എന്തോ കടമ തീർക്കാൻ എന്നപോലെ ബെഡ്റൂമിലും, കൂടെയുള്ള നേരമൊന്നും എന്നോട് സംസാരിക്കാൻ മിനക്കെടാറില്ല..

(രചന: J. K)

ദുബായ് കാരൻ ആണ് എന്ന് പറഞ്ഞ് ബ്രോക്കർ ആണ് രഘുവിന്റെ കല്യാണാലോചന നിമിഷ ക്കായി കൊണ്ടുവന്നത്..

കാണാൻ വലിയ സുന്ദരൻ ഒന്നുമല്ലെങ്കിലും തെറ്റിലായിരുന്നു വീട്ടുകാർക്ക് ഇഷ്ടമായി വലിയ പറയത്തക്ക ബാധ്യതകൾ ഒന്നും ഇല്ലാത്തതിനാൽ കല്യാണം ഉറപ്പിച്ചു സ്വഭാവത്തെപ്പറ്റി എല്ലാവരോടും അന്വേഷിച്ചു ആരും ദോഷമായി ഒന്നും പറഞ്ഞിരുന്നില്ല…

വേറെ ഒരു രീതിയിൽ പറഞ്ഞാൽ അദ്ദേഹത്തെ പറ്റി ആർക്കും അറിയില്ലായിരുന്നു വളരെ ചെറുപ്പത്തിൽ തന്നെ ദുബായിലേക്ക് പോയതാണ് അദ്ദേഹം അവിടെ ചെന്ന് നാട്ടിലെ എല്ലാ ബാധ്യതകളും തീർത്തു…

അതാണ് എല്ലാവരും പൊക്കിക്കാണിച്ചത്.. കുടുംബ സ്നേഹിയാണ് എന്ന്… പക്ഷേ എനിക്ക് അപ്പോഴും ഒരു തൃപ്തി പോരായിരുന്നു…

എന്നെക്കാൾ മൂത്ത, അമ്മായിയുടെ മകൾ ആയ പ്രിയ ചേച്ചി ഇതേപോലെ ഒരു ദുബായിക്കാരനെ കല്യാണം കഴിച്ചിട്ട് അവിടെയും ഇവിടെയുമായി ജീവിതം ജീവിച്ച് തീർക്കുന്നത് കണ്ടു എനിക്ക് ദുബായിൽ ഉള്ള ആളെ കല്യാണം കഴിക്കാൻ വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല…

പക്ഷേ വീട്ടുകാർ പറഞ്ഞപ്പോൾ അതിനെ എതിർക്കാതെ അവരുടെ സമ്മർദ്ദത്തിനു നിന്നുകൊടുത്തത് മാത്രമാണ്…

കല്യാണത്തിന് മുന്നേ പ്രിയചേച്ചി കാണാൻ വന്നിരുന്നു അപ്പോൾ പറഞ്ഞു അവിടെയും ഇവിടെയുമായി ജീവിതം പോകുമെങ്കിലും ആ വിരഹത്തിനും ഒരു സുഖം ഉണ്ട് എന്ന്…. ദിവസങ്ങളെണ്ണി വരുമെന്ന് കരുതി കാത്തിരിക്കുന്ന ആ പ്രതീക്ഷയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ് എന്ന്…

രണ്ടു മൂന്ന് കൊല്ലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അത്രയും കാലത്തെ സ്നേഹം വെറും മൂന്നോ നാലോ മാസം കൊണ്ട് തന്നു തീർക്കുന്ന തന്റെ ഭർത്താവിനെ പറ്റി വാതോരാതെ ചേച്ചി സംസാരിച്ചപ്പോൾ അത് കേട്ടിരുന്നു…

അത് കേട്ടപ്പോൾ എന്തോ ഇത്തിരി സന്തോഷം തോന്നി അങ്ങനെയാണ് ആ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത് പക്ഷേ എന്റെ പ്രതീക്ഷകൾ പതിയെ തകരുകയായിരുന്നു…

വെറും രണ്ടാഴ്ച മാത്രമാണ് അയാൾ ഒപ്പമുണ്ടായിരുന്നത് അത് കഴിഞ്ഞ് അയാൾ വീണ്ടും ദുബായിലേക്ക് തന്നെ തിരിച്ചുപോയി പിന്നീട് ഒരു ഫോൺ കോളോ കാത്ത് ഒന്നുമില്ലാതെ കുറേക്കാലം അങ്ങനെ…

അയാൾ എന്നൊരാൾ ജീവിതത്തിൽ ഉണ്ട് എന്ന് തന്നെ ഒരു തോന്നൽ ഇല്ലാത്ത പോലെ.,

അല്ലെങ്കിലും ഉണ്ടായിരുന്ന സമയത്ത് അയാൾ എന്നോട് ഒരു അറ്റാച്ച്മെന്റും കാണിച്ചിരുന്നില്ല അയാൾക്ക് അയാളുടെ കാര്യങ്ങൾ മാത്രം…

എന്തോ കടമ തീർക്കാൻ എന്നപോലെ ബെഡ്റൂമിലും…

കൂടെയുള്ള നേരമൊന്നും എന്നോട് സംസാരിക്കാൻ മിനക്കെടാറില്ല എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും ചെയ്തു കൊണ്ട് നിൽക്കുന്നുണ്ടാകും ഞങ്ങൾ ശരിക്കും പറഞ്ഞാൽ പരസ്പരം മനസ്സുതുറന്ന് ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല…

ഓരോരുത്തരും സ്വന്തം ഭർത്താക്കൻമാരെ പറ്റി വല്ലാതെ സ്നേഹത്തോടെ പറയുന്നത് കേൾക്കുമ്പോൾ അത്ഭുതമായിരുന്നു ഇവർക്കെല്ലാം എങ്ങനെയാണ് ഭർത്താക്കന്മാരെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് എന്ന്….

എന്നെ സംബന്ധിച്ചിടത്തോളംഭർത്താവ് എന്നത് നമ്മളോട് യാതൊരുവിധ താൽപര്യവും കൂടാതെ അകൽച്ച കാണിക്കുന്ന ഒരാളാണ്…
നമ്മളെ ഒന്ന് ശ്രദ്ധയോടെ നോക്കുക പോലും ചെയ്യാത്ത തീർത്തും ഒരു അപരിചിതൻ…

പക്ഷേ അങ്ങനെയല്ല അതെനിക്ക് മാത്രമാണ് എന്ന് എന്റേ കൺമുന്നിലെ പല ജീവിതങ്ങളും മനസ്സിലാക്കി തന്നിരുന്നു…

അതുകൊണ്ടുതന്നെ ആദ്യം തമ്മിൽ അറിയാത്തതുകൊണ്ട് ആവാം ഇനി ശരിയാകും എന്ന പ്രതീക്ഷയിൽ വീണ്ടും കാത്തിരുന്നു അങ്ങനെയാണ് രണ്ടുവർഷം കഴിഞ്ഞ് അയാൾ വീണ്ടും തിരികെയെത്തിയത് ഇത്തവണയും വലിയ മാറ്റമൊന്നും കണ്ടില്ല….

ഇത്തവണ എന്റെ ക്ഷമ എല്ലാം നശിച്ചിരുന്നു അതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ തുറന്നു തന്നെ ചോദിച്ചു നിങ്ങൾക്ക് ഇഷ്ടമായിട്ടല്ലേ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്???

അയാൾ ഒന്നും പറയാതെ അവിടെ നിന്നും എണീറ്റ് പോയി പിന്നെ കണ്ടത് കുടിച്ചു വരുന്ന ആളിനെ ആണ്…

അന്ന് രാത്രി അയാൾ എന്നോട് മനസ്സ് തുറന്നു അയാളുടെ പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നത്രെ അയാൾക്ക് നാട്ടിൽ പ്രിയപ്പെട്ട ഭാര്യയും…

അവൾക്ക് വേണ്ടി മാത്രമായിരുന്നു അയാളുടെ ജീവിതം അയാൾക്ക് ദുബായിലേക്ക് പോന്നപ്പോൾ അവൾ മറ്റാരുടെയോ കൂടെ ഇറങ്ങി പോയി…

ജീവിതത്തിൽ ലൈംഗിക ബന്ധത്തിന് വല്ലാത്ത പ്രാധാന്യമുണ്ടെന്ന് അത് കിട്ടാതായാൽ സ്ത്രീകൾ മറ്റുള്ളവരെ തേടി പോകും എന്നൊക്കെയായിരുന്നു അയാളുടെ ധാരണ..

അയാളുടെ കൂട്ടുകാരൻ അയാൾ പറഞ്ഞ് ധരിപ്പിച്ചിരുന്നത്…

പതിനെട്ടാമത്തെ വയസ്സിൽ കടൽകടന്ന അയാൾക്ക് കുടുംബ ബന്ധങ്ങളെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു അറിയാവുന്നത് കൂട്ടുകാർ പറയുന്ന ഇത്തരം കാര്യങ്ങളും മറ്റും ആയിരുന്നു.. അതുകൊണ്ട് തന്നെ അയാളുടെ മനസ്സിൽ അവയെല്ലാം വല്ലാതെ വേരുറച്ചു…

എന്നെ സ്നേഹിച്ചിട്ട് ഞാൻ മറ്റാരുടെയെങ്കിലും കൂടെ പോയാൽ അയാൾക്ക് അത് സഹിക്കാൻ പറ്റില്ല എന്ന് കരുതി ഉള്ള മുൻകരുതൽ ആയിരിക്കണം എന്നോടുള്ള ഈ അവഗണന…

എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് വലിയ രൂപം ഒന്നും ഉണ്ടായിരുന്നില്ല.. എനിക്ക് വേണമെങ്കിൽ എളുപ്പത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കഴിയും… പക്ഷേ അപ്പോഴും അതിനു തോന്നിയില്ല എല്ലാം ശരിയാവും എന്ന് തന്നെ മനസ്സു പറഞ്ഞു…

ആരോടും തുറന്നു പറയാനും തോന്നിയില്ല എന്റെ ഒരു കൂട്ടുകാരിയോട് ഒഴികെ…. അവളാണ് നിർദ്ദേശിച്ചത് ചേട്ടനെയും കൊണ്ട് ഒരു സൈക്യാട്രിസ്റ്റ്ന്റെ അടുത്തേക്ക് പോകാൻ…

പക്ഷേ അത് എങ്ങനെ അയാളോട് പറയും എന്നുള്ള കാര്യത്തിൽ വീണ്ടും എനിക്ക് ആശങ്കകൾ വന്നു..

ഏത് രീതിയിൽ എടുക്കും എന്ന് അറിയാൻ ആവില്ലല്ലോ പക്ഷെ രണ്ടും കൽപ്പിച്ച് പറഞ്ഞു നോക്കി… അത്ഭുതം തോന്നി കാരണം അയാൾ തയ്യാറായിരുന്നു..

നിരന്തരമുള്ള ഡോക്ടറുടെ കൗൺസലിങ് കൊണ്ട് കുറെയൊക്കെ ചേട്ടന്റെ സ്വഭാവം മാറ്റിയെടുക്കാൻ കഴിഞ്ഞു..

പക്ഷേ എല്ലാത്തിനും പരിമിതികൾ ഉണ്ടല്ലോ അതുകൊണ്ടുതന്നെ ഏട്ടൻ കേൾക്കാതെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു കഴിവതും അയാളെ ദുബായിലേക്ക് ഇനി പറഞ്ഞു അയക്കാതിരിക്കുക അതാണ് നിങ്ങളുടെ ജീവിതത്തിൽ നല്ലത് എന്ന്…

അവിടെ പോയാൽ എത്രയായാലും സംശയരോഗം അയാളിൽനിന്ന് വിട്ടുമാറില്ല എന്ന്

നന്നായി ഫർണിച്ചറുകൾ ഉണ്ടാക്കാൻ കഴിയുന്ന ആളായതുകൊണ്ട് ഇനി എന്തിനാണ് തിരികെ പോകുന്നത് എന്ന് ഞാൻ ചോദിച്ചു.

നാട്ടിൽ കിട്ടുന്ന പണം മതിയല്ലോ ജീവിക്കാൻ എന്ന് കൂടി പറഞ്ഞപ്പോൾ, ആ തീരുമാനത്തിൽ ഉറച്ചു നിന്നു ചേട്ടൻ..

ഇന്ന് നാട്ടിൽ അത്യാവശ്യം നല്ലൊരു ഫർണിച്ചർ കടയുടെ ഉടമസ്ഥൻ ആണ് അദ്ദേഹം കൂടാതെ രണ്ടു മക്കളുമായി നല്ലൊരു കുടുംബജീവിതം നയിക്കുകയാണ് ഞങ്ങൾ…

ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകും, അതെല്ലാം തരണം ചെയ്ത് മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ജീവിതം മനോഹരമാക്കുന്നത്…

എന്തെങ്കിലും മനസ്സിൽ രൂപപ്പെട്ടിട്ടുള്ള ചെറിയ ചില തെറ്റിദ്ധാരണകളുടെ പേരിൽ എത്രയോ ജീവിതങ്ങൾ രണ്ടുവഴിക്ക് പോകുന്നത് കണ്ടിട്ടുണ്ട്..

ഒരുപക്ഷേ ഒന്ന് ചിന്തിച്ച് യഥാർത്ഥ വിധം അതിനെ പരിഗണിച്ചാൽ, ഒത്തിരി ശിഥിലമായ ബന്ധങ്ങൾ നമുക്ക് കാണേണ്ടി വരില്ലായിരുന്നു….