലക്കാതെ പെയ്ത ആ രാത്രിയിൽ പാതിരാത്രിയിലെപ്പോളോ അവർ ദൈവവിളിക്ക് മറുപടി നൽകി യാത്രയായി.

അമ്മയുടെ കട്ടിലിന് താഴെ ഓലപ്പായയിൽ കിടന്നുറങ്ങിയിരുന്ന ശ്രീമതി ഒന്നുമറിഞ്ഞില്ല.

അമ്മയുടെ ശവദാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ രാത്രി , എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിമിഷം.. അവൾ കിണറിനടുത്തേക്ക് നീങ്ങി.

ആകാശത്ത് നിന്നും പൂർണ്ണചന്ദ്രൻ കിണറിലേക്കിറങ്ങി നിന്ന് ശ്രീമതിയെ നോക്കി ചിരിച്ചു.

അകത്ത് നിന്നും “മോളേ ശ്രീമതീ” എന്ന വിളികേട്ട് അവൾ ഞെട്ടിത്തരിച്ചു. അമ്മയുടെ ശബ്ദം.

കഴിഞ്ഞ രണ്ടുവർഷങ്ങളായി അമ്മയിൽ നിന്നും ഇത്ര സ്പഷ്ടമായി അങ്ങനെയൊരു ശബ്ദം കേട്ടിരുന്നില്ലല്ലോ എന്ന് അതിശയിച്ചു അവൾ അടുക്കള വാതിലടച്ച് മുറിയിലിരുന്ന് രാത്രി തള്ളിനീക്കി.

രാവിലെ പോസ്റ്റുമാൻ സുകുമാരന്റെ കൂടെയാണ് അയാൾ വീട്ടിലേക്ക് വന്നത്.

“ശ്രീമതീ’ന്നുള്ള വിളി കേട്ടപ്പോൾ അവൾ ജനാലയഴികൾക്കിടയിലൂടെ കണ്ണെറിഞ്ഞു.

“വരുന്നേ” എന്ന് ചെറിയ ശബ്ദത്തിൽ മറുപടി നൽകി മുടി മാടിയൊതുക്കി , ഉള്ളതിൽ നല്ല വേഷമണിഞ്ഞ് അവൾ ഉമ്മറവാതിലിൽ നിന്ന് പുറത്തേക്ക് മുഖം കാട്ടി.

“ഇവൻ നിന്നെ കാണാൻ വന്നതാ, മെഡിക്കൽ കോളേജിലെ ഫാര്മസിസ്റ്റാ, സ്ക്കൂളിൽ നമ്മൾ ഒരുമിച്ചു പഠിച്ചതാ. നിന്നെയും അമ്മയെയും അവിടെ കാണാറുണ്ട്.

എങ്ങനെയൊക്കെയോ നിങ്ങളെക്കുറിച്ചറിഞ്ഞു എന്നോട് ചോദിച്ച് മനസ്സിലാക്കിയിട്ടാ ഈ വരവ്”

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച്ച പീച്ച് നിറത്തിലുള്ള സിൽക്ക്‌ സാരിയുടുത്ത് ആദ്യമായി അണിഞ്ഞൊരുങ്ങിയ അവൾ പൂമാലയണിഞ്ഞ് ,

ബൊക്കെ കൈയിൽ പിടിച്ച പ്രിയതമന്റെ കൈപിടിച്ച് നടന്നു നീങ്ങുമ്പോൾ യാത്രയാക്കാൻ മതിലുകളില്ലാത്ത വീടുകളിലെ അയൽക്കാർ പുഞ്ചിരിച്ചു നിന്നു.

ഓരോ മുഖങ്ങളിലേക്കും കണ്ണീരോടെ നോക്കി അവൾ അയാളോടൊപ്പം കാറിൽ കയറി.

Leave a Reply

Your email address will not be published.