വിവാഹം കഴിഞ്ഞു ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് എന്തെങ്കിലും..

അവസ്ഥ
(രചന: മഴ മുകിൽ)

എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ ഞാൻ ആരെയും അനുവദിക്കില്ല കിരൺ….

നിനക്ക് വ്യക്തിത്വമോ അങ്ങനെ ഒന്ന് ഉണ്ടോ……. കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്ന നീ ശീലാവതി ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണം അല്ലെ… അതിനു ഈ കിരണിനെ കിട്ടില്ല……..

ഞാനും കുറെ ജോലിക്കാരെ കണ്ടിട്ടുണ്ട്…… കൂടെ ജോലിചെയ്യുന്നവർ എന്ന്‌ പറഞ്ഞു എന്നെ പൊട്ടൻ ആക്കം എന്ന്‌ വിചാരിക്കേണ്ട…….

ഒരു കുഞ്ഞു ഉണ്ടായി പോയി അതുകൊണ്ട് നിന്റെ എല്ലാ തോന്യാസവും ക്ഷമിക്കും എന്ന്‌ കരുതണ്ട….

നിങ്ങൾക്ക് ഇത് എങ്ങനെ പറയാൻ കഴിയുന്നു….. കൂടെ ജോലിചെയ്യുന്ന ഒരു സഹപ്രവർത്തകന്റെ ഒപ്പം ഒന്ന് യാത്ര ചെയ്തു അതിനാണോ നിങ്ങൾ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു…..

ഇന്നു ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ലേറ്റ് ആയി പതിവ് ബസ് പോയി…. അപ്പോൾ ആണ്…. പ്രകാശൻ അതുവഴി വന്നത്….

അയാളുടെ മോളെയും കൂട്ടി…. ബസ് മിസ്സായി എന്ന്‌ പറഞ്ഞപ്പോൾ ഒരു ലിഫ്റ്റ് തന്നു…. അതിനാണോ നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞു……

ഓ…. എനിക്ക്….. വിറഞ്ഞു വരുന്നുണ്ട്…. നീ എന്തിനാടാ ഇത്രേം പ്രസംഗം കേട്ടു നിൽക്കുന്നെ അവളുടെ കരണത്തു നാല് കൊടുക്ക്‌… എന്നിട്ട് വീട്ടുകാരെ വിളിച്ചു പറഞ്ഞു……. കൊണ്ടുപോയി അവളുടെ വീട്ടിൽ ആക്കെടാ……….

അമ്മ ഇതിൽ ഇടപെടേണ്ട…. ഇത് ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കാര്യം ആണ്….. സ്വന്തം മകനെ പറഞ്ഞു മനസിലാക്കാതെ ഇങ്ങനെ എരി തീയിൽ എണ്ണ ഒഴിച് കൊടുക്കരുത്………

പ്രസീദക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായെങ്കിൽ അമ്മ അവളുടെ ഭർത്താവിനോടും ഇങ്ങനെ തന്നെ പറയുമായിരുന്നോ……

അതിനു നിന്നെ പോലെ ആണോ അവൾ….അവൾ ഗവണ്മെന്റ് സ്റ്റാഫ് ആണ്…. എത്ര രൂപ ശമ്പളം വാങ്ങുന്നു… അവൾ ക്ലർക്ക് ആണ്………….

ഓ അപ്പോൾ ഞാൻ പ്രൈവറ്റ് ജോലി ചെയ്യുന്നത് ആണ് പ്രശ്നം… എല്ലാപേർക്കും ഇപ്പോൾ ഗവണ്മെന്റ് ജോലി കിട്ടുമോ………..

അമ്മയുടെ മോനും പ്രൈവറ്റ് കമ്പനിയിൽ അല്ലെ ജോലി ചെയ്യുന്നേ… പിന്നെന്താ…….

അത്‌ പിന്നെ… അവനെ പോലെ ആണോ നീ…..

എനിക്ക് എന്താ അമ്മേ പ്രതേകത…..

നീ ഒരു പെണ്ണാണ്…. അത്‌ മാത്രം അല്ല അതൊരു പ്രൈവറ്റ് ജോലി അല്ലെ…….

അമ്മ പറയുന്നതേ എനിക്കും പറയാനുള്ളു…. ഈ ജോലി നിനക്ക് വേണ്ടാ… നീ പണിയെടുത്തിട്ടു വേണ്ടാ ഇവിടെ ആർക്കും ജീവിക്കാൻ…

കുഞ്ഞിനേയും നോക്കി വീട്ടിൽ ഇരിക്കാമെങ്കിൽ ഇവിടെ കഴിയാം.. ഇല്ലെങ്കിൽ പിന്നെ……… നിനക്ക് ഈ വീട്ടിൽ സ്ഥാനം ഇല്ല………

കുഞ്ഞിനേയും എടുത്തു കാവ്യാ മുറിയിലേക്ക് പോയി…………

ടാ നീ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കണം…. അവൾ ഉദ്യോഗക്കാരി എന്നാ….. ഗമയുണ്ട്….. അത്‌ നിനക്ക് കുറച്ചിൽ ആണ്…..

അവളെക്കാൾ നിനക്ക് ശമ്പളംകുറവല്ലേ….. അങ്ങനെ അവൾമിടുക്കി ആകണ്ട……. കിരണിന്റെ അമ്മ എരികയാറ്റി കൊണ്ടിരുന്നു…………..

രാത്രിയിൽ കിടന്നിട്ടു കാവ്യക്കു ഉറക്കം വന്നില്ല… അച്ഛൻ ഒരുപാട് കഷ്ടപെട്ടാണ്… പഠിപ്പിച്ചത്…..ഞാൻ ഒരു ജോലിക്കാരി ആകുന്നതു അച്ഛന്റെ സ്വപ്നം ആയിരുന്നു…

ഒരുപാട് ടെസ്റ്റുകൾ എഴുതി എങ്കിലും ഗവണ്മെന്റ് ജോലി കിട്ടിയില്ല… പക്ഷെ പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി… ഒരു വിധം നല്ല ശമ്പളം ഉണ്ട്……

പെണ്ണുകാണാൻ വരുമ്പോൾ ഒന്ന് മാത്രെ ആവശ്യപ്പെട്ടുള്ളു അച്ഛൻ, ജോലിക്ക് അയക്കണം എന്ന്‌…. അവൾ ഒരുപാട് ആഗ്രഹിച്ചു പഠിച്ചു നേടിയ ജോലി ആണെന്ന്…

അത്‌ സമ്മതിച്ചത് ആണ്….

വിവാഹം കഴിഞ്ഞു കഴിഞ്ഞപ്പോൾ വീട്ടിലെ ജോലി കഴിഞ്ഞു പോയാൽമതി എന്നെല്ലാം ആയി……..

ഒടുവിൽ മോൻ ആയി കഴിഞ്ഞപ്പോൾ പിന്നെ ജോലി രാജിവച്ചേ മതിയാകു എന്ന്‌ നിർബന്ധം ആയി… ഒടുവിൽ ദിനം പ്രതി അതിനെ ചൊല്ലി വഴക്ക് ആയപ്പോൾ…. അച്ഛനെ അറിയിച്ചു….

അച്ഛൻ വന്നു ഒരുപാട് സംസാരിച്ച ശേഷം ആണ് വീണ്ടും ജോലിയിൽ തുടരാൻ അനുവദിച്ചത്…..

അച്ഛൻ സുഖമില്ലാതെ കിടപ്പിൽ ആയപ്പോൾ പോലും ലീവ് എടുത്തു നോക്കാൻ നിൽക്കുമ്പോൾ ഒന്ന് മാത്രെ ആവശ്യപ്പെടുമായിരുന്നുള്ളു..

മോള് ഏതു സാഹചര്യത്തിലും ജോലി കളയരുത്… ഒരു പെൺകുട്ടിക്ക്….. ഏറ്റവും ആവശ്യം സ്വന്തം കാലിൽ നിൽക്കുവാൻ ഉള്ള കഴിവാണ്….

എന്റെ ഉള്ള സാഹചര്യത്തിൽ ഞാൻ നിനക്ക് ആവശ്യം ആയ വിദ്യാഭ്യാസം തന്നു…. നിന്റെ കഴിവ് കൊണ്ട് നീ ഒരു ജോലി നേടി എടുത്തു…..

അത്‌ വലിച്ചെറിയരുത്….. ആരുടെ മുന്നിലും ഒരു കാര്യത്തിനും കൈ നീട്ടി നിൽക്കേണ്ട സാഹചര്യം നിനക്ക് ഉണ്ടാകരുത്………

ഭർത്താവിനെ അനുസരിക്കേണ്ട എന്നോ ധിക്കരിക്കണം എന്നോ അല്ല….

കയ്യിലുള്ള ഒരു തൊഴിൽ വലിച്ചെറിയരുത്… അത്ര ഉള്ളു……

രാവിലെ കാവ്യാ പതിവുപോലെ എഴുനേറ്റു അടുക്കളയിൽ കയറി ജോലികൾ എല്ലാം ചെയ്തു തീർത്തു… കുഞ്ഞിനെ ഒരുക്കി റെഡി ആക്കി….. ബാഗുമായി ഇറങ്ങി ഉമ്മറത്തെത്തി….

നീ എവിടെ പോകുന്നു………. കിരണിന്റെ ചോദ്യം കേട്ടു അവൾ ഒന്ന് നോക്കി…..

ഞാൻ കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടിയത് വലിച്ചെറിഞ്ഞു കളഞ്ഞു വീട്ടിൽ ഇരിക്കാൻ അല്ല……. വിവാഹം കഴിഞ്ഞു ഈ വർഷങ്ങൾക്കിടയിൽ നിങ്ങൾ എനിക്ക് എന്തെങ്കിലും ഒരു സാധനം വാങ്ങി തന്നിട്ടുണ്ടോ…..

എന്തെങ്കിലും ചോദിക്കുമ്പോൾ നീ ജോലിക്കാരി അല്ലെ… നിന്റെ കാശ് എവിടെ… എന്നൊക്കെ അല്ലെ നിങ്ങളുടെ മറുപടി…..

എനിക്കും എന്റെ കുഞ്ഞിനും ഈ നിമിഷം വരെ നിങ്ങൾ ഒരു മിട്ടായി തുണ്ട് എങ്കിലും വാങ്ങി തന്നിട്ടുണ്ടോ……

ഇന്നുവരെ എന്റെ കുഞ്ഞിന്റെ കാര്യം നോക്കിയിരുന്നത് ഞാൻ ആണ്… ഇനിയും എന്നെ കൊണ്ട് അതിനു പറ്റും… വെറുതെ പേരിനു ഒരു ഭർത്താവ് എനിക്ക് ആവശ്യം ഇല്ല….

നിങ്ങൾക്ക് ആവശ്യം ഒരു ഭാര്യയെ അല്ല അടിമയെ ആണ് നിങ്ങൾ പറയുന്നത് കേട്ടു… ജീവിക്കുന്ന നിങ്ങളുടെ കാര്യങ്ങൾ ശമ്പളം ഇല്ലാതെ ചെയ്തു തരുന്ന ജോലിക്കാരി… എനിക്കതു കഴിയില്ല…….

കാവ്യാ പുറത്തേക്കു ഇറങ്ങിയത് ഒരു കാർ വന്നു നിന്നു… കാരിൽ നിന്നും പ്രസീദയും ഭർത്താവും ഇറങ്ങി……

പ്രസീദായെ കണ്ടതും അതുവരെ കാവ്യയെ നോക്കി പിറുപിറുത്തിരുന്ന അമ്മ ഓടി പുറത്തേക്കു വന്നു…

മോള് ഇതെന്തേ ഇത്രേം നേരത്തെ………

അമ്മായിടെ മോള് ഇനീ എന്നും അമ്മായിക്കൊപ്പം കാണും……..

അതെന്താ വിഷ്ണു നീ അങ്ങനെ പറയുന്നേ….

ഓ…. ഒന്നുമില്ലെന്ന്…….

മോൾക്ക്‌ ഇപ്പോൾ ചില കൂട്ടുകെട്ടുകൾ…. കൂടെ ജോലിചെയ്യുന്ന ഒരുത്തനുമായി രാവെന്നോ പകലെന്നോ ഇല്ലാതെ ചാറ്റിങ്ങും…….

വീഡിയോ കാൾ… ആകെ ബഹളം……. ഇന്നലെ രണ്ടുപേരെയും കൂടി….. കയ്യോടെ ഞാൻ സിനിമ തീയറ്ററിൽ നിന്നും പിടികൂടി……

എന്തായാലും അങ്ങനെ ഇവൾ രണ്ടുപേരെയും കൂടി സഹിക്കേണ്ട ഞാൻ അങ്ങ് ഒഴിഞ്ഞു മാറിയേക്കാം എന്ന്‌ കരുതി………

ഇനീ അമ്മായിക്ക് മോളെ എപ്പോഴും കണ്ടു കൊണ്ടിരിക്കാം… അപ്പപ്പോൾ വിളിച്ചു അവിടുത്തെ വിശേഷം തിരക്കി എന്റെ സമാധാനം കളയണ്ടല്ലോ…….

ഒരു ജോലി ഉണ്ടെന്നു കരുതി ഇവൾ എന്റെ അമ്മയോട് കാണിച്ചത് ഒന്നും ഞാൻ അറിയാഞ്ഞിട്ടല്ല…..

ഇനീ ഇപ്പോൾ അമ്മയേം ഭരിച്ചു ഇവിടെ കൂടിക്കോ… അതുപറഞ്ഞു വിഷ്ണു വണ്ടിയും എടുത്തു പുറത്തേക്കു പോയി…

എല്ലാം കേട്ടു നിന്ന കാവ്യാ കിരണിനെയും അമ്മയെയും നോക്കി ഒന്ന് പുഞ്ചിരിച്ചു…. കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നിറങ്ങി…..

Leave a Reply

Your email address will not be published.