വീണ്ടും പെണ്ണുകാണാൻ പോയി, പക്ഷേ ഇത്തവണയും പെണ്ണുങ്ങൾക്ക് ആർക്കും രമണനെ പിടിക്കുന്നില്ല ആകെ ധർമസങ്കടത്തിലായി..

(രചന: J. K)

ഏറെ കാലമായിരുന്നു രമണൻ ഒരു പെണ്ണ് അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട്….

ഇതുവരെയും ഒന്നും ശരിയായില്ല എവിടെച്ചെന്നാലും രമണന് പെണ്ണുങ്ങളൊക്കെ ഇഷ്ടമാകും പക്ഷേ അവർക്കാർക്കും തിരിച്ചു ഇഷ്ടമാകില്ല….

പറയുന്ന കാരണങ്ങൾ ഭംഗിയില്ല പഠിപ്പില്ല എന്നൊക്കെയാണ്.. അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്നതാണ് രമണന്റെ കുടുംബം….

അച്ഛനുമമ്മയും രമണനെയും സഹോദരിമാരെയും ഒരുപോലെ തന്നെയാണ് പഠിക്കാൻ വിട്ടത്.. സഹോദരിമാർ ഒക്കെ നന്നായി പഠിച്ചു രമണൻ മാത്രം മനക്കലെ മാവിലെ കല്ലും എറിഞ്ഞ് നടന്നു…

അന്ന് അവനെ പ്രോത്സാഹിപ്പിക്കാൻ അത് അവന്റെ അതേപോലെ സ്കൂളിൽ പോവാതെ നാട് നിരങ്ങുന്ന കുറച്ചു സുഹൃത്തുക്കളും ഉണ്ടായിരുന്നു…. അവരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ രമണൻ ശരിക്കും കുരുത്തം കെട്ടു…

വഴിയിലൂടെ പോകുന്ന പെൺപിള്ളേരെ കമന്റ് അടിച്ചും, കൂട്ടുകാരുമൊന്നിച്ച് മുറി ബീഡി വലിച്ച് അവനവന്റെ ബാല്യ കൗമാരം തള്ളിനീക്കി….

പക്ഷേ പഠിക്കാതത്തിന്റെയും പള്ളിക്കൂടത്തിൽ പോകാതെയും പ്രശ്നം പിന്നീടാണ് അറിഞ്ഞത്…
പ്രോത്സാഹിപ്പിച്ചവർ എല്ലാം അവരുടെ പാട് നോക്കി പോയി…

രമണൻ മാത്രം ബാക്കിയായി.. ഒടുവിൽ ചന്തയിൽ പച്ചക്കറി കട നടത്തിയിരുന്ന അച്ഛന് വയ്യാതെ ആവുകയും കൂടി ചെയ്തപ്പോൾ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം രമണന്റെ തലയിലായി..

ആദ്യം തന്നെ അച്ഛന്റെ പച്ചക്കറി കട ഏറ്റെടുത്തു നടത്തി…. ചെറിയ പ്രായവും അവന്റെ ബുദ്ധിയും ഒക്കെ കൂടിയായി നല്ല രീതിയിൽ കച്ചവടം നടക്കുന്നുണ്ടായിരുന്നു നല്ലൊരു സംഖ്യ മാസത്തിൽ വരുമാനവും ഉണ്ടായിരുന്നു പക്ഷേ,

ഒന്ന് രണ്ട് പെണ്ണുകാണാൻ പോയപ്പോൾ അവർക്ക് ആാാ ജോലി കണ്ണിൽ പിടിച്ചില്ല അതുകൊണ്ടുതന്നെ ആ ജോലി ഉപേക്ഷിച്ചു….

അതിന്റെ പേരിൽ അച്ഛനുമമ്മയ്ക്കും ഉണ്ടായ മുറുമുറുപ്പ് കണ്ടില്ല എന്ന് നടിച്ചു അയാളുടെ സമ്പാദ്യവും അതിന് നീക്കിയിരിപ്പും ഒക്കെ കൊടുത്ത് കൂട്ടുകാരന്റെ കൂടെ ഷെയർ ഇട്ട് മൊബൈൽ ഷോപ്പ് തുടങ്ങി….

മൊബൈൽ ഫോണിനെ കുറിച്ചോ അതിന്റെ പ്രവർത്തനങ്ങളെ പറ്റിയോ ഒരു കുന്തവും അറിയാത്ത രമണൻ അവിടെ ചെന്ന് പെടുകയായിരുന്നു..

ആദ്യം മുതലാളി എന്ന് പറഞ്ഞ കൂട്ടുകാരൻ പിന്നീട് അവിടത്തെ തൊഴിലാളി ആക്കി മാറ്റി രമണനെ….

എങ്കിലും രമണൻ ഹാപ്പിയായിരുന്നു പച്ചക്കറിക്കട പോലെ അത്ര മോശമല്ലല്ലോ മൊബൈൽ കട….

വീണ്ടും പെണ്ണുകാണാൻ പോയി… പക്ഷേ ഇത്തവണയും പെണ്ണുങ്ങൾക്ക് ആർക്കും രമണനെ പിടിക്കുന്നില്ല ആകെ ധർമസങ്കടത്തിലായി ഇനി എന്ത് ചെയ്താൽ ആണ് പെണ്ണുങ്ങൾക്ക് തന്നെ ഇഷ്ടം ആവുക എന്ന് ആലോചിച്ചു…

ബ്യൂട്ടിപാർലറിൽ പോയി നോക്കി… മുടിയുടെ സ്റ്റൈൽ മാറ്റി നോക്കി.. കുറേ ഫേഷ്യൽ ചെയ്തു നോക്കി എന്നിട്ട് ഒന്നും ആ മുഖത്ത് ഒരു മാറ്റവും കാണാൻ ആർക്കും കഴിഞ്ഞില്ല… രമണൻ, രമണൻ തന്നെയായി…

ആള് ഡിപ്രഷൻ അടിച്ച് ഇരിക്കുന്നത് കണ്ടപ്പോഴാണ് കൂട്ടുകാരൻ ഫോണിൽ ഫേസ്ബുക്ക് സെറ്റ് ആക്കി കൊടുത്തത്…

അന്ന് രാത്രി അതിലേക്ക് ഒരു റിക്വസ്റ്റ് വന്നു..

അശ്വതി അച്ചുസ്”””‘

നല്ല ഭംഗിയുള്ള പ്രൊഫൈൽ പിക് ഒക്കെ ഇട്ട് ഒരു സുന്ദരിക്കുട്ടി… അവളുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടപാടെ ആക്രാന്തം കയറി ആക്സപ്റ്റ് ചെയ്തു രമണൻ….. ഉടൻ മെസ്സഞ്ചറിൽ അവളുടെ ഹായ് എത്തിയിരുന്നു…. രമണന്റെ മനസ്സിൽ ഒരുപാട് ലഡ്ഡു ഒരുമിച്ച് പൊട്ടി….

പിന്നെ എങ്ങോട്ട് ചാറ്റിംഗിന്റെ അഞ്ചരകല്യാണം ആയിരുന്നു…. അവളുടെ പലതരത്തിലുള്ള ഫോട്ടോസ്… അണ്സഹിക്കബ്ൾ….

അപ്പോഴാണ് ഒരു കുടുംബക്കാര് വഴി ചെറിയ മുടന്തുള്ള ഒരു പെണ്ണിന്റെ കല്യാണാലോചന വന്നത്…

സുലോചന””””

അച്ഛനും അമ്മയും രമണനോട് ഇതിനെപ്പറ്റി പറഞ്ഞു… കാർക്കിച്ചു മുറ്റത്തേക്ക് ഒരു തുപ്പ് ആയിരുന്നു അയാളുടെ മറുപടി…..അയാളുടെ മനസ്സിൽ മുഴുവൻ തന്റെ ആ സുന്ദരികുട്ടി ആയിരുന്നു….അശ്വതി അച്ചൂസ് അവൾ മാത്രമായിരുന്നു……

അശ്വതി അച്ചുവിന്റെ മുന്നിൽ ഇവളൊക്കെ എന്ത്!! പേരോ സുലോചന, ഓൾഡ് നെയിം, പോരാത്തതിന് ഒരു മുടന്തും…. പല്ലിനും ഇച്ചിരി പൊന്തൽ ഉണ്ട്….

രമണൻ ഔട്ട് ഓഫ് കണ്ട്രോൾ ആയി…
തന്നെയും അല്ല അശ്വതി അച്ചൂസിന്റെ അച്ഛൻ “”””അത്ലറ്റ്സ് ഫൂട്ട്”””‘ എന്ന മാരക രോഗം വന്ന് ഹോസ്പിറ്റലിൽ ആണത്രേ…

പാവം അതിന്റെ വിഷമത്തിൽ ആണ്.. പൈസക്ക് ബുദ്ധിമുട്ടു വന്നപ്പോൾ താനാണ് അച്ഛൻ ബാത്റൂമിൽ പോയ തക്കം നോക്കി അലമാരയിൽ നിന്നും വീടിന്റെ ആധാരം എടുത്തുകൊണ്ടുപോയി വിറ്റ് മൂന്നുലക്ഷം രൂപ അകൗണ്ടിൽ ഇട്ട് സഹായിച്ചത്…..

ഹൌ സ്വീറ്റ് യു ആർ “””‘ എന്നാണ് അത് കിട്ടിയപ്പോള് അച്ചൂസ് പറഞ്ഞത്…. ആധാരം പോയാലെന്താ…. അച്ഛന്റെ അസുഖം ഭേദമായാൽ ഉടൻ ഞങ്ങളുടെ വിവാഹം എന്നാണ് അച്ചൂസ് പറഞ്ഞിരിക്കുന്നത്…..

അപ്പഴാ ഒരു സുലോചന…. വന്ന ദേഷ്യം ആരോടെന്നില്ലാതെ തീർത്തു രമണൻ .. പറഞ്ഞത് കേൾക്കാത്തത് കൊണ്ട് രമണനെ വീട്ടിൽനിന്ന് ഇറക്കിവിട്ടു..

അയാൾ പതറിയില്ല..

തല ഉയർത്തിപ്പിടിച്ച് തന്നെ വീട്ടിൽനിന്നിറങ്ങി കാരണം അശ്വതിക്ക് ടൗണിൽ വലിയ രണ്ട് നില വീട് ഉണ്ട് മുറ്റത്ത് ബിഎംഡബ്ലിയു കാറും…

എത്ര തവണ ആ വീടിന്റെ ഫോട്ടോ ഇട്ട് തന്നെ കൊതിച്ചിട്ടുണ്ട് നമ്മൾ ഇവിടെയാണ് ഇനി താമസിക്കാൻ പോകുന്നത് എന്ന് പറഞ്ഞ്…

പിന്നെ ആർക്ക് വേണം ഈ കാലിത്തോഴുത്ത്… അയാൾ നേരെ പോയത് മൊബൈൽ ഷോപ്പിലേക്ക് ആണ് അവിടെ നിന്നും അശ്വതി അച്ചുസിന് മെസ്സേജ് അയക്കാൻ നോക്കി…

“””” ദിസ്‌ പേഴ്സൺ ഈസ് നോട്ട് അവൈലബിൾ””””!!! എന്ന് കണ്ടു….

അയ്യോ ഇനി അച്ചൂസിന്റെ അച്ഛന് വല്ലതും….
അപ്പൊ തന്നെ അമ്പലത്തിൽ പോയി അങ്ങേരുടെ പേരിൽ വഴിപാട് കഴിച്ചു..

“””മുകേഷ് അംബാനി “””” മൂലം “””‘

അങ്ങനെയാണ് അവൾ പറഞ്ഞിരുന്നത് അച്ഛൻ ഹിന്ദിക്കാരൻ ആണത്രേ അമ്മ അവിടെ എവിടെയോ പോയപ്പോൾ കണ്ടു ഇഷ്ടമായി പ്രേമിച്ച് കല്യാണം കഴിച്ചതാണത്രെ.. അതുകൊണ്ട് നമ്മുടെ കാര്യവും വീട്ടിൽ സമ്മതിക്കും എന്നാണ് അവൾ പറഞ്ഞത്…

ദിവസങ്ങൾ കഴിഞ്ഞു പോയി അശ്വതി അച്ചുസിന്റെ യാതൊരു വിവരവും കണ്ടില്ല പക്ഷേ വീട്ടിൽനിന്ന് ആധാരം കാണാതായപ്പോൾ അവർ തെരഞ്ഞു വന്നിരുന്നു….

പഞ്ഞിക്കിട്ടാണ് പോയത്… അച്ഛനും അച്ഛന്റെ തടിമാടൻ അനിയനും സഹോദരിമാരുടെ ഭർത്താക്കന്മാരും എല്ലാമുണ്ടായിരുന്നു..

കണക്കിന് കിട്ടി…

ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി.. അപ്പോഴാണ് അശ്വതി അചൂസിന്റെ അച്ഛന്റെ അതേപോലെ മാരകരോഗം ആയ അത്ലറ്റ്സ് ഫൂട്ട്””‘ വന്ന ഒരാളെ നേരിൽ കാണുന്നത്…

വളം കടി “””” അതാണ്!!!”

ഏറെ വൈകി പോയിരുന്നു…

ഇവിടെ നിന്നും എണീറ്റ് നടക്കാൻ ആയാൽ,
ഒന്നൂടെ വീട്ടിൽ പോണം അച്ഛനെയും അമ്മയുടെയും കാലു പിടിക്കണം സുലോചനയേ അല്ല അവളുടെ കുഞ്ഞമ്മയെ വരെ കെട്ടാൻ തയ്യാറാണെന്ന് പറയണം….

അതൊക്കെ ഓർത്ത് കണ്ണടയ്ക്കും പോഴും അയാളുടെ ചെവിയിൽ അച്ചൂസിന്റെ സ്വരം കേൾക്കാൻ ഉണ്ടായിരുന്നു….

ഹൌ സ്വീറ്റ് യു ആർ “””” ഹോ!! പേടിച്ചു ചെവി തലയിണ കൊണ്ട് കൊട്ടി അടച്ചു രമണൻ….