അമ്മ എന്തെങ്കിലും പറഞ്ഞു എന്ന്‌ കരുതി അവരൊക്കെ പ്രായമായ ആൾക്കാർ അല്ലെ..

നിനക്കായി ഞാൻ എനിക്കായി നീ
(രചന: മഴ മുകിൽ)

കിരണിന്റെയും ശ്രുതിയുടെയും പ്രണയ വിവാഹം ആയിരുന്നു…. ആദ്യമൊക്കെ ഇരു വീട്ടുകാരും എതിർത്തു രണ്ടുപേരും രജിസ്റ്റർ മാര്യേജ് ചെയ്തു ഒന്നിച്ചു ജീവിക്കുവാൻ തുടങ്ങിയപ്പോൾ ഇരു വീട്ടുകാരും അവരെ അംഗീകരിച്ചു..

കിരണിന്റെ വീട്ടുകാർ അവരെ സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിച്ചു….

ഒരുവിധം തട്ടിയും മുട്ടിയും കാര്യങ്ങൾ മുന്നോട്ടുപോയി… കിരണിന്റെ അമ്മ എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു വഴക്ക് പറഞ്ഞാൽ പോലും ശ്രുതിക്കു അത്‌ ഇഷ്ടപ്പെടില്ല..

പിന്നെ അത്‌ കിരണിന്റെ അറിയിക്കും…. അങ്ങനെ കിരണും ശ്രുതിയും തമ്മിൽ നിസാരകാര്യങ്ങൾക്കുപോലും വഴക്ക് കൂടുന്ന അവസ്ഥ എത്തി….

നിങ്ങൾക്ക് ഇപ്പോൾ എന്നെ വേണ്ട എന്റെ വീട്ടുകാരെ വെറുപ്പിച്ചു നിന്റെ ഒപ്പം ഇറങ്ങി വന്ന ഞാൻ ഇപ്പോൾ നിനക്ക് വേണ്ടല്ലേ……….

എന്റെ ശ്രുതി ഞാൻ അങ്ങനെ ആണോ പറഞ്ഞത് അമ്മ എന്തെങ്കിലും പറഞ്ഞു എന്ന്‌ കരുതി അവരൊക്കെ പ്രായമായ ആൾക്കാർ അല്ലെ നിനക്ക് ഒന്ന് ക്ഷമിച്ചൂടെ….

ഈ ജോലിയും കഴിഞ്ഞു ഞാൻ വന്നു കയറുമ്പോൾ നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഞാൻ എന്ത് ചെയ്യും…..

എനിക്ക് ഇത്തിരി സമാധാനം തന്നൂടെ നിങ്ങൾക്ക് രണ്ട് പേർക്കും….. അതും പറഞ്ഞു കിരൺ മുറിയിൽ കയറി കതകു അടച്ചു…..

കിരൺ മുറിയിൽ കയറി കതകു അടച്ചപ്പോൾ ശ്രുതി വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി.. ഏറെ നേരം കഴിഞ്ഞു എഴുന്നേറ്റു വരുമ്പോളും മുറി അടഞ്ഞു കിടക്കുന്നു….

ശ്രുതി തള്ളി നോക്കുമ്പോൾ വാതിൽ അകത്തു നിന്നും കുറ്റി ഇട്ടേക്കുന്നു…. ശ്രുതി ഒന്ന് രണ്ട് തവണ കൂടി വിളിച്ചിട്ടും മറുപടി ഇല്ലാതായപ്പോൾ അവൾ വേഗം കിരണിന്റെ അമ്മയെ വിളിച്ചു…..

അമ്മേ ഏട്ടൻ വാതിൽ തുറക്കുന്നില്ല….

അമ്മയും ശ്രുതിയും കൂടി കതകിൽ അടിക്കാനും നിലവിളിക്കാനും തുടങ്ങി.. ബഹളം കേട്ടു അയൽക്കാർ ഓടി കൂടി.. കതകു തല്ലിപൊളിച്ചു അകത്തു കയറുമ്പോൾ കണ്ട കാഴ്ച…..

ഫാനിൽ തൂങ്ങി നിൽക്കുന്ന കിരണിനെ ആണ്… ശ്രുതിയും അമ്മയും നിലവിളിച്ചു കൊണ്ട് ബോധമറ്റു നിലത്തേക്ക് വീണു……

പോലീസ് എത്തി ബോഡി പോസ്റ്റുമോർട്ടത്തിന് വിട്ടു…..വിവരം അറിഞ്ഞു ശ്രുതിയുടെ വീട്ടുകാർ എത്തി..

കരയാൻ പോലും മറന്നിരിക്കുന്ന മകളെ നോക്കി അമ്മ വിലപിച്ചു…. കിരണിന്റെ അമ്മ ശ്രുതിയെ ചേർത്ത് പിടിച്ചു എങ്ങി കരഞ്ഞു…..

ആംബുലൻസിൽ നിന്നും കിരണിന്റെ ബോഡി ഉമ്മറത്തെ കത്തിച്ചു വച്ച നിലവിളക്കിന്റെ മുന്നിൽ കിടത്തി…. അമ്മയെയും ശ്രുതിയെയും ആരൊക്കെയോ ചേർന്നു ഉമ്മറത്ത് കൊണ്ട് വന്നു……

അമ്മ കിരണിന്റെ പുറത്തേക്കു വീണു തലതല്ലി കരയുമ്പോൾ ശ്രുതി അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.. ഇടയ്ക്കിടയ്ക്ക് അവളുടെ വിരലുകൾ അവന്റെ കണ്ണുകളെ തലോടി കൊണ്ടിരുന്നു…….

അൽപനേരം കഴിഞ്ഞപ്പോൾ ചടങ്ങുകൾ കഴിഞ്ഞു ചിതയിലേക്ക് എടുക്കാൻ തുടങ്ങുമ്പോൾ ശ്രുതി അവസാനമായി അവന്റെ നെറ്റിയിൽ പ്രണയത്തോടെ ചുംബിച്ചു….

അതുവരെ പിടിച്ചു നിർത്തിയ കരച്ചിൽ ചീളുകൾ അലർച്ചയായി പുറത്തേക്കു വന്നു…

അവന്റെ ശരീരത്തിൽ കെട്ടിപിടിച്ചു അവൾ അലറി കരഞ്ഞു… ഒടുവിൽ ഇരു കവിളുകളിലും ഭ്രാന്തമായി ചുംബിച്ചു അവൾ…… ആരെല്ലാമോ ചേർന്നു ബലമായി അവളെ പിടിച്ചു മ്മാറ്റി…….

ചടങ്ങുകൾ കഴിഞ്ഞു ബന്ധുക്കൾ എല്ലാം തിരിച്ചുപോയി….. ശ്രുതിയുടെ വീട്ടുകാർ ഇറങ്ങുമ്പോൾ അവളെയും കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു..

അത്‌ കിരണിന്റെ അമ്മയെ അറിയിക്കാൻ ചെല്ലുമ്പോൾ ശ്രുതിയെ കാണാൻ ഇല്ല……

വാഷ്റൂമിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടാണ് ശ്രുതിയുടെ അമ്മ അവിടേക്കുനോക്കിയത്…

മോളെ എന്ന നിലവിളിയോടെ ശ്രുതിയുടെ അടുത്തേക്ക് അവർ ഓടി ചെന്നു… കൈ തണ്ടയിലെ ഞരമ്പ് മുറിച്ചു രക്തം വാർന്ന നിലയിലാണ് ശ്രുതിയെ ഹോസ്പിറ്റലിൽ എത്തിച്ചത്……

അഞ്ചാറ് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ശ്രുതി വീട്ടിൽ എത്തുമ്പോൾ അവൾ ആൾ ആകെ മാറിയിരുന്നു…..

അവൾ ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് കൂപ്പു കുത്തിത്തുടങ്ങി..

സദാസമയവും ആലോചനയുമായി ഇരിക്കുന്നത് കാണാം.. ഇടയ്ക്കിടയ്ക്ക് എങ്ങി കരയും…. അമ്മ നിർബന്ധിച്ചാൽ ആഹാരം കഴിക്കും……ശ്രുതി പൂർണമായും മൗനത്തിൽ ആണ്ടുപോയ്‌..

ഡിപ്രഷൻ എന്ന അവസ്ഥയുടെ ഏറ്റവും ഭയാനകമായ ഒരു രൂപത്തിലേക്ക് ശ്രുതി പതിയെ പതിയെ വഴുതിവീണു…. ഒരിക്കലും അവളെ ഒറ്റയ്ക്ക് ആക്കരുത് എന്ന് ഡോക്ടർ കർശനമായ നിർദ്ദേശം അവർക്ക് നൽകി….

കിരണിന്റെ മൊബൈലിൽ ഇരുവരും ചേർന്നുള്ള ഫോട്ടോയും ….. ചെറിയ ചെറിയ വീഡിയോസ് കാണും…….

മൊബൈൽ നെഞ്ചോട്‌ ചേർത്തു കിടന്നുറങ്ങും….. ഇതൊക്കെ കാണുമ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറയും….

അമ്മേ എനിക്ക് ഏട്ടന്റെ വീട്ടിൽ പോകണം…. ശ്രുതി ഒരുപാട് നാളുകൾക്കു ശേഷം അമ്മയോട് പറഞ്ഞു…..

രാവിലെ ശ്രുതി റെഡി ആയി ഇറങ്ങി അമ്മക്കൊപ്പം കിരണിന്റെ വീട്ടിൽ എത്തി… ചെന്ന ഉടനെ കിരണിന്റെ അമ്മ അവളെ ചേർത്തു പിടിച്ചു….

ഒരുപാട് നാളിനു ശേഷം അവൾക്കു വല്ലാത്ത ഉത്സാഹം തോന്നി.. നേരെ അവരുടെ മുറിയിലേക്ക് പോയി…

ബെഡിൽ ഇരുന്നു……. ഫാനിലേക്ക് നോക്കി…….. നെടുവീർപ്പിട്ടു……. അലമാരി തുറന്നു ചെറിയ ആൽബം കയ്യിൽ എടുത്തു……

അതിലെ കിരണിന്റെ ഒപ്പം നിൽക്കുന്ന ഫോട്ടോയിലൂടെ വിരലുകൾ പതിയെ ചലിച്ചു………. കണ്ണുകൾ നിറഞ്ഞു നീർത്തുളികൾ കവിളിലൂടെ ഒഴുകി ആ ഫോട്ടോയിൽ വീണു ചിതറി….

എന്തിനാ എന്നെ തനിച്ചാക്കി പോയെ……. എന്നെ കൂടെ കൂടാതെ….. എനിക്ക് പറ്റുന്നില്ല….. പിടിച്ചു നിൽക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു…

എനിക്ക് കഴിയുന്നില്ല…….. ഇങ്ങനെ തനിച്ചാക്കാൻ ആയിരുന്നെങ്കിൽ എന്നെ എന്തിനാ സ്നേഹിച്ചേ… കൂടെ കൂട്ടിയെ…..

ഒരുമിച്ചു കണ്ട സ്വപ്നം ഒക്കെ ബാക്കിയാക്കി ഒറ്റയ്ക്ക് അങ്ങ് പോയി കളഞ്ഞില്ലേ….. ഞാൻ അത്രയും ശല്യം ആയിരുന്നോ… എന്നെ അത്രയും വെറുപ്പായിരുന്നോ…..

ആൽബം മടക്കി വച്ചു അവൾ കിടന്നു……. ശ്വാസം നീട്ടി എടുത്തു… ആ മുറിയിൽ മുഴുവൻ കിരണിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതുപോലെ അവൾക്കു തോന്നി…..

ഏറെ നേരം കഴിഞ്ഞിട്ടും അവളെ കാണാഞ്ഞു… അമ്മ തിരക്കിവരുമ്പോൾ അവൾ ഉറങ്ങുവായിരുന്നു… നെഞ്ചിൽ ചേർത്തു പിടിച്ചു കിടക്കുന്ന ആൽബം അവർ മാറ്റി വച്ചു.. കുറെ നാളിനു ശേഷം അവൾ അന്നാണ് ഉറങ്ങുന്നത്…..

ശ്രുതിക്കു ഉറക്കം ഉണർന്നപ്പോൾ വല്ലാത്ത ഉന്മേഷം തോന്നി……അവൾ നേരെ പുറത്തേക്കു പോയി കിരണിന്റെ അടക്കം ചെയ്ത ഇടത്തിൽ ഇരുന്നു…….

ഏറെ നേരം അവിടെ ചിലവഴിച്ചു അവൾ തിരികെ അമ്മയുടെ അടുത്ത് വന്നു..

ശ്രുതിയെ കണ്ട സന്തോഷത്തിൽ കിരണിന്റെ അമ്മ അവൾക്കായി കഴിക്കാൻ അവൾക്കിഷ്ടപ്പെട്ട കറികൾ ഉണ്ടാക്കി ശ്രുതി അതെല്ലാം വളരെ ആസ്വദിച്ച് കഴിക്കുകയും ചെയ്തു…..

വൈകുന്നേരം കിരണിനെ അമ്മയോടു യാത്രപറഞ്ഞ് ഇറങ്ങുന്നതിനു മുൻപേ ശ്രുതി അവരുടെ മുറിയിൽ പോയി കിരണ് അവസാനമായി ഇട്ടിരുന്ന ഷർട്ട് കൈയിലെടുത്തു അതിന്റെ മണം അവൾ നാസികയിൽ വലിച്ചുകയറ്റി….

പിന്നെ സാവധാനം ഒരു കവർ എടുത്തു ആ ഷർട്ട്‌ കവറിനുള്ളിൽ ആക്കി….

വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി.. അമ്മേ ഞാൻ ഏട്ടന്റെ ഒരു ഷർട്ട് എടുത്തിട്ടുണ്ട് കേട്ടോ…….

വളരെ സന്തോഷത്തോടു കൂടിയാണ് ശ്രുതി അവിടെ നിന്നും ഇറങ്ങിയത്…….. അടുത്ത ദിവസം രാവിലെ മകളുടെ സ്വഭാവത്തിൽ വന്ന മാറ്റത്തിൽ സന്തോഷിച്ച അമ്മ തൊഴിലുറപ്പ് പണിക്കായി പുറത്തേക്ക് പോയി……

ശ്രുതി യുടെ സ്വഭാവത്തിൽ വന്ന മാറ്റം കാരണം മകൾ വീണ്ടും പഴയ രീതിയിൽ ആയി…എന്ന പ്രതീക്ഷയിൽ ശ്രുതിയുടെ അച്ഛൻ പറമ്പിലെ പണികളൊക്കെ ചെയ്യുന്നതിനായി പുറത്തേക്കിറങ്ങി….

ഏകദേശം ഉച്ചയോടു കൂടി ശ്രുതിയുടെ അച്ഛൻ പറമ്പിൽ നിന്നും വീട്ടിലേക്ക് വന്നു…

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ ശ്രുതിയെ അവിടെയൊന്നും കാണാഞ്ഞ് തിരക്കി നേരെ അവരുടെ മുറിയിലേക്ക് പോയി….

ചാരിയിറീ ക്കുന്ന വാതിൽ പതിയെ തള്ളിത്തുറന്ന് അകത്തേക്ക് നോക്കുമ്പോൾ….. കിരൺ അവസാനമായി ധരിച്ചിരുന്ന ഷർട്ടും അണിഞ്ഞു കൊണ്ട്…

അവൾ ആ മുറിയിലെ ഫാനിൽ അവളുടെ ജീ വി തം അവസാനിപ്പിച്ചു……… തൊണ്ടയോളം ഉയർന്ന നിലവിളി പാതിയിൽ മുറിഞ്ഞു ആ അച്ഛൻ അവടെ….. നിന്നു…..

അപ്പോഴും മൊബൈലിൽ രണ്ടുപേരും ചേർന്നുള്ള സന്തോഷ നിമിഷങ്ങളിൽ പകർത്തിയ വീഡിയോ പ്ലേ ചെയ്തു കൊണ്ടിരുന്നു………….

നിന്നെ കൂടാതെ എനിക്ക് വയ്യെന്റെ പൊന്നേ… നീയില്ലാത്ത ഈ ലോകത്തിൽ ഞാൻ ഏകയാണ്…………….അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം….. അവനില്ലാതെ എനിക്ക് പറ്റില്ല….

ഞാൻ ഒരു മുഴു ഭ്രാന്തി ആയി മാറിപ്പോകും….. ഏട്ടന്റെ അമ്മക്ക് ആരും ഇല്ല….. അമ്മയെ കൂടി നോക്കണം….. എന്റെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു…. എല്ലാത്തിനും മാപ്പ്……..

ഇങ്ങനെ ഒരു കുറിപ്പ് മാത്രം അവൾ എഴുതിവച്ചു……..

ഇത്രയും നാൾ ഇടവും വലവും കാവൽ ഇരുന്നത് വെറുതെ ആയല്ലോ എന്റെ പൊന്നേ….. ശ്രുതിയുടെ അമ്മയുടെ നിലവിളി കാഴ്ചക്കരെ പോലും കണ്ണുനീരിൽ ആഴ്ത്തി…..

ഇനി ഞങ്ങൾക്ക് ആരുണ്ട് മക്കളെ… ചടങ്ങുകൾ എല്ലാം കഴിഞ്ഞു ആളും ആരവവും ഒഴിഞ്ഞ എസ് വീട്ടിൽ മൂന്ന് ആത്മക്കൾ ബാക്കിയായി… കിരണിന്റെ അമ്മയും ശ്രുതിയുടെ അച്ഛനും അമ്മയും….

ഇത്രയും നാൾ കണ്ണിലെ കൃഷ്ണമണിപോലെ നോക്കിയ ആ മാതാപിതാക്കളെ തനിച്ചാക്കി.. മറ്റൊരു ലോകത്തിൽ അവൾക്കായി കാത്തിരിക്കുന്ന അവളുടെ പ്രിയന്റെ അടുത്തേക്ക് അവൾ യാത്രയായി…..

Leave a Reply

Your email address will not be published. Required fields are marked *