ഭർത്താവ് മരിച്ചതിനുശേഷം അവിടെ തുടരാൻ പറ്റാത്തതിനാൽ അവൾ സ്വന്തം..

(രചന: ജ്യോതി കൃഷ്ണ കുമാർ)

മിലിറ്ററി നിന്നും പിരിഞ്ഞു വന്നതായിരുന്നു അയാൾ.. മേജർ രവീന്ദ്രൻ…..

കാലിൽ ഏറ്റ സാരമായ പരിക്ക് മൂലം ശരിക്കും നടക്കാൻ അയാൾക്ക് പ്രയാസമായിരുന്നു..

ഏറെ കാലത്തെ ചികിത്സയ്ക്കുശേഷം ചെറിയൊരു മുടന്ത് ഉണ്ട് എന്നല്ലാതെ വേറെ പ്രശ്നമൊന്നും അയാൾക്ക് ഇല്ലായിരുന്നു…

ഒന്നുരണ്ടു വിവാഹാലോചന ഈ വഴിക്ക് മുടങ്ങിയതിനാൽ പിന്നീട് അയാൾ ഇതിനൊന്നും മിനക്കെട്ടില്ല…

ജീവിക്കാൻ ഒരു തുണ വേണ്ട എന്ന് തന്നെയായിരുന്നു അയാളുടെ തീരുമാനം… തനിക്ക് അമ്മയും അമ്മക്ക് മകനും ആയി അവർ അങ്ങ് കഴിഞ്ഞുകൂടാം എന്ന് വിചാരിച്ചു…

പക്ഷേ നാരായണി അമ്മയ്ക്ക് എങ്ങനെയെങ്കിലും മകൻ ഒരു കല്യാണം കഴിച്ച് കാണണമെന്നും അതിൽ ഒരു കുഞ്ഞിക്കാല് കാണണം എന്നതും വലിയ മോഹമായിരുന്നു

അതിനായി അവർ അയാളെ ഒത്തിരി ഉപദേശിച്ചിരുന്നു…

ഒരു പെണ്ണ് വേണ്ട എന്ന തന്റെ തീരുമാനത്തിൽ അയാൾ ഉറച്ചു നിന്നു…. പിന്നെ അമ്മയ്ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു അമ്മയും അതിനോട് പൊരുത്തപ്പെടാൻ തുടങ്ങി…

അയാളുടെ ഈ കടുംപിടുത്തം സ്വഭാവം കാരണം മറ്റു ബന്ധുക്കൾ ഒന്നും അവരോട് അടുക്കും ആയിരുന്നില്ല…. അവരെല്ലാം അവരെ ഒറ്റപ്പെടുത്തി… രവീന്ദ്രന് അത് ഒരു പ്രശ്നവും ആയിരുന്നില്ല…

അയാൾക്ക് അവരുടെ നോട്ടവും സഹതാപവും അർത്ഥം വച്ചുള്ള കളിയാക്കലും ഒന്നും ഇഷ്ടമല്ലായിരുന്നു….

ഇതുപോലെ വിട്ടുനിൽക്കുന്നത് തന്നെയാണ് നല്ലത് എന്ന് അയാൾ വിശ്വസിച്ചു അതുകൊണ്ട് തന്നെ അവരെ ആരെയും അടുപ്പിക്കാനും അയാൾ തയ്യാറല്ലായിരുന്നു….

അങ്ങനെ അമ്മയും മകനും അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ട് തന്നെ ജീവിച്ചുപോന്നു…

നാൾതോറും അമ്മയ്ക്ക് വയ്യായ്ക കൂടി വന്നു….

വീട്ടിലെ ജോലികൾ മുഴുവൻ രവീന്ദ്രൻ ഏറ്റെടുത്തു.. അമ്മയ്ക്ക് കാലിൽ തൈലമിട്ടു കൊടുക്കും അമ്മയുടെ കാര്യങ്ങളെല്ലാം അയാൾ മുടക്കം വരാതെ നോക്കും….

പക്ഷേ എന്തൊക്കെ പറഞ്ഞാലും ഒരു കൂട്ട് വേണം എന്നതിനെ പറ്റി അയാൾ ചിന്തിച്ചതേ ഇല്ല….

അവരുടെ അയൽക്കാരി ആയിരുന്നു സുമിത്ര””””

ചെറുപ്രായത്തിലെ വിവാഹം കഴിഞ്ഞ് പോകേണ്ടിവന്നവൾ….കുടിയനായ ഒരു ഭർത്താവിനൊപ്പം ജീവിതം തുലച്ചവൾ…..
ഒടുവിൽ പ്രായമൊന്നും ആവാതെ ഇരുപത് വയസ്സിൽ തന്നെ വിധവയാകേണ്ടി വന്നവൾ…

ഭർത്താവ് മരിച്ചതിനുശേഷം അവിടെ തുടരാൻ പറ്റാത്തതിനാൽ അവൾ സ്വന്തം വീട്ടിലേക്ക് പോന്നു….

അവിടെ ആങ്ങള മാരുടെ ഭാര്യമാരുടെ പോര് സഹിക്കാൻ പറ്റാത്ത സ്വന്തം അമ്മയെയും വിളിച്ച് വാടകയ്ക്ക് താമസിക്കാൻ തുടങ്ങി…

അത് രവീന്ദ്രൻറെയും നാരായണി അമ്മയുടെയും വീടിന് തൊട്ടരികിൽ ആയിരുന്നു…

തെറ്റുകൾ ഒന്നും ചെയ്യാഞ്ഞ്ഞിട്ട് കൂടി അവളെ പറ്റി ആളുകൾ അതും ഇതും പറഞ്ഞു തുടങ്ങി….

ആൺതുണ ഇല്ലാത്ത ഒരു പെണ്ണിനെ പറ്റി കഥകൾ മെനയാൻ ആളുകൾക്ക് വളരെ താൽപര്യം ആണല്ലോ… അതൊന്നും പക്ഷേ അവൾ കാര്യമാക്കിയില്ല… അവൾ അവളുടെ കാര്യം മാത്രം നോക്കി ജീവിച്ചു….

അവളുടെ ഈ അവസ്ഥ ചൂഷണംചെയ്യാൻ ധാരാളം പേർ വന്നു അവർക്കൊന്നും പിടികൊടുക്കാതെ അവൾ പിടിച്ചുനിന്നു…

അതുകൊണ്ടുതന്നെ അവളുടെ ശത്രു സ്ഥാനത്തെ പട്ടികയിൽ ആളുകളുടെ എണ്ണം കൂടി കൂടി വന്നു…. അവളെ പറ്റിയുള്ള ഇല്ലാത്ത കഥകളും..

അതിനൊന്നും ചെവി കൊടുത്താൽ ജീവിക്കാൻ കഴിയില്ല എന്ന് അവൾക്ക് അറിയാമായിരുന്നു…

കൂടെയുള്ള അമ്മ കൂടി പോയപ്പോൾ അവൾ തീർത്തും ഒറ്റപ്പെട്ടു എന്തുവേണമെന്ന് അറിയാതെ ജീവിതത്തിന്റെ നടുക്ക് വച്ച് അവൾ തീർത്തും ഏകയായി…

അപ്പോഴാണ് ഒരു ആശ്വാസമായി നാരായണിയമ്മ അവതരിച്ചത് അവർ കേറി വീട്ടിൽ ഇല്ലാത്ത സമയം നോക്കി സുമിത്രയുടെ അടുത്തേക്ക് ചെന്നു..

അവളെ ഒത്തിരി സമാധാനിപ്പിച്ചു ഭക്ഷണം ഒന്നും ഉണ്ടാക്കാതെ ഇരിക്കുന്നവർക്ക് ഭക്ഷണം കൊടുത്തു..

അമ്മ നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുന്ന അവൾക്ക് നാരായണിയമ്മ മറ്റൊരുതരത്തിൽ അമ്മയായിരുന്നു…

രവീന്ദ്രന് പക്ഷേ സുമിത്രയെ ഒട്ടും പിടിയിലായിരുന്നു… നാട്ടുകാർ പറയുന്നതിൽ എന്തോ കാര്യം ഉണ്ട് എന്ന് അയാൾ എന്നും വിശ്വസിച്ചിരുന്നു…

അതുകൊണ്ടുതന്നെ സുമിത്രയെ കാണുന്നത് അയാൾക്ക് കലിയായിരുന്നു അവരെ അടുപ്പിക്കാൻ കൊള്ളില്ല എന്ന് നാരായണി അമ്മയോട് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു….

നാരായണിയമ്മ പക്ഷേ അതൊന്നും വകവെക്കാതെ സുമിത്രയെ ഒരു മോളെ പോലെ സ്നേഹിച്ചു അവർക്കായി പലതരം സഹായങ്ങളും ചെയ്തു

രവി ഇല്ലാത്ത സമയം നോക്കി അങ്ങോട്ട് വന്ന് നാരായണി അമ്മയെയും സഹായിച്ചു വീട്ടുജോലിയും അവർക്കായുള്ള എല്ലാം അവൾ ഒരുക്കിക്കൊടുത്തു…

ക്രമേണ അവർ തമ്മിൽ വലിയൊരു ആത്മബന്ധം രൂപപ്പെട്ടു….

രവി ഇവരെ ഒരുമിച്ചു കാണുമ്പോഴൊക്കെയും നാരായണി അമ്മയെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചു ഇനി ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞ് താക്കീത് ചെയ്തു…..

പക്ഷെ അതിന് ഒന്നിനും അവർക്കിടയിലുള്ള ബന്ധത്തെ തകർക്കാൻ കഴിഞ്ഞില്ല… നാരായണി അമ്മ വന്നില്ലെങ്കിൽ സുമിത്ര ഇങ്ങോട്ടും …. സുമിത്ര വന്നില്ലെങ്കിൽ നാരായണിയമ്മ അങ്ങോട്ടും തിരക്കി ചെന്നു…

ഒരിക്കൽ സുമിത്ര വന്നപ്പോൾ നിലത്ത് ബോധംകെട്ടു കിടക്കുന്ന നാരായണി അമ്മയെ ആണ് കണ്ടത്…

നാരായണി അമ്മയുടെ ഫോണെടുത്ത് അവൾ രവിയെ വിളിച്ചു വരുത്തി രവി എത്തിയപ്പോൾ ആകെ പരിഭ്രമത്തിൽ ആയിരുന്നു…

“”” സാരമില്ല അമ്മയ്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞ് അവൾ ആശ്വസിപ്പിച്ചു എന്നാൽ രവി അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല നാരായണി അമ്മയും എടുത്ത് ആശുപത്രിയിലേക്ക് പോയി….

അത് ഒരു മേജർ അറ്റാക്ക് ആണെന്നും ഇനി കൂടുതൽ സൂക്ഷിക്കണം എന്നും ഡോക്ടർ പറഞ്ഞു….

രവി അമ്മയുടെ അടുത്തു നിന്നും മാറാതെ അമ്മയെ ശുശ്രൂഷിച്ചു..

ഇടയ്ക്ക് സുമിത്ര നാരായണി അമ്മയെ കാണാൻ വന്നു അപ്പോഴൊക്കെയും രവി ദേഷ്യം കൊണ്ട് മുഖം ചുളിച്ചു പക്ഷേ ഒന്നും പറഞ്ഞില്ല ഒന്നും പറയരുതെന്ന് നാരായണിയമ്മ അയാളോട് ആവശ്യപ്പെട്ടിരുന്നു….

ഒരു ദിവസം രാവിലെ നാരായണിയമ്മ വിളിക്കാൻ ചെന്ന രവി കണ്ടത് ചലനമില്ലാതെ കിടക്കുന്ന തന്റെ അമ്മയെയാണ് അയാൾ ആകെ തകർന്നുപോയി….

അമ്മയുടെ എല്ലാ ചടങ്ങുകളും കഴിഞ്ഞപ്പോൾ അയാൾ ആ വീട്ടിൽ തനിച്ചായി…

ആരോരുമില്ലാത്തതിന്റെ വേദന അയാൾ ശരിക്കും അനുഭവിച്ചു…. കൂടുതലായി അറിഞ്ഞത് ഒരു പനി പിടിച്ചപ്പോൾ ആയിരുന്നു….. ഒന്ന് എഴുന്നേൽക്കാൻ പോലും വയ്യാതെ…

കട്ടിലിൽക്കിടന്നു ഒരു തുള്ളി വെള്ളം പോലും എടുത്തു തരാൻ ആരും ഇല്ലാതേ…

ആ അവസ്ഥ വളരെ ക്രൂരമാണെന്ന് അപ്പോഴാണ് അയാൾ തിരിച്ചറിഞ്ഞത്
അപ്പോൾ എന്തിനോ സുമിത്രയുടെ മുഖം മനസ്സിലേക്ക് വന്നു…. അവൾ ആള് ശരിയല്ല എന്ന് അയാൾ സ്വയം വിലക്കി….

രവിയെ പുറത്തേക്കൊന്നും കാണാഞ്ഞ് സംശയംതോന്നിയ സുമിത്ര അയാളുടെ വീട്ടിലെത്തി…..

പിന്നാമ്പുറത്തെ വാതിൽചാരിയിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതൊന്നു ഉന്തിയപ്പോൾ തുറന്നു… അകത്തു കയറിയപ്പോൾ കണ്ടു പനി കൂടി വിറക്കുന്ന രവിയെ…

അവൾ അരികിൽ ചെന്നു നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി…ആൾക്ക് ബോധം ഉണ്ടായിരുന്നില്ല…

മെല്ലെ ഒരു തുണി നനച്ച് ദേഹം മുഴുവൻ തണുപ്പിച്ചു….

നെറ്റിയിൽ ഒരു കഷണം തുണി വെള്ളം നനച്ച് ഇടുകയും ചെയ്തു കുറച്ചു കഴിഞ്ഞതും അയാൾ കണ്ണുതുറന്നു അപ്പോൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചുക്ക് കാപ്പി ചൂടോടെ അയാൾക്ക് നീട്ടി..

അയാൾ അത് വാങ്ങാൻ ഇഷ്ടക്കേട് കാണിച്ചു…. പക്ഷേ സുമിത്ര അത് നിർബന്ധിച്ച് അയാളെ കൊണ്ട് കുടിപ്പിച്ചു…

അയാൾക്കും ഒരു തുണ അല്ലെങ്കിൽ ഒരു സഹായം അത്യാവശ്യമായിരുന്നു…
ആദ്യമൊക്കെ ഇഷ്ടമില്ലാതെ അവൾ പറയുന്നത് അയാൾ അനുസരിച്ചു…

പിന്നീട് കേട്ടറിഞ്ഞതോന്നും അല്ല സുമിത്ര എന്ന വ്യക്തി എന്നയാൾക്ക് ബോധ്യപ്പെടാൻ തുടങ്ങി…

അയാൾ അവൾ അറിയാതെ അവളെ വീക്ഷിക്കാൻ തുടങ്ങി….

ഒരു പാവം ആണെന്നും നല്ല മനസ്സിന് ഉടമയാണ് എന്നും ആളുകൾ പറഞ്ഞുണ്ടാക്കുന്നത് ഒക്കെ വെറും കള്ളമാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടു…

മെല്ലെ മെല്ലെ അയാളുടെ ചിന്ത സുമിത്ര എന്നൊരാൾ മാത്രമായി തീർന്നു….

ഒരിക്കൽ അവൾ ഇട്ടു കൊടുത്ത കാപ്പി രുചിയോടെ കുടിക്കുമ്പോൾ അയാൾ ചോദിച്ചു ആരും ഇല്ലാത്ത നമുക്ക് രണ്ടുപേർക്കും ഇനി ഒന്നിച്ചു കൂടെ എന്ന്…

അവൾക്ക് രവിയെ ഇഷ്ടം തന്നെയായിരുന്നു പക്ഷേ അയാളുടെ അവഗണനയാണ് അവളെ അയാളിൽ നിന്നും അകന്നു നിൽക്കാൻ പ്രേരിപ്പിച്ചത്….

അവളുടെ ഒരു ചെറിയ സമ്മതം മൂളൽ മതിയായിരുന്നു രണ്ടുപേർക്കും ഒന്നാവാൻ …

ആരോരും ഇല്ലാത്തവർ ഒന്നിച്ചപ്പോൾ,
അവരെ ജീവിതത്തിൽ ഒറ്റപ്പെടുത്തി പോകേണ്ടി വന്ന ചില ആത്മാക്കൾ അപ്പോൾ സന്തോഷിച്ചിരിക്കാം……

Leave a Reply

Your email address will not be published. Required fields are marked *