ഒരു കൊച്ചുംകൂടി വേണമെന്ന് തോന്നുണ്ടോ, അയ്യടാ പൊക്കോണമവിടുന്ന് എന്നും..

(രചന: Mejo Mathew Thom)

ഇന്ന് പണി കഴിഞ്ഞു ബാലൻ ചേട്ടന്റെ ചായക്കടേന്ന് പിള്ളാർക്ക് കുറച്ചു പരിപ്പു വടയും വാങ്ങി കവലയിലുള്ള പതിവു വാർത്തമാനത്തിനു നിൽക്കാതെ നേരെ വീട്ടിലേക്കു പോയി….

ഉമ്മറത്തേക്ക് കാലുവച്ചപ്പോഴെയുണ്ട് അകത്തുന്നൊരു വരവേൽപ്പിന്റെ ശബ്ദം.. ഭാര്യയുടെ…

“അമ്മേ…. ഒന്നു മാനത്തോട്ടു നോക്കിയേ കാക്ക വല്ലതും മലന്നു പറക്കുന്നുണ്ടോന്നു… ചിലരൊക്കെ നേരത്തെ കൂടണഞ്ഞിട്ടുണ്ടെ… ”

“പിന്നെ ഇവനെയൊക്കെ കണ്ട് മലർന്നു പറക്കാൻ കാക്കകെന്താവട്ടുണ്ടോ…”

സ്വന്തം അമ്മയുടെ മറുപടി… നമ്മളെ കൊച്ചാക്കുന്ന സമയത്തു അമ്മായിയമ്മയും മരുമകളും ചക്കരയും ഉറുമ്പും പോലെയാ…

രണ്ടുപേരുടെയും കമന്റ്കൾക്ക് മറുപടിപറയാതെ കയ്യിലിരുന്ന പരിപ്പുവടപൊതി പിള്ളേർക്കു കൊടുത്തു അകത്തേയ്ക്കുകയറി…

“എന്തുപറ്റി ഇന്ന് നേരത്തെ… കവലക്കൂട്ടം ഇല്ലാരുന്നോ…? ” അവളുവിടുന്ന ലക്ഷണമില്ല..

“ഒന്നുമില്ലടി… കുറെനാളായിലേ ഒരുമിച്ചിരുന്നു സന്ധ്യാ പ്രാർത്ഥനയൊക്കെ ചൊല്ലിട്ടു… അതുകൊണ്ടു ഒരുമിച്ചിരുന്നു പ്രാർത്ഥിക്കാമെന്നുവച്ച്… ”

“ദൈവമേ…. എന്താന്നറിയില്ല പെട്ടന്നൊരു നെഞ്ചുവേദന… പതിവില്ലാത്തതൊക്കെ കേട്ടിട്ടാവാം… ”

എന്റെ മറുപടികേട്ട് അടുക്കളയിൽ നിന്ന് അമ്മയുടെ ഒരു കമെന്റും കൂടെയൊരു സ്മൈലിയും…

വായിൽവന്ന മറുപടി വിഴുങ്ങിക്കൊണ്ടു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി ഷിർട്ടൂരി ഹാങ്ങറിൽ കൊളുത്തിയിട്ടു നേരെ കുളിയ്ക്കാനായിപ്പോയി…

കുളികഴിഞ്ഞു വന്നപ്പോഴുണ്ട് മുറിയിലെ മേശയിൽച്ചാരി നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നു ഭാര്യ…

“എന്നാടി… ഇതുവരെ കണ്ടിട്ടില്ലേ എന്നെ.. ഇങ്ങനെ തുറിച്ചു നോക്കാന്മാത്രം…. “അൽപം ദേഷ്യത്തിലായി പറച്ചിൽ..

“പിന്നെ നിങ്ങളെ ഇനി കാണാനെന്താ ബാക്കിയുള്ളത്” എന്നും പറഞ്ഞു അവൾ പോയി മുറിയുടെ വാതിലടച്ചു…

ഇവളെന്തിനുള്ള പുറപ്പാടാ… ഒരു മൂഡുമില്ലാത്ത നേരം… അവളെടുത്തു വന്നു ചേർന്നു നിന്നു പറഞ്ഞു…

“പതിവില്ലാതെ നിങ്ങളുടെ പ്രാർത്ഥനയ്ക് വരാവുകണ്ടപ്പോഴേ ഒരു പന്തികേട് എനിക്കുതോന്നി…”

“എന്ത് പന്തികേട്…. ഒന്നുലടി.. ”

“പിന്നെ എനിക്കറിഞ്ഞുടെ മനുഷ്യാ നിങ്ങളെ… വീടിന്റെ ലോൺ അടവ്‌ മുടങ്ങിയെന്നും പറഞ്ഞു ബാങ്കിൽ നിന്നുവന്ന പേപ്പർ നിങ്ങളുടെ പോക്കറ്റിൽ നിന്നെനിക്കു കിട്ടി… ”

അവൾ എന്റെ കണ്ണിൽത്തന്നെ നോക്കികൊണ്ട് പറഞ്ഞു… ഇനിയൊന്നും ഒളിക്കാനില്ല…

“പിള്ളേരുടെ സ്കൂൾ ഫീസും… ആശുപത്രി ചിലവും എല്ലാം കൂടിവന്നു രണ്ടു മാസം അടവു മുടങ്ങി… ദൈവം എന്തേലുമൊരു വഴി കാണിച്ചു തരും…”

ചേർന്നു നിന്നു അവളുടെ കൈവിരലുകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു…

അല്പനേരത്തെ മൗനത്തിനുശേഷം എന്റെ കൈവിടുവിച്ചുകൊണ്ട് അവളുടെ കൈൽകിടന്ന രണ്ടുവളയൂരി എന്റെ കൈയിൽ വച്ചുകൊണ്ടു പറഞ്ഞു….

“നാളെ ഇതു കൊണ്ടു പോയി പണയം വച്ച് ലോൺ അടയ്ക്കാൻ നോക്കു മനുഷ്യാ… എന്റെ കയ്യിൽ ഈ വള കിടക്കുന്നതിനേക്കാളും എനിക്കിഷ്ടം നിങ്ങടെ ചിരിക്കുന്ന മുഖം കാണാനാ….”

എനിക്കൊന്നും പറയാൻ തോന്നില്ല… കുറച്ചു നേരം മിഴികളിൽത്തന്നെ നോക്കി നിന്നു പോയി…

പിന്നെ ഇരു കൈകളാൽ തന്നിലേക്ക് ചേർത്തു നിർത്തി കവിളിലൊരു ഉമ്മയും കൊടുത്തു കാതിൽ പറഞ്ഞു…

“ഒരു കൊച്ചുംകൂടി വേണമെന്ന് തോന്നുണ്ടോ….?”

“അയ്യടാ…. പൊക്കോണമവിടുന്ന്.. എന്നും അടിവാങ്ങിക്കാതെ ഉറക്കം വരില്ലലേ നിങ്ങക്ക് ”

എന്നുംപറഞ്ഞു എന്റെ പിടുത്തതിന് കുതറിമാറി ഒറ്റത്തള്ളു എന്നെ കട്ടിലിലേക്ക്…

“വാ പ്രാർത്ഥിക്കാം…. ആവശ്യം വരുമ്പോൾ മാത്രം ദൈവത്തെ വിളിച്ചാൽപോര…”

എന്നും പറഞ്ഞു അവൾ വാതിലും തുറന്നു പുറത്തേയ്ക്കുപോയി….

കുറുമ്പിലും നിറയുന്ന അവളുടെ പ്രണയമോർത്തു അലപനേരം ആ വീണ കിടപ്പിൽ തന്നെയങ്ങു കിടന്നു…

“വരുന്നുണ്ടോ മനുഷ്യാ ഇങ്ങോട്ടു അതോ…”

Leave a Reply

Your email address will not be published. Required fields are marked *