വിവാഹം കഴിഞ്ഞത് മുതൽ എന്റെ ശരീരത്തിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്നല്ലാതെ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

മകൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവത്രേ….??? അവൾ അയാളുടെ കൂടെ പോയെന്ന്….””””””

അത് കേട്ടതും രാജി വല്ലാണ്ടായി..

ഗൾഫിൽ വന്നിട്ട് ഇപ്പോ ഇത് പതിന്നാല് വർഷം.

ഇത്രയും കാലം സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല… അ റബിയുടെ വീട്ടിലെ അടിമ പണി ചെയ്തു മതിയായി…

ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള ശിക്ഷകൾ അതെല്ലാം സഹിച്ചു ഇവിടെ പിടിച്ച് നിന്നത് നാട്ടിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്…

മുമ്പ് ചന്ദ്രേട്ടൻ തന്നെ ആണ് വിളിച്ചു പറഞ്ഞത് അവൾക്ക് ഒരു പ്രണയം ഉണ്ട് എന്നും…

അതിനായി അവൾ വാശി പിടിക്കുന്നുണ്ട് എന്നും.. അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കരുതെന്ന് താൻ തന്നെയാണ് അന്ന് പറഞ്ഞത്….

അപ്പോഴാണ് അവൾ ഈ പണി ചെയ്തത്.. കേട്ടതും കയ്യിനും കാലിനും ഒരു തളർച്ച..

പണി എടുത്ത് നടു ഒന്നു ചായ്ക്കാൻ മുറിയിൽ എത്തിയതാ അപ്പഴാണ് ചന്ദ്രേട്ടൻ വിളിക്കുന്നത്…

സംഗതി സീരിയസ് ആണെന്ന് ചന്ദ്രേട്ടന്റെ സ്വരത്തിൽ നിന്നും മനസ്സിലായി… നിർബന്ധിച്ച് ചോദിച്ചപ്പോൾ മാത്രമാണ് അവൾ ഇറങ്ങി പോയ കാര്യം ചന്ദ്രേട്ടൻ പറഞ്ഞത്…. അപ്പൊ തുടങ്ങിയതാണ് ഈ ഉരുകല്..

കട്ടിലിലേക്ക് ചാഞ്ഞതും ഓർമ്മകൾ കൂട്ടിനു ഓടി എത്തി… സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ചന്ദ്രേട്ടനും ആയുള്ള പ്രണയം..

ജീവനായിരുന്നു പരസ്പരം..

തെങ്ങു കയറ്റക്കാരനെ ഇഷ്ടമായതിൽ ഒരു കുറച്ചിലും സ്വയം തോന്നിയില്ല..

പക്ഷെ വീട്ടുകാർക്ക് അതങ്ങനെ അല്ലായിരുന്നു… അതുകൊണ്ടാണല്ലോ പ്രണയം അറിഞ്ഞതും സ്വന്തം ഇഷ്ടം പോലും നോക്കാതെ ഏതോ ഒരാൾക്ക് പിടിച്ച് കൊടുത്തത്…

പേർഷ്യക്കാരനെ ബന്ധു ആയി കിട്ടിയപ്പോൾ എല്ലാരും എല്ലാം തികഞ്ഞു എന്ന് കരുതി..

അന്ന് ദുബായ്ക്കാർക്ക് വലിയ വില ആയിരുന്നു നാട്ടിൽ..

വിവാഹം കഴിഞ്ഞതും അയാൾ തിരികെ പോയി.. മാസം അയാളുടെ അമ്മക്ക് എന്തേലും അയച്ചു കൊടുക്കും.. അവർ അത് അവരുടെ ഇഷ്ടത്തിന് ചെലവാക്കും..

എനിക്ക് ആവശ്യങ്ങൾ ഉണ്ടെന്നോ, എന്താണെന്നോ ഒന്നും അവർക്കൊന്നും ഒരു വിഷയമേ ആയിരുന്നില്ല…

ബന്ധം പിരിഞ്ഞു വന്ന അയാളുടെ സഹോദരിക്കും, അനിയന്മാർക്കും അമ്മയ്ക്കും കൂലി ഇല്ലാതെ സേവനം ചെയ്യുന്ന ഒരാളായി മാറിയിരുന്നു ഞാൻ..

എനിക്കും പ്രത്യേകിച്ച് അയാളോട് ഒരു അടുപ്പവും ഇല്ലായിരുന്നു… കാരണം സ്നേഹത്തോടെ ഒന്ന് പെരുമാറിയിരുന്നത് കൂടിയില്ല…

വിവാഹം കഴിഞ്ഞത് മുതൽ എന്റെ ശരീരത്തിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്നല്ലാതെ മനസ്സുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരിക്കലും ആരും തരുന്നില്ല…

അതിനാൽ അയാൾ അവസരം പോലും തന്നിരുന്നില്ല.. ഒന്ന് സംസാരിക്കാനോ ഒന്ന് ചേർത്ത് പിടിക്കാനോ അയാൾ തയ്യാറായില്ല..

ചന്ദ്രേട്ടൻ മനസ്സിൽ ഉള്ളത് കൊണ്ട് ഞാനും അതിന് ശ്രമിച്ചില്ല എന്നതാവും സത്യം… എങ്കിലും വിവാഹശേഷം നൂറുശതമാനം അയാളോട് നീതി പുലർത്തിയിരുന്നു..

അതുകൊണ്ടുതന്നെ അയാൾ കത്ത് എഴുതാത്തതോ അല്ലെങ്കിൽ എന്നെപ്പറ്റി തിരക്കാത്തതോ എന്നിൽ യാതൊരുവിധ സങ്കടവും ഉണ്ടാക്കിയിരുന്നില്ല…

രണ്ടു വർഷത്തിനു ശേഷം അയാൾ വന്നു… പിന്നെ തിരിച്ചു പോണില്ല എന്നു പറഞ്ഞ്… നാട്ടിൽ തന്നെ എന്തെങ്കിലും ജോലി നോക്കുകയാണത്രെ..

എനിക്ക് അതിലൊന്നും പ്രത്യേകിച്ച് അഭിപ്രായമോ ഒന്നുമുണ്ടായിരുന്നില്ല കാരണം എന്നോടൊന്നും പറയാറില്ലായിരുന്നു..

നാട്ടിലെ ജീവിതം വളരെ ദുസ്സഹമായിരുന്നു അയാൾ ഒരു മുഴുക്കുടിയനായി തീർന്നു..

ഇതിനിടയ്ക്ക് എപ്പോഴോ ഞാൻ ഗർഭിണിയായി… അയാൾ കുടിച്ച് അപ്പോഴേക്കും ഒരു രോഗിയായി തീർന്നു…

എന്റെ അമ്മുവിനെ ഞാൻ പ്രസവിച്ച് രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും അയാൾ ഞങ്ങളെ വിട്ടു പോയിരുന്നു….

അവളെയും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോയി..

അവിടെ അപ്പോഴേക്കും ആങ്ങളമാരുടെ വിവാഹം കഴിഞ്ഞിരുന്നു…. കുത്തു വാക്ക് കേട്ട് മതിയായി…

അപ്പോഴാണ് എനിക്കായി ഇപ്പോഴും കാത്തിരിക്കുന്ന ചന്ദ്രേട്ടനെ പറ്റി കേട്ടത്..
ഒരിക്കൽ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ ഒരുപാട് നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിക്കാൻ..

ഒന്നും മിണ്ടാതെ പോകുന്ന ആ മനുഷ്യൻ വേറൊരുത്തിയെ ജീവിതത്തിലേക്ക് കൂട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു….

അതുകൊണ്ടുതന്നെ എന്നോ ഒരു ദിവസം വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഇറങ്ങി പോയി… അല്ലെങ്കിലും ഇത്തിരി സ്നേഹം പോലും തരാത്ത ഒരാളുടെ ഓർമ്മകളുമായി എത്രകാലം എനിക്ക് പിടിച്ചു നിൽക്കാൻ ആകും…

പിന്നീടങ്ങോട്ട് സന്തോഷത്തിന് നാളുകൾ ആയിരുന്നു….വീണ്ടും ഞങ്ങക്ക് ഒരു പെൺകുഞ്ഞിനെ തന്നു ദൈവം..

പക്ഷേ ചന്ദ്രേട്ടന് കുഞ്ഞുങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഉണ്ടായിരുന്നില്ല… ഒരുപക്ഷേ സ്വന്തം കുഞ്ഞിനെക്കാൾ കൂടുതൽ അമ്മുവിനെ സ്നേഹിച്ചു ചന്ദ്രേട്ടൻ…

ജീവിതം അങ്ങനെ സന്തോഷകരമായി മുന്നോട്ടു നീങ്ങി പക്ഷേ…..

വിധി അവിടെയും ഞങ്ങളെ തോൽപ്പിച്ചു ഒരു തെങ്ങിൻ മുകളിൽ നിന്നും വീണു അദ്ദേഹത്തിന് നട്ടെല്ലിന് കാര്യമായ പരിക്ക് പറ്റി…

കുറേ ചികിത്സിച്ചു ഒരു വടികുത്തി എങ്ങനെയെങ്കിലും നടന്നു നീങ്ങാം എന്നായി….

പക്ഷേ ജോലിക്കൊന്നും പോകാൻ വയ്യ… അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഉണ്ടാക്കിയ കടങ്ങൾ ഞങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിന്നു…..

അങ്ങനെ ആണ് പ്രവാസിയുടെ കുപ്പായം എടുത്ത് അണിയേണ്ടി വന്നത്…

കുഞ്ഞുങ്ങളുടെയും ചന്ദ്രേട്ടനും കൂടെ നിൽക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല….
കടവും കടപ്പാടുകളും ഇങ്ങോട്ടേക്ക് എത്തിക്കുന്നതാണ്…

അങ്ങനെ ഒരു വിധം എല്ലാ കടവും തീർത്തു ജീവിക്കാമെന്ന് ആയപ്പോൾ നാട്ടിൽ പോണം എന്നും അമ്മുവിന്റെ വിവാഹം ആർഭാടമായി നടത്തണമെന്നും ഒക്കെ മോഹിച്ചു…

ചന്ദ്രേട്ടൻ അവളുടെ പ്രണയ ബന്ധത്തെപ്പറ്റി പറഞ്ഞപ്പോൾ ആദ്യം ദേഷ്യപ്പെട്ട് പറഞ്ഞു എങ്കിലും പിന്നീട് ചന്ദ്രൻ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചിരുന്നു….

നല്ല ബന്ധമാണെങ്കിൽ കുഞ്ഞിന് കൂടി ഇഷ്ടപ്പെടുന്ന കല്യാണം നടത്തുന്നതല്ലേ രാജി നല്ലത് എന്ന് ചന്ദ്രേട്ടൻ ചോദിച്ചിരുന്നു..

നാട്ടിലെത്തി കൂടുതൽ അന്വേഷിച്ച് അവർക്ക് ഇഷ്ടപ്പെട്ട ആളുടെ തന്നെ കയ്യിൽ അവളെ ഏൽപ്പിക്കാം എന്നുകൂടി കരുതിയതാണ്…

അതിനിടയിലാണ് അന്യനാട്ടിൽ കഷ്ടപ്പെടുന്ന അമ്മയുടെ മനസ്സ് പോലും ഓർക്കാതെ അവൾ ഈ പണി ചെയ്തത്….

ഓർത്തപ്പോൾ സങ്കടം തോന്നി ഇതൊക്കെ ആർക്ക് വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ടത് എന്ന് തോന്നിപ്പോയി…

ദേഷ്യത്തിൽ ഇനി എനിക്ക് അങ്ങനെ ഒരു മകൾ ഇല്ല എന്നൊക്കെ പറഞ്ഞെങ്കിലും അവൾക്കായി ഉരുകുന്ന മനസ്സ് ചന്ദ്രേട്ടൻ മാത്രം കണ്ടു..

എന്നെ പറഞ്ഞ് മനസ്സിലാക്കിയതും സമാധാനിപ്പിച്ചതും ചന്ദ്രേട്ടൻ ആയിരുന്നു…. അദ്ദേഹത്തിന്റെ ഇടപെടൽ എന്റെ മനസ്സിലെ ദുഃഖം ഒത്തിരി കുറച്ചു…

ഞാൻ ടെൻഷൻ വരുമ്പോൾ ഒക്കെയും ആ ശബ്ദം കേൾക്കാൻ വിളിച്ചു…

“”” താൻ പറ്റിയാൽ ഉടൻ തന്നെ ഇങ്ങോട്ട് വാടോ “””‘ എന്നുമാത്രം അദ്ദേഹം പറഞ്ഞു..

എങ്ങനെയെങ്കിലും ലീവിന് ശ്രമിച്ച് ഞാൻ നാട്ടിലെത്തി…

അവളോടുള്ള ദേഷ്യം ചന്ദ്രേട്ടൻ പറഞ്ഞു പറഞ്ഞ് എന്നിൽനിന്നും അകറ്റി…

അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് അവളെയും ഭർത്താവിനെയും വീട്ടിലേക്കു ക്ഷണിച്ചു..

അവർ വന്നു…

എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പ് ആയപ്പോൾ അവൾ സ്നേഹത്തോടെ ചന്ദ്രേട്ടനെ കെട്ടിപ്പിടിക്കുന്നത് കണ്ടു..

എന്തോ അപ്പോൾ അങ്ങോട്ട് പോകാൻ തോന്നിയില്ല…

അപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു…
ചോര നീരാക്കി നിങ്ങൾക്കായി അധ്വാനിച്ച ഒരു അമ്മയുടെ കണ്ണുനീരിന് ഒട്ടും വില കൊടുക്കാതെയാണ് മോൾ ഈ തീരുമാനം എടുത്തത് എന്ന്..

എന്നിട്ടും നിങ്ങളെ ശപിക്കാതെ അനുഗ്രഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് എന്റെ രാജിക്ക് മാത്രമേ കഴിയൂ എന്ന്….

അപ്പോൾ എന്റെ രണ്ട് മിഴികളും നിറഞ്ഞൊഴുകിയിരുന്നു… എന്നെ അത്രമാത്രം മനസ്സിലാക്കിയ എന്റെ ചന്ദ്രേട്ടനെ ഓർത്ത്….

ആ മനസ്സു മതിയായിരുന്നു… ആ സ്നേഹം മതിയായിരുന്നു…. ഏത് പ്രതിസന്ധിയിലും എനിക്ക് പിടിച്ചുനിൽക്കാൻ കരുത്തായി…..

Leave a Reply

Your email address will not be published. Required fields are marked *