അയാളുടെ ഭാര്യയോട് ഞാൻ അയാളറിയാതെ സംസാരിച്ചു, അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നവും..

(രചന: J.K)

ഇത് ശരിയാവില്ല ദേവൻ…. ഇനി എന്നെ വിളിക്കണ്ട “”” മായ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു…
ചുമരിൽ ചാരി മിഴികൾ വാർത്തപ്പോഴും ദേവന്റെ സ്വരം കാതിൽ കേൾക്കുന്ന പോലെ….

അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി…. ഒരു കോളേജ് ക്യാമ്പസ്‌ അവളുടെ മനസ്സിൽ തെളിഞ്ഞു….

അതിനരികിൽ ഉള്ള വലിയൊരു ഗുൽമോഹർ മരം അതിനു താഴെ ഇട്ടിരിക്കുന്ന സിമന്റ് ബെഞ്ച് അതിന് ഓരത്തായി അവനെ എപ്പോഴും കാണാമായിരുന്നു…

“””ദേവനെ”””

എന്തെങ്കിലും കുത്തി കുറിക്കുന്നുണ്ടാവും…

സ്വപ്നജീവി എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത്…
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു… നന്നായി കവിത എഴുതുന്ന പ്രസംഗിക്കുന്ന….
പഠിക്കുന്ന…

ദേവൻ… ഒരുപാട് ആരാധികമാരും ഉണ്ടായിരുന്നു..

അതിനിടയിൽ അയാൾ എപ്പോഴാണ് തന്നെ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് അറിയില്ല.. അതുപോലൊരു പുസ്തകപ്പുഴു ആയതുകൊണ്ടാകാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി എന്നെ അയാളിലേക്ക് അടുപ്പിച്ചത്..

ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് എപ്പോഴോ അത് പ്രണയമായി.. ഒടുവിൽ പിരിയാൻ വയ്യാത്തവിധം ഞങ്ങൾ തമ്മിൽ അടുത്തു..
ഒരു ദിവസം എന്നെയും കൂട്ടി കോളേജിനടുത്തുള്ള അമ്പലത്തിൽ നിന്ന് ഒരു കറുത്ത ചരടിൽ ഇത്തിരി പൊന്ന് അണിയിച്ചു തന്നിരുന്നു….

ഞാൻ ആളിന്റെ മാത്രം ആണെന്ന് ഒരു ഉറപ്പിന് ആണത്രേ…

കോളേജ് ജീവിതം കഴിയാറായി… പെട്ടെന്നാണ് ദേവന് വീട്ടിലേക്ക് പോകേണ്ടി വന്നത് അച്ഛന് എന്തോ വയ്യായ്ക..

വേഗം വരാം എന്നു പറഞ്ഞു പോയ ആൾ പിന്നീട് കുറെ നാളത്തേക്ക് വന്നില്ല..

ശരിക്ക് ഒറ്റപ്പെട്ടുപോയ പോലെ തോന്നി ആരൊക്കെ ഉണ്ടായിട്ടും… ആ ഒരാൾക്ക് വേണ്ടി നാളുകൾ ഇനി കാത്തിരുന്നു ഇന്ന് വരും നാളെ വരും എന്ന് കരുതി…

ഒടുവിൽ കേട്ടു ആളു വന്നു ടിസിയും സർട്ടിഫിക്കറ്റ്കളും വാങ്ങി കൊണ്ടു പോയി എന്ന്…

കേട്ടതു വിശ്വസിക്കാനാവാതെ ഞാൻ നിന്നു എന്നെ കാണാതെ പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു….. പറഞ്ഞവരൊക്കെ ഞാൻ വഴക്കിട്ടു…. അങ്ങനെ പോവില്ല എന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു പക്ഷേ എല്ലാവരും പറഞ്ഞു നിന്നെ മനപ്പൂർവം കാണാൻ പോലും നിൽക്കാതെ പോവുകയായിരുന്നു…..
എന്ന്…

ആകെ തകർന്നു പോയിരുന്നു എന്റെ തകർച്ച പൂർണമായത് ആ ഒരാളുടെ കല്യാണം ഉറപ്പിച്ചു എന്നു കൂടി കേട്ടപ്പോഴാണ്..

അതിൽ നിന്നും മുക്തിനേടാൻ ഏറെ നാൾ എടുത്തു ആർത്തലച്ച് കരഞ്ഞു കുറെ കഴിഞ്ഞപ്പോൾ തോന്നി എന്തിനാണ് ഞാൻ അയാൾക്കുവേണ്ടി കരയുന്നതെന്ന്….
പിന്നീട് എടുത്ത തീരുമാനം ആയിരുന്നു തന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി ഞാൻ ഇനി കരയില്ല എന്ന്….

വാശിയോടെ ബാക്കി കൂടി പഠിച്ച് ഒരു ജോലി നേടിയെടുത്തു… യാദൃശ്ചികമായാണ് കുറച്ചുനാളുകൾക്കു മുമ്പ് ദേവനെ വീണ്ടും കണ്ടത് പണ്ടത്തെ പ്രസരിപ്പ് ഒന്നുമില്ലാതെ താടിയൊക്കെ വളർത്തി….

കാണാത്ത പോലെ നടന്നപ്പോൾ പിന്നിൽ നിന്ന് ഉറക്കെ വിളിച്ചിരുന്നു മായെ”””” എന്ന്….

ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ട് കൂടി തിരിഞ്ഞുനിന്നു അറിയാതെ…..

“”” എന്നോട് ദേഷ്യമാണോ “”” എന്ന് ചോദിച്ചു…

എനിക്ക് ദേഷ്യം ഒന്നുമില്ല… അല്ലെങ്കിൽ ദേഷ്യപ്പെടാൻ പോലും ഞാൻ നിങ്ങളെ എന്റെ മനസ്സിൽ കൊണ്ടുനടക്കുന്നില്ല എന്നായിരുന്നു എന്റെ മറുപടി…

അതുകേൾക്കെ ആമുഖം വല്ലാതായി മിഴികളിൽ നനവ് പടർന്നു എന്തോ ആ ഒരു കാഴ്ച എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി…. അച്ഛൻ മരിക്കുന്നതിന് മുമ്പ് നിർബന്ധിച്ച് കല്യാണത്തിനു സമ്മതിപ്പിച്ച ഒരു കഥ വിഷമത്തോടെ പറഞ്ഞുകേൾപ്പിച്ചു..

അത് കേട്ടിട്ടും എനിക്ക് വല്ലാതെ മനസ്സലിവ് ഒന്നും തോന്നിയില്ല കാരണം, അയാളോട് മുറപ്പെണ്ണിനെ വിവാഹം കഴിക്കാൻ പറഞ്ഞപ്പോൾ അപ്പോഴെങ്കിലും അയാൾക്ക് സ്വന്തം പ്രണയത്തെപ്പറ്റി തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കാമായിരുന്നു….

അവളുമായുള്ള ജീവിതം ദുസ്സഹമായിരുന്നത്രെ…. അവൾ എന്നെ പോലെ ആയിരുന്നില്ലത്രേ… അതുകൊണ്ട് അയാൾക്ക് അവളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലത്രേ….. എന്തായാലും ഞാൻ തിരിച്ചു വരും അയാളുടെ ജീവിതത്തിലേക്ക് എന്ന് അയാൾ വിശ്വസിച്ചിരുന്നുവത്രേ…

ഇപ്പോൾ പിരിഞ്ഞ് രണ്ടുപേരും രണ്ടിടത്തായി കഴിയുകയാണത്രേ…. അയാൾക്ക് ഞാൻ മാത്രമേ ചേരൂ എന്ന്…

ഇപ്പോഴും എന്നോടുള്ള ഇഷ്ടം അതേപോലെ ആ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട് എന്ന്..
എന്റെ ഉള്ളിലും അയാളോട് ആ സ്നേഹമുണ്ടെന്ന് അയാൾക്ക് ഉറപ്പാണെന്ന്..

അതുകേട്ട് എനിക്ക് പുച്ഛമാണ് തോന്നിയത്….

ആ ജീവിതം സന്തോഷപ്രദമായിരിന്നു എങ്കിൽ അയാൾ ഈ ഭൂതകാലത്തിന്റെ വേരുകൾ മാന്താൻ വരില്ലായിരുന്നു…. ഒന്നു നഷ്ടപ്പെടുമ്പോൾ മാത്രം സാന്ത്വനമാകാൻ ഉള്ള ഒരു ഉപകരണമായി തീരാൻ എനിക്കും സമ്മതമല്ലായിരുന്നു..

അതിനുശേഷം എവിടെനിന്നോ എന്റെ നമ്പർ തപ്പിപ്പിടിച്ച് ദിവസവും വിളിക്കുമായിരുന്നു..

ദേവന്റെ സ്വരം കേൾക്കുമ്പോൾ പലപ്പോഴും ഞാൻ ആ പഴയ കോളേജ് കുമാരി ആയി മാറി….

പക്ഷേ അപ്പോഴും ജീവിതത്തിൽ അയാൾ അവഗണിച്ചത് എന്റെ മനസ്സിനെ അയാളിൽ നിന്നും അകറ്റി….
സ്നേഹം ചിലപ്പോൾ അങ്ങനെയാണ് പലപ്പോഴും നമ്മെ യുക്തിയില്ലാതെ ചിന്തിപ്പിച്ചു കളയും… പ്രവർത്തിപ്പിച്ചു കളയും….

അയാളുടെ ഭാര്യയോട് ഞാൻ അയാളറിയാതെ സംസാരിച്ചു…. അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നവും അവർക്കിടയിൽ ഇല്ല എന്ന് അവരുടെ വർത്തമാനത്തിൽ നിന്ന് എനിക്ക് മനസ്സിലായി….

ഞാൻ പോലും അറിയാതെ ഞാൻ അവർക്കിടയിൽ ഒരു വിഷയമായിരുന്നു എന്നും… ഏറെ പണിപ്പെട്ട് അവളെ പറഞ്ഞ് മനസ്സിലാക്കി ഒരിക്കലും അവളുടെ ജീവിതം തട്ടിയെടുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല എന്ന്….

സ്വയം തിരുത്തണമെന്ന് അപ്പോഴാണ് തോന്നിയത്… അല്ലെങ്കിലും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ഒരിക്കൽ പോലും അയാൾക്ക് അനുകൂലമായി ഒരു നോട്ടം പോലും ഞാൻ കൊടുത്തിട്ടില്ല എന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു…

പറയേണ്ട സമയത്ത് പറയാൻ ധൈര്യം കാണിക്കാതെ ഉള്ള ജീവിതം ദുസ്സഹമാക്കി എന്നതിൽ എന്ത് അർത്ഥം ആണുള്ളത്…. ഇത്തവണ അയാൾ വിളിച്ചപ്പോൾ ഞാൻ കടുപ്പത്തിൽ തന്നെയാണ് പറഞ്ഞത് ഇനി മേലിൽ എന്നെ വിളിക്കരുത് എന്ന്…

ഒന്ന് രണ്ട് തവണ സ്ട്രോങ്ങ് ആയി തന്നെ പറഞ്ഞപ്പോൾ അയാൾ അതിൽ നിന്ന് പിന്മാറിയിരുന്നു പിന്നീട് എന്നെ കാണാൻ പോലും വന്നില്ല… ആരോ വഴി അറിഞ്ഞിരുന്നു ഭാര്യയുമായി ഉള്ള പ്രശ്നങ്ങൾ കോംപ്രമൈസ് ആയി അവർ തമ്മിൽ ഇപ്പോൾ ഒരുമിച്ച് ജീവിക്കുകയാണ് എന്ന്..

അത് അറിഞ്ഞപ്പോൾ വല്ലാത്ത സമാധാനം തോന്നിയിരുന്നു…എങ്കിലും ഒന്ന് ഉറപ്പായിരുന്നു ഇനിയൊരു പ്രണയം ഈ മനസ്സിൽ മൊട്ടിടില്ല എന്ന്….

ഒരാൾക്ക് ആത്മാർത്ഥമായി ഒരിക്കലേ പ്രണയിക്കാൻ പറ്റൂ.. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ അത് കഴിഞ്ഞു..

പിന്നെ ഉള്ളതെല്ലാം യാന്ത്രികമായി തോന്നും അതിനേക്കാൾ നല്ലത് ഇങ്ങനെ ഒറ്റത്തടിയായി കഴിയുന്നതാണ് എന്ന് ഞാനും തീരുമാനിച്ചു…. മറ്റാരുടെയും കടന്നുകയറ്റം ഇല്ലാത്ത ഈ ജീവിതം ഇപ്പോൾ ഞാൻ ആസ്വദിക്കുകയാണ് അതിന്റെ പരിപൂർണ്ണ സ്വാതന്ത്ര്യം ഞാൻ അറിയുകയാണ് ഇതുതന്നെയാണ് ഇപ്പോൾ എന്റെ ശരിയും….

Leave a Reply

Your email address will not be published. Required fields are marked *