ആദ്യം തന്നെ ഇങ്ങനെ ഒരു കല്ലുകടി യിലൂടെ കല്യാണം കഴിപ്പിച്ചാൽ അത് ഒരിക്കലും നിലനിൽക്കില്ല എന്ന് പൂർണ..

(രചന: J. K)

അവർക്ക് വന്നവർക്കൊക്കെ ഇഷ്ടായിത്രെ ഇനി നിങ്ങളോട് എന്നാണെന്ന് വെച്ച അങ്ങട് ചെല്ലാൻ പറഞ്ഞു…..

ബ്രോക്കർ പറഞ്ഞത് കേട്ട് ഒരു നിമിഷം ശങ്കിച്ചു നിന്നു രാധാകൃഷ്ണൻ…. പറഞ്ഞത് സന്തോഷമുള്ള കാര്യം ആണെങ്കിലും ഇത്ര പെട്ടെന്ന് അവർ സമ്മതിച്ചു എന്ന് പറഞ്ഞതാണ് അത്ഭുതം….

മറ്റൊന്നുമല്ല മകൾ നിവേദിതക്ക് കഴിഞ്ഞദിവസം ബ്രോക്കർ രാമൻ ആയിട്ട് കൊണ്ടുവന്ന ഒരു കല്യാണാലോചനയാണ് ചെക്കൻ ബാങ്കിൽ ക്ലർക്ക് ആണ്…. പ്രശ്നം അവൾ ഒരു അപസ്മാര രോഗിയാണ് എന്നതായിരുന്നു.

ഇപ്പോഴും ഗുളിക കഴിക്കുന്നുണ്ട്… അത്ര മോശം പറയാൻ ഒന്നുമില്ലായിരുന്നു അവളെ കാണാൻ പക്ഷേ ഈ ഒരു അസുഖത്തിന്റെ പേരിൽ മാറിപ്പോയതാണ് ഒരുപാട് കല്യാണാലോചനകൾ..

മൂന്നു പെൺമക്കളിൽ നടുവിലുള്ള മകളാണ് നിവേദിത… മൂത്തവൾ നിത്യയുടെ കല്യാണം കഴിഞ്ഞു.. താഴെയുള്ള നീനക്കും കല്യാണ ആലോചനകൾ വരുന്നുണ്ട്….

രണ്ടു വയസ്സിനു വ്യത്യാസമേ എല്ലാവരും തമ്മിൽ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ ആകെ വല്ലാത്ത മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു രാധാകൃഷ്ണനും ഭാര്യ ഗീതയും…. നിവേദിതയേ നിർത്തി എങ്ങനെ നീനയെ വിവാഹം ചെയ്തയക്കും എന്നോർത്ത്….

പലപ്പോഴും പലരും ഉപദേശിച്ചതാണ് എല്ലാം മറച്ചു വെച്ച് ഒരു കല്യാണം… പക്ഷേ അതിന് അവർ തയ്യാറല്ലായിരുന്നു…

കല്യാണം ഒന്നും നടക്കാതെ മകൾ വീട്ടിലിരുന്നു പോയാലും ശരി നുണ പറഞ്ഞു കല്യാണം വേണ്ട എന്ന് അവർ ഉറച്ചു തീരുമാനിച്ചിരുന്നു…

കാരണം കല്യാണം എന്നത് കുറച്ചു മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ വേണ്ടിയുള്ളതല്ലല്ലോ..

ജീവിതകാലം മുഴുവൻ ഒരു മനസ്സായി കഴിയാൻ ഉള്ളതല്ലേ…ആദ്യം തന്നെ ഇങ്ങനെ ഒരു കല്ലുകടി യിലൂടെ കല്യാണം കഴിപ്പിച്ചാൽ അത് ഒരിക്കലും നിലനിൽക്കില്ല എന്ന് പൂർണ ബോധ്യമുണ്ടായിരുന്നു അവർക്ക്..

സന്ദീപ് എന്നായിരുന്നു അയാളുടെ പേര്.. ബാങ്കിൽ ക്ലാർക്ക്, അമ്മ മുമ്പേ മരിച്ചു അച്ഛനും ഒരു പെങ്ങളും മാത്രം പെങ്ങൾ വിവാഹിതയാണ് വീട്ടിൽ അച്ഛനും സന്ദീപും മാത്രമേ ഉള്ളൂ….

അതാണ് രാധാകൃഷ്ണൻ പിന്നെയും എടുത്ത് ചോദിച്ചത് അവരോട് എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ എന്ന്, ഭാവിയിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ… അപ്പോൾ ബ്രോക്കർ രാമൻ പറഞ്ഞു എല്ലാം പറഞ്ഞിട്ടുണ്ട് അവർക്ക് അതൊന്നും പ്രശ്നമല്ല എന്ന്..

അത് കേട്ടപ്പോൾ ചുട്ടുപൊള്ളി നിൽക്കുന്ന മനസ്സിലേക്ക് ഒരു കുളിർ മഴ പെയ്ത സുഖമറിഞ്ഞു രാധാകൃഷ്ണനും ഗീതയും അവരുടെ ഏറെക്കാലത്തെ മോഹമാണ് സഫലമാകാൻ പോകുന്നത് അവിടെനിന്ന് എല്ലാവരും കൂടി സന്ദീപിന്റെ വീട്ടിലേക്ക് പോയി….

ചെറിയ ഒരു വാർപ്പ് വീട് അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിരിക്കുന്നു… എല്ലായിടത്തും ശ്രദ്ധിച്ചത് അമ്മയുടെ ഫോട്ടോ ആയിരുന്നു അവരുടെ മനസ്സിൽ ആ വീട്ടിലും ഇപ്പോഴും അവരുടെ അമ്മ അങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് ചെന്നവർക്ക് എല്ലാം മനസ്സിലായിരുന്നു…

അപ്പോഴും രാധാകൃഷ്ണൻ ബ്രോക്കറോട് ഒന്നുകൂടി ചോദിച്ചിരുന്നു എല്ലാം പറഞ്ഞില്ലേ എന്ന് എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് അയാൾ കണ്ണ് കൊണ്ട് കാട്ടുകയും ചെയ്തു.. ആ സമാധാനത്തിൽ ഒന്ന് നെഞ്ചു തടവി ഇരുന്നു രാധാകൃഷ്ണൻ…

ഇനി നിശ്ചയം ഒരു ചടങ്ങ് ആയിട്ട് വേണ്ട പെട്ടെന്ന് കല്യാണം മതി എന്ന് രണ്ടുകൂട്ടരും അഭിപ്രായപ്പെട്ടു.. അതുകൊണ്ടുതന്നെ അപ്പോൾ തന്നെ കണിയാനെ വിളിപ്പിച്ചു നാളും നിശ്ചയിച്ചാണ് അവർ അവിടെ നിന്നും തിരികെ പോന്നത്….

പോരുമ്പോൾ അവരുടെ കയ്യിൽ നിവേദിതക്കായി ഒരു ഫോൺ കൊടുത്തു അയച്ചിരുന്നു സന്ദീപ്… അവിടെയെത്തി, അത് അവളെ ഏൽപ്പിച്ചു അവർ… ഫോൺ സ്വിച്ച് ഓൺ ചെയ്തു നിവേദിത…

അവളുടെ മനസ്സ് ആകെ കലങ്ങി മറഞ്ഞിരുന്നു തന്നോടുള്ള സഹതാപത്തിന് പുറത്താണോ ഈ കല്യാണത്തിന് സന്ദീപ് സമ്മതിച്ചത് എന്ന് അവളുടെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി എപ്പോഴും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ അവർക്ക് എന്തോ ഒരു വിഷമം പോലെ..

സഹതാപവും സ്നേഹവും രണ്ടും രണ്ടല്ലേ… പക്ഷേ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനു മുമ്പിൽ അവൾ എല്ലാം മറന്നു….

സന്ദീപിനെ ഫോൺ കോൾ അവളുടെ ഫോണിലേക്ക് വന്നപ്പോൾ ഒന്ന് മടിച്ചാണെങ്കിലും അവൾ അറ്റൻഡ് ചെയ്തു… സരസമായി സംസാരിക്കുന്ന അയാളെ വളരെ പെട്ടെന്ന് തന്നെ അവൾക്ക് ഇഷ്ടമായി…

ടെലിഫോൺ കോളുകൾ കൂടിക്കൂടിവന്നു അവർ തമ്മിലുള്ള അടുപ്പവും… വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അവൾ ചോദിച്ചത്,

എന്റെ അസുഖത്തിന് കാര്യം അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാൻ തയ്യാറായത് എന്തുകൊണ്ടാണ് എന്ന്???

“””അസുഖോ?? എന്നുള്ള സന്ദീപിനെ മറുപടി കേട്ട് ആകെ ഞെട്ടിത്തരിച്ച് ഇരുന്നു നിവേദിത അയാൾ ഒന്നും അറിഞ്ഞിട്ടില്ല എന്ന് അവൾക്ക് ബോധ്യമായി…

വിവാഹത്തിന് നാളുകൾമാത്രം അച്ഛനും അമ്മയും സന്തോഷത്തിന് പാരമ്യത്തിൽ ഈ അവസ്ഥയിൽ ഈ വിവാഹം മുടങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഒരു വേള അവൾ ചിന്തിച്ചു അവളുടെ മിഴികൾ നിറഞ്ഞു വന്നു….

എങ്കിലും ഒന്നും മറച്ചുവയ്ക്കാതെ എല്ലാം അവൾ തുറന്നു പറഞ്ഞിരുന്നു…

ഒന്നും പറയാതെ സന്ദീപ് കോൾ കട്ട് ചെയ്തു അവളുടെ മനസ്സിൽ വല്ലാത്ത വിഷമം തോന്നി കാരണം ഇത്രയും നാളുകൊണ്ട് സന്ദീപ് മായി വല്ലാതെ അടുത്തിരുന്നു അവളുടെ മനസ്… ഇനി ഒരു തിരിച്ചുവരവ് ഇല്ലാത്ത വിധം…

എങ്കിലും മറച്ചുവച്ച് ഒരു കല്യാണം എന്തിനാണ് എന്ന് അപ്പോഴും അവൾ ചിന്തിച്ചു… ഏറെ കഴിയും മുമ്പ് സന്ദീപിന്റെ ഒരു കോൾ തിരിച്ചു വന്നിരുന്നു…

“”” എന്താണ് ഇത് മുമ്പ് പറയാഞ്ഞത് എന്ന് ചോദിച്ചു സന്ദീപ്…. ബ്രോക്കറെ എല്ലാം പറയാൻ ഏൽപ്പിച്ചത് ആണെന്നും അയാൾ ചതിച്ചത് ആണെന്നും പറഞ്ഞു അവൾ…

അപ്പോഴേക്കും അവളുടെ സ്വരം ഇടറിയിരുന്നു.. അപ്പുറത്ത് നിശബ്ദമായി നിൽക്കുന്ന അവനോട് കേണപേക്ഷിച്ചു അവൾ ഒരു കാര്യം പറഞ്ഞു…

വിവാഹത്തിൽ നിന്ന് പിന്മാറുന്ന കാര്യം താനായിട്ട് പറഞ്ഞോളാം അതിനിത്തിരി സാവകാശം തരണം എന്ന്…. സന്ദീപ് തന്നെ നേരിട്ട് വിളിച്ചു പറയുമ്പോൾ അത് അച്ഛനുമമ്മയ്ക്കും വലിയ ആഘാതം ആവുമെന്ന്….

ഇത്തിരി നേരത്തെ നിശബ്ദതയ്ക്കു ശേഷം സന്ദീപ് ചോദിച്ചു “””അതിന് ആരാ ഇപ്പോൾ വിവാഹത്തിൽനിന്ന് പിൻമാറുന്നത് എന്ന്???””

ഫോണിന്റെ ഇങ്ങേ തലയ്ക്കൽ മിഴിച്ചിരുന്നു അവൾ ചോദിച്ചു,

“””എന്താ?? എന്ന്…

“”””ആടോ… ഈ വിവാഹത്തിൽ നിന്ന് ആരും പിന്മാറുന്നില്ല തനിക്ക് വേണമെങ്കിൽ ഇത് പറയാതിരിക്കാം ആയിരുന്നു വിവാഹംവരെ കൊണ്ടുചെന്നെത്തിക്കാമായിരുന്നു….

പക്ഷേ അപ്പോൾ ഒരു പക്ഷെ എനിക്ക് തോന്നുമായിരുന്നു എന്നെ പറ്റിച്ചത് പോലെ …. ഇതിപ്പോൾ താൻ ഇതിൽ നിരപരാധിയാണെന്നും താൻ എത്രത്തോളം സത്യസന്ധയാണ് എന്നും എനിക്ക് മനസ്സിലായി…

പിന്നെ അസുഖം അതിപ്പോ തന്നെ കുറ്റമാണോ തനിക്ക് അസുഖം വന്നത്??? അല്ലല്ലോ….

ഇനി മറ്റെന്തെങ്കിലും അസുഖം വിവാഹം കഴിഞ്ഞിട്ട് തനിക്ക് വരികയാണെങ്കിലും നമ്മൾ സഹിക്കേണ്ടതല്ലേ? അതുകൊണ്ട് എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല താനേ വെറുതെ ഓരോന്ന് ആലോചിച്ച് തല പുണ്ണാക്കാതെ നമ്മുടെ ഭാവിയെ സ്വപ്നം കാണാൻ നോക്ക്… “”””

നിവേദിതയുടെ മിഴിനിറഞ്ഞു തൂവിയിരുന്നു ഇത്തവണ സങ്കടം കൊണ്ടല്ല മനസ്സുനിറഞ്ഞതുകൊണ്ട് സന്തോഷം കൊണ്ട്…. അറിയാവുന്ന ദൈവങ്ങളോട് ഒക്കെ നന്ദി പറഞ്ഞു അവൾ ഇത്രയും നല്ലൊരാളെ തനിക്കായി കരുതി വെച്ചതിന്….

സന്ദീപ് പറഞ്ഞതുപോലെ സ്വപ്നലോകത്തേക്ക് അവൾ ഊളിയിട്ടു അപ്പോഴും മനസ്സിൽ ഉറപ്പുണ്ടായിരുന്നു ഇതിലും നല്ലൊരു ജീവിതം ഇനി തനിക്ക് ഒരിക്കലും കിട്ടില്ല എന്ന്…