കെട്ടിലമ്മയായി വാഴിക്കാൻ വേണ്ടിയാണോ നീ അവളെ കൊണ്ടുവന്നത്, ഇവിടെ ഇത്രയും പണികൾ ഉള്ളപ്പോൾ അതൊക്കെ..

പടിയിറക്കം
(രചന: കാശി)

ഇന്ന് ഈ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസം.. കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് നീറി പിടയുന്നുണ്ട്.

പക്ഷേ അതിലൊന്നും ഇനി യാതൊരു കാര്യവുമില്ലല്ലോ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ല എന്ന് പറയുന്നത് എന്റെ കാര്യത്തിൽ ശരിയാണ് എന്ന് എനിക്ക് ഈ നിമിഷം തോന്നുന്നുണ്ട്.

കട്ടിലിന്റെ മറുവശത്ത് കിടക്കുന്ന ഭാര്യയെ ഒന്ന് നോക്കി. അവൾ ഉറങ്ങിയെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, ഈ രാത്രി എന്നെപ്പോലെ തന്നെ അവൾക്കും നിദ്രാവീഹിനമാണെന്ന് എന്നെക്കാൾ നന്നായി മറ്റ് ആർക്കാണ് അറിയാവുന്നത്..?

എന്നിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉതിർന്നു പോയി. ചിന്താഭാരം കൊണ്ടായിരിക്കണം എനിക്ക് വല്ലാത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.

കട്ടിലിനു താഴെ പായ വിരിച്ച് കിടക്കുന്ന കുട്ടികളെ ഒന്നു നോക്കി. അവരെ കൂടിയാണ് നാളത്തെ ദിവസം അനാഥമാക്കേണ്ടത്. എന്തൊരു വിധിയാണ് ഈശ്വരാ..!

അനുവാദം കാത്തുനിൽക്കാതെ കണ്ണുനീർ ഒഴുകി തുടങ്ങി. വാശിയോടെ അതിനെ തുടച്ചു മാറ്റുമ്പോൾ അതിലേറെ വാശിയോടെ അത് വീണ്ടും വീണ്ടും ഒഴുകി വന്നു. ഒടുവിൽ പരാജയം സമ്മതിച്ചതു പോലെ തലയിണയിലേക്ക് മുഖം പൂഴ്ത്തി.

ആ കിടപ്പിൽ മനസ്സ് പഴയ കാലത്തേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി.

ഞാൻ ജയൻ. എന്റെ ശ്രീമതി വിനീത.രണ്ടു മക്കൾ.. കേശുവും പാറുവും..! സന്തുഷ്ടമായ ദാമ്പത്യം എന്നൊന്നും അവകാശപ്പെടാൻ പറ്റില്ല.

കാരണം, ദാമ്പത്യം സുഗമമാകണമെങ്കിൽ, അതിന് വീട്ടിൽ ഉള്ളവർ കൂടി നല്ലത് ആയിരിക്കണമല്ലോ.. പക്ഷെ എന്റെ ജീവിതത്തിൽ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല..!

അവൾ എന്റെ നല്ല ഭാര്യ ആണ്. എന്നോടും എന്റെ കുടുംബത്തോടും സ്നേഹവും കരുണയും ഒക്കെ ഉള്ള ഭാര്യ.. പക്ഷെ എന്റെ വീട്ടിൽ അവൾക്ക് നല്ല അനുഭവങ്ങൾ ഒന്നും കിട്ടിയിട്ടില്ല ഇന്ന് വരെയും..!

ഞാൻ ഇഷ്ടപ്പെട്ടു വിവാഹം ചെയ്തതാണ് വിനീതയെ. സാമ്പത്തികമായി ഞങ്ങളെക്കാൾ താഴെയാണ് അവർ എന്നത് കൊണ്ട് അമ്മയ്ക്ക് ആദ്യം മുതലേ ഈ ബന്ധത്തിൽ അതൃപ്തി ഉണ്ടായിരുന്നു.

പക്ഷെ അവളെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ല എന്ന എന്റെ ഭീഷണി നിമിത്തം അമ്മ അതിന് സമ്മതം മൂളി.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിലൊന്നും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മ അവളെ ഉൾക്കൊള്ളാൻ തയ്യാറാകുന്നതു പോലെയാണ് എനിക്ക് തോന്നിയത്.

എനിക്ക് അമ്മയെ ജീവനാണ് എന്ന് അറിയുന്നതു കൊണ്ട് തന്നെ അവളും അമ്മയെ അങ്ങനെ സ്നേഹിച്ചു.

പക്ഷേ അമ്മയ്ക്ക് അതുകൊണ്ടൊന്നും തൃപ്തിയായില്ല. നവദമ്പതികളായ ഞങ്ങൾ എവിടേക്ക് പോയാലും ഞങ്ങളോടൊപ്പം വരണമെന്ന് അമ്മയ്ക്ക് വല്ലാത്ത നിർബന്ധമായിരുന്നു.

അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒന്നിച്ച് ഒരു യാത്ര പോലും സാധിച്ചിട്ടില്ല. അന്നൊന്നും ഒരു പരാതിയും പറയാതെ അവൾ അമ്മയെ സപ്പോർട്ട് ചെയ്തിട്ടുള്ളൂ.

“പ്രായമായ അമ്മയല്ലേ ചേട്ടാ.. എവിടെയെങ്കിലും ഒക്കെ യാത്ര പോകണമെന്ന് അമ്മയ്ക്കും ആഗ്രഹം ഉണ്ടാകില്ലേ..? അത് നമ്മൾ വേണ്ടേ മനസ്സിലാക്കാൻ..”

അവൾ അത് പറയുമ്പോൾ എനിക്ക് അവളോട് സ്നേഹവും ബഹുമാനവും ഒക്കെ കൂടിയതേയുള്ളൂ. എന്റെ വീട്ടിലെ സാഹചര്യങ്ങൾ അവൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട് എന്നത് തന്നെയായിരുന്നു കാരണം.

അധികം വൈകാതെ തന്നെ അനിയൻ വിവാഹം ചെയ്തു. വിനീതയെക്കാൾ കാണാൻ സുന്ദരിയായ,സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അവന്റെ വധു.

അതോടെ വിനീതയുടെ ആ വീട്ടിലെ കാരാഗ്രഹ വാസം ആരംഭിച്ചു എന്ന് തന്നെ പറയാം.

വീട്ടിലെ പണികൾക്ക് പുറമേ, അനിയന്റെയും അനിയത്തിയുടെയും വസ്ത്രങ്ങൾ ഉൾപ്പെടെ അവൾ അലക്കി കൊടുക്കേണ്ടി വന്നു.

അവരുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ കഴുകി വൃത്തിയാക്കുന്ന എന്റെ ഭാര്യയെ കണ്ട് ഒരിക്കൽ സങ്കടം തോന്നി. അത് അമ്മയോട് ചോദിക്കുകയും ചെയ്തു.

” കെട്ടിലമ്മയായി വാഴിക്കാൻ വേണ്ടിയാണോ നീ അവളെ കൊണ്ടുവന്നത്..? ഇവിടെ ഇത്രയും പണികൾ ഉള്ളപ്പോൾ അതൊക്കെ ചെയ്യേണ്ടേ..?

പിന്നെ നിന്റെ അനിയനും അനിയത്തിയും ജോലിക്ക് പോകുന്നവരാണ്. അവർക്ക് ചിലപ്പോൾ വസ്ത്രം കഴുകാൻ ഒന്നും സമയം കിട്ടി എന്ന് വരില്ല.

ഇവൾ ഇവിടെ വെറുതെ ഇരിക്കുകയല്ലേ..? അപ്പോൾ പിന്നെ അവൾ ചെയ്തു എന്ന് കരുതി എന്ത് സംഭവിക്കാനാണ്..? പെണ്ണ് കെട്ടി കൊല്ലം ഒന്നായില്ല, അതിനിടയ്ക്ക് അവന് അമ്മയും അനിയനും ഒന്നും വേണ്ടാതായി.. ”

നെഞ്ചത്തടിച്ചു കൊണ്ട് അമ്മ പറയുന്നത് നിസ്സഹായതയോടെ കേട്ട് നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അതിൽ പിന്നെ അവൾക്ക് എന്തൊക്കെ ദുരനുഭവങ്ങൾ ഉണ്ടായാലും, അമ്മയോട് എതിർത്ത് ഒന്നും പറയാൻ കഴിയാത്ത വിധം ഞാൻ ഭയന്നു.

അത് അവർക്ക് നല്ലൊരു അവസരമായി മാറി. ഞാൻ എതിർത്തൊന്നും പറയുന്നില്ല എന്ന് കണ്ടതോടെ അനിയത്തിയും എന്റെ ഭാര്യക്ക് മേൽ പരിഹാസങ്ങൾ ചൊരിഞ്ഞു തുടങ്ങി.

അപ്പോഴൊക്കെ അവരെ എതിർത്തൊന്നും പറയാതെ നിൽക്കുക മാത്രമേ അവൾ ചെയ്തുള്ളൂ.

അവൾ പ്രഗ്നന്റ് ആണ് എന്ന് അറിയുമ്പോൾ എങ്കിലും അവരുടെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും, അതൊക്കെ അസ്ഥാനത്തായിരുന്നു.

പ്രസവം കഴിഞ്ഞ് അവൾ കുഞ്ഞിനെയും കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്നിട്ട് പോലും അവൾക്കോ കുഞ്ഞിനോ യാതൊരുവിധ പരിഗണനയും ആ വീട്ടിൽ കിട്ടിയില്ല.

കരയുന്ന കുഞ്ഞിനെയും കൊണ്ട് അവൾ അടുക്കള പണികൾ ചെയ്തു. അവളെ ഒരു കൈ സഹായിക്കാൻ പോലും ആ വീട്ടിൽ ആരും ഉണ്ടായില്ല.

പക്ഷേ അനിയത്തി പ്രഗ്നന്റ് ആയപ്പോൾ അവളെ കൈവെള്ളയിൽ കൊണ്ട് നടക്കുന്ന അമ്മ എനിക്കും അവൾക്കും ഒരുപോലെ അത്ഭുതമായിരുന്നു. അവന്റെ കുഞ്ഞിനെ താഴത്തും തറയിലും വയ്ക്കാതെ അമ്മ എന്നെ പലപ്പോഴും അമ്പരപ്പിച്ചു.

അപ്പോഴൊക്കെയും വീട്ടിലെ എല്ലാവിധ ചെലവുകളും നടത്തിയിരുന്നത് താനായിരുന്നു. അനിയനും അനിയത്തിയും ജോലിക്കാരായിട്ടുപോലും ഒരു താങ്ങിന് അവർ ആരും ഉണ്ടായില്ല.

അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മ ഒരിക്കൽ കള്ളക്കണ്ണീർ ഒഴുക്കി. അതിന്റെ കുറ്റവും അവൾക്കു മേൽ വന്നു.

” ഈ മൂദേവി അനിയനെയും ചേട്ടനെയും തമ്മിൽ തല്ലിക്കാൻ നോക്കുന്നതാണ്. ഇവളുടെ വാക്ക് കേട്ട് നീ തുള്ളരുത്.. ”

അവളെ ശപിച്ചുകൊണ്ട് അമ്മ പറയുമ്പോൾ ഇനിയും ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ അവൾക്ക് വരരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അതോടെ അനിയൻ വീട്ടിൽ ചെലവ് ചെയ്യാത്തതിനെ കുറിച്ച് ഞാൻ ചോദിക്കാതെ ആയി. അവന്റെ കുട്ടികൾക്ക് ആവശ്യമുള്ള വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും ഉൾപ്പെടെ എല്ലാം ഞാനായിരുന്നു വാങ്ങികൊടുത്തത്.

എന്തിനധികം പറയുന്നു അവർക്കുള്ള സ്നഗ്ഗി വരെ എന്നെ കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട്. അതിനൊന്നും ഞാൻ കണക്ക് പറഞ്ഞിട്ടില്ല.

ഇന്നലെയാണ് അപ്രതീക്ഷിതമായി ആ സംഭവം നടക്കുന്നത്. അനിയന് വീട് പുതുക്കി പണിയാൻ ആഗ്രഹമുണ്ട്.

അവൻ അത് പറയുകയും ചെയ്തു. വീട് എനിക്ക് തരാമെന്ന് നാളുകൾക്കു മുൻപ് തന്നെ അമ്മ എന്നോട് പറഞ്ഞിട്ടുള്ളതാണ്. ഞാൻ ആ ഒരു പ്രതീക്ഷയിലായിരുന്നതാണ്.

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മ അവിടെ മറ്റൊരു സത്യം പറഞ്ഞു.

” ഈ വീടും പുരയിടവും ഒക്കെ ഞാൻ ദീപുവിന്റെ പേരിൽ എഴുതി കൊടുത്തു. ”

അമ്മ അത് പറയുമ്പോൾ വല്ലാത്ത അമ്പരപ്പായിരുന്നു.

“അപ്പോൾ പിന്നെ ഞാനോ..?”

അറിയാതെ ചോദിച്ചു പോയി.

” അതിനെക്കുറിച്ച് ഞാൻ അറിയേണ്ട കാര്യമില്ലല്ലോ ചേട്ടാ.. ഈ വീടും പുരയിടവും എന്റെ പേരിലുള്ളതാണ്.

എന്നും ഇവിടെ ഇങ്ങനെ കൂട്ടുകുടുംബവുമായി കഴിയാൻ ഒന്നും ഇവർക്ക് ആഗ്രഹമില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ചേട്ടൻ ഇവിടെ നിന്ന് മാറി തരണം.. ”

അവൻ അതു പറയുമ്പോൾ ചങ്കുപൊട്ടുന്ന വേദനയോടെ അമ്മയെ നോക്കി. പക്ഷേ അവൻ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നൊരു ഭാവമായിരുന്നു അമ്മയ്ക്ക്.

എന്റെ ഭാര്യയുടെ മുഖത്ത് നോക്കാൻ പോലും എനിക്ക് ആ നിമിഷം കഴിഞ്ഞില്ല. ആ വീട്ടിൽ തനിക്കോ അവൾക്കോ യാതൊരു സ്ഥാനവും ഇല്ല എന്ന് ഒരിക്കൽ കൂടി അവർ ഉറപ്പിച്ചു.

സങ്കടത്തോടെ മുറിയിൽ വന്ന് ഇരുന്ന് എന്നോട് അവൾ ഒരു വാക്ക് മാത്രമേ ചോദിച്ചുള്ളൂ..

” ഈ വീടുവിട്ട് ഇറങ്ങാൻ ചേട്ടന് ഇനിയും ബുദ്ധിമുട്ടാണോ..? ”

അതിൽ ഞാൻ ഒരു പ്രതീക്ഷയാണ് കണ്ടത്.ഇനിയെങ്കിലും ഇവിടെനിന്ന് എന്നെ ഒന്ന് രക്ഷിച്ചു കൂടെ എന്നുള്ള അവളുടെ ചോദ്യം അതിൽ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.

അല്ലെങ്കിലും ഇനിയെന്ത് പ്രതീക്ഷിച്ചിട്ടാണ് ഈ വീട്ടിൽ നിൽക്കേണ്ടത്..? വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ചു.

നാളെത്തന്നെ അവിടേക്ക് താമസം മാറണം.. പിന്നീട് എപ്പോഴെങ്കിലും ഒരു വീട് സ്വന്തമാക്കണം.. പ്രതീക്ഷകളോടെ കണ്ണടച്ചു.

Leave a Reply

Your email address will not be published.