ഇതെനിക്ക് ആദ്യത്തെ അനുഭവം അല്ല പഠിക്കുവാൻ പോയ നാൾ തൊട്ട് ഞാനിത് കേട്ട് തഴമ്പിച്ചതാ, ആദ്യമൊക്കെ വലിയ..

ട്രാ ൻ സ്ജെന്റർ
(രചന: മീനു ഇലഞ്ഞിക്കൽ)

” ഈ ആണും പെണ്ണും കെട്ടവൾക്കൊപ്പമിരുന്ന് പഠിക്കാൻ ഞങ്ങളെ കിട്ടില്ല… ” വിദ്യാർത്ഥികൾ ഒന്നടങ്കം ഒറ്റക്കെട്ടായി ക്ലാസ്സിനു പുറത്തേക്കു പോകുമ്പോൾ നിസ്സഹായായി നോക്കി നിൽക്കുവാനേ ടീച്ചർക്കും കഴിഞ്ഞുള്ളു….

” എന്താ…. എന്താ പ്രശ്നം ഇവിടെ…. ”

സംഭവമറിഞ്ഞു ഓടി കിതച്ചെത്തിയ പ്രിൻസിപ്പലിന് മുന്നിലേക്ക് മറുപടിയുമായെത്തിയത് കാവ്യയാണ്

” സാർ… ആ കല്യാണി അവൾ ഞങ്ങൾക്കൊപ്പമിരുന്ന് പഠിക്കുന്നത് അംഗീകരിക്കുവാൻ കഴിയില്ല. ഒന്നുകിൽ അവളെ ക്ലാസിനു പുറത്താക്കണം അല്ലെങ്കിൽ ഞങ്ങൾ ഇനി ക്ലാസിൽ കയറില്ല ”

“കല്യാണിയോ.. ഏത് കല്യാണി… ” സംശയത്തോടെ പ്രിൻസിപ്പൽ ടീച്ചറിനു നേരെ തിരിയുമ്പോൾ പതിയെ ടീച്ചർ അയാൾക്ക് അരികിലേക്കു അടുത്തു

” സാർ കല്യാണി ആ ട്രാൻസ്‌ജെന്റർ കുട്ടിയാണ്.. ”

മറുപടി കേൾക്കെ ഒരു നിമിഷം പ്രിൻസിപ്പലും നിശബ്ദനായി പോയി.തല കുമ്പിട്ടു നിൽക്കുന്ന അയാളുടെ മുന്നിലേക്ക് വീണ്ടും കാവ്യ എത്തി

” സാറിനു തീരുമാനിക്കാം… ഞങ്ങടെ തീരുമാനം അറിയിച്ചു കഴിഞ്ഞു അതിൽ നിന്നും ഇനി മാറ്റം ഉണ്ടാകില്ല ” അവളുടെ ഉറച്ച വാക്കുകൾക്കു മുന്നിൽ ഒരു തീരുമാനം എടുക്കുവാൻ കഴിയാതെ കുഴഞ്ഞു പ്രിൻസിപ്പൽ.

” കുട്ടികളെ നിങ്ങൾ ഇങ്ങനെ വാശി കാണിക്കല്ലേ… ആ കുട്ടിയും നമ്മളെ പോലെ തന്നെ ഒരു മനുഷ്യ ജന്മമല്ലേ..

നിർഭാഗ്യ വശാൽ അവളുടെ വിധി അങ്ങിനെ ആയിപോയി. തത്കാലം നിങ്ങൾ ക്ലാസിലേക്കിരിക്കു… ഒരാഴ്ച സമയമെനിക്ക് തരൂ… ഈ കാര്യത്തിൽ ഞാനൊരു തീരുമാനം ഉണ്ടാക്കാം ഉറപ്പ്.. ”

അപേക്ഷയോടെ കൈകൂപ്പി
ദയനീയമായി നോക്കി നിൽക്കുന്ന പ്രിൻസിപ്പലിന് നേരെ മുഖം തിരിക്കുവാൻ ഒരു നിമിഷം കാവ്യയും മടിച്ചു.

കുറച്ചു പിന്നിലേക്ക് മാറി അല്പസമയം സഹപാഠികളുമായുള്ള ചർച്ചകൾക്കൊടുവിൽ വീണ്ടും അവൾ മുന്നിലേക്ക് വന്നു.

” ഓക്കേ… സാറിന്റെ വാക്കുകളെ ഞങ്ങൾ അവഗണിക്കുന്നില്ല. പക്ഷേ കൃത്യം ഒരാഴ്ച അതിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പിന്നെ ഇതിന്റെ പേരിൽ ഈ ക്യാമ്പസ്സിൽ ഒരു സമരം പോലുമുണ്ടായേക്കും അത് സാർ മറക്കേണ്ട ”

ശാന്തമായ വാക്കുകളിലൂടെ ഒരു ഭീക്ഷണി മുഴക്കി കാവ്യ തിരികെ ക്ലാസിലേക്ക് കയറുമ്പോൾ മറ്റു കുട്ടികളും അവളെ അനുഗമിച്ചു.

കുട്ടികളെല്ലാവരും ക്ലാസിലേക്ക് കയറി കഴിഞ്ഞപ്പോൾ കുറച്ചകലെ തൂണിന്റെ മറവിൽ അവൾ മാത്രം ബാക്കിയായി കല്യാണി… തന്നെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ആ മുഖം പ്രിൻസിപ്പലിന്റെ ഉള്ളിൽ നോവായി മാറി. പതിയെ അയാൾ അവൾക്കരികിലേക്ക് നടന്നു

” കുട്ടി വിഷമിക്കേണ്ട ഇതൊക്കെ തുടക്കത്തിൽ ഉള്ള ചെറിയ ഇഷ്യൂസ് ആണ് അംഗീകരിക്കുവാനുള്ള ചെറിയ ഒരു മടി.. പതിയെ മാറിക്കോളും.. അവർ തന്നെ നിന്നെ കൂടെ കൂട്ടിക്കോളും ഇപ്പോൾ വിഷമിക്കാതെ ക്ലാസിലേക്ക് ചെല്ലു

മുഖത്ത് നോക്കാതെയുള്ള പ്രിൻസിപ്പലിന്റെ വാക്കുകളെ പുഞ്ചിരിയോടെയാണ് കല്യാണി സ്വീകരിച്ചത്.

” സാർ ടെൻഷൻ ആകേണ്ട എനിക്ക് വിഷമം ഇല്ല സർ. കാരണം ഇതെനിക്ക് ആദ്യത്തെ അനുഭവം അല്ല.. പഠിക്കുവാൻ പോയ നാൾ തൊട്ട് ഞാനിത് കേട്ട് തഴമ്പിച്ചതാ…

ആദ്യമൊക്കെ വലിയ വിഷമം ആയിരുന്നു
പിന്നെ ശീലമായി…. ഇപ്പോൾ ജീവിക്കാൻ ഒരു വാശിയും അവർ എന്നെങ്കിലും എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ എനിക്കുണ്ട്… അതുവരെ കാത്തിരിക്കാം ”

പുഞ്ചിരി മായാതെ തന്നെ അവൾ ക്ലാസിലേക്ക് നീങ്ങുമ്പോൾ നിശബ്ദനായി നോക്കി നിന്നു പ്രിൻസിപ്പൽ.

ക്ലാസിനു ഏറ്റവും പിന്നിലെ കാലൊടിഞ്ഞ ഒരു ബെഞ്ചു അതായിരുന്നു മറ്റു വിദ്യാർത്ഥികൾ അവൾക്കായി നൽകിയ ഇരിപ്പിടം. അവിടെ ഏകയായിരുന്നു മറ്റുള്ളവർക്കൊപ്പം അവളും പഠനം ആരംഭിച്ചു.

ആ ഒറ്റ സംഭവത്തോടെ തന്നെ കാവ്യ ക്ലാസിലെ കുട്ടി നേതാവിന്റെ പട്ടം കെട്ടിയിരുന്നു. പരമാവധി ഒഴിഞ്ഞു മാറിയിട്ടും പിന്നാലെ എത്തി കുത്തുവാക്കുകളാൽ കല്യാണിയെ വേദനിപ്പിക്കുന്നതിൽ അവൾ ഒരു പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്നു.

ഇതിനിടയിൽ റാഗിംഗിനായെത്തിയ സീനിയേഴ്‌സുമായി കാവ്യ ഒന്ന് കോർത്തുവെങ്കിലും പിന്നിൽ കല്യാണിയെ കണ്ടതോടെ അവരുപോലും കാവ്യയെ വിട്ട് കല്യാണിയെ പിടിച്ചു.

വിവസ്ത്രയാക്കുവാൻ തുനിഞ്ഞതുൾപ്പെടെ അവർക്കു മുന്നിൽ ഏറെ അപമാനിക്കപ്പെട്ടുവെങ്കിലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ പിടിച്ചു നിന്നു കല്യാണി.

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു വാഷ്‌റൂമിൽ പോയി വരികയായിരുന്നു കാവ്യ. നടന്നു വരുന്ന വഴിയിൽ എതിരെ വന്ന കല്യാണിയെ പുച്ഛത്തോടെയൊന്ന് നോക്കി അവൾ ആളൊഴിഞ്ഞ കോറിഡോറിലേക്ക് കടന്നു.

കുറച്ചു കൂടി മുന്നിലേക്ക് നടക്കവേ അപ്രതീക്ഷിതമായാണ് സീനിയേഴ്സിൽ ചിലർ അവളുടെ മുന്നിലായി നിന്ന് വഴി തടഞ്ഞത്.പെട്ടെന്നുള്ള ആ നീക്കത്തിൽ ഭയന്ന് വിറച്ച കാവ്യ പിന്നിലേക്ക് ഒന്ന് വേച്ചു പോയി.

“ടി മോളെ… പേടിച്ചു പോയോ.. അന്ന് ക്ലാസിൽ വന്നപ്പോഴേ നിന്നെ ഞങ്ങൾ നോക്കി വച്ചതാ… പക്ഷേ പിന്നെ ശ്രദ്ധ അവളിലേക്ക് മാറിപ്പോയി.

നീയെന്താ കരുതിയെ നിന്നെ ഞങ്ങൾ അങ്ങ് മറന്നെന്നോ… സീനിയേഴ്സിനു നേരെ വിരൽ ചൂണ്ടുന്ന ജൂനിയേഴ്സിന്റെ പത്തി മുളയിലേ അടിച്ചു താഴ്ത്തിയില്ലേൽ ഭാവിയിൽ അത് ഞങ്ങൾക്ക് തന്നെ ദോഷം ചെയ്യും ”

വഷളൻ ചിരിയുമായി മുന്നിലേക്ക് അടുക്കുന്നവനു മുന്നിൽ ഒരു നിമിഷം പതറി പോയി കാവ്യ.

” നിങ്ങൾ എന്താ ഈ ചെയ്യാൻ പോണേ….വഴിമാറൂ ഇല്ലേൽ ഞാൻ ഇത് പ്രിന്സിപ്പലിനോട് കംപ്ലെന്റു ചെയ്യും ഓർത്തോ ”

രക്ഷപെടാൻ ഒരു ശ്രമമെന്നോണം ഭീഷണി മുഴക്കുവാൻ അവൾ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. കൂട്ടത്തിലൊരുവൻ തന്നെ കടന്നു പിടിക്കുമ്പോൾ മറ്റുള്ളവർ മൊബൈൽ ക്യാമറ ഓണാക്കുന്നത് കണ്ട കാവ്യ അടിമുടി വിറച്ചു.

” അരുത്… പ്ലീസ്.. എന്നെ വിടൂ…. ”

നിമിഷങ്ങൾക്കകം ഭയന്ന് വിറച്ചു അവൾ. രക്ഷയ്ക്കായുള്ള അവളുടെ ചെറുത്ത് നിൽപ്പുകൾ ഹരമായി കണ്ടു തന്നെ അവൻ മുഖം കൂടുതൽ അടുപ്പിച്ചു

” പേടിക്കാൻ ഒന്നുമില്ല… ഒരു മുത്തം.. ദേ നിന്റെയീ ചുണ്ടിൽ… ഇവർ അത് ക്യാമറയിൽ പകർത്തും… അത് നീ ഈ കാര്യം പുറത്ത് പറയാതിരിക്കാനും പിന്നെ ആവശ്യം ഉള്ളപ്പോഴൊക്കെ നിന്നെ കിട്ടാനും വേണ്ടീട്ടാ…

അത്രക്ക് കൊതിച്ചു പോയി നിന്നെ പേടിക്കേണ്ട പുറത്ത് ആരെയും ഞങ്ങൾ ഇത് കാട്ടില്ല.. ഭാവിയിൽ നീ അനുസരണക്കേട് കാട്ടിയില്ലേൽ….. ”

വഷളൻ ചിരിയുമായി തനിക്കു നേരെ അടുക്കുന്നവനിൽ നിന്നും രക്ഷ നേടുവാൻ വീണ്ടും കിണഞ്ഞു പരിശ്രമിച്ചു കാവ്യ.. പക്ഷേ ആ ബലിഷ്ഠമായ കരവലയത്തിനുള്ളിൽ അവൾ ഞെരിഞ്ഞമർന്നു.

ഒടുവിൽ ചെറുത്തു നിൽപ്പുകൾ നിഷ്ഫലമാകവേ തളർന്നവശയായ അവളുടെ ബോധം പതിയെ മറഞ്ഞു തുടങ്ങിയിരുന്നു.

ഇരയെ വേട്ടയാടി പിടിച്ച ലാഘവത്തോടെ ചുറ്റുമുള്ളവരുടെ പൊട്ടിച്ചിരികളും അടക്കം പറച്ചിലുകളും കാതിൽ ഒരു മുഴക്കമായവശേഷിക്കവേ പതിയെ അവളുടെ മിഴികൾ അടഞ്ഞു തുടങ്ങി.

” ടാ……… ”

നീട്ടിപ്പിടിച്ച ഒരു അലർച്ചയാണ് പിന്നീട് കാവ്യയുടെ കാതുകളിൽ പതിച്ചത്.ഒപ്പം തനിക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നതും അവൾ തിരിച്ചറിഞ്ഞു.

പതിയെ പതിയെ സ്വബോധത്തിലേക്ക് തിരികെ വരുമ്പോൾ അവ്യക്തമായി കാവ്യ കണ്ടു തന്നെ ഉപദ്രവിക്കുവാൻ തുനിഞ്ഞവർ നിലത്തേക്ക് വീണു കിടക്കുന്നു. അവർക്ക് മുന്നിലായി.. ഉറഞ്ഞു തുള്ളിക്കൊണ്ടവൾ…. കല്യാണി………

നടന്നത് ഒന്നും തന്നെ മനസ്സിലായില്ലെങ്കിലും പേടിച്ചോടുന്ന സീനിയേഴ്സിനെ കണ്ടപ്പോൾ അതിശയമായിരുന്നു കാവ്യയ്ക്ക്. ഒന്നു പകച്ചുവെങ്കിലും പതിയെ പതിയെ അവൾ മനസ്സിലാക്കി കല്യാണിയുടെ കൈക്കരുത്തിനു മുന്നിൽ ഭയന്ന് വിറച്ചു കൊണ്ടാണവർ പിന്തിരിഞ്ഞോടിയത്.

അതിശയത്തോടെ തന്നെ നോക്കി നിൽക്കുന്ന കാവ്യയ്ക്ക് നേരെ പതിയെ അടുത്ത് കല്യാണി.

” പേടിക്കേണ്ട അവർ പോയി… കുട്ടി ഒന്ന് മുഖം കഴുകിയിട്ടു ക്ലാസിലേക്ക് വന്നോളൂ…. വേറെ ആരെയും ഒന്നും അറിയിക്കാൻ നിൽക്കേണ്ട ”

മറുപടിയ്ക്കായി കാത്തു നിൽക്കാതെ അവൾ പതിയെ നടന്നകലുമ്പോൾ കാവ്യയുടെ ഉള്ളം നീറുകയായിരുന്നു. അവിശ്വസനീയമായി കല്യാണിയെ തന്നെ നോക്കി നിന്നു അവൾ

ഉള്ളിലെ നടുക്കം മാറിയില്ലെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തിയാണ് കാവ്യ തിരികെ ക്ലാസിലേക്കെത്തിയത്

” താനിതെവിടെ പോയിരുന്നെടോ…. കുറെ നേരം ആയല്ലോ പോയിട്ട് ….. ”

കൂട്ടുകാരുടെ അന്യോഷണങ്ങൾ അവളുടെ കാതുകളിൽ പതിച്ചില്ല. പിൻബഞ്ചിൽ ഏകയായിരിക്കുന്ന കല്യാണിയിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ..

മനസ്സ് ഏറെ അസ്വസ്ഥമാകവേ അല്പസമയം ഒരേ നിൽപ്പ് നിന്നശേഷം കാവ്യ പതിയെ കല്യാണിക്കു നേരെ നടന്നടുക്കുമ്പോൾ മറ്റു കുട്ടികൾ ആ കാഴ്ച അവിശ്വസനീയമായി നോക്കി നിന്നു. ആദ്യമൊന്നു മടിച്ചുവെങ്കിലും പതിയെ കാവ്യ സംസാരിച്ചു തുടങ്ങി

” കല്യാണി ഒരുപാട് താങ്ക്സ്… ഇന്ന് നീയില്ലായിരുന്നെങ്കിൽ.. ” നിറകണ്ണുകളോടെ തനിക്കരികിൽ നിൽക്കുന്ന കാവ്യയെ അത്ഭുതത്തോടെ നോക്കി നിന്നു കല്യാണി.

” ഒരുപാട് ദ്രോഹിച്ചു നിന്നെ എന്നോട് ക്ഷമിക്കു നീ ”

വീണ്ടും കാവ്യയിൽ നിന്നും ക്ഷമാപണം കേൾക്കെ കണ്മുന്നിൽ നടക്കുന്നത് സത്യമാണോ മിഥ്യയാണോ എന്നു തിരിച്ചറിയുവാൻ കഴിയാതെ തുറിച്ചു നോക്കിയിരുന്നു കല്യാണി.

സംഭവമെന്താണെന്നറിയാതെ കുഴഞ്ഞു നിന്ന സുഹൃത്തുക്കളോടായി നടന്നതൊക്കെയും വിവരിച്ചു കാവ്യ.

നിമിഷങ്ങൾക്കകം തന്റെ നേർക്ക് വെറുപ്പോടെ മാത്രം നോക്കി നിന്നവരുടെ മിഴികളിൽ നന്ദിയും സ്നേഹവും നിറയുന്നത് കാൺകെ അറിയാതെ കരഞ്ഞു പോയി കല്യാണി.

” താനൊരു സംഭവമാണല്ലോടോ.. എങ്ങിനെ കഴിഞ്ഞു അവന്മാർക്കിട്ട് അമ്മാതിരി പൂശ് പൂശാൻ… ” ഒരു വിരുത’ൻ അരികിലായി വന്നിരിക്കുമ്പോൾ അവന്റെ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിയോടെ മറുപടി നൽകി അവൾ.

” ഞാൻ പകുതി പെണ്ണും പകുതി ആണുമല്ലേ… അപ്പോൾ ഇച്ചിരി കൈക്കരുത് കൂടും ”

ആ മറുപടി കേട്ട് ഏവരും ഒരുപോലെ പൊട്ടിച്ചിരിക്കവേ ആത്മാർത്ഥ സൗഹൃദത്തിന് അവിടെ ആരംഭം കുറിക്കുകയായിരുന്നു…

അന്നുമുതൽ മറ്റു കുട്ടികൾക്ക് കല്യാണി അവരിൽ ഒരാൾ തന്നെയായി മാറി.

ചിലരങ്ങിനെയാണ്… യാഥാർഥ്യങ്ങൾ തിരിച്ചറിയുവാനും അംഗീകരിക്കുവാനും അവർക്ക് ഇതുപോലെ എന്തേലുമൊരു സംഭവങ്ങളുടെ അകമ്പടി വേണം…’

Leave a Reply

Your email address will not be published.