പലവട്ടം അമ്മയോട് ചോദിച്ചതാണ് എന്റെ അച്ഛൻ ആരാണ് എവിടെയാണ് എന്നൊക്കെ..

(രചന: J. K)

നാളെ ഫാദേർസ് ഡേ ആണല്ലോ??
എല്ലാവരും അച്ഛനെപ്പറ്റി ഒരു പുറത്തിൽ കവിയാതെ ഒരു സ്പീച്ച് എഴുതിക്കൊണ്ടു വരണം…

എന്ന് ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു….

അതിനിടയിൽ രണ്ട് മിഴികൾ നനഞ്ഞത് ആരും അറിഞ്ഞില്ല …

താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അച്ഛനെപ്പറ്റി എന്തെഴുതും എന്നോർത്ത് ആ കുഞ്ഞു മനസ്സ് നൊന്തു…

അലീഷ കേൾക്കുന്നുണ്ടല്ലോ അല്ലേ???

ടീച്ചർ തന്റെ പേരെടുത്ത പ്രത്യേകം പറഞ്ഞു…. പുതുതായി വന്ന ടീച്ചറാണ്..

എന്തോ ആകർഷണീയത തോന്നിയിരുന്നു ടീച്ചറിനെ കണ്ടപ്പോൾ അലിഷക്ക്…

പക്ഷേ ഹോംവർക്ക് ചെയ്യാതെ വരുന്ന അവളെ സ്ഥിരം ടീച്ചർ ശിക്ഷിച്ചു…
അത് വളരെ വലിയ സങ്കടം ഉണ്ടാക്കിയിരുന്നു അവളിൽ…

നാളെ വരുമ്പോൾ എഴുതിയില്ലേ പിന്നെ താൻ ഇങ്ങോട്ട് വരണ്ട… എന്ന് ടീച്ചർ അവളെ താക്കീത് ചെയ്തു…

അവളുടെ ചിന്തകൾ വീട്ടിലേക്ക് പോയി.. ജനിച്ചത് മുതൽ അമ്മ ആ വീട്ടിലെ വീട്ടുജോലിക്കാരി ആണ്…

എപ്പോഴും മാമിയുടെ കയ്യിൽ നിന്ന് ശകാരവും അടിയും കൊള്ളുന്നത് കാണാം.

തിരിച്ചൊന്നും പ്രതികരിക്കാതെ അമ്മ കരഞ്ഞുകൊണ്ട് അതെല്ലാം ഏറ്റുവാങ്ങും… ഏതോ തെറ്റിന്റെ ശിക്ഷ എന്നപോലെ..

അമ്മയുടെ ചേട്ടന്റെ വീടാണ് അത്..
മാമൻ ദുബായിലാണ്…
എപ്പോഴെങ്കിലും വരും.

വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് മുഴുവൻ മാമി ആണ്….

അനാവശ്യമായി മാമി എന്നെയും പിടിച്ചടിക്കും… അമ്മയോട് പറഞ്ഞപ്പോൾ സാരമില്ല പോട്ടെ എന്നു പറയും…

മാമിയുടെ ശകാരം എന്നും കേൾക്കണം..

അതിൽ എപ്പോഴും കടന്നു വരുന്ന ഒരു വാക്കാണ്, ചൂണ്ടിക്കാണിക്കാൻ ഒരു തന്ത പോലും ഇല്ലാത്തവൾ എന്ന്….

ആദ്യമൊന്നും അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല അമ്മയോട് പോയി ചോദിക്കുമായിരുന്നു എന്തിനാണ് മാമി ഇങ്ങനെ പറയുന്നതെന്ന്….

പിന്നീട് മറ്റുള്ളവർ എല്ലാം കൂടി കളിയാക്കിയും മറ്റും പറഞ്ഞു തന്നിരുന്നു ചെറുപ്പം മുതലേ എനിക്ക് അച്ഛൻ ഇല്ല എന്നത്….

പലവട്ടം അമ്മയോട് ചോദിച്ചതാണ് എന്റെ അച്ഛൻ ആരാണ് എവിടെയാണ് എന്നൊക്കെ അപ്പോഴൊക്കെയും കരച്ചിലായിരുന്നു മറുപടി. .

അമ്മയുടെ ഈ കരച്ചിൽ കണ്ട് വീണ്ടും അതിന് അവസരം വരുത്തേണ്ട എന്ന് കരുതിയാണ് ആ ചോദ്യം പിന്നീട് ചോദിക്കാതിരുന്നത്…

എങ്കിലും ഒരു അഞ്ചാം ക്ലാസുകാരിയുടെ യുക്തിക്ക് നിരക്കുന്നതിനേക്കാൾ അപ്പുറം മനസ്സിലാക്കി എടുത്തിട്ടുണ്ടായിരുന്നു….

ഇന്നും വീട്ടിൽ പോയി പറഞ്ഞു അച്ഛനെ പറ്റി ഒരു പുറം എഴുതാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട് എന്ന്…

അമ്മ കേൾക്കാത്ത ഭാവം നടിച്ചിട്ടുണ്ട് എങ്കിലും ആ ഉള്ള് പിടയുന്നത് ഞാനറിയുന്നുണ്ടായിരുന്നു….

വിഷമിപ്പിക്കേണ്ട എന്ന് കരുതി ഇനി ഒന്നും ചോദിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…..

അന്ന് രാത്രി ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ അരികിൽ വന്നിരുന്നു…

ഞാൻ ഉറങ്ങി എന്ന് കരുതി അമ്മ അരികിൽ വന്നു കിടന്നു…
എന്റെ മുടി മെല്ലെ തലോടി..

എന്നിട്ട് പതുക്കെ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു,

എന്താ കുഞ്ഞാ ഞാൻ നിന്നോട് അച്ഛനെ പറ്റി പറയേണ്ടത് എന്ന്???

അമ്മയുടെ ഏറ്റുപറച്ചിൽ നിന്ന് എനിക്ക് കാര്യം മനസ്സിലായിരുന്നു….

എന്റെ അച്ഛൻ എന്ന് പറയുന്ന ആൾ ഇനി വരില്ല എന്ന്… പിറ്റേദിവസം എഴുതാതെ ചെന്നതിന് ടീച്ചർ എന്നെ എണീപ്പിച്ചു നിർത്തി… ഇനി രക്ഷിതാവിനെ കൂട്ടി ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞു…

അന്ന് അമ്മയോട് നടന്നതെല്ലാം ചെന്നു പറഞ്ഞു…

പിറ്റേ ദിവസം സ്കൂളിലേക്ക് പോകുമ്പോൾ അമ്മയും കൂടെ വന്നു..
ടീച്ചറെ കാണാൻ…

അമ്മയെ കണ്ടപ്പോൾ ടീച്ചർ വല്ലാതെ ദേഷ്യപ്പെട്ടു… എല്ലാം ശാന്തതയോടെ കേട്ടുനിന്ന അമ്മ.. ഒടുവിൽ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…

എന്റെ കുഞ്ഞിനെ ഒന്നും പറയരുത് ടീച്ചർ… മറ്റാരും പറഞ്ഞതിനേക്കാൾ ടീച്ചർ പറഞ്ഞാൽ അവൾക്ക് വേദനിക്കും… കാരണം എന്റെ കുഞ്ഞിന് ടീച്ചറെ അത്രമേൽ ഇഷ്ടമാണ്…

എന്നിട്ടാണോ നിസാരമായി അച്ഛനെപ്പറ്റി എഴുതാൻ പറഞ്ഞിട്ട് പോലും എഴുതാതെ വന്നത് എന്ന് ടീച്ചർ തിരിച്ചു ചോദിച്ചു

ഇല്ലാത്ത…. അവൾ കണ്ടിട്ടില്ലാത്ത അച്ഛനെപ്പറ്റി അവൾ എന്തെഴുതും???
ചേട്ടന്റെ കൂടെ വീട്ടിൽ വന്നിരുന്ന ഒരു കൂട്ടുകാരൻ, ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു…

പിന്നീട് ആരും കാണാതെ പാത്തും പതുങ്ങിയും എത്തുമായിരുന്നു…
ഒരിക്കൽ ആളൊഴിഞ്ഞ അമ്പലനടയിൽ വെച്ച് ഒരു കറുത്ത ചരടിൽ താലി കോർത്ത് എന്റെ കഴുത്തിൽ ചാർത്തി തന്നിരുന്നു…

ഞങ്ങൾ മാത്രം അറിയെ ഞങ്ങൾ വിവാഹിതരായി…

എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായി… അദ്ദേഹം വീട്ടിൽ സമ്മതം മേടിച്ചിട്ട് വരാം എന്നാണ് പറഞ്ഞിരുന്നത്.. വന്ന് എന്നെ കൊണ്ടു പോകാം എന്നും…

പക്ഷേ അത് അദ്ദേഹത്തിന്റെ അവസാനത്തെ പോക്കാണെന്ന് അറിഞ്ഞിരുന്നില്ല.. ഒരു ചെറിയ ആക്സിഡന്റ് രൂപത്തിൽ അദ്ദേഹത്തെ വിധി എന്നിൽനിന്ന് തട്ടിയെടുത്തു….

അവകാശപ്പെടാൻ സ്വന്തം എന്ന് പറയാൻ എനിക്ക് തെളിവുകളൊന്നും ഇല്ലായിരുന്നു…

ഞങ്ങൾ തമ്മിലുള്ള പ്രണയവും ഞങ്ങളുടെ വിവാഹവും ഞങ്ങൾക്കിടയിൽ മാത്രം ഒതുങ്ങുന്ന രഹസ്യമായിരുന്നു…

സഹിക്കാൻ പറ്റാത്തതിലും അധികം വിഷമം ഞാൻ അന്ന് സഹിച്ചു…

പിന്നീടാണറിഞ്ഞത് അദ്ദേഹത്തിന്റെ കുഞ്ഞിനെ ഞാൻ ഗർഭം ധരിച്ച്ചിട്ടുണ്ട് എന്ന്….

അതിൽ മനംനൊന്ത് എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയി..

മനോവിഭ്രാന്തിയിൽ അമ്മയും..

ആകെയുണ്ടായിരുന്ന ഒരു ചേട്ടനും എനിക്ക് ശത്രുവായി… എങ്കിലും മൂന്നു നേരം ആഹാരം ദയവ് തോന്നി തന്നു… അവിടുത്തെ വീടുപണി എടുക്കുന്നതിന് കൂലി എന്നപോലെ…

ഞാനെന്റെ കുഞ്ഞിനെ പ്രസവിച്ചു…
ആളുകളുടെ കളിയാക്കലും കുത്തുവാക്കും ഒരു ഭാഗത്ത്..
ഒന്നും കണക്കിലെടുക്കാതെ ഞാൻ അവളെ വളർത്തി..

ഞാൻ ചെയ്ത തെറ്റിന്റെ ഫലം എന്റെ കുഞ്ഞു കൂടി അനുഭവിക്കേണ്ടിവരും എന്ന് അറിയില്ലായിരുന്നു..

ടീച്ചർ കൂടി അവളെ ഇനി ഒന്നും പറയരുത്… ആകെ തകർന്നുപോകും എന്റെ കുട്ടി എന്ന് പറയുമ്പോൾ അമ്മ വിതുമ്പി പോയിരുന്നു…. ടീച്ചർ എന്ത് വേണം എന്നറിയാതെ നിന്നു…

ഈ കുഞ്ഞു പ്രായത്തിനിടയിൽ അവൾ അനുഭവിച്ച മാനസിക വേദന ഏകദേശം ടീച്ചർക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു… പിന്നെ മെല്ലെ എന്റെ അരികിൽ വന്ന് എന്റെ കവിളിൽ തലോടി…

അമ്മ പറഞ്ഞതെല്ലാം മോൾക്ക് മനസ്സിലായോ എന്ന് എന്നോട് ചോദിച്ചു???

മുഴുവനായും ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി…

വളരെ കഷ്ടപ്പെട്ടാണ് മോളെ അമ്മ ഇത്രയും ആക്കിയത് എന്ന് മോൾക്ക് മനസ്സിലായല്ലോ?

ഈ അമ്മയ്ക്ക് വേണ്ടി മോള് നന്നായി പഠിക്കില്ലേ? വലിയൊരാൾ ആവില്ലേ എന്ന് ടീച്ചർ എന്നോട് ചോദിച്ചു …

ഞാൻ തലയാട്ടി സമ്മതിച്ചു…

ഈ ടീച്ചറും ഉണ്ടാവും മോളുടെ കൂടെ എല്ലാത്തിനും…
അമ്മയെപ്പോലെ…
എന്നു പറഞ്ഞു….

ആ വാക്കുകൾ ജീവിതത്തിലുടനീളം വല്ലാത്ത ഒരു പ്രചോദനമായിരുന്നു എനിക്ക്….

ഓരോ തവണ അപമാനിക്കപ്പെടുമ്പോഴും അതെല്ലാം മനസ്സിൽ കുറിച്ചുവച്ചു….

ഒരിക്കൽ എന്റെ പ്രവർത്തികൾ കൊണ്ട് അതിനു മറുപടി കൊടുക്കാൻ…
വാശിയോടെ പഠിച്ചു..

സിവിൽ സർവീസിനെ പറ്റി പറഞ്ഞതും അതിന് പ്രിപ്പയർ ചെയ്യാൻ സഹായിച്ചതും ടീച്ചറായിരുന്നു….

വാശിയോടെ പഠിച്ചത് കൊണ്ടാവാം എനിക്കത് നേടിയെടുക്കാൻ കഴിഞ്ഞത്…

ഇത്തവണയും അമ്മ കരഞ്ഞു പക്ഷേ അത് പണ്ടത്തെപ്പോലെ സങ്കടം വന്നിട്ട് ആയിരുന്നു അഭിമാനം കൊണ്ട് മനസ്സുനിറഞ്ഞ് ആയിരുന്നു…

ഒപ്പം എന്റെ ടീച്ചറമ്മ കൂടി ഉണ്ടായിരുന്നു…

രണ്ട് അമ്മമാരെയും ചേർത്ത് പിടിച്ച് ഈ കുട്ടി കലക്ടർ അങ്ങനെ നിൽക്കുമ്പോൾ പുച്ഛിച്ചു തള്ളിയ കണ്ണുകളിൽ എല്ലാം അസൂയ പടർന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *