വിവാഹത്തിന്റെ അന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന്..

(രചന: J.K)

എങ്ങനെ എങ്കിലും ഈ കുരുക്കിൽ നിന്നൊന്ന് രക്ഷ പെട്ടാൽ മതി.. ശ്രീജിത് ‌ വക്കീലിനോട് അങ്ങനെ പറയുമ്പോൾ അയാളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി…

അഡ്വക്കേറ്റ് ഹരി അയാളെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു..

“”ഒത്തുപോകാൻ കഴിയില്ല എന്ന് ഉറപ്പാണോ ശ്രീജിത്തേ??? അല്ല!!! ഒരു ചർച്ച കൊണ്ട് പരിഹാരം കണമെങ്കിൽ അതല്ലേ നല്ലത് “”””..

ആപറഞ്ഞത് ഒട്ടും ദഹിച്ചില്ല എന്ന് ശ്രീജിത്തിന്റെ മുഖം ഹരിക്ക് മനസിലാക്കി കൊടുത്തു…

“””””ചർച്ചകളൊക്കെ ഒത്തിരി കഴിഞ്ഞതാ വക്കീലേ…

പലരും വഴി….പല വിധത്തിൽ…. അതിലൊന്നും കാര്യമില്ല എന്ന് കണ്ടതുകൊണ്ടാണ് ഇങ്ങോട്ട് വന്നേ..””””

നിരാശയോടെ ശ്രീജിത്ത്‌ അത് പറഞ്ഞു…

“””ഓക്കേ.. ഇനി എന്താ ഉണ്ടായേ എന്ന് താൻ പറ… സത്യം മാത്രേ എന്നോട് പറയാവൂ…”””

“”അല്ലേലും എനിക്ക് നുണ പറയണ്ട കാര്യം ഇല്ല വക്കീലേ… കുറെ നാളായി ഇത് ആരോടേലും ഒന്നു പറയാൻ നടക്കുന്നു.. ആരേം കണ്ടപ്പോൾ പറയാൻ തോന്നീട്ടില്ല… പരിഹാസം കേൾക്കാൻ നമ്മൾ തന്നെ അവസരം ഉണ്ടാക്കും പോലെ ആവും.. വെറുതെ എന്തിനാ……”””

ഹരി അയാളെ ശ്രദ്ധിച്ചിരുന്നു…

പാവം, എന്തൊക്കെയോ ആ ഉള്ളിൽ കിടന്നു വേവുന്നുണ്ട് എന്ന്

“”” എല്ലാവരും കൂടി പോയി ഉറപ്പിച്ചതാണ് ഈ വിവാഹം… അമൃത അതാണ് അവളുടെ പേര്….
ആദ്യം ഞാനും പോയിരുന്നു…
പക്ഷേ അന്നൊന്നും എനിക്ക് ഒരു കുറവും അവളിൽ കാണാൻ കഴിഞ്ഞില്ല..

ഒരുപക്ഷേ അവളുടെ വീട്ടുകാർ അവളെ പറഞ്ഞു പഠിപ്പിച്ചത് ആവാം…. പിന്നീട് വീട്ടിൽ നിന്ന് ബാക്കിയെല്ലാവരും പോയി… എന്റെ പെങ്ങൾ അടക്കം.. എല്ലാവരും ഇത് നല്ലൊരു ബന്ധം ആണെന്ന് പറഞ്ഞു…

അങ്ങനെയാണ് ഈ വിവാഹം നടന്നത്..
വിവാഹത്തിന്റെ അന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന്…

ഒറ്റ മകൾ ആയതു കൊണ്ട് കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാവാം എന്ന് ഞാൻ വിചാരിച്ചു…. എല്ലാം മാറും എന്ന് വിചാരിച്ച് കാത്തിരുന്നു… ചിലപ്പോഴൊക്കെ അവൾക്ക് വലിയ ആലോചനയാണ്….

ചിലപ്പോ ആരോടെന്നില്ലാതെ വെറുതെ ഇരുന്നു ചിരിക്കുന്നത് കാണാം ചിലപ്പോൾ കരയുന്നതും..

ആളെ നോർമലല്ല എന്ന് മനസ്സിലാക്കി ഞാൻ അവളുടെ വീട്ടിൽ ചോദിച്ചു,

എന്താണ് അവൾക്ക് പ്രശ്നമെന്ന്..
അപ്പോഴാണ് അവർ പറഞ്ഞത് അവൾക്ക് മാനസികരോഗമാണ് എന്നും ഇതെല്ലാം പറഞ്ഞിട്ട് തന്നെയാണ് ഈ വിവാഹം നടന്നത് എന്നും….

അതെങ്ങനെ ശരിയാവും ഞാൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോൾ, എല്ലാം പെങ്ങളോടും അളിയനോടും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അവർ പറഞ്ഞത്….

അതുകേട്ടപ്പോൾ ഞാനാകെ തകർന്നുപോയി….

വീട്ടിൽ വന്ന് പെങ്ങളോടും അളിയനോടും ഇതിനെക്കുറിച്ച് ഞാൻ അന്വേഷിച്ചു….

എല്ലാം മറച്ചു വെച്ച് അവർ എന്നെ ചതിക്കുകയായിരുന്നു…

അവൾ ഒറ്റ മകൾ ആയതുകൊണ്ട് എന്നെ മെല്ലെ അങ്ങോട്ട് മാറ്റി എന്റെ വീട് തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം…

ഇതിലും ഭേദം എന്നെ അങ്ങ് കൊന്നു കൂടായിരുന്നോ എന്ന് ഞാൻ അവരോട് ചോദിച്ചു….””””

ആരൊക്കെയോ ചതിച്ച ശ്രീജിത്തിനെ കാണെ ഹരിക്ക് പാവം തോന്നി….

റിലാക്സ് എന്ന് പറഞ്ഞ് ഒരു ഗ്ലാസ് വെള്ളം എടുത്തു നീട്ടി ഹരി…..
ശ്രീജിത്ത് അതുമുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു…

ശ്രീജിത്ത് തുടർന്നു,

“”” എന്റെ പെങ്ങള് അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അല്ലേ അപ്പൊ പിന്നെ ഞാൻ അവളെ ഇട്ടിട്ട് പോകുന്നത് ശരിയല്ലെന്ന് തോന്നി….
അതാണ് അവളെ ചികിത്സിക്കാം എന്ന് കരുതിയത്….

എന്റെ കൂട്ടുകാരന്റെ പരിചയത്തിലുള്ള ഒരു സൈക്യാട്രിസ്റ്റിനെ ഞാൻ അവളെ കൊണ്ടുപോയി കാണിച്ചു…

വളരെ ചെറുപ്പം മുതലുള്ള മാനസികരോഗമാണ് അവൾക്ക് എന്നും.. ചികിത്സ കൊണ്ട് പൂർണ്ണമായി ഭേദമാകും എന്നും ആാാ ഡോക്ടർ എനിക്ക് ഉറപ്പ് തന്നിരുന്നു….

അത് കേട്ടപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി.. എന്റെ ജീവിതത്തിലെ നേരിയ ഒരു പ്രതീക്ഷ… അവളുടെ രോഗം മാറിയാൽ ഞങ്ങൾക്ക് പുതുതായി ഒരു ജീവിതം തുടങ്ങാമല്ലോ എന്ന് ഞാൻ കരുതി….

പക്ഷേ, അവളെ ഡോക്ടറെ കാണിച്ചത് അറിഞ്ഞ അവളുടെ വീട്ടുകാർ വല്ലാത്ത രീതിയിലാണ് എന്നോട് പെരുമാറിയത് ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ….

നിന്നോട് ആരാ എന്റെ മോളെ ഡോക്ടറെ കാണിക്കാൻ പറഞ്ഞത് അവൾ ഒരു ഭ്രാന്തിയായി എന്നും ഇവിടെ ചങ്ങലയിൽ കഴിയാൻ ആണോ നിന്റെ മോഹം എന്നൊക്കെ പറഞ്ഞ് അവർ എന്നെ ഒരുപാട് കുറ്റപ്പെടുത്തി….

ഒരു നല്ല കാര്യം ചെയ്ത ഞാൻ അവരുടെ എല്ലാം മുന്നിൽ കുറ്റക്കാരനായി….

തന്നെയുമല്ല അന്ന് ഡോക്ടറെ കാണിച്ചതിന്റെ എല്ലാ തെളിവും എന്തിന് ആ മരുന്ന് പോലും അയാൾ നശിപ്പിച്ചു..

എനിക്ക് വേണമെങ്കിൽ അവളെ ഉപേക്ഷിച്ച് എന്റെ കാര്യം നോക്കി പോകാമായിരുന്നു…
പക്ഷേ അതിന് നിൽക്കാതെ അവളെ ചികിത്സിച്ച് അവളോട് കൂടി തന്നെ ജീവിക്കണം എന്ന് കരുതിയ ഞാനൊരു മണ്ടൻ ആയി…

സ്വന്തം മകൾ ഭ്രാന്തി ആണ് എന്ന് അറിഞ്ഞാൽ അയാൾക്ക് കുറച്ചിൽ ആണത്രേ…

അതുകൊണ്ട് ചികിത്സയൊന്നും നടക്കില്ല എന്ന് അയാൾ എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു…..

സ്വന്തം മകളുടെ ജീവിതം നന്നായി കാണാൻ ആഗ്രഹം ഇല്ലാത്ത ഒരു അച്ഛൻ എനിക്ക് അയാളെ കുറിച്ച് ഓർത്ത് അത്ഭുതമായിരുന്നു….
ഇങ്ങനെയും ആളുകളോ എന്ന്….

ഇത്രയും താണുകേണു നിന്നിട്ടും എന്നെ മനസ്സിലാക്കാത്ത അവരുടെ കൂടെ ഇനി എനിക്ക് കഴിയണമെന്നില്ല….

അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്…. എനിക്ക് അവളെ പറ്റി ഓർത്ത് സങ്കടം ഉണ്ട്, കാരണം അയാൾ ഒന്നു മനസ്സുവെച്ചാൽ അവൾക്ക് നല്ലൊരു ജീവിതം കിട്ടും പക്ഷേ അയാളുടെ ഈഗോ അതിന് അനുവദിക്കുന്നില്ല…

ഇനി എന്തായാലും അത് എന്നെ സംബന്ധിക്കുന്ന കാര്യമല്ല ഞാൻ അതെല്ലാം മനസ്സിൽ നിന്ന് കളഞ്ഞു കഴിഞ്ഞു ഇനി എനിക്ക് വേണ്ടത് ഒരു ഡിവോഴ്സ് ആണ് വക്കീൽ അതെനിക്ക് എങ്ങനെയെങ്കിലും നേടി തരണം…

അവൾക്ക് ഭ്രാന്താ ആണെന്ന് കോടതിയിൽ വാദിച്ചാൽ വിവാഹം നിയമ സാധുത ഇല്ലാത്തതായി തീരില്ലേ ..”””

ശ്രീജിത്തിന്റെ മനസ്സിന്റെ നന്മ ഓർത്ത് ഇരിക്കുകയായിരുന്നു ഹരി അപ്പോൾ… ഇങ്ങനത്തെ ചെറുപ്പക്കാർ അധികം ഒന്നും കാണില്ല എന്ന് അയാൾ ഓർത്തു…

ശ്രീജിത്ത് ഒക്കെ ആണെന്ന് തോന്നിയപ്പോൾ ഹരി മെല്ലെ പറഞ്ഞുതുടങ്ങി….

“””” ശ്രീജിത്ത്, അയാളുടെ മകൾ എന്നതിലുപരി അമൃത ഇപ്പോൾ തന്റെ ഭാര്യയാണ്… അവൾക്ക് മാനസിക രോഗം ആണെന്ന് എവിടെയും തെളിയിക്കാൻ നമ്മുടെ കയ്യിൽ യാതൊരു എവിഡൻസും ഇല്ല…

അതുകൊണ്ടുതന്നെ ഈ വിവാഹം നിയമ സാധുത ഉള്ളതാണ്….

ഭാര്യയുടെ രോഗം മാറണമെന്ന് മോഹമുള്ള ഒരു ഭർത്താവിനെക്കാൾ ഉപരി താങ്കൾ ഒരു നല്ല ഹൃദയം ഉള്ള ചെറുപ്പക്കാരനാണ് ശ്രീജിത്ത്….
നിങ്ങൾ ഒന്നു മനസ്സുവെച്ചാൽ അവളെ നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെങ്കിൽ അത് നല്ലതല്ലേ…

ഇതുവരെ താങ്കൾ ശ്രമിച്ച പോലെയല്ല…
നമുക്ക് നിയമത്തിന്റെ സാധ്യതകളിലൂടെ മുന്നോട്ടുപോകാം… ഒരുതവണകൂടി ശ്രമിക്കുന്നതിൽ താങ്കൾക്ക് വിരോധമുണ്ടോ “”””

ഇതിനകം തന്നെ അയാൾ അമൃതയെ അറിയാതെ സ്നേഹിച്ചു പോയിരുന്നു…. അതുകൊണ്ടുതന്നെ വക്കീലിന്റെ വാക്കുകേട്ട് ഒരു തവണ കൂടി ശ്രമിക്കാം എന്ന് ശ്രീജിത്ത് ഉറപ്പുകൊടുത്തു….

അവർ അമൃതയെ ഡോക്ടറെ കാണിച്ചു ഹരിയുടെ സഹായത്തോടുകൂടി….

ക്രമേണ അവളിലെ രോഗം പൂർണമായും ഭേദമായി… നല്ലൊരു ഭാര്യയായി.. തന്നെ കുഞ്ഞിന്റെ പിറന്നാൾ ക്ഷണിക്കാൻ അവർ രണ്ടുപേരും ചേർന്ന് ഹരിയുടെ അടുത്തെത്തിയിരുന്നു….

അവരുടെ രണ്ടുപേരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ, ഹരിയുടെ മനസ്സും നിറഞ്ഞു…. എന്തായാലും കുഞ്ഞിന്റെ പിറന്നാളിന് വരാമെന്ന് ഹരി വാക്കു കൊടുത്തിരുന്നു അവർക്ക്….

ചില ചെറിയ തീരുമാനങ്ങൾക്ക്, ഒരുപാട് പൊട്ടി പോകേണ്ട ബന്ധങ്ങളെ കൂട്ടിചേർക്കാൻ ആവും… ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ ഏവർക്കും ആവട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *