പെങ്കുട്ട്യോള് അടുക്കളപ്പണി പഠിച്ചിരിക്കേണ്ടതാ, ആണുങ്ങൾ അടുക്കളേൽ കേറി വിഴുങ്ങാൻ ഉണ്ടാക്കിത്തരുമെന്ന്..

(രചന: Lis Lona)

പെങ്കുട്ട്യോള് അടുക്കളപ്പണി പഠിച്ചിരിക്കേണ്ടതാ, ആണുങ്ങൾ അടുക്കളേൽ കേറി വിഴുങ്ങാൻ ഉണ്ടാക്കിത്തരുമെന്ന് സ്വപ്നം കാണാനേ പറ്റൂവെന്ന അമ്മയുടെ ഡയലോഗ്

ഇച്ചിരി മുതിർന്നപ്പോൾ മുതൽ ഡോക്ടർമാരുടെ കുറിപ്പടിയിൽ ഉള്ളത് പോലെ മൂന്ന് നേരം കേൾക്കാൻ തുടങ്ങിയതോടെയാണ് വിശ്വപ്രസിദ്ധമായ എന്റെ അടുക്കള അനുഭവങ്ങൾ തുടങ്ങുന്നത്.

മേലനങ്ങി പണിയെടുക്കണമെന്ന് മാത്രമല്ല എന്ത് ചെയ്താലും പ്രേത്യേകിച്ചൊരു മെച്ചവും കാണാൻ കഴിയാത്തതുകൊണ്ട് അന്ന് അടുക്കളയെ ഞാനെന്റെ ശത്രുപക്ഷത്ത് നിർത്താൻ ശ്രമിച്ചിരുന്നു.

പക്ഷെ വയറ്റിനകത്തെ അഞ്ചു സെന്റിൽ‌ വളർത്തിയിരുന്ന ആടും പശുവും കോഴിയും അഞ്ചു പത്തു കോഴികുഞ്ഞുങ്ങളും പട്ടിണി ആകുമല്ലോ എന്നോർത്തപ്പോൾ വിട്ടുവീഴ്ചക്ക് ഞാനൊരുങ്ങി.

ചെറിയ ചെറിയ ജോലികൾ ചെയ്‌താൽ മതിയെന്ന് പറഞ്ഞ് പഞ്ചസാരയിൽ പൊതിഞ്ഞ സംസാരത്തോടെ തുടങ്ങിയതാണെങ്കിലും
ആ കുഞ്ഞു പണികൾ പോലുമില്ലാതെ

പാടത്തും പറമ്പിലും ,ക്രിക്കറ്റും ഗോലിയും കളിച്ച് നടക്കുന്ന ആങ്ങളമാരെ കാണുമ്പോഴൊക്കെയും പെണ്ണായതുകൊണ്ട് അടുക്കളയെന്ന മഴു പൂർണമായും തലേൽ വീണുകിട്ടുമെന്ന് ഏകദേശം ഉറപ്പായി തുടങ്ങിയ കാലം.

ഉള്ളി തോല് പൊളിച്ചു തന്നാൽ മാത്രം മതിയെന്ന ചൂണ്ടക്കൊളുത്തിലാണ് തുടക്കം. ഒടുവിൽ നെഞ്ചത്തടിയും നിലവിളിയുമുള്ള മരണവീട്ടിൽ നിന്നെന്ന പോലെ പൊട്ടിയൊഴുകുന്ന കണ്ണുകളോടെ ഒരു സദ്യക്കുള്ള ഉള്ളിയും മുറിച്ചുകൊടുത്ത് അടുക്കളയിൽ നിന്ന് ഇറങ്ങേണ്ടിവരും.

മിക്സിയുണ്ടെങ്കിലും ,ചമ്മന്തിയും കറിക്കുള്ള അരപ്പും അമ്മിയിലരച്ച സ്വാദിനോളം വരുമോയെന്ന് ഓരോ തൊട്ടുകൂട്ടലിനും വിളിച്ചുപറയുന്ന

കെട്ട്യോന്മാരുള്ള വീട്ടിലെ കൊച്ചുപെൺപിള്ളേര് വലുതാകുന്നത് കൈവളരുന്നോ കാൽവളരുന്നോയെന്ന് കാത്തിരുന്ന് അടുക്കളയിലേക്ക് വലത് കാൽ വെപ്പിച്ചു കയറ്റാൻ കാത്തിരിക്കുന്ന അമ്മമാരുടെ കാലമാണ്.

അമ്മമാരെയും പറഞ്ഞിട്ട് കാര്യമില്ല!
പന്തം കൊളുത്തിപ്പടക്ക് പന്തവും പരിശീലിപ്പിച്ച പടയും ഒരുക്കുന്നത് പോലെ പെണ്മക്കളെ അടുക്കളസാമ്രാജ്യത്തിലേക്ക് കയറ്റിവിട്ടിട്ട് വേണം അവർക്കും ഒന്ന് നടുനിവർത്താൻ.

അമ്മിയിലരക്കാൻ പഠിച്ചുകഴിഞ്ഞപ്പോൾ ഞാനൊന്ന് സന്തോഷിച്ചു, പഠിച്ച പാഠങ്ങൾ ഇനി പഠിക്കേണ്ടല്ലോ !

പിന്നെയാണ് ഞാൻ അറിഞ്ഞത് അമ്മയെന്നെ വൃത്തിക്ക് തേച്ചത്. വീട്ടിലെ ആസ്ഥാന അരപ്പുകാരിയായി എനിക്ക് പ്രൊമോഷൻ കിട്ടിയത്രെ..

പിന്നെ പിന്നെ ചക്കചുള പറിക്കാൻ..
ഇരുമ്പൻ പുളി നന്നാക്കാൻ..
പുളി, കുരു കളയാൻ..

അച്ചാറിനുള്ള മാങ്ങാ അരിയാൻ.. മുരിങ്ങയില നന്നാക്കാൻ.. ഉള്ളിയുണ്ടോ ? അരിയുന്നത് ലിസി തന്നെ! എന്ന അവസ്ഥയോടെ പ്രൊമോഷനോട് പ്രൊമോഷൻ കിട്ടിയപ്പോൾ മനസിലായി
ഐ ആം ട്രാപ്പ്ഡ് ന്ന്..

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുമെന്നൊക്കെ കേട്ടപോലെ ഇവരെന്നെ പഠിപ്പിച്ച് പഠിപ്പിച്ച് ഒരു നിലക്ക് ആക്കുമെന്ന് ഉറപ്പായി.

കൊച്ചുമകളെ മീൻ വെട്ടുന്നത് പഠിപ്പിക്കാൻ വേണ്ടി കുഞ്ഞിപരൽ , വെളൂരി , നത്തൽ എന്നിത്യാദി ചെറുമീൻ വെറും ഒന്നോ രണ്ടോ കിലോ മാത്രം വാങ്ങിച്ച് പരിശീലിപ്പിക്കുന്ന അമ്മമ്മ…

ഇന്നമ്മ എന്നാണ് ഞങ്ങൾ വിളിക്കുന്നത് … പക്ഷെ എളുപ്പമുള്ള ,പെട്ടെന്ന് പണികഴിയുന്ന വലിയ മീൻ വാങ്ങിയാൽ എന്നെ ആ പ്രദേശത്ത് അടുപ്പിക്കില്ല.

മുജ്ജന്മത്തിലെ ശത്രുവായിരിക്കാമെന്നൊക്കെ തോന്നിയാലും ആണായും പെണ്ണായുമുള്ള ഒറ്റ മകളുടെ പേരകുട്ടികളിലെ ,മരുന്നിന് മാത്രം കിട്ടിയ പെൺതരിയാണ് കഥാനായികയായ ഈ ഞാൻ.

പഠിപ്പ് അങ്ങനെ അത്യാവശ്യം ചായയുണ്ടാക്കാനും മുട്ട പൊരിക്കാനും ചോറ് വെക്കാനും വരെ എത്തിനിൽക്കുന്ന സമയത്താണ് അമ്മ രണ്ടാമത്തെ മകനെയും കൊണ്ട് അമ്മവീട്ടിലേക്ക് പോയത്.

രാവിലെ പോകുമ്പോൾ വൈകുന്നേരം വരുമ്പോഴേക്കും ചെയ്ത് വെക്കാനുള്ള ഒരു നീണ്ട ലിസ്റ്റ് എന്നെയേല്പിച്ചു..

അന്ന് മോട്ടോറില്ലാത്ത വീടായതുകൊണ്ട് വീട്ടാവശ്യത്തിനുള്ള സകല വെള്ളവും കോരി നിറയ്‌ക്കേണ്ടത് ഞങ്ങൾ പിള്ളേരാണ്.

അതെല്ലാം തീർത്ത് ചോറിനുള്ള അരിയിട്ട് നിൽക്കുമ്പോഴാണ് ഓർത്തത് കറിയില്ല.
അമ്മ വന്നിട്ട് ഉണ്ടാക്കുന്നതിലും നല്ലത് ഞാൻ ഉണ്ടാക്കിയത് കാണുമ്പോഴുള്ള അമ്മയുടെ സന്തോഷമല്ലേ..

ഞെട്ടിക്കാൻ തീരുമാനിച്ച് നോക്കുമ്പോഴാണ് വായ്ക്ക് രുചിയായി കറി വച്ചില്ലെങ്കിൽ അപ്പച്ചന്റെ വായിലിരിക്കുന്നത് കേൾക്കാൻ പേടിയുള്ള അമ്മ അതെന്നെ വെക്കാൻ പഠിപ്പിച്ചില്ലല്ലോ എന്നോർത്തത്.

വേഗം അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ഏറ്റവും എളുപ്പമുള്ളതെന്ന് അമ്മയെപ്പോഴും പറയുന്ന ഉണക്ക പയർ കുത്തികാച്ചിയത് ഉണ്ടാക്കാൻ ചോദിച്ച് മനസിലാക്കി ഞാൻ യുദ്ധത്തിന് റെഡിയായി..

ഹോ ! ഞാൻ വച്ച ഉണക്കപ്പയർ കുത്തികാച്ചി കൂട്ടി അമൃതേത്ത് നടത്തുന്ന അപ്പച്ചനെയും അമ്മയെയും ഓർത്തപ്പോഴേ രോമാഞ്ചം വന്നു.

നിനക്ക് അറിയില്ലെങ്കിൽ വെക്കണ്ട ട്ടാ അമ്മ വന്നിട്ട് വച്ചോളുമെന്നൊക്കെ അനിയൻ ബുദ്ധി തരുന്നുണ്ട്.
പിന്നെ !!!

നീ കണ്ടോ ടാ ഇന്ന് വരെ പഠിച്ചതെല്ലാം കൂടി ഞാനിന്ന് പുറത്തെടുക്കുന്നത്. ആത്മവിശ്വാസം ഒട്ടും കുറച്ചില്ല മറുപടിയിൽ.

അന്നൊരു ചെറിയ കുക്കർ അമ്മ ആറ്റുനോറ്റ് വാങ്ങി വച്ചിട്ടുണ്ട് .. ഉത്‌ഘാടനം പോലും കഴിഞ്ഞിട്ടില്ല .

ഈ പയർ പരിപ്പ് അങ്ങനുള്ള ഐറ്റംസിനെ മെരുക്കാൻ വേണ്ടി മാത്രമാണ് ഇതെന്ന് വാങ്ങിയ അന്ന് ഞങ്ങൾ മക്കളെ ചേർത്തുനിർത്തുന്നതിലും സ്നേഹത്തോടെ കുക്കറിനെ നെഞ്ചിൽ ചേർത്ത് വച്ച് അമ്മ പറഞ്ഞത് എനിക്കോർമ്മയുണ്ട്.

ഇതല്ലാതെ മീൻ കറി വെക്കുന്ന മൺചട്ടി..
സാമ്പാറ് മാത്രം വെക്കുന്ന മൺ കുട്ടിക്കലം..
തൈര് ഉറയൊഴിച്ചു വെക്കുന്ന പാത്രം ഇതെല്ലാം അമ്മയുടെ വിലപിടിച്ച സമ്പാദ്യങ്ങളാണ്.. അതിനെല്ലാം എന്തെങ്കിലും പറ്റിയാൽ പിന്നെ അറഞ്ചം പുറഞ്ചം കിട്ടുമെന്ന് ഏഴരത്തരം.

ഉത്‌ഘാടനം ഞാൻ തന്നെ ആയിക്കോട്ടെ, പയർ കഴുകുമ്പോഴൊക്കെ കാശും കുടുക്ക കിലുങ്ങുന്നപോലെ ശബ്ദം കേൾക്കുന്നുണ്ട്!

പയറാണോ കല്ലാണോ എന്ന് തിരിച്ചറിയാൻ മാത്രം ബോധമില്ലാത്തതുകൊണ്ട്‌ കേൾക്കുമ്പോഴുള്ള ഇമ്പം ആസ്വദിച്ച് നല്ല രസത്തോടെ അഞ്ചാറുവട്ടം കഴുകിയെടുത്തു..

ഈ കുക്കറിന്റെ അടപ്പ് കണ്ടുപിടിച്ചവനെ അന്നെന്റെ കയ്യിൽ കിട്ടിയിരുന്നേൽ ഒരു ജീവപര്യന്തം ഉറപ്പായെന്ന് ഓർത്ത് പതിനെട്ടടവും പയറ്റി ഒരുവിധം ഞാനത് അടച്ചു.

ചെവിട്ടിൽ മൂട്ടപോയ പോലെ കിടി കിടി ന്ന് പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്തികൊണ്ടിരിക്കുന്ന അനിയനെ അവഗണിച്ച് അടുക്കളയിലെ പാറ്റ ,കൂറ ,കട്ടുറുമ്പ്, അമ്മാമ എന്നും ചോറ് കൊടുക്കുന്ന ഒരു കണ്ടനും കുറിഞ്ഞിയുമടക്കം സകല ചരാചരങ്ങളെയും സാക്ഷിയാക്കി അടുപ്പിലേക്ക് ഭയഭക്തിയോടെ പ്രതിഷ്ഠിച്ചു.

ചോറ് വാർക്കാൻ അന്ന് കൈയിലൊട്ട എന്നൊരു സംഭവമുണ്ട് പരിഷ്കാരികൾ കേട്ടിട്ടുണ്ടോ എന്നറിയില്ല മുളച്ചീന്തുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു കോരി , ആ യന്ത്രത്തിന് ഞങ്ങൾ ത്രിശ്ശൂർക്കാർ പേരിട്ടത് കയിലൊട്ടയെന്നാണ്.

അതുപയോഗിച്ച് ചോറ് വാർത്തു കഴിഞ്ഞപ്പോഴേക്കും കുക്കറിൽ നിന്നും കല്യാണവീട്ടിലെ കിണറ്റുകരയിൽ നിന്ന് ശൂ ശൂ വിളിക്കുന്ന പയ്യനെപോലെ ചെറിയ ചൂളം വിളി തുടങ്ങി.

കുതിർക്കാത്ത പയർ ആയതുകൊണ്ട്‌ അഞ്ച് വിസിൽ എന്തായാലും വേണ്ടി വരുമെന്നാണ് അപ്പുറത്തെ ചേച്ചിയുടെ കണക്ക് കൂട്ടൽ..
മഴ പെയ്യാൻ കാത്തിരിക്കുന്ന വേഴാമ്പലായി ആ വിസിലുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്.

ആദ്യത്തെ നാണക്കാരൻ പയ്യന്റെ ഇടയ്ക്കിടെയുള്ള ശൂ ശൂ മട്ട് മാറി ബസിലെ കണ്ടക്ടറിന്റെ നിർത്താത്ത ശ് ശ്ശ്..

വിളി ആയപ്പോൾ എന്തോ ഒരു പന്തികേട് തോന്നിയതും ആവശ്യത്തിനും അനാവശ്യത്തിനും വന്ന് നാവിൻ തുമ്പിൽ വന്ന് മിടിക്കുന്ന ഹൃദയം പണി തുടങ്ങി..

ഇങ്ങനെ അല്ലേടാ ശബ്ദം വരാറുള്ളതെന്ന് സംശയം തീർക്കാൻ അനിയനെ നോക്കിയപ്പോൾ അടുക്കളയിൽ നിന്നിരുന്ന അവന്റെ കണ്ണും ചെവിയും ഇവിടെയുണ്ട് ബാക്കി ശരീരം ഒന്നര കിലോമീറ്റർ മാറി ഉമ്മറത്താണ്..

ബോബനും മോളിയിലെയും പോലെ എന്റെ കാലിന്നരികെ ഒട്ടി നിന്നിരുന്ന പൂച്ചകൾ രണ്ടും ഷോക്കടിച്ച വണ്ണം രോമവും വാലും ഉയർത്തി ചെവിയോർത്ത് നിൽക്കുന്നു.

ഇപ്പൊ ശരിയാകുമെന്നാണല്ലോ മനുഷ്യന്റെ പ്രതീക്ഷ!

ഓരോ നിമിഷവും കലി കയറിയ കുക്കറിന്റെ നിർത്താതെയുള്ള ശൂ.. വിളി കേട്ടിട്ടും പ്രതീക്ഷ കൈവിടാതെ ഞാൻ സ്റ്റേറ്റ് ബാങ്കിന്ന് കടമെടുത്ത ധൈര്യം സംഭരിച്ച് അടുക്കളയിൽ തന്നെ നിന്നു.

ഇച്ചിരി നേരം കഴിഞ്ഞില്ല ക്ടും പ്ടും എന്ന ഒച്ചയോടെ കുക്കർ എന്നെ തെറി വിളിക്കാൻ തുടങ്ങി !

ശുണ്ഠി പിടിച്ച് വിറക്കുന്ന മൂക്ക് പോലെ അടുപ്പത്തിരിക്കുന്ന മൂപ്പര് വിറക്കുമ്പോൾ തുള്ള പനി പിടിച്ചപോലെ ഞാനും നിന്ന് വിറക്കുകയാണ്..

കുക്കറിന്റെ ശബ്ദം അത്യുച്ചത്തിലേക്ക് ട്രാക്ക് മാറ്റിയതും പൂച്ചകൾ ഹാശ്.. പൂശ് ന്ന് കരാട്ടെ സ്റെപ്പിട്ട് ഓടിക്കളഞ്ഞു.

എന്റെ കാലിന്റെ മേലെ ആരോ അമ്മിക്കല്ലോ ഉരലോ കെട്ടിയിട്ടുണ്ട് അതുറപ്പാ പൊക്കിയിട്ടും പൊങ്ങുന്നില്ല കാല്..!

ഇതിനിടയിലും അടുപ്പിൽ നിന്ന് കുക്കർ ഇറക്കണോ ഓടണോ എന്ന് തലച്ചോറിൽ യുദ്ധം നടക്കുകയാണ്.

ഉമ്മറത്ത് നിന്ന അനിയന് പുരോഗമനമുണ്ട് ! അവനിപ്പോൾ തത്സമയ പ്രേക്ഷേപണം കാണുന്നത് റോഡിൽ നിന്നാണ് .

ഒരു കൈകൊണ്ട് ഒരു ചെവി പൊത്തി ഒരു കൈ കുടുക്കില്ലാത്ത ട്രൗസർ ഊരിപ്പോകാതിരിക്കാൻ ബലമായി അരയോട് ചേർത്ത് പിടിച്ചിട്ടുണ്ട്.

ഇറാഖിലെ യുദ്ധം ഓർമിപ്പിച്ച് കുക്കറിനുള്ളിലെ ബോംബ് സ്ഫോടനം ഉച്ചസ്ഥായിൽ ആയി വരുന്നു!

അപകടത്തിന്റെ സാധ്യതയൊന്നും അറിയില്ല എങ്ങനോ ഒറ്റ ഒരു ശ്വാസത്തിന് ഓടി കുക്കർ വലിച്ച് താഴേക്ക് വച്ചതും ജീവനും കൊണ്ട് പുറത്തേക്ക് ഓടി..

അയലോക്കത്തെ ചേച്ചി പറഞ്ഞതെല്ലാം കൃത്യമായി എല്ലാം ചെയ്തിട്ടും എനിക്കിത് വന്നല്ലോയെന്ന് തലപുകഞ്ഞപ്പോഴാണ് പയർ കഴുകി വെള്ളം ചേർത്ത് അടുപ്പിൽ വെക്കാൻ പറഞ്ഞ തിയറി ക്ലാസ്സിലെ “വെള്ളം ചേർത്ത് ” എന്നത് മാത്രം പ്രാക്ടിക്കലിൽ മാഞ്ഞുപോയിരുന്നത് തെളിഞ്ഞുവന്നത്.

അതേ പയർ മാത്രമായിരുന്നു കുക്കറിനുള്ളിൽ!

പയറ് കേടായാലും വേണ്ടില്ല കുക്കറിന് ഒന്നും പറ്റല്ലേ പറ്റിയാൽ അതിനും കൂടി അമ്മേടെ കയ്യിന്ന് കിട്ടുമല്ലോ എന്നോർത്തതും നിഷ്കളങ്കയായ ബാലികയുടെ ഉള്ള ജീവൻ പോയി…

വേറെ വഴിയില്ല എല്ലാം അവസാനിപ്പിക്കാൻ ഞാൻ പിന്നാമ്പുറത്തെ പപ്പായമരത്തിന്റെ തണ്ടിലേക്ക് വേദനയോടെ നോക്കി.

മടങ്ങിവന്ന അമ്മ ,അടുക്കളപ്പുറത്തെ നാരകചോട്ടിലിരുന്ന എന്റെ മുൻപിലേക്ക് സൈറണിട്ട് വന്ന് നിന്നത് ബോംബുണ്ടാക്കാൻ ഞാനുപയോഗിച്ച കരികുട്ടി ചാത്തന്റെ അപരനെയും കൊണ്ട്.

നിന്നും ഇരുന്നും ചാടിയും ഓടിയും തുള്ളിയും കുഞ്ചൻനമ്പ്യാരെ തോല്പിച്ച് ഓട്ടൻ തുള്ളൽ നടത്തി അമ്മയോട് നടന്നത് വിവരിക്കുന്ന അനിയനെ ഞാൻ നിസ്സഹായതയോടെ നോക്കി നിൽക്കുമ്പോൾ

സ്പോഞ്ചു പോലെയുള്ള എന്റെ ശ്വാസകോശങ്ങൾ തോളെല്ലിലും കിഡ്നി കരൾ കുടൽ ഇങ്ങനെയുള്ള സാധനങ്ങൾ വായിലും ഇരിപ്പുണ്ട്..

ഒന്ന് നീട്ടി തുപ്പിയാൽ എല്ലാരും പുറത്തേക്ക് വന്നേരുന്നു.

ഇതെങ്ങാനും പൊട്ടിത്തെറിച്ചിരുന്നെങ്കിലോ! ഇനിയിങ്ങനെത്തെ പൊട്ടത്തരങ്ങൾ കാണിക്കല്ലേട്ടാ മക്കളേ എന്ന് പറയുമ്പോഴും എന്റെ ദൈവമേ എന്റെ കുക്കർ എന്ന് അമ്മയുടെ ഉള്ളു മന്ത്രിക്കുന്നത് ഞാൻ സൂക്ഷ്മദൃഷ്ടിയിലൂടെ കണ്ടു.

അന്നത്തേതിനേക്കാൾ ബോധം ഇച്ചിരി കൂടിയതുകൊണ്ട് ഇന്നും ഉണക്ക പയർ വെക്കാൻ കുക്കർ എടുക്കുമ്പോൾ ചുരുങ്ങിയത് പത്തുവട്ടം ഉറപ്പ് വരുത്തും വെള്ളമുണ്ടോയെന്ന്.

കാലം മാറി, അടുക്കളയെ ആദ്യമാദ്യം ശത്രുവായി കണ്ടിരുന്നുവെങ്കിലും ഒരാളെയും ആശ്രയിക്കാതെ ഇഷ്ടമുള്ളത് എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാനും ഉള്ളതുകൊണ്ട്

ഓണസദ്യ ഉണ്ടാക്കാനും പഠിച്ച ക്ലാസുകൾ വെറുതെയായില്ലെന്ന് തിരിച്ചറിയാനും മക്കൾക്ക് പറഞ്ഞുകൊടുക്കാനും എനിക്ക് പറ്റിയപ്പോൾ..

അടുക്കള പോലും സ്വന്തമായി തരാത്ത, വീട്ടിലുണ്ടെങ്കിൽ പരീക്ഷണങ്ങൾ മാറി മാറി നടത്തി കെട്ട്യോളേം മക്കളേം തീറ്റിച്ചുകൊല്ലുന്ന,

നീയത് അവിടെ വച്ചോ ഞാനത് ചെയ്തോളാമെന്ന് അടുക്കള പണി പങ്കുവെക്കുന്ന ആണുങ്ങളും ഭൂലോകത്തിലുണ്ടെന്നത് എന്റെ അമ്മയും മനസിലാക്കി.

ഈ അടുക്കളജോലികൾ പെൺകുട്ടികൾക്ക് മാത്രം കൽപ്പിച്ചു വച്ചതല്ല ആരോഗ്യമുള്ള ഏതൊരാൾക്കും ചെയ്യാം ഒന്നും സംഭവിക്കില്ലയെന്ന് പ്രവർത്തിയിലൂടെ കാണിക്കുന്ന അപ്പനും

തന്നാലാവുന്ന കൊച്ച് കൊച്ച് ജോലികൾ ആരും ആവശ്യപ്പെടാതെയോ നിര്ബന്ധിക്കാതെയോ ചെയ്ത് വളരുന്ന മക്കളും അല്ലറ ചില്ലറ അബദ്ധങ്ങളുമായി കഥാനായിക ദേ ഇന്നും അടുക്കളയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *