അമ്മ അതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല, അവരുടേതായിരുന്നു അച്ഛൻ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

ഏറെനാളത്തെ മോഹമായിരുന്നു ഈ യാത്ര… ഇന്നിവിടെ വന്നിറങ്ങുമ്പോൾ മനസ്സ് ആകെ കലുഷിതമായിരുന്നു…
പണ്ടത്തേതിൽ നിന്നും ഇവിടം ഒരുപാട് മാറിയിരിക്കുന്നു..

എങ്കിലും ആ പഴയ ഓർമ്മകൾ അങ്ങിങ്ങ് തങ്ങിനിൽക്കുന്നത് എനിക്ക് ഫീൽ ചെയ്തിരുന്നു..

പണ്ട് ആ ചായക്കടയിൽ ഇംഗ്ലീഷ് പേപ്പർ വായിച്ചിരിക്കുന്ന സായിപ്പിനെ ഇപ്പോൾ കാണാനില്ല…

പകരം അവിടം പുതിയ ആളുകൾ ഇടം പിടിച്ചിരിക്കുന്നു.. നിറയെ വയലറ്റ് പൂക്കൾ പൂത്തിരുന്ന വഴിയും ഏറെ മാറിയിട്ടുണ്ട് കല്ല് പതിച്ച ആ വഴിക്ക് പകരം ടാർ ഇട്ട നല്ല റോഡ് ആണ് ഇപ്പോൾ…

ആളുകൾ എന്നെ തറപ്പിച്ചു നോക്കി…
അവർക്ക് ഞാൻ തീർത്തും അപരിചിതയാണ്..

പക്ഷേ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഈ താഴ്വരകൾക്കും.. വയലറ്റ് പൂക്കൾ പൂക്കുന്ന നീളുന്ന ഈ വഴിക്കും മാത്രം ഞാൻ അന്യയല്ല.. അവർക്ക് എന്റെ മനസ്സ് അറിയാം എന്റെ നിശബ്ദതയുടെ സംഗീതം അറിയാം..

അവൾ അല്പം സ്പീഡിൽ തന്നെ നടന്നു…
വെള്ള പെയിന്റ് അടിച്ച വേലി കൊണ്ട്, ചുറ്റപ്പെട്ട ആ കുഞ്ഞു വീടിനടുത്ത് എത്താൻ…

മുന്നിൽ കാണുന്ന ഓരോ സ്ഥലവും അവൾക്ക് മനസ്സിലാകുന്ന ഉണ്ടായിരുന്നില്ല അത്രയേറെ അവളും മാറിയിരിക്കുന്നു എങ്കിലും

പണ്ടത്തെ ആ കോടമഞ്ഞും അതിന്റെ കുളിരും അവൾ അതുപോലെതന്നെ അനുഭവിച്ചു… ഓർമ്മകൾ വീണ്ടും പുറകിലേക്ക് പോയി…

അച്ഛൻ പണ്ട് ഇവിടെ ഏലത്തോട്ടത്തിൽ മാനേജറായിരുന്നു… ഞങ്ങൾ എപ്പോഴും നാട്ടിൽ തന്നെയായിരുന്നു അച്ഛൻ വെക്കേഷന് മാത്രം ഞങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരും…

അമ്മയും ഞാനും അനിയനും കൂടി ഇവിടെ വന്ന് കുറച്ചുനാൾ നിന്ന് അടിച്ചുപൊളിച്ച് തിരിച്ച് നാട്ടിലേക്ക് തന്നെ പോകും വീണ്ടും അവിടെ നിന്ന് സ്കൂളിലേക്ക്…

പോകാൻനേരം ഞങ്ങൾക്ക് ഭയങ്കര സങ്കടമാണ് അച്ഛനെയും ഈ സ്ഥലത്തെയും വിട്ടുപോകാൻ…

ഇവിടെ ഒരു വീട് സ്വന്തമായി വാങ്ങാമെന്നും പിന്നീട് നിങ്ങൾക്ക് ഇവിടെ സ്ഥിരം നിൽക്കാമെന്നും അച്ഛൻ വാക്ക് തരുമായിരുന്നു…

അങ്ങനെ അച്ഛൻ വീട് വാങ്ങി..

വെള്ള പെയിന്റ് അടിച്ച, വേലി യുള്ള ഒരു കുഞ്ഞു മനോഹരമായ വീട്…

അങ്ങനെ ഇങ്ങോട്ട് താമസം മാറ്റി വന്നപ്പോഴാണ് ആയമ്മയെ കണ്ടത്….
തമിഴർ ഉടുക്കുന്നത് പോലെ സാരിയൊക്കെ ചുറ്റിയ ഒരു സുന്ദരിയായ സ്ത്രീ..

“””കനിമൊഴി “”

അതായിരുന്നു അവരുടെ പേര് എന്ന് ഇന്നും ഞാൻ ഓർക്കുന്നു ..

രണ്ടു മൂക്കും കുത്തിയ, ചിരിക്കുമ്പോൾ സുന്ദരമായ പല്ലുകൾ തെളിയുന്ന..
ഒരു പാവം സ്ത്രീ…

അച്ഛൻ നോക്കിനടത്തുന്ന ഏലത്തോട്ടത്തിൽ ഇവർ ജോലിക്കാരി ആയിരുന്നു…

ഞാനും അനിയനും അമ്മയും ഇവിടെ വന്നതും നാട്ടുകാർ ആരൊക്കെയോ ചേർന്ന് അമ്മയ്ക്ക് അച്ഛനെയും ആ സ്ത്രീയേയും ചേർത്ത് എന്തൊക്കെയോ ഇല്ലാവചനം പറഞ്ഞു കൊടുത്തു…

അമ്മ അത് കേട്ട് അസ്വസ്ഥ ആയത് ഇന്നും ഓർമയിൽ ഇങ്ങനെ തെളിഞ്ഞുവരും…

അന്ന് അച്ഛനുമായി അമ്മ വഴക്കിട്ടു…

കൂടെ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന ഒരാളുടെ മകളാണ് അത് എന്നും….

അയാൾ മരിച്ചതിനുശേഷം താൻ തന്നെയാണ് അവൾക്ക് അവിടെ ജോലി കൊടുത്തതെന്നും വേറെ അവളുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ ആണയിട്ട് പറഞ്ഞത് എനിക്കിന്നും ഓർമ്മയുണ്ട്….

അമ്മ അതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല…

അവരുടേതായിരുന്നു അച്ഛൻ വാങ്ങിയ ആ വീട്…. കടം നിറഞ്ഞ അവളുടെ അച്ഛൻ ആ ത്മഹത്യ ചെയ്തത് ആയിരുന്നു

പിന്നീട് അച്ഛൻ എല്ലാ കടങ്ങളും വീട്ടി ആ വീടിന്റെ വിലയേക്കാൾ കൂടുതൽ കടങ്ങൾ ഉണ്ടായിരുന്നു അയാൾക്ക്,,, അച്ഛൻ അതെല്ലാം തീർത്ത് വീടു സ്വന്തമാക്കി..

അവൾക്ക് ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന ഹോസ്റ്റലിൽ ഒരു റൂമും…
ഏലത്തോട്ടത്തിൽ ഒരു ജോലിയും ശരിയാക്കി കൊടുത്തു….

ആരിലോക്കെയോ ഇത് വലിയ കണ്ണുകടികൾ തീർത്തു… അങ്ങനെയുള്ളവരാണ് അമ്മയോട് ഓരോന്ന് പറഞ്ഞു കൊടുത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചത്…

ഏറെ സ്വപ്നം കണ്ട ജീവിതമായിരുന്നു അച്ഛനോടൊപ്പം ഈ ഭംഗിയുള്ള സ്ഥലത്ത്…

ആദ്യത്തെ ദിവസം തന്നെ അമ്മയും അച്ഛനും വഴക്കിടുന്നത് കാണാൻ ആയിരുന്നു ഞങ്ങളുടെ യോഗം…
അമ്മ എന്തൊക്കെയോ അച്ഛനെ പറഞ്ഞതും അച്ഛൻ സഹികെട്ട് അമ്മയെ അടിച്ചു…

ആ രാത്രി തന്നെ അച്ഛൻ അവിടെ നിന്നും ഇറങ്ങിപ്പോയി… ഞങ്ങളും ഏറെ കരഞ്ഞ് തളർന്ന് ഉറങ്ങി…

രാവിലെ എണീറ്റപ്പോൾ കണ്ടത് ഒരു മുറിയിൽ, കൊണ്ടുവന്ന സാരിയുടെ തുമ്പിൽ ആടുന്ന അമ്മയെ ആണ്…

അച്ഛൻ അത് സഹിക്കാൻ പറ്റിയില്ല അവിടത്തെ ജോലിയും താമസവും എല്ലാം മതിയാക്കി ഞങ്ങളെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു….. പോകുന്നതിനു മുമ്പ് താക്കോൽ കനിമൊഴിയെ ഏൽപ്പിച്ചിരുന്നു…

ഇപ്പോൾ വലുതായപ്പോൾ അവരെ വന്ന് ഒന്ന് കാണണം എന്നൊരു മോഹം…

അച്ഛനും ഞങ്ങളോട് വിടപറഞ്ഞു പോയി… ഇപ്പോഴും ഈ വീടും ഇതിനുള്ളിലെ താമസവും ഞങ്ങൾക്ക് ഒരു സ്വപ്നം മാത്രമായിരുന്നു…. അനിയനോട് പറഞ്ഞില്ല ഒറ്റയ്ക്ക് പുറപ്പെടുകയായിരുന്നു….

അവൾ തിരഞ്ഞു നടന്ന ആ വീട് എത്തി…

ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു…അടുത്ത് കണ്ട ഒരാളോട്… ഇവിടെ ആരും താമസം ഇല്ലേ എന്ന് ചോദിച്ചു..

“”” ഇല്ലെങ്കേ അങ്കേ ഒരു അമ്മതാൻ ഇരുന്തത് അവര് പോന്ന വർഷം എരന്ത് പോച് “””‘ എന്ന് പറഞ്ഞു…

അവിടെയുള്ള അമ്മ മരിച്ചു എന്ന് കേട്ടതും അവൾ ആകെ തകർന്നുപോയി ..

മെല്ലെ ബാഗ് തുറന്ന് അതിലെ ഡയറി എടുത്ത്, ഒരു മുപ്പത്തി അഞ്ചു വയസ്സ് തോന്നിക്കുന്ന ഈ ഒരു സ്ത്രീയുടെ ഫോട്ടോ എടുത്തു കാണിച്ചു…

“””ഇവര് തന്നെ ആണോ അവിടെ ഉണ്ടായിരുന്നത്???”””

എന്ന് ചോദിച്ചു ഫോട്ടോ ഒന്ന് നോക്കി അയാൾ പറഞ്ഞു

“””” ഇന്ത അമ്മ താൻ “”” എന്ന്..

വെള്ള പെയിന്റ് അടിച്ച് ഗേറ്റിന്റെ ഒരുവശം അല്പം പൊളിഞ്ഞു കിടക്കുന്നുണ്ട് അതിലൂടെ മെല്ലെ അകത്തേക്ക് കയറി…

ഭംഗിയുള്ള ആ വീട് വല്ലാണ്ട് തകർന്നു പോയിരിക്കുന്നു… വള്ളിയും മറ്റും പടർന്നു പിടിച്ച് ഒരു കാട് പോലെ ആയിരിക്കുന്നു…

എന്തോ അവിടെ നിൽക്കുമ്പോൾ ഹൃദയം വിങ്ങുന്ന പോലെ തോന്നി…

ഒരിക്കൽ എന്ത് സന്തോഷത്തോടെയാണ് ഈ മുറ്റത്ത് വന്ന് നിന്നത്..

പക്ഷേ അന്നാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം സംഭവിച്ചത്… ഞങ്ങളുടെ ജീവിതം തന്നെ താറുമാറായത്…

അമ്മയെ കാണാൻ വേണ്ടി കരഞ്ഞു ഇരിക്കുന്ന ഞങ്ങളോട് അച്ഛൻ,
എപ്പോഴും പറയുമായിരുന്നു അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല മക്കളെ എന്ന്…

അച്ഛനെ ഞങ്ങൾക്ക് വിശ്വാസവും ആയിരുന്നു.. പക്ഷേ ആരൊക്കെയോ പറഞ്ഞതിന് ചെവി കൊടുത്ത് അമ്മയ്ക്ക് അമ്മയുടെ ജീവിതംതന്നെ നഷ്ടമായി ഞങ്ങളുടെയും…..

അതിലെ സത്യം തിരിച്ചറിയാനോ പതിരും നെല്ലും വേർതിരിക്കാനോ അമ്മ ശ്രമിച്ചില്ല… അമ്മയ്ക്ക് ആരൊക്കെയോ പറഞ്ഞതായിരുന്നു ശരി..

അച്ഛന്റെ മനസ്സിലെ നന്മയും കനിമൊഴി എന്ന യുവതിയുടെ നിസ്സഹായാവസ്ഥയും അമ്മ കാണാൻ ശ്രമിച്ചില്ല…

അവിടെ വന്ന ആളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്, ഏറെനാൾ അച്ഛനും ഞങ്ങൾക്കും ആയി അവർ ആ വീട് സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നത്രേ…

ഒരിക്കൽ ഞങ്ങൾ വരും അന്ന് തിരിച്ചു കൊടുക്കാൻ ഉള്ളത് എന്ന് പറഞ്ഞ് വീടും അതിന്റെ താക്കോലും സൂക്ഷിച്ചു വച്ചിരുന്നത്രെ…

അതിനിടയിൽ അവർ സ്വന്തം ജീവിതം പോലും മറന്നിരുന്നു… ഒരുപക്ഷേ അമ്മയുടെ മരണം അവരെയും ബാധിച്ചിരിക്കാം…

വന്നയാൾ ഞാൻ ആരാണ് എന്നറിഞ്ഞതും അടുത്ത പള്ളിയിൽ നിന്ന് ആ വീടിന്റെ താക്കോൽ വാങ്ങി തന്നു…

അത് തുറന്നു അകത്തു കയറിയപ്പോൾ എനിക്ക് കേൾക്കാൻ കഴിഞ്ഞത് അച്ഛനും അമ്മയും തമ്മിലുള്ള തർക്കവും .. കാണാൻ ആയത് അമ്മ തൂങ്ങിയാടുന്ന ദൃശ്യവും ഒക്കെയാണ്…

ശ്വാസം മുട്ടുന്നത്പോലെ തോന്നി വേഗം വാതിലടച്ച് താക്കോൽ അയാളെ ഏൽപ്പിച്ചു…

എനിക്ക് അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല.. ഏറെ സ്വപ്നങ്ങൾ കോർത്ത് വെച്ച് വന്നിടത്ത്… ഇന്ന് ശ്വാസംമുട്ടിക്കുന്ന ഓർമ്മകൾ മാത്രമേ ബാക്കിയുള്ളൂ ..

ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് മനസ്സിൽ തീരുമാനിച്ചു കൊണ്ടായിരുന്നു അന്ന് ആ പടിയിറങ്ങിയത്….

Leave a Reply

Your email address will not be published. Required fields are marked *