ഒരു സൗഹൃദത്തിനപ്പുറം ഞാൻ നിന്നിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കില്ല, ചിലപ്പോൾ എന്തെങ്കിലും വിഷമങ്ങൾ..

(രചന: മഴമുകിൽ)

കുറെ നാളുകൾക്കു ശേഷം ഒരു ഓർമ്മപ്പെടുത്തൽ പോലെ മെസ്സഞ്ചറിൽ ഒരു മെസ്സേജ് കണ്ടപ്പോൾ അവളുടെ ഹൃദയം ക്രമാതീതമായി ഇടക്കാൻ തുടങ്ങി.

ആറുമാസം മുമ്പ് ഒരിക്കൽ പറഞ്ഞു തീർന്നുപോയ ബന്ധമാണ് ഇപ്പോൾ വീണ്ടും തേടി വന്നിരിക്കുന്നത്.

റിപ്ലൈ കൊടുക്കണമോ വേണ്ടയോ എന്ന് മനസ്സ് നൂറുവട്ടം ആലോചിച്ചു. എന്നാൽ ബുദ്ധി അതെല്ലാം തച്ചുടച്ചു കൊണ്ട് റിപ്ലൈ കൊടുത്തിരുന്നു.

അപ്പുറത്തെ മെസ്സേജ് ഡെലിവെർഡ് ആയതും ഒരു ചിരിക്കുന്ന ഇമോജി വന്നു.

സ്നേഹ റിപ്ലൈ കൊടുക്കാതെ ഇരുന്നു.

എന്താ സ്നേഹം നീ റിപ്ലൈ തരാത്തത്. എന്നെ നീ മറന്നോ.

അതിനു മറുപടിയില്ലെന്ന് കണ്ടപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു.

സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ എന്ന് ബ്ലോക്ക് ചെയ്തേക്ക് സ്നേഹ.

എന്തിനാണ് ഋഷി നീ എന്നെ വീണ്ടും വീണ്ടും ഇങ്ങനെ വേദനിപ്പിക്കുന്നത്. നിനക്ക് ഞാൻ ഇപ്പോഴും ഒരു കളിപ്പാവയാണോ.

ഒരിക്കൽ നീ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു പോയതല്ലേ. അന്നൊക്കെ ഞാൻ എത്രമാത്രം നിന്റെ ഒരു മെസ്സേജിന് വേണ്ടി കൊതിച്ചിട്ടുണ്ട്.

നീ ഓൺലൈനിൽ ഉണ്ടായിരിക്കുമ്പോഴൊക്കെ ഞാൻ ഓടി വരുമായിരുന്നു എനിക്കായി നീ ഒരു മെസ്സേജ് ഇട്ടിട്ടുണ്ടോ എന്ന്. പക്ഷേ അന്ന് നിരാശയായിരുന്നു ഫലം.

ഇപ്പോൾ എന്തിനാണ് വീണ്ടും എന്നെ വേദനിപ്പിക്കാൻ വേണ്ടി നീ വന്നത്. ഒരു വസന്തകാലം എന്നിൽ തീർത്തിട്ട് വീണ്ടും ഒരു വേനലായി പോകുവാൻ ആണോ. എങ്കിൽ വേണ്ട ഇനിയും ഒരു വേദന എനിക്ക് താങ്ങാൻ കഴിയില്ല.

മെസ്സേജ് റീഡ് ആയി എന്ന് കണ്ടതും മനസ്സിൽ ഒരു സമാധാനം തോന്നി.

എപ്പോഴോ തുടങ്ങിയ സൗഹൃദം ആണ്.. ഇന്നിപ്പോൾ മനസ്സിൽ ഓർക്കുമ്പോൾ കുഞ്ഞു വേദനയും, ചെറിയ സന്തോഷവും തരുന്നത്..

ഇടമുറിയാതെ സംസാരിക്കുകയും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുകയുക ചെയ്തിരുന്ന രണ്ടുസൗഹൃദം ആയിരുന്നു. ഇടയ്ക്ക് എപ്പോഴും ആ സൗഹൃദത്തിന് നിറം മാറുന്നതും അവിടെ പ്രണയം ചിറകു വിരിക്കുന്നതും അറിഞ്ഞു..

മണിക്കൂറുകൾ സംസാരത്തിനു വഴിമാറി. സംസാരിക്കുന്നതിന് കാരണങ്ങൾ ആവശ്യമില്ല എന്ന അവസ്ഥയായി.

ഒടുവിൽ ഇരുവർക്കും തമ്മിൽ സംസാരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയപ്പോൾ പതിയെ പതിയെ ഇരുവരും അറിഞ്ഞുകൊണ്ട് തന്നെ സംസാരങ്ങൾ കുറച്ചു.

ഋഷി അതുമായി പൊരുത്തപ്പെട്ടുവെങ്കിലും സ്നേഹക്കു അതിന് കഴിയാതെ വന്നു.

ഫോൺവിളികളിലൂടെയും ചാറ്റിലൂടെയും തുടർന്നുകൊണ്ടിരുന്ന ആ ബന്ധം പെട്ടെന്ന് നിലച്ചപ്പോൾ അത് സ്നേഹയെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചു. അതിൽ നിന്ന് പതിയെ പതിയെ മാത്രമേ സ്നേഹക്കു പുറത്തു വരാൻ കഴിഞ്ഞുള്ളൂ.

ഇടയ്ക്ക് ഒരിക്കൽ സ്നേഹയെ അന്വേഷിച്ച് ഋഷിയുടെ കോൾ എത്തി..

അവന്റെ ശബ്ദം ചെവിയെ കുളിരണിയിച്ച് കടന്നു പോകുന്നത് സ്നേഹ അറിഞ്ഞു.

നീ എന്നെ മറന്നെന്നു കരുതി ഋഷി.

അങ്ങനെ മറക്കാൻ പറ്റുന്ന ഒരു സൗഹൃദം അല്ലല്ലോ സ്നേഹ നമുക്കിടയിൽ ഉണ്ടായിരുന്നത്.

എപ്പോഴും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന ഋഷി വാക്കുകൾ അളന്ന് മുറിച്ച് പറയുന്നത് കേട്ടപ്പോൾ സ്നേഹയുടെ ഇടനെഞ്ചിൽ സൂചി കൊണ്ട് തുളക്കുന്നതുപോലെ തോന്നി..

എന്താ സ്നേഹ നീ ഒന്നും മിണ്ടാതിരിക്കുന്നത് നിനക്ക് എന്നോട് ഒന്നും പറയാനില്ലേ.

വാക്കുകൾ തൊണ്ടയിൽ വീർപ്പുമുട്ടി നിനക്ക് സുഖമാണോ ഋഷി.

സുഖമായിരിക്കുന്നു സ്നേഹ….

ഇനിയെന്നാണ് ഋഷി നിന്റെ കോൾ എന്നെ തേടി വരുന്നത്.

നമുക്കിടയിൽ സംസാരിക്കാൻ ഒരുവിഷയത്തിന്റെ ആവശ്യം പോലും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ നിന്നോട് സംസാരിക്കുന്നതിനുവേണ്ടി ഞാൻ വാക്കുകൾ തപ്പിപ്പറക്കുകയാണ് ഋഷി.

ഞാനൊരിക്കലും നിന്നെ മറന്നിട്ടില്ല സ്നേഹ എന്റെ ഹൃദയത്തിൽ എപ്പോഴും നീയുണ്ട് പക്ഷേ നമ്മുടെ ചുറ്റുപാടുകളിൽ വച്ച് നോക്കുമ്പോൾ നമ്മുടെ ഈ റിലേഷൻ ഒരിക്കലും നല്ലതല്ല. എന്റെയും എന്റെയും ഫാമിലിയെ ബാധിക്കുന്ന ഒരു തെറ്റിലേക്ക് നമ്മൾ പോകാൻ പാടില്ല.

എന്തും തുറന്നു പറയുന്ന സുഹൃത്തുക്കളാകുന്നത് അത്രയും വലിയ തെറ്റാണോ ഋഷി.

നമ്മൾ സൗഹൃദത്തിനും അപ്പുറമുള്ള ബന്ധങ്ങൾ ആഗ്രഹിച്ചു സ്നേഹ അത്‌ പാടില്ല അതാണ് ഞാൻ നിന്നെ തിരുത്തിയത്.

ഒരിക്കൽ യാത്ര പറഞ്ഞു പോയതല്ലേ ഋഷി പിന്നെ എന്തിനാണ് ഇപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുന്നത്.

നിന്നിലെ സുഹൃത്തിനെ ഞാൻ ഒരിക്കലും വേണ്ടെന്നു വെച്ചിട്ടില്ല സ്നേഹ. എന്റെ മനസ്സ് ഒന്ന് നീറുമ്പോൾ എന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ നിന്റെ വിശേഷങ്ങൾ അറിയാൻ നമുക്കിടയിൽ ഈ സൗഹൃദം വേണം.

അത് നീ ആഗ്രഹിക്കുന്നില്ല എന്നുണ്ടെങ്കിൽ ഞാനിപ്പോൾ തന്നെ പോയേക്കാം ഇനി ഒരിക്കലും ഒരു ശല്യത്തിനായി ഞാൻ വരില്ല.

നീ എനിക്ക് ഒരിക്കലും ഒരു ശല്യമായിരുന്നില്ല ഋഷി. ഞാനൊരിക്കലും മറ്റൊരാളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത എന്റെ സ്വകാര്യതയായിരുന്നു. ദൂരത്തു നിന്നും എന്നെ കേൾക്കാൻ തയ്യാറുള്ള എന്റെ ഏറ്റവും അടുത്ത സ്വന്തം.

ഇനിയും ഒരിക്കൽ കൂടി എന്നെ വേദനിപ്പിച്ച് നീ കടന്നുപോകരുത് ഋഷി.

ഒരു സൗഹൃദത്തിനപ്പുറം ഞാൻ നിന്നിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കില്ല. ചിലപ്പോൾ എന്തെങ്കിലും വിഷമങ്ങൾ പങ്കുവയ്ക്കാൻ ഒരു സമാധാനം പറയുവാൻ അതിനുമതി ഋഷി എനിക്ക്..

അന്ന് ഋഷി പറഞ്ഞതുപോലെ തന്നെ അവരുടെ സൗഹൃദം നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ദിവസവും മെസ്സേജുകൾ അയക്കുകയോ വിളിക്കുകയോ ചെയ്തില്ലെങ്കിൽ പോലും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ഉള്ള ഒരു ഫോൺവിളി മതിയായിരുന്നു അവരുടെ ആ സൗഹൃദത്തിന്റെ കെട്ടുറപ്പിന് വേണ്ടി.

അന്ന് വിളിക്കുമ്പോൾ വീട്ടുകാര്യവും നാട്ടുകാര്യവും വാർത്തകളും ഒക്കെ അവരുടെ സംസാര വിഷയമാകും. അവസാനം പരസ്പരം ഒരു കാര്യം മാത്രം ചോദിക്കും സുഖമാണോ നിനക്ക് എന്ന് ഋഷിയും അതെ എന്ന് സ്നേഹയും.

നാലു വർഷങ്ങൾക്കു ശേഷം ഇന്ന് ആദ്യമായി ഋഷി സ്നേഹയെ കാണാൻ വരികയാണ്. അവളുടെ മനസ്സിൽ ഋഷിക്കായി ഒരു രൂപം തന്നെയുണ്ട്. ഋഷിയുടെ മനസ്സിലും സ്നേഹയും.

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിനു ശേഷം ഋഷി സ്നേഹയെ വിളിച്ചു. ആദ്യറിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.

എത്തിയോ ഋഷി.

അതേ സ്നേഹ ഞാനിവിടെ അഞ്ചാമത്തെ നമ്പർ പ്ലാറ്റ്ഫോമിൽ ഉണ്ട്.

സ്നേഹക്ക് നെഞ്ചിടിച്ചുക്കൊണ്ടിരുന്നു. ആദ്യമായി അവൾ അവളുടെ ഫ്രണ്ടിനെ കാണാൻ പോകുന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റും അവൾക്കുണ്ടായിരുന്നു.

പലപ്പോഴും സംസാരത്തിനിടയ്ക്ക് ഒരു ഫോട്ടോ പോലും അവർ തമ്മിൽ കൈമാറിയിട്ടുണ്ടായിരുന്നില്ല. ഋഷി എങ്ങനെയിരിക്കും എന്നതായിരുന്നു ഏറ്റവും വലിയ ചിന്ത.

അഞ്ചാമത്തെ നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുമ്പോൾ അവൾ മൊബൈൽ എടുത്ത് ഒന്നു കൂടി ഋഷിയെ വിളിച്ചു.

ഋഷി ഞാൻ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉണ്ട് നീ എവിടെയാ നിൽക്കുന്നത്. നിന്റെ വേഷം എന്താണെന്ന് പറയുമോ എനിക്ക് നിന്നെ ഐഡന്റിഫയ് ചെയ്യാനാണ്.

ഞാനൊരു ബ്ലൂ ജീൻസും വൈറ്റ് കുർത്തയും ആണ് ഇട്ടിരിക്കുന്നത്.

സ്നേഹ തിരിഞ്ഞുനോക്കുമ്പോൾ ഉണ്ട് തന്റെ മുന്നിൽ ആറടി പൊക്കത്തിൽ ഒരാൾ. കയ്യിലിരുന്ന ഫോൺ ഊർന്ന് നിലത്തേക്ക് വീണു പോകുമെന്ന് സ്നേഹക്കു തോന്നി.

ഭംഗിയായി ജീവിക്കുക മുടിയും മുഖത്തിന് ചേരുന്ന ഒരു സ്പെക്സും വെച്ച്സുന്ദരനായ ഒരു യുവാവ്. അവളുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു ഋഷി.

ഋഷി നോക്കുമ്പോൾ അവൻ ഏറ്റവും ഇഷ്ടപ്പെട്ട ബ്ലൂ കളർ ചുരിദാറും ധരിച്ചു, മുടിയിഴകൾ കാറ്റിന്റെ ഇഷ്ടത്തിനനുസരിച്ചു പറക്കാൻ വിട്ടു, നെറ്റിയിൽ കുഞ്ഞാനൊരു പൊട്ടും കുത്തി നിറചിരിയുമായി മുന്നിൽ സ്നേഹ.

ഋഷിയെ കണ്ടപാടെ സ്നേഹ അവനെ കെട്ടിപിടിച്ചു. അവളുടെ ആ പ്രവർത്തിയിൽ അവനൊന്നും ഞെട്ടിയെങ്കിലും തിരിച്ച് അവളെ പുണർന്നു.

അതും കണ്ടുകൊണ്ട് അടുത്തേക്ക് വന്ന ആളിനെ ഋഷി ഒന്നു നോക്കി.

സ്നേഹ അയാളെയും കുഞ്ഞിനെയും ഋ ഷിക്കായി പരിചയപ്പെടുത്തി കൊടുത്തു.

ഋഷീദ് ഇതാണ് എന്റെ ഹസ്ബൻഡും മോനും.
ഞാൻ പറഞ്ഞിരുന്നു നീ ഇന്ന് വരുന്നുണ്ടെന്ന് അതുകൊണ്ട് ദേവേട്ടൻ ലീവ് എടുത്തു നിൽക്കുകയായിരുന്നു. ഋഷി അയാളെ നോക്കി പുഞ്ചിരിക്കുകയും ഷേക്ക്‌ ഹാൻഡ് നൽകുകയും ചെയ്തു.

സ്നേഹ എപ്പോഴും പറയും ദൂരെയുള്ള അവളുടെ സുഹൃത്തിനെ പറ്റി. ഇന്ന് വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ ലീവെടുത്ത് നിന്നത്. എന്തായാലും കണ്ടതിൽ വലിയ സന്തോഷം.

അന്ന് മുഴുവനും ഋഷി അവർക്കൊപ്പം ചെലവഴിച്ചു. പല സ്ഥലങ്ങളിലും അവർ മൂന്നുപേരും കൂടി ചുറ്റിക്കറങ്ങി.

വൈകുന്നേരം പോകാനായി റെയിൽവേ എത്തുമ്പോൾ ഋഷി അവരോട് രണ്ടുപേരോടും നന്ദി പറഞ്ഞു ഇത്രയും നല്ലൊരു സൗഹൃദം അവനായി കാത്തുസൂക്ഷിച്ചതിന്.

തിരികെയുള്ള അവന്റെ യാത്രയിൽ മനസ്സ് നിറയെ സ്നേഹയും അവളുടെ കുടുംബവും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *