സോമേട്ടന് ഒരു കുഞ്ഞിനെ കൊടുക്കാൻ പറ്റാത്ത എനിക്ക് വളരെ സങ്കടം ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞിരുന്നു എന്റെ..

(രചന: J. K)

ചലനമറ്റ അയാളെ നോക്കിയിരുന്നു ഇന്ദിര…

മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഈ കൈയും പിടിച്ച് ഒന്ന് കേറിയതാണ് ഇവിടെ…

കഴിഞ്ഞ ഒരു രാത്രി വരെയും ഈ ഒരാൾ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു ഇനിയങ്ങോട്ട് താൻ തനിച്ച്… ഓർക്കുന്തോറും മുന്നിൽ ശൂന്യമായി തോന്നി ഇന്ദിരക്ക്…

പ്രീഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സോമൻ ഏട്ടന്റെ കല്യാണാലോചന വരുന്നത്….

അത്ര വലിയ സ്ഥിതിയുള്ള കുടുംബം ഒന്നും ആയിരുന്നില്ല രണ്ടുകൂട്ടരുടെയും എങ്കിലും രണ്ടും നല്ല ആൾക്കാർ ആയിരുന്നു…..

അതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും കൂടുതൽ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല വിവാഹം നടന്നു വിവാഹം കഴിഞ്ഞ് വന്നു കയറിയപ്പോൾ മനസ്സിലായിരുന്നു ആാാ ഒരാൾ എന്തിനും കൂടെ കാണും എന്ന്…

വളരെ നല്ല സ്വഭാവം വല്ലാത്ത സ്നേഹവും പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഒരു കുഞ്ഞിക്കാല് തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിചില്ല നല്ല പ്രായം വരെ അതിനുവേണ്ടി ഒരുപാട് ശ്രമിച്ചു…

പക്ഷേ കുഞ്ഞ് എന്നത് സ്വപ്നമായിത്തന്നെ തുടർന്നു പിന്നീട് ഞങ്ങളും യാഥാർത്ഥ്യം ഉൾക്കൊണ്ടു ഈ ജന്മം ഞങ്ങൾക്ക് ഞങ്ങളെ ഉള്ളൂ എന്ന്….

പലപ്പോഴും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട് കളിയാക്കലുകൾ അനുഭവിച്ചിട്ടുണ്ട് പക്ഷേ അതെല്ലാം മറക്കുന്നതും അതിനെയെല്ലാം അതിജീവിക്കുന്ന സോമൻ എന്ന ഒരു വ്യക്തിയുടെ സ്നേഹപൂർണമായ പരിചരണം ഒന്നുകൊണ്ട് മാത്രമാണ്…..

തനിക്ക് ഞാൻ ഇല്ലടോ എന്ന വാക്കുകളിൽ ഒഴിഞ്ഞു പോകുമായിരുന്നു എല്ലാ വിഷമവും…..

അത് അല്ലെങ്കിലും അങ്ങനെയല്ലേ ആത്മാർത്ഥമായി ചേർത്തുപിടിക്കാൻ ഒരാളുണ്ടെങ്കിൽ മറ്റ് എന്തു വിഷമവും ആ ചുമലിൽ കൊണ്ട് വക്കുമ്പോൾ അലിഞ്ഞലിഞ്ഞ് ഇല്ലാതാവും…

സോമേട്ടന് ഒരു കുഞ്ഞിനെ കൊടുക്കാൻ പറ്റാത്ത എനിക്ക് വളരെ സങ്കടം ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞിരുന്നു എന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് എന്ന്

പലതവണ ഞാൻ നിർബന്ധിച്ച് താണ് മറ്റൊരു വിവാഹം കഴിക്കാൻ അപ്പോൾ തിരികെ ചോദിച്ചത് എനിക്ക് ഈ പ്രശ്നം ഉണ്ടെങ്കിൽ നീ വേറെ കല്യാണം കഴിക്കുമോ എന്നാണ് ആ ഒരു ചോദ്യത്തിനു മുന്നിൽ ഞാൻ എപ്പോഴും നിശബ്ദ യാവും….

ഒരു കുഞ്ഞിനെ ദത്തെടുക്കാൻ എന്ന് സോമേട്ടൻ പറഞ്ഞപ്പോൾ സമ്മതിച്ചതും അതുകൊണ്ട് തന്നെയാണ് ആ മനസ്സിന് സന്തോഷം തോന്നുന്നത് അങ്ങനെയാണെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിച്ച്….

കാരണം കുഞ്ഞുങ്ങൾ എന്നു പറഞ്ഞാൽ എത്രത്തോളം ആ ഒരു മനുഷ്യന് ഇഷ്ടമാണ് എന്നത് എന്നെക്കാൾ കൂടുതൽ മറ്റാർക്കും അറിയില്ലായിരുന്നു….

അങ്ങനെയാണ് ഒരു അനാഥാലയത്തിൽ എത്തിയത് അവിടെയുള്ള കുഞ്ഞുങ്ങളെ കണ്ടപ്പോൾ സങ്കടം തോന്നി ആരോരുമില്ലാത്തവർ ആരുടെയൊക്കെയോ തെറ്റുകളുടെ ഫലമാകാം അല്ലെങ്കിൽ, വളർത്താൻ കഴിയാത്തതുകൊണ്ട് ഉപേക്ഷിച്ചത് ആവാം…

എങ്കിലും ഉറ്റവരും ഉടയവരും ഇല്ലാതെ..
ആരുടെയൊക്കെയോ കാരുണ്യത്തിൽ സ്വന്തം എന്ന് പറഞ്ഞിട്ട് ചേർത്തുപിടിക്കാൻ പോലും ആരും ഇല്ലാതെ ഇങ്ങനെ….

എന്തൊക്കെയായാലും ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി…
അമ്മ ആകാതെ തന്നെ മാറിടം ചുരന്ന പോലെ തോന്നിയിരുന്നു… അച്ഛൻ ആവാതെ തന്നെ പിതൃത്വം വന്നപോലെ….

അതിൽ വെറും ആറു മാസം പ്രായമായ ഒരു കുഞ്ഞു പൈതൽ ഉണ്ടായിരുന്നു അതിനെ ആയിരുന്നു ഞങ്ങൾ ദത്തെടുക്കാൻ വേണ്ടി പോയത്…

എന്റെ കയ്യിലിരുന്ന പല്ലില്ലാത്ത മോണ കാട്ടി എന്റെ മുഖത്ത് നോക്കി അവൻ ചിരിച്ചപ്പോൾ എന്റെ മിഴികൾ നിറഞ്ഞു വന്നിരുന്നു….

കുറച്ചുകൂടി ഫോർമാലിറ്റീസ് ബാക്കിയുണ്ടായിരുന്നു അതുകൂടി തീർത്ത് അടുത്ത തവണ വന്ന് കുഞ്ഞിനെ കൊണ്ടുപോകാമെന്ന് പറഞ്ഞതായിരുന്നു….

സോമേട്ടൻ ഏറെ സന്തോഷത്തിലായിരുന്നു ആ കുഞ്ഞിനുവേണ്ടി എന്തൊക്കെയോ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഇന്ന് ആയിരുന്നു ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വേണ്ടി പോകേണ്ടത് പക്ഷെ ഇന്ന് രാവിലെ വിളിച്ചിട്ട് മിണ്ടുന്നില്ല ആയിരുന്നു ഒത്തിരി വിളിച്ചു നോക്കി പക്ഷേ…..

എന്റെ കൂടെ നിഴലുപോലെ ഇത്രയുംകാലം ഉണ്ടായിരുന്ന ആൾ എന്നെ തനിച്ചാക്കി ഒറ്റയ്ക്ക് മറ്റൊരു ലോകത്തേക്ക് പോയി എന്നത് വിശ്വസിക്കാൻ വയ്യാതെ ഞാൻ ഇരുന്നു…

സോമേട്ടൻ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ട എന്ന് തോന്നിപ്പോയി അദ്ദേഹത്തെ എല്ലാവരും ചേർന്ന് എടുത്തപ്പോൾ കരയാൻ പോലും മറന്നു ഞാനിരുന്നു…

എല്ലാവരും പോയിക്കഴിഞ്ഞിരുന്നു ചില അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു വീട്ടിലുള്ളത് പക്ഷേ ആരൊക്കെ ഉണ്ടായിട്ടും ഞാൻ ഒറ്റപ്പെട്ട പോലെ തോന്നി എനിക്ക്…..

ഇനിയും ജീവിക്കുന്നത് അർത്ഥമില്ല എന്ന് കരുതി ജീവിതം അവസാനിപ്പിക്കാൻ ആയി തീരുമാനിച്ചു…

എന്റെ സോമേട്ടന്റെ അടുത്തേക്ക് പോകാൻ…

അപ്പോഴാണ് അനാഥാലയത്തിൽനിന്ന് ഞങ്ങൾ അന്ന് കണ്ട ആ പിഞ്ചോമന യുമായി അവർ എത്തിയത് എന്നെ കണ്ടതും അവൻ എന്റെ നേരെ ചാടി….

എനിക്ക് സന്തോഷമായി സോമേട്ടൻ ഏറെ ആഗ്രഹിച്ച കുഞ്ഞായിരുന്നു അത്….

കുഞ്ഞിനെ കൊണ്ടുവന്ന മദർ സുപ്പീരിയർ എന്നോട് ചോദിച്ചു, ഇനി ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുമോ എന്ന്???

എന്റെ ഉള്ളിലുള്ള തീരുമാനം ഞാൻ പറയാതെ വെറുതെ ഒന്നു മൂളി അപ്പോൾ അവർ എന്നോട് ചോദിച്ചു ഒത്തിരി കുഞ്ഞുങ്ങളുണ്ട് അവിടെ അവർക്കെല്ലാം അമ്മയായി അങ്ങോട്ട് വരാമോ എന്ന്???

കുഞ്ഞുങ്ങളെ ഒരു സ്നേഹിക്കുന്ന ഒരാൾ വേണം അവരെ പരിചരിക്കാൻ..

നിങ്ങൾക്ക് കഴിയും ഈ ഏകാന്തതയിൽ അത് വലിയ ഒരു ആശ്വാസമായിരിക്കും… പിന്നെ ഒത്തിരി പേര് നിങ്ങൾക്ക് കുഞ്ഞുങ്ങൾ ആയി ലഭിക്കുകയും ചെയ്യും…..

അവർ പറഞ്ഞത് കേട്ടപ്പോൾ എന്തു വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു….

“””” ശരി താല്പര്യമുണ്ടെങ്കിൽ ഒരു മാസം കഴിഞ്ഞ് ജോയിൻ ചെയ്തോളൂ എന്ന് പറഞ്ഞ് അവർ പോയി…

എന്റെ മനസ്സിൽ അത് വല്ലാത്തൊരു പ്രതീക്ഷയുടെ നാളം കൊളുത്തിരുന്നു അതുകൊണ്ട് തന്നെ സ്വയം ഇല്ലാതാക്കാനുള്ള ചിന്ത അവിടെവച്ച് ഉപേക്ഷിച്ചിരുന്നു ….

ബാക്കിയുള്ള ബന്ധുക്കൾ കൂടി പോയപ്പോൾ പിന്നീട് ഞാൻ ആ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു അപ്പോഴാണ് അനാഥാലയത്തിലെ പറ്റി ചിന്തിച്ചത്….

ഇപ്പോൾ തന്നെ ഞാൻ വന്നോട്ടെ എന്ന് മദർ സുപ്പീരിയർ നോട് വിളിച്ചു പറഞ്ഞു അവർക്ക് പൂർണ സമ്മതം ആയിരുന്നു എപ്പോൾ വേണമെങ്കിലും നിങ്ങൾ വന്നോളൂ എന്ന് പറഞ്ഞു അവിടെ ചെന്നപ്പോൾ അവർ പറഞ്ഞത് സത്യമായിരുന്നു ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാകാൻ സാധിച്ചു…

അല്ലെങ്കിലും ജന്മം നൽകുന്നത് ഒന്നുമല്ലല്ലോ മാതൃത്വം സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും തന്നല്ലേ യാതൊന്നും പ്രതീക്ഷിക്കാതെ ഉള്ള സ്നേഹത്തിന് അല്ലെ മാതൃത്വം എന്ന് പറയുന്നത്….. അങ്ങനെ നോക്കിയാൽ ഇപ്പോൾ ഞാനും ഒരു അമ്മയാണ്…

ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മ…

ഇതെല്ലാം കണ്ട് ഒരു ആത്മാവ് മേലെ ഇരുന്ന് സന്തോഷിക്കുന്നു ഉണ്ടായിരിക്കും….. അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടായിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *