പക്ഷേ ആദ്യരാത്രിയിൽ തന്നെ അദ്ദേഹത്തിന്റെ സ്വഭാവ വൈരുധ്യം പ്രകടമായിരുന്നു, രമ്യക്ക് ആരെങ്കിലുമായി വല്ല..

(രചന: J. K)

“””” ആരുടെ ദേഹത്താടീ ചാരി നിന്നിരുന്നത്?? അപ്പോ നല്ല സുഖം ഉണ്ടായി കാണുമല്ലേ??? “””

ബസ്റ്റോപ്പിൽ ബൈക്കുമായി തന്നെ കാത്തു നിന്നിരുന്ന രാജീവിന്റെ വർത്തമാനം കേട്ട് രമ്യയ്ക്ക് ആകെ തൊലി ഉരിയുന്ന പോലെ തോന്നി….

ആദ്യത്തെ അനുഭവം അല്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ അവൾ ബൈക്കിൽ കയറി ഇരുന്നു….
അയാൾ വഴിയിൽ ഒക്കെയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു… അതൊന്നും കേൾക്കുന്നില്ല എന്ന് കരുതി അവൾ ഇരുന്നു….

യാതൊരു പ്രയോജനവുമില്ല… വീട്ടിലെത്തിയതും തന്റെ ഫോണെടുത്ത് പരിശോധിക്കുന്ന വെറുതെ ഒരു നിമിഷം നോക്കി നിന്നു എന്നിട്ട് മെല്ലെ കുളിക്കാനായി കയറി….

കുളിമുറിയിലെ ഷവർ തുറന്നപ്പോൾ അവളുടെ മിഴിനീരും അതിനോടൊപ്പം ഒഴുകിയിറങ്ങി… ടിടിസി കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രാജീവിന്റെ വിവാഹാലോചന വന്നത്..

സുന്ദരൻ സുമുഖൻ പോരാത്തതിന് വില്ലേജ് ഓഫീസിലെ സർക്കാർ ജോലിയും… അതും പോരാഞ്ഞിട്ട് വീട്ടിൽ അമ്മയ്ക്ക് അച്ഛനും ഏകമകൻ എല്ലാവർക്കും എന്റെ ഭാഗ്യത്തെ കുറിച്ച് ഏറെ നാവായിരുന്നു പറയാൻ….

ഡിഗ്രി കഴിഞ്ഞിട്ട് മതി വിവാഹമെന്ന അച്ഛനോട് പറഞ്ഞെങ്കിലും താഴെ ഒരു അനിയത്തി കൂടിയുണ്ട് അവളും വളർന്നു വലുതാവുക അല്ലേ???

നിന്നെ കല്യാണം കഴിപ്പിച്ചു വിട്ടു വീണ്ടും അച്ഛൻ ഒന്നേന്ന് തുടങ്ങണം അവളെ കല്യാണം കഴിപ്പിക്കാൻ…..

വെറുമൊരു ഓട്ടോ ഡ്രൈവറെ സംബന്ധിച്ചെടുത്തോളം അത് വലിയൊരു കടമ്പയാണ്.. എന്നൊക്കെ പറഞ്ഞപ്പോൾ പിന്നെ ഞാനും സമ്മതിച്ചു…

രാജീവേട്ടൻറെ അമ്മ കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു സ്വർണമോ പണമോ ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതിയെന്നു….. അതും ഏറെ ഭാഗ്യമായി എല്ലാവരും കരുതി…

രാജീവ് എവിടെ നിന്നോ കണ്ട് എന്നെ ഇഷ്ടപ്പെടുക ആയിരുന്നത്രേ… ഏട്ടന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും ഇഷ്ടമായി…

അങ്ങനെയാണ് ഈ വിവാഹാലോചന വന്നത് അല്ലാതെ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ യാതൊരു ചേർച്ചയും ഉണ്ടായിരുന്നില്ല….

രാജീവ് ഏട്ടന്റെ അച്ഛൻ സ്കൂൾ മാഷും അമ്മ ടീച്ചറും ആണ്… പോരാത്തതിന് ധാരാളം ഭൂസ്വത്തും…

അറിയപ്പെടുന്ന തറവാട്ടുകാരും കൂടി ആയപ്പോൾ, എല്ലാവരുടെയും കണ്ണു മഞ്ഞളിച്ചു പല മുഖങ്ങളും അസൂയയോടെ എന്റെ നേരെ തിരിക്കുന്നത് കണ്ടു….

വിവാഹം കഴിഞ്ഞു, ഏതൊരു പെൺകുട്ടിയെയും പോലെ ഏറെ പ്രതീക്ഷയോടെയാണ് ഞാനും ആ വീട്ടിലേക്ക് കാലെടുത്തുവെച്ചത് പക്ഷേ ആദ്യരാത്രിയിൽ തന്നെ അദ്ദേഹത്തിന്റെ സ്വഭാവ വൈരുധ്യം പ്രകടമായിരുന്നു….

“” രമ്യക്ക് ആരെങ്കിലുമായി വല്ല പ്രണയബന്ധങ്ങളും ഉണ്ടായിരുന്നോ??”” എന്ന് ചിരിയോടെ ആണെങ്കിലും കൂർത്ത മിഴിയാൽ നോക്കി ചോദിക്കുന്ന അയാളോട്,

“””ഇല്ല “” എന്ന് പറഞ്ഞു അത് വിശ്വാസം ആവാത്തത് പോലെ വീണ്ടും ചോദിച്ചു…

എന്തുണ്ടെങ്കിലും തുറന്നു പറഞ്ഞോളൂ ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന് അദ്ദേഹം പറഞ്ഞു..

തുറന്നു പറയാനായി ഒരു പ്രണയം എനിക്ക് ഇല്ലായിരുന്നു ഞാൻ അതിൽ തന്നെ ഉറച്ചു നിന്നു… പക്ഷേ അന്ന് പുലരുവോളം ഇടയ്ക്കിടയ്ക്ക് അദ്ദേഹം അത് ചോദിച്ച് ഉറപ്പിച്ചു കൊണ്ടിരുന്നു…..

എന്തോ അത് കേൾക്കെ എനിക്ക് ഭയം തോന്നാൻ തുടങ്ങി…. പിന്നെ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു … അദ്ദേഹത്തിന് സംശയരോഗം ആണ് ഞാൻ ആരോട് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല….

വലിപ്പച്ചെറുപ്പമില്ലാതെ ഏതെങ്കിലും ആളുകളോട് സംസാരിക്കുന്നത് കണ്ടാൽ അന്ന് അടിയും വഴക്കും ഉറപ്പായിരുന്നു……

എന്തിന്, എന്റെ അച്ഛന്റെ പെങ്ങന്മാരുടെ മക്കൾ എന്റെ വീട്ടിലെങ്ങാനും വന്നാൽ ആ സമയത്ത് ഞാൻ അവരുമായി സംസാരിക്കുന്നത് കണ്ടാൽ പിന്നെ പറയണ്ടായിരുന്നു…..

മറ്റുള്ളവരുടെ മുന്നിൽ ഏറെ മാന്യമായി നടക്കുന്നയാൾ എന്റെ മുന്നിൽ ചന്തയിൽ ഉള്ളവരേക്കാൾ മോശമായിരുന്നു…

അയാളുടെ വായിൽ നിന്നും വീഴുന്നതും എന്നോട് പെരുമാറുന്നതൊന്നും ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്തത് ആയിരുന്നു….. സ്വകാര്യ നിമിഷങ്ങളിൽ പോലും അയാൾ നോർമൽ അല്ലാതെ പെരുമാറിയിരുന്നു….

എന്നെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ഞാൻ മറ്റൊരാളെ തേടി പോകും എന്നൊക്കെ ആയിരുന്നു അയാളുടെ ചിന്തകൾ…. അതുകൊണ്ടുതന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരുന്നു അയാൾ….

എല്ലാവരുടെയും മുന്നിൽ മാതൃക ദമ്പതികൾ… ഭാഗ്യവതി…. ലക്ഷങ്ങൾ മുടക്കി അടുത്തുള്ള സ്കൂളിൽ ടീച്ചറായി ജോലി വേടിച്ചു തന്നപ്പോൾ പിന്നെ പറയുകയും വേണ്ട…

ആരോടും മിണ്ടുന്നത് അയാൾക്ക് ഇഷ്ടമല്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങാൻ പഠിച്ചു…

വലിയ ഗവൺമെന്റ് ജോലിക്കാരന്റെ ഭാര്യ ആയപ്പോൾ വലിയ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ ഞങ്ങളെ ആരെയും അവർക്ക് പിടിക്കാതായി എന്ന് എല്ലാവരും പറഞ്ഞു….

അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ എന്നു വിചാരിച്ച് ഞാനും സത്യം ഒന്നും പറയാൻ പോയില്ല…

അച്ഛന്റെ അടുത്തു വരുമ്പോൾ അയാൾ പ്രിയപ്പെട്ട മരുമകനായിരുന്നു അച്ഛന് ആവശ്യമുള്ളതെല്ലാം വാങ്ങി കൊടുത്ത് അച്ഛനെ കയ്യിൽ എടുത്തിരുന്നു അമ്മയെയും…

എവിടെയും എനിക്ക് ഒന്നും ചെയ്യാൻ ഇല്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു… ഭയമായിരുന്നു അയാളെപ്പറ്റി തുറന്നു പറയാൻ,
ആരും വിശ്വസിച്ചില്ലെങ്കിലോ എന്ന്…..

എല്ലായിപ്പോഴും പ്രതികരിക്കാൻ എല്ലാവർക്കും കഴിഞ്ഞോളണം എന്നില്ലല്ലോ…

ഒരിക്കൽ സ്കൂളിലെ ഒരു കുട്ടി അച്ഛന്റെ ഫോണിൽ നിന്ന് ഇന്നു അറിയാൻ വേണ്ടി മെസ്സേജ് അയച്ചിരുന്നു… അതിന് റിപ്ലൈ കൊടുത്തപ്പോൾ അവൾ ഒരു ഹാർട്ടിന്റെ സ്മൈലി ഇട്ടു…

ഞാൻ അതത്ര കാര്യമാക്കിയില്ല പക്ഷേ വീട്ടിൽ വന്നപ്പോൾ രാജീവേട്ടൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഇത് കണ്ടു ഉടൻതന്നെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു നിർഭാഗ്യവശാൽ ആ കുട്ടിയുടെ അച്ഛനായിരുന്നു ഫോണെടുത്തത് എന്തൊക്കെയോ അനാവശ്യം അയാളോട് പറഞ്ഞു……

ബാക്കി എന്നോട് ആയിരുന്നു എന്നെ അവിടെനിന്നും കൊല്ലാക്കൊല ചെയ്തു അപ്പോഴാണ് അച്ഛൻ അങ്ങോട്ട് എത്തിയത്…. എല്ലാം കണ്ടതും അച്ഛന് അത് വലിയൊരു ഷോക്കായിരുന്നു തന്റെ മനസ്സിലെ മരുമകനെന്ന വിഗ്രഹം അപ്പഴേ ഉടഞ്ഞു പോയിരുന്നു….

അച്ഛൻ എന്നെ മാറ്റിനിർത്തി ചോദിച്ചു എല്ലാം കരച്ചിലോടെ ഞാൻ തുറന്നു പറഞ്ഞു അതുകേട്ട് അച്ഛൻ പറഞ്ഞു ഇനി അവിടെ നിൽക്കണ്ട എന്ന്….

തിരികെ കൊണ്ടുവരുമ്പോൾ വെല്ലുവിളിപോലെ അയാൾ പറഞ്ഞിരുന്നു ഇവിടെനിന്ന് ഇറങ്ങിയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു കയറാം എന്ന് കരുതണ്ട എന്ന്……

പുച്ഛത്തോടെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അച്ഛൻ തിരികെ….

ചാവുന്ന വരെ അവൾക്ക് വയറു നിറയ്ക്കാൻ ഉള്ളത് കൊടുക്കാൻ എന്നെ കൊണ്ട് ഇപ്പോഴും കഴിയും എന്ന് മാത്രം പറഞ്ഞു എന്നെയും കൂടി അവിടെ നിന്നു പടിയിറങ്ങി….

ആദ്യത്തേത് വീടിന്റെ ആധാരം പണയപ്പെടുത്തി അയാൾ എനിക്ക് ഒരു സ്കൂളിൽ ചേരാൻ ചിലവാക്കിയ പൈസ തിരിച്ചു കൊടുക്കുകയായിരുന്നു എന്റെ സ്വർണ്ണവും എല്ലാംകൂടെ ആ തുക തിരികെ നൽകി….

ആദ്യം വക്കീലിനെ കണ്ട് ബന്ധം വേർപെടുത്താൻ ശ്രമിച്ചത് അയാളായിരുന്നു… ഒരു കൗൺസിലിംഗ്, അതിലൂടെ ഈ ബന്ധം വേർപെടുത്തണ്ടെങ്കിൽ അതല്ലേ നല്ലത് എന്ന് ആരൊക്കെയോ അഭിപ്രായപ്പെട്ടു…

തന്റെത് ഒരു മനോരോഗം ആണെന്നും അത് ചികിത്സിച്ചാൽ മാറും എന്നൊക്കെ മറ്റുള്ളവർ പറഞ്ഞത് അയാൾക്ക് വലിയ ക്ഷീണം ആയി തോന്നി….

അതുകൊണ്ടുതന്നെ ഡിവോഴ്സിന് വാശിപിടിച്ചയാൾ… ഇത്രയും നാൾ കൂടെ കഴിഞ്ഞതിന്റെ ചെറിയൊരു വിഷമം ഉണ്ടായിരുന്നു… അതൊഴിച്ചാൽ എനിക്ക് പൂർണ സമ്മതം ആയിരുന്നു…

ഉള്ള ജോലി നോക്കി അച്ഛന്റെ തണലിൽ ഇങ്ങനെ ജീവിക്കുമ്പോൾ ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു…

കാണുന്ന എല്ലാവർക്കും പറയാനുള്ളത് എന്റെ പുനർ വിവാഹത്തെപ്പറ്റി ആയിരുന്നു… അതിലും അച്ഛന്റെ കയ്യിൽ നല്ല മറുപടി ഉണ്ടായിരുന്നു ഒരിക്കൽ ഒരു തെറ്റ് പറ്റി….

താഴെയുള്ളവരുടെ ഭാവിയോർത്ത് മൂത്തമകളുടെ ഭാവി തുലച്ചു.. പക്ഷേ അവൾ അതിൽ നിന്ന് ഇപ്പോ എഴുന്നേറ്റ് വന്നതേയുള്ളൂ…

ഇനി ആവർത്തിക്കാതെ നോക്കേണ്ടത് എന്റെ കടമയാണ്…. വിവാഹം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം അല്ല അത് മനസ്സിലാക്കാൻ ഇത്തിരി വൈകിപ്പോയി…

ഇനി അവൾക്ക് വേണമെന്ന് തോന്നുമ്പോൾ അവളുടെ ഇഷ്ടത്തിനൊത്ത്…. ഇല്ലെങ്കിൽ എന്റെ കാലം കഴിയുന്നതുവരെ അവൾ ഇവിടെ എന്റെ മോള് ആയിട്ട് തന്നെ കാണും… എന്ന്…

എല്ലാം കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമയാണ്.. തീച്ചൂളയിലൂടെ കടന്നു വന്നു എങ്കിൽ പോലും….

Leave a Reply

Your email address will not be published. Required fields are marked *