അമ്മയെ നമ്മുടൊപ്പം നിറുത്തുന്നത് നമ്മുടെ ജീവിതത്തിൽ ഒരു ബാധ്യതയാ, തൽക്കാലം..

(രചന: Mejo Mathew Thom)

“ഡാ… നിയൊന്നവിടെനിന്നെ… ” സിറ്റ്ഔട്ട്ന്റെ സ്റെപ്പിലിരുന്നു കാലിൽ കുഴമ്പ് പുരട്ടികൊണ്ടിരുന്ന മേരിടീച്ചർ..

ദൃതിയിൽ അകത്തേയ്ക്കു കയറിപ്പോകുന്ന മകനോടായ് പറഞ്ഞു…

“എന്താ അമ്മേ… ?” മേരിടീച്ചർ ന്റെ വിളികേട്ടു അകത്തേയ്ക്കു കയറാൻ തുടങ്ങിയ അവൻ വാതിൽക്കൽത്തന്നെ തിരിഞ്ഞുനിന്നുകൊണ്ടു ചോദിച്ചു

“കുറച്ചുദിവസമായി നി ഏതാണ്ട് കൂട്ടിലടച്ച വെരുകിനെപ്പോലെ വിറളിപിടിച്ചുകിടന്നോടുന്നു… എന്തുപറ്റി.. ?” തേച്ചുകഴിഞ്ഞ കുഴുമ്പ് കുപ്പിയുടെ അടപ്പടച്ചുകൊണ്ടു ചോദിച്ചു

“എനിക്ക് കുഴപ്പമൊന്നുമില്ല.. അമ്മയ്ക്കു ചുമ്മാ തോന്നുന്നതായിരിയ്ക്കും.. ” അവൻ ഒഴുക്കൻമട്ടിൽ പറഞ്ഞു

“എന്റെ തോന്നലുമാത്രമാണെങ്കിൽ നല്ലത്..” ചുമരിൽവച്ചിരുന്ന ക്രൂശിതരൂപത്തെനോക്കി പറഞ്ഞുകൊണ്ട് മേരിടീച്ചർ സ്റ്റെപ്പിന്റെ കൈപ്പിടിയിൽ പിടിച്ചെഴുനേറ്റു… ”

“സിബിച്ചാ ഒന്നിങ്ങോട്ടുവന്നെ… ” അപ്പോഴാണ് അകത്തുനിന്നും ഒരു സ്ത്രി ശബ്ദം… അവന്റെ ഭാര്യ സെലിൻ ആയിരുന്നു…

“എന്താടി.. ” അവൻ അകത്തേയ്ക്കു നടക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു.. പക്ഷെ അതിനു മറുപടിയൊന്നുമുണ്ടായില്ല..

കാറിന്റെ ചാവി ഷോക്കേസിന്റെ താഴത്തെ തട്ടിൽ വച്ചുകൊണ്ടു മുറിയിലേക്ക്‌ ചെല്ലുമ്പോൾ അവൾ ഏതോചിന്തയിൽ കൈവിരലുകൾ തിരുമ്മികൊണ്ട് നിൽക്കുകയായിരുന്നു..

അവൻ അകത്തേയ്ക്കുകയറിയതും അവൾ മുറിയുടെ വാതിലടച്ചു കുറ്റിയിട്ടുകൊണ്ടു ചോദിച്ചു…

“എന്താ അമ്മ ചോദിച്ചത്.. ?”

“ഓഹ് … പ്രത്യേകിച്ചൊന്നുമില്ല” എന്നുംപറഞ്ഞവൻ മേശയിലിരുന്ന വെള്ളത്തിന്റെ ജെഗെടുത്തു വായിലേയ്ക്ക് കമഴ്ത്തി…

“അമ്മെക്കെന്തോ സംശയമുള്ളപോലുണ്ട്.. ഇന്ന് നിങ്ങള് പോയിക്കഴിഞ്ഞു അമ്മ പതിവില്ലാതെ എന്നോട് പഴയകാര്യങ്ങളൊക്കെ പറഞ്ഞു..

അപ്പച്ചന്റെ ആഗ്രഹമായിരുന്നു നിങ്ങളെ ഡോക്ടർ ആക്കണം അമേരിക്കയിലേക്ക് വിടണം എന്നൊക്കെയെന്നു… ”

“ഏയ്… അമ്മക്ക് എങ്ങനെ സംശയം തോന്നാനാ… ”

എന്ന് അവൾക്കു മറുപടി കൊടുത്തെങ്കിലും അവന്റെ ചിന്തകൾ ഒരുനിമിഷം പുറകോട്ടു മറിഞ്ഞു…

താനും അപ്പച്ചനും അമ്മയുമുള്ള കൊച്ചുകുടുംബം…അപ്പച്ചനെക്കാളും തന്റെ ആഗ്രഹങ്ങൾക്ക് സപ്പോർട്ട് നിൽക്കുന്ന അമ്മ…

പഠിച്ചൊരു ഡോക്ടർ ആയപ്പോഴും അമേരിക്കയിൽ ജോലികിട്ടിപോയപ്പോഴും തന്നെക്കാളുമേറെ സന്തോഷിച്ച തന്റെ മാതാപിതാക്കൾ…

സ്വന്തം ഇഷ്ടപ്രകാരം കൂടെ ജോലിചെയ്യുന്ന പെൺകുട്ടിയെ കല്യാണംകഴിയ്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ യാതൊരു തടസവും പറയാതെ നടത്തിത്തന്നവർ…

അപ്പച്ചന്റെ മരണശേഷവും ഒരു പരാതിയുംപറയാതെ തന്നെയും ഭാര്യയെയും അമേരിക്കയിലേക്ക് പോകാൻ സമ്മതിച്ചു നാട്ടിൽ തനിച്ചുനിന്ന അമ്മ…

തന്റെ മകനെനോക്കാനായ് യാതൊരു മടിയുംകൂടാതെ അമേരിക്കയിലേക്കുവന്ന അമ്മ…

“നിങ്ങളെന്താ ആലോചിക്കുന്നേ…?”

അവളുടെ ചോദ്യം അവനെ ചിന്തകളിൽനിന്നുണർത്തി പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല.. അല്പസമയത്തിനുശേഷം അവളെത്തന്നെ തുടർന്നു..

“വെക്കേഷൻ കഴിഞ്ഞു തിരിച്ചുപോകാൻ ഇനി അധികം ദിവസമില്ല..കാര്യങ്ങൾ പെട്ടന്ന് തീർക്കണം..

കൊച്ചൊരു തടസമാകും എന്നു വിചാരിച്ചാ അവനെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിയത്…. ഇനിയും പ്രായമായ അമ്മയെ നമ്മുടൊപ്പം നിറുത്തുന്നത് നമ്മുടെ ജീവിതത്തിൽ ഒരു ബാധ്യതയാ…”

“തൽക്കാലം അമ്മയെക്കൊണ്ടുള്ള നമ്മുടെയാവശ്യം കഴിഞ്ഞല്ലോലെ….. ?”

അവൾ പറഞ്ഞുതീരുംമുൻപ് അവൻ അൽപം പുച്ഛഭാവത്തിൽ ചോദിച്ചു…ഒരു പൊട്ടിത്തെറിയാണ് അവളിൽ നിന്നുണ്ടായത്…

“നിങ്ങൾ അമ്മയെയും കെട്ടിപിടിച്ചിവിടെയിരുന്നോ..ഞാനും കൊച്ചും തിരിച്ചു പോയ്കോളാം…”

അവൻ മറുപടിയൊന്നുമില്ലാതെ കട്ടിലിൽ തലകുമ്പിട്ടുതന്നെയിരുന്നു… അവൾ പതിയെ അവന്റെ അടുത്തുചെന്നിരുന്നു തോളിൽ കൈവച്ചുകൊണ്ടു പറഞ്ഞു

“ആരും ചെയ്യാത്ത കാര്യമൊന്നുമല്ലലോ… പിന്നെ നമ്മൾ അമ്മയെ ഉപേക്ഷിക്കുകയൊന്നുമല്ലലോ…”

ഒന്നും പറയാതെ കുറച്ചുനേരം അവളുടെ മുഖത്തു നോക്കിയിരുന്ന ശേഷം കട്ടിലിൽനിന്നെഴുനേറ്റു പുറത്തേയ്ക്കു പോയി…അമ്മയപ്പോൾ ഉമ്മറത്തിരുന്ന് ഏതോ പുസ്തകം വായിക്കുവായിരുന്നു…

“അമ്മേ…നാളെ രാവിലെ ഒരു യാത്രയുണ്ട് അമ്മയുടെ കുറച്ചുഡ്രെസ്സ്‌ എടുത്തു വച്ചോളു..മൂന്നാലുദിവസത്തെ യാത്രയാ”

അവൻപറയുന്നതുകേട്ടു വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽനിന്നു മുഖമുയർത്തി അവനോടുചോദിച്ചു

“എങ്ങോട്ടാടാ..ഇത്ര നീണ്ടയാത്ര…?”

“അവളുടെ ഒരു കസിന്റെ കല്യാണമുണ്ട് അതുവഴിനമുക്ക് നാട്ടിലൊക്കെയൊന്ന് പോയിട്ടുവരാം”

അവൻ അമ്മയുടെ മുഖത്തുനോക്കാതെ പറഞ്ഞു

“അപ്പോൾ കൊച്ചിനെ കൊണ്ടുപോകണ്ടേ..?”

“അവൻ അവളുടെ വീട്ടുകാർക്കൊപ്പം വന്നോളും”

അമ്മയുടെ ചോദ്യത്തിന് ഒരുതരത്തിൽ മറുപടിപറഞ് അവൻ മുറിയിലേക്ക് വേഗത്തിൽ തിരിച്ചുനടന്നു…

അകത്തു കയറി വാതിലടക്കുമ്പോഴേയ്ക്കും അവന്റെമിഴികൾ നിറഞ്ഞുതുളുമ്പി.. നേരെ ബാത്റൂമിലേക്കുപോയി ഷവർ ഓൺ ചെയ്ത് അതിന്റെ ചുവട്ടിൽനിന്നു പൊട്ടിക്കരഞ്ഞു…..

നിമിഷങ്ങൾ മണിക്കൂറുകളായി രവിരുണ്ടുവെളുത്തു….അവനും ഭാര്യയും അമ്മയും കൂടെ രാവിലെതന്നെ കാറിൽ യാത്രപുറപ്പെട്ടു..

ഇടയ്കിരിടത്തു വണ്ടിനിറുത്തി ഭക്ഷണം കഴിച്ചു ആരും പരസ്പരമൊന്നുംമിണ്ടിയില്ല കുറച്ചു..

വഴിയരികിലെ കാഴ്ചകളെ പുറകിലായ്ക്കി വണ്ടി കുതിച്ചുപാഞ്ഞു കഴിഞ്ഞപ്പോൾ അമ്മ ഉറക്കത്തിലേക്കു വീണു..

കുറേ നേരം ഓടിയശേഷം st.Marys oldage home എന്ന ഒരു ബോർഡ് നടിയിലൂടെയുള്ള ഗെയ്റ്റിലൂടെ വാഹനം അകത്തേയ്ക്കു കയറി ഒരു ഇരുനിലകെട്ടിടത്തിൽ മുന്നിൽ നിന്നു…

“അമ്മേ എഴുനേൽക്കു..സ്ഥലമെത്തി”

അവന്റെ വിളികേട്ടു ഉറക്കത്തിൽനിന്നുണർന്ന് കൈകൊണ്ടു തലമുടി കോതിയിതുക്കി അവർ കാറിൽനിന്നു പുറത്തിറങ്ങി.. ചുറ്റുമൊന്നുനോക്കികൊണ്ടു അവനോടുചോദിച്ചു

“ഇതേതാ സ്ഥലം. നമ്മളെന്താ ഇവിടെ…?”

“അമ്മ വാ..ഇവിടെ ഒരാളെ കാണാനുണ്ട്..”

എന്നുംപറഞ്ഞു അവൻ കാർ ലോക്ക് ചെയ്ത് കെട്ടിടത്തിന്റെ അകത്തേയ്ക്കു നടന്നു അമ്മയും ഭാര്യയും പുറകെയും

“നിങ്ങൾ ഇവിടെ ഇരിക്ക്…ഞാനിപ്പോൾ വരാം”

വിസിറ്റിംഗ് റൂമിലെ കസേരകളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് അവരോടു പറഞ്ഞശേഷം അവൻ അതിനടുത്തുള്ള ഒരു മുറിയിലേയ്ക്കു കയറിപ്പോയി

അല്പസമയത്തിനു ശേഷം അധികം പ്രായമാകാത്ത എങ്കിലും തീഷ്ണതനിറഞ്ഞ മിഴികളും പുഞ്ചിരിതൂകുന്ന മുഖവുമായുള്ള ളോഹ ധരിച്ച ഒരു വൈദികന്റെ ഒപ്പം അവർക്കരികിലേയ്ക്ക് വന്നു…

“ഇശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”

വൈദികനെ കണ്ട്‌ എഴുനേറ്റുകൊണ്ടു കൈകൂപ്പി മേരിടീച്ചർ പറഞ്ഞു

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ”

,അച്ചൻ പുഞ്ചിരിതൂകിക്കൊണ്ടുപറഞ്ഞു

“ഇതാണ് അമ്മ”

അവൻ പെട്ടന്ന് അച്ചനോട് പറഞ്ഞു..അവന്റെ സ്വരം ചെറുതായി ഇടറിയിരുന്നു..

“അമ്മ അച്ചന്റെ കൂടെ അകത്തേയ്ക്കു പോയി ഇവിടേയ്ക്കെയൊന്ന് കാണു..ഞങ്ങളിപ്പോൾ വരാം..”

എന്നുപറഞ്ഞുകൊണ്ടു അമ്മയുടെ മുഖത്തുനോക്കാതെ ഭാര്യയെയും കൂട്ടികൊണ്ടു അവൻ പുറത്തേക്കു വേഗത്തിൽ നടന്നുതുടങ്ങി..പെട്ടന്നാണ് പുറകിൽനിന്നും അമ്മയുടെവിളി

“മോനേ ഒന്നു നിന്നേ…”

അവന്റെ കാലുകൾ നിശ്ചലമായി.. എന്തൊതീരുമാനിച്ചുറച്ച മനസുമായി അവൻ തിരിഞ്ഞു.. അവൻ എന്തെങ്കിലും പറയുന്നതിനുമുന്പ് മേരിടീച്ചർ ചോദിച്ചു

“എന്റെ ബാഗ് എടുത്തുകൊണ്ടുവരാൻ പോകുവായിരിക്കുമല്ലേ നീ..?”

അവരുടെ ചോദ്യം അവന്റെ മനസിലേയ്ക്ക് തുളച്ചുകയറി…

അമ്മയെല്ലാം മനസിലാക്കിയിരിക്കിയിരിക്കുന്നു എന്ന് മനസിലായ അവന്റെ മിഴികൾ അവരുടെ മുഖത്തുനോക്കാനാവാതെ താഴ്ന്നു…ഉറച്ച സ്വരത്തിൽ മേരിടീച്ചർ തുടർന്നു…

“നീ..കഴിഞ്ഞയാഴ്ച ഇവിടെവന്നതും അച്ചനെക്കണ്ടതും..പറഞ്ഞതും ഇവിടെ എന്റെ പേരു രെജിസ്റ്റർ ചെയ്തതുമൊക്കെ അന്നുതന്നെ ഞാൻ അറിഞ്ഞു….

എങ്ങനെയെന്നാലോചിച്ചു ഇനി നീ തലപുകയ്ക്കേണ്ട..ഈ അച്ചൻതന്നെയാ എന്നെ വിളിച്ചുപറഞ്ഞത് കരണം നിന്റെ അപ്പച്ചൻ ഉള്ളകാലംതൊട്ടേ ഞങ്ങൾ ഇവിടെ വരാറുള്ളതാ…

ഇവിടെ മാത്രമല്ല കേരളത്തിലുള്ള ഇതുപോലത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും പോകാറുള്ളതാ ചില സഹായമൊക്കെയായി..

നിന്റെയൊപ്പം അമേരിക്കയിലേക്കുവന്നപ്പോഴും ഇവർക്കുള്ള സഹായമൊക്കെ അയച്ചുകൊടുക്കുന്നത് ഞാൻ തുടർന്നിരുന്നു….”

അവർപറഞ്ഞുനിറുത്തി അവനെയും ഭാര്യയെയുമൊന്നു നോക്കി വിളറി വെളുത്തുപോയ രണ്ടുമുഖങ്ങൾ…

അവർ തന്റെ തോളിലുണ്ടായിരുന്ന ബാഗിൽ നിന്നും ചെറിയൊരു ബ്രൗൺ കവർ എടുത്തു അവന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു

“ഇതാ നമ്മുടെ വീടിന്റെ ആധാരമാ നിന്റെപേരിലേക്കു രെജിസ്റ്റർ ചെയ്തിട്ടുണ്ട്… നിങ്ങൾക്കു തരാനുള്ള ഓഹരി ഇനി നിങ്ങൾ എന്റെ കാര്യങ്ങൾ തിരക്കണ്ട..

ഞാൻ എങ്ങനെ ജീവിക്കും എന്നാലോചിച്ചു വേവലാതിപ്പെടുകയും വേണ്ട.. എന്നെ കാണണം എന്നുതോന്നുമ്പോൾ ഇങ്ങോട്ടുവരണ്ട നമ്മുടെ ടൗണിൽ തന്നെയുള്ള skyline അപ്പാർട്മെന്റിൽ വന്നാൽ മതി….

എന്നെങ്കിലും ആവശ്യം വരും എന്നു കരുതി ആരൊടും പറയാതെ അപ്പച്ചൻ വാങ്ങിച്ചിട്ടതാ മരിക്കുന്നതിന് കുറച്ചു നാൾ മുൻപാ എന്നോടു തന്നെ പറഞ്ഞതു….

ആരൊടും പറയണ്ടായെന്ന് പറഞ്ഞു ചിലപ്പോൾ ആവശ്യം വരുമെന്നു പറഞ്ഞു…

ഇതൊക്കെ മുൻകൂട്ടിക്കണ്ട് ദൈവംതോന്നിച്ചതായിരിക്കും…
പിന്നെ എനിക്ക് ജീവിക്കാനുള്ളത് പെൻഷൻ ആയികിട്ടും…അതുകൊണ്ടു എന്റെകാര്യമോർത്തു നിങ്ങൾ പേടിക്കണ്ട..”

ഉറച്ച സ്വരത്തിലാണ് അവര് പറഞ്ഞു നിറുത്തിയത്..മറുപടിയില്ലാതെ അവനും ഭാര്യയും..അപ്പോഴും അച്ചന്റെ മുഖത്തൊരു ചെറു പുഞ്ചിരി തങ്ങിനിന്നിരുന്നു

“എന്തായാലും നിങ്ങൾ എന്നെ ഇവിടെവരെകൊണ്ടുവന്നതല്ലേ രണ്ടുദിവസം കഴിഞ്ഞുമടങ്ങാം..

വണ്ടിയിൽനിന്നു എന്റെബാഗ് എടുത്തുതന്നിട്ടു നിങ്ങൾ പൊയ്ക്കോളൂ….അച്ചൻ എന്തുപറയുന്നു….?”

അച്ചന്റെ മുഖത്തുനോക്കി ഒരു ചെറുചിരിയോടെ മേരിടീച്ചർ ചോദിച്ചു…

“മേരിടീച്ചർ ടെ ഇഷ്ടംപോലെ രണ്ടോമൂന്നോ ദിവസം നിന്നിട്ടുപോകാം. .”
അച്ചൻ സന്തോഷത്തോടെ പറഞ്ഞു

“എന്നാപ്പിന്നെ അങ്ങനെയാവട്ടെ ”

എന്നുപറഞ്ഞു മേരിടീച്ചർ മകനെയും മരുമകളെയും ഒന്നു നോക്കി പുഞ്ചിരിച്ചശേഷം അകത്തേക്കു നടക്കാനായി തിരിഞ്ഞുരണ്ടിവച്ച ശേഷം തിരിഞ്ഞുനിന്നു പറഞ്ഞു

“മക്കളെ നിങ്ങളെപ്പോലുള്ള ന്യൂ ജനറേഷന് എന്നെപ്പോലുള്ള ഓൾഡ് ജനറേഷൻ ഒരു ബാധ്യതയാണെന്ന് കരുതുമ്പോൾ ഒന്നോർക്കണം..

ഓൾഡ് ജനറേഷനിൽ ജനിച്ചുവളർന്നു നിന്നെയൊക്കെ പെറ്റുവളർത്തി നിന്റെയൊക്കെയൊപ്പം ന്യൂ ജനറേഷനിലും ജീവിച്ചവരാ ഞങ്ങളെന്ന്……”

പറഞ്ഞുനിറുത്തി മറുപടിയ്ക്കാത്തു നിൽക്കാതെ മേരി ടീച്ചർ അകത്തേയ്ക്കുനടന്നു പോയി ഉറച്ച ചുവടുകളുമായി……..

Leave a Reply

Your email address will not be published. Required fields are marked *