ഇത് എത്രാമത്തെ പെണ്ണ് കാണലാണന്ന് വല്ല പിടിയുമുണ്ടോ, എന്ത് ചെയ്യാനാ ആര്യേ..

മുല്ലപ്പൂമണം
(രചന: മീനു ഇലഞ്ഞിക്കൽ)

“അമ്മേ… അമ്മേ …ഈ അമ്മയിത് എവിടെ പോയിരിക്കുവാ.. ”

മേശപ്പുറത്തു വിളമ്പിവെച്ച ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് കൊണ്ടുള്ള ഉണ്ണിയുടെ വിളി കേട്ടപ്പോൾ അടുക്കളപ്പുറത്തു നിൽക്കുന്ന അമ്മക്ക് ദേഷ്യമാണ് വന്നത് ,

“എന്തിനാ ഉണ്ണി നീയീങ്ങനെ വിളിച്ച് കൂവുന്നേ, കഴിക്കാനുള്ളതൊക്കെ അവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ ,ഇനി നിനക്ക് അത്‌ വായിൽ വെച്ച് തരണോ ഞാൻ ”

അമ്മയുടെ കലി തുള്ളിയുള്ള സംസാരം അവനിലും ദേഷ്യം വരുത്തുന്നുണ്ടായിരുന്നു ,

“എന്താ അമ്മേ ഈ ഉണ്ടാക്കി വച്ചിരിക്കുന്നേ ?എന്തെങ്കിലും ഒരെണ്ണം വായിൽ വച്ച് തിന്നാൻ കൊള്ളാമോ ,
ഒന്നിനും ഉപ്പുമില്ല പുളിയുമില്ല .

പോരാത്തതിന് ദേ ,കിടക്കുന്നു വലിയ ഒരു മുടിയും. ഇത് മനുഷ്യന്മാർക്ക് തിന്നാൻ ഉള്ളതാണെന്ന് അറിയില്ലേ ?”

അവൻ കലി ഇളകി ഇരിക്കുകയാണെന്ന് മനസ്സിലായപ്പോൾ അമ്മ അടുക്കളയിൽ നിന്നും ഊൺമേശക്കരികിലേക്ക് വന്നു .

“ഞാൻ എല്ലാം പാകത്തിന് ചേർത്തതാണല്ലോ , നിനക്ക് മാത്രം എന്താ ഉപ്പും മുളകും ഒന്നും ഇല്ലാതെ ? ഇവിടെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ഉണ്ടാകാൻ എനിക്ക് പത്തു കയ്യൊന്നും ഇല്ല .

ഒരു കാര്യം ചെയ്യാം ഉപ്പും മുളകും എല്ലാം ഞാൻ ഈ മേശപ്പുറത്തു വെക്കാം , ആവശ്യമുള്ളത് ന്റെ കുട്ടി എടുത്ത് കറിയിൽ കൂട്ടി കഴിച്ചോ ”

ആ കാര്യത്തിൽ അമ്മയോട് കൂടുതൽ തർക്കിച്ചിട്ട് കാര്യമില്ലെന്ന് ഉണ്ണിക്ക് മനസ്സിലായി . അവൻ ഭക്ഷണത്തിൽ നിന്നും കിട്ടിയ മുടി ഉയർത്തിപ്പിടിച്ചു ,

” അമ്മയിത് കണ്ടോ , ഇത്രേം നീളമുള്ളൊരു മുടി , ഇതൊക്ക കിട്ടിയാൽ പിന്നെ എങ്ങനാ ഭക്ഷണം ഇറങ്ങുന്നത് ?”

അവൻ വിഷയം മാറ്റിയപ്പോൾ അമ്മ രൂക്ഷത്തോടെ അവനെ നോക്കി .

“മോൻ ഒരു കാര്യം ചെയ്യ് , പോയി ഒരു പെണ്ണ് കെട്ടി വാ , എന്നിട്ട് കുറ്റവും കുറവും പറ , ഇവിടെ ഞാനീ കിടന്ന് ഒറ്റക്ക് ഓടുന്നതിനൊന്നും ആർക്കും ഒന്നും പറയാൻ ഇല്ല .”

അമ്മക്ക് വിഷമം ആയെന്ന് മനസ്സിലായപ്പോൾ ഉണ്ണി പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല .

അതെ സമയത്താണ് ഉണ്ണിയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കയായിരുന്ന ഇളയ മകൻ കാർത്തി അമ്മയോട് പറഞ്ഞത് ,

“എല്ലാം നന്നായിട്ടുണ്ടല്ലോ ഈ ഏട്ടനിത് എന്താ പറ്റിയെ ? ”

“കാർത്തി നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ .. നന്നായി ഭക്ഷണം ഉണ്ടാക്കാത്തതിലല്ല ഇപ്പോൾ ഞാൻ പറയുന്നതാണോ കുറ്റംഎനിക്ക് വേണ്ട ഞാൻ പുറത്ത് പോയി വല്ലതും കഴിച്ചോളാം “.

ദേഷ്യത്തോടെ പാത്രം തട്ടി നീക്കിയിട്ട് അവൻ പുറത്തേയ്ക്ക പോയി .

“എന്റെ ദേവീ ഈ ചെക്കന് ഇത് എന്താ പറ്റിയെ കാലത്ത് ആ ബ്രോക്കർ വന്ന് പോയതിൽ പിന്നെ തുടങ്ങിയതാണല്ലോ ഈ ഒച്ചപ്പാടും ബഹളവും .”

അമ്മയുടെ വേവലാതി കേട്ടപ്പോൾ കാർത്തിക്ക് ചിരിയാണ് വന്നത് ,

“ഏട്ടന് പെണ്ണ് കാണാൻ പോകുന്നതിന്റെ ടെൻഷനാ, അമ്മ അതൊന്നും കാര്യക്കണ്ട.”

കാർത്തിക്ക് അമ്മയെ ആശ്വസിപ്പിച്ചു .

രേവതി ടീച്ചർക്കും ബാലൻ മാഷിനും രണ്ട് ആൺമക്കളാണ് മുത്തവൻ ഉണ്ണിക്കൃഷ്ണനും ഇളയവൻ,

കാർത്തിക്കും ഭർത്താവിന്റെ മരണശേഷം വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത് മൂത്ത മകൻ ഉണ്ണി ബാങ്ക് ഉദ്യോഗസ്നാണ് .

കാർത്തിക്ക് എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു .

അടുത്ത ദിവസം പൊതു അവധി ആയതിനാൽ ബാങ്കിൽ നല്ല തിരക്കായിരുന്നു . നിർത്താതെയുള്ള ഫോൺ ബെൽ കേട്ട് തൊട്ടടുത്ത ക്യാബിനിലിരുന്ന ആര്യ ഉണ്ണിയോട് ചോദിച്ചു

“ഉണ്ണി ഇത് ഏത് ലോകത്താ ഫോൺ റിങ്ങ് ചെയ്യുന്ന കേൾക്കുന്നില്ലേ ”
ആര്യയുടെ ചോദ്യം കേട്ടിട്ടും അവന്റെ മുഖത്ത്‌ വലിയ ഭാവമാറ്റമൊന്നും ഇല്ലായിരുന്നു .

“കേട്ടു വീട്ടിന്ന് അമ്മയാ ”

അവളോട് അതും പറഞ്ഞ് താല്പര്യമില്ലാത്ത പോലെ ഫോൺ എടുത്തു “ഹലോ അമ്മേ …….. ഞാൻ 4 മണിക്ക് തന്നെ എത്തിയേക്കാം …. അമ്മഫോൺ വെച്ചോളു”

ഫോൺ കട്ട്‌ ചെയ്ത് മേശപ്പുറത്തു വെക്കുമ്പോൾ ആയിരുന്നു ആര്യയുടെ അടുത്ത ചോദ്യം ,

“പെണ്ണ് കാണാൻ ആയിരിക്കും അല്ലേ ഉണ്ണി ”

“ഉം”

“ഇതെങ്കിലും ഇഷ്ടപ്പെടുമോ ഉണ്ണീ നിനക്ക് ,ഇത് എത്രാമത്തെ പെണ്ണ് കാണലാണന്ന് വല്ല പിടിയുമുണ്ടോ?”

“എന്ത് ചെയ്യാനാ ആര്യേ മനസ്സിന് പിടിച്ച പെണ്ണിനെ കിട്ടാൻ ഒക്കെ വല്യ പാടാ.”

അവൻ ഒന്ന് നെടുവീർപ്പിട്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു .

“പിന്നെ മുട്ടോളം മുടിയുള്ള പെണ്ണിനെ നോക്കി നോക്കി നിന്റെ മുടി നരയ്ക്കാറായി ”

ചിരിച്ചുകൊണ്ട് ആര്യ അത്‌ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ മറുപടിയും ,

” ഒന്നു പോടി ഉള്ള മുടി എപ്പോഴും വെട്ടി ചെറുതാക്കുന്ന നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവുകേല , ഒരു പെണ്ണിന്റ സൗന്ദര്യം ആണ് മുടി ”
അത്‌ കേട്ടപ്പോൾ ആര്യ ഒന്നുകൂടി ഉറക്കെ ചിരിച്ചു ,

“ഉം ആയിക്കോട്ടെ മാഷേ ,ന്തായാലും ഇന്ന് കാണാൻ പോകുന്നത് ഒരു മുടിയുള്ള പെണ്ണ് തന്നെ ആവട്ടെ “.

വൈകിട്ട് 4 മണിയോടെ ഉണ്ണിയും കൂട്ടരും പെണ്ണിന്റെ വീട്ടിൽ എത്തി. പെണ്ണിന്റെ അച്ഛൻ വന്നു അവരേ അകത്തേക്ക് ക്ഷണിച്ചു .

ചായയും പലഹാരങ്ങളുമൊക്കെയായി പെണ്ണിന്റെ അമ്മയും വന്നു,

” ഇത് എന്റെ ഭാര്യ ദേവു എനിക്ക് രണ്ടു കുട്ടികളാ മേഘയും മനുവും” അച്ഛൻ പരിജയപ്പെടുത്തി

“ദേവു …മേഘയെ വിളിക്കു?”

രേവതി ടീച്ചർ മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു

‘ദേവീ .. ഇനിയും പരീക്ഷിക്കല്ലേ , ഇതെങ്കിലും അവന് മനസ്സിന് പിടിച്ചതാവണേ ‘

‘മേഘ നല്ല പേര്’

ഉണ്ണി മനസ്സിൽ പറഞ്ഞുവെങ്കിലും ടെൻഷൻ കൂടി വന്നു കൊണ്ടിരുന്നു. പെട്ടെന്ന് അസാധ്യമായ മുല്ലപൂ മണം അവിടമാകെ അനുഭവപ്പെട്ടു .

നീണ്ട് വിടർന്ന മനോഹരമായ മുടിയിൽ മുല്ലപ്പൂവ് ചൂടിയ ഒരു സുന്ദരിക്കുട്ടി അവരുടെ മുന്നിലേക്ക് വന്നു.

അവളുടെ മുടി കണ്ടിട്ട് അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഉണ്ണി കണ്ണുകൾ തിരുമ്മി വീണ്ടും വിണ്ടും നോക്കി .

അവരുടെ മിഴികൾ തമ്മിലുടക്കി.
പക്ഷേ , അവൻ കൂടുതൽ ശ്രദ്ധിച്ചത് ആ മുടിയിൽ ആയിരുന്നു .

അവന്റെയുള്ളിൽ ഉണ്ടായിരുന്ന സങ്കല്പങ്ങൾ തളിരിടാൻ തുടങ്ങിയിരുന്നു… ‘തന്റെ സങ്കൽപ്പത്തിലെ സുന്ദരി’

കാർത്തിക്കും രേവതി ടീച്ചറും ഉണ്ണിയുടെ മുഖത്തേക്ക് തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു , പക്ഷെ ഒന്നും പറയാറായിട്ടില്ല എന്ന് അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. .

“കുട്ടികൾക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവാം”..

പെണ്ണിന്റ അച്ഛൻ അത്‌ പറഞ്ഞപ്പോൾ തന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ ഉണ്ണി തൊട്ടടുത്തുള്ള മുറിയിലേയ്ക്ക് ചെന്നു.

അവിടെ ജനലഴികളിൽ പിടിച്ചു മേഘ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു ..

അവൻ ചെറുതായി ഒന്നു ചുമച്ചു താൻ വന്നുവെന്ന സൂചന നൽകി…

“മേഘ എന്നാ അല്ലേ പേര്?”

“അതെ ” അവൾ ചെറു നാണത്തോടെ പറഞ്ഞു.

“വേറെന്താ …..ഞാൻ ഉണ്ണികൃഷ്ണൻ ബാങ്കിലാ ജോലി , എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കുമല്ലോ അല്ലേ ”

“ഉവ്വ് .”

“മേഘയോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നുമോ ?”

അവൾ അവന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി എന്താണെന്ന് ഭാവത്തിൽ

“ഈ തലമുടി ശരിക്കും ഒർജിനലാണോ .. ?”

അവന്റ ചോദ്യം കേട്ടപ്പോൾ എത്രനേരം അധികം മിണ്ടാതിരുന്ന അവൾ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു മറുപടി
,
“അതേലോ”

“എങ്കിൽ ഞാനൊന്നു തൊട്ട് നോക്കിക്കോട്ടെ ,” അവന്റെ ചോദ്യം കേട്ടപ്പോൾ മേഘ നാണത്തോടെ ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടിപോയി…

അവൾ ഓടിപോകുമ്പോൾ മുടിയിൽ നിന്നും കൊഴിഞ്ഞുവീണ മുല്ലമൊട്ടുകൾക്ക് അസാധ്യമായ സുഗന്ധമുണ്ടെന്ന് അവൻ അന്നാണ് മനസ്സിലാക്കിയത് ….

പിന്നേ എല്ലാം പെട്ടന്ന് ആയിരുന്നു ,

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം അടുക്കളയിൽ നിൽക്കുമ്പോൾ ആയിരുന്നു ഉണ്ണിയുടെ വിളി ,

അമ്മേ …അമ്മേ .. ഒന്നിങ്ങ് വന്നേ”

“എന്താ പറ്റിയെ ഉണ്ണി നിനക്ക് നീയെന്തിനാ ഈ വിളിച്ച് കൂവുന്നേ ?”

“എന്താ അമ്മേ ഇത് . ഇതുകണ്ടോ വലിയ ഒരു മുടി .”

രേവതി ടീച്ചറിന്റെ മുന്നിലേയ്ക്ക് കഴിക്കാൻ കൊടുത്ത ഇഡ്ഡലിയിൽ നിന്ന് നീണ്ട ഒരു മുടി വലിച്ചെടുത്ത് ഉയർത്തി കാണിച്ചു.

അത്‌ കണ്ടപ്പോൾ ദേഷ്യപ്പെട്ട് വന്ന അമ്മ ചിരിക്കികയായിരുന്നു .

“ആ നീണ്ട് വിടർന്ന മുടിയുള്ള പെങ്കുട്ട്യോളക്കെ വീട്ടിൽ വന്ന് കയറുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും , നീ അതെടുത്ത് മാറ്റിയിട്ട് കഴിക്കുണ്ണിയേ … ”

ഇതും പറഞ്ഞു ടീച്ചർ മുഖത്ത് ഒളിപ്പിച്ച ചിരിയുമായി അകത്തേക്ക് പോയി ..
ഇത് കേട്ട് കൊണ്ട് അപ്പുറത്ത് മാറി നിൽക്കുന്ന അവളെ നോക്കിയപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ആയി അവന്.

“ഏട്ടാ എങ്ങനുണ്ട് ഏട്ടത്തിയുടെ വക ഗിഫ്റ്റ് ..” കാർത്തി ചിരിച്ച് കൊണ്ട് ഉണ്ണിയെ കളിയാക്കി .

എന്ത് പറയണമെന്നറിയാതെ ഇരിക്കുന്ന അവനെ കണ്ടപ്പോൾ അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി…

Leave a Reply

Your email address will not be published.