തന്റെ അമ്മയുടെ സ്വഭാവം മാറ്റാൻ കഴിയില്ല എന്നതും, എല്ലാത്തിനും ഇടയിൽപെട്ട്..

(രചന: J. K)

അമ്മ എന്നെ കൊലയ്ക്ക് കൊടുക്കുമോ?? “”” രത്നമ്മ യോട് മകൾ അങ്ങനെ ചോദിച്ചപ്പോൾ അവർ കെറുവിച്ച് അപ്പുറത്തേക്ക് നടന്നു…

എന്നോട് മിണ്ടാൻ എനിക്ക് മിണ്ടാൻ ഇവിടെ ആരുമില്ല അപ്പോ ഇതൊക്കെ തന്നെയല്ലേ എനിക്ക് ചെയ്യാനുള്ളൂ..

എന്നവർ ചൊടിച്ചു രേഖയോട് പറയുന്നുണ്ടായിരുന്നു…

ആരും മിണ്ടാനും കൂട്ട് ഇല്ലാത്തതും കൊണ്ടാണോ അമ്മ ഇമ്മാതിരി പരിപാടിയൊക്കെ ഇവിടെ കാണിക്കുന്നത്.. എന്ന് രേഖ അവരോട് തിരിച്ചുചോദിച്ചു മൂന്ന് പെൺമക്കളാണ് രത്നമ്മക്ക്..

ഭാഗ്യവും, രേണുകയും, രേഖയും

ഭർത്താവ് ഭാസ്കരേട്ടൻ മരിച്ചതിൽ പിന്നെ മൂന്ന് പെൺമക്കളുടെയും അരികെ മാറിമാറി അവർ നിൽക്കും..

അത്യാവശ്യം കുശുമ്പും കുത്തിതിരിപ്പും ഉണ്ടായതുകൊണ്ട് തന്നെ ഓരോ വീട്ടിൽ നിന്നും വഴക്കിട്ടിട്ടാണ് അടുത്ത വീട്ടിലേക്ക് പോവാറ്…

അതുകൊണ്ടുതന്നെ അമ്മ നിൽക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞാൽ മൂന്ന് പെൺമക്കൾക്കും ആധിയാണ്…

ഇത്തവണ രേഖയുടെ വീട്ടിലാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്..

അപ്പുറത്തെ വീട്ടിലെ പെൺകുട്ടിയുടെ കൂട്ടുകാരൻ അവളുമായി നിന്ന് സംസാരിക്കുന്നത് കണ്ടു എന്തൊക്കെയോ രത്നമ്മ വിളിച്ചു പറഞ്ഞത്രേ…

വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നവർ മുഴുവൻ കേട്ടു..

പെൺകുട്ടിക്കും അവളുടെ കൂട്ടുകാരനെ പെൺകുട്ടിയുടെ വീട്ടുകാർക്കും അത് വല്ലാത്ത മാനക്കേട് ആയി..

രേഖ യുടെ ഭർത്താവ് ജയൻ ജോലി കഴിഞ്ഞു വരുമ്പോൾ അവർ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കൊടുത്തു..

അന്ന് ജയന്റെ വക രേഖയ്ക്ക് പൂരമായിരുന്നു….

രത്നമ്മ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ അവിടെയിരുന്നു സീരിയൽ കാണുന്നുണ്ടായിരുന്നു…. അടുത്ത വീട്ടിലുള്ളവർ ജയന്റെ അകന്ന ബന്ധുക്കൾ കൂടിയായിരുന്നു…

രാത്രി കിടക്കാൻ നേരം ജയൻ രേഖയോട് പറഞ്ഞിരുന്നു നാളെ രാവിലെ അമ്മയെ എങ്ങനെയെങ്കിലും പറഞ്ഞു വിടണം എന്ന്….

അതുകേട്ട് രേഖ വല്ലാതായി… കാര്യം എന്തൊക്കെ പറഞ്ഞാലും എത്ര ദുഷിച്ച സ്വഭാവം ഉണ്ടെങ്കിലും അമ്മ അമ്മ തന്നെയല്ലേ…

ദേഷ്യപ്പെട്ട് നിൽക്കുന്നതുകൊണ്ട് ജയനോട് ഇപ്പോൾ എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് രേഖയ്ക്ക് അറിയാമായിരുന്നു….

തന്റെ അമ്മയുടെ സ്വഭാവം മാറ്റാൻ കഴിയില്ല എന്നതും…

എല്ലാത്തിനും ഇടയിൽപെട്ട് അവൾ ആകെ സങ്കടത്തിലായി..

മൂത്ത ചേച്ചി ഭാഗ്യത്തിന് വിളിച്ച് അവൾ എല്ലാം പറഞ്ഞു… അമ്മയുടെ പ്രവർത്തിയിൽ ഭാഗ്യവും ആകെ വല്ലാണ്ടായി…

ജയൻ ആയതുകൊണ്ടാ രേഖേ ഇത്രേൽ അവസാനിച്ചത് ഇവിടെ വല്ലതും ആണെങ്കിൽ എന്നെ കൊന്നേനെ…

ചേച്ചി വന്ന അമ്മയെ കൂട്ടി കൊണ്ടു പോകുമോ എന്ന് ചോദിച്ചപ്പോൾ എന്തോ ദൃതി ഉണ്ടെന്നു പറഞ്ഞ് ഫോൺ കട്ട് ആവുന്നത് അറിഞ്ഞു രേഖ…

ഇനിയെന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു പിടിയും ഇല്ലായിരുന്നു…

രേണു ചേച്ചിയെ കൂടി വിളിച്ച് അവൾ കാര്യം പറഞ്ഞു… അവർ വരാം പിറ്റേദിവസം അമ്മയെ വന്നു കൊണ്ടുപോകാം എന്ന് ഉറപ്പ് പറഞ്ഞു….

ഇത്തിരി ആശ്വാസമായിരുന്നു രേഖയ്ക്ക്… അവൾ മെല്ലെ അമ്മയുടെ അരികിലെത്തി…

കുറെ നേരം അരികിലിരുന്നു…

ഇനി ഇങ്ങനെയൊന്നും ചെയ്യരുത് ഇതെല്ലാം മറ്റുള്ളവർക്ക് ദോഷമായി വന്നുഭവിക്കുന്നത് അമ്മ അറിയുന്നില്ലേ എന്ന് ചോദിച്ചു..

“”” എടി ആ കൊച്ച് കേടുവരാതിരിക്കാൻ അല്ലേ ഞാൻ അങ്ങനെ പറഞ്ഞത്… ഏതോ തെമ്മാടി ചെറുക്കന്റെ കൂടെ വർത്തമാനം പറഞ്ഞു നിന്നോണ്ടല്ലേ…
ഒന്നിനുമാത്രം പോന്ന പെണ്ണല്ലേ….

ആളുകൾ വേണ്ട അതുമിതും പറയില്ലേ… അതുകൊണ്ടല്ലെ ഞാൻ അങ്ങനെ പറഞ്ഞത് എല്ലാം അവളുടെ നല്ലതിനു വേണ്ടിയാണ് “””

രത്നമ്മ ഇത്രയും പറഞ്ഞപ്പോൾ രേഖയ്ക്ക് പിന്നീട് ഒന്നും അങ്ങോട്ട് പറയാനുണ്ടായിരുന്നില്ല…
പറഞ്ഞിട്ടും പ്രയോജനമൊന്നും ഇല്ലായിരുന്നു…

“”” അതുമല്ല ആരാ എനിക്ക് ഇവിടെ ഒന്നും മിണ്ടിയും പറയാനും ഉള്ളത്??? ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ നാട്ടുകാരുടെ കാര്യത്തിലൊക്കെ കയറി ഇടപെടുന്നു… അത്രയും കരുതിയാൽ മതി…. “””

അതും കൂടി കേട്ടപ്പോൾ രേഖ വേഗം എണീറ്റ് റൂമിലേക്ക് നടന്നു..

പിറ്റേദിവസം രേണു ഓട്ടോറിക്ഷയുമായി എത്തി രത്നമ്മയേ കൊണ്ടുപോകാൻ….

വസ്ത്രങ്ങളെല്ലാം കൂട്ടി പെറുക്കിയെടുത്ത് ഇറങ്ങുന്നത് കണ്ടപ്പോൾ രേഖയ്ക്ക് എന്തോ വിഷമം തോന്നി…

അമ്മേ ഇനി അവിടെ പോയി ആരുടെയും കാര്യത്തിൽ ഇടപെടരുത് കേട്ടോ….

എന്ന് ഒരു ഉപദേശം പോലെ ഇറങ്ങാൻ നേരം രേഖ അമ്മയുടെ ചെവിയിൽ പറഞ്ഞു.. ഇത്തിരി നോട്ടുകളും കയ്യിൽ വെച്ചുകൊടുത്തു…

വേണുവിനെ വീട്ടിൽ പോയതും രണ്ടുദിവസം കഴിഞ്ഞ് അവളുടെ ഫോൺ ഉണ്ടായിരുന്നു….

രേഖയോട് വേഗം വന്ന് അമ്മയെ കൊണ്ടുപോകാൻ…

അപ്പുറത്തെ വീട്ടിലുള്ളവർ അവിടുത്തെ സോപ്പ് മോഷ്ടിച്ചു എന്ന് പറഞ്ഞ് അവരെ മൊത്തം ചീത്ത പറഞ്ഞത്രേ…
എല്ലാവരുംകൂടി രേണുകയെ വല്ലാതെ ചീത്ത പറഞ്ഞു എന്ന്…

അവൾ ഫോണിലൂടെ കരയുകയായിരുന്നു… ജയനെ എങ്ങനെയൊക്കെയോ പറഞ്ഞത് സമ്മതിപ്പിച്ചു… രേഖ പിറ്റേ ദിവസം അമ്മയെ അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു….

അപ്പോഴും ചോദിച്ചപ്പോൾ അമ്മ പറഞ്ഞിരുന്നു കൂട്ടിന് ആരുമില്ലാത്തതിന്റെ കാര്യം…

വീണ്ടും ജയേട്ടന്റെ എന്തൊക്കെയോ കാര്യത്തിൽ ആവശ്യമില്ലാതെ അമ്മ കയറി ഇടപെട്ടു.. അതോടുകൂടി ജയേട്ടന് ശരിക്കും ദേഷ്യം പിടിച്ചിരുന്നു…

എത്ര പറഞ്ഞു നോക്കിയിട്ടും ജയന് ഒട്ടും അയവ് വന്നില്ല… പകരം കൂടുതൽ ക്ഷുഭിതൻ ആവുകയാണ് ചെയ്തത്…

അന്ന് ജയേട്ടൻ എന്തൊക്കെയോ തീരുമാനമെടുത്തുകൊണ്ടാണ് മുറിയിലേക്ക് കയറി വന്നത്… നിന്റെ അമ്മയെ സ്ഥിരമായി ചേച്ചി മാരോട് കൊണ്ടു നിർത്താൻ പറ…

എന്ന് പറഞ്ഞപ്പോൾ ദയനീയമായി ഞാൻ ചേട്ടനെ നോക്കി അത് നടക്കില്ല എന്ന് എന്നെക്കാൾ നന്നായി ജയേട്ടനും അറിയാമായിരുന്നു…

അതുകൊണ്ടുതന്നെ എന്തോ പറയാൻ പോകുന്ന അതിന്റെ മുന്നോടിയാണ് അതെന്ന് എനിക്ക് മനസ്സിലായിരുന്നു..

പിന്നീട് ജയേട്ടൻ പറഞ്ഞത് ഒരു ഷോക്കോട് കൂടിയാണ് ഞാൻ കേട്ടത്..

അമ്മയെ വലിയ വൃദ്ധ മന്ദിരത്തിലും ആക്കാമെന്ന്… അതിന് എനിക്ക് കഴിയില്ല എന്ന് പറഞ്ഞപ്പോൾ നിന്റെ ചേച്ചിമാരോട് എന്നാൽ വന്നു കൊണ്ടു പോകാൻ പറ എന്നായിരുന്നു ചേട്ടന്റെ മറുപടി…

ജയേട്ടൻ പറഞ്ഞത് ചേച്ചിമാരോട് ഒക്കെ കൂടി ആലോചിച്ചു ഞാൻ… ആദ്യം ചെറുതായൊന്ന് എതിർത്തെങ്കിലും അവർക്കും അത് സമ്മതമായിരുന്നു…

ഒടുവിൽ അത് അങ്ങനെ തന്നെ നടന്നു…
അമ്മയെ വൃദ്ധ മന്ദിരത്തിലേക്ക് മാറ്റി… അന്നുമുതൽ എന്റെ സമാധാനം പോയിരുന്നു..

അവിടെ അനാഥരായ കുറെ അമ്മമാരുടെ കൂടെ അമ്മ…
ജയേട്ടനെ കൂട്ടി അങ്ങോട്ട് കാണാൻ ചെന്നപ്പോൾ, അമ്മ അവിടെ സന്തോഷവതിയായിരുന്നു..

അമ്മയുടെ കൂട്ട് കുറേപേർ അവിടെയുണ്ട് … അവരോടൊപ്പം ഇണങ്ങിയും പിണങ്ങിയും അമ്മ അവിടെ അമ്മയുടെതായ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു…

അമ്മയ്ക്ക് ധാരാളം കേൾവിക്കാരെയും സമപ്രായക്കാരെയും കിട്ടി…

തിരികെ പോരുന്നോ എന്ന എന്റെ ചോദ്യത്തിന് ഇനി ഇവിടെ മതി എന്നായിരുന്നു അമ്മയുടെ മറുപടി…

ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന അർത്ഥത്തിൽ ജയേട്ടൻ എന്നെ ഒന്നു നോക്കി…

മുഖം വീർപ്പിച്ച് ഞാൻ തിരികെ ഏട്ടനെ നോക്കി… അമ്മയ്ക്ക് ഇവിടെ ഏകാന്തത ആയിരിക്കും എന്നു പറഞ്ഞു കരഞ്ഞ് വിളിച്ച് അമ്മയെ കൂട്ടാൻ വന്നതാണ് ഞാൻ..

അവിടെയാണ് അമ്മ എല്ലായിടത്തേക്കാളും സന്തോഷകരമായി ജീവിക്കുന്നത്…

അത് കാണേ മനസ്സുനിറഞ്ഞ് തിരികെ നടക്കുമ്പോൾ.. ആരുടെയോ വീട്ടിലെ മരുമകളുടെ കുറ്റവും കുറവും പറയുകയായിരുന്നു അമ്മയും കൂട്ടുകാരികളും…

അവർ അവരുടെ ലോകത്ത് സന്തോഷവതികൾ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *