ഞാൻ ഇല്ലാതായാലും നീ നമ്മുടെ കൊച്ചുങ്ങളെ നോക്കിക്കോണേ ടീ, എന്നു പറഞ്ഞപ്പോൾ..

(രചന: J. K)

റിസൾട്ട് വന്നതും ആകെ തളർന്നുപോയി സുബിൻ… രണ്ടു കിഡ്നിയെയും രോഗം ബാധിച്ചത്രേ…

ഇനിയൊരു ട്രാൻസ്പ്ലാന്റേഷൻ മാത്രമേ പോംവഴിയുള്ളൂ.. അതിന് ഒരു ഡോണറെ കണ്ടുപിടിക്കണം..

അയാൾക്ക് പണം നൽകണം പിന്നെ ഓപ്പറേഷൻ… ചികിത്സ…
കോടികണക്കിന് രൂപ തന്നെ വേണം…

ഇപ്പോഴും ചെത്തി തേപ്പ് പോലും കഴിയാത്ത വീടായിരുന്നു ഓടി മനസ്സിലേക്ക് എത്തിയത്….ഒപ്പം പറക്കമുറ്റാത്ത തന്റെ രണ്ടു കുഞ്ഞുങ്ങളും … ഒന്നുമറിയാത്ത തന്റെ അമ്മയും..

പറയാൻ എല്ലാവർക്കും ഉള്ളതുപോലെ ഒരു പ്രാരാബ്ദകണക്ക് മാത്രമേ സുബിനും ഉള്ളൂ….. പെങ്ങന്മാരുടെ വിവാഹം കഴിപ്പിച്ച് അയച്ചപ്പോൾ കടക്കാരൻ ആയി മാറി…

അതിനിടയിൽ ഒരു വിവാഹാലോചന വന്നപ്പോൾ സ്വന്തം വിവാഹവും നടത്തി..
അവളുടെ പണ്ടം വിറ്റ് കുറച്ചു കടം വീട്ടി…. പക്ഷേ അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല ബാധ്യതകൾ…

നാട്ടിൽ എത്രതന്നെ പണിയെടുത്തിട്ടും വീട് ചെലവ് മാത്രം മുന്നോട്ടു പോയി..
അങ്ങനെയാണ് കുറച്ചു വർഷത്തിനു മുമ്പ് ഗൾഫിലേക്ക് പോയത്…

നാട്ടിൽ നിന്ന് ആദ്യമായി ഗൾഫിലേക്ക് പോകുന്നവരുടെ പോലെ തെറ്റിദ്ധാരണ തന്നെയായിരുന്നു, അവിടുന്ന് കാശ് വരാമെന്ന് അത് കഴിഞ്ഞ് തിരിച്ചുവന്നു സുഖമായി ജീവിക്കാം എന്ന്….

പക്ഷേ അതെല്ലാം മലർപ്പൊടികാരന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നു എന്ന് മനസ്സിലായത് അവിടെ ചെന്നതിനു ശേഷം മാത്രമാണ്…

കൺസ്ട്രക്ഷൻ ഫീൽഡ് ആയിരുന്നു….

വെയിലത്ത് പണിയെടുത്ത് മതിയായി..
എന്നിട്ടും വീട്ടിൽ ഒന്നും അറിയിക്കാതെ പിടിച്ചുനിന്നു… കുബ്ബൂസും പച്ചവെള്ളവും കുടിച്ച് ദിനങ്ങൾ തള്ളിനീക്കി…
കടങ്ങൾ മെല്ലെ വീട്ടി തുടങ്ങി….

ഒപ്പം ഉള്ള കൂര പൊളിച്ച് ഒരു വാർപ്പ് വീട്..

മനസ്സിലെ വലിയൊരു മോഹമായിരുന്നു ചെറുതെങ്കിലും ചോരാത്ത ഒരു നല്ല വീട്ടിൽ താമസിക്കണം എന്ന്…

ഇവിടുന്ന് കിട്ടുന്നത് അരിഷ്ടിച്ച് നാട്ടിലേക്ക് അയച്ചുകൊടുക്കും..
ഒരു ഭാഗം അവൾ കടം വീടും മറുഭാഗം കൊണ്ട് വീട്ടുചെലവ്… മറ്റെല്ലാം നോക്കും..

അതിൽ നിന്നും അവൾ മിച്ചം വച്ച പൈസ കൊടുത്തു ചിട്ടി ചേർന്നിരുന്നു…
പിന്നെ അവളുടെ വീട്ടിലെ ഭാഗം കഴിഞ്ഞ് അവൾക്ക് കിട്ടിയ പണവും…

പറയാൻ മാത്രം പാവം അവൾക്കും ഒന്നും ഉണ്ടായിരുന്നില്ല…

പിന്നെ അവളുടെ കെട്ട് താലി വിറ്റതും
എല്ലാം ചേർത്താണ് വീടുപണി തുടങ്ങിയത്… എങ്ങനെയൊക്കെയോ വാർപ്പ് വരെ എത്തിച്ചു…

ഇതിനിടയിൽ രണ്ടു കുഞ്ഞുങ്ങളും…
എന്നാലും കാര്യങ്ങൾ ഒരു ഓളത്തിന് പോകുന്നുണ്ടായിരുന്നു….

അപ്പോഴാണ് ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് വരുന്ന വയറുവേദന ശ്രെദ്ധിച്ചത്… അത് മാത്രം അല്ല
മൂത്രത്തിൽ കലർന്ന രക്തം… ചർദ്ദിൽ…

ഇതെല്ലാം കൊണ്ടാണ് ഇത്തവണ നാട്ടിൽ എത്തുമ്പോൾ ഒന്ന് ടെസ്റ്റ് ചെയ്തേക്കാം എന്ന് വിചാരിച്ചത്….

ആദ്യം അടുത്തുള്ള ലാബിൽ ടെസ്റ്റ്‌ ചെയ്തു അവർക്ക് എന്തോ സംശയം തോന്നിയിട്ടാണ് അടുത്തുള്ള ഒരു ഡോക്ടർടെ പേര് പറഞ്ഞു തന്നത്..

അദ്ദേഹം പറഞ്ഞ ടെസ്റ്റ്‌ ചെയ്തപ്പോ കിട്ടിയ റിസൾട്ട്‌ ആണ്..

നാളെ ഒരു നല്ലകാലം വരും അല്ലേ സുബിനേട്ടാ എന്ന് ചോദിച്ച് എന്റെ നിഴലിൽ കഴിയുന്ന പെണ്ണിനോട് ഞാൻ എന്ത് പറയണം…

അച്ഛൻ പോണ്ട കൂടെ നിക്കണം എന്ന് വാശി പിടിക്കുന്ന ആ പൊടി കുഞ്ഞുങ്ങളോട് എന്ത് പറയണം…

മോൻ വല്യേ ആളായി എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്ന പാവം എന്റെ അമ്മയോട് എന്താ പറയേണ്ടത്…

ഒത്തിരി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉള്ളിൽ കൂടെ പോയി…

വീട്ടിൽ ചെന്നതും അവൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു എന്തായി എന്നറിയാൻ…

അവൾക്കു മുഖം കൊടുക്കാതെ അകത്ത് റൂമിൽ ചെന്നു കിടന്നു…

കാര്യമായി ഒന്നും ഇല്ലാതെ ഞാൻ ഇങ്ങനെ ചെയ്യില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു..

എന്റെ അരികിൽ വന്നിരുന്നു എന്നാണെന്ന് പോലും ചോദിക്കാതെ അവളെ നെറുകയിൽ തലോടി..

“””” ഞാൻ ഇല്ലാതായാലും നീ നമ്മുടെ കൊച്ചുങ്ങളെ നോക്കിക്കോണേ ടീ “”””

എന്നു പറഞ്ഞപ്പോൾ തേങ്ങലോടെ അവളെ നെഞ്ചിലേക്ക് വീണു..

“”””എന്തൊക്കെയാ ഈ പറയുന്നേ നിങ്ങൾക്ക് എന്താ????

എന്ന് അവൾ ചങ്കുപൊട്ടി ചോദിച്ചു….

എല്ലാം അവളോട് പറയുമ്പോൾ അവളെന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു..

അമ്മയും മക്കളും ഒന്നും അറിയേണ്ട എന്ന് പറഞ്ഞപ്പോൾ കണ്ണീരോടെ അവൾ തലകുലുക്കി സമ്മതിച്ചു…

പിന്നീടങ്ങോട്ട് വല്ലാത്ത ഒരു തരം മാനസിക അവസ്ഥയായിരുന്നു…
മരണത്തെ മുന്നിൽ കണ്ട് ജീവിക്കുന്നവന് എല്ലാത്തിനോടും വിരക്തി ആയി…. വിശ്വാസ കുറവായി…
മുന്നിൽ ശൂന്യത മാത്രം…

അറിയേണ്ട എന്ന് പറഞ്ഞ് മൂടിവെച്ചവരോട്, ക്രൂരമായി എല്ലാം തുറന്നു പറഞ്ഞു ആനന്ദം കണ്ടെത്തിയ ചിലർ….

പല തരത്തിലുള്ള ആളുകളെ കണ്ടുമുട്ടിയത് അപ്പോഴാണ്…

സഹതാപം നടിക്കുന്നവർ…. എന്തെങ്കിലും സഹായം ചോദിച്ചാലോ എന്ന് കരുതി കാണാത്തതുപോലെ പോകുന്നവർ… ഇല്ലായ്മയിൽ കൂടി ഞങ്ങൾക്കായി ഉള്ളതിൽ പാതി പകുത്തു തന്നവർ….

പാതി ചത്ത മനസ്സിനെ വീണ്ടും കൊലചെയ്യാൻ വന്നവർ… അങ്ങനെ അങ്ങനെ ഒത്തിരി പേരെ കണ്ടറിഞ്ഞു…

ഒടുവിൽ ഏതോ ഒരു സംഘടന ഏറ്റെടുത്തു… അവർ എവിടെയൊക്കയോ അറിയിച്ചതിനെതുടർന്ന് പേരോ ഊരോ അറിയാത്തവർ പോലും സഹായിച്ചു…

ആവശ്യത്തിനുള്ള പണവും അതിൽ കൂടുതലും സ്വരൂപിച്ചു തന്നതും അവരായിരുന്നു ..

ഞാനുമായി ഒരു ആത്മബന്ധം പോലുമില്ലാത്തവർ…. ആരെന്നോ എന്തെന്നോ പോലും അറിയാത്തവർ…. ഒരു തരത്തിലും ലാഭേച്ഛ നോക്കാത്തവർ….

ഇതിനിടയിൽ ഡോണറെ കണ്ടെത്തി…

അവളുടെയും എന്റെ കുഞ്ഞുങ്ങളുടെയും അമ്മയുടെയും പ്രാർത്ഥന കൊണ്ട് എല്ലാം ഭംഗിയായി നടന്നു…കുറച്ചുകാലം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു…

വീട്ടിലേക്ക് മടങ്ങുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്നു… ഭാരപ്പെട്ട പണി……, കുറച്ചു കാലങ്ങൾക്കു ശേഷം അതും ചെയ്തോളാൻ ഡോക്ടർ പറഞ്ഞു… ജീവിതം പഴയതുപോലെ തന്നെയായി…

എല്ലാം തീർന്നു എന്ന് തോന്നിയ ഒരു ഘട്ടത്തിൽ നിന്നും ഉള്ള ചെറിയ ഒരു ഉയർത്തെഴുന്നേൽപ്പ്…
അല്ലെങ്കിൽ ഒരു രണ്ടാം ജന്മം…
അതായിരുന്നു ഇത്..

എല്ലാ ചികിത്സ കഴിഞ്ഞും ഒരു നല്ല തുക കൈയ്യിൽ ബാക്കി നിന്നിരുന്നു…

വേണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം ഭദ്രം ആക്കാമായിരുന്നു….

പക്ഷേ തീരുമാനം മറ്റൊന്നായിരുന്നു…
ഇതുപോലെ മരണത്തെ മുഖാമുഖം കാണുന്ന വേറൊരു ആൾക്ക് സഹായം..

പ്രതീക്ഷ അറ്റ് കിടക്കുമ്പോൾ ഇതുപോലെ സഹായം ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ കിട്ടൂ…

ഭാഗ്യം കൊണ്ട് ഞങ്ങൾക്ക് അത് ഉണ്ടായി… ഞങ്ങൾ കാരണം മറ്റൊരാൾക്കും കൂടി അങ്ങനെ ഒരു ഭാഗ്യം കിട്ടുമെങ്കിൽ അതല്ലേ വലിയ കാര്യം..

ഇനി അധ്വാനിക്കാനുള്ള ഒരു മനസ്സും ശരീരവും ബാക്കി നിൽക്കുന്നുണ്ട് ഇത്തിരി താമസം ഉണ്ടെങ്കിൽ പോലും…
എന്റെ കുടുംബം പോറ്റാൻ അതുമതി…

ഇനി ആ പണം അതിന് ഞങ്ങൾക്ക് അർഹതയില്ല എന്ന് പൂർണ ബോധ്യമുണ്ടായിരുന്നു…

എല്ലാം ഒരു പ്രതീക്ഷയും അറ്റ ഒരു കുടുംബത്തിന് അത് കൈമാറുമ്പോൾ അവര് പറഞ്ഞത് ദൈവമായിട്ട് ആണ് ഞങ്ങളെ അവരുടെ അടുത്ത് എത്തിച്ചത്… അല്ല ദൈവം തന്നെയാ നിങ്ങൾ എന്നായിരുന്നു….

അതിനേക്കാൾ കൂടുതലായി ഞങ്ങൾക്കൊന്നും കിട്ടുവാൻ ഇല്ലായിരുന്നു…

നന്ദി മാത്രമേ ഉള്ളൂ സഹായിച്ച കോടിക്കണക്കിന് ജനങ്ങളോട്… ജാതി നോക്കാതെ മതം നോക്കാതെ ഭാഷ നോക്കാതെ സഹായിച്ച വരോട്…
ഒരു സഹോദരനെ പോലെ ചേർത്തുപിടിച്ചവരോട്…

ദൈവത്തോട്… കൂടെ നിന്ന് ആശ്വസിപ്പിച്ച വരോട്…

അവരാരും ഉണ്ടായിരുന്നില്ലെങ്കിൽ എന്നെ ഈ ആയുസ്സും ഒടുങ്ങി യേനെ.. നീട്ടി കിട്ടിയ ഓരോ നാളിനും അവരോട് ഞാൻ കടപ്പെട്ടിരിക്കുന്നു…

ചിലപ്പോഴൊക്കെ പണത്തേക്കാൾ വലുപ്പം മനസ്സുകൾക്ക് വരും…
അപ്പോഴൊക്കെ ആണ് ഈ ഭൂമി വളരെ മനോഹരമാകുന്നത്… അത്തരത്തിൽ വലിയ മനസ്സുകൾ ഇല്ലെങ്കിൽ..

ഇവിടത്തെ ജീവിതം എത്ര വിരസമാണ് എന്ന് ഓർത്തു നോക്കൂ…. മനസ്സുകൾക്ക് വലിപ്പം വെക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *