എന്തൊക്കെയാ മനുഷ്യാ കൊച്ചിന് പറഞ്ഞു കൊടുക്കുന്നെ, ഞാൻ അവനോടു പറയുന്നതും..

(രചന: Mejo Mathew Thom)

ഞായറാഴ്ച ആദ്യത്തെ കുർബാനയ്ക്കു പള്ളിലുംപോയി കുറച്ചു ഇറച്ചിയുംവാങ്ങി വീട്ടിലേക്ക് വന്നുകയറുമ്പോഴുണ്ട്

എന്റെ പുത്രൻ ഞങ്ങളുടെ കല്യാണ ആൽബവും നോക്കികൊണ്ടിരിക്കുന്നു…

“എടീ… ഇറച്ചി ഫ്രിഡ്‌ജിൽ വച്ചാമതിയോ… ”

എന്നവളോട് ചോദിച്ചതിലും വേഗത്തിലായിരുന്നു മറുപടി

“എന്നാത്തിനാ ഫ്രിഡ്‌ജിൽ വയ്ക്കുന്നെ മനുഷ്യാ… അതങ്ങോട്ടു നുറുക്കിവച്ചേര്… ”

ചോദിക്കണ്ടാരുന്നു മിണ്ടാതെ കൊണ്ടു പോയി വാച്ചാമതിയാരുന്നു..

എന്ന് മനസിൽ പറഞ്ഞുകൊണ്ട് അടുക്കളയിൽ പോയി പത്രവുമെടുത്തു ഇറച്ചി അതിലേക്കിടുമ്പോഴുണ്ട് ഉമ്മറത്തിരുന്നു ആൽബം നോക്കി കൊണ്ടിരുന്നു ചെറുക്കന്റെ വിളി…

“അപ്പേ… അപ്പേ… ”

ഇവനിനി എന്തു വികൃതി കാണിച്ചിട്ടാണോ വിളിക്കുന്നെന്നും പറഞ്ഞു കൊണ്ട് ഉമ്മറത്തേയ്ക് ചെല്ലുമ്പോഴുണ്ട് ആൽബത്തിന്റെ ഒരു പേജുകീറി കയ്യിൽ പിടിച്ചിരിക്കുവാ..

അതും കെട്ടുകഴിഞ്ഞു പള്ളിൽവച്ചു അച്ചന്റെയൊപ്പം നിന്നെടുത്ത ഫോട്ടോ…

“നിന്നെ ഞാനിന്നു…” എന്നുംപറഞ്ഞു അവന്റെ കയ്യിന്നു ആൽബവും കീറിയ പേജും വാങ്ങുന്നതിനിടയിലാ അവന്റെ ചോദ്യം…

“അപ്പേ…ഈ ഫോട്ടോയിലൊന്നും ഞാനില്ലല്ലോ, എന്നെകൂട്ടാതെയാ പോയെല്ലേ …?”

അവന്റെ ചോദ്യം കേട്ട് ഒന്നു പകച്ചു…ഈ മൂന്നു വയസുകാരനോട് എന്തു പറയും..

പറഞ്ഞില്ലെങ്കിൽ പിന്നെ അതുതന്നെ ചോദിച്ചോണ്ടിരിക്കും…അധികം ആലോചിക്കാതെ പെട്ടന്നു വായിൽവന്നതങ്ങു പറഞ്ഞു…

“ആ സമയത്തു മോൻ അമ്മയുടെ വയറ്റിനുള്ളിലിരുന്നു.. കല്യാണം കഴിഞ്ഞു കുറേ മാസങ്ങൾ കഴിഞ്ഞാ മോൻ പുറത്തു വന്നത്…”

“എന്തൊക്കെയാ മനുഷ്യാ കൊച്ചിന് പറഞ്ഞു കൊടുക്കുന്നെ…”

ഞാൻ അവനോടു പറയുന്നതും കേടുവന്ന ഭാര്യ എന്റെ കൈക്കിട്ടൊരു പിച്ചും തന്നുകൊണ്ടു ചോദിച്ചു…

“എടി…കുഞ്ഞുങ്ങള് നമ്മളോട് എന്തെങ്കിലും സംശയം ചോദിച്ചാൽ അവർക്കു മനസിലാകും പോലെ പറഞ്ഞു കൊടുക്കണം” ഞാനൊരല്പം വൈറ്റിട്ടു പറഞ്ഞു…

“ദേ…ഇറച്ചി നുറുക്കിവച്ചേക്കണേ…”

എന്നുപറഞ്ഞു അവൾ കൊച്ചിനേം വിളിച്ചോണ്ട് രണ്ടാമത്തെ കുർബാനയ്ക്കു പള്ളിലും പോയി…

ഞാനാ ഇറച്ചിയും നുറുക്കിവച്ചേച് ഒരു ഗ്ലാസ് കാപ്പിയുമെടുത്തു പത്രം വായനയും തുടങ്ങി….

സാധാരണ കുർബാന കഴിഞ്ഞു കുറച്ചുനേരം പള്ളി മുറ്റത്തു നിന്നു കെണിയും നുണയുമൊക്കെ പറഞ്ഞേച്ചു വരുന്ന ഭാര്യയുണ്ട് ഇന്ന് പള്ളികഴിഞ്ഞു നേരത്തെവരുന്നു.

“ഓരോന്ന് ഒപ്പിച്ചുവച്ചിട്ടു ഇരുന്നു പത്രം വായിച്ചു രസിക്കുന്നു…”

എന്നും പറഞ്ഞു വന്നപാടെ എന്റെ കയ്യിലിരുന്ന പത്രവും തട്ടിപറിച്ചു കൊണ്ടു ചവിട്ടിക്കുലുക്കി അവൾ അകത്തേക്കുപോയി…

എന്തുപറ്റിയോ ആവോ…വൈകുന്നേരം ഒരു ചെറിയ കമ്പനി കൂടൽ പ്ലാൻ ചെയ്തത് ഇവളറിഞ്ഞോ..എന്തേലും പറഞ്ഞു തടിതപ്പാം എന്നു വിചാരിച്…

“എന്താ പറ്റിയത്‌…നീ കാര്യംപറ” എന്നും പറഞ്ഞു മുറിയുടെ വാതിൽ തുറന്നകത്തേയ്ക് കയറിയപ്പോഴേ വെടിയുണ്ട പോലെ നേർക്കുവരുന്നു ഒരു സാധനം…ഒരു പൗഡർടിൻ…

ഇതൊക്കെ സ്ഥിരമായതുകൊണ്ട് അത് ദേഹത്തു തട്ടാതെ ഒഴിഞ്ഞുമാറി അവളുടെ അടുത്തെത്തി അടുത്ത എറിയലിനു അവസരം കൊടുക്കാതെ…

“എന്താടി കാര്യം…നമുക്ക് ശരിയാക്കാം”

“നിങ്ങളൊന്നു ശരിയാക്കിയതിന്റെ ഫലമാ ഇന്നുപള്ളിന്നു കിട്ടിയത്…” അവൾ മുടിയിലെ ക്ലിപ്പ് അഴിച്ചുകൊണ്ട് പറഞ്ഞു…

“എന്തു ശരിയാക്കിയതിന്റെ….”

എന്റെ ടെൻഷൻ കൂടി.. എന്ത് ആകാശകോടാലിയും കൊണ്ടാണോ ഇവളുടെ വരവ്…ഒരു യുദ്ധത്തിന് മുൻപുള്ള കാഹളം പോലെ അവൾ പറഞ്ഞു തുടങ്ങി….

“നിങ്ങളിന്നു രാവിലെ മകന്റെ ഒരു സംശയം തീർത്തില്ലേ….കുർബാന കഴിഞ്ഞു പള്ളിമുറ്റത്തു നില്കുമ്പോൾ നിങ്ങടെ പുത്രൻ അതങ്ങു ഉറക്കെപറഞ്ഞു

എന്റമ്മേടെ കല്യാണത്തിന് ഞാൻ അമ്മേടെ വയറ്റിലുണ്ടായിരുന്നൂന്നു അപ്പ പറഞ്ഞല്ലോ….”

ബാക്കിയവിടെ നടന്നത് അവളുപറയാതെതന്നേ ഞാൻ ഊഹിച്ചു…

ചിരിക്കണോ കരയണോ എന്നുള്ള ഒരവസ്ഥ….ഇനി മുറിയിൽ നിന്നാൽ ശരിയാവില്ല…

“ഇറച്ചി കറിവയ്ക്കണോ ഫ്രൈയാക്കണോടി” എന്നു പറഞ്ഞു മുങ്ങി…ബാക്കി അടുക്കളയിൽ

Leave a Reply

Your email address will not be published. Required fields are marked *