എനിക്ക് സ്വതന്ത്രമായി ജീവിക്കണം, അത് കൊണ്ട് കല്യാണമൊന്നും വേണ്ട..

ഒറ്റമുറിവീട്
(രചന: Mahalekshmi Manoj)

“അങ്ങനെ നീയും ഇവിടെ മതിയാക്കി പോവുകയായി അല്ലെ സീമ?. എന്തൊക്കെയായിരുന്നു?, ഞാൻ ഇവിടെ കിടന്നേ മരിക്കുകയുള്ളു, നാടിനേക്കാൾ എനിക്കിഷ്ടം ദുബായ് ആണ്,

മരിക്കുന്നതും ഇവിടെ കിടന്നായിരിക്കും, ഇപ്പോൾ എന്തായി?, എന്റെ ആഗ്രഹം നടന്നില്ലല്ലോ എന്നൊരു പ്രയാസം എനിക്കുണ്ടായിരുന്നു ഇത്‌വരെ,

പക്ഷെ ഇപ്പോൾ കുറച്ചു ആശ്വാസമൊക്കെ തോന്നുന്നുണ്ട്, നിന്റേതും നടന്നില്ലല്ലോ.”

ആർത്തലച്ചു വരുന്ന തിരമാലകളെയും, അങ്ങകലെ കൂടണയാൻ വെമ്പി ഇളംചുവപ്പാർന്നു നിൽക്കുന്ന സൂര്യനെയും, സന്ധ്യയും പകലും ഇഴുകിചേർന്ന ആകാശത്തേയും നോക്കി

ദുബായിലെ മമ്സാർ കടൽത്തീരത്തിരുന്ന ഈ മനോഹരമായ സായാഹ്നത്തിലാണ് പൊട്ടിച്ചിരിയുടെ അകമ്പടിയോടെ, അശരീരി പോലെ പ്രിയതോഴി നിമിഷയുടെ വാക്കുകൾ എന്റെ ചെവിയിൽ വന്ന് പതിച്ചത് പോലെ എനിക്ക് തോന്നിയത്.

ഇരുപത്തിരണ്ടു കൊല്ലവും മൂന്നു മാസവും കഴിഞ്ഞു ദുബായ് ജീവിതം തുടങ്ങിയിട്ട്. ഹൗസ്കീപ്പിങ്ങിലായിരുന്നു തുടക്കം, അന്ന് തൊട്ടുള്ള സൗഹൃദമാണ് നിമിഷയുമായി.

ഹൗസ്കീപ്പിങ് കൊണ്ട് മാത്രം മെച്ചമൊന്നും കാണാതായപ്പോഴാണ് വീടുകളിൽ മെയ്ഡ് ആയി ജോലി നോക്കാമെന്നു ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചത്. അന്നും ഇന്നും ഇവിടെ മെയ്ഡിന് നല്ല ഡിമാൻഡ് തന്നെ.

എത്രയെത്ര വീടുകളിൽ ജോലി ചെയ്തു ഈ കാലങ്ങളിലെല്ലാം, വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ചും അതിനുമപ്പുറവും ചെയ്തു.

മിക്കവരും നല്ല കുടുംബക്കാർ തന്നെയായിരുന്നു, പ്രത്യേകിച്ച് അറബികൾ, അതിൽ തന്നെ എമിറാറ്റികൾ എന്ന് എടുത്ത് പറയണം.

അവരുടെ വീടുകളിൽ ജോലിയെടുക്കുമ്പോൾ എന്ത് ചെയ്യാനും മടിയോ ക്ഷീണമോ തോന്നിയിട്ടില്ല ഞങ്ങൾക്ക് രണ്ട്പേർക്കും, കാരണം അവരുടെ സ്നേഹപൂർണ്ണമായ സമീപനം.

എല്ല് മുറിയെ പണിയെടുത്തിട്ടുണ്ട്, പല്ല് മുറിയെ കഴിക്കാനല്ല, നാട്ടിലുള്ള കുടുംബത്തെ സംരക്ഷിക്കാൻ, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ, അവർ സന്തോഷമായിരിക്കാൻ.

അച്ഛനെയും അമ്മയെയും സംരക്ഷിക്കാനും, രണ്ട് അനിയത്തിമാരെ കെട്ടിച്ചയക്കാനും, അനിയന് ഒരു ജീവിതമാർഗ്ഗം ഉണ്ടാക്കികൊടുക്കുവാനും ഇവിടെയുള്ള വീടുകളിലുള്ള വിഴുപ്പുകൾ ഒരുപാടലക്കി.

ഒരു ചെറിയ വീടും ഉണ്ടാക്കിയെടുത്തു, പക്ഷെ സ്വന്തമായി കുടുംബമുണ്ടാക്കാൻ കഴിഞ്ഞില്ല, അല്ല അതിന് ശ്രമിച്ചില്ല.

നിമിഷക്ക് എന്റെ അത്രയും പ്രാരാബ്ധങ്ങൾ ഇല്ലായിരുന്നുവെങ്കിലും അവളും ഒരു വിവാഹത്തേക്കുറിച്ച് ചിന്തിച്ചില്ല.

“ബന്ധങ്ങൾ ബന്ധനങ്ങളാണ്, എനിക്ക് സ്വതന്ത്രമായി ജീവിക്കണം, അത് കൊണ്ട് കല്യാണമൊന്നും വേണ്ട, ഭർത്താവിനും മക്കൾക്കും കൂടി ചിലവിന് കൊടുക്കാനൊന്നും വയ്യ.

ഉള്ളത് കൊണ്ട് നമുക്ക് സന്തോഷമായി ജീവിക്കാമെടി, എനിക്ക് നീ മതി, നിനക്ക് ഞാനും ഉണ്ടാവും.” അവൾ എപ്പോഴും പറയുമായിരുന്നു.

അടുത്തറിഞ്ഞ നാൾ മുതൽ അന്നന്നത്തെ ജോലി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചിരുന്നു സ്വപ്‌നങ്ങൾ നെയ്യാറുണ്ടായിരുന്ന സ്ഥലമാണ് ഈ കടൽത്തീരം.

ഇവിടുത്തെ ഓരോ മണൽത്തരിയിലും ഞങ്ങളുടെ കാൽപാദം പതിഞ്ഞിട്ടുണ്ട്. എത്രയെത്ര തിരമാലകൾ ഞങ്ങളെ നനച്ചു കടന്നു പോയി.

ഇവിടുത്തെ കാറ്റിനു പോലും ഞങ്ങളുടെ വിയർപ്പിന്റെ ഗന്ധമുണ്ട്.

“ദുബായ് ഒരു സ്വപ്നനഗരിയാണ് എന്നതൊക്കെ ശരിയാ പക്ഷെ എനിക്ക് നാട്ടിൽ കിടന്ന് മരിക്കണം, ഇവിടെ കിടന്ന് വേണ്ട.

ഇത്‌ കേൾക്കുമ്പോൾ നീ വിചാരിക്കും മരിച്ചു കഴിഞ്ഞാൽ ദുബായ് ആയാലെന്താ നാട് ആയാലെന്താ എന്നൊക്കെ, ശരിയാ..

പക്ഷെ.. എനിക്കാലോചിക്കുമ്പോഴേ വല്ലാതെ വരും ഇവിടെങ്ങാനും കിടന്നു മരിച്ചാലത്തെ അവസ്ഥ.

ഒരു ഒറ്റമുറി വീട് എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയിട്ടതും അതിന് വേണ്ടിയാണ്”. ഈ തീരത്തിരുന്ന ഒരു സായാഹ്നത്തിൽ അവൾ പറഞ്ഞു.

“എനിക്ക് ഇവിടെ കിടന്ന് മരിക്കുന്നതാ കൂടുതൽ ഇഷ്ടം, അന്നം തരുന്ന നാടല്ലേ?,

ഞാൻ ഉള്ളറിഞ്ഞു സന്തോഷിച്ചിട്ടുള്ളത്, സമാധാനമായി ഉറങ്ങിയിട്ടുള്ളത്, നിറയെ ഭക്ഷണം കഴിച്ചിട്ടുള്ളത്,

കണ്ണ് നിറയെ കാഴ്ചകൾ കണ്ടത്, വയറു പൊട്ടും വരെ ചിരിച്ചത്, നിന്നെ എനിക്ക് കിട്ടിയത് ഒക്കെ ഇവിടെ നിന്നാണ്.

അത് കൊണ്ട് എനിക്കിഷ്ടം ഇവിടെയാണ്, അതിലേറ്റവും പ്രിയം ഈ കടൽത്തീരവും. ഈ തീരത്തിനു എത്ര കഥകൾ നമ്മളെക്കുറിച്ച് പറയാൻ ഉണ്ടാവും അല്ലെ?.

നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും, ചിരിയും കരച്ചിലും നമുക്കറിയുന്നത് പോലെ ഈ കടൽത്തീരത്തിനും അറിയാം.” ഞാൻ മറുപടിയായി പറഞ്ഞു.

വേനൽക്കാലവും മഞ്ഞുകാലവുമെല്ലാം ഞങ്ങളൊരുമിച്ചു ആഘോഷിച്ചു. ഒരുമിച്ച് ഒരുപാട് ദൂരം രാത്രിക്കാഴ്ചകൾ കണ്ട് കൈകോർത്ത് നടന്നു.

കുന്നും മലനിരകളും കണ്ടു. ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ പോയി ഈ രാജ്യം മുഴുവനും ഒരു നോക്കിൽ കണ്ടു.

“ഏറിപ്പോയാൽ രണ്ട് വർഷം, ഞാൻ പോകുവാടി, മതി കണ്ട വീടുകളിൽ പണിയെടുത്തത്, ഉള്ളതും കൊണ്ട് ബാക്കി കാലം സ്വന്തം വീട്ടിൽ കിടക്കാം. നീയും വാ, നമുക്കൊരുമിച്ചു താമസിക്കാം.”

കഴിഞ്ഞ ശിശിരകാലത്ത് ഇത്‌ പോലെയൊരു സന്ധ്യക്ക്‌ ഇതേ കടൽത്തീരത്തിരുന്ന് അവൾ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. മറുപടിയായി ഞാൻ പുഞ്ചിരി മാത്രം നൽകി.

ആ ശിശിരകാലം കഴിയാൻ കാത്ത് നിൽക്കാതെ അവൾ ഈ ലോകത്ത് നിന്നും പോയി.

ജോലിയെടുത്ത് കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണു, അപ്പോൾത്തന്നെ മരിച്ചു, ഹൃദയം നിലച്ചതാണ് കാരണമത്രേ.

അവൾ ആഗ്രഹിച്ചതിന്റെ പകുതിയെങ്കിലും ഞാൻ നിറവേറ്റി, അവളുടെ ചേതനയറ്റ ശരീരം നാട്ടിലെത്തിച്ചു.

അവൾക്ക് വേണ്ടി അവൾ പണിത ഒറ്റമുറി വീട്ടുവളപ്പിൽത്തന്നെ അവൾക്കുള്ള ചിതയൊരുക്കി.

അതെങ്കിലും അവൾക്ക് വേണ്ടി ചെയ്തില്ലെങ്കിൽ അങ്ങ് ചെല്ലുമ്പോൾ എന്നോട് ചോദിക്കും, “നീ എന്നെ മണലാരണ്യത്തിൽ കിടത്തിയിട്ട് പോയല്ലേടി”, എന്ന്.

ഈ രാത്രി ഞാനും പോകുന്നു, എന്നെന്നേക്കുമായി ദുബായ് ജീവിതം മതിയാക്കി.

അവളുടെ ആശപോലെ അവളുറങ്ങുന്ന ആ ഒറ്റമുറി വീട്ടിൽ ഇനിയുള്ള കാലം അവൾക്ക് കൂട്ടാകാൻ ഇവിടെ കിടന്ന് മരിക്കണമെന്നുള്ള എന്റെ ആഗ്രഹം ഞാൻ മനഃപൂർവ്വം മറന്നു.

ആ വീട് അവളുടെ ബന്ധുക്കളിൽ നിന്നും അവർ പറഞ്ഞ തുകക്ക് സ്വന്തമാക്കിയതും അതിന് വേണ്ടി മാത്രമാണ്.

ദുബൈയിലെ മമ്സാർ കടൽത്തീരത്തിലെ അവസാനത്തെ സായാഹ്നത്തോട് യാത്ര പറയാതെ പറഞ്ഞ്,

വിങ്ങുന്ന ഹൃദയവും, നിറഞ്ഞു തൂവുന്ന കണ്ണുകളുമായി തിരിഞ്ഞു നടക്കുമ്പോൾ ഞങ്ങൾ പല പല കാലങ്ങളിലായി നടത്തിയ സംഭാഷണങ്ങൾ ചിരികളായി, കരച്ചിലായി എന്റെ ചെവിയിൽ വന്നലച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published.