ഇത് എത്രാമത്തെ പെണ്ണുകാണൽ ആണെന്ന് ഹരിക്ക് തന്നെ നിശ്ചയമില്ല ഒരുപാട് ആയി, ഇതും നടക്കില്ല എന്നുള്ള..

(രചന: J. K)

കല്യാണ ബ്രോക്കർ രാമേട്ടൻ മുറ്റത്തു അക്ഷമയോടെ കാത്തു നിന്നു… ഹരി സമയമായിട്ടൊ… അവരോട് പത്തുമണിക്ക് എത്തുന്നാ ഞാൻ പറഞ്ഞത്….

ഇത് പറഞ്ഞപ്പോൾ അച്ഛന്റെ ഫോട്ടോയുടെ നേരെ നോക്കി ഒന്ന് തൊഴുത് ഹരി ഇറങ്ങി… പെണ്ണുകാണാൻ പോവുകയാണ് ഇത് എത്രാമത്തെ പെണ്ണുകാണൽ ആണെന്ന് ഹരിക്ക് തന്നെ നിശ്ചയമില്ല ഒരുപാട് ആയി…

ഇതും നടക്കില്ല എന്നുള്ള കാര്യം ഉറപ്പായിരുന്നു പക്ഷേ അമ്മയുടെ ഒരു സമാധാനത്തിനു വേണ്ടിയാണ് ഈ പ്രഹസനം… ഹരി കുട്ടാ അച്ഛനെ തോഴുതോ എന്ന് ചോദിച്ച് അമ്മ ഉമ്മറത്തേക്ക് എത്തി…

“”ആാാ തൊഴുതു എന്ന് പറഞ്ഞ് നടന്നു ഹരീ..

നെഞ്ചിൽ കൈ വെച്ച് അമ്മ സകല ദൈവങ്ങളോടും മനസ്സുരുകി പറഞ്ഞു ഇതെങ്കിലും നടക്കണമെന്ന്….

ബൈക്ക് സ്റ്റാർട്ട് ചെയ്ത് രാമേട്ടനെയും പുറകിൽ കേറ്റി ഹരി പുറപ്പെട്ടു… രാമേട്ടന്റെ കൂടെ ആാാ വീട്ടിൽ ചെന്ന് കയറി ചെറുതെങ്കിലും ഭംഗിയുള്ള ഒരു വീട് വീട്ടുമുറ്റത്ത് തന്നെ ചെറിയൊരു കിളി കൂട് ഉണ്ടായിരുന്നു….

പലതരം നിറങ്ങളിലുള്ള ആ പക്ഷികളെ നോക്കി ഇരുന്നു ഹരി.. പെട്ടന്നാണ് ആ കുട്ടി ചായയുമായി എത്തിയത്… അവൾ വീട്ടിലെ ട്രെയിൽ നിന്ന് ഒരു ഗ്ലാസ് ചായ എടുത്തു ഹരി…

അത്ര വലിയ ഭംഗി എന്ന് ഒന്നും പറയാനില്ലായിരുന്നു എങ്കിലും എന്തോ ഒരു ശാലീനത ആ കുട്ടിക്ക് ഉണ്ടായിരുന്നു.. അവളുടെ വിടർന്ന കണ്ണുകളും ഉയർന്ന നാസികയും അവളുടെ ചന്തത്തിന് മിഴിവേകി….

ഇടതൂർന്ന നീണ്ടമുടി അവൾക്ക് ഏറെ ഭംഗിയായിരുന്നു….

നിറം ഇത്തിരി കുറവാണെങ്കിലും ആർക്കും കാണുമ്പോൾ എന്തോ ഒരു പ്രത്യേക തോന്നും….
ഹരിയുടെ മുഖത്ത് വലിയ സന്തോഷം ഒന്നുമുണ്ടായിരുന്നില്ല കാരണം എത്രയോ പെണ്ണുകൾ ഇതുപോലെ നടന്നതാണ്….

എങ്കിലും അവളിൽ എന്തോ പ്രത്യേക തോന്നിയിരുന്നു അവന്…. വെറുതെ ഉള്ളു കൊണ്ട് ഒന്ന് ആഗ്രഹിച്ചുഇവൾ തന്റെ ഭാര്യയായി വന്നിരുന്നു എങ്കിൽ എന്ന്….

ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞതുകൊണ്ട് ആ മോഹം വെറുതെ ഉള്ളിൽ തന്നെ ഒതുക്കി… അതുകൊണ്ടാണ് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വലിയ താല്പര്യം കാണിക്കാതിരുന്നത്….

പോയി സംസാരിച്ചോളൂ ഹരി എന്ന് പറഞ്ഞു രാമേട്ടൻ…. മെല്ലെ ഒന്ന് മടിച്ചു അകത്തേക്ക് ചെന്നു ഒരു ജനൽ ചാരി അവൾ നിന്നിരുന്നു….

കാര്യങ്ങളെല്ലാം വ്യക്തമാക്കി കൊടുക്കാം പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങാം എന്നതായിരുന്നു ഹരിയുടെ ഉദ്ദേശം…. അവളോട് പേര് എന്താന്ന് ചോദിച്ചു…

‘””മീര “”” എന്നു പറഞ്ഞപ്പോൾ ചിരിയോടെ പറഞ്ഞു എന്റെ പേര് ഹരി എന്ന്..

ബി ടെക് കഴിഞ്ഞതാണ്…. വർഷങ്ങൾക്കുമുമ്പ് പക്ഷേ, അവസാന പരീക്ഷയെഴുതി നിൽക്കുമ്പോൾ, അപ്പോഴാണ് അച്ഛൻ.. നല്ലൊരു സ്ഥാപനത്തിൽ ജോലി ചെയ്യണം എന്നൊക്കെ ആയിരുന്നു മോഹം പക്ഷേ അച്ഛന്റെ മരണം എന്നെ ആകെ മാറ്റിക്കളഞ്ഞു…..

നാട്ടിലേക്ക് വന്നു അവിടെ അച്ഛന്റെ ഒരുപാട് കൃഷികൾ ഉണ്ടായിരുന്നു പശു ആട് കോഴി ഒക്കെയായി…. ഒക്കെ കിട്ടുന്ന വിലക്ക് ആർക്കെങ്കിലും കൊടുക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അപ്പോൾ കണ്ടതാണ് അമ്മയുടെ സങ്കടം….

അത്രയും നാളെ സ്വന്തം മക്കളെ പോലെ വളർത്തി വലുതാക്കിയ അവറ്റകളെ കൈവിട്ടു കളയാനുള്ള വിഷമം…

വെറും ജന്തുക്കളോട് ഇത്ര സ്നേഹമൊ എന്ന് അത്ഭുതമായിരുന്നു എനിക്കന്ന്… അച്ഛൻ മരിച്ച ഉടനെ തന്നെ അതിനെ ഒന്നും വിൽക്കേണ്ട എന്ന് ഞാൻ അതുകൊണ്ട് തന്നെയാണ് തീരുമാനിച്ചത്….

ക്രമേണ അതുങ്ങൾക്കുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തു… പിന്നെ പിന്നെ അവരെ എനിക്കും പിരിയാൻ പറ്റാതായി കൃഷിയിലേക്ക് കടന്നു….

ഇത്രയും പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ എനിക്കറിയാം ഇപ്പോഴത്തെ പെൺകുട്ടികളുടെ മനസ്സ്…. നല്ല ജോലിയും, നല്ല പേഴ്സണാലിറ്റി യും ഉള്ള ആളുകളെ മാത്രമേ എല്ലാ പെൺകുട്ടികളും സ്വപ്നം കാണു… അവിടെ ഞാൻ തീർത്തും വ്യത്യസ്തനാണ്..

ഇത്തരത്തിൽ ഒരു വിവാഹജീവിതം ആർക്കും സങ്കൽപ്പിക്കാൻ പോലും ആവില്ല എന്ന് എനിക്കറിയാം…

ചാണക ത്തിന്റെ യും ചേറിന്റെയും മണമുള്ള ഒരു ഭർത്താവിനെയും.. അതുകൊണ്ടുതന്നെയാണ് എല്ലാം തുറന്നുപറഞ്ഞത്….

ഒരുപാട് വിവാഹാലോചനകൾ നടന്നിട്ടുണ്ട് ഒന്നും ഇതിന്റെ പേരിൽ ശരിയായില്ല… എനിക്കതിൽ ദുഃഖമില്ല.. ഇഷ്ടപ്പെടാത്ത രണ്ടു പേർ തമ്മിൽ വിവാഹം കഴിച്ച് ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല…

ഒടുവിൽ മടുത്തിട്ട് ഈ പരിപാടിക്ക് ഇല്ല എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു ഞാൻ, പക്ഷേ അമ്മ….അമ്മയ്ക്ക് ഞാൻ വിവാഹിതനായി കാണാൻ ഏറെ മോഹമുണ്ട് അമ്മ പറഞ്ഞതുകൊണ്ട് മാത്രം… ആ മനസ് വിഷമിപ്പിക്കാതിരിക്കാൻ മാത്രമാണ് ഇങ്ങനെ ഒരു പ്രഹസനം….

അത്രയും പ്രിയപ്പെട്ട അവരുടെ മുന്നിൽ നമ്മുടെ ചില തീരുമാനങ്ങൾ മാറ്റേണ്ടി വന്നാലും അത്ര വിഷമം ഒന്നും തോന്നില്ല… മീര പേടിക്കേണ്ട നമുക്ക് ഇവിടെ വെച്ച് തന്നെ നിർത്താം.. തനിക്ക് നല്ല ഒരാളെ കിട്ടട്ടെ…””””

എന്നു പറഞ്ഞു നടന്നകലുന്നവനെ പിൻവിളി വിളിചു അവൾ… എന്തിനെന്നറിയാതെ ഹരിയും തിരിഞ്ഞുനിന്നു…

“”” എന്റെ അച്ഛനും കൃഷിയായിരുന്നു.. അതുകൊണ്ടുതന്നെ ആ ഒരു ജോലി അത്ര മോശമാണെന്ന് എനിക്ക് അഭിപ്രായം ഇല്ല…

തന്നെയുമല്ല ചെയ്തുകഴിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നതും ആ ജോലിയാണ്…. അതുകൊണ്ടുതന്നെയാണ് എല്ലാത്തിനും ഞാനും അമ്മയും അച്ഛനെ സഹായിക്കാറ് ഉള്ളത്…

കൃഷി പണി എന്ന എന്റെ അച്ഛന്റെ ജോലി ഒരു പോരാത്തത് ആണെന്ന് എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല… പിന്നെ ചാണകത്തിന്റെ മണം ആയാലും ചേറിന്റെ മണം ആയാലും ഇഷ്ടത്തോടെ അവയെ നോക്കുമ്പോൾ അവക്കൊക്കെയും ആകർഷണീയത തോന്നും…””””

അവൾ പറഞ്ഞത് കേട്ട് സ്വയം മറന്നു നിന്ന് ഹരി.. ചെറിയൊരു നാണത്തിന്റെ ചിരിയോടെ അവൾ വീണ്ടും തുടർന്നു….

പിന്നെ അച്ഛൻ സ്നേഹിച്ചു വളർത്തിയ മൃഗങ്ങളെ ഒന്നും കൊടുക്കാൻ ആവാത്ത.. അമ്മയ്ക്ക് വേണ്ടി, അമ്മയുടെ മനസ് വിഷമിപ്പിക്കാതെ ഇരിക്കാൻ വേണ്ടി സ്വയം വിഷമിച്ചാലും എന്തും ചെയ്യുന്ന ഈ മനസ്…

അതിന്റെ അത്ര വില മറ്റൊരാളിലും കാണുന്നില്ല…. എന്നെ ഇഷ്ടമാണെങ്കിൽ.. വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല… “”” എന്ന് നാണത്തോടെ പറഞ്ഞു തിരിഞ്ഞു നിൽക്കുന്നവളെ മനസ്സുനിറഞ്ഞ് നോക്കി ഹരി…

“””” എടോ താൻ ഈ പറഞ്ഞത് “”” എന്ന് വിശ്വാസം വരാതെ യാണ് ഹരി വീണ്ടും ചോദിച്ചത്…

“””” കാര്യമായിട്ട് തന്നെ പറഞ്ഞതാ “”” എന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ പുറത്തേക്ക് പോയി ഹരി…

പിന്നെ എല്ലാം എടുപിടി എന്നായിരുന്നു…. നേർത്തൊരു പൊന്നിന്റെ നൂലിനാൽ അവർ കൂട്ടിച്ചേർത്തു അവരുടെ ജീവിതം….

പരസ്പരം താങ്ങായി തണലായി.. ഹരിക്ക് ഒരു നല്ല ഭാര്യയാകുന്നതോടൊപ്പം ഒരു നല്ല മരുമകളും ആയിരുന്നു മീര…. ഹരിയുടെ ഇഷ്ടങ്ങളെ എല്ലാം അവൾ സ്വന്തം ഇഷ്ടങ്ങൾ ആക്കി… അയാൾക്കായി ജീവിച്ചു….

ചിലതെല്ലാം അങ്ങനെയാണ് ഓരോരുത്തർക്ക് പറഞ്ഞു വെച്ചിട്ടുണ്ടാവും ഓരോന്ന് …
സമയമാകുമ്പോൾ അത് വരികതന്നെ ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *