വിവാഹം കഴിഞ്ഞതും മുതൽ ഓരോ പ്രശ്നങ്ങളായി ഉണ്ടാക്കി ചേച്ചി വീട്ടിൽ വന്നു നിൽക്കും, അനിലേട്ടന്റെ വീട്ടിൽ ഉണ്ടാവുന്ന..

(രചന: J. K)

“”എടാ രമ ചേച്ചി പിന്നെയും വന്നിട്ടുണ്ട് “”
നാട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞതാണ് ഇത്..

“”ഇത്തവണയും അനിലേട്ടനോട് അടി ഉണ്ടാക്കിയാണോ വന്നത്??””

“”ആണെന്നാ തോന്നുന്നേ “”

അമ്മ പറഞ്ഞു..

അതേ അമ്മേ കൂടുതൽ സപ്പോർട്ട് ഒന്നും ചെയ്യേണ്ട നമുക്ക് അറിയാമല്ലോ ചേച്ചിയുടെ സ്വഭാവം ചേച്ചിയുടെ അടുത്ത് തന്നെയാവും തെറ്റ് അനിലേട്ടന്റെ സ്വഭാവവും നമുക്കറിയാം…

‘”മ്മ് “”

അമ്മയൊന്ന് മൂളി…

രാഹുൽ ഫോൺ കട്ട് ചെയ്തു, അവന്റെ ഓർമ്മകൾ ഒരുപാട് നാള് മുന്നിലേക്ക് പോയി.. അച്ഛന് രണ്ടു മക്കളാണ് രമ എന്ന തന്റെ ചേച്ചിയും താനും..

ചേച്ചി പഠിക്കാൻ മിടുക്കിയായിരുന്നു.. അച്ഛന് തന്നെക്കാൾ കാര്യമായിരുന്നു ചേച്ചിയെ അതുകൊണ്ടുതന്നെ വളരെ കൊഞ്ചിച്ചാണ് ചേച്ചിയെ വളർത്തിയത് അതിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു ചേച്ചിക്ക്..

പിടിവാശിയായിരുന്നു ഓരോന്നിനും എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ അത് കിട്ടുന്നതുവരെ വാശി പിടിക്കും അച്ഛൻ ഒറ്റമകൾ അല്ലേ എന്ന് കരുതി എല്ലാം ചേച്ചിക്ക് സാധിച്ചു കൊടുത്തിരുന്നു….

അങ്ങനെ ഒരു വാശിയായിരുന്നു കോളേജിൽ പഠിക്കുന്ന കാലത്ത് ചേച്ചി കണ്ടെത്തിയ ഒരാൾ…

ചേച്ചിയുടെ പ്രണയം വീട്ടിലറിഞ്ഞതും വലിയ പ്രശ്നമായി അതുവരെ എല്ലാത്തിനും കൂട്ടുനിന്ന അച്ഛൻ വരെ എതിർത്തു…

ചേച്ചി അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒറ്റക്കാലിൽ നിന്നു…

ഒടുവിൽ ഗത്യന്തരമില്ലാതെയാണ് അച്ഛൻ അയാളെ പറ്റി അന്വേഷിച്ചത് അന്വേഷണത്തിൽ അറിഞ്ഞത് ഒന്നാന്തരം തല്ലുകൊള്ളിയാണ് അയാൾ എന്നായിരുന്നു ചേച്ചിയെ കൂടാതെ തന്നെ വേറെ ഒരുപാട് പെണ്ണുങ്ങളുമായി അയാൾക്ക് ബന്ധമുണ്ട്..

അങ്ങനെയൊരാൾക്ക് സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുക്കാൻ അച്ഛൻ തയ്യാറായിരുന്നില്ല ചേച്ചിയോട് എന്തൊക്കെ അയാളെ പറ്റി പറഞ്ഞിട്ടും ചേച്ചി വിശ്വസിക്കാൻ തയ്യാറായില്ല

അയാളെയും ചേച്ചിയെയും തമ്മിൽ അകറ്റാൻ മനപ്പൂർവ്വം മറ്റുള്ളവർ ഉണ്ടാക്കിയ കാരണങ്ങളാണ് ഇതൊക്കെ എന്നായിരുന്നു ചേച്ചിയുടെ പക്ഷം…

ഒടുവിൽ ഭീഷണിയും, മറ്റമായി സമ്മതിപ്പിച്ചതാണ് അനിലേട്ടനുമായുള്ള വിവാഹം..

അനിലേട്ടൻ ഒരു പാവമായിരുന്നു. കല്യാണത്തിന് മുന്നേ തന്നെ അച്ഛൻ എല്ലാം അനിലേട്ടനോട് തുറന്നു പറഞ്ഞിരുന്നു അയാളെ ചേച്ചിക്ക് ഉൾക്കൊള്ളാൻ ആവും സാവധാനത്തിൽ, എന്നാണ് എല്ലാവരും കരുതിയത് പക്ഷേ..

ഏറ്റു കിട്ടിയാൽ ഉറച്ചിരിക്കും എന്ന് പറഞ്ഞതുപോലെ ആയിരുന്നു അവരുടെ ജീവിതം… എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് അനിലേട്ടൻ സമ്മതിച്ചതും..

വിവാഹം കഴിഞ്ഞതും മുതൽ ഓരോ പ്രശ്നങ്ങളായി ഉണ്ടാക്കി ചേച്ചി വീട്ടിൽ വന്നു നിൽക്കും..

അനിലേട്ടന്റെ വീട്ടിൽ ഉണ്ടാവുന്ന നിസ്സാര പ്രശ്നങ്ങൾ പോലും ചേച്ചി പെരുപ്പിച്ചു കാണിക്കും…

അച്ഛനായിട്ടാണല്ലോ ഈ ബന്ധം കണ്ടുപിടിച്ചു കൊടുത്തത് അതുകൊണ്ടുതന്നെ അച്ഛൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചുനോക്കി പക്ഷേ ചേച്ചി അമ്പിനും വില്ലിനും അടുത്തില്ല…

ഓരോ തവണ സമാധാനിപ്പിച്ച് അങ്ങോട്ട് തന്നെ പറഞ്ഞു വിടുമ്പോഴും അതിനേക്കാൾ വേഗത്തിൽ പ്രശ്നങ്ങളായി ഇങ്ങോട്ട് തന്നെ വരും…

ചിലപ്പോൾ തോന്നാറുണ്ട് അനിലേട്ടന് എല്ലാം മടുത്തിട്ടുണ്ട് എന്ന് എങ്കിലും അദ്ദേഹം ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു…

ഇതിനിടയിൽ അവർക്കൊരു മോളും ഉണ്ടായി അതുകൊണ്ട് ആ മോളെ ഓർത്ത് അനിലേട്ടൻ പിന്നെയും ക്ഷമിച്ചു കൊണ്ടേയിരുന്നു..

ചേച്ചിക്ക് വേണ്ടി അനിലേട്ടൻ ചെയ്ത കോംപ്രമൈസിന് കണക്കില്ലായിരുന്നു വീട്ടുകാരുമായി ഒത്തു പോകുന്നില്ല എന്ന് കണ്ടിട്ടാണ് വേറെ വീട് എടുത്തു മാറിയത് എന്നിട്ടും ചേച്ചി ഓരോ പ്രശ്നങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കും..

ഒരിക്കൽ ഞാൻ ഇതിനെപ്പറ്റി ചേച്ചിയോട് സംസാരിച്ചതാണ് അന്ന് നിലതെറ്റി ചേച്ചി കരയുകയാണ് ഉണ്ടായത്…

എല്ലാവരും കൂടി എന്റെ ജീവിതം തകർത്തത് അല്ലേ മനസ്സുകൊണ്ട് ഒരിക്കൽപോലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരാളുടെ തലയിൽ കെട്ടിവച്ചതല്ലേ എന്നെല്ലാം പറഞ്ഞ്…

അന്ന് കുറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് എല്ലാം ചേച്ചിയുടെ നല്ലതിനു വേണ്ടിയാണ് എന്ന് പക്ഷേ ചേച്ചിക്കതൊന്നും മനസ്സിലായില്ല….

പെട്ടെന്ന് ടിവിയിൽ ഒരു വാർത്ത കണ്ടത് പോക്സോ കേസിൽ അറസ്റ്റിലായ ഒരാളെപ്പറ്റി… അയാളെ പരിചയമുണ്ടല്ലോ എന്ന് കരുതിയാണ് വീണ്ടും ആ വാർത്ത സൂക്ഷിച്ചു കണ്ടത് പെട്ടെന്ന് മനസ്സിലായി ചേച്ചി പണ്ട് പ്രണയിച്ചിരുന്ന അയാൾ….

വീണ്ടും ഫോണെടുത്ത് അമ്മയെ വിളിച്ചു,

ചേച്ചിക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു ചേച്ചിയോട് ന്യൂസ് ചാനൽ ഓൺ ചെയ്യാൻ പറഞ്ഞു…

ആ വാർത്ത ഇപ്പോൾ ചേച്ചി കണ്ടിട്ടുണ്ടാകും എന്നത് തീർച്ചയാണ് കാരണം അപ്പുറത്തുനിന്ന് മറുപടിയൊന്നുമില്ല…

ഫോൺ കട്ടാവുന്നതറിഞ്ഞു കുറെ നേരം അവൾ തനിച്ചിരിക്കട്ടെ എന്ന് കരുതി പിന്നെ വിളിക്കാനും പോയില്ല..

കുറെ കഴിഞ്ഞതിനുശേഷം അവളുടെ ഫോണിലേക്ക് വിളിച്ചു…

“”” ചേച്ചി അന്ന് അയാളെക്കുറിച്ച് അച്ഛൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് പറഞ്ഞപ്പോൾ ചേച്ചി ഒരിക്കൽപോലും വിശ്വസിക്കാൻ കൂട്ടാക്കിയില്ല ഇപ്പോൾ തെളിവോടെ കണ്ടല്ലോ..

അയാളോട് ഒപ്പം ഒളിച്ചോടാൻ ചേച്ചി പ്ലാൻ ചെയ്തിട്ടുള്ളത് അച്ഛൻ എങ്ങനെയൊക്കെയോ അറിഞ്ഞിരുന്നു തന്റെ മകളുടെ ജീവിതം ഒരിക്കലും നശിച്ചു പോകരുത് എന്ന് കരുതിയാണ് അനിലേട്ടനുമായുള്ള വിവാഹം അച്ഛൻ വാശിപിടിച്ച് നടത്തിയത് അച്ഛന് അറിയാമായിരുന്നു

അനിലേട്ടന്റെ കയ്യിൽ ചേച്ചി സുരക്ഷിതയായിരിക്കുമെന്ന് അച്ഛനും അമ്മമാരും ഒരിക്കലും മക്കളുടെ ഭാവി ചീത്തയാകണം എന്ന് കരുതി ഒന്നും ചെയ്യില്ലല്ലോ…

പക്ഷേ ഞാൻ പറഞ്ഞു വന്നത് അതല്ല ചേച്ചിക്ക് അനിലേട്ടനുമായി തുടർന്ന് പോകാൻ കഴിയില്ല എന്നുണ്ടെങ്കിൽ ഒരിക്കലും ചേച്ചിയെ ഞങ്ങൾ ഇനി നിർബന്ധിക്കില്ല..

അത് അനിലേട്ടനും ബുദ്ധിമുട്ടാണല്ലോ ആ പാവം കുറെ ആയി സഹിക്കാൻ തുടങ്ങിയിട്ട് നമുക്കൊരു മ്യൂച്ചൽ ഡിവോഴ്സിന് അപ്ലൈ ചെയ്യാം എന്നിട്ട് ചേച്ചിക്ക് സ്വതന്ത്രമായി ചേച്ചിയുടെ ജീവിതം മുന്നോട്ടു നയിക്കാം… “”

അത്രയും പറഞ്ഞു ഫോൺ വെച്ചു രാഹുൽ…
ചേച്ചി ഇരുന്നു ചിന്തിക്കട്ടെ എന്റെ തീരുമാനമാണെങ്കിലും എല്ലാവരും അത് അംഗീകരിക്കും….

അല്പം കഴിഞ്ഞ് രാഹുലിന്റെ ഫോൺ റിംഗ് ചെയ്തു ചേച്ചിയുടെ നമ്പർ ആണ് എടുത്തു…

“”” രാഹുൽ ചേച്ചി തിരിച്ചു പൊയ്ക്കോളാം.. ഇതുവരെയ്ക്കും ചേച്ചിയുടെ മനസ്സിൽ കുറ്റബോധമായിരുന്നു ആത്മാർത്ഥമായി പ്രണയിച്ച ആളെ ചതിച്ചു എന്ന്..

അച്ഛൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല പക്ഷേ ഇപ്പോൾ അങ്ങനെയൊരു വാർത്ത ടിവിയിൽ കണ്ടില്ലായിരുന്നെങ്കിൽ ഇനിയും കുറ്റബോധത്തിൽ തന്നെ ഞാൻ ജീവിച്ചു തീർത്തേനെ..

ഒരുപക്ഷേ അനിലേട്ടനെ ഉൾക്കൊള്ളാൻ ആവാത്തതും അതുകൊണ്ടാവാം.. ഇനിയും ഉൾക്കൊള്ളാൻ കഴിയുമോ എന്നൊന്നും എനിക്കറിയില്ല പക്ഷേ ഞാൻ ശ്രമിക്കാം എന്റെ കഴിവിന്റെ പരമാവധി”””

“”” അത് മതി ചേച്ചി “” എന്നുപറഞ്ഞ് ഫോൺ വയ്ക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമുണ്ടായിരുന്നു രാഹുലിന്….

അച്ഛന്റെ മരണശേഷം ആ സ്ഥാനം ഇളയവൻ ആണെങ്കിലും തനിക്കാണ് എന്നൊരു ബോധം അവനുണ്ടായിരുന്നു… തന്റെ ചേച്ചിയുടെ ജീവിതം എന്നും നല്ലതാവണം എന്നും…

സാവധാനത്തിൽ അവരുടെ ജീവിതത്തിലേക്ക് സന്തോഷം കടന്നുവരുന്നത് അറിയുന്നുണ്ടായിരുന്നു രാഹുൽ…

വാട്സാപ്പിൽ ചേച്ചിയുടെ ഡിപി ശ്രദ്ധിച്ചു രാഹുൽ അനിലേട്ടന്റെ കൂടെ ചിരിയോടെ നിൽക്കുന്ന ചേച്ചി..

അത് നോക്കി നിറഞ്ഞൊന്ന് ചിരിച്ചു രാഹുൽ…
മെല്ലെ ചിരിച്ചുനിൽക്കുന്ന തന്റെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

“” അല്ലേലും അനിലേട്ടനെ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ നിങ്ങളുടെ ജീവിതത്തിൽ എന്ന് അറിയാമായിരുന്നു….
ഇനി സുഖമായി അത് മുന്നോട്ടു പോകും കാരണം ആ മനുഷ്യൻ അത്രയ്ക്ക് അഡ്ജസ്റ്റബിൾ ആണ് “”” എന്ന്…