എല്ലാം സഹിക്കണം അത് നിന്റെ കടമയാണ് അവൻ നിന്റെ ഭർത്താവാണ് എന്നെല്ലാം പറഞ്ഞു അവർ അങ്ങോട്ട് തന്നെ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

“”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്….

രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു..

സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി…

എങ്കിലും രേഖയും ഹരീഷും ഉള്ളിൽ പരസ്പരം കൊണ്ടുനടന്നിരുന്നു….

അവർ നിറമുള്ള തങ്ങളുടെ ഭാവി മെനഞ്ഞു…
ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളെ പറ്റി വരെ സ്വപ്നം കണ്ടു…

“””””അനന്തു”””” എന്ന് ആദ്യത്തെ കൺമണിക്ക് ഇടാൻ വരെ പേര് കണ്ടുപിടിച്ചു….
പലവട്ടം ഇരുകൂട്ടരും ഇത് നടക്കില്ല എന്ന് പറഞ്ഞ് വിലക്കിയിട്ടും പോലും…

രേഖയ്ക്ക് കല്യാണാലോചനകൾ വരാൻ തുടങ്ങിയപ്പോഴാണ് ഹരീഷ് അവളെയും കൂട്ടി നാട് വിടാൻ തീരുമാനിച്ചത്…

രാത്രി വരാം ആരും കാണാതെ ഇറങ്ങി വരണം എന്ന് എല്ലാം ചട്ടംകെട്ടി .. പൂർണ്ണ സമ്മതത്തോടെ രേഖ ഇറങ്ങി വരാമെന്നു പറഞ്ഞു.. ഹരീഷ് ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു..

എങ്ങനെയോ അവരുടെ പദ്ധതി പാളി.. രാത്രി അവൾ ഇറങ്ങി വന്നപ്പോൾ അവളുടെ വീട്ടിലേഎല്ലാവരും അറിഞ്ഞു..

അച്ഛനും ആങ്ങളമാരും കൂടി ഉപദ്രവിച്ച് ഹരീഷിന് ജീവൻ മാത്രം ബാക്കി വെച്ചു.. ഉപദ്രവിക്കരുത് എന്നു പറഞ്ഞ് കരഞ്ഞ രേഖക്കും കണക്കിന് കിട്ടിയിരുന്നു….

പിന്നീട് അവളെ വീട്ടുതടങ്കലിലാക്കി അച്ഛന്റെ ആഗ്രഹപ്രകാരം ഏതോ ഒരാൾക്ക് കല്യാണം കഴിച്ചു കൊടുത്തു..

സമ്മതിച്ചില്ലെങ്കിൽ ഹരിഷിന്റെ ബാക്കിവെച്ച ജീവൻ കൂടി അവരെടുക്കും എന്നതായിരുന്നു ഭീഷണി… അവനുവേണ്ടി അവൾ കല്യാണത്തിന് സമ്മതിച്ചു….

ഒരു പോലീസ് കോൺസ്റ്റബിൾ ആയിരുന്നു അവളെ വിവാഹം കഴിച്ചത്…

“””രാജേന്ദ്രൻ “”” വെറുമൊരു മുരടൻ..

സ്നേഹിച്ചു സ്നേഹിക്കപ്പെട്ട ശീലമില്ലാത്ത ഒരു അയാൾക്ക് അവൾ ഒരു അടിമ മാത്രമായിരുന്നു…

അയാൾക്ക് വെച്ചു വിളമ്പുന്ന അയാളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന വെറും ഒരു അടിമ… ഇതിനിടയിൽ ആരോ ഹരീഷിന്റെ കാര്യം അയാളുടെ ചെവിയിൽ എത്തിച്ചു…

അതുകൂടി അറിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മൃഗത്തേക്കാൾ കഷ്ടമായിരുന്നു…

ഉപദ്രവം സഹിക്കാതെ ആകുമ്പോൾ അവൾ പലതവണ വീട്ടിൽ വന്ന് പരാതി പറഞ്ഞതാണ്….
എല്ലാം സഹിക്കണം അത് നിന്റെ കടമയാണ് അവൻ നിന്റെ ഭർത്താവാണ് എന്നെല്ലാം പറഞ്ഞു അവർ അങ്ങോട്ട് തന്നെ വിട്ടു….

എവിടെയും ആശ്രയമില്ല എന്ന് അവൾക്ക് ബോധ്യമായി…

ഒരിക്കൽ അമ്പലത്തിൽ വച്ച് ഹരീഷിനെ കണ്ടപ്പോൾ, അയാൾ എന്തോ ചോദിച്ചതിന് രേഖ മറുപടി പറഞ്ഞു…. അത് കണ്ട് വന്ന രാജേന്ദ്രൻ അവളെ പരസ്യമായി ഉപദ്രവിച്ചു….

ആൾക്കാരുടെ മുന്നിൽ വച്ച്…. ഹരീഷിന്റെ മുന്നിൽ വെച്ച്…. അത് ഹരീഷിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…അയാൾ നാടുവിട്ടു….

കുറെനാൾ ബോംബെയിൽ അലഞ്ഞു തിരിഞ്ഞു നടന്നു… പിന്നീട് ഒരു ഹോട്ടലിൽ ജോലി കിട്ടി….. മലയാളിയായ ഹോട്ടലുടമ അവനോട് ദയതോന്നി അവിടെ ജോലി കൊടുത്തതായിരുന്നു…

ആ ഹോട്ടലുടമയുടെ വിശ്വസ്തനായി മാറാൻ ഹരീഷിന് അധികനാൾ ഒന്നും വേണ്ടിവന്നില്ല…

ജോലി കാരനിൽ നിന്നും ഹരീഷ് അയാളുടെ മകന്റെ സ്ഥാനത്തെത്തി. ഒടുവിൽ അയാളുടെ മകളെ വിവാഹം കഴിച്ചു കൊടുക്കുന്നതിൽ വരെ എത്തിപ്പെട്ടു ആ ബന്ധം…

കുഞ്ഞുങ്ങൾ ഇല്ല എന്ന കാര്യം ഒഴിച്ചാൽ സുഖകരമായിരുന്നു ആ ദാമ്പത്യം…

രത്ന “”””

അതായിരുന്നു ഹരീഷിന്റെ ഭാര്യയുടെ പേര്….

ഹരീഷ് എന്നാൽ അവൾക്ക് പ്രാണൻ ആയിരുന്നു…

ഹരീഷിന് രേഖയെ അത്ര പെട്ടെന്ന് മറക്കാൻ കഴിഞ്ഞില്ലെങ്കിലും…. രത്ന ആ മനസ്സിൽ ഇടംപിടിച്ചിരുന്നു….

കുഞ്ഞുങ്ങൾ ഇല്ലാത്ത ദുഃഖം രണ്ടുപേർക്കും ഉണ്ടായിരുന്നു ഒരിക്കൽ ഡോക്ടറെ കാണിച്ചപ്പോൾ രത്നക്ക് എന്തൊക്കെയോ കുഴപ്പമുണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു….

ഒരു കുഞ്ഞു ഉണ്ടാവുന്നത് ഇത്തിരി പ്രയാസമാണ് എന്നതും..

അത് അവളെ ആകെ തളർത്തിയിരുന്നു…

താൻ പേടിക്കേണ്ട നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന് പറഞ്ഞപ്പോൾ..
അവൾ പൊട്ടിത്തെറിച്ചു… സ്വന്തം കുഞ്ഞ് അല്ലാതെ മറ്റൊരു കുഞ്ഞിനെപ്പറ്റി അവൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല….

പിന്നീട് ഞാനും അതിനെപ്പറ്റി ഒന്നും പറഞ്ഞു അവളെ ബുദ്ധിമുട്ടിച്ചില്ല.. നാട്ടിൽ പോകുന്നത് നന്നേ വിരളമായിരുന്നു…. പോയാലും രേഖയുടെ കാര്യം മനപ്പൂർവ്വം അന്വേഷിക്കാറില്ലായിരുന്നു….

കാരണം മനസ്സ് വിഷമിപ്പിക്കുന്ന എന്തെങ്കിലും മാത്രമേ അവിടെ നിന്നും അറിയാൻ ഉണ്ടാകൂ എന്ന് ഹരീഷിന് ഉറപ്പുണ്ടായിരുന്നു വെറുതെ അതോർത്ത് മനസ്സ് അസ്വസ്ഥമാകും…..

തനിക്ക് ഒന്നും അതിൽ ചെയ്യാനില്ല…. എന്നൊക്കെയുള്ള തിരിച്ചറിവ് കൊണ്ടാവാം മനപൂർവ്വം അവളെപ്പറ്റി അന്വേഷിക്കാത്തത്…

ഇതിനിടയിലെപ്പോഴോ രേഖയ്ക്ക് ഒരു ആൺകുഞ്ഞ് ഉണ്ടായെന്നു അമ്മ പറഞ്ഞു കേട്ടിരുന്നു…

അച്ഛന്റെ മരണശേഷം അമ്മയെ കൂടി ബോംബെയിലേക്ക് കൊണ്ട് വന്നതോടുകൂടി നാടുമായുള്ള ബന്ധം പൂർണ്ണമായും അറ്റു…
രേഖയുടെ മരണവിവരം ഏതോ ഒരു ബന്ധു വിളിച്ച് അറിയിച്ചതാണ്….

അയാളുടെ ഉപദ്രവം സഹിക്കാൻ വയ്യാഞ്ഞിട്ട് അവൾ സ്വയം തൂങ്ങിമരിച്ചത് ആണെന്നും അതല്ല അയാൾ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും രണ്ട് വർത്തമാനം ഉണ്ടത്രെ നാട്ടിൽ…..

പോകാൻ തോന്നിയില്ല…

തുളസിക്കതിർ മുടിയിൽ ചൂടി, കിലുങ്ങുന്ന പാദസരമിട്ട്… പട്ടു പാവാടയും ഇട്ടു,

“””ഹരിയേട്ടാ “””എന്ന് വിളിച്ച്, മറ്റാരോടെങ്കിലും മിണ്ടിയാൽ മുഖം വീർപ്പിക്കുന്ന.. ആ പഴയ പാവം പെണ്ണാണ് മനസ്സിൽ… അവളുടെ ചിത്രം അങ്ങനെ തന്നെ ഇരുന്നോട്ടെ… വെള്ള പുതച്ച്, അന്ത്യ യാത്രയ്ക്കായി കിടക്കുന്ന അവളെ കാണാൻ വയ്യ….

മനസ്സ് അസ്വസ്ഥമായിരുന്നു…

എങ്കിലും അതിനെപ്പറ്റി കൂടുതൽ ശ്രദ്ധിക്കാതിരുന്ന് നോക്കി… രേഖയെയും അവളുടെ ഓർമ്മകളെയും മനസ്സിന്റെ ഏതോ ഒരു കോണിൽ അടച്ചുപൂട്ടി..

അല്ലെങ്കിൽ എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് പൂർണ ബോധ്യമുണ്ടായിരുന്നു…..

അതുകഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് രത്നയെയും അമ്മയേയും കൂട്ടി നാട്ടിലേക്ക് പോയത്….

അപ്പോഴേക്ക് അമ്മാവന്റെ പത്തിയെല്ലാം താണിരുന്നു…

ഞാൻ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ആരുടെയോ അടുത്ത എന്നെ ഒന്ന് കാണണമെന്ന്…. ഒന്ന് വരാൻ കഴിയുമോ എന്ന്….. പറഞ്ഞയച്ചു…

അമ്മ കൂടി നിർബന്ധിച്ചപ്പോൾ അമ്മാവനെ കാണാൻ വേണ്ടി പോയി…

രത്നയെയും കൂട്ടി… അമ്മ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ നിർബന്ധിച്ചില്ല…. അവിടെ എത്തിയപ്പോൾ തന്നെ ആദ്യം കണ്ണു പോയത് പശുവിന് വൈക്കോൽ കൊടുക്കുന്ന ഒരു നാലുവയസ്സുകാരനിലേക്കാണ്…

രത്നയും അവനെ തന്നെ നോക്കുകയാണ് എന്ന് മനസിലായി…

പ്രതീക്ഷിച്ചതുപോലെ ചെയ്തുകൂട്ടിയതിനൊക്കെ മാപ്പ് പറയാനായിരുന്നു അമ്മാവൻ വിളിച്ചത്….

തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടു നിന്നു… വരുമ്പോൾ കണ്ടത് രേഖയുടെ കുഞ്ഞാണ് എന്ന തിരിച്ചറിവ് ഒരു വല്ലാത്ത ഷോക്ക് ആയിരുന്നു എനിക്ക്…

അവൻ അവിടെ അമ്മാവന്റെയും ഭാര്യയുടെയും ജോലിയൊക്കെ ചെയ്തു കഴിഞ്ഞുകൂടുകയാണത്രേ…. ഒരു നാലുവയസുകാരനേക്കാൾ ജോലി അവനെക്കൊണ്ട് ചെയ്യിപ്പിക്കുന്നു…

പോലീസുകാരൻ മറ്റൊരു വിവാഹം കഴിച്ചത്രെ… ഇവനെ ആർക്കും വേണ്ട..

കേട്ടപ്പോൾ നെഞ്ച് വിങ്ങുന്നത് പോലെ തോന്നി…. അവനെ അടുത്തേക്ക് വിളിച്ച് അവന്റെ പേര് ചോദിച്ചു…

“”””അനന്തു”””

അത് കേട്ടതും പൊട്ടി പോയിരുന്നു ഞാൻ… രേഖയുടെ അതേ ഛായ ആയിരുന്നു അവനും…

രത്നയെ ഒന്ന് നോക്കി ഞാൻ മെല്ലെ അവിടെ നിന്നും നടന്നു…. അവൾക്ക് ഇത് സങ്കടകരം ആകും എന്ന് അറിയാമായിരുന്നു അതുകൊണ്ടുതന്നെ എല്ലാം അവിടെ ഉപേക്ഷിച്ചു……

പക്ഷേ, അവളെന്നെ വിളിച്ചു….

“””””ഈ കുഞ്ഞിനെ ഇവിടെ ഇങ്ങനെ നിർത്തിയിട്ട് നിങ്ങൾക്ക് പോകാൻ കഴിയുമോ????? എന്ന് ചോദിച്ചു….

ഇന്ന് ഞങ്ങൾ ബോംബെയിലേക്ക് തിരിച്ചു പോവുകയാണ്.. അമ്മയും ഞാനും രത്നയും…. ഞങ്ങളുടെ നടുവിൽ അവൻ ഉണ്ട്…

ഞങ്ങളുടെ അനന്തു”””””

എനിക്കിപ്പോൾ ഉറപ്പാണ് എന്നേക്കാൾ നന്നായി രത്ന അവനെ സ്നേഹിക്കും എന്ന്… വിചാരിച്ചത് പലതും കിട്ടില്ല ജീവിതത്തിൽ അപ്പോഴും നമുക്ക് ചെയ്തു തീർക്കാൻ എന്തേലും ഒക്കെ ഉണ്ടാവും ഇത് പോലെ….

Leave a Reply

Your email address will not be published.