രണ്ട് പ്രസവത്തിനും ഭർത്താവ് അടുത്തില്ലായിരുന്നു, ലക്ഷ്മിയുടെ വിഷമം എനിക്ക്..

മാലാഖ
(രചന: Mahalekshmi Manoj)

“സിസ്റ്റർ, എനിക്കിച്ചിരി വെള്ളം തരാമോ?”.

സിസേറിയൻ കഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നേരം അധികമായി, മരവിപ്പ് കാരണം വേദന അറിഞ്ഞു തുടങ്ങിയിട്ടില്ലെങ്കിലും ദാഹം കൊണ്ട് വലഞ്ഞു,

പരവേശം കൂടിക്കൂടി ഇനിയും പിടിച്ചു നിൽക്കാനാവില്ല എന്ന് തോന്നിയപ്പോഴാണ് അടുത്ത് നിന്ന നഴ്സിനോട് ഞാൻ ചോദിച്ചത്.

“ഇപ്പോൾ വെള്ളം കുടിക്കാൻ പറ്റില്ല, നാളെ തരാം, വയറിനുള്ളിലെ മുറിവ് നനയാൻ പാടില്ല, വെള്ളം കുടിച്ചാൽ അത് മുറിവിനെ ബാധിക്കും,

ദാ ഈ പഞ്ഞി വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ഇടയ്ക്ക് ഞാൻ ചുണ്ട് നനച്ചു തരാം, അപ്പോൾ കുറച്ചു ആശ്വാസമാകും കേട്ടോ.”

പഞ്ഞി കൊണ്ട് ചുണ്ടുകൾ നനയ്ക്കുന്നതിനിടയിൽ വളരെ കരുണയോടെയാണ് ആ സിസ്റ്റർ പറഞ്ഞതെങ്കിലും അത് കേട്ടപ്പോഴുള്ള സങ്കടം പോലെയൊന്ന് അതിനു മുൻപേ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാലോചിച്ചു,

വെള്ളം പോലെ അത്രയും അമൂല്യമായ വസ്തു വേറെ ഇല്ലതന്നെ.

തൊട്ടടുത്ത കട്ടിലിൽ കിടന്ന കുട്ടിക്ക് നോർമൽ ഡെലിവറിയായിരുന്നത് കൊണ്ട് വേദന കൂടിക്കൂടി വരുമ്പോൾ അതിന്റെ കരച്ചിലും ഉച്ചത്തിലായി,

അവളുടെ ഡെലിവറിക്ക്‌ ശേഷം അവൾക്ക് തൊട്ടടുത്തായി നിന്നും കണ്ണുനീർ വാർക്കുന്ന അവളുടെ ഭർത്താവിനെക്കണ്ട് ഞാനും കരഞ്ഞു.

അവളുടെ വീട്ടുകാർ അവൾക്ക് ബ്രെഡും കട്ടൻചായയും കൊടുക്കുന്നത് കണ്ട് ഭക്ഷണത്തോടും വെള്ളത്തോടും ആർത്തി തോന്നിയത് പോലെ മുൻപൊരിക്കലും എനിക്ക് തോന്നിയിട്ടില്ല എന്നത് പരമാർത്ഥം.

ഇതെല്ലാം കണ്ടുകൊണ്ട് കിടക്കുന്ന എന്റെ അടുത്ത് ആരുമിപ്പോൾ ഇല്ലല്ലോ എന്നോർത്തു പ്രയാസം സഹിക്കാൻ കഴിയാതെ ഞാൻ തലതിരിച്ചു കിടന്നു.

എന്റെ വിഷമം മനസിലാക്കിയിട്ടായിരിക്കണം നേഴ്സ് അടുത്ത് വന്നു എന്റെ കൈകളിൽ തലോടി,

“സാരമില്ല കേട്ടോ, സ്റ്റിച്ച് ഇളകും സംസാരിച്ചാൽ അതാണ് എല്ലാവരോടും പുറത്തു നിന്നാൽ മതിയെന്ന് പറഞ്ഞത്.

ഇതൊക്കെ പെട്ടെന്ന് മാറില്ലേ, നാളെ തൊട്ട് പഴയപോലെയാകും, ഹസ്ബൻഡിന് പുറത്താ ജോലി അല്ലെ, വരാൻ കഴിഞ്ഞില്ല?.

പ്രയാസപ്പെടേണ്ട ഞാനും ഇങ്ങനെ തന്നെയായിരുന്നു, രണ്ട് പ്രസവത്തിനും ഭർത്താവ് അടുത്തില്ലായിരുന്നു. ലക്ഷ്മിയുടെ വിഷമം എനിക്ക് മനസ്സിലാകും.”

തലോടിക്കൊണ്ടിരുന്ന അവരുടെ വലത്തേകൈയിലെ കൈപ്പത്തിക്കടുത്തായി ഒരു ചെറിയ കെട്ട് കണ്ട് ഞാൻ പതിയെ ചോദിച്ചു,

“എന്ത് പറ്റി സിസ്റ്റർ കൈക്ക്.?”

“നല്ല ആളാണ്, എല്ലാം ഒപ്പിച്ചു വെച്ചിട്ട് ചോദിക്കുന്ന കണ്ടില്ലേ എന്ത് പറ്റി എന്ന്.” ചിരിയുടെ അകമ്പടിയോടെയുള്ള മറുപടി.

സിസേറിയൻ ടേബിളിൽ എന്നെ ഇരുത്തി, കുനിച്ചു പിടിച്ചു സ്പൈനിൽ ഒരു ഇൻജെക്ഷനും തന്ന്,

മരവിച്ചു കഴിഞ്ഞ് അടിവയറിൽ ഒരു ഇൻസിഷനും ഇട്ട് കുഞ്ഞിനെ പുറത്തെടുക്കാൻ അവർ ശ്രമിക്കുമ്പോൾ

ശ്വാസം വലിക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി, ഓക്സിജൻ മാസ്ക് കാരണമാണ് ഒട്ടും ശ്വാസം കിട്ടാത്തത് എന്ന വിചാരത്താൽ മാസ്ക് ഞാൻ വലിച്ചെറിഞ്ഞു,

ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞ നിമിഷങ്ങൾ എല്ലാം അവസാനിച്ചു എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു, മരണം മുന്നിൽ കണ്ട സമയം.

ജീവൻ വിട്ട്പൊയ്ക്കളയുമോ എന്ന വെപ്രാളത്തിൽ അടുത്ത് നിന്ന സിസ്റ്ററിന്റെ വലത്തേകൈയിൽ ഞാൻ അമർത്തിപ്പിടിച്ചു, നഖങ്ങൾ ആഴ്ത്തിയിറക്കി.

കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷമാണു ശ്വാസമെടുക്കാൻ കഴിഞ്ഞതും അവരുടെ കൈയിലെ പിടുത്തം ഞാൻ അയച്ചതും, പിന്നീട് വിട്ടതും,

അത് വരെ അവർ എന്റെ കൈ അവരുടെ കൈയിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചില്ല എന്ന് പാതിമയക്കത്തിലും ഞാൻ അറിഞ്ഞു.

എന്റെ നഖപ്പാടുകളുടെ മുറിവിലാണ് ആ ചെറിയ കെട്ട്. എന്ത്‌ മറുപടി നൽകണമെന്നറിയാതെ ഞാൻ കുഴങ്ങി,

ദയനീയതയോടെ അവരുടെ മുഖത്തേക്കും കൈയിലെ കെട്ടിലേക്കും മാറി മാറി നോക്കാനല്ലാതെ വേറെയൊന്നിനും എനിക്ക് കഴിഞ്ഞില്ല.

“ഞാൻ കൈ മാറ്റിയില്ല, നിനക്ക് അത്രയും ആശ്വാസമാകുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി, ഞാനും ഇത്‌ കഴിഞ്ഞല്ലേ വന്നത്?.

നീ എഴുന്നേറ്റ് നടക്കുമ്പോഴേക്കും എന്റെ മുറിവും ഉണങ്ങും.”

കരുണയാർന്ന വാക്കുകളും, നോട്ടവും, സ്പർശവുമുള്ള ആ സിസ്റ്ററിന്റെ പേരിന് മാലാഖ എന്ന പര്യായം ചാർത്തികൊടുക്കാൻ എനിക്കൊന്നുകൂടി ആലോചിക്കേണ്ടി വന്നില്ല.

Leave a Reply

Your email address will not be published.