കാണാൻ വന്ന അഞ്ചമത്തെ ചെറുക്കനും ഇഷ്ടമല്ലെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഉള്ള..

(രചന: മോനിഷ)

“”അല്ലെങ്കിലും ഈ കല്യാണം നടക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാരുന്നു അമ്മേ. വരുന്നവർക്ക് എല്ലാം വേണ്ടത് നല്ല സുന്ദരിയായ ഒരു പെണ്ണിനെയാണ്…

അല്ലെങ്കിൽ കൊടുക്കാൻ നല്ല സ്ത്രീധനം വേണം. ഇത് രണ്ടും ഇല്ലെങ്കിൽ ഇങ്ങനെ വീട്ടിൽ നിൽക്കാം. പറഞ്ഞിട്ട് കാര്യമില്ല.

ഓരോ കല്യാണം മുടങ്ങുമ്പോഴും ഇങ്ങനെ കരയാൻ നിന്നാൽ അമ്മയ്ക്ക് അതിന് മാത്രമേ സമയം കാണു.

ഇന്ന് ഈ ജീവിതത്തിൽ അമ്മയ്ക്ക് കൂട്ടായി ഞാനും, എനിക്ക് അമ്മയും മാത്രം മതി.

നമ്മളെ മനസിലാക്കുന്ന ഒരാൾ വന്നാൽ അപ്പോൾ ആലോചിക്കാം കല്യാണത്തിന് കുറിച്ച്. കാരണം ഇനിയും സങ്കടപെടാൻ എനിക്ക് വയ്യ അമ്മേ…””

കാണാൻ വന്ന അഞ്ചമത്തെ ചെറുക്കനും ഇഷ്ടമല്ലെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഉള്ള സ്നേഹയുടെ വാക്കുകൾ കേട്ടു എന്ത് പറയണമെന്ന് അറിയാതെ സുമ നിന്നു… അവൾ പറഞ്ഞതെല്ലാം സത്യമാണ്.

വരുന്ന ആലോചനയെല്ലാം മുടങ്ങാൻ കാരണം പെണ്ണിന് നിറമില്ല, കൊടുക്കാൻ സ്ത്രീധനമില്ലെന്ന പേരിലാണ്. ആകെ ഉള്ള ഭൂമി വിറ്റാണ് മോളുടെ അച്ഛനെ ചികിൽസിച്ചത്.

ക്യാൻസറിന്റെ അവസാന സ്റ്റേജ് ആയിരുന്നെങ്കിലും മരണത്തിലേക്ക് തള്ളി വിടാൻ തോന്നിയില്ല.

പക്ഷെ പ്രാർത്ഥനകളെല്ലാം വെറുതെയാക്കി അദ്ദേഹം പോയി. കുറെ കടങ്ങൾ മാത്രം ബാക്കിയായി.

വാടകവീട്ടിൽ താമസിക്കുമ്പോഴും സ്‌നേഹ വിശ്വസിച്ചിരുന്നു ഒരു ദിവസം സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ അവൾക്ക് കഴിയുമെന്ന്.

അതിന് വേണ്ടി ചെറിയ രീതിയിൽ സേവിങ്സ് ഉം ഉണ്ടാരുന്നു. അപ്പോഴാണ് ഈ കല്യാണലോചനയെല്ലാം….

“”ഇനിയും എനിക്ക് വേണ്ടി അമ്മ ഇങ്ങനെ ആലോചനയെന്നും പറഞ്ഞു നടക്കരുത്. എനിക്ക് വിധിച്ചിട്ടുള്ള ചെക്കൻ എപോഴാണെങ്കിലും മുന്നിലെത്തും.

പിന്നെ ഈ ലോകത്തു കല്യാണം കഴിക്കാത്തവരും ജീവിക്കുന്നില്ലേ. അങ്ങനെ ഞാനും ജീവിക്കും. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും. അത് മതി…””

അടുത്ത ദിവസം ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ സ്നേഹ പറഞ്ഞതും ആ അമ്മയ്ക്ക് തിരിച്ചു പറയാൻ മറുപടിയില്ലാരുന്നു. അല്ലെങ്കിലും താൻ എന്ത് പറയാൻ!!!

ബസിൽ ഇരിക്കുമ്പോൾ മുഴുവൻ അവൾ ചിന്തിച്ചത് ആരവിനെ കുറിച്ചാരുന്നു… ഈ പെണ്ണിന്റെ കറുപ്പും ഇഷ്ടപ്പെട്ടവൻ.

എന്നും തുമ്പി പെണ്ണെ എന്നും വിളിച്ചു കോളേജിൽ പോകുമ്പോഴും എല്ലാം പുറകിൽ തന്നെ ഉണ്ടാരുന്നു.

ഇഷ്ടം പറഞ്ഞ ദിവസം തനിക്ക് അത് ഒരുപാട് സന്തോഷം നൽകിയെങ്കിലും യെസ് പറയാൻ തോന്നിയില്ല.

“”ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ട് ഇരിക്കുവല്ലേ അച്ചുവേട്ടാ.. ഏട്ടന് നല്ലൊരു ജോലിയുമില്ല.

സ്വന്തമായി ഒരു ജോലി വാങ്ങിയ ശേഷം വീട്ടിൽ വന്നു അച്ഛനോട് ചോദിക്ക് മോളെ കെട്ടിച്ചു തരുമോ എന്ന്. അച്ഛൻ സമ്മതിച്ചാൽ എനിക്കും സമ്മതം….””

അത്ര മാത്രം പറഞ്ഞു അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ പോകുമ്പോൾ താൻ വിശ്വസിച്ചിരുന്നു ഒരിക്കൽ അവൻ തന്റെ അച്ഛന്റെ മുന്നിൽ വന്നു നിന്ന് അന്തസായി പെണ്ണ് ചോദിക്കുമെന്ന്…

പിന്നീട് ആരവിനെ കണ്ടത് കുറെ നാളുകൾക്ക് ശേഷമാണ്. എന്നും കോളേജിലേക്ക് പോകുന്ന വഴി അവനെ നോക്കിയിരുന്നു എങ്കിലും നിരാശയായിരുന്നു ഫലം.

ഏറെ ഷീണിച്ചു മുടിയെല്ലാം പറ്റ വെട്ടി നിൽക്കുന്നവനെ കണ്ട് അവന്റെ അടുത്തേക്ക് പോകണമെന്ന് ഉണ്ടാരുന്നു എങ്കിലും ഉള്ളിലെ ഈഗോ അതിന് സമ്മതിച്ചില്ല.

ബസും നോക്കി സ്റ്റോപ്പിൽ നിന്നതും കണ്ടു തന്റെ നേരെ നടന്നു വരുന്ന ആരവിനെ.

“”ഒരുത്തൻ വന്നു ഇഷ്ടം പറഞ്ഞിട്ട് പോയിട്ടും, പിന്നീട് ദിവസങ്ങൾ അവനെ കാണാതിരുന്നപ്പോൾ ആരോടെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു അവൻ ചത്തോ ജീവിച്ചോ എന്ന്.

അതോ ഇനി നീ പ്രാർത്ഥിച്ചോ തുമ്പി പെണ്ണെ പോകുന്ന വഴി ഏതെങ്കിലും വണ്ടിയിടിച്ചു ഞാൻ തീരാൻ??””

തമാശയോടെയാണ് അവൻ അത് പറഞ്ഞതെങ്കിലും അത് തമാശയല്ലെന്ന് മനസിലായത് അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോഴാണ്.

“”ഇങ്ങനെ കണ്ണും നിറച്ചു എന്നെ പേടിപ്പിയ്ക്കാൻ നോക്കണ്ട. ഞാൻ ഒരു തമാശ പറഞ്ഞതാ… നീ എന്നെ ഒന്ന് തിരക്കിയില്ലല്ലോ. അതിന്റെ സങ്കടം.””

“”ഞാൻ എങ്ങനെ തിരക്കും.,??? എന്റെ കൈയിൽ അച്ചുവേട്ടന്റെ നമ്പർ ഇല്ലെല്ലോ. പക്ഷെ എന്നും നോക്കുമാരുന്നു.

കൂട്ടുകാരോട് ചോദിക്കാൻ ഒരു മടി. എവിടെയാരുന്നു ഇത്ര നാൾ??? ഞാൻ കരുതി ഇനി എന്നെ വേണ്ടെന്ന്…””

“”നിന്നെ ഞാൻ പ്രൊപ്പോസ് ചെയ്ത ദിവസം ഓർമ്മയുണ്ടോ??””

“”ഉണ്ടെല്ലോ…””

“”അന്ന് ഞാൻ വേറെ ഒരു കാര്യം കൂടി പറയാൻ വന്നപ്പോഴാണ് നീ വലിയ തഗ് ഡയലോഗ് അടിച്ചു നടന്നു പോയത്.””

“”വേറെ എന്ത് കാര്യം???””

“”എനിക്ക് ആർമിയിൽ ജോലി കിട്ടിയെന്ന്. അടുത്ത ദിവസം തന്നെ ട്രെയിനിങ് നു പോകണമായിരുന്നു.

അത് നിന്നോട് പറഞ്ഞിട്ട് പോകാമെന്ന് കരുതിയെങ്കിലും അതിനുള്ള ഒരു അവസരം നീ തന്നില്ലല്ലോ. പിന്നെ വിചാരിച്ചു എങ്കിൽ പിന്നെ പോയി വന്നിട്ട് പറയാമെന്നു…””

“”അച്ചുവേട്ടൻ ആകെ ക്ഷീണിച്ചു.””

“”അത് അവിടെ നല്ല സുഖമല്ലേ.. അതാ.. നിന്റെ വീട്ടിൽ വന്നു ഞാൻ ചോദിക്കട്ടെ?? മോളെ എനിക്ക് തരുമോ എന്ന്???””

“”കോഴ്സ് കഴിഞ്ഞു വാ.. അത് വരെ നമുക്ക് ഇങ്ങനെ സ്നേഹിക്കാം… കല്യാണം കഴിഞ്ഞാൽ അങ്ങനെയൊന്നും പറ്റില്ലല്ലോ.””

സ്നേഹ പറഞ്ഞതും അവനും എതിർത്തോന്നും പറയാൻ തോന്നിയില്ല.

അടുത്ത തവണ ലീവിന് വന്നപ്പോഴായിരുന്നു അവളുടെ അച്ഛൻ മരിച്ചത്.

എന്തിനും ഒരു മകന്റെ സ്ഥാനത്ത് ഓടി നടന്നെങ്കിലും കണ്ട് നിന്നവർക്ക് അത് ഒരു പട്ടാളക്കാരന്റെ നല്ല മനസ് ആയിട്ടേ തോന്നിയുള്ളു. ചടങ്ങുകൾ എല്ലാം കഴിഞ്ഞു 16 ന്റെ ദിവസം അവൻ വീണ്ടും സ്നേഹയെ കണ്ടു.

“”ഇനിയും കാത്തിരിക്കണോ ഞാൻ??? നീയും അമ്മയും ഒറ്റയ്ക്ക് അല്ലെ… എല്ലാ കടങ്ങളും ഒറ്റയ്ക്ക് ചുമക്കേണ്ട.

അമ്മയെ വീട്ടിലേക്ക് വിടട്ടെ ഞാൻ??? നിന്റെ എന്റെ പെണ്ണായി ചോദിക്കാൻ???? രണ്ട് ദിവസം കൂടിയേ ഉള്ളു ലീവ്…””

“”എനിക്ക് വേണ്ടി ആരും ഇനി വീട്ടിലേക്ക് വരണ്ട. അച്ഛന്റെ ചികിത്സക്ക് വേണ്ടി എടുത്ത കുറച്ചു കടമുണ്ട്. അതെല്ലാം തീർക്കാൻ സമയമെടുക്കും.

ഇപ്പോൾ എന്നെ അച്ചുവേട്ടൻ കൂടെ കൂട്ടിയാൽ എല്ലാരും പറയുക അവന്റെ മനസ് വലുതാണ്, ആ പെണ്ണിന്റെ ഭാഗ്യം, ചുളുവിന്‌ പട്ടാളക്കാരനെ കിട്ടി എന്നൊക്കെ ആയിരിക്കും. അതൊന്നും കേൾക്കാൻ എനിക്ക് താല്പര്യമില്ല.

ഇത് വരെ അച്ഛൻ ഞങ്ങളെ നല്ല അന്തസായ രീതിയിലാണ് വളർത്തിയത്. ഒരു സുപ്രഭാതത്തിൽ ആ പേര് കളയാൻ എനിക്ക് താല്പര്യമില്ല. അച്ചുവേട്ടന് എന്നെക്കാൾ നല്ല പെണ്ണിനെ കിട്ടും.””

“”സ്ഥിരം കാമുകിമാർ പറയുന്ന ക്ലിഷേ ഡയലോഗ് എന്നോട് പറയാൻ നിൽക്കണ്ട നീ.

അച്ചുവേട്ടന് നല്ലൊരു പെണ്ണിനെ കിട്ടും, അവളെ കല്യാണം കഴിച്ചു ജീവിക്കണം., എന്റെ അവസ്ഥ മനസിലാക്കണം.

ഇതൊക്കെയല്ലേ നിനക്ക് പറയാൻ ഉള്ളത്???? സന്തോഷങ്ങളിൽ മാത്രം കൂടെ നിൽക്കാൻ അല്ല നിന്നെ ഞാൻ സ്നേഹിച്ചത്.

നിന്റെ സങ്കടങ്ങൾ എന്റെ കൂടിയാണ്. ഇനി അതെല്ലാം നിനക്കൊരു ബുദ്ധിമുട്ട് ആണെങ്കിൽ പോടീ പുല്ലേ.

കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ കൂടി പോകും. എല്ലാം നിന്റെ ഇഷ്ടം. അടുത്ത തവണ വരുമ്പോൾ ജീവനോടെ ഉണ്ടെങ്കിൽ കാണാം.””

ഇത്ര മാത്രം പറഞ്ഞു ദേഷ്യത്തോടെ ആരവ് പോയതും ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും പെണ്ണ് പുറമെ ചിരിച്ചു.

മറ്റാർക്കും അംഗീകരിക്കാൻ പറ്റിയില്ലെങ്കിലും അവളുടെ ശെരി അതായിരുന്നു. ആ പെണ്ണിന്റെ മാത്രം ശെരി…

എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് വർഷങ്ങൾ. പിന്നീട് പലപ്പോഴും ചെക്കൻ വിളിച്ചിരുന്നു എങ്കിലും അവൾ ഫോൺ എടുത്തിരുന്നില്ല.

മറന്നു കാണും തന്നെ. അല്ലെങ്കിലും ഒരു പട്ടാളക്കാരന് തന്നെ പോലെ പ്രാരാബ്ധങ്ങൾ മാത്രമുള്ള ഒരുവളെ എന്തിനാ.

തിരിച്ചു വീട്ടിൽ വരുമ്പോൾ പതിവില്ലാതെ മുറ്റത്തു കാർ കിടക്കുന്നത് കണ്ട് നെറ്റി ചുളിച്ചാണ് സ്നേഹ അകത്തേക്ക് കയറിയത്.

ആകാതിരിക്കുന്ന ആളെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ കുഴഞ്ഞു.

“”ഇങ്ങനെയൊരു മീറ്റിംഗ് എന്റെ തുമ്പി പെണ്ണ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ലെ??? സാരമില്ല.

നിന്നെ കാണാൻ വന്നവന്മാരെയൊക്കെ ഒതുക്കാൻ എന്റെ കൂട്ടുകാർ അല്പം കഷ്ടപ്പെട്ട്. നിന്നോടുള്ള ദേഷ്യം കൊണ്ട് അല്ല, എനിക്ക് ലീവ് കിട്ടിയാൽ അല്ലെ ഇങ്ങനെ വന്നു പെണ്ണ് ചോദിക്കാൻ പറ്റു.

ഇത് വരെ നിന്റെ വാശികൾ ഞാൻ സഹിച്ചത് മറ്റൊന്നും കൊണ്ട് അല്ല, എവിടെയൊക്കെയോ നിന്റെ ഭാഗത്തും ശെരികൾ ഉണ്ടാരുന്നു.

ആ വാശിയിൽ നീ പഠിച്ചു ജോലി വാങ്ങുമെന്നൊരു ഉറപ്പ് ഉണ്ടാരുന്നു എനിക്ക്.

പക്ഷെ കല്യാണം ആലോചിക്കുമ്പോഴെങ്കിലും നീ എന്നെ ഓർക്കുമെന്ന് വെറുതെ പ്രതീക്ഷിച്ചു ഞാൻ. അങ്ങനെ നിന്നെ മറന്നു വേറൊരാളെ പെട്ടെന്നൊന്നും കെട്ടാൻ എനിക്ക് പറ്റില്ല. സോറി മോളെ.

അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മയ്ക്കും സമ്മതം. ഇനി എസ്ക്യൂസ്‌ പറയാതെ മര്യാദക്ക് കല്യാണത്തിന് സമ്മതിക്കണം.””

“”സമ്മതിച്ചില്ലെങ്കിൽ നിന്റെ കാൽ പിടിച്ചിട്ടാണെങ്കിലും സമ്മതിപ്പിക്കും ഞാൻ. എന്റെ പൊന്നല്ലേ… ഇനിയും വയ്യ പെണ്ണെ നീ ഇല്ലാതെ….””

ആദ്യം കളിയോടെയാരുന്നെകിലും പിന്നീട് ദയനീയാമായിരുന്നു അവന്റെ സ്വരം. ഇനിയും അവനെ കണ്ടില്ലേന്നു നടിക്കാൻ അവൾക്കും കഴിയില്ലാരുന്നു….

ഏറ്റവുമടുത്ത മുഹൂർത്വത്തിൽ തന്നെ ആരവ് സ്നേഹയെ തന്റെ പാതിയാക്കുമ്പോൾ ഇനി എന്ത് സാഹചര്യം വന്നാലും ആ കൈ വിടില്ലെന്ന് അവൾ മനസ്സിൽ തീരുമാനിച്ചിരുന്നു…

ജീവിതത്തിൽ തെറ്റ് പറ്റാത്തതായിട്ട് ആരുമില്ലല്ലോ… പക്ഷെ തിരുത്താൻ പലർക്കും അവസരം കിട്ടാറില്ലെന്ന് മാത്രം…

Leave a Reply

Your email address will not be published. Required fields are marked *