രാത്രിയായിട്ടു കാര്യമൊന്നുമില്ല കൊച്ചുറങ്ങണേൽ പാതിരാത്രി കഴിയും, അവൾ വാതിൽ..

(രചന: Mejo Mathew Thom)

“എഡി റോസിലി….എന്റെ കൈലിമുണ്ടു എവടയായിരിക്കുന്നെ..നിയിങ്ങോട്ടുവന്നേ..’

രണ്ടു വർഷത്തിനു ശേഷം സൗദിയിൽ നിന്നു ലീവിന്‌വന്ന ജോണി അലമാര പോലും തുറന്നു നോക്കാതെ മുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു

“ആ കട്ടിലിൽ എടുത്തു വച്ചതാണല്ലോ ഞാൻ..കണ്ണു തുറന്നങ്ങു നോക്ക് മനുഷ്യാ..”

എന്നും പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്നും എന്തോ ഉണ്ടാക്കികൊണ്ടിരിക്കുന്നതിന്റെ ഇടയിൽ റോസിലി മുറിയിലേക്ക് വന്നു..

അവൾ മുറിയിലേയ്ക്കുകയറിയതും ജോണി അകത്തുന്നു വാതിലടച്ചു കുറ്റിയിട്ടതും ഒരുമിച്ചായിരുന്നു..

അവളെന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൻ അവളെ തനിക്കഭിമുഖമായി തന്നിലേക്ക് ചേർത്തു..കാത്തിരിപ്പിന്റെ ദാഹത്തിൽ അവരിലെ മോഹങ്ങൾ അണപൊട്ടി…

“എനിക്കറിയാമായിരുന്നു മുണ്ട് കാണത്തകൊണ്ടല്ല ഇച്ചായൻ വിളിച്ചതെന്ന്…

പിന്നെ അമ്മച്ചി കേൾക്കാൻ വേണ്ടി ഇത്തിരി ഉച്ചത്തിൽ ദേഷ്യപ്പെട്ടു പറഞ്ഞതാ.. അലെങ്കിൽ എന്തു വിചാരിക്കും ഇങ്ങോട്ടു വരുന്ന കാണുമ്പോൾ..”

എന്നുപറഞ്ഞ് അവൾ ഒന്നുകൂടി അവനിലേക്കു ചേർന്നു നിന്നു… അവരുടെ ചുണ്ടുകൾ ഒന്നു ചേർന്നു… കവിഞ്ഞൊഴുകിത്തുടങ്ങിയ മോഹങ്ങളിൽ അവർ കട്ടിലിലേക്കുവീണു…

“എഡി റോസിലിയേ…നീ എന്നതാ അടുപ്പത്തു വച്ചിരുന്നേ ദേണ്ടേ അടിയ്ക്കു പിടിച്ചിരുന്നു കരിഞ്ഞു മണക്കുന്നു ”

പെട്ടന്നാണ് കവിഞ്ഞൊഴുകിത്തുടങ്ങിയ അവരുടെ മോഹങ്ങൾക്ക് തടയണ തീർത്തപോലെ അടുക്കളയിൽ നിന്ന് അമ്മച്ചിയുടെ വാക്കുകൾ.. അതുകേട്ടപാടേ

“കർത്താവേ പയറുതൊരൻ…”

എന്നുമ്പറഞ്ഞ് അഴിഞ്ഞുപോയ മുടി വാരികെട്ടികൊണ്ട് അവൾ കട്ടിലിൽ നിന്നും പിടഞ്ഞെഴുനേറ്റത്..

“നിനക്കാ തീ കെടുത്തിയിട്ടു വരാമായിരുന്നില്ല..” മോഹഭംഗത്തിൽ കട്ടിലിൽത്തന്നെ കിടന്നുകൊണ്ട് അവൻ ചോദിച്ചു…

“പിന്നെ…ഇവിടെ തീപിടിച്ചു നിൽക്കുന്ന പോലുള്ള നിങ്ങളുടെ വിളികേട്ടപ്പോൾ ഒന്ന് കെടുത്തിയിട്ടിപ്പോകാമെന്നുവച്ചു വന്നതാ..

ഞാൻ വിചാരിച്ചോ ഇങ്ങനെ ഒരുമിച്ചു കത്തിപ്പിടിക്കുമെന്നു…?”

അവളൊരു കള്ളച്ചിരിയോടെ പറഞ്ഞു തീർന്നതും അടുക്കളയിൽ നിന്നും വീണ്ടും അമ്മച്ചിയുടെ ഇരുട്ടടിപോലത്തെ വാക്കുകൾ….

“എന്തെടുക്കുവാട രണ്ടുകൂടെ… വേകുവോളം കാത്തിരുന്നില്ലേ ഇനിയൊന്നു ചൂടാറും വരെ കാത്തിരുന്നൂടെ…”

“ഇല്ലമ്മച്ചി…ഞങ്ങളിവിടെ കൈലിമുണ്ടു തപ്പുവരുന്നു..”

അമ്മച്ചിയോടുള്ള മറുപടിയിൽ അവന്റെ മുഖത്തു ചമ്മൽ നിറഞ്ഞിരുന്നു

“തപ്പിപിടിയ്ക്കാൻ കൈലിമുണ്ടെന്താ താവളയണോ…?”

അമ്മച്ചിയുടെ കുറിയ്ക്കുകൊള്ളുന്ന ചോദ്യത്തിന് അവൻ മറുപടിപറഞ്ഞില്ല പകരം അമ്മച്ചിയുടെ പറച്ചിൽകേട്ട് ഉരുക്കി നിൽക്കുന്ന അവളോട് പതിയെപറഞ്ഞു..

“നീ അടുക്കളേലോട്ടു ചെല്ലുവേഗം… രാത്രിയാകട്ടെ…”

പറഞ്ഞു മുഴുമിപ്പിക്കാതെ അവൻ അവളെനോക്കി അർത്ഥം വച്ചൊന്നു ചിരിച്ചു

“രാത്രിയായിട്ടു കാര്യമൊന്നുമില്ല കൊച്ചുറങ്ങണേൽ പാതിരാത്രി കഴിയും…”

അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ തിരിഞ്ഞു നിന്നു കൊണ്ടു പറഞ്ഞശേഷം അടുക്കളയിലേക്കു പോയി..

“പാതി രാത്രിയെങ്കിൽ പാതിരാത്രി..” എന്നുംപറഞ്ഞു ജോണി എഴുന്നേറ്റു ഒന്ന് ഫ്രഷാകാൻ ബാത്റൂമിലേയ്ക്കുപോയി…

കൊച്ചിന് ഒരുവയസുകഴിഞ്ഞപ്പോൾ ജോണി സൗദിയ്ക്കു പോയതാ രണ്ടുവർഷത്തെ കോൺണ്ട്രാക്റ്റ് വിസയ്ക്ക് ..

ഇടയ്ക്ക് അപ്പച്ചൻ മരിച്ചപ്പോൾ ഒരു പത്തുദിവസത്തെ എമർജൻസിലീവിന് വന്നു..

അപ്പച്ചന്റെ അടക്കും പിന്നീടുള്ള ചടങ്ങുകളുമൊക്കെയായുള്ള തിരക്കിനിടയിൽ കൊച്ചിനോടോ ഭാര്യയോടോ തനിച്ചൊന്നു സംസാരിയ്ക്കാൻപോലും സമയംകിട്ടില..

പിന്നെ രണ്ടുവർഷത്തിനുശേഷം ഇപ്പോഴാ നാട്ടിലേയ്ക്ക് വരുന്നത്…

കുളികഴിഞ്ഞു കൈലിമുണ്ടുമുടുത്തു പുറത്തേക്കിറങ്ങിയപ്പോൾ അമ്മച്ചിയുടെ ആക്കിയയൊരുചിരി..

അത് വകവയ്ക്കാതെ നേരെ പുറത്തിരുന്നു കളിച്ചുകൊണ്ടിരുന്ന കൊച്ചിന്റെ അടുത്തേയ്ക്കുപോയി ആദ്യമൊന്നു അടുക്കാൻ മടിച്ചെങ്കിലും

പതിയെ അവൻ അടുത്തു പിന്നെ കളിയും ചിരിയും അതിനിടയിൽ താൻ വന്നതറിഞ്ഞുവന്ന കൂട്ടുകാരോടും ബന്ധുക്കാരോടുമുള്ള കുശലംപറച്ചിലും

പ്രവാസികളുടെ പതിവ് കലാപരിപാടികളായ പെട്ടിപൊട്ടിക്കലും സമ്മാനദാനവും മുറയ്ക്കുനടന്നു..

ഇടയ്ക്കൊക്കെ അടുക്കളയിലോ മുറിയിലോവച്ചു റോസ്‌ലിയെ തട്ടിയും മുട്ടിയും കണ്ണുകൾകൊണ്ട് കഥകൾ പറഞ്ഞും സമയം കടന്നുപോയി…

കൂടുകരും ബന്ധുക്കാരുമൊക്കെ പോയിക്കഴിഞ്ഞു പ്രാർത്ഥനയും കഴിഞ്ഞ് അത്താഴവും കഴിഞ്ഞപ്പോഴേയ്ക്കും സമയം ഒൻപതുമണികഴിഞ്ഞു…

“ഞാനെന്നകിടക്കട്ടെടാ ജോണി ” എന്നുമ്പറഞ്ഞ് അമ്മച്ചി മുറിയിലേയ്ക്കു പോയി…

കൊച്ചിന്റെ ഒപ്പമിരുന്നു ടിവിയിൽ നിക്ക് ജൂനിയർ കാണുമ്പോഴും അയാളുടെ കണ്ണുകൾ അടുക്കളയിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് പാളിനോക്കികൊണ്ടിരുന്നു

“പപ്പാ ദേ ഡോറ വന്നു..” ടീവിയിലേക്കു നോക്കികൊണ്ട്‌ കൊച്ചുവിളിച്ചുപറഞ്ഞു… ”

അപ്പോഴാണ് അടുക്കളയിലെ പണികളുംതീർത്തു ലൈറ്റും ഓഫാക്കി റോസിലി അങ്ങോട്ടുവന്നു

“മതി ഡോറയെ കണ്ടത് ഇനി നാളെക്കാണാം..അപ്പനും മകനും കിടക്കണ്ടേ..” എന്നുപറഞ്ഞു ടിവി ഓഫ്‌ ചെയ്തത്…

ടിവി ഓഫ്‌ ചെയ്തതിൽ ചിണുങ്ങിത്തുടങ്ങിയ കൊച്ചിനെയുമെടുത്തു കൊണ്ടു അവൾ റൂമിലേയ്ക്കുനടക്കുമ്പോൾ ഇടംകണ്ണിട്ടു ജോണിയെയൊന്നുനോക്കി…

ഒരു ചെറുചിരിയോടെ അവിടുന്നെഴുനേറ്റു ഹാളിലെ ലൈറ്റുമണച്ചു അയാൾ മുറിയിലേയ്‌ക്ക്‌ കയറിയതെയൊള്ളു…

“ഞാനാ എന്റെ അമ്മയുടെകൂടെ കിടക്കുന്നെ എന്നും..പപ്പാ പോയി പപ്പയുടെ അമ്മയുടെ കൂടെ കിടന്നോ..”

കൊച്ചിന്റെ നിഷ്കളങ്കമായ പറച്ചിൽകേട്ട് എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ഷോക്കടിച്ചപോലെ നിന്നുപോയി അയാളും ഭാര്യയും….

ആദ്യരാത്രി കുളമാക്കിയ കൂടുകാരെ നോക്കിയ ദമ്പതികളെപോൽ അവർ ഒന്നുമറിയാതെ കട്ടിലിലിരുന്ന് കളിയ്ക്കുന്ന കൊച്ചിനെ നോക്കി..

അപ്പോഴാണ് അപ്പുറത്തെ മുറിയിൽ നിന്നു അമ്മച്ചിയുടെ അടക്കിപിടിച്ചൊരു ചിരി പൊട്ടിയതു….

Leave a Reply

Your email address will not be published. Required fields are marked *