പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് അങ്ങോട്ട് ചെന്ന് നോക്കിയത്, പ്ലാസ്റ്റിക്..

(രചന: ജ്യോതി കൃഷ്ണ കുമാർ)

ക രു മാടി.. അങ്ങനെ ആണ് അവനെ എല്ലാരും വിളിച്ചിരുന്നത്… കൃഷ്ണൻ എന്നോ മറ്റോ ആണ് അവന്റെ പേര്… അത് ആരും പക്ഷേ വിളിക്കാറില്ല എന്ന് മാത്രം…

വല്ല കടത്തിണ്ണയിലൊ ഒക്കെയായി എന്നും സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം അതായിരുന്നു അവന്റെ കൊട്ടാരവും വീടും എല്ലാം അവന് ആരൊക്കെയോ ഉണ്ട് പക്ഷേ അവരാരും അവനെ അടുപ്പിക്കാറില്ല എന്ന് മാത്രം….

അല്ലെങ്കിൽ മറ്റൊരുതരത്തിൽ പറഞ്ഞാൽ അവൻ ബന്ധുവാണ് എന്ന് പറയാൻ പോലും അവർക്ക് കുറച്ചിൽ ആയിരുന്നു…

അമ്പലത്തിൽ വിശേഷപ്പെട്ട ദിവസങ്ങളിൽ കുളിച്ചൊരുങ്ങി അവൻ നടക്കു മുന്നിൽ നിൽക്കുന്നത് കാണാം അവ്യക്തമായ അവന്റെതായ ഭാഷയിൽ എന്തൊക്കെയോ ദൈവത്തിനോട് വിളിച്ചു പറയുന്നതും…

ഒരുപക്ഷേ അവൻ പറയുന്നത് മറ്റാരെക്കാളും ആ മൂർത്തിക്ക് മനസ്സിലായിട്ടുണ്ടാവും,. എങ്കിലും അവനെ പരിഹസിച്ചു ചിരിക്കാൻ ഒത്തിരി പേരുണ്ടായിരുന്നു..

ചിലർ അവസരം മുതലാക്കി അവനെ കൊണ്ട് പണിയെടുപ്പിച്ച് തുച്ഛമായ പണം കൊടുത്ത് അവനെ പറ്റിക്കാറുണ്ട്…

അപ്പോഴും അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് ഒരു പുഞ്ചിരി ആയിരുന്നു…

അതിൽ അവൻ സമ്പന്നനായിരുന്നു…
വേർതിരിവില്ലാതെ എല്ലാവർക്കും അവനവന്റെ ആ പുഞ്ചിരി സമ്മാനിച്ചു..

ആരോടും ദേഷ്യമില്ല പകയില്ല എല്ലാവരും ഒരുപോലെ..

ചിലർ പാവം തോന്നി കനിഞ്ഞു നൽകുന്ന ഭക്ഷണം, മടി ഏതും കൂടാതെ അവൻ കഴിച്ചു.. അതിപ്പോൾ പഴയതാണെങ്കിൽ കൂടി..

രാവിലെ എണീക്കും എന്നിട്ട് അടുത്തുള്ള അപ്പേട്ടന്റെ ചായക്കടയിൽ പോയി നിൽക്കും…

അവിടെ അവനായി ഒരു ചായ എന്നും കാത്തിരിപ്പുണ്ടാകും ആ ചായക്കടക്കാരൻ അപ്പേട്ടന്റെ വലിയ മനസ്സ്…

അയാൾ അവനായി ഒരു ചായയും എന്തെങ്കിലും ചെറിയ പലഹാരവും എടുത്തു വച്ചിട്ടുണ്ടാകും അയാൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ അയാളെ കൊണ്ട് ആവുന്ന വിധം മറ്റൊരാൾക്ക് നന്മ അയാളും ചെയ്യുന്നു…

അത് കഴിഞ്ഞ് കരുമാടി ആളൊഴിഞ്ഞ പറമ്പിലെ കശുവണ്ടിയും പ്ലാസ്റ്റിക് കുപ്പികളും ശേഖരിക്കും…

അവർ കൊണ്ടുപോയി വിൽക്കും ന്യായമായ തുക കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ അവർ അവന്റെ കയ്യിൽ വെച്ച് കൊടുക്കും…

അതുകൊണ്ട് അവൻ വിശപ്പ് അടക്കം നാളെക്കായി ഒന്നും എടുത്തു വയ്ക്കാറില്ല…

എന്നോ ഒരു ദിവസം ഒരു പണക്കാരൻ വന്നിറങ്ങി… ക രു മാടി യെ കണ്ട് പാവം തോന്നി അയാൾ കുറച്ചു നോട്ടുകൾ അവന് നേരെ നീട്ടി..

യാതൊരു സങ്കോചവും കൂടാതെ തന്നെ അവന് പൈസ വാങ്ങി… ധൃതിയിൽ ഓടി അപ്പേട്ടന്റെ കയ്യിൽ വെച്ച് കൊടുത്തു…

അപ്പേട്ടൻ വാങ്ങാൻ കൂട്ടാക്കിയിരുന്നില്ല…

“”” നിനക്കു തരുന്ന കാലിച്ചായക്ക് ആണോ??? അതിന് ഇതൊന്നും വേണ്ട കുട്ട്യെ “”” എന്നു പറഞ്ഞ് മടക്കി വലിയവനായ ആ വൃദ്ധൻ …

പക്ഷേ ക രുമാടി യുടെ കണ്ണിൽ അവന് കിട്ടിയ നിധി കൾക്ക് എല്ലാം ഒരേ ഒരു അവകാശി ഒന്നിന്റെ പേരിലും അല്ലാതെ അവനു ചായ നൽകുന്ന അപ്പേട്ടൻ ആയിരുന്നു….

സമ്മതിക്കാതെ അവിടെ മേശമേൽ പണം വച്ചിട്ട് ഓടി പോകുന്നവനെ.. നോക്കിനിന്നു അപ്പേട്ടൻ ഒപ്പം തോളിൽ കിടക്കുന്ന തോർത്തുമുണ്ട് എടുത്ത് നിറഞ്ഞ മിഴി തുടച്ചു നീക്കി….

അന്നും പതിവ് പോലെ ആളൊഴിഞ്ഞ പറമ്പിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു ക രു മാടി…

പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് അങ്ങോട്ട് ചെന്ന് നോക്കിയത്..

പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ ഒരു കുഞ്ഞ്… പ്രസവിച്ചിട്ട് അധികനേരം ആയിട്ടില്ല എന്ന് തോന്നുന്നു..

അവൻ എങ്ങനെയൊക്കെയോ അതിനെ പൊക്കിയെടുത്തു.. നേരെ ആപ്പേട്ടന്റെ കടയിൽ കൊണ്ടു ചെന്നു കാണിച്ചുകൊടുത്തു…

“”” ഇത് എവിടുന്നാ ക രു മാടിയെ “”””

എന്ന് ചോദിച്ചു അപ്പേട്ടൻ

കൈകള് ഒഴിഞ്ഞ പറമ്പിലേക്ക് നീട്ടി അവൻ കാണിച്ചു കൊടുത്തു അവിടെ നിന്നാണെന്ന്..

അപ്പോഴേക്കും അപ്പൊ ഏട്ടന്റെ ഭാര്യ കൽക്കണ്ടം വെള്ളത്തിൽ ചാലിച്ച് ഒരു തുണിയിൽ മുക്കി ആ കുഞ്ഞിന്റെ വായിലേക്ക് ഇറ്റിച്ചു കൊടുത്തിരുന്നു…

ആ കുഞ്ഞ് അത് നുണഞ്ഞിറക്കുന്നത് നോക്കിനിന്നു കരുമാടി…. അവന് ആ കുഞ്ഞ് ഒരു അത്ഭുതമായിരുന്നു…. കുഞ്ഞു എന്നല്ല മറ്റാരും അവനുമായി അടുത്ത ഇതുവരെയും ഇടപഴകിയിട്ടില്ലായിരുന്നു….

അവർ പോലീസിൽ വിവരം അറിയിച്ചു..

അവർ കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയിലേക്ക് മാറ്റാൻ വേണ്ടി നിന്നു… പക്ഷെ എന്തുകൊണ്ടോ അതിന് കുറച്ചു താമസം നേരിട്ടു ഏതാണ്ട് രണ്ടു ദിവസത്തോളം അവിടെ നിർത്തേണ്ടിവന്നു കുഞ്ഞിനെ…

അപ്പോഴൊക്കെയും ക രു മാടി കുഞ്ഞിന്റെ അടുത്തുനിന്നും മാറാതെ നിന്നു… തന്റെ കൂടെ ആ കുഞ്ഞിനോട് എന്തോ ഒരുതരം വാത്സല്യം വന്നു നിറയുന്നത് കരുമാടി അറിഞ്ഞു..

ആളുകൾക്ക് സഹ ജീവികളോട് തോന്നുന്ന ഒരോ വികാരവും അയാൾക്ക് പുതിയതായിരുന്നു…

കണ്ണിമചിമ്മാതെ അയാൾ ആ കുഞ്ഞിന് കാവലിരുന്നു… ആ കുഞ്ഞ് കരയുമ്പോൾ ഒക്കെയും അയാൾ അസ്വസ്ഥനായി…

അപ്പോഴൊക്കെയും ഉറങ്ങുകയായിരുന്ന അപ്പേട്ടന്റെ ഭാര്യയെ ഉണർത്തി ആ കുഞ്ഞിന്റെ അടുത്തേക്ക് കൊണ്ടുവന്നു….

“”വേശന്നിട്ടാ… ഇതിനെ അയിന്റെ തള്ളേടെ പാല് തന്നെ വേണം കൊടുക്കാൻ… ന്നാലെ അയിന്റെ കുമ്പ നെറയൂ “””

എന്ന് ക രു മാടിയോട് ആയി അവർ പറഞ്ഞു… അത് കേട്ട് അവൻ അവരെ മിഴിച്ചുനോക്കി… എന്തൊക്കെയോ മനസ്സിലായി എന്നമട്ടിൽ..

“” അല്ല ആരോടാ ഞാൻ ഈ പറയണേ”””

എന്നു പറഞ്ഞ് അവർ ആ കുഞ്ഞിനായി തയ്യാറാക്കി വെച്ചിട്ടുള്ള പൊടി പാൽ അല്പാല്പമായി വായിലേക്ക് പകർന്നു..

അതും നോട്ടിന് ടച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുന്ന കുഞ്ഞിന്റെ കാലിൽ കരുമാടി മൃദുവായി തട്ടി കൊടുത്തു..

“”” ഹാ നിനക്ക് ഇതൊക്കെ അറിയോ “””

എന്ന് അപ്പേട്ടൻറെ ഭാര്യ അവനെ കളിയാക്കി…. ഒപ്പം അപ്പേട്ടനോടായി,

“”””കണ്ടോ ആ കുഞ്ഞിന്റെ അച്ഛനാ ന്നാ ചെക്കന്റെ ഭാവം “” എന്ന് പറഞ്ഞു…

അതുകേൾക്കെ കരുമാടിയുടെ മിഴികൾ വിടർന്നു..

“””അച്ഛൻ “”””

തന്റെ ഉള്ളിൽ തോന്നിയ വികാരത്തിന് ആ കേട്ട പേരുമായി എന്തോ സാമ്യം ഉണ്ടല്ലോ എന്നുള്ള ചിന്തയിലായിരുന്നു കരുമാടി….

അതെ അവനിലെ വാത്സല്യം ഒരു പിതാവിനെ എന്നത് പോലെ ആയിരുന്നു …

പിറ്റേദിവസം ശിശുക്ഷേമ സമിതിയിലെ ആളുകൾ കുഞ്ഞിനെ ഏറ്റെടുക്കാനായി വന്നു…

അകത്തു കിടത്തിയ കുഞ്ഞിനെ തിരികെ നൽകാൻ വേണ്ടി ചെന്ന അപ്പെട്ടന്റെ ഭാര്യ ഞെട്ടി .. കുഞ്ഞ് കിടന്നിരുന്ന ഇടം ശൂന്യമായിരുന്നു..

അവർ പേടിച്ച് നിലവിളിച്ചു.. ആളുകൾ കുഞ്ഞിനെയും തേടി പരക്കം പാഞ്ഞു.. അവിടെ ആളൊഴിഞ്ഞ പറമ്പിൽ കരുമാടി യുടെ കയ്യിൽ നിന്നും കുഞ്ഞിനെ കണ്ടെടുത്തു…

അവന്റെ ഉദ്ദേശശുദ്ധിയും മനസ്സിന്റെ നന്മയും ഒന്നും തിരിച്ചറിയാത്ത ചിലർ അവരുടെ കൈ തരിപ്പ് തീരുവോളം അവനെ മർദ്ദിച്ചു…

എല്ലാം ഏറ്റുവാങ്ങുമ്പോഴും ആ പാവത്തിന്റെ കണ്ണ് കുഞ്ഞിൽ തന്നെ തങ്ങിനിന്നു..

ആ കുഞ്ഞിനെ അവർ അവിടെ നിന്നും കൊണ്ടുപോകുന്നത് ഹൃദയം മുറിക്കുന്ന വേദനയോടെ അവൻ കണ്ടു…

ആർത്തു കരഞ്ഞു…
സംസാരിക്കാൻ ആവാത്തതിന് അന്ന് ആദ്യമായി അവനു വിഷമം തോന്നി…

ആ കുഞ്ഞിനെ എനിക്ക് നൽകൂ എന്ന് അവരോട് അവൻ അവന്റെ ഭാഷയിൽ കേണപേക്ഷിച്ചു…

വീണ്ടും മർദ്ദനം ആയിരുന്നു ലഭിച്ചത്…

തളർന്നു വീണത് അവരുടെ മർദ്ദനം കൊണ്ടായിരുന്നില്ല പകരം അവൻ ആദ്യമായി സ്നേഹിക്കാൻ തുടങ്ങിയ ഒരു ജീവനെ അവനിൽ നിന്നും അകറ്റിയപ്പോഴായിരുന്നു….

ഒരു തുള്ളി പച്ചവെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ അവൻ അതേപോലെ കിടന്നു….

അവന്റെ ഉള്ളിലെ വ്യഥ മനസ്സിലാക്കി എന്നവണ്ണം അപ്പേട്ടൻ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു…

പക്ഷേ ഒന്നിനും ആർക്കും അവന്റെ ഉള്ളിലെ വിഷമം കെടുത്തുവാൻ ആകില്ലായിരുന്നു…

സ്നേഹിക്കാൻ ആരും ഇല്ലാത്ത സ്നേഹിക്കപ്പെടാൻ ആരുമില്ലാത്ത…

അല്ലെങ്കിൽ സ്നേഹം എന്താണെന്ന് പോലും അറിയാത്ത ഒരുവന് ആദ്യമായി തോന്നിയ വല്ലാത്ത ആ സ്നേഹം നഷ്ടപ്പെടുമ്പോൾ ഉള്ള അവന്റെ അവസ്ഥ പറഞ്ഞ് അറിയിക്കുക അസാധ്യമായിരുന്നു..

അതും സ്വയം ഒതുങ്ങാനോ ഒതുക്കാനോ മനസ്സ് പാകപ്പെടാത്ത ഒരുവന്…

കുറച്ചുദിവസം അതേ കിടപ്പ് കിടന്നു….
പിന്നെ ഒരു വെളുപ്പിന് എല്ലാവരും കണ്ടത്.. ചലനമറ്റ് അവന്റെ തണുത്തുറഞ്ഞ ശരീരമാണ്..

അവനായി രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞത് അപ്പേട്ടന്റെ മിഴികളിൽ മാത്രമായിരുന്നു…

അവനിലെ നന്മയും അവന്റെ മനസ്സും ഇത്തിരിയെങ്കിലും മനസ്സിലാക്കിയ ആ മനുഷ്യന് അവന്റെ നഷ്ടത്തിൽ വലുപ്പം അറിയാമായിരുന്നു…

അതുവരെയും അവനെ കളിയാക്കിയ… ആട്ടിയോടിച്ച ആരൊക്കെയോ അപ്പോൾ അവന്റെ നന്മ പ്രസംഗിക്കുന്നത് കേട്ട് അപ്പോ ഏട്ടന്റെ മുഖത്ത് ഒരു പുച്ഛ ചിരി തിളങ്ങി..

അനാഥനെ പോലെ അവന്റെ സംസ്കാരം നടത്തുമ്പോൾ അങ്ങ് ദൂരെ തേവരുടെ മുന്നിലെ തെളിഞ്ഞു കത്തിയ ഒരു വിളക്ക് താനെ അണഞ്ഞിരുന്നു… പ്രിയപ്പെട്ട ഒരാളുടെ നഷ്ടം പോലെ…..

Leave a Reply

Your email address will not be published.