ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷിക ദിനമായിരുന്നു, ഉമ്മറത്തെ കുറ്റിയേരത്ത്..

സ്നേഹോത്സവം
(രചന: Muhammad Ali Mankadavu)

“ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷിക ദിനമായിരുന്നു.”

ഉമ്മറത്തെ കുറ്റിയേരത്ത് ബേക്കറിക്കൊട്ട തലയിൽ നിന്നിറക്കിവെക്കാൻ സഹായിക്കുമ്പോൾ ഉമ്മർക്ക കുലുങ്ങിച്ചിരിച്ചു കൊണ്ടു പറഞ്ഞു.

മക്കളൊക്കെ വലിയ നിലയിലെത്തിയിട്ടും അതിന്റെ യാതൊരു ആർഭാടവും കാട്ടാത്ത ജീവിതമാണ് ഉമ്മർക്കയുടേതും ഉമ്മുകുൽസുവിന്റേതും.

അമേരിക്കയിൽ വലിയൊരു സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മൂത്തമകൻ അമീറും ,

ദുബായിൽ സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തും ഉസ്മാൻ അലിയും, ഒമാനിലുള്ള മകൾ മുംതാസും എന്നും ബാപ്പയെയും ഉമ്മയെയും അവരവരുടെ വീടുകളിൽ സ്ഥിരതാമസത്തിന് പിടിയും വലിയുമാണ്.

അവരുടെ ഈ വലിക്ക് താളം പിടിച്ചാ പിന്നെ ഈ വാഴകളും കപ്പത്തോട്ടവുമുള്ള മണ്ണിന്റെ മണമുള്ള വീട് വിട്ട് അവിടെ പോയി മടുത്തിരിക്കേണ്ടിവരുമെന്ന് രണ്ടുപേർക്കും നന്നായറിയാം.

താമസിക്കാൻ ആളില്ലാതെ പൂട്ടിയിട്ടിരിക്കുന്ന മൂന്നുവീടുകളിലും ആളനക്കമുണ്ടാക്കാനുള്ള അടവുകൂടി മക്കളുടെ സ്നേഹത്തിൽ ഒളിഞ്ഞിരിപ്പുണ്ടന്ന് ഉമ്മർക്ക എപ്പോളും ചിന്തിക്കുന്നതാണ്.

ഇവിടെയാകുമ്പോൾ ജോലിക്കാരൻ ജമാലിനെ വാഴത്തോട്ടം നനക്കാനും ,

കപ്പക്കൂടത്തിന് വളമിടാനും സഹായിച്ച് ചെറുതായെങ്കിലും മേലനങ്ങുകയും ചെയ്യാം. ഇടയ്ക്കിടെ കുൽസുവിനെ ശുണ്ഠിപിടിപ്പിക്കാം.

കുൽസുവിനെക്കുറിച്ച് ആലോചിച്ചപ്പോളേക്കും രാവിലെ വില്ലേജാപ്പീസിൽ പോയിരുന്നവൾ കുടയും മടക്കിപ്പിടിച്ച് വരമ്പത്ത്കൂടി നടന്നു വരുന്നത് കണ്ടു.

പത്ത് മിനിറ്റ് നടത്തം കൂടിയാകുമല്ലോ എന്ന് പറഞ്ഞാണ് ഓട്ടോ വിളിക്കാതെ പോയത്.

എന്തെകിലും കാരണത്തിന് കുൽസു ഇപ്പം തന്റെ മേക്കിട്ട് കേറുമെന്ന് ഉമ്മർക്കക്ക് ഉറപ്പായിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളിൽ ഇതുവഴി വരുമ്പോൾ ഉമ്മർക്കയുടെയും ഭാര്യയുടെയും വഴക്കിന്റെ ബഹളം താനെന്നും കേൾക്കുന്നതാണല്ലോ എന്ന് ഉമ്മുകുൽസുവിനെ കാണാതായപ്പോൾ ഞാനും ഞാനും ചിന്തിച്ചിരുന്നതാണ്.

പലദിവസങ്ങളിലും തന്നെ കാണുമ്പോളായിരിക്കും അവർ എന്റെ മുന്നിലെങ്കിലും സ്നേഹത്തോടെ പെരുമാറുന്നത്.

“ആ പുതിയ ആപ്പീസർക്ക് എന്താ ഒരു ഗമ ഉമ്മർക്കാ” . മുറ്റത്തേക്ക് കാലെടുത്തുവെച്ചപ്പോളെ കുൽസു ഉമ്മർക്കയോട് പറഞ്ഞു.

“അയാളുടെ ഗമ അളക്കാനാണോ നീ രാവിലെ തന്നെ അങ്ങോട്ട് പോയത് ?”

അത് കേട്ടയുടൻ ഉമ്മുകുൽസുവിന്റെ മൂക്കിന്റെ തുമ്പത്തേക്ക് ഹെലികോപ്റ്റർ പോലെ പറന്നിറങ്ങുന്ന തുമ്പിയെപ്പോലെ ദേഷ്യം വന്നു ലാൻഡ് ചെയ്തു.

“ഇങ്ങക്കെപ്പോളും എന്നെ ചൂടാക്കാൻ നല്ല പാങ്ങാണല്ലാ, ഇങ്ങളിങ്ങന നല്ല നാടൻ വെത്തിലേം മുറുക്കി ചോപ്പിച്ച് കഴുക്കോലുമ്മ തൂങ്ങി നിന്നാ മതിയല്ലാ.. ഈ മുറ്റത്തെല്ലാം തുപ്പിക്കൂട്ടീട്ട് കണ്ടാ”

ഉമ്മർക്ക എന്നെ നോക്കി കുലുങ്ങിചിരിച്ചു. ഞാൻ ചിരിയിൽ പങ്കുചേർന്നപ്പോ ഉമ്മുകുൽസുവിന്റെ എരിയുന്ന നോട്ടം എന്റെ നേരെ തിരിഞ്ഞു.

“നീയും കൂടെക്കൂടിക്കോ എന്നെ കളിയാക്കാൻ”

ചവുട്ടിത്തുള്ളി ഉമ്മുകുൽസു അകത്തേക്ക് കേറിപ്പോകുമ്പോ ഉമ്മർക്ക എന്നോട് പറഞ്ഞു..

“നിന്റെ ഈ കൊട്ടയിലുള്ള റൊട്ടിയും ബണ്ണുമൊക്കെ പോലെയാ ഓൾടെ മനസ്സ്.

അപ്പക്കാരം ചേർത്ത് നിന്റെ ബേക്കറിക്കാർ ഇതിനെ ഇങ്ങനെ വലുതാക്കിയെടുക്കുന്നില്ലേ അത്പോലെ ഞാനെന്തെങ്കിലും ഇങ്ങനെ പറഞ്ഞു ഓളെ ചൂടാക്കും ,

പിന്നെ ഈ റൊട്ടിയോ ബണ്ണോ പഞ്ചാര ചേർത്ത പാലിൽ ഒന്ന് മുക്കിയാലോ അത് നാണിച്ച് ഒതുങ്ങി നമ്മുടെ വായിലേക്ക് സ്നേഹത്തോടെ കേറിപ്പോകും അല്ലേ..

അതേപോലെയാണ് ഓൾടെ കെറുവും.

“ദേ ഞാനിപ്പം കാട്ടിത്തരാന്നും” പറഞ്ഞ് ഉമ്മർക്ക അകത്തേക്ക് കയറിപ്പോയി.

രണ്ടുമൂന്ന് നിമിഷങ്ങൾക്ക് ശേഷം രണ്ടാളും കൂടി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നപ്പോ ഉമ്മുകുൽസു പറഞ്ഞു..

“ആശിമേ, നീ ഒരു റൊട്ടിയും രണ്ടു ബണ്ണും എടുത്ത് താടാ”

മുൻപ് ആദ്യമായി വിമാനത്തിൽ കയറി , അമേരിക്കയിൽ പോയപ്പോ എയർപോർട്ടിൽ നിന്നും സെകുരിറ്റി ചെക്കപ്പ് കഴിഞ്ഞ് പുറത്തിറങ്ങാൻ വൈകിയെന്ന് പറഞ്ഞു

എയർപോർട്ടിൽ വെച്ച് തന്നെ ഉമ്മുകുൽസുവിനെ ഉമ്മർക്ക വഴക്ക് പറഞ്ഞ കാരണം ഉമ്മുകുൽസു പറഞ്ഞത് രസകരമാണ്.

“എന്റെ പിറകിൽ നിക്കാൻ പറഞ്ഞിട്ട് നീയെങ്ങോട്ടാ പോയത് ? ഞാൻ ഉച്ചത്തിൽ വിളിച്ചലറിയില്ലെങ്കിൽ ലോകം തിരിയാത്ത നീ ഈ അമേരിക്കയിൽ നട്ടം തിരിഞ്ഞേനെ”

എന്ന ഉമ്മർ പറഞ്ഞതാണ് കുഴപ്പത്തിന്റെ അമേരിക്കൻ വേർഷന്റെ കുഴപ്പത്തിന്റെ തുടക്കം.

“പെണ്ണുങ്ങളെ പരിശോദിക്കാൻ വേറെ തന്നെ മിശീനാന്ന് മൂപ്പർക്കറീല, എന്നിട്ടാണ് എന്റെ കൗത്തിക്കേറാൻ ബന്നത്”.

ഉമ്മുകുൽസു അലിക്കത്താട്ടി കുലുങ്ങിച്ചിരിച്ചു.

ബേക്കറിക്കൊട്ട തലയിലെടുത്ത് സഹായിക്കാൻ വേണ്ടി പിടിച്ച് പൊക്കുമ്പോളാണ് വളപ്പിലെ കുലച്ച വാഴകളിലൊന്നിന്റെ ഇലയിൽ തൊട്ടപ്പുറത്തെ വീട്ടിലെ പശു കടിച്ചു വലിക്കുന്നത് കണ്ടത്.

“എടീ കുൽസൂ ആയിസൂന്റെ പൈ എന്റെ വാഴ കടിച്ചു മുറിക്കുന്നു. അയിനെ ആട്ടിപ്പായിച്ച് നിന്റെ അനിയത്തിയോട് പിടിച്ചു നേർക്കുനേരെ കെട്ടിയിടാൻ പറ”

സ്നേഹത്തിന്റെ മധു നുകരാൻ ഉമ്മർക്ക അടുത്ത കലഹത്തിനുള്ള തീക്കൊളുത്തിയതാണെന്ന് മനസ്സിലായ ഞാൻ ആയിസുവിന്റെ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

Leave a Reply

Your email address will not be published.