പക്ഷേ വിവാഹത്തിനു ശേഷമാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്, അയാളുടെ വീട്ടിൽ ആർക്കും തന്നെ..

ആരോരുമില്ലാതെ
(രചന: കാശി)

ഇന്ന് താൻ ഈ ഭൂമിയിൽ തികച്ചും അനാഥയാണ്.. കുറച്ചു കാലം എങ്കിലും ഒപ്പം ആരൊക്കെയോ ഉള്ള തോന്നൽ ആയിരുന്നു. എന്നാൽ.. ഇന്ന് അത്‌ അവസാനിച്ചിരിയ്ക്കുന്നു.

ആരും തിരക്കി വരാത്ത, ആരാലും അന്വേഷിക്കപ്പെടാത്ത ഒരാൾ ആയി താനും മാറിയിരിക്കുന്നു.

ഈ ചുരുങ്ങിയ നാളുകളിലെ ജീവിതം കൊണ്ട് തനിക്ക് എന്താണ് നേട്ടം ഉണ്ടായത്..? ഞാനെന്ന ഒരാൾ ഈ ഭൂമിയിലുണ്ടെന്ന് ആർക്കെങ്കിലും അറിയുമായിരിക്കുമോ..?

എന്റെ ചിന്തകൾക്ക് യാതൊരു അവസാനവും ഉണ്ടായിരുന്നില്ല. എന്നോട് മത്സരിച്ച് എന്നപോലെ എന്റെ ചിന്തകൾ ഭൂതകാലത്തേക്ക് പാറിപ്പറക്കുകയായിരുന്നു.

അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്ത ഒരു അനാഥയാണ്. എനിക്ക് അവരെ അറിയില്ല എന്നേയുള്ളൂ. ഒരുപക്ഷേ എന്നെ വളർത്തി വലുതാക്കിയവർക്ക് അവരെ അറിയുമായിരിക്കും.

കുട്ടിക്കാലം മുതൽക്ക് ഞാൻ വളർന്നത് ഒരു അച്ഛന്റെയും അമ്മയുടെയും മകളായിട്ട് തന്നെയാണ്.

എപ്പോഴും ഒരിക്കൽ അവർ പറഞ്ഞു ഞാൻ അറിഞ്ഞിട്ടുണ്ട് വഴിവക്കിൽ നിന്ന് ചോര കുഞ്ഞായി അവർക്ക് കിട്ടിയതാണ് എന്നെ എന്ന്. അന്ന് അത് വിശ്വസിക്കുക മാത്രമേ എനിക്ക് വഴിയുണ്ടായിരുന്നുള്ളൂ.

അവർക്ക് മറ്റു മക്കൾ ഒന്നുമില്ലാത്തതു കൊണ്ട് തന്നെ അവരുടെ സ്വന്തം മകളെ പോലെ തന്നെയാണ് അവർ എന്നെ വളർത്തിയത്.

പക്ഷേ എന്നെ പരീക്ഷിച്ച് മതിയാവാത്തത് കൊണ്ടായിരിക്കും വിധി വീണ്ടും അവരുടെയും എന്റെയും ഇടയിൽ വന്നത്.

ഒരു ആക്സിഡന്റ് രൂപത്തിൽ അവരെ ഇരുവരെയും ദൈവം തിരികെ വിളിക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ടു പോയത് ഞാനായിരുന്നു.

അത്യാവശ്യം സ്വത്തു സമ്പാദ്യങ്ങൾ ഉള്ള അവരുടെ സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങിയതോടെ ഞാൻ അവിടെ അധികപറ്റായി.

എന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടിക്കണം എന്നൊരു വഴി മാത്രമേ അവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ. അതിന് അവർ കണ്ടെത്തിയ വഴി, എന്നെ ഉപദ്രവിക്കുകയായിരുന്നു.

അവരുടെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ തന്നെയാണ് ഒരു രാത്രിയിൽ ആരും കാണാതെ ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്. പക്ഷേ 10 വയസ്സുള്ള ഒരു പെൺകുട്ടി ഏതു വരെ ഓടും..?

ശരിയായി ആഹാരം കഴിക്കാത്തതിന്റെ ക്ഷീണവും, ഓടിയ തളർച്ചയും ഒക്കെയായി ഏതോ ഒരു വാഹനത്തിനു മുൻപിൽ കുഴഞ്ഞു വീണത് മാത്രം ഓർമ്മയുണ്ട്.

പിന്നീട് ബോധം വരുമ്പോൾ ഒരു ആശുപത്രിയിൽ ആയിരുന്നു. അവിടെ എന്നെ പരിചരിക്കാൻ ഒരു സിസ്റ്റർ ഉണ്ടായിരുന്നു.

അവരിൽ നിന്നാണ് മറ്റു കഥകൾ ഞാനറിഞ്ഞത്.ഞാൻ ഓടിക്കിതച്ചു വന്നു വീണത് അവരുടെ വണ്ടിക്ക് മുന്നിലായിരുന്നു. മഠത്തിൽ നിന്ന് എവിടെയോ പോയി വരികയായിരുന്നു അവർ. അങ്ങനെയാണ് അവർ എന്നെ ആശുപത്രിയിൽ എത്തിച്ചത്.

എന്നോട് വിവരങ്ങളൊക്കെ തിരക്കിയപ്പോൾ ഒന്നും മറച്ചു വയ്ക്കാൻ ഉണ്ടായിരുന്നില്ല. അന്നുവരെ എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും അവരെ അറിയിച്ചു.

എന്നോട് സ്നേഹമോ സഹതാപമോ ഒക്കെ തോന്നിയിട്ട് ആകണം അവർ എന്നെ അവർക്കൊപ്പം കൂട്ടിയത്. പിന്നീടുള്ള കാലം മഠത്തിന്റെ സംരക്ഷണയിലായിരുന്നു.

ആരുടെയൊക്കെയോ സ്പോൺസർഷിപ്പിൽ പ്ലസ് ടു വരെ പഠിച്ചു. അതിനുശേഷം മുന്നോട്ടു പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ കൂടി അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

അതിനിടയിൽ എപ്പോഴോ ആണ് എനിക്കൊരു പ്രണയം ഉണ്ടായത്..!

ഞാൻ സ്കൂളിൽ പോകുന്ന വഴിയിൽ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്. അവിടെ ബില്ലിംഗ് സെക്ഷനിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ.

ഒരിക്കൽ പേനയോ പുസ്തകമോ എന്തോ വാങ്ങാൻ സൂപ്പർമാർക്കറ്റിലേക്ക് കയറിയപ്പോഴാണ് ആദ്യമായി ഞാൻ അയാളെ കണ്ടത്. എന്നെ നോക്കി പുഞ്ചിരിച്ച അയാൾക്ക് ഒരു പുഞ്ചിരി മടക്കി നൽകാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഭയമായിരുന്നു..!

പുറംലോകത്തെ ചതിക്കുഴികളെ കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയത് കൊണ്ട് ഒരാളോടും ചിരിക്കാനോ സൗഹൃദം പുതുക്കാനോ എനിക്ക് കഴിഞ്ഞില്ല.

പക്ഷേ അയാൾ എന്നെ വിടാനുള്ള ഭാവം ഉണ്ടായിരുന്നില്ല. എന്നെ പിന്തുടർന്ന് വരാറുണ്ടായിരുന്നു.

അയാളുടെ എന്റെ പിന്നാലെയുള്ള നടപ്പ് എനിക്ക് അസ്വസ്ഥത ഉണ്ടാക്കി തുടങ്ങിയപ്പോൾ ഒരിക്കൽ ഞാൻ എന്നെ കുറിച്ചുള്ള സത്യങ്ങൾ അയാളോട് തുറന്നു പറഞ്ഞു. അതോടെ അയാളുടെ ശല്യം ഒഴിവായി പോകും എന്നാണ് കരുതിയത്. പക്ഷെ…

അതിന്റെ തൊട്ടടുത്ത ദിവസം അയാൾ മഠത്തിൽ വന്നു സിസ്റ്റർമാരെ കണ്ടിരുന്നു. എന്നെ അയാൾക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും, എന്ന് പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം നടത്തി തരണം എന്നും അയാൾ അവിടെ റിക്വസ്റ്റ് ചെയ്തു.

അയാളെ കുറിച്ചും അയാളുടെ സ്വഭാവത്തെക്കുറിച്ചും ഒക്കെ അന്വേഷിച്ചപ്പോൾ വളരെ നല്ല കാര്യങ്ങൾ മാത്രമായിരുന്നു അറിയാൻ കഴിഞ്ഞത്.

അതുകൊണ്ടുതന്നെ ആ ബന്ധത്തിൽ സിസ്റ്റർമാർക്ക് ആർക്കും തന്നെ എതിർപ്പുണ്ടായിരുന്നില്ല.

എനിക്ക് 18 വയസ്സ് പൂർത്തിയായ ഉടനെ തന്നെ വിവാഹം നടത്തുകയും ചെയ്തു. 18 വയസ്സിനുശേഷം നിൽക്കാൻ ഞങ്ങൾക്ക് അനുവാദമില്ലല്ലോ..

പക്ഷേ വിവാഹത്തിനു ശേഷമാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത്. അയാളുടെ വീട്ടിൽ ആർക്കും തന്നെ അനാഥയായ എന്നെ മരുമകളായി കാണാൻ താല്പര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ എന്റെ ഓരോ ദിനങ്ങളും ക്രൂരമായ പീഡനങ്ങളിലായിരുന്നു തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും. ഒരിക്കലും അതൊന്നും അയാൾ അറിയരുത് എന്ന് ഞാൻ ആഗ്രഹിച്ചു.

അയാൾ എനിക്ക് നല്ലൊരു ഭർത്താവായിരുന്നു. എന്നെ തുടർന്ന് പഠിപ്പിക്കാൻ അയാൾ ആഗ്രഹിച്ചു എങ്കിൽ പോലും വീട്ടിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ഞാൻ അത് വേണ്ട എന്ന് വയ്ക്കുകയായിരുന്നു.

വീട്ടുകാരുടെ എന്നോടുള്ള മനോഭാവം അയാൾക്ക് മനസ്സിലായതുമില്ല. അതിന് അയാളെ തെറ്റ് പറയാനും പറ്റില്ല, അയാളുടെ മുന്നിൽ അവരൊക്കെ സ്നേഹനിധികളായ അച്ഛനും അമ്മയും ഒക്കെ ആയിരുന്നു.

അങ്ങനെയുള്ളവരുടെ ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ മറ്റൊരു മുഖമുണ്ട് എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും ആകില്ലല്ലോ..!

അയാളുടെ സ്നേഹത്തിൽ മതിമറന്ന് ഞാൻ ജീവിച്ചത് കൊണ്ടായിരിക്കും എനിക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു വിധി വന്നത്. ഒരിക്കൽ ജോലിക്ക് പോയ അയാൾ വീട്ടിലേക്ക് തിരികെ വന്നില്ല. പകരം വന്നത് ഒരു ഫോൺകോൾ ആയിരുന്നു.

അയാൾക്ക് ഒരു ആക്സിഡന്റ് പറ്റിയെന്നും ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന്. എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല എനിക്ക് അപ്പോൾ.

പക്ഷേ ആ നിമിഷം മുതൽ അച്ഛനും അമ്മയും എന്നെ ശപിക്കാൻ തുടങ്ങി. അത് കാര്യമാക്കാതെ അയാളുടെ ജീവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ആശുപത്രി വരാന്തയിൽ കാവലിരുന്നു.

പക്ഷേ എന്റെ പ്രാർത്ഥനകളെ വിഫലമാക്കി കൊണ്ട് അയാളെ ദൈവം തിരികെ വിളിച്ചു. അതോടെ എന്റെ അവസ്ഥ കൂടുതൽ പരുങ്ങലിലായി എന്ന് തന്നെ പറയാം.

ഇന്ന് അയാളുടെ മരണാനന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞിരിക്കുന്നു. എന്നെ ഇനി ഈ വീട്ടിൽ അവർക്ക് ആർക്കും ആവശ്യമില്ല. എത്രയും പെട്ടെന്ന് ഇവിടെ വിട്ട് ഇറങ്ങികൊള്ളണം എന്നാണ് ഉത്തരവ്.

അവളുടെ കണ്ണിൽനിന്ന് അവൾ പോലും അറിയാതെ കണ്ണുനീർത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു.

” എടി നാശം പിടിച്ചവളെ നീ ഇവിടെ എന്ത് സ്വപ്നം കണ്ടിരിക്കുകയാണ്..? ഇനി ഏതവനെ കൊണ്ടുപോയി കൊല്ലാം എന്നാണോ ആലോചിക്കുന്നത്..? നീ ഒരു ശാപം പിടിച്ച ജന്മം തന്നെയാണ്..

നിന്നോടൊപ്പം കൂടുന്നവർക്ക് ഒക്കെയും മരണം മാത്രമാണുള്ളത്. അല്ലെങ്കിൽ എവിടെയോ കിടന്നു വളരേണ്ട നിന്നെ എടുത്ത് ജീവിതത്തിൽ കൂടെ കൂട്ടി എന്നൊരു തെറ്റ് ചെയ്തതിന്റെ പേരിൽ ആ നല്ല മനുഷ്യർ രണ്ടുപേരും മരിച്ചു പോവില്ലായിരുന്നല്ലോ..

അത് വേണമെങ്കിൽ അവരുടെ വിധി എന്നു പറയാമായിരുന്നു.

ഇതിപ്പോൾ വേണ്ട മകന്റെ ജീവിതത്തിലേക്ക് നീ കാര്യം ഒന്നും അവന്റെ ജീവനും കൂടി എടുത്തു. നഷ്ടം നിനക്ക് അല്ലല്ലോ ഞങ്ങൾക്കല്ലേ..? ”

അയാളുടെ മരണത്തിനുശേഷം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ശാപവചനങ്ങൾ ആയതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

പക്ഷേ അന്ന് രാത്രി, അച്ഛനായി കരുതിയവൻ കാ മം തീർക്കാൻ തന്റെ ശരീരം അന്വേഷിച്ചപ്പോഴാണ് താൻ എത്രത്തോളം നിസ്സഹായ ആണെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടത്. എനിക്ക് മാനം വിറ്റ് ജീവിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെയാണ് കയ്യിൽ കിട്ടിയതെടുത്ത് അയാളുടെ തലക്ക് അടിച്ചു കൊണ്ട് ആ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടിയത്.

ഇനിയുള്ള ജീവിതം എങ്ങനെയാണ് എന്നറിയില്ല. പക്ഷേ എനിക്ക് ജീവിച്ചേ മതിയാകൂ. മരിക്കാൻ മടിയുണ്ടായിട്ടൊന്നുമല്ല. ദൈവം തന്ന ജീവിതം നമ്മളായി അവസാനിപ്പിക്കുന്നത് പാപമാണ് എന്നറിയുന്നത് കൊണ്ടാണ്.

ഇനിയും എന്നെ തേടി ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും എന്ന് അറിയാം. ഒക്കെയും അതിജീവിച്ചേ മതിയാകൂ..!

ആ ഇരുട്ടിലൂടെ മുന്നോട്ട് നടക്കുമ്പോൾ അവൾക്കുള്ള ഒരേ ഒരു പ്രതീക്ഷ മുൻപ് അവൾക്ക് ആശ്രയമായിരുന്ന ആ മഠം തന്നെയായിരുന്നു.

Leave a Reply

Your email address will not be published.