ദേ അപ്പച്ചാ സ്ത്രിധനം കൊടുത്തു എന്റെ വില കുറയ്ക്കല്ലേ, അവൾ കഴിച്ചുകഴിഞ്ഞു എഴുനേറ്റുകൊണ്ടു പറഞ്ഞു..

The great father
(രചന: Mejo Mathew Thom)

“അപ്പച്ചാ എനിക്കൊരു അഞ്ഞൂറുരൂപ വേണം ” കുടുംബസമേതം ഇരുന്നു അത്താഴം കഴിയ്ക്കുന്നതിനിടയിൽ മരിയ അപ്പച്ചനോട് പറഞ്ഞു

“എന്തിനാടി അഞ്ഞൂറ് രൂപ.. ? കോളേജ് ഫീസൊക്കെ കൊടുത്തതാണല്ലോ”
പ്ലേറ്റിലേക്ക് കുറച്ചു പച്ചപ്പയറ്തോരൻ എടുത്തിട്ടുകൊണ്ടു മത്തായിച്ചേട്ടൻ ചോദിച്ചു

“ഫീസുകൊടുക്കാനൊന്നുമല്ല നാളെ വാലന്റൈൻസ് ഡേ അല്ലെ.. ഒരുത്തനെ പ്രൊപ്പോസ് ചെയ്യാനാ.. ”

മരിയയുടെ മറുപടികേട്ട് അവളുടെ അനിയൻ വായിലേക്കുവച്ച ഭക്ഷണം ചവയ്ക്കാതെതന്നെ അറിയാതെ ഇറങ്ങിപോയി കണ്ണും തുറിച്ചു അവളെത്തന്നെ നോക്കിയിരുന്നു.. അവളുടെ അമ്മയ്ക്കും ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു…

“നീ പ്രൊപ്പോസ് ചെയ്യാൻ അഞ്ഞൂറ് ചോദിച്ചെങ്കിൽ ഇതെങ്ങാനും നടക്കുമെങ്കിൽ സ്ത്രീധനം എന്തു ചോദിക്കും.. “?

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചെറുചിരിയോടെ മത്തായിച്ചേട്ടൻ ചോദിച്ചു…

“പറ്റിയ തന്ത.. ”

അപ്പന്റെയും മകളുടെയും സംഭാഷണം കേട്ട് മനസിലെ ആധിയും ഭയവും പ്രകടമാകുന്ന രീതിയിലൊരു കമെന്റും പറഞ്ഞു അവളുടെ അമ്മ കഴിക്കൽ നിറുത്തി എഴുനേറ്റു

“ദേ അപ്പച്ചാ.. സ്ത്രിധനം കൊടുത്തു എന്റെ വില കുറയ്ക്കല്ലേ… ” അവൾ കഴിച്ചുകഴിഞ്ഞു എഴുനേറ്റുകൊണ്ടു പറഞ്ഞു…

“എനിക്കൊരു നിർബന്ധവുമില്ലന്നു മാത്രമല്ല അങ്ങനെയൊരുത്തൻ നിന്നെ കെട്ടാൻ വന്നാൽ സന്തോഷമേയുള്ളൂ… ” പറഞ്ഞുകൊണ്ട് മത്തായിച്ചേട്ടൻ ഉറക്കെയൊന്നുചിരിച്ച് വീണ്ടും ചോദിച്ചു

“ഏതാണാവോ നീ പ്രൊപ്പോസ് ചെയ്യാൻപോകുന്ന ആ ഭാഗ്യവാൻ..?”

അതൊക്കെ മത്തായിച്ചൻ സമയമാകുമ്പോൾ അറിഞ്ഞമതിട്ടോ..ഇപ്പോൾ കാശുതാ…”

അവൾ പറഞ്ഞുതീർന്നതും അടുക്കളയിൽ ഒരു പാത്രംവീഴുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടൻ അങ്ങോട്ട് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു

“മോള് ഇപ്പോൾ പൊയ്ക്കോ.. രാവിലെ കോളേജിൽ പോകുമ്പോൾ തന്നേക്കാം.. അപ്പച്ചന് ഇപ്പോൾ അടുക്കളയിൽ കുറച്ചു പണിയുണ്ട്.. ”

എന്നുംപറഞ്ഞു മത്തായിച്ചേട്ടൻ അടുക്കളയിലേയ്ക്ക് കയറിയതും വെടിയുണ്ടയേക്കാൾ വേഗത്തിലായിരുന്നു ഭാര്യയുടെ വാക്കുകൾ

“നിങ്ങൾക്കെന്താ മനുഷ്യാ വട്ടാണോ… അവൾക്കു പ്രായത്തിന്റേതാണെന്നുപറയാം നിങ്ങളും അതിനൊപ്പം തുള്ളാൻ നിൽക്കുവാണോ.. ”

ഒറ്റശാസത്തിൽ പറഞ്ഞുതീർത്തു അടുപ്പുപാതകത്തിൽ ചാരിനിന്നിരുന്ന ഭാര്യയുടെ അടുത്ത് ചെന്ന് ശബ്‍ദം താഴ്ത്തി മത്തായിച്ചേട്ടൻ പറഞ്ഞു തുടങ്ങി

“എടി അന്നാമ്മേ.. അവൾക്കു നമ്മളോട് പറയാതെ ചെയ്യാമായിരുന്നു.. പക്ഷെ അങ്ങനെ അവൾ ചെയ്തില്ലലോ…

നമ്മളെ അറിയുക്കുവാനായി അവൾ കണ്ടെത്തിയവഴിയാ ഈ അഞ്ഞൂറ് രൂപ ചോദിയ്ക്കൽ അല്ലാതെ കാശിനു വേണ്ടിയല്ല.. അതിൽക്കൂടുതൽ അവൾക്കു ഞാൻ തന്നെ പോക്കറ്റ്മണി ആയി കൊടുത്തിട്ടുണ്ട് അതുകൂടാതെ നീയും…

മനസിലായോടോ തനിക്കു കാര്യങ്ങൾ.. ഇങ്ങനെ ഒരു മകളെകിട്ടിയതു ദൈവം തന്ന പുണ്യമല്ലേ…നമ്മൾക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നും അവൾ ചെയ്യില്ലെന്ന് ഇപ്പോൾ നിനക്ക് മനസിലായില്ലേ… ”

മത്തായിച്ചേട്ടൻ പറഞ്ഞതുകേട്ട് ബോധോദയം ഉണ്ടായി അന്തംവിട്ടുനിന്ന ഭാര്യയുടെ തോളിൽ തട്ടിക്കൊണ്ടു മത്തായിച്ചേട്ടൻ ഉമ്മറത്തേക്ക് നടന്നു…

പിറ്റെ ദിവസം മരിയ കോളേജിൽ പോകാനായിഇറങ്ങുമ്പോൾ മത്തായിച്ചേട്ടൻ ഉമ്മറത്തെ ചാര്കസേരയിലിരുന്നു പത്രം വായിക്കുവായിരുന്നു..

“അപ്പച്ചാ കാശ്.. ”

അടുത്തിരുന്ന സ്റ്റൂളിൽ വച്ചിരുന്ന അഞ്ഞൂറ് രൂപയും കൂടെയൊരു പൊതിയും എടുത്തു അവൾക്ക് കൊടുത്തശേഷം മത്തായിച്ചേട്ടൻ പറഞ്ഞു…

“നീ പ്രൊപ്പോസ് ചെയ്യുന്ന പയ്യന്റെ മറുപടി നിനക്കനുകൂലമാണെങ്കിൽ അപ്പച്ചന്റെ സമ്മാനമാണെന്നുപറഞ്ഞു ഈ പൊതി നീ അവനുകൊടുക്കണണം..ആരെയും കാണിയ്ക്കാതെ വീട്ടിൽപോയിട്ടു തുറന്ന് നോക്കിയാൽ മതിയെന്നും പറയണം….”

“എന്നാ മത്തായിച്ച പൊതിയിൽ..ഏതാണ്ട് കനത്തിലുണ്ടല്ലോ…വല്ല ബോംബുവാണോ..?”

അപ്പച്ചന്റെ കയ്യിൽനിന്നും പൊതി വാങ്ങി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു..

“ഒരു ബോംബാണുമോളെ…”
ഒരു ചിരിയോടെ മറുപടിപറഞ്ഞു മത്തായിച്ചേട്ടൻ പത്രവായനതുടർന്നു…അവൾ കോളേജിലേക്കും ഇറങ്ങി…

പ്രണയവർണ്ണങ്ങൾ മഴവില്ലുതീർത്ത കലാലയമുറ്റം പലതരം വികാരങ്ങൾക്കും ഭാവങ്ങൾക്കും സാക്ഷിയായി..

അതിനിടയിൽ മിഴികൾ കൈമാറിയ അനുരാഗം മരിയ പ്രതീക്ഷിച്ചതിനു വിപരീതമായി അവൻ മാരിയയോട് മൊഴിഞ്ഞു ഇരുമനസുകളിൽ മൂടികിടന്ന അനുരാഗവിത്തുകൾ അന്ന് വെളിച്ചം കണ്ടു…

അപ്പച്ചന്റെ സമ്മാനം അപ്പച്ചൻ പറഞ്ഞതുപോലെ പറഞ്ഞ് അവൾ അവന് കൈമാറി..അവൻ അത് അനുസരിച്ചു…

വളർന്ന് പന്തലിച്ച അനുരാഗ തണലിൽ ഒരുമിച്ചിരുന്നു മനസുപങ്കുവയ്ക്കുമ്പോൾ അവൾ പലായവസരത്തിലും പലരീതിയിൽ ചോദിച്ചിട്ടും അപ്പച്ചന്റെ അന്നത്തെ സമ്മാനമെന്തായിരുന്നു എന്നതിന് “സമയമാകുമ്പോൾ പറയാം” എന്നുമാത്രമായിരുന്നു അവന്റെ മറുപടി…

അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി.. ആഴ്ചകൾ മാസങ്ങൾക്കു വഴിമാറി…

ഒരു ഞായറാഴ്ച ഉച്ചയൂണും കഴിഞ്ഞു മത്തായിച്ചേട്ടനും ഭാര്യയും മരിയയും കൂടെ ഉമ്മറത്തിരുന്ന വർത്തമാനം പറയുകയായിരുന്നു…അപ്പോഴാണ് വീടിന്റെ മുറ്റത്തേയ്ക്ക് ഒരു കാറ് വന്നുനിന്നത്…

അതിന്റെ ഡ്രൈവർ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി…മുണ്ടും ഷർട്ടും ആണ് വേഷം അയാളുടെ കണ്ടമാത്രയിൽ മരിയ അന്തംവിട്ട് ചാടിയെഴുന്നേറ്റു പകച്ചുനോക്കിനിൽക്കുകയാണ്…

അമ്മയും പതിയെഎഴുനേറ്റു…മത്തായിച്ചേട്ടൻ ചാരുകസേരയിൽത്തന്നെ ഒന്ന് മുന്നോട്ടാഞ്ഞിരുന്നു…അയാൾ മരിയയെനോക്കി ഒന്ന് പുഞ്ചിരിച്ചുവെങ്കിലും അവൾ അപ്പോഴും അന്ധാളിപ്പിൽ തന്നെയായിരുന്നു..

ചെറുപ്പക്കാരൻ റിമോട്ട് ഉപയോഗിച്ച് കാറിന്റെ ഡിക്കി തുറന്ന് മൂത്തുപഴുത്തുതുടങ്ങിയ ഒന്നാന്തരം ഒരു പൂവമ്പഴക്കുല എടുത്തു മത്തായിച്ചേട്ടന്റെ മുന്നിൽ കൊണ്ടുപോയി വച്ചിട്ട് പറഞ്ഞു…

“ഞാൻ അലക്സി…അച്ചായൻ കൊടുത്തുവിട്ട ഒരു സമ്മാനം ഈ മാരിയ എനിക്കാണ് തന്നത്…ഇപ്പോഴാണ് അതിനു തിരിച്ചൊരു സമ്മാനം തരാൻ സമയമായതു…..”

അല്പനേരത്തെ മൗനത്തിനുശേഷം മത്തായിച്ചേട്ടൻ ഗൗരവംവിടാതെ ചോദിച്ചു

“അച്ചായൻ എന്നുള്ള വിളി അപ്പച്ചൻ എന്നാക്കാൻ ബുദ്ധിമുട്ടുണ്ടോ…?”

“ഒരു ബുദ്ധിമുട്ടും ഇല്ലേ….” അവൻ മരിയയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഒരു കാര്യംകൂടി ബാക്കിയുണ്ട് ” എന്നുംപറഞ്ഞു അവൻ കാറിന്റെ അടുത്തുചെന്നു ഡിക്കിയിൽ നിന്നും ഒരു തൂമ്പ എടുത്തുകൊണ്ടുവന്നു മരിയയുടെ മുന്നിൽ വച്ചിട്ട് പറഞ്ഞു

“ഇതാണ്..നിന്റെ അപ്പച്ചൻ എനിക്കായ് നിന്റെകയ്യിൽ തന്നുവിട്ട സമ്മാനം….ഇതിന്റെ പിടി ഞാനിട്ടതാട്ടോ…ഒരു സാധനം കൂടെയുണ്ട്..”

എന്ന് പറഞ്ഞു അവന്റെ പോക്കറ്റിൽനിന്നും ഒരു നാലായി മടക്കിയ ഒരു പേപ്പർ എടുത്തു അവൾക്ക് കൊടുത്തു…അവൾ അതുവാങ്ങി തുറന്ന് വായിച്ചു അൽപ്പം ഉറക്കെ.

“നിനക്ക് മരിയയോട് തോന്നുന്ന ഇഷ്ടം ആത്മാർത്ഥമാണെങ്കിൽ സ്വന്തം അധ്വാനിച്ചു അവളെയും കൂട്ടി ജീവിക്കുക…ഈ സമ്മാനം നിനക്കുപയോഗിക്കാം കൂടെ ഞാനുണ്ടാകും…

അതല്ല അവളോടുള്ള നിന്റെ ഇഷ്ടം ഒരു ടൈംപാസ്സ്‌ ആയിട്ടാണെങ്കിൽ ഈ സമ്മാനം ഞാൻ ഉപയോഗിക്കും നിന്നെ കുഴിച്ചുമൂടാൻ….”

വായിച്ചുകഴിഞ്ഞു അവൾ അവനെയും അപ്പച്ചനെയും മാറിമാറി നോക്കി….അവളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു

Leave a Reply

Your email address will not be published.