കുറച്ചു കഴിഞ്ഞുമതി കുഞ്ഞുങ്ങൾ എന്നു കരുതിയതാ കരണം ഞാൻ ജോലി കഴിഞ്ഞെത്തുമ്പോ..

പച്ചമാങ്ങാ
(രചന: Mejo Mathew Thom)

“എന്താണ് സൂസമ്മമേഡം മുഖത്തൊരു ക്ഷീണം ഇന്നലെയെന്നാ ഉറങ്ങിലെ… ”

എന്നുള്ള പ്യൂൺ ചന്ദ്രപ്പന്റെ വളിച്ച തമാശയും

“എന്റെ മുഖത്തിന്റെ ക്ഷീണം നോക്കിനടന്നു നീയില്ലാത്തപ്പോൾ നിന്റെ കെട്യോൾ പകല് ക്ഷീണിക്കാതെ നോക്കിയാൽ നിനക്ക് കൊള്ളാം ”

സുസമ്മ മേഡത്തിന്റെ മറുപടിയിൽ
വടികൊടുത്തടിമേടിച്ച പോലെയുള്ള ചന്ദ്രപ്പന്റെ അവസ്ഥയുമൊക്കെയായി ഇന്നത്തെ ഓഫീസ് ജീവിതം തുടങ്ങിയപ്പോഴാണ് വീട്ടിൽനിന്നും ഭാര്യയുടെ ഫോൺ വന്നത്…

എടുത്തു ഹലോ വയ്ക്കുന്നതിനു മുമ്പേ അവൾ പറഞ്ഞു തുടങ്ങിയിരുന്നു

“സണ്ണിച്ചാ… വൈകിട്ടു വരുംമ്പോൾ പുളിയുള്ള പച്ചമാങ്ങാ കുറച്ചു വാങ്ങിച്ചോണ്ട് വരണേ…”

“പച്ചമാങ്ങയോ…? എന്നാത്തിനാ…? ” ഞാൻ ചോദിച്ചെങ്കിലും കാൾ കട്ടായിപോയി.. പക്ഷെ ഞാൻ പറഞ്ഞത് ഓഫീസിലുള്ളവർ കേട്ടു…

“ചിലവുണ്ട് സണ്ണി…. ” എന്നുപറഞ്ഞു അടുത്തിരുന്ന മോഹനേട്ടൻ കൈതന്നപ്പോഴാ അവളുപറഞ്ഞ പച്ചമാങ്ങയെക്കുറിച്ചു ഞാനെന്ന ഭർത്താവ് ചിന്തിച്ചത്…

കല്യാണം കഴിഞ്ഞിട്ടു 6 മാസം കഴിഞ്ഞു.. എന്റെ ജോലിയുടെ സൗകര്യം നോക്കി ടൗണിൽ ഒരു ഫ്ലാറ്റ് എടുത്തു.. ഞങ്ങൾ മാത്രമുള്ള ഞങ്ങളുടെ ലോകം..

കുറച്ചു കഴിഞ്ഞുമതി കുഞ്ഞുങ്ങൾ എന്നുകരുതിയതാ കരണം ഞാൻ ജോലികഴിഞ്ഞെത്തുമ്പോഴേക്കും വീട്ടുപണിയൊക്കെ തിർത്തു കാച്ചെണ്ണ തേച്ചുകുളിച്ചു സുന്ദരിയായി കാത്തിരിക്കുന്ന

അവളുടെ പകലിലെ ഏകാന്തതയും കാച്ചിയ വെളിച്ചെണ്ണയുടെ സുഗന്ധത്തിൽ മയങ്ങിപോകുന്ന ഞാനും കൂടിച്ചേരുമ്പോൾ കടിഞ്ഞാണുകൾ പൊട്ടുന്ന ഞങ്ങളുടെ സായാഹ്‌നവും രാവും ആസ്വദിച്ചു മതിയായില്ല എന്നതാണ്…

പക്ഷെ ഈ നിമിഷത്തിൽ ഞാനതെല്ലാം മറന്നു ഒരച്ഛൻ എന്നുള്ള ചിന്തയിൽ മനസ് നിറഞ്ഞു..

ഉണ്ടായ സന്തോഷം മറച്ചുവയ്ക്കാതെ മുഖപുസ്തകത്തിലും സ്റ്റാറ്റസ്‌ പോസ്റ്റ് ചെയ്തു..

സഹപ്രവത്തകരുടെ ആക്കലുകളും അഭിനന്ദനങ്ങൾക്കും വിടനൽകി half day leave ഉം എടുത്തു നേരെ വീട്ടിലേക്കു കുതിച്ചു…

ആദ്യം അവളെ കാണണം അതുകഴിഞ്ഞു മാതാപിതാക്കളെയും ബന്ധുക്കാരെയും വിളിക്കാമെന്ന് കരുതി..

പോകും വഴി കുറച്ചു പച്ചമാങ്ങയും വാങ്ങി… വാതിൽ തുറന്ന് നാണത്തോടെ നിൽക്കുന്ന അവളെയും ചിന്തിച്ചു കാളിങ്ബെല്ലിൽ വിരലമർത്തി..

തുറക്കാൻ വൈകുന്ന നിമിഷങ്ങൾ മണിക്കൂറുകളായി എനിക്കുതോന്നി… ഒടുവിലാവാതിൽ തുറക്കപ്പെട്ടു….

അവൾക്കു എന്തെങ്കിലും ചോദിക്കണോ പറയാനോ സമയം കൊടുത്തില്ല അകത്തേയ്ക്കു കയറി ഒരുകൈ കൊണ്ടു വാതിലടച്ചു മറുകൈകൊണ്ടവളെ ചേർത്തു പിടിച്ചൊരു മധുരചുംബനം ചൊടിയിലേക്കി…

അതിനിടക്ക് കൈയിലുണ്ടായിരുന്ന മാങ്ങപൊതി താഴെവീണുപോയ്…

“എന്നാ…. വട്ടായോ സണ്ണിച്ചന്.. ഇന്ന് പണിയൊന്നുമില്ല… ” എന്നും പറഞ്ഞവൾ കുതറിമാറി…

“എടിപെണ്ണേ ഗർഭിണികൾ ഇങ്ങനെ തുള്ളല്ലേ…. ”

“ഏതു ഗർഭിണി…. ?” നിലത്തുവീണ മാങ്ങാ പെറുക്കിയെടുത്തോണ്ടു അവൾ ചോദിച്ചു…

“ങേ…. നീയല്ലേ പറഞ്ഞേ നിനക്ക് പച്ചമാങ്ങവേണോന്നു….. ”

അവളുടെ തണുപ്പൻ പ്രതികരണം കണ്ടു അല്പം സംശയത്തോടെ ഞാൻ ചോദിച്ചു… ഈ കുഞ്ഞിപ്പോൾ വേണ്ടന്നുങ്ങാനും അവൾ തീരുമാനിച്ചോ.. എന്റെമനസിലൊരു കൊള്ളിയാൻമിന്നി…

“അത്രയും പറഞ്ഞപ്പോഴേക്കും ഫോണിലെ ബാലൻസ് കഴിഞ്ഞു… എന്നാ നിങ്ങള് തിരിച്ചു വിളിക്കുമെന്ന് വിചാരിച്ചു…

അപ്പുറത്തെ ഫ്ലാറ്റിലെ മോളി ചേച്ചി നാട്ടിൽ പോയി വന്നപ്പോൾ കൊണ്ടുവന്ന ചക്കകുരുവിൽ കുറച്ചു ഇവിടേ കൊണ്ടുവന്നു തന്നു.. അത് മാങ്ങയിട്ടു കറിവയ്ക്കാനാ പച്ചമാങ്ങാ വാങ്ങികൊണ്ടുവരാൻ പറഞ്ഞെ…..”

അവളുടെ മറുപടികെട്ടു ചിരിക്കണോ കരയാണോന്നറിയാതെ അടുത്തുണ്ടായിരുന്ന കസേരയിലിരുന്നു….

“ഇങ്ങനൊരു വെളിവുകെട്ട മനുഷ്യൻ… ചോറിപ്പോൾ വെന്തുപോയിട്ടുണ്ടാകും…. ”

എന്നുംപറഞ്ഞു എന്റെ തലയ്യിൽ ഒരുത്തട്ടുംതന്നു അവൾ അടുക്കളയിലേക്കോടി…

അപ്പോഴും എന്റെ മുഖപുസ്തക പേജിലെ അച്ഛൻ അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയായിരുന്നു…….

Leave a Reply

Your email address will not be published.